നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടു നക്ഷത്രങ്ങൾ


കൃത്യസമയത്ത് അവൾ ഓഫീസിൽ എത്തി,രജിസ്റ്ററിൽ ഒപ്പിട്ട് ബാഗ് സ്വന്തം മേശമേൽ വച്ചു .ഒരു പുകയെടുക്കാൻ എന്ന വ്യാജേന ഞാൻ അല്പം മാറി നിന്നു. നടന്നു വിയർത്തതിനാൽ അവൾ ഫാൻ ഓൺ ചെയ്തു സീറ്റിലേക്കമർന്നു. കിതപ്പും വിയർപ്പും ഒന്നട ങ്ങിയപ്പോൾ , നിവർന്നിരുന്ന് ചുറ്റിനും ഒന്നു കണ്ണോടിച്ചു.

എൻ്റെ സീറ്റിലേക്കാണ് അവസാനം നോട്ടം നീണ്ടു വന്നത്. ആളെ കാണായ്കയാൽ ചുറ്റിനും ഒന്നു പരതി നോക്കി . അടുത്ത സീറ്റിലെ ആളോട് അവൾ എന്തോ ചോദിച്ചു. എന്നെ കുറിച്ചു തന്നെയായിരിക്കണം. അവളുടെ, എന്നെ പരതുന്ന ആ നോട്ടം എന്തു കൊണ്ടോ ഞാൻ ഇഷ്ടപ്പെടുന്നു.പെട്ടെന്ന് മുന്നിൽ പ്രത്യക്ഷമാവുമ്പോൾ കണ്ണിലോടിയെത്തുന്ന തിളക്കവും അത്ഭുതവും . അതും ഞാൻ ഇഷ്ടപ്പെടുന്നു.

എൻ്റെ ഒഴിഞ്ഞു മാറിയുള്ള നാടകം ,അവളിലും കൗതുകമുണർത്തിയിരിക്കാം.

തമ്മിലുള്ള സംസാരം കൂടുതലും ജോലി സംബന്ധമായിരുന്നു . അപൂർവം അവസരങ്ങളിൽ മാത്രം വീട്ടുവിശേഷങ്ങളിലേക്കും ഇതര വിഷയങ്ങളിലേക്കു മെത്തി. ഒരിക്കലും, പ്രായം തുറന്നിട്ടേക്കാവുന്ന മേഖലയിലേക്കു പോയില്ല. രണ്ടു പേരും ശ്രദ്ധിച്ചിരുന്നു എന്നതാണ് വാസ്തവം.ഒന്നുറപ്പ്, അടുത്തു നിന്നു സംസാരിച്ചപ്പോഴൊക്കെയും ഹൃദയം ക്രമാതീതമായി മിടിച്ചിരുന്നു. അപ്പോൾ മാത്രം, ഒരു തരം സഭാ കമ്പം അവളിലും ദൃശ്യമായിരുന്നു. '

എന്തോ ചില വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നു. അതിലധികം ഞാൻ ഇങ്ങോട്ടും ആശിച്ചിരുന്നു. വിലപ്പെട്ട ആ മൊഴി മുത്തുകൾ മാത്രം ഇരുവരുടെയും ചുണ്ടുകളിൽ തടഞ്ഞു നിന്നു.

മൾബറി പൊന്തകൾക്കു ചുറ്റും അടിക്കുന്ന പോലെ പലപ്പോഴും കാതലായ വിഷയത്തിന് തൊട്ടടുത്ത് നിന്ന് പലതും പറഞ്ഞു. എപ്പോഴും പറയേണ്ടതു മാത്രം പറഞ്ഞില്ല, മനപൂർവ്വം തന്നെ.

മെച്ചപ്പെട്ട തൊഴിൽ അവളെ തേടിയെത്തിയപ്പോൾ , ആദ്യം അവൾ എൻ്റെ അരികിലേക്കാണ് വന്നത് . ദൂരെയുള്ള നഗരത്തിലാണെങ്കിലും എല്ലാം കൊണ്ടും ഇപ്പോഴത്തേതിൻ്റെ പല മടങ്ങ് ഭേദപ്പെട്ട തൊഴിൽ .പോകണമോ എന്ന ചോദ്യത്തിന്
'' പോകേണ്ട " എന്ന പ്രതികരണമാവും പ്രതീക്ഷിച്ചിരിക്കുക.അങ്ങോട്ടുള്ള അഭിപ്രായമില്ലാതെ തന്നെ ഒരനുകൂല തീരുമാനം താനും ഉള്ളിൻ്റെയുള്ളിൽ ആഗ്രഹിച്ചിരുന്നോ .....

ഒരു കാര്യം ഉറപ്പ്, പോകേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പോവുമായിരുന്നില്ല. അതു മാത്രം പറഞ്ഞില്ല. അതിന് അനുസരിച്ച് അവളും പെരുമാറിയില്ല.

പുതിയ ജോലി സ്ഥലത്തു നിന്നും ഒരു തവണ പോലും അവൾ വിളിച്ചില്ല . അവളുടെ പെൺ സുഹൃത്തുക്കളെ വിളിച്ചിരുന്നു എന്നറിഞ്ഞു. ഫോൺ നമ്പർ ലഭ്യമായിരുന്നെങ്കിലും അങ്ങോട്ടു വിളിക്കുവാനും മിനക്കെട്ടില്ല. അവളില്ലാത്തതിൻ്റെ കുറവ്, ആദ്യം അലട്ടിയെങ്കിലും ,ക്രമത്തിൽ സുഖമുള്ള ഒരോർമയായി എപ്പോഴും കൊണ്ടു നടന്നു. പ്രകാശിക്കുന്ന കണ്ണുകളും അത്ഭുതം കൂറുന്ന മുഖവും എന്നും എന്നെ വിളിച്ചുണർത്തി. എന്നിട്ടും ഒരു തവണ പോലും വിളിച്ചില്ല , ഫോൺ നമ്പർ കുറിച്ചു വക്കുക പോലും ചെയ്തില്ല.

ഇടക്ക് ഞാൻ ഓർക്കും അവളും ഇതേ അവസ്ഥയിലാവുമെന്ന് . ഒരു വിളിപ്പാടകലെയെങ്കിലും ,അവളും ആ വിളി മാത്രം ഒഴിവാക്കി.ഒഴിവാക്കുന്നതിൻ്റെ മുറിവ് അവളിലും സുഖമുള്ള വേദന പടർത്തിയിരിക്കും .

കാലം, അനുവാദം ചോദിക്കാതെ എന്തെന്ത് മാറ്റങ്ങളാണ് വരുത്തിക്കൂട്ടുന്നത് . അനിവാര്യമായ പലതും എന്നിലും കാലം കൂട്ടി ചേർത്തു.എല്ലാത്തിൻ്റെയും മധ്യത്തിലിരിക്കുമ്പോഴും ആ കണ്ണുകളുടെ ഓർമ എന്നെ വന്നു മുട്ടിവിളിക്കും .ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലെല്ലാം ആദ്യാക്ഷരങ്ങൾ പോലെ വിലപ്പെട്ടതായിരുന്നു എനിക്ക് ആ പ്രകാശം ചൊരിയുന്ന മിഴികളും.വിദൂരതയിലെവിടെയോ സമാന ഹൃദയവുമായി അവളും ഇരിപ്പുണ്ടാവും . അത് നൊമ്പരമുണർത്തു മെങ്കിലും ആശ്വാസം നല്കുന്ന ചിന്തയായിരുന്നു.

ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ് ഗെറ്റ് ടുഗദറുകളെ സാർവത്രികമാക്കിയത്. പഠനകാലത്തെ ഓർമകളെ കൂട്ടുപിടിച്ചായിരുന്നു ഈ കൂടി ചേരലുകൾ അധികവും. പഴയ ഓഫീസിലുണ്ടായിരുന്ന യുവാക്കൾ ആയിരുന്നവർ ഒരു കൂടിച്ചേരലിന് പ്ലാൻ ചെയ്തു തുടങ്ങി. ചിലരൊക്കെ റിട്ടയർ ചെയ്തു. മറ്റു സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ ആയവർ , ഇതര ഡിപ്പാർട്ട്മെൻ്റിലേക്ക് പോയവർ അങ്ങനെ പലരുമുണ്ട്. ഏകദേശം മുപ്പതു പേർ.

സംഘാടകരുടെ ലിസ്റ്റിൽ നിന്ന് അവളും പങ്കെടുക്കുന്നുണ്ട് എന്ന് മനസ്സിലായി. പേരിന് നേരെ എഴുതി വച്ചിരുന്ന മൊബൈൽ നമ്പർ ഞാൻ ശ്രദ്ധിച്ചതേയില്ല. ദിവസമടുക്കുന്തോറും ചെറുപ്രായത്തിലെ ആ അനിയന്ത്രിത ഹൃദയമിടിപ്പ് എന്നിലേക്ക് വീണ്ടും തിരിച്ചു വന്നു.ജ്വലിക്കുന്ന ആ മിഴിയിണകൾ ഒരു തവണ കൂടി കാണുവാനായി ഞാൻ കാത്തിരുന്നു.

നഗരത്തിലെ ഒരു ഹോട്ടലിലെ മിനി ഹാളിലായിരുന്നു കൂടിച്ചേരൽ തീരുമാനിച്ചിരുന്നത്.
നേരത്തേ തന്നെ ഞാൻ എത്തിയിരുന്നു. ആൾക്കാർ ഓരോരുത്തരായി വന്നു തുടങ്ങി. ഞാൻ അവളെ തിരഞ്ഞു കൊണ്ടിരുന്നു. മിക്കവരും എത്തി കഴിഞ്ഞു. സംഘാടകരിൽ ഒരുവനെ അവൾ വിളിച്ച് വഴി ചോദിക്കുന്നത് ശ്രദ്ധിച്ചു. അവൾ ഹോട്ടലിന് അടുത്തെത്തിയെന്ന് എനിക്ക് മനസ്സിലായി.

അവൾ വരുമ്പോൾ പെട്ടെന്നു കാണാത്ത വിധം ഞാൻ അല്പം മാറി നിന്നു .

വന്നെത്തിയവരുടെ ശബ്ദത്താൽ മുഖരിതമായിരുന്ന ഹാളിലേക്കാണ് അവൾ പ്രവേശിച്ചത്. സംഘാടകർ അവളെ വിഷ് ചെയ്തു. തുടർന്ന് അവൾ പഴയ സ്ത്രീ സുഹൃത്തുക്കളുടെ അടുത്തേക്ക് ചെന്ന് ദീർഘ കാലത്തിനു ശേഷം കാണുന്നതിൻ്റെ സന്തോഷം പങ്കു വച്ചു.

അതിനു ശേഷം അവൾ അവിടെ കൂടിയിരുന്നവർക്കിടയിൽ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് അന്വേഷിച്ച ആളെ കണ്ടെത്താൻ കഴിയാത്തതു കൊണ്ടാവും , അടുത്തു നിന്ന സ്ത്രീയോട് ചോദിച്ചത്. അത് എന്നെ കുറിച്ച് തന്നെയാവും എന്ന് എനിക്ക് തീർച്ചയായിരുന്നു.
"ഇപ്പോ .. ഇവിടെയുണ്ടായിരുന്നല്ലോ ..."
എന്ന് പറഞ്ഞ് ആ സ്ത്രീയും അവൾക്കൊപ്പം ചുറ്റിനും നോക്കി തുടങ്ങി.

ഈ സമയം ഞാൻ അവർക്കു മുന്നിൽ പ്രത്യക്ഷനായി. അവളുടെ കണ്ണുകളിൽ വർഷങ്ങൾക്കു മുമ്പ് കണ്ട അതേ തിളക്കം , അതേ അത്ഭുതഭാവം . കുറച്ചു നേരം പരസ്പരം നോക്കി നിന്നു പോയി.

പ്രായത്തിൻ്റെ വ്യതിയാനം അവളിൽ ദൃശ്യമായിരുന്നു. മുടിയിഴകളിൽ ഇടക്കിടെ വെള്ളി നൂലുകൾ . മിഴികൾക്കു താഴെ ചെറിയ കറപ്പ് വീണു തുടങ്ങിയിരിക്കുന്നു .എൻ്റെ നരച്ച മീശയും നിറ കഷണ്ടിയും അവളും സാകൂതം നോക്കിക്കൊണ്ടിരുന്നു.

പോയ കാലങ്ങളിലെ മാറ്റങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഭാര്യ, ഭർത്താവ് , മക്കൾ അങ്ങനെ ......
എല്ലാം സംസാരിച്ചു കഴിഞ്ഞിട്ടും എന്തോ ബാക്കിയുള്ളതു പോലെ ..... അവൾ വാക്കുകൾക്കു പരതുന്നതായി എനിക്കു തോന്നി. ഒന്നും കാര്യമായി പറഞ്ഞില്ലല്ലോ എന്നാണ് ഞാൻ ഓർത്തു കൊണ്ടിരുന്നത്.

ഭക്ഷണം കഴിക്കുമ്പോളും തുടർന്നുള്ള മീറ്റിംഗിലും അടുത്തടുത്താണിരുന്നത്. ഇടക്കൊക്കെ അവൾ പെട്ടെന്ന് മൗനത്തിലാവുന്നതും ഞാൻ ശ്രദ്ധിച്ചു.

എല്ലാം കഴിഞ്ഞു പിരിയുമ്പോൾ പരസ്പരം കണ്ണിൽ നോക്കി അല്പനേരം നിന്നു. കൈ കൂട്ടിപ്പിടിച്ച് ഒന്നു കുലുക്കിയ ശേഷം
" പോട്ടേ '' എന്നവൾ ചോദിച്ചു. പണ്ട് പഴയ ഓഫിസ് വിട്ട് പോവുമ്പോഴും അവൾ ഇങ്ങനെ ചോദിച്ചിരുന്നു എന്ന് ഞാനോർത്തു .

അല്പം മടിയോടു കൂടി അവൾ നടന്നു തുടങ്ങി. പെട്ടെന്ന് ജീവിതത്തിൽ ഒരിക്കലും ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവില്ലെന്ന് എനിക്ക് തോന്നി.എൻ്റെ ചിന്തയെ ശരിവക്കുന്നതു പോലെ മുന്നോട്ടുള്ള നടപ്പിനിടയിൽ അവൾ തിരിഞ്ഞ് കയ്യുയർത്തി .അപ്പോഴും കണ്ണിലെ തിളക്കം നിലച്ചിട്ടില്ലെങ്കിലും, കൺ കോണിലെവിടെയോ ഒരു വിഷാദത്തിൻ്റെ ലാഞ്ചനയുണ്ടെന്ന് എനിക്ക് തോന്നി.

അവൾ വളവ് തിരിഞ്ഞ് മറയുന്നതു വരെ ഞാൻ നോക്കി നിന്നു. പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നൽ മനസിലേക്കു വന്നു.

ഇനി എത്ര കാലമാണ് ജീവിക്കുക. ജീവിക്കുന്നത്രയും കാലം അവളുടെ ഓർമകൾ മാത്രം മതി. ഞങ്ങളിരുവരും മെമ്പറായ ഒരു വാട്സ് ആപ്പ് ഗ്രൂപ്പും ഇല്ല. ഇത്തവണയും മൊബൈൽ നമ്പറുകൾ ഞങ്ങൾ പരസ്പരം കൈമാറിയിട്ടില്ല. ഫേസ് ബുക്കിൽ ഇതുവരേ ഞാൻ അവളെ തെരഞ്ഞു പോയിട്ടില്ല. എന്നെ തേടി ഇതുവരെ അവളുടെ ഫ്രണ്ട് റിക്വസ്റ്റും വന്നിട്ടില്ല.

എങ്കിലും ഞങ്ങൾ രണ്ടും മാത്രമുള്ള ഒരു സാങ്കല്പിക ഗ്രൂപ്പ് ഞങ്ങൾ നിലനിർത്തുന്നു . പ്രത്യക്ഷത്തിൽ ഒരു സന്ദേശവുമില്ലാത്ത ഒരു കൈ പൊക്കലുമില്ലാത്ത ഞങ്ങളുടെ മാത്രമായ ഗ്രൂപ്പ്.

ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കൂ എത്രയോ സംവൽസരങ്ങളായി ഒരേ അകലത്തിൽ അവ നിൽക്കുന്നു, പരസ്പരം പ്രകാശമെറിഞ്ഞുകൊണ്ട്.പഴയ ഓർമകളുടെ പ്രകാശം പരത്തി അവൾ വിദൂരതയിലെവിടെയോ ഉണ്ട്. ആ ഓർമ മാത്രം മതി ,മറ്റൊന്നും വേണ്ട. അവൾക്ക് , ഓർമയുടെ പ്രകാശം നൽകാൻ എനിക്കും കഴിഞ്ഞിട്ടുണ്ടാ വണം. അങ്ങിനെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

നക്ഷത്രങ്ങളേ പോലെ തമ്മിലുള്ള സ്ഥിരമായ അകലവും ഞങ്ങൾക്ക് പാലിക്കേണ്ടതുണ്ട്. ബാക്കിയുള്ളതെല്ലാം സുഖമുള്ള ഓർമകൾക്ക് പകരം വക്കുന്നു.

........................

എ എൻ സാബു 

Best of Nallezhuth - Suggested by Raji Raghavan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot