നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുണ്യം


"കല്യാണം ഉറപ്പിച്ചല്ലേയുള്ളു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ.. അവൻ എവിടെ ആണെന്ന് അവന്റ വീട്ടുകാർക്ക് പോലും അറിയില്ല.. അല്ല മാധവാ നിങ്ങൾ ഈ ആലോചന ശരിക്കും അന്വേഷിച്ചില്ലായിരുന്നോ? "

അമ്മാവന്റെ ചോദ്യത്തിന് മാധവൻ ഒന്നും പറഞ്ഞില്ല.
നല്ലോണം അന്വേഷിച്ചു. ബാങ്കിൽ ജോലിയാണ്. അമ്മയും അച്ഛനും ഒരു അനിയത്തിയും നല്ല കുടുംബം.. ഇപ്പൊ ചെക്കനെ കാണാനില്ലത്രെ. ആർക്കെങ്കിലും ഒപ്പം ഒളിച്ചോടി പോയതാവുമോ?

"അതേ മാധവാ നമുക്ക് ഇത് വേണ്ട.. അമ്മയില്ലാത്ത കുട്ടിയാണ്.. അതിനെ സങ്കടപ്പെടുത്താത്ത ഒരാൾ മാത്രം മതി നമുക്ക് "

മാധവൻ സങ്കടത്തോടെ തല താഴ്ത്തി.

ഗംഗ ഒരു സൽവാർ തുന്നുകയായിരുന്നു..
"ഇന്ന് അവധി ആണല്ലേ കുട്ടി? "

അമ്മാമ അവളുടെ തലയിൽ തലോടി.. അവൾ തലയാട്ടി.

"എന്നാലും വെറുതെ ഇരിക്കാൻ വയ്യ അല്ലെ? "
അവൾ പുഞ്ചിരിച്ചു
അധികം സംസാരിക്കില്ല ഗംഗ.. സംസാരിച്ചാൽ തന്നെ പതിഞ്ഞ സ്വരത്തിൽ ഒന്നോ രണ്ടോ വാചകങ്ങൾ..

"മോൾ അറിഞ്ഞോ വിഷ്ണു? "
അവൾ മൂളി

"നമുക്കിത് വേണ്ട കുട്ടിയെ.. അമ്മാമ നല്ലൊരു ആലോചന കൊണ്ട് വരുന്നുണ്ട് ട്ടോ "
അവൾ തുന്നൽ തുടർന്നു.
അമ്മാമ ഒന്ന് നോക്കിയിട്ട് മുറി കടന്ന് പോയി..

"ഗംഗാ "ഒരു വിളിയൊച്ച തന്നെ തേടി വരുന്ന പോലെ..
ഗംഗേ എന്നല്ല വിഷ്ണു വിളിക്കുക" ഗംഗാ "എന്നാണ്.. പുലർച്ചെ ആ വിളിയുണ്ടാകും..

"ഞാൻ ബാങ്കിലേക്ക് ഇറങ്ങുകയാണ് കേട്ടോ.. വൈകുന്നേരം കോളേജ് വഴി വരാം.. "

പിന്നെ ഉച്ചക്ക്..

"കഴിച്ചോ ? "
മെസ്സേജ് ഉണ്ടാകും.

വൈകുന്നേരം കോളേജ് സ്റ്റോപ്പിൽ കുറച്ചു മിനിറ്റുകൾ നീളുന്ന ഒരു കൂടിക്കാഴ്ച്ച.. ഒരു ചോക്ലേറ്റ് മധുരം ഉണ്ടാവും എന്നും തനിക്കായി..

പിന്നെ ഉറങ്ങും മുന്നേ..

"ഒരു പാട്ട് പാടി തരുവോ? "
പാടാറുണ്ട് എന്ന് അച്ഛന് പോലും അറിയില്ല.വിഷ്ണു അതെങ്ങനെ അറിഞ്ഞോ ആവോ.. പാടി പൂർത്തിയാകും മുന്നേ ഉറങ്ങും..

ഒരു ദിവസം പറഞ്ഞു

"ചിലപ്പോൾ ഞാൻ ഒരു യാത്ര പോകും ട്ടോ.. എന്റെ അച്ചനെ കാണാൻ.. അത് അന്ന് ഒപ്പം വന്നത്
എന്റെ അച്ഛനല്ല ഗംഗാ.. അമ്മ അദ്ദേഹത്തെ ഉപേക്ഷിച്ചു ഇയാളുടെ ഒപ്പം വന്നതാ.. എനിക്ക് ആരും ഇല്ലന്ന് തോന്നും ചിലപ്പോൾ

"ഞാനില്ലേ ? "അന്ന് ചോദിച്ചു

"നീ.. നീ മാത്രേ ഉള്ളിപ്പൊ എന്റെ ഉള്ളില്.. എന്റെ പ്രാണൻ ആണിപ്പോ നീ ... എന്റെ ജീവൻ.. ഞാൻ എവിടെ പോയാലും എത്ര വൈകിയാലും വരും ട്ടോ.. അച്ഛനെ തേടിപ്പിടിക്കണം.. കല്യാണത്തിനു അച്ഛന്റെ അനുഗ്രഹം വേണം.. കുറെ അന്വേഷിച്ചു മുൻപ്.. ആൾ അവിടെ നിന്നൊക്കെ പോയി ത്രെ.. "

അതായിരുന്നു അവസാനത്തെ ഫോൺ കാൾ..

രാത്രി കഞ്ഞി വിളമ്പുമ്പോൾ മാധവൻ അവളെ ഒന്ന് നോക്കി

"മോളെ അമ്മാമ.. പറഞ്ഞത്.. "

"വിഷ്ണു വരും "അവൾ പയറു കറി കഞ്ഞിയുടെ മുകളിൽ വിളമ്പി..

"മോളെ... നിന്റെ കല്യാണം അടുത്ത ആഴ്ചയിൽ ആണ്.. അറിയില്ലേ? "

"മാറ്റി വെയ്ക്കാം അച്ഛാ "

അയാൾ ഞെട്ടി നോക്കി

"മോളെ അവൻ വന്നില്ലെങ്കിൽ.. "

"വരും.. "നല്ല ഉറപ്പുണ്ടായിരുന്നു അവൾക്ക്.. "എന്നാണെങ്കിലും എത്ര കാലം കഴിഞ്ഞാണെങ്കിലും.. വരും.. "അവൾ പുഞ്ചിരിച്ചു..

"മോളെ അവന്റ മനസ്സിൽ എന്താ ആവോ? മനുഷ്യൻ മാറും മോളെ "

"എന്നിട്ട് അച്ഛൻ മാറിയില്ലല്ലോ.. എന്റെ അമ്മയല്ലേ ഉള്ളു ഇപ്പോഴും ഉള്ളിൽ? ഞാൻ ജനിച്ചപ്പോൾ മരിച്ചു പോയതല്ലേ അമ്മ? ഈ കാലം മുഴുവൻ അമ്മേ മാത്രം ഓർത്തു ജീവിച്ചതെന്തിനാ? മാറായിരുന്നില്ലേ? പറ്റിയില്ല അല്ലെ? വിഷ്ണുവിന്റെ ഉള്ളിൽ ഞാൻ ആണ്.. ആ ഉള്ളു മുഴുവൻ ഞാനാണ്.. മാറില്ല അച്ഛാ.. "

ആദ്യം ആണ് അവൾ ഇത്രയും.. മാധവൻ സ്തബ്ദനായി.

അച്ഛനോടത് പറഞ്ഞാൽ ചിലപ്പോൾ അച്ഛൻ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.. മൂല്യങ്ങൾക്ക് ഒരു പാട് വില കൊടുക്കുന്ന ആളാണ്.

പിന്നെ കുറെ മാസങ്ങൾക്ക് ശേഷം

മഴ പെയ്തു നനഞ്ഞ പകലിൽ ആകെ നനഞ്ഞൊലിച് വിഷ്ണു പടി കയറി വരുമ്പോൾ ഗംഗ പൂമുഖത്തുണ്ടായിരുന്നു.
അവൻ അവളെ ഇറുകെ കെട്ടിപ്പുണർന്നു തോളിലേക്ക് മുഖം അണച്ചു വെച്ചു

"അച്ഛൻ മരിച്ചു പോയി.കുറെ സ്ഥലത്തു തിരഞ്ഞു.. ഒടുവിൽ കണ്ടെത്തിയപ്പോ വൈകിപ്പോയി . "വിങ്ങി കരഞ്ഞു കൊണ്ടവൻ പറഞ്ഞു.

ഗംഗ അവളുടെ സാരിത്തുമ്പുയർത്തി ആ ശിരസ്സ് നന്നായി തുവർത്തി കൊടുത്തു..

"വിളിക്കാൻ തോന്നിയില്ല.. മനസ്സൊക്കെ വല്ലാതെ.. എന്നെ തനിക് വേണ്ട എന്ന് തോന്നിപ്പോയി.. കുറച്ചു കൂടി നല്ല ഒരാൾ.ചിലപ്പോൾ ഞാൻ വരാതെ ഇരുന്നാൽ കുറച്ചു കൂടി നല്ല ഒരു ബന്ധം കിട്ടി
യാൽ.. . "അവൾ ആ വാ പൊത്തി.

"ചോറ് വിളമ്പാം.. വിശക്കണില്ലേ? "

"എന്നെ ഒന്ന് വഴക്ക് പറ.. പ്ലീസ് "

ഗംഗ പുഞ്ചിരിച്ചു..

പിന്നെ ആ നെറ്റിയിൽ മെല്ലെ ചുംബിച്ചു

"വഴക്ക് പറയാട്ടോ ഇപ്പൊ വന്നു കഴിക്ക്.. "

അയാൾ കണ്ണീരോടെ ആ സ്നേഹത്തിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു...

ദൈവം കാത്തു വെച്ച ആ പുണ്യനദിയിലേക്ക്..


By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot