നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുരം(കഥ)


''ഈ ശശിധരൻ മാഷിന് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ? ഞാൻ അന്നേ പറഞ്ഞതാ കുട്ടികൾക്ക് ശുചീകരണ വാരത്തിന് പഴവും നാരങ്ങ വെള്ളവും കൊടുത്താൽ മതിയെന്ന് .ജൈവ കൃഷി വിളവെടുത്ത വലിയ കായക്കുല രണ്ടെണ്ണമുണ്ടല്ലോ സ്റ്റോർ റൂമിൽ. പിന്നെ ബ്രെഡു വേണമെന്നുണ്ടെങ്കിൽ ശിവേട്ടൻ ആരെക്കൊണ്ടെങ്കിലും സ്പോൺസർ ചെയ്യിച്ചു തരാമെന്നും പറഞ്ഞതാണ്. അപ്പോൾ ശശിധരൻ സാറിന് പായസം തയ്യാറാക്കണമെന്ന് നിർബന്ധം, അതിനെ പ്രാത്സാഹിപ്പിക്കാൻ ഭാര്യ ബീന ടീച്ചറും.വീട്ടിൽ ഉണ്ടാക്കണപോലെ കുറച്ചു വല്ലതും മതിയോ? കുട്ടിക്കളിയല്ലല്ലോ ഇത്. കുട്ടികൾ തന്നെ വരും ആയിരത്തോളം .പിന്നെ അദ്ധ്യാപകർ .അത്ര പേർക്കും കൂടി ഉണ്ടാക്കുന്നത് കുറച്ച് കട്ടിയാണേ. ഇനി സാറും ബീന ടീച്ചറും കൂടി പായസം വച്ചു വിളമ്പട്ടെ! ഞാനില്ല ഇതിനൊന്നും, എന്റെയീപുതിയ ക്രീം ഖദർ സാരി
ഗാന്ധിജയന്തി സ്പെഷ്യലാ. ഞാനില്ല ഇതിൽ കരിയാക്കാൻ ''.. ഇന്ദു ടീച്ചറാണ്. രാഷ്ട്രീയക്കാരനായ ഭർത്താവ് ശിവശങ്കരൻ വഴി ആരെക്കൊണ്ട് എങ്കിലും ബ്രഡ് സ്പോൺസർ ചെയ്യിപ്പിച്ച് ഇത്തിരി ഗമ കാണിയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടതിൻ്റെ ചെറിയ ഒരു വിഷമം ദേഷ്യത്തിൻ്റെ രൂപമെടുത്തതാണ്.

ഇന്ദുടീച്ചറിൻ്റെപരാതിയുടെ നുള്ളും നുറുങ്ങും ചെവിയിൽ വീണപ്പോൾ തിരക്കിനിടയിലും ശശിധരൻ മാഷ്കാര്യം തിരക്കിയത് ഇതത്രയും കേട്ടുകൊണ്ട് സാരി നനയാതെ ചരിച്ചു കുത്തി,പായസത്തിലേക്കുള്ള നാളികേര കഷണങ്ങൾ നെയ്യിൽ വറുത്തു കോരി ഇടുന്ന കമല ടീച്ചറോട് .

തനിയ്ക്കും ബീനയ്ക്കും ഒപ്പം നിന്ന് തുടക്കം മുതൽ പണിയെടുക്കുകയാണ് കമല ടീച്ചർ.അല്ലെങ്കിലും ടീച്ചർ അങ്ങനെയാണ്... കുട്ടികൾക്കെല്ലാം ഒരമ്മയുടെ വാത്സല്യം കൂടി കൊടുക്കുന്നവർ. ബാക്കിയുള്ളവരാകട്ടെ അത്യാവശ്യം പണിയിൽ സംബന്ധിച്ചു എന്നു വരുത്തി ശുചീകരണത്തിലേർപ്പെട്ട വിദ്യാർത്ഥികളുടെ അടുക്കലും.

കമലടീച്ചറാണ് ഇന്ദു ടീച്ചറുടെ പരാതിയുടെ കോപ്പി റീവൈൻഡ് ചെയ്ത് ചോദ്യമുയർത്തിയ ശശിധരൻ മാഷിൻ്റെ മുമ്പിൽ അവതരിപ്പിച്ചത്.

"ടീച്ചറേ! ഞാനിങ്ങനെയൊരു പായസം ഉണ്ടാക്കാമെന്നു കരുതിയത് കാറ്ററിംഗ് കാരുടെ റെഡി മേഡ്പായസം കിട്ടാഞ്ഞിട്ടൊന്നുമല്ല. ബീന നിരുത്സാഹപ്പെടുത്തിയതുമാണ് ,നമ്മെ ക്കൊണ്ട് കൂട്ടിയാൽ കൂടുമോ ശശിയേട്ടാ, എന്നു ചോദിച്ച് .ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നത് ഇനി വയസ്സുകാലത്ത് ഓർമ്മിച്ചു രസിക്കാൻ ഉദ്യോഗസ്ഥ പർവ്വത്തിൻ്റെ മധുര സ്മരണകൾ ആയിക്കോട്ടെ എന്നു കരുതിയിട്ടു തന്നാ. ടീച്ചർക്കില്ലേ സ്കൂൾ ജീവിതകാലത്തെ നനുത്ത ഓർമ്മകൾ?... ശശിധരൻ മാഷിൻ്റെ കമല ടീച്ചറിനോടുള്ള ചോദ്യം ഉയർന്നു.

"നല്ല കഥയായി. ശുചീകരണ വാരമെന്നോർക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് പുല്ലു പറിക്കുന്നതിനിടയിൽ കൈവിരൽ കുപ്പിച്ചില്ലുകൊണ്ടു കീറിയതാണ് " .ഇപ്പോഴും വേദനയുള്ള പോലെ ആണ് ഒരു ചുറ്റിയടിയ്ക്കലിനു ശേഷം അവിടേയ്ക്ക് വീണ്ടുമെത്തിയഇന്ദുടീച്ചർചുണ്ടുകോട്ടിയത്.

" ഞാൻ ഇവിടെയിങ്ങനെ ഒത്തിരി തവണ പായസം വച്ചുവിളമ്പിയതാണ്. ഇനി രണ്ടു വർഷം കൂടി കഴിഞ്ഞാൽ എല്ലാം ഓർമ്മയിൽ ഒതുങ്ങും. ആദ്യമായി ജോലിക്ക്ജോയിൻ ചെയ്യാൻ ഇവിടെ കാലെടുത്തു വച്ചതു പോലും ഇന്നലെ കഴിഞ്ഞ പോലെ. പിന്നെ ഒരു സന്തോഷം, മക്കളെപ്പോലെ ഒത്തിരി കുഞ്ഞുങ്ങളെ കൂട്ടിനു കിട്ടി " അമ്മയാകാൻ കഴിയാഞ്ഞ ദു:ഖത്തിൻ്റെ ധ്വനി കമല ടീച്ചറിൻ്റെ വാക്കുകളിൽ .

"ഇനി ശശിധരൻ മാഷ് പറയൂ, മാഷിൻ്റെ ഓർമ്മകൾ " കമല ടീച്ചറുടെ നിർബ്ബന്ധത്തിന്നു വഴങ്ങി മറുപടി പറയാൻ തുടങ്ങുമ്പോൾ മങ്ങിത്തുടങ്ങിയ ഓർമ്മകളുടെ ഇടയിൽ നിന്നും മധുരസ്മരണകളുടെ വർണ്ണമയിൽപ്പീലി ഒന്നൂർന്നു വീണു.

പത്താം ക്ലാസിൽ പഠിക്കവേ സ്ക്കൂൾ ലീഡറായിരുന്ന ശശിധരൻ മുന്നിൽ തെളിഞ്ഞു നിന്നു. സ്മൃതികളുടെ കുത്തൊഴുക്കിൽ ആവർഷത്തെ ഗാന്ധി ജയന്തിദിനത്തിലെ ,പായസത്തിനെക്കാളും മധുരമുള്ള ഓർമ്മകൾ. സ്ക്കൂൾ മുറ്റത്ത് അടുപ്പുകൂട്ടി പായസം വയ്ക്കുന്ന അയ്യർ സാറിനു കയ്യാളായി കൂടെ നിന്നത്. വിദ്യാർത്ഥികൾഅടക്കംഎല്ലാവർക്കും വിളമ്പി വിളമ്പി നൽകിഅവസാനം ശൂന്യമായ ഉരുളി കഴുകി വയ്ക്കുന്നതിനിടെ " ഇത്രയും കഷ്ടപ്പെട്ടിട്ടും എന്റെ കുട്ടിക്ക് രുചി നോക്കാൻ കിട്ടീലല്ലോ " എന്നു പറഞ്ഞ് ജോലി ചെയ്ത് ക്ഷീണിച്ചു നിന്ന തന്നെ ആലിംഗനം ചെയ്ത വിമലടീച്ചറെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശശിധരൻ കഴിച്ചോളൂ എന്നു പറഞ്ഞ് തനിക്കു നേരേ ചെറിയ പാത്രത്തിലെ പായസം നീട്ടുന്ന അയ്യർ സാർ.ബദാം മരച്ചോട്ടിലിരുന്നു പായസം നുണയവേ 'പായസത്തേക്കാളും മധുരം ശശിധരന്റെ ചിരിയ്ക്കാണെ'ന്നു പറഞ്ഞ് കുസൃതിയോടെ അരികിൽ നിന്ന ചുരുൾമുടിക്കാരി. സ്ക്കൂളിലെ ആൺ കുട്ടികളുടെയെല്ലാം ആരാധനാപാത്രമായ പാട്ടുകാരി . തന്നോട് ഇഷ്ടമാണെന്നു അറിഞ്ഞിട്ടും തനിയ്ക്കും അങ്ങനെ തന്നെയാണെന്ന് പറയാൻ 'ധൈര്യമില്ലാതെ, സ്വന്തമാക്കാനാകാതെ അകന്നുപോയവൾ. ആ ശബ്ദം ഇപ്പൊഴും കാതിൽ പ്രതിദ്ധ്വനിയ്ക്കുന്ന പോലെ! ഓർമ്മകളുടെ നെയ്ത്തിരി തെളിഞ്ഞു കത്തുക തന്നെയാണ്.

" നീങ്ങി നിന്നോളൂ. ഞാൻ ഉരുളി അടുപ്പിൽ നിന്നിറക്കാൻ പോകാണ്.പൊള്ളണ്ട ." - പറഞ്ഞതല്പം ശബ്ദമുയർത്തിയാണ്.

" ഗാന്ധിജയന്തിയ്ക്ക് സ്കൂളിൽ വിളമ്പാനുള്ള പായസം റെഡിയായോ അച്ഛാ ഇത്രയും വേഗം .....?എന്നാൽ എനിക്ക് തന്നേക്കൂ ആദ്യം തന്നെ .ഇനി വിളമ്പാനുള്ള സമയമാകുമ്പോൾ പായസത്തിൻ്റെ കാര്യം എന്താകുമോ എന്തോ? എന്നാലും അച്ഛൻ്റെ ഒരു കാര്യം. കിടന്നിട്ട് ഏറെ ആയില്ലല്ലല്ലോ, അപ്പൊഴേയ്ക്കുമൊരു സ്വപ്നം!"- മോളുടെ ശബ്ദംചാരെയുയർന്നപ്പോൾകൂടെ കേട്ടു നിന്ന ബീനയുടെചിരിയുടെവെടിക്കെട്ട്.

"അച്ഛൻപായസംരാത്രിതന്നെവച്ചുമോളേ....,സ്വപ്നത്തിൽ''
"കേട്ടോ മോളേ... ഇന്ന് ഞങ്ങൾ അദ്ധ്യാപകർ എല്ലാവരും കൂടി തീരുമാനമെടുത്തതേയുള്ളു, കോവിഡും ഓൺലൈൻ ക്ലാസും തുടർക്കഥയാകുമ്പോൾ ഗാന്ധിജയന്തിയുടെ പ്രസക്തി കുട്ടികൾ മറക്കാതിരിക്കാൻ അവർക്കൊരു പ്രൊജക്റ്റ്. അവർക്കു സ്വന്തമായി ഗാന്ധിജയന്തിയുടെ സ്മരണകൾ ഒന്നും കാര്യമായി ഉണ്ടാകാനിടയില്ല. അതു കൊണ്ട് മാതാപിതാക്കൾ അടക്കമുള്ള മുതിർന്നവരുമായി സംവദിച്ച്, അവരുടെ സ്മരണകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രസംഗ മത്സരം.. കുട്ടികൾക്കായി .അത് തീരുമാനിച്ച് കുട്ടികൾക്ക് നിർദ്ദേശം കൊടുത്തേയുള്ളു. അപ്പൊഴേയ്ക്കും ഇവിടെയൊരാൾ ഗാന്ധിജയന്തി വാരാചരണത്തിന് വിളമ്പാനുള്ള പായസവും റഡിയാക്കി ''

തനിയ്ക്ക് പറ്റിയ അമളിയോർത്താണ് താൻ ചിരിക്കുന്നതെന്നാകും ബീനയുടേയും മോളുടേയും വിചാരം. ഉറക്കത്തിൽ നിന്നുണർന്ന് അവരുടെ ചിരിയിൽ പങ്കുചേരുമ്പോൾ, നാവിൽ, മനസ്സിൽ ,പഴയ പത്താം ക്ലാസ് കാലത്തെ പായസത്തിൻെറ ഓർമ്മകളുടെ അതിമധുരം ആണെന്ന് അവർ അറിയുന്നതെങ്ങനെ? വർഷങ്ങൾക്കു ശേഷവും ഒരു മധുരമാർന്ന നോവുണർത്തിക്കൊണ്ട് ഉളളിൽ എവിടെയോ പാവാടക്കാരിയുടെ കിളിനാദം വീണ്ടുമുയർന്നു.....

അവൾ ഇപ്പോൾ എവിടെയാണ്, എങ്ങനെയാണ് എന്നൊന്നുമറിയാതെ, ആ മനസ്സിൻ കോണിൽ എവിടെയോ താനുണ്ടോ എന്നു പോലുമോർക്കാതെ, അനുഭൂതികളുടെ ലോകത്ത് വിഹരിയ്ക്കുമ്പോൾ താൻ ബീന ടീച്ചറിൻ്റെ ഭർത്താവും ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഗീതികയുടെ അച്ഛനുമാണെന്നയാൾ മറന്നു. പതിയെ, കുസൃതിയോടെ, അവർ രണ്ടു പേരും കാണാതെ, മനസ്സിൻ്റെ കിളിവാതിൽ ചാരി, മധുര സ്മരണകളുടെ തിളക്കമാർന്ന മയിൽപ്പീലി അതിനകത്തു വച്ചു പൂട്ടി.

പിന്നെ കാത്തിരുന്നു.... ഇടക്കിടെ വിരുന്നെത്തുന്ന നനുത്ത ഓർമ്മകളുടെ..മധുരമൂറുന്ന നോവിന്നായി, നൊമ്പരത്തിന്നായി.

ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot