പണ്ട് നടന്ന ഒരു സംഭവമാണ്. എൻ്റെ കസിൻ്റെ കടയിൽ ലതിക ചേച്ചി എന്നൊരു സ്റ്റാഫ് ഉണ്ടായിരുന്നു. ചേച്ചിയെ പറ്റി ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. ചേച്ചി മിക്ക ദിവസവും ഒരു പത്തു മിനിറ്റെങ്കിലും വൈകിയാണ് കടയിൽ വരാറ്. 'ബസ്സ് കിട്ടിയില്ല', 'റോഡിൽ ജാഥയായിരുന്ന', 'റോഡ് ബ്ലോക്ക് ആയിരുന്നു', എന്നിങ്ങനെ ഓരോ ഒഴുകിഴിവും പറയും. അവസാനം കുറെ ദിവസം കഴിയുമ്പോൾ ഒന്നുകിൽ സാലറി കട്ട്, അല്ലേൽ അര ദിവസത്തെ ലീവിൽ അത് അവസാനിക്കും.
കുറച്ചു ദിവസം കഴിഞ്ഞു കസിൻ ഓസ്‌ട്രേലിയക്ക് പോയി. അന്ന് മുതൽ എല്ലാ സ്റ്റാഫിനോടും കടയിൽ വന്നാൽ ഉടൻ എൻ്റെ ഫോണിൽ വിളിച്ചു അറ്റെൻഡൻസ് പറയാൻ ഏർപ്പാടാക്കി. ലതിക ചേച്ചി എപ്പോഴത്തെയും പോലെ 9.50 ഇനെ എത്തു. അതായതു 20 മിനിറ്റ് വൈകി. ചില ദിവസങ്ങളിൽ ഞാൻ താക്കീത് കൊടുത്ത് വിടും, ചില ദിവസം ഞാൻ ലീവ് എടുക്കാൻ പറയും, അല്ലേൽ അര ദിവസത്തെ ലീവ് മാർക്ക് ചെയ്തു, 2 മണിക്ക് വരാൻ പറയും. ഈ അര ദിവസത്തെ സാലറി കട്ടും, രാവിലെത്തെ വഴക്കും ഒക്കെ ആകുമ്പോൾ ചേച്ചിയുടെ മുഖം മൂടി കെട്ടി നിൽക്കും. അത് കാരണം ചേച്ചിയുടെ സെയ്ൽസും ബാധിക്കുന്നതായി എനിക്ക് മനസ്സിലായി.
കുറച്ചു ദിവസം കഴിഞ്ഞു കറക്റ്റ് രാവിലെ 9.30 ക്ക് തന്നെ ചേച്ചിയുടെ ഫോൺ വന്നു. വരാൻ വൈകും എന്ന് പറയാനാകും വിളിക്കുന്നത് എന്ന മുൻവിധിയോടെ ഫോൺ എടുത്തത് കൊണ്ടാകാം, ചേച്ചി കടയിൽ എത്തി എന്ന് പറഞ്ഞപ്പോൾ അറിയാതെ തന്നെ 'വളരെ നന്നായി ചേച്ചി. വെരി ഗുഡ്.' എന്ന് ഞാൻ പറഞ്ഞു. ചേച്ചിയും ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു. അന്ന് ഞാൻ കടയിൽ എത്തിയപ്പോൾ ചേച്ചി സന്തോഷത്തിലായിരുന്നു. നല്ല പോലെ സെയിൽസും ചെയ്തു. അടുത്ത ദിവസവും ചേച്ചി കറക്റ്റ് 9.30 ക്ക് എത്തി. ഞാൻ 'വളരെ നന്നായി ചേച്ചി. വെരി ഗുഡ്. ചേച്ചി നേരത്തെ എത്തിയാൽ ശരിക്കും അന്നത്തെ കച്ചവടം അടിപൊളി ആകും.' എന്ന് പറഞ്ഞു. അതിനടുത്ത ദിവസവും ചേച്ചി കൃത്യ സമയത്ത് എത്തി. ഞാൻ അതെ ഡയലോഗ് തുടർന്നു. പിന്നെ ഏതാണ്ട് നാല് വർഷത്തോളം ചേച്ചി അവിടെ ജോലി ചെയ്തു. ഒരു ദിവസം പോലും ചേച്ചി താമസിച്ചു വന്നത് എൻ്റെ ഓർമ്മയിലില്ല.
ഈ സംഭവത്തിൽ പറയാനായി വലിയ കാര്യങ്ങൾ ഒന്നുമില്ല എന്ന് എനിക്കറിയാം. പക്ഷെ അറിയാതെയാണെങ്കിലും എനിക്ക് അന്നൊരു തിരിച്ചറിവ് ഉണ്ടായി. നമ്മൾ ആളുകളുടെ കുറ്റം കണ്ടാൽ അത് അപ്പോൾ തന്നെ വിളിച്ചു പറയും. പക്ഷെ നല്ല കാര്യങ്ങൾ നമ്മൾ അങ്ങനെ എടുത്തു പറയാറില്ല. എടുത്തു പറഞ്ഞു പ്രശംസിക്കുന്നത് പോട്ടെ, ചിലപ്പോൾ അത് അവരുടെ കടമയാണ് എന്ന് കരുതി നമ്മൾ അത് കണ്ട ഭാവം പോലും നടിക്കാറില്ല. നമ്മുക്ക് ഒരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ചിലപ്പോൾ കുറച്ചു നല്ല വാക്കുകളാകും. നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു നഷ്ടവും വരാത്ത നല്ല വാക്കുകൾ.
സത്യത്തിൽ അത് ഭയങ്കരമായ വ്യത്യസം ഉണ്ടാക്കും. ഉദാഹരണിന്, ചിലപ്പോൾ എന്നെ എൻ്റെ അച്ഛൻ വിളിക്കും, എന്നിട്ട് പറയും, 'മോനെ, മീൻ കൊണ്ട് വരുന്ന മേരി ആൻറ്റി നല്ല വലിയ ചെമ്മീൻ കൊണ്ട് വന്നിട്ടുണ്ട്. നിനക്ക് വേണ്ടല്ലോ അല്ലെ. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.' മേരി ആൻറ്റി വന്നു പോയി കഴിഞ്ഞു എന്നും, അച്ഛൻ അത് എനിക്കായി വാങ്ങി കഴിഞ്ഞു എന്നുമൊക്കെ എനിക്കറിയാമെങ്കിലും, ഞാൻ മറുപടി പറയാറ്, ' അയ്യോ അച്ഛാ. വാങ്ങണേ പ്ലീസ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. വാങ്ങണേ അച്ഛാ.' എന്നാണ്.
എനിക്ക് വേണ്ടി വർഷങ്ങളായി അത് വാങ്ങുന്ന അച്ഛൻ, ഞാൻ ഇതൊന്നും പറഞ്ഞില്ലേലും അത് വാങ്ങും. പക്ഷെ അച്ഛൻ ചെയ്ത ആ കാര്യം എനിക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി എന്ന് അച്ഛന് മനസ്സിലാക്കുമ്പോൾ; അത് ഞാൻ പറയുമ്പോൾ, അത് അച്ഛന് പറഞ്ഞറിയിക്കാനാകാത്ത ഒരു കൊച്ചു സന്തോഷം കൂടെ കൊടുക്കും.
മറ്റുള്ളവരോട് പോട്ടെ, നമ്മൾ മിക്കപ്പോഴും നമ്മോടു തന്നെ അങ്ങനെയാണ്. ഒരു കാര്യം മറക്കുമ്പോൾ നമ്മൾ ഉടൻ ഉറക്കെ പറയും, ' പ്രായമായി. ഈ ഇടയായി മറവി കൂടി വരുന്നുണ്ട്.' എന്ന്. അന്നേ ദിവസം ആളുകളുടെ പേര്, വീട്, ഫോൺ നമ്പർ, മുഖങ്ങൾ, പാട്ടുകൾ അങ്ങനെ നൂറു കാര്യം നമ്മൾ ഓർത്തിരുന്നിട്ടുണ്ട്. ഒരു വട്ടം പോലും, ഒന്ന് സ്വയം പുറത്തു തട്ടി, ' മിടുക്കൻ പ്രവീൺ. നല്ല ഓർമ്മയാണല്ലോ ' എന്ന് പറയാത്ത ഞാൻ ഒരു കാര്യം മറന്ന ഉടൻ 'ഈ ഇടയായി മറവി കൂടി വരുന്നുണ്ട്' എന്ന് പറയുന്നത് ശരീരത്തിനോട് തന്നെ ചെയ്യുന്ന ഒരു നന്ദിയില്ലായിമയായി ആണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.
അതുകൊണ്ടു അടുത്ത് വട്ടം, ഒരാളോട് അയാളുടെ കുറ്റം പറയാൻ തുടങ്ങുമ്പോൾ, ഒരു നിമിഷം നിർത്തിയിട്ട്, അയാളുടെ ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും അയാളെ പ്രശംസിച്ചിട്ടുണ്ടോ എന്നൊന്ന് ഓർത്തു നോക്കണം. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് ചെയ്യണം. ചിലപ്പോൾ അത് ചെയ്യുന്നതോടെ ആ കുറ്റം പറയാനുള്ള കാരണങ്ങൾ, അയാളിൽ നിന്ന് താനേ ഇല്ലാതായിക്കോളും.
എൻ്റെ അഭിപ്രായത്തിൽ ഒരാളിൽ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും നല്ല കാര്യം; അയാൾ നമുക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ തിരിച്ചറിഞ്ഞു, അത് നമുക്ക് എത്ര വിലമതിച്ചതാണ് എന്ന് മനസിലാക്കി, നന്ദി പറയുന്നതാണ്. ആ ചെറിയ വാക്കുകൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയാത്ത മാജിക് ഉണ്ട്. ഒരു നുള്ള് ഉപ്പാണ്, ഒരു കറിയുടെ രുചി മാറ്റുന്നതെന്ന പോലെ.
- പ്രവീൺ പി ഗോപിനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക