Showing posts with label AnamikaDG. Show all posts
Showing posts with label AnamikaDG. Show all posts

ഒരു അവധിക്കാല പ്രണയം

ഒരു അവധിക്കാല പ്രണയം
എഴുതാൻ പറ്റിയ വിഷയം...!!! അതും കെട്ടി ഒന്നര വയസുള്ള രണ്ടു മക്കളായപ്പോൾ...
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോളാണ് ചുറ്റിനും അമ്മാവന്മാരും ആങ്ങളയും തീർത്ത കോട്ട ചാടി കടന്ന് അവനെ ഞാൻ പ്രേമിക്കാൻ തീരുമാനിച്ചത് .. അതിനു മുൻപ് പ്രേമിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളിൽ അതിനൊരു അവസരം കിട്ടിയില്ല... അവനൊരു പാവം. എന്റെ അമ്മയുടെ അഭിപ്രായത്തിൽ എല്ലാ ആൺപിള്ളേരും അവനെ പോലെ ആവണം. എന്റെ ഫ്രണ്ട്സിന്റെ അഭിപ്രായത്തിൽ പെണ്ണുങ്ങളുടെ മുഖത്തോട്ട് പോലും നോൽക്കാത്തവൻ. ആണുങ്ങൾക്ക് ഇത്രേം അഹങ്കാരം കൊള്ളാമോ. . ഇത്രേം സുന്ദരികളായ ഞങ്ങൾ അതിലെ നടക്കുമ്പോൾ അവനെന്താ ഒന്ന് നോക്കിയാൽ... ഒന്നുമില്ലേലും രാത്രിയിൽ മുറ്റത്തെ കല്ലിൽ കഷ്ടപ്പെട്ട് ഉരച്ചു തേക്കുന്ന രക്ത ചന്ദനത്തിനോടും പുഴയിലെ വെള്ളത്തിനെ ചീത്തയാക്കുന്ന മഞ്ഞൾ.. ചെമ്പരത്തി താളി ഇതിനോടൊക്കെ ഞങ്ങൾക്ക് ഒരു കമ്മിറ്റ്മെന്റ് ഇല്ലേ...
അവനെ കാണാൻ വലിയ ഭംഗി ഒന്നുമില്ല. എന്നാൽ ഒരു ആകർഷണം ഉണ്ട് താനും. അവിടെ ഉള്ള തരുണീമണികൾ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുമ്പോളാണ് പത്താം ക്ലാസ്സെന്ന മഹാ യുദ്ധം കഴിഞ്ഞു നമ്മൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ തിരിച്ചെത്തുന്നത്. വെക്കേഷന് മാത്രം സഹിച്ചാൽ മതിയായിരുന്ന മകളെ ഇനി അങ്ങോട്ട്‌ എന്നും ചൂലും കെട്ടു കൊണ്ട് അടിക്കണമല്ലോ എന്നോർത്ത് അമ്മ ചൂലിലേക്കും തെങ്ങിലെ ഓലയിലേക്കും നെടുവീർപ്പെട്ടുകൊണ്ടിരിക്കെ ഞാൻ കൂട്ടുകാരുമായി ഭാവി പരിപാടികൾ ആലോചിക്കുന്ന തിരക്കിലായിരുന്നു. തെറ്റിദ്ധരിക്കരുത് എൻട്രൻസ് കോച്ചിംഗ് അല്ല ഉദ്ദേശിച്ചത്.. വാനരജന്മങ്ങൾ നേതാവിനെ നോക്കി ഇരിക്കുവായിരുന്നു എന്നു അനിയന് വേണേൽ പറയാം. പക്ഷെ എനിക്ക് അവർകൂടെ പിറക്കാതെ പോയ സഹോദരങ്ങൾ ആയിരുന്നു. അതിനു കാരണം ഒരു വീട്ടിൽ ആരുന്നേൽ രാത്രി കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ പറ്റിയ വഴികൾ ആലോചിക്കാം എന്നതാണ്. അല്ലാതെ മനസിന്റെ വിങ്ങൽ ഒന്നുമല്ല. പഴയ യൂണിഫോം ആണല്ലോ വലിയ അവധിക്കു ഡ്രസ്സ്‌ കോഡ്. പെറ്റിക്കോട്ടിടണ്ട പ്രായം കഴിഞ്ഞെന്നു വീട്ടുകാർ പറഞ്ഞു.. നാട്ടുകാരും. അതു പിന്നെ അങ്ങനാണ്.. പെൺപിള്ളേരാണേൽ പ്രത്യേകിച്ച്.. അവർക്കു കല്യാണ പ്രായമായെന്നു ആർക്കു തോന്നിയില്ലെലും അയല്പക്കത്തെ ചേച്ചിമാർക്കു തോന്നും. അതോടെ ആണ് ഓരോ വർഷത്തെ യൂണിഫോമിനെ അവധിക്കാല ഡ്രസ്സ്‌ ആക്കിയത്. വീടിനു മുന്പിലെ റോഡ് ടാർ ഇടാത്തത് കൊണ്ട് കുട്ടീം കോലും കളിക്കാൻ കുഴി എടുക്കാൻ എളുപ്പമുണ്ടായിരുന്നു. കുട്ടി അടിച്ചു അടുത്ത വീട്ടിലേക്കു കളയണം എന്നു ഒരാഗ്രഹം ഇല്ലാരുന്നു. പിന്നെ ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ. വിശക്കുമ്പോൾ കയ്യെത്തുന്ന അകലത്തിലുള്ള ചക്കകൾ ചാമ്പങ്ങകൾ ജാതിക്കകൾ ഒക്കെ ഞങ്ങളുടെ വയറു നിറച്ചു. വീട്ടുകാരെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിക്കാത്ത ഞങ്ങളെ പറ്റിയാണ് വൈകുന്നേരങ്ങളിൽ അയല്പക്കക്കാർ ചുമ്മാ നുണകൾ പറയാൻ അപ്പന്റെ മുൻപിൽ എത്തുന്നത്. മുട്ടു കാൽ കറുത്തിരിക്കുന്നത് എന്താടി എന്നു കല്യാണം കഴിഞ്ഞപ്പോൾ ചോദിച്ച കെട്ടിയവന് അറിയില്ലല്ലോ നല്ല മണലിൽ മുട്ടിന്മേൽ നിന്നാൽ തൊലി പോയി അവിടം കറുത്ത് പോകുമെന്ന്... അതിൽ ജാതിക്ക മാത്രം ഞങ്ങളെ ചതിക്കും.. കാരണം ആക്രാന്തം കാരണം ജാതിക്കക്കു കറയുണ്ടെന്ന കാര്യം ബോധപൂർവം മറന്നു പോകും. അതു ഞങ്ങളുടെ തെറ്റല്ല. ആളില്ലാത്ത പറമ്പിൽ കേറി ജാതിക്കാ പറക്കുമ്പോൾ കറ നോക്കണോ അതോ ആരേലും വരുന്നുണ്ടോ എന്ന് നോക്കണോ. അമ്മമാർക്കറിയാണോ ഇതു വല്ലതും. അഞ്ഞൂറ്റൊന്നു ബാർ സോപ്പ് ഇട്ടു ഉരച്ചു കഴുകുമ്പോൾ രണ്ടു മാസം അവധി കൊടുത്ത സ്കൂളുകാരെ അവർ അവർക്കറിയാവുന്ന ഭാഷയിൽ ചീത്ത വിളിക്കും. മാങ്ങാ ഉപ്പും മുളകും (കട്ടെടുത്ത എന്നു കൂട്ടി വായിക്കാൻ അപേക്ഷ ) കൂട്ടി തിന്നിട്ടു ദാഹിക്കുമ്പോൾ കുടിക്കുന്ന വെള്ളം.. അതും ചിലപ്പോൾ ചതിക്കും.. പിന്നെ രാത്രിയിൽ ജാതിക്കായുടെ കുരുവും തേനും ആകും അത്താഴം. പിറ്റേന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങരുത് എന്ന അമ്മയുടെ ഉത്തരവിൽ അപ്പൻ ഒപ്പ് വക്കും. ആ സമയത്തു പുറത്തു കൂടി നടക്കുന്ന പട്ടിയോട് വരെ അസൂയ തോന്നും. വായിച്ച ബാലരമ ബാലമംഗളം പൂമ്പാറ്റ പിന്നെയും കരണ്ടു തിന്നും ..പിന്നെ തേയില പഞ്ചസാര തുടങ്ങിയവ പൊതിഞ്ഞു കൊണ്ട് വരുന്ന മനോരമ മംഗളം മാസികകളുടെ അരയും മുറിയും.. അതു അമ്മ കാണാതെ വേണം വായിക്കാൻ. ചീത്ത ആണത്രേ ചീത്ത. ആ നോവൽ സീരിയൽ ആക്കുമ്പോൾ അവർക്കു ടിവിയുടെ മുന്നിലിരുന്നു കരയാം... ഞങ്ങൾക്ക് വായിക്കാൻ മേല. വിഷയത്തിൽ നിന്നും മാറി പോയി.
അങ്ങനെ ഇരിക്കെ ആണ് പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ വാർഷികം പ്രഖ്യാപിക്കുന്നത്... പത്താം ക്ലാസ്സ്‌ വരെ എല്ലാവരും ഡാൻസുകാർ ആണല്ലോ. പാട്ടുകാരും... കന്യാസ്ത്രീകൾ നടത്തിയ സ്കൂളിൽ പഠിച്ച കാരണം അവർ അവിടെ ഇറക്കിയ ഐറ്റങ്ങൾ ഇവിടെ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ബാക്കി കൂട്ടുകാരും ചേച്ചിമാരും ചേട്ടന്മാരും എന്നെ നോക്കുന്ന കണ്ടാൽ ഒളിമ്പിക്സിൽ മെഡൽ വാങ്ങി വരുന്ന പി ടി ഉഷയെ നോക്കുന്ന പോലാണ്. അത്രയ്ക്ക് ബഹുമാനം. പാട്ടും ഡാൻസും നാടകം... അവസാനം മുതിർന്നവരുടെ ഒരു നാടകം.. അതും പള്ളിയിൽ നിന്നും വിളിച്ചു അതിലെ ഡാൻസ് കൊറിയോഗ്രാഫർ ആകാമോ എന്നും കൂടി ചോദിച്ചപ്പോൾ ( d4 ഡാൻസ് എന്ന പരിപാടിയിൽ നിന്നാണ് കടിച്ചാൽ പൊട്ടാത്ത ആ വാക്ക് കിട്ടിയത്.. ) എനിക്ക് തോന്നി ഞാൻ ഇവിടെങ്ങും ജനിക്കേണ്ട ആളെ അല്ലെന്നു..
അങ്ങനെ ചെറിയൊരു റാണിയായി അരങ്ങു തകർക്കുമ്പോളാണ് ഒരാവശ്യവുമില്ലാതെ അവൻ രംഗ പ്രവേശം ചെയ്യുന്നത്...
തുടരും... ( മക്കൾ മൊബൈൽ തന്നാൽ മാത്രം... )

Anamika DG

ഒരു അവധിക്കാല പ്രണയം.. രണ്ടാം ഭാഗം

ഒരു അവധിക്കാല പ്രണയം.. രണ്ടാം ഭാഗം
അവന്റെ രംഗ പ്രവേശം എന്നെ ആകെ തകർത്തു കളഞ്ഞു. നമ്മൾ വല്ലയിടത്തും നിന്നും കിട്ടിയ സംഭവങ്ങൾ കാണിച്ചു ആളായ സ്ഥലത്താണ് പുള്ളി സ്വന്തം കഴിവുകൾ പുറത്തെടുക്കുന്നത്. വല്ല ആവശ്യമുണ്ടോ അവന് ?! അതും അവന്റെ അമ്മ വീട്ടിൽ വന്നു പഠിക്കാൻ നിൽക്കുന്നവൻ. അവനു പഠിച്ചിട്ടു പോയാൽ പോരേ... അവനാണേൽ ഒരു മാതിരി ബാലചന്ദ്ര മേനോനെ പോലെ... പാട്ട്.. നാടകം.. കഥാപ്രസംഗം.. ഒക്കെ പോരാത്തതിന് നല്ല പോലെ വരക്കും.. കവിതയും എഴുതും (സാധരണ നാട്ടിൻ പുറത്തുകാരി പെൺപിള്ളേർക്കു പ്രേമത്തിൽ വീഴാനുള്ള എല്ലാം ചേരുവകളും ഉണ്ടെന്നു ചുരുക്കം ) ഇതു കേട്ട് ഞാൻ ഒന്ന് കവിത എഴുതാൻ നോക്കി.. ആക്രിക്കാരന് തൂക്കി വിൽക്കാൻ അടുക്കി വെച്ചിരുന്ന പഴയ ബുക്കുകൾ വലിച്ചു ചാടിച്ചെന്ന ബഹുമതിയോടെ അമ്മയുടെ കയ്യിലെ കഞ്ഞി തവി കൊണ്ട് കിട്ടിയ അവാർഡോടെ ആ പരിപാടി നിർത്തി. ആകെ ഒരാശ്വാസം അവൻ ഡാൻസിൽ കൈ വച്ചില്ല എന്നതാണ്. അവന്റെ വരവോടെ ഇലക്ഷന് തോറ്റ സ്ഥാനാർത്ഥിയെ പോലായി എന്റെ അവസ്ഥ.. പരിശീലനത്തിന് ഇടക്ക് കിട്ടിക്കൊണ്ടിരുന്ന കട്ടൻ കാപ്പി ബിസ്‌ക്കറ് നാരങ്ങാ വെളളം ഇവയൊക്കെ ചേട്ടന്മാർ (അവസരവാദികൾ ) അവനു കൊടുക്കാൻ തുടങ്ങി.. അതോടെ ഞങ്ങളുടെ അഭിമാനം (അങ്ങനെ ഒന്നില്ലെന്നു വീട്ടുകാർ ഞങ്ങളെ പറ്റി അപവാദങ്ങൾ പറയും ) മുറിവേറ്റു. സ്വാഭാവികമായും ബുദ്ധി (കുരുട്ടു ) ഉണർന്നു...പാട്ടിനും ഡാൻസിനും ഒക്കെ ഉണ്ടായിരുന്ന എനിക്ക് പെട്ടന്ന് പനി പിടിക്കുന്നു. ഞാൻ പോയില്ലേൽ ബാക്കി ഒറ്റെണ്ണം പോവില്ലല്ലോ. അങ്ങനെ പ്രാക്ടീസ് മുടങ്ങും. അപ്പോൾ അവസരവാദി ചേട്ടന്മാരും ചേച്ചിമാരും എന്നെ വന്നു കൂട്ടിക്കൊണ്ട് പൊക്കോളും. ഇങ്ങനുള്ള മനോസ്വപ്നങ്ങൾ കണ്ടു കഷ്ടപ്പെട്ട് ഞാൻ എന്റെ കാലുകളോട് പറഞ്ഞു "അരുത് പുറത്തേക്ക് ഇറങ്ങാതെ ഈ കുരുത്തക്കേടിന് എനിക്കു കൂട്ട് നില്ക്കു ".... ..രണ്ടു ദിവസമായിട്ടും ആരും അന്വേഷിക്കുന്നില്ല.. എന്തിനു.. ഈ ബുദ്ധി പറഞ്ഞു തന്ന ആത്മാർത്ഥ കൂട്ടുകാർ വരെ തിരിഞ്ഞു നോക്കുന്നില്ല.. "ഇനി അവളുമാരെങ്ങാനും അവന്റെ കൂടെ കൂടിയോ എന്തോ ? പറയാൻ പറ്റില്ല രണ്ടു നാരങ്ങാ മിട്ടായി കൂടുതൽ കൊടുത്താൽ എന്നെ അറിയില്ലെന്ന് വരെ പറഞ്ഞു കളയുന്ന കക്ഷികൾ ആണ്"---(ആത്മഗതം..) പുറത്തു കേട്ടാൽ അവളുമാർ എന്നെ കൂടാതെ ഒറ്റയ്ക്ക് കാട്ടു മാങ്ങാ പറക്കാൻ പോയി കളയും ദ്രോഹികൾ
മൂന്നാമത്തെ ദിവസം ആരോ അമ്മയോട് എന്നെ പറ്റി ചോദിക്കുന്നത് കേട്ടു. അമ്മ പുറത്തിറങ്ങിയ തക്കത്തിന് തേങ്ങ മുറിയിൽ നിന്ന് കടിച്ചെടുത്ത കഷണത്തിന്റ കൂടെ തിന്നാൻ പഞ്ചസാര പാത്രം തപ്പാൻ അടുപ്പിനു മുകളിൽ കയറിയ ഞാൻ സ്പ്രിങ് വലിച്ചു വിട്ട പോലെ തെറിച്ചു മുറിയിലെ ബെഡിലെത്തി.. പിന്നെ കേട്ടത് അമ്മയുടെ ഒരലർച്ച "എന്നാടി നിനക്ക് പനി പിടിച്ചത് എന്നു" രണ്ടു ദിവസം തെണ്ടാൻ പോകാതെ ഇരുന്നപ്പോൾ അമ്മ വിചാരിച്ചത് മോളു നന്നായെന്ന്. ആമ കഴുത്തു നീട്ടുന്ന പോലെ നോക്കിയപ്പോളാണ് കണ്ടത് അവനാണ് വീടിനു മുന്നിൽ നിൽക്കുന്നത്. ഈ അമ്മക്ക് എന്നെ കാട്ടിൽ ഉരുള് പൊട്ടിയപ്പോൾ കിട്ടിയതാണോ എന്തോ എന്നു ഓർത്തു ഇറങ്ങി ചെന്നു.. ""എന്താ പ്രാക്ടിസിനു വരാത്തത് എന്ന് അവൻ "" ഒന്നുമില്ല എന്നു ഞാൻ... എന്നാൽ വന്നു പ്രാക്ടീസ് ചെയ്യൂ എന്ന് അവൻ.. ഞാൻ ഇപ്പോൾ പ്രേമത്തിലേക്കു മൂക്കും കുത്തി വീണെന്ന് എന്റെ കൂട്ടുകാരെ പോലെ വായിക്കുന്നവരും വിചാരിച്ചു കാണും. നാണം കെട്ടു അമ്മയെ മനസ്സിൽ ചീത്ത വിളിച്ചു നിൽക്കുന്ന നമുക്കെവിടെ പ്രേമം...
അങ്ങനെ പരിശീലനം കൊണ്ടു പിടിച്ചു നടക്കുന്നു. ദിവസവും.. അത്ര സുഖമുള്ള പരിപാടി അല്ല അത്. കാരണം ഞങ്ങളുടെ പരിപാടികൾ ഒന്നും നടക്കുന്നില്ല. ആകെ ഉള്ള മെച്ചം എന്താന്ന് വച്ചാൽ പള്ളിക്കാര്യത്തിനായത് കൊണ്ട് വീട്ടുകാർക്ക് സന്തോഷം. നാട്ടുകാർക്കും കുറച്ചു നാളായിട്ട് ഞങ്ങളെ കൊണ്ടുള്ള തല വേദന ഇല്ല. അവരുടെ ജനാലയുടെ ചില്ലുകൾ പൊട്ടുന്നില്ല. ചെടികൾ മോഷണം പോകുന്നില്ല...മതിലിനു മുകളിലൂടെ പുറത്തേക്ക് കുല കുത്തി നിൽക്കുന്ന റോസാ പൂവുകൾ അവിടെ തന്നെ നിൽക്കുന്നു.. ഞങ്ങളെ വെല്ലു വിളിച്ചോണ്ട്.
അങ്ങിനെ ഇരിക്കുമ്പോളാണ് എന്റെ അടുത്ത കൂട്ടുകാരി പറയുന്നത് അവൾക്കു അവനോടു മുടിഞ്ഞ പ്രേമം ആണെന്ന്. ഒന്നു രണ്ടു പ്രേമലേഖങ്ങൾ എഴുതി അവൾ ധൈര്യം തെളിയിച്ചിട്ടുണ്ടത്രെ. എനിക്കതത്ര വിശ്വാസമായില്ല. കാരണം അവളുടെ ബുക്കുകൾ ഞാൻ കണ്ടിട്ടുള്ളതാണ്. ""പരോഗിയിൽ നിന്നും പരോഗ രേണുക്കൾ പരേഗാന സ്ഥലത്തു പതിക്കുന്ന പ്രോവർത്തനമാണ് പോരോഗണം"" എന്നെഴുതി സയൻസ് ടീച്ചറെ ഞെട്ടിച്ച വ്യക്തിയാണ്. അവന്റെ കയ്യിൽ കൊടുത്തിട്ട് മറുപടി കിട്ടിയില്ലത്രേ. എനിക്കിപ്പോൾ അവനോടു കുറച്ചു പാവം തോന്നി. കാരണം അവൻ ഇതു വരെ അതു വായിച്ചു തീർത്തിട്ടുണ്ടാവില്ല. ഞങ്ങൾ അതു ചോദിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ആരെയെങ്കിലും അവനൊന്നു പ്രേമിക്കുക എന്നത് ഞങ്ങളുടെ അഭിമാന പ്രശ്നമായി തീർന്നിരുന്നു. കൂട്ടത്തിൽ നാക്കിനു നീളം കുറച്ചു കുറഞ്ഞവൾ അവനോടു ചോദിച്ചു "---- കത്തിന്റെ മറുപടി എവിടെ എന്ന് " ഞങ്ങളെ ഒന്നു നോക്കി. എന്നിട്ട് വീട്ടിൽ പോയി കത്ത് കൊണ്ടു തന്നു. അവനോടു ചോദിച്ചവളുടെ നിൽപ്പ് കണ്ടാൽ പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും ശത്രുത മാറ്റിയ പോലുണ്ട്. രഹസ്യമായി വായിക്കാൻ പറ്റിയ സ്ഥലം കൊക്കോ മരത്തിന്റെ മുകളിലാണ്. അതും കൊണ്ട് വലിഞ്ഞു കയറി. കത്തിന്റെ കുറച്ചു താഴെ ചേർക്കുന്നു...
---------
14/4/1999
പ്രിയ ചട്ടാ... സുഗമല്ലേ. എനിക്കു സുഗമാണ്. വീട്ടിൽ എല്ലാർക്കും സുഗമല്ലേ. എൻ്റെ വീട്ടിൽ എല്ലാർക്കും സുഗമാണ്.അവിടെ മഴയുണ്ടോ ? ഇവിടെ മഴയില്ല. എനിക്ക് ചട്ടനെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണേൽ മറുപടി തരണം..
.........
എന്ന് ----
ഒപ്പ്
എന്താണ് സംഭവം എന്ന് പിടി കിട്ടിക്കാണും. വായിച്ചു കഴിഞ്ഞതും ഒരുത്തി മരത്തീന്നു താഴോട്ട്, അവളുടെ അമ്മയുടെ സാരി വെട്ടി തയ്ച്ച പാവാട മരത്തിന്റെ കൊമ്പിലും. അവളെ പറഞ്ഞിട്ടും കാര്യമില്ല. വയനാടിന് കെട്ടിച്ചു വിട്ട ചേച്ചിക്ക് കത്തെഴുതിയ പരിചയമേ അവൾക്കുള്ളു.
അങ്ങനെ വാർഷികം വന്നെത്തി...തലേ ദിവസം പരിപാടിക്ക് വേണ്ട സാമഗ്രികൾ സംഘടിപ്പിക്കുന്നത് കൊണ്ട് അധികം പ്രാക്ടീസ് ഉണ്ടായില്ല. നാടോടി നൃത്തത്തിന് ഒരു പാവ വേണ്ടത് കൊണ്ട്, വീട്ടിലെ സകല ചാക്ക് കെട്ടും വലിച്ചിട്ടു തപ്പിയപ്പോൾ അനിയനിൽ നിന്നാണ് ആ മഹാ സത്യം ഞാൻ അറിഞ്ഞത്. പാവ കൊണ്ട് കളിക്കേണ്ട പ്രായം ഞങ്ങൾക്ക് രണ്ടാൾക്കും കഴിഞ്ഞത്രേ. മഹാൻ!! അവൻ പറയാതെ എനിക്കതറിയാൻ മേലാരുന്നു. ഇനി എന്നാ യൂണിറ്റ് ലീഡർ ചേട്ടന്റെ തല തിന്നാം എന്ന് കരുതിയാണ് അങ്ങോട്ട്‌ ഇടിച്ചു കയറി ചെന്നത്.. അവൻ മാത്രമേ അവിടെ ഉണ്ടാരുന്നുള്ളു...
ഡും ഡും ഡും ( വാതിലിൽ കൊട്ടിയതല്ല.. വായിച്ചവരുടെ നെഞ്ചിടിപ്പാണ്.. )......... തുടരും
NB; പുതിയതായി വാങ്ങിച്ച ചോട്ടാ ഭീം ബലൂൺ പുളി മരത്തിൽ കുടുങ്ങി, അപ്പനും മക്കളും അതിന്റെ മുകളിലോട്ട് നോക്കി നിൽക്കുന്ന കാരണം മൊബൈൽ എന്റെ കയ്യിൽ തന്നെ ഉണ്ട്. മൊബൈൽ കിട്ടുമോ എന്ന് എന്നോടൊപ്പം ടെൻഷൻ അടിച്ചു കമന്റ്‌ ചെയ്ത എല്ലാവർക്കും എന്റെ പേരിലും മക്കളുടെ പേരിലും നന്ദി അറിയിക്കുന്നു.

Anamika

നന്നാവില്ലാത്തവൾ.....

നന്നാവില്ലാത്തവൾ.....
സ്വപ്നങ്ങൾക്കു നിറം വച്ചു തുടങ്ങിയ പ്രായത്തിൽ അമ്മ പറഞ്ഞു.. പെണ്ണാണ്‌... ചീത്തപ്പേര് കേൾപ്പിച്ചു അച്ഛനും അമ്മാവനും അനിയനും ആരുടേയും മുൻപിൽ തല കുനിക്കാൻ ഇട വരുത്തരുത് എന്ന്...
ഇന്ന്... ചെയ്യാത്ത തെറ്റിന്റെ പേരിൽ ഭർത്താവിനോടും അവരുടെ വീട്ടുകാരോടും അച്ഛൻ ക്ഷമ ചോദിച്ചപ്പോൾ ഞാൻ കണ്ടു.. അച്ഛന്റെ ശിരസ്സ്‌ കുനിഞ്ഞാണിരിക്കുന്നത്. എന്റെ അനന്തിരവൾ അങ്ങനെ പറയില്ല എന്ന അമ്മാവന്റെ ശബ്ദം അവരുടെ ആക്രോശത്തിൽ മുങ്ങി പോയപ്പോൾ ഞാൻ കണ്ടു... അമ്മാവനും തല കുനിച്ചാണിരിക്കുന്നത്.. അവസാനം ചേച്ചിയെ കാണാൻ വന്ന അനിയൻ ക്ഷണിക്കാതെ വന്ന വീട്ടിൽ നിന്ന പോലെ നിൽക്കുമ്പോൾ, നനഞ്ഞ കണ്ണുകളിലൂടെവീണ്ടും ഞാൻ കണ്ടു.. അവന്റെയും തല കുനിഞ്ഞാണ് ഇരിക്കുന്നത്.... ചേച്ചിയെ നല്ല രീതിയിൽ വളർത്താത്തതിന്റെ അട്ടഹാസം കേട്ടുകൊണ്ട്.....
അവർ ഈ പറയുന്ന പെണ്ണ് ഞാനാണ്‌... ഏഴു വർഷം കൂടെ കഴിഞ്ഞ ഭർത്താവാണ് എന്റെ തെറ്റുകൾ ഒരു കൂട്ടുകുടുംബത്തിന്റെ മുന്നിലേക്ക്‌ തല നാരിഴ കീറി ന്യായവിധിക്കായി ഇട്ടു കൊടുക്കുന്നത്... ഭൂമി പിളർന്നു താഴേക്ക്‌ പോകാത്തതെന്താണ് എന്ന് ആലോചിച്ചു ഭിത്തിയിൽ ചാരി നിന്നു. ആദ്യരാത്രിയുടെ സ്വകാര്യതയിൽ പറഞ്ഞ കാര്യങ്ങൾ വരെ ഭാര്യ കൊള്ളില്ലാത്തവളാണ് എന്ന് കാണിക്കാൻ വർഷങ്ങൾക്കു ശേഷം അവരുടെ മുൻപിൽ ആവേശത്തോടെ നിരത്തുന്ന ഭർത്താവിനെ കാണാതിരിക്കാൻ നിറഞ്ഞൊഴുകിയ കണ്ണുനീർ സഹായിച്ചു.. ആ ഔദാര്യം പോലും ഭർത്താവ് കാട്ടിയില്ല..
ഇരുപത്തഞ്ചു വർഷം കൂലിപ്പണി ചെയ്‌തും പട്ടിണി കിടന്നും മകളെ പഠിപ്പിച്ചു വലുതാക്കിയ വീട്ടുകാരും അവരുടെ മകളും കൊള്ളില്ല.. പക്ഷെ അവൾ പണിയെടുക്കുമ്പോൾ കിട്ടുന്ന പണത്തിനു ഈ കുറവുകൾ ഒന്നും ഇല്ല.. ഭാഗ്യം......
കയറി വന്ന പെണ്ണിനെ നന്നാക്കാൻ അവർ പൂജകൾ ചെയ്യുന്നു... അമ്പലങ്ങൾ തോറും കയറി ഇറങ്ങി വഴിപാടുകൾ നടത്തുന്നു..
പെണ്ണുങ്ങൾ ശബ്ദമുയർത്താൻ പാടില്ലാത്ത, തീരുമാനങ്ങൾ എടുക്കുമ്പോൾ അവരോടു അഭിപ്രായം ചോദിക്കുന്നത് കുറവാണെന്ന് വിചാരിക്കുന്ന വീട്ടിൽ ഞാൻ തനിച്ചാണ്... ചുറ്റും ആളുകളുണ്ടായിട്ടും. ഞാൻ വിധവയാണ്... (മനസ്സിൽ മരിച്ച) ജീവിച്ചിരിക്കുന്ന ഭർത്താവുണ്ടായിട്ടും...

Anamika

നൈലയും ഈച്ചയും

നൈലയും ഈച്ചയും
നൈല വിവാഹം കഴിഞ്ഞു ആ വീട്ടിൽ വന്നപ്പോൾ മുതൽ ആ ഈച്ചയും അവിടുണ്ടാരുന്നു. കൊല്ലാനുള്ള അടവുകൾ പരാജയപ്പെട്ടപ്പോൾ അവൾ അതിനെ അതിന്റെ വഴിക്ക് വിട്ടു.
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടു പോകവേ ഒരു തരം ഏകാന്തത അവളെ ബാധിച്ചിരുന്നു. ഭർത്താവു ജോലിക്കും അച്ഛൻ കൃഷിയിടത്തിലേക്കും പോയി കഴിഞ്ഞാൽ അവൾ അവളുടെ ലോകത്തിലായി.
പതിവുപോലെ ഒരു ചായയുമായി വന്നിരുന്നപ്പോളാണ് കണ്ടത് ഈച്ച ചായിൽ കിടക്കുന്നു !? എടുത്തു കളയാതെ വെറുതെ അതിലേക്കു നോക്കിയിരുന്നു. അതു പിടക്കുന്ന കണ്ടപ്പോൾ മനസിലായി ചത്തിട്ടില്ല എന്ന്. എന്തോ പെട്ടന്ന് ചായ തറയിലേക്കൊഴിച്ചു. പിന്നീടു അതൊരു ശീലമായി. അവൾ എന്ത്കഴിക്കാൻ എടുത്താലും ഒരു പങ്ക് ഈച്ചക്കും കൊടുക്കും. രാത്രി കാലങ്ങളിൽ ഭർത്താവും അച്ഛനും അവളെ കളിയാക്കി.
ഗർഭാലസ്യം കൂടി വന്നപ്പോളാണ് അനിയത്തി ലെന കൂട്ടു നിൽക്കാൻ വന്നത്. അവൾ വന്നതിൽ പിന്നെ വീട്ടിൽ ഒരു അനക്കമൊക്കെ ആയി. ഈച്ചയുടെ കാര്യം നൈല എപ്പോളോ മറന്നു.
പ്രസവിക്കാനാരുന്നു ഇഷ്ടമെങ്കിലും ഓപ്പറേഷൻ ചെയ്യാനാരുന്നു വിധി. അന്ന് തുടങ്ങിയ നടുവിൽ വേദന ഇപ്പോളുമുണ്ട്. മകൾക്കു ഒരു വയസായപ്പോഴാണ് ഒന്ന് വീണത്‌. കാര്യമായിട്ട് ഒന്നും പറ്റിയില്ലേലും പഴയ നടുവിൽ വേദന പിന്നേം തല പൊക്കി. ലെനയെ തന്നെ ആശ്രയിക്കേണ്ടി വന്നു. മോളെ കുളിപ്പിക്കലും ഒരുക്കലുമായി അവൾക്കത് സന്തോഷമായിരുന്നു.
ഇന്നു നൈലയുടെ ആദ്യത്തെ ചരമ വാർഷികമായിരുന്നു. അവൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇന്നും ആർക്കുമറിയില്ല. മോളുടെ കാര്യങ്ങൾ നോക്കാൻ ലെനയെപ്പോലെ വേറെ ആർക്കും പറ്റാത്തത് കൊണ്ട് അവൾ തന്നെ കൃഷ്ണ മോൾക്ക്‌ അമ്മയായി.
കല്യാണം വലിയ ആർഭാടത്തോടെ വേണ്ട എന്നത് എല്ലാവർക്കും സമ്മതമായിരുന്നു. കല്യാണം കഴിഞ്ഞ രാത്രിയിൽ കൃഷ്ണമോളുടെ നിർബന്ധം കാരണം അവളുടെ ചുമന്ന ഉടുപ്പ് തപ്പി ലെന ചേച്ചിയുടെ മുറിയിൽ ചെന്നത്. ഉടുപ്പ് വലിച്ചെടുത്തപ്പോൾ എന്തോ താഴെ വീണു അലമാരയുടെ അടിയിലേക്ക് പോയി. ചെറിയൊരു കുപ്പി. തുറന്ന് മണക്കുന്നതിനു മുൻപ് കൃഷ്ണമോളുടെ കരച്ചിൽ കേട്ട് അതവിടെ വച്ചു. മോളെ ഉറക്കി കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു അവളുടെ കൂടെ കിടന്നോളം എന്ന്. അവളെ ഉറക്കത്തിൽ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി ലെന ചേച്ചിയുടെ മുറിയി കിടക്കാനായി ഒരുക്കി.
രാവിലെ കൃഷ്ണമോൾ കരഞ്ഞിട്ടും അവർ കതകു തുറക്കാതായപ്പോളാണ് അച്ഛൻ ബലം പ്രയോഗിച്ചു കതകു തുറന്നത്. ജീവനറ്റ മകന്റെയും മരുമകളുടെയും ശരീരമാണ് അച്ഛൻ കണ്ടത്.
നൈലയുടെ പോലെ തന്നെ വിഷം ഉള്ളിൽ ചെന്നാണ് രണ്ടു പേരും മരിച്ചത്. നാട്ടുകാർ CBI അന്വേഷണത്തിന് വേണ്ടി ബഹളം ഉണ്ടാക്കിയപ്പോളും വീട്ടുകാർ ഹോമങ്ങൾ നടത്തിയപ്പോളും ആരും ശ്രദ്ധിച്ചില്ല നൈലയുടെ പൂമാലയിട്ട ഫോട്ടോയിൽ ഈച്ച ചത്തിരിക്കുന്നത്.
തന്റെ ഗർഭ കാലത്ത് ലെന തന്റെ ഭർത്താവുമായി തുടങ്ങിയ ബന്ധം അവൾ രണ്ടാമത് വന്നപ്പോഴെ നൈലക്കു മനസിലായുള്ളു. നിശബ്ദമായി അവൾ മരണത്തിലേക്ക് പോയി.
ലെന തുറന്ന് വച്ച കുപ്പിയിൽ നിന്നും അവൾ തന്നെ ആദ്യരാത്രിയിൽ കുടിക്കാൻ വെച്ച പാലിലേക്കു വിഷം കലങ്ങാൻ എത്ര തവണ മുങ്ങി പൊങ്ങി എന്ന് ചോദിച്ചാൽ ഈച്ചക്കുമറിയില്ല......
എല്ലാവരെയും പറ്റിച്ചെന്ന ധാരണയിൽ.. തുടങ്ങാൻ പോകുന്ന ആദ്യരാത്രിയുടെ ലഹരിയിൽ പാലിൽ വന്നിരുന്ന ഈച്ചയെ ശ്രദ്ധിക്കാൻ ലെനയും മറന്നു.......

By
Anamika DG

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo