Showing posts with label MuhammedaliThazhathethil. Show all posts
Showing posts with label MuhammedaliThazhathethil. Show all posts

പരാദം


"ഡാ കണ്ടോ ഞാൻ നട്ട മാവ് പൂത്തിരിക്ക്ണത്? ഇജ്ജ് കൊണ്ടന്ന് നട്ടതിന്റെ മുന്നെ കായ്ക്കും കണ്ടോ? അതാണ് ബർക്കത്ത് ള്ള കൈയോണ്ട് വെച്ചാല്ള്ള ഗുണം... "
മുറ്റത്തെ, താൻ നട്ട പ്രിയൂർ മാവിൻതൈ പൂവിട്ടത് ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞതോർത്തു.
ഞാൻ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന് സ്വയം കുഴിയെടുത്ത് ചാണകപ്പൊടിയും ചാരവും മറ്റ് നാടൻവളങ്ങളും ചേർത്ത് നട്ട് നനച്ച് ലാളിച്ച് പോരുന്ന " നീലൻ " അതാ ഇപ്പോഴും മേൽപ്പോട്ട് നോക്കി നില്ക്കുന്നു. പുഷ്പിച്ചില്ല എന്ന് മാത്രമല്ല ഈയടുത്ത കാലത്തൊന്നും പുത്ത് കായ്ക്കുന്ന ലക്ഷണവും കാണുന്നില്ല....
ഈസൂട്ടിക്കാന്റെ വീട്ടിൽ നിന്നും പഴുത്ത പ്രിയുർ മാമ്പഴം വാങ്ങി എല്ലാവരും ചേർന്ന് ആസ്വദിച്ച് കഴിച്ചതൊക്കെ ശരിയാ... കഴിച്ച് കഴിഞ്ഞ് അണ്ടി ദൂരേക്കെറിഞ്ഞ് കൈയിലെ മധുരം പോലും നക്കിത്തുടച്ച് എണീറ്റ് പോയി എന്നതും ശരി.....
പക്ഷെ ഉമ്മ മാത്രം മാമ്പഴം കഴിച്ച് കഴിഞ്ഞതിന് ശേഷം മാങ്ങാ അണ്ടി വൃത്തിയാക്കി അല്പം ചാരം ചേർത്ത് സൂക്ഷിക്കുന്നതും പിറ്റേന്ന് കുഴിയെടുത്ത് അതിൽ നട്ട്,കൈകൊണ്ട് തന്നെ മണ്ണ് ചേർത്ത്മൂടിയതും ശ്രദ്ധിച്ചിരുന്നു.
പക്ഷെ ഞാൻ കാശ് കൊടുത്ത് വാങ്ങിയ " ബഡ് ചെയ്ത നീലനെ " മറികടന്ന് ഇത്ര പെട്ടെന്ന് കായ്ക്കുമെന്ന് കരുതിയില്ല !!
ഉമ്മയുടെ കൈപ്പുണ്യം !!
അല്ലാതെന്ത് പറയാൻ...
ആ കൈകൾ കൊണ്ട് പറമ്പിൽ കൃഷി ചെയ്യാത്തതായുള്ള വിളകൾ നന്നേ ചുരുക്കം..
ചേമ്പ്, ചേന, കൂർക്ക, കാവത്ത് (കാച്ചിൽ) തൊപ്പക്കിഴങ്ങ്, കൂവ, മഞ്ഞൾ, ഇഞ്ചി.....
വാഴ തന്നെ വിവിധ തരം... മൈസൂർ പൂവൻ, പൂവൻ, പൊണ്ണൻ, കർപ്പൂര വള്ളി, കുന്നൻ.....
കർഷക കുടുംബത്തിൽ ജനിച്ചതിനാലാകാം കൃഷിയോട് ഒരു പ്രത്യേകആവേശംതന്നെയായിരുന്നു മരണം വരെ... നെൽകൃഷി ചെയ്യൽ ലാഭകരമല്ലാതായതോടെയാണ് വേദനയോടെയാണെങ്കിലും തരിശിടാൻ സമ്മതിച്ചത്.
കൃഷിയിറക്കേണ്ട സമയമെത്തിയാൽ
ഉള്ള ബേജാറും വെപ്രാളവും കണ്ടാൽ അല്പം നീരസമൊക്കെ പ്രകടിപ്പിച്ചിട്ടുണ്ട്....
ഞാറ് പാകലും, പറിക്കലും, നടീലും കൊയ്ത്തും മെതിയും, ചേറലും, കാറ്റത്തിടലും, പുഴുങ്ങലും, ഉണക്കലും, കുത്തലും എല്ലാമെല്ലാം ഉമ്മയുടെ മേൽനോട്ടത്തിൽ തന്നെ വേണമെന്നത് നിർബന്ധമായിരുന്നു.
ഉമ്മ ആഗ്രഹിച്ചത് പോലെയായില്ലെങ്കിൽ ജോലിക്കാരോട് കലഹിക്കലും ഹൃസ്വമായ പിണക്കങ്ങളുമൊക്കെ പതിവ് കാഴ്ചയായിരുന്നു.
പറഞ്ഞ് പറഞ്ഞ് കാട്കയറി !!
മാവ് പൂത്ത സന്തോഷം പ്രകടിപ്പിച്ചതും ,തന്റെകൈപ്പുണ്യത്തിൽ അഭിമാനം കൊണ്ടതും,എന്റെ മാവ് പൂക്കാത്തതിന് എന്നെ കളിയാക്കിയതും.....
ഇനിയില്ലല്ലോ.. പരാതിയും, പരിഭവവും, സ്നേഹലാളനകളും, ശാസനകളും,മോഹിച്ചു പോകുന്നു...
കേൾക്കാൻ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ശ്രദ്ധിച്ചത് ഉമ്മയുടെ പ്രിയപ്പെട്ട പ്രിയൂർമാവിൻ കൊമ്പിൽ അള്ളിപ്പിടിച്ച് വളർന്ന് വലുതായി വരുന്ന ക്ഷുദ്ര സസ്യത്തെ...!!
ഇത്തിൾക്കണ്ണിയെ.....!!
അഹങ്കാരി.. അന്യന്റെ അദ്ധ്വാനത്തിന്റെ പങ്ക് അനർഹമായി ഊറ്റിക്കുടിച്ച്, പങ്ക് പറ്റി ജീവിക്കുന്ന ധിക്കാരി...
ഇത്തരം പരാദങ്ങൾ മനുഷ്യർക്കിടയിലും ഉണ്ടല്ലോ?ല്ലേ?
പറിച്ച് കളയണം ഉടൻ തന്നെ..
ഇല്ലെങ്കിൽ വേരോടെ നശിപ്പിച്ച് കളയും ആശ്രീകരം......

by: Muhammedali

ബറാബർ


ഇന്ന് ശ്രീകൃഷ്ണ ജയന്തി...
രാവിലെ ,അവധി ദിനത്തിന്റെ സന്തോഷത്തിൽ................................... ഇന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ? ചടഞ്ഞുകൂടി തൂലികയിൽ വല്ല വെർപ്പിക്കലും നടത്തിയാൽ അതായല്ലോ എന്ന് ചിന്തിച്ച് കസേരയിൽ മലർന്ന് കിടന്ന് കണ്ണടച്ചു.
സാധാരണ മലർന്ന് കിടന്ന് കണ്ണടച്ചാലാണ് തൂലികയിലേക്കുള്ള വിഭവം എന്തെങ്കിലും ലഭിക്കാറ്......
പക്ഷെ അധികനേരം അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല !! . എന്റെ തൂലികയുടെ അനുവാചകർക്ക് ഭാഗ്യമില്ല എന്ന് വേണമെങ്കിൽ പറയാം....
കുറച്ച് നേരം കൂടി അങ്ങനെ മലർന്ന് കണ്ണടച്ച് കിടക്കാൻ സ്വസ്ഥത ലഭിച്ചിരുന്നെങ്കിൽ ഇന്ന് അതിമഹത്തായ ഒരു സാഹിത്യ സൃഷ്ടി പിറന്നേനെ....
" ഉപ്പാ ഇവന്റ മുടിയൊന്ന് വെട്ടി ശരിയാക്കണം"
ഇഷ്ക്കുവിനെയും കൊണ്ട് മകൾ അടുത്തുവന്നു.
കണ്ണുതുറന്ന് ഇഷ്ക്കുവിനെ നോക്കി..
ഇഷ്ടൻ യാത്രയ്ക്ക് തയാറായിത്തന്നെ !
ഇപ്പോൾ സ്ക്കൂട്ടറിൽ കയറി എന്നോടൊത്ത് യാത്ര ചെയ്യുന്നതാണവന്റെയൊരു ത്രിൽ....
"മുടി വെട്ടണോ?"
ഞാൻ ഇഷ്ക്കുവിനെ നോക്കി ചോദിച്ചു.
"ങൂം " അവൻ മൂളി...
ഞാൻ മനസ്സില്ലാ മനസ്സോടെ എണീറ്റു .
T ഷർട്ട് എടുത്തണിഞ്ഞു.
"ഇതൊക്കെ അവന്റെ ഉപ്പ ഇവിടുള്ളപ്പോൾ ചെയ്തു കൂടെ..
മനുഷ്യനെ ശല്യം ചെയ്യാൻ...."
മകളെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു .
" അവർക്ക് അവരുടെ മുടി മുറിക്കാൻ തന്നെ സമയം ഇല്ല... എന്നിട്ടല്ലേ?"
അവൾ ഇത്തിരി നീരസത്തോടെ മൊഴിഞ്ഞു.
"ശരി... ശരി.... കരയണ്ട ഞാനിപ്പത്തന്നെ കൊണ്ടു പോകാം...."
അതെ ഈ "ടെക്കി "കൾക്ക് മുടി മുറിക്കാൻ പോലും സമയം തികയാത്തതിനാലാകാം പുതിയ പുതിയ ഹെയർ സ്റ്റൈൽ കണ്ടു പിടിക്കുന്നത് ...
ഞാനും ഇഷ്ക്കുവും കൂടിയുള്ള യാത്ര...
സ്കൂട്ടറിൽ അവൻ ഉഷാറായി....
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടിയായി അവ്യക്തമായ ചില അക്ഷരങ്ങളും മൂളലും മാത്രം...
അങ്ങനെ ആസ്വദിച്ച് യാത്ര ചെയ്ത് ബാർബർ ഷോപ്പിലെത്തി.
രണ്ട് മൂന്ന് പേർ വെയിറ്റിംഗ് ലിസ്റ്റിലാണ്...
സ്ഥിരമായി കാണാറുള്ള ഷോപ്പുടമയില്ല.
ഒരു സ്റ്റാഫ് മാത്രം...
ഷോപ്പ് വളരെ നന്നായി നവീകരിച്ചിട്ടുണ്ട്...
വായു ശീതീകരണിയും , LCD ടെലിവിഷനും, ഹോം തിയറ്ററും....
കടയുടെ ചുമരിൽ നാല് മൂലകളിലും വൂഫറുകൾ പിടിപ്പിച്ചിട്ടുണ്ട്...
സംഗീതാസ്വാദകരായ ഇടപാട് കാരെ തൃപ്തിപ്പെടുത്താൻ...
മുഖസൗന്ദര്യ വർദ്ധക വസ്തുക്കളടങ്ങിയ
അലമാരയും ,ടൈൽസ് പാകിയ തറയും,
വാഷ്ബേസിനുൾപ്പെടെയുള്ള ജല സൗകര്യവും... ട്രിമ്മറുകൾ ഉൾപ്പെടെയുള്ള ആധുനിക പണിയായുധങ്ങളുമുള്ള ഒരു ബാർബർ ഷോപ്പ്!!
ഷോപ്പുടമ അസുഖം കാരണം വന്നിട്ടില്ല.
ഓർമകൾ എന്റെ ബാല്യകാലത്തെ കാരക്കാട്ടുളള ബാർബർ ഷോപ്പിലേക്ക്.
ഇഷ്ക്കു അനുസരണക്കേടോ കരച്ചിലോ ഒന്നും ഇല്ലാതെ ,മറ്റു കുട്ടികളെയും മുടിവെട്ടുന്ന ആളേയും മാറി മാറി നോക്കിക്കൊണ്ട് നി:ശബ്ദനായി മടിയിൽ....
പണ്ട് കാരക്കാട് റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ദിൽക്കൂഷ്മാച്ച് ഫാക്ടറി ഉടമ അബ്ദുറഹിമാൻ ഹാജിയുടെ ( ഞങ്ങൾ തീപ്പെട്ടിക്കമ്പനി അബ്ദുറഹിമാൻ ക്ക എന്ന് വിളിച്ചിരുന്ന ) പീടിക മുറിയിൽ പ്രവർത്തിച്ചിരുന്ന "ചേക്ക് റായിൻ " ക്കയുടെ ഒസ്സാൻ പീടിക ആയിരുന്നു നാട്ടിലെ പ്രധാന ബാർബർ ഷോപ്പും "മെൻസ് ബ്യൂട്ടി പാർലറും " ഒക്കെ !!
കടയിൽ അധികം ഫർണീച്ചറുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു മരക്കസേര, ഒരു വലിപ്പുള്ള ഡസ്ക്ക്, രണ്ട് കണ്ണാടികൾ, വലുത് മുന്നിലും ചെറിയത് പിന്നിലുമായി ചുമരിൽ തൂക്കിയിട്ടിരിക്കും.
ചുമരിൽ ഉറപ്പിച്ച തുകൽ ബെൽറ്റിൽ കത്തി അണച്ച് മൂർച്ച കൂട്ടുന്നതിനിടയിലും വെറുതെ ഇരിക്കുന്നതിനിടയിലും ചുണ്ടുകൾ ചലിക്കുന്നുണ്ടാകും..
സുബ്ഹാന ളളാ....
വൽ ഹംദുലില്ലാ...
വലാ ഇലാഹ ഇല്ലള്ളാ...
വള്ളാഹു അക്ബർ.....
ആൾ വലിയ ദൈവ വിശ്വാസിയും നമസ്ക്കാരം നോമ്പ് തുടങ്ങി അനുഷ്ടാനങ്ങളിൽ വലിയ കണിശക്കാരനും ആയിരുന്നു.
ഉയരം കുറഞ്ഞ ശരീരം, മൊട്ടത്തല. അരയിൽ പച്ചയോ കറുപ്പോ നിറത്തിലുള്ള വീതിയുള്ള " റാണി " ബെൽറ്റ്.. ഗാന്ധിക്കണ്ണട .. ഷർട്ട് മിക്കവാറും ധരിക്കാറില്ല. ആണെങ്കിൽ തന്നെ വെള്ളവോയിൽ തുണിയിൽ തുന്നിയ മുറിക്കയ്യൻ കുപ്പായം !!
ആൾ സരസനാണ് .. പ്രധാന ഹോബി ഭാരതപ്പുഴയിൽ നിന്നും മീൻപിടുത്തം.
ആയതിനുള്ള വല, കുണ്ട, ഒറ്റാൽ, പെട്രോൾ മാക്സ് മുതലായ എല്ലാ സജ്ജീകരണങ്ങളും കടയിൽ തന്നെ സൂക്ഷിക്കും.
പ്രായമായ, നാട്ടിലെ പ്രമാണിമാരായ വരുടെ വീടുകളിൽ ചെന്നും സേവനം നടത്തിയിരുന്നു.
കൂടാതെ സുന്നത്ത് (അഗ്രചർമവിച്ഛേദനം) കർമം നിർവ്വഹിച്ചിരുന്നതും ഞങ്ങളുടെ പ്രിയപ്പെട്ട ചേക്ക് റായിൻക്കയും സംഘവും ആയിരുന്നു.
എന്റെയും സഹോദരങ്ങളുടെയും ഒരുമിച്ചായിരുന്നു കലാപരിപാടി...
അന്ന് ഈ ചടങ്ങ് വലിയ ആഘോഷമാക്കിയിരുന്നു. വീട്ടിൽ ബന്ധുക്കളെയൊക്കെ വിളിച്ച് നല്ല സദ്യയൊക്കെ നല്കിയിട്ട് വേണം പാവപ്പെട്ട പയ്യൻമാരുടെ അഗ്രചർമം നീക്കം ചെയ്യാൻ ...
ഇന്ന് കാലം മാറി പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് തന്നെ ആൺകുട്ടികളുടെഅഗ്രം ആശുപത്രിയിലെ സർജൻ എടുക്കും.
ചേക്ക് റായിൻ (ശരിയായ പേര് ഷേഖ് ഇബ്റാഹിം) എന്നായിരിക്കാം.. വിളിക്കാൻ എളുപ്പത്തിനു വേണ്ടി ഞങ്ങളുടെ കാരണവൻമാർ കനിഞ്ഞരുളിയതാവാം "ചേക്ക് റായിൻ " എന്നത്.
തല മൊട്ടയടിക്കുന്നവരെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്..
ആ പ്രവൃത്തിയിൽ അദ്ദേഹത്തിന്റെ ഏഴയലെത്തെത്താൻ കഴിവുള്ള ഒരു ഒസ്സാനും കാരക്കാടെന്നല്ല അടുത്ത പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല !!!
ആയതിനാൽ തന്നെ ഇത്തിരി പുരോഗമന വാദികളായ കുട്ടികളും ചെറുപ്പക്കാരും അദ്ദേഹത്തിന്റെ ഇടപാടുകാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. അത്തരക്കാരെ കാണുന്നത് തന്നെ അദ്ദേഹത്തിന് കലിപ്പ്'
ആയിരുന്നു.
മുസ്ലിംകൾ അല്ലാത്ത ഒരൊറ്റ ഒരുത്തന്റെയും തലയിലും താടിയിലും അദ്ദേഹത്തിന്റെ കരസ്പർശം ഏറ്റിട്ടുണ്ടാകില്ല. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല....
ഏതായാലും ഞങ്ങളുടെ പ്രിയപ്പെട്ട മൺമറഞ്ഞു പോയ കാരണവൻമാരുടെ കൂട്ടത്തിൽ ചേക്ക് റായിൻക്കയും...
പരലോകജീവിതം വിജയകരമാകട്ടെ !!
..........................................................
കാത്തിരുന്ന് മടുപ്പ് തുടങ്ങി, മാത്രമല്ല ഇഷ്ക്കു എപ്പോഴാണ് സ്വഭാവം മാറുക എന്നറിയില്ല. കരയാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ല.
സീനിയോറിട്ടി പ്രകാരം ഇനി ഒരുത്തൻ കൂടിയുണ്ട് മുന്നിൽ..
സുഹൃത്തിന്റെ മകനാണ്.കൂടാതെ എന്റെ തൂലികയുടെ സ്ഥിരം വായനക്കാരനും.
ഒന്ന് മുട്ടിനോക്കിയാലോ?
മുൻഗണന മറികടക്കാനുള്ള മനുഷ്യസഹജമായ ത്വരയും.,
അവസ്ഥാവിശേഷവും എന്നെക്കൊണ്ട് ചോദിപ്പിച്ചു.
"അനസേ ,ഇനി ഞാൻ കുട്ടിയുടെ മുടി വെട്ടട്ടെ അവൻ കരയാൻ തുടങ്ങുന്നു..
നിനക്കിന്ന് വിശേഷിച്ച് തിരക്കൊന്നുമില്ലല്ലോ '"
പ്രതികരണം എങ്ങനെയാകും എന്ന് അല്പം ഉൾഭയത്തോടെ ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
ഇപ്പോഴത്തെ കാലമാണേയ്...
കുട്ടികളിൽ നിന്ന്അത്ര പ്രായപരിഗണനയോ മര്യാദയോ പ്രതീക്ഷിക്കരുത് !!
"ഓ അതിനെന്താ കുട്ടിയെ ഇരുത്തിക്കോളിൻ... "
മറുപടി തൃപ്തനാക്കി.. മനസിൽ പറഞ്ഞു നല്ല മര്യാദയുള്ള കുട്ടി..
ഇഷ്ക്കു വിനെ എടുത്ത് ചെയറിൽ ഇരുത്തി. ബാർബർ സോറി (ബ്യൂട്ടീഷ്യനോട് ) പറഞ്ഞു പുതിയ ഹെയർ സ്റ്റൈൽ തന്നെ ആയ്ക്കോട്ടെ.. അപ്പാഷേ മറ്റോ ആയാലും വിരോധമില്ല..
"അലിക്കാ ഇത് മലയാളിയല്ല ഹിന്ദിക്കാരനാ; "
സീനിയോറിറ്റി ഒഴിഞ്ഞ് തന്ന അനസ് പറഞ്ഞു.
ശരിയാ ,അപ്പോഴാണ് ശ്രദ്ധിച്ചത്, നഗരത്തിലേയും പട്ടണങ്ങളിലേയും ബാർബർഷാപ്പ് മുതൽ ഷോപ്പിംഗ്‌ മാൾ വരെ കയ്യടക്കിയ ഇതര സംസ്ഥാന തൊഴിലാളികളിലൊരുത്തൻ ഇങ്ങ് ഈ കുഗ്രാമമായ കാരക്കാടുള്ള ബാർബർ ഷോപ്പിലും...!!
" അരേ ഭായ് ബച്ഛേ കാ .മുടി ചോട്ടാ വാലാ കരോ?"
എന്റെ ഹിന്ദി കേട്ടതും സുഹൃത്ത് പറഞ്ഞു.
"മലയാളത്തിൽ പറഞ്ഞാ മതി എനിക്ക് മലയാളം അരിയും "
സമാധാനമായി എന്റെ ഹിന്ദി പരിജ്ഞാനം അനസsക്കമുള്ളവരെ അറിയിക്കാതെ കഴിഞ്ഞല്ലോ?
"ങാ ശരി, ഭായ് സ്ഥലം എവിടെയാ?
"ദില്ലി "
"പുരാന ദില്ലി ഹെ ന?"
"ഹാം "
"നാം ക്യാ ഹെ ആപ് കാ?"
" അഫ്സൽ "
ഓ.കെ.
കൂടുതൽ ചോദിക്കാനോ പറയാനോ നിന്നില്ല.
ഇഷ്ക്കുവിനെ പിടിച്ച് ഞാനും
മുടി വെട്ടാൻ അഫ്സൽ ഭായിയും സാഹസപ്പെടുന്നുണ്ടായിരുന്നു.
ഇഷ്കുവിന്റെ ബ്യൂട്ടി വർക്ക് കഴിഞ്ഞ് പോരുമ്പോൾ ഞാൻ പറഞ്ഞു
"അനസിന്റെ വെട്ടിത്തീർന്നാൽ എന്റെ മുടി വെട്ടണം ഞാൻ ബച്ഛേ കോ ഗർമേം ആക്കീട്ട് വരാം ഹെ"
എന്ന് പറഞ്ഞ ഇഷ്ക്കു വിനെ വീട്ടിലാക്കി തിരിച്ച് ഷോപ്പിലെത്തി മുടിയും താടിയും വൃത്തിയാക്കി...
ഇടയ്ക് മീശ ട്രിം കരോ ബായ് എന്ന് പറഞ്ഞു,, മീശ ട്രിമ്മി.
മൂക്കിൽ നിന്ന് പുറത്തേക്കെത്തിനോക്കുന്ന ഒന്ന് രണ്ട് രോമം കാണിച്ച് ഞാൻ പറഞ്ഞു. ഭായ്
"യേ കട്ട് കരോ?"
അഫ്സൽ കത്രികയെടുത്ത് എന്റെ നാസാരന്ദ്രങ്ങളിൽ അധികപ്പറ്റായി എഴുന്ന് നില്ക്കുന്ന രണ്ട് ക്ഷുദ്ര രോമരാജാക്കൻമാരുടെ തല കണ്ഠിക്കാൻ ഒരുങ്ങിയതും... എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി !!
അഫ്സൽ അറിയാതെ കത്രിക കൊണ്ട് കണ്ഠിച്ചത് എന്റെ മൂക്കിലെ രോമമായിരുന്നില്ല.......
മൂക്കിന്റെ പാലം തന്നെയായിരുന്നു.
അല്പം രോഷത്തോടെയും അതിലേറെ വേദനയോടെയും ഞാൻ ചോദിച്ചു.
"തും ക്യാ കർത്താ ഹെ ?"
"മാപ്പ് കീജിയേ ഭായ്സാബ് ആപ് കാ ഹെയർ ബഹുത് ഹാർഡ് ഹെ "
അതെ, അതെ എന്റെ കുഴപ്പമാണ്, എന്റെ മുടിയും മൂക്കിലെ രോമങ്ങളും മാത്രമല്ല., എന്റെ ആശയാദർശങ്ങളും,
അഭിപ്രായങ്ങളും, മനസ്സും, ശരീരവും എല്ലാമെല്ലാം വളരെ വളരെ ഹാർഡാണ്.
സുദൃഢമാണ്.......
നീ വെറും ബാർബറല്ല അഫ്സലെ,
"ബറാബറാ "ണ്.....
നിനക്കെങ്കിലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ?......
....................ശുഭം..............................

ഇടി മുട്ടായി


ഇടിവണ്ടി, ഇടിവെട്ട്, ഇടിക്കട്ട, ഇടിമിന്നൽ,ഇടിക്കുള എന്നൊക്കെ കേട്ടിട്ടുണ്ടാകും എന്നാൽ ഇടിമുട്ടായീന്ന് കേട്ടിട്ടുണ്ടോ?
ഉണ്ട് അങ്ങനെ ഒരു മിഠായി ഉണ്ട്.
പഴയ ത്രാസിൻ്റെ തൂക്ക് കട്ടി ആകൃതിയിൽ നല്ല രുചികരമായ എന്നാൽ കഴിക്കാൻ ഇത്തിരി കടുപ്പമുള്ള മിഠായി..
ചേരുവകൾ പ്രധാനമായും ശർക്കരയും പുളിങ്കുരുവുമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ കാഡ്ബറീസ് ചോക് ലേറ്റുകളേക്കാളും ,സ്നിക്കർസ് നെക്കാളും, മഞ്ചിനെക്കാളും രുചികരമായിരുന്നു പണ്ടത്തെ ഇടിമുട്ടായി.....
ആസ്തമ യുള്ളവർക്കും അലർജിയുള്ളവർക്കും കൂടി കഴിക്കാൻ പറ്റുന്ന മിഠായി....
ഇന്നത്തെ ഇടിമുട്ടായിയുടെ കാര്യമല്ല പറയുന്നത് ... ഒരു പത്ത് നാല്പത് വർഷം മുമ്പുണ്ടായിരുന്ന ഇടിമുട്ടായിയെപ്പറ്റിയാണ് പറയുന്നത്.
അതിൻ്റെ മണവും രുചിയും കടുപ്പവും ഒക്കെ പ്രതീക്ഷിച്ച് ഇന്നത്തെ മുട്ടായി വാങ്ങേണ്ടതില്ല !!
ഞാൻ സ്ഥിരം ഈ മുട്ടായിയുടെ ഒരു ആരാധകനായിരുന്നു ചെറുപ്പത്തിൽ.
വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നത് ഏറെക്കാലം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള മുഹമ്മദ് ക്കാൻ്റെ കടയിൽ നിന്നായിരുന്നു... ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുമായിരുന്ന കാരക്കാട്ടെ ഏക സ്ഥാപനം..
പലവ്യഞ്ജനങ്ങൾക്കു പുറമെ തോർത്ത്, ടവൽ, തേൻ, അത്യാവശ്യം വേണ്ട ആയുർവ്വേദ മരുന്നുകൾ, (തൈലം എണ്ണ മുതലായവ) ലഭിക്കുമായിരുന്നു....
കടയുടെ അകവും പുറവും പരിസരവും വളരെ വൃത്തിയില്യം ഭംഗിയിലും സൂക്ഷിച്ചിരുന്നു..
അടുത്തെത്തുമ്പോൾ തന്നെ നല്ല മുന്തിയ ഇനം ചന്ദനത്തിരിയുടെ സുഗന്ധം അനുഭവപ്പെടുമായിരുന്നു.
വെറും ഒരു ഇടപാടുകാർ മാത്രമായിക്കണ്ടിരുന്നില്ല മുഹമ്മദ്ക്ക ... സാധനങ്ങൾ തേക്കിലയിലോ കടലാസിലോ പൊതിഞ്ഞ്ചണ നാര് കൊണ്ട് വളരെ ഭംഗിയിലും സുരക്ഷിതമായും കെട്ടിത്തരുന്നതിനിടയിൽ കുശലാന്വേഷണങ്ങളും വീട്ടുവിശേഷങ്ങളും ചോദിച്ചറിയും. ഇടയ്ക്ക് നിരുപദ്രവമായ തമാശകൾ പറഞ്ഞ് കളിയാക്കലും...
അന്ന് പ്ലാസ്റ്റിക്ക് കവറുകളുടെ ആധിക്യം ഭൂമിയേയും മനുഷ്യനെയും ഇത്രമേൽ പ്രയാസപ്പെടുത്തിയിരുന്നില്ലല്ലോ?
വീടും പറമ്പും മാത്രമല്ല റോഡും തോടും പുഴയും കുളവും അങ്ങാടികളും കവലകളും എല്ലാം പ്ലാസ്റ്റിക് മുക്തമായിരുന്നു!! ഇന്നോ ?
ഇന്ന് ,
എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
അവിടെല്ലാം ദുഷിച്ച ഈ
പ്ലാസ്റ്റിക് മാത്രം !!.
എന്നെ "കുടുംബാ" എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു.. വാത്സല്യത്തോടെയുളള, മാനസികമായി അടുപ്പം തോന്നുന്ന ആനന്ദം നല്കുമായിരുന്ന ആ വിളി !!
സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ അവസാന ഇനമായി ഇടിമുട്ടായിയും ഉണ്ടാകും എന്നും.
മുഹമ്മദ്ക്ക വാത്സല്യത്തോടെ നല്കിയിരുന്നതിനാലും കൂടിയാണ് അന്നത്തെ ഇടിമുട്ടായിക്ക് അതീവ രുചിയുണ്ടായിരുന്നതെന്ന് ഞാനിന്ന് കരുതുന്നു !!

By: Muhammedali thazhethethil

മഞ്ചാടിമണികൾ


പുതുവർഷപ്പുലരി !!
 പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്..
ഇന്നിത്തിരി തണുപ്പൊക്കെയുണ്ട്, മങ്കി ക്യാപ്പും സ്വറ്റെറും എടുത്തണിഞ്ഞു...
2015 ,മനസ്സും ശരീരവും തണുപ്പിച്ച് സമാധാനിപ്പിച്ച് വിട പറയുന്നതാണോ? അതോ 2016 മനസ്സും ശരീരവും കുളിർപ്പിച്ച് ഊഷ്മളമായി വരവേൽക്കുന്നതാണോ?
അറിയില്ല...
ഏതായാലും പോയ വർഷം കാര്യമായ ക്ഷതമൊന്നും ഏല്പിച്ചില്ല.. സമാധാനിക്കാം നന്ദി രേഖപ്പെടുത്താംനാഥനോട് അൽഹംദുലില്ല.. (ദൈവത്തിന് സ്തുതി)
6 മുതൽ 6.50 വരെ പതിവ് നടത്തം ശേഷം പതിവ് ചായേം പുട്ടും. മോശമാക്കരുതല്ലോ പുതുവർഷമായിട്ട്...അധികനേരം തങ്ങിയില്ല വേഗം മടങ്ങി വീട്ടിലേക്ക്.
പതിവായി കാണാറുള്ള പലരേയും കണ്ടില്ല ഇന്ന്, തണുപ്പ് കാരണമാണോ? അതോ പുതുവർഷമായിട്ട് എടുത്ത തീരുമാനത്തിൻ്റെ ഭാഗമായി ഇറങ്ങാത്തതാണോ? എന്തോ.
ഞാനേതായാലും അത്തരം കടുത്ത തീരുമാനങ്ങളൊന്നും എടുക്കാനില്ല.
എല്ലാം പതിവുപോലെ ഇങ്ങനെ പോയാൽ മതി.. തിരിച്ച് നടക്കുന്നതിനിടെ മനസ്സിൽ ഉറപ്പിച്ചു.
പണ്ട് പുതുവർഷമായാൽ ചില മാറ്റങ്ങളൊക്കെ ജീവിതത്തിൽ വരുത്തണമെന്ന് തീരുമാനിക്കാറുണ്ട്
പുകവലി നിർത്തണം...
രാവിലെ നേരത്തെ എണീക്കണം
രാവിലെയുള്ള ചായക്കട ചർച്ചയിൽ നിന്ന് ഒഴിഞ്ഞ് നില്ക്കണം..
വീട്ട് കാര്യങ്ങളിൽ ഭാര്യയെ സഹായിക്കണം...
വീട്ട് മുറ്റത്തൊരു ചെറിയ പൂന്തോട്ടം നിർമ്മിക്കണം.
തെങ്ങിൻ ചുവടൊക്കെ കിളച്ച് മറിച്ച്
വളം ചെയ്യണം, ഒപ്പം ആരോഗ്യ സംരക്ഷണവുമാകുമല്ലോ?
വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്യണം..
പക്ഷെ ഒന്നും നടക്കാറില്ല.
ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നങ്ങൾ.. അത് കൊണ്ട് തന്നെ ഇപ്പോൾ അത് പോലുള്ള തീരുമാനങ്ങളൊന്നും എടുക്കാറില്ല.
എല്ലാം പതിവു രീതിയിലങ്ങനെ പോട്ടെ !! എത്തുന്നിടം വരെ..
പലതും ഓർത്തും ചിന്തിച്ചും നടക്കുന്നതിനിടയിൽ കുറെ മഞ്ചാടിമണികൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ആരായിരിക്കാം ഇതിവിടെ കൊണ്ടിട്ടത്? വണ്ടി കയറാൻ വന്ന വല്ല കുട്ടികളുമായിരിക്കും. പണ്ടാണെങ്കിൽ ഇതാന്നും ശ്രദ്ധയിൽപ്പെടില്ല.പുതിയൊരു ശീലം വന്ന് പെട്ടിരിക്കുന്നു.തല താഴ്ത്തിപ്പിടിച്ച്... പുല്ല്, പൂക്കൾ, വഴിയരികിലുള്ള സസ്യങ്ങൾ.. പക്ഷികൾ ...
ഈയടുത്ത് ഒരു സുഹൃത്തിൻ്റെ കമൻ്റ് കേട്ടു " ഇങ്ങനെ തല താഴ്ത്തി പിടിച്ച് നടന്നാൽ പോരാ തല ഉയർത്തി കൈകൾ വീശി കുറച്ച് കൂടി വേഗതയിൽ നടക്ക്..."
"ഇത്രയൊക്കേ എന്നേക്കൊണ്ട് പറ്റു
വേണമെങ്കിൽ നീ അങ്ങനെ നടന്നോ "
എൻ്റെ മറുപടി .
ഇത് തന്നെ മനസ്സുണ്ടായിട്ടല്ല അപ്പോഴാണവൻ്റെ ഒരു..... മനസ്സിൽ അരിശം തീർത്തു.
കുനിഞ്ഞ് മഞ്ചാടിമണികൾ പെറുക്കിയെടുത്തു...
ഉപേക്ഷിച്ച് പോരാൻ തോന്നിയില്ല. മഞ്ചാടിമണികളോടും കുന്നിക്കുരുവിനോടും ഇഷ്ടമായിരുന്നല്ലോ എന്നും..
അത് പോലെ തെച്ചിപ്പൂവിനോടും
ചെമ്പരത്തിയോടും...
ഇഷ്ടമെന്ന് പറഞ്ഞാൽ കൂടുതലിഷ്ടം.
തുമ്പ,മുല്ല, കാശിത്തുമ്പ, നാല് മണി, റോസ്, മന്ദാരം എല്ലാം ഇഷ്ടം തന്നെ, കള്ളിപ്പൂവ്, കോളാമ്പി പ്പൂവ്, മുക്കുറ്റി, കൈതപ്പൂ, ചെമ്പകം എല്ലാം എല്ലാം.......
രാത്രി റെയിൽ പാളത്തിലൂടെ നടന്ന് വന്നിരുന്ന കാലത്ത് റെയിൽ വക്കത്ത് നിന്നിരുന്ന പടുകൂറ്റൻ പാലമരത്തിൻ്റെ ചുവട്ടിലെത്തിയാൽ മനസിൽ നേരിയ ഭയം തോന്നിയിരുന്നെങ്കിലും പാലപ്പൂ വിൻ്റെ ഗന്ധം ഇഷ്ടമായിരുന്നു.. ഇന്ന് പക്ഷെ ആ പാലമരം അവിടെയില്ല. രാത്രിയിലെ കാൽ നsയാത്രയും ഇന്നില്ലല്ലോ?
അത് പോലെ സസ്യങ്ങളിൽ പണ്ട് കണ്ടിരുന്ന ആടലോടകം, എരുക്ക്,
ചവത, മുരിക്ക്, ആവണക്ക് ഇവയൊക്കെ അന്യം നിന്ന് പോയോ? കാണുന്നില്ല... തിരയുന്നുണ്ട് കണ്ണുകൾ....
തേവിടിശ്ശിയെന്ന് വിളിച്ചിരുന്ന പാവം പൂച്ചെടിയും (അരിപ്പൂ ചെടി)കമ്മൽ പോലുള്ള ചുവന്ന ചെറു പൂക്കളുള്ള പാവം തെവിടിശ്ശി..' ഇല്ല.. അന്യം നിന്ന് പോയിരിക്കുന്നു.
മഞ്ചാടിമണികൾ തുടച്ച് മണ്ണും പൊടിയും മാറ്റി പോക്കറ്റിലിട്ടു.
സ്നേഹവാത്സല്യങ്ങളോടെ.,
മഞ്ചാടിമണികളോട് ഇഷ്ടം തോന്നിത്തുടങ്ങിയതെന്നാ?
അതെ, പത്തിൽ പഠിക്കുമ്പോൾ..
ഇഷ്ടമായിരുന്നു..... ഇഷ്ടത്തോടെ സമ്മാനിച്ചത് കൊണ്ടാകാം....
നീണ്ടു മെലിഞ്ഞ വെളുത്ത വിരലുകളിലെ നഖങ്ങൾക്കും മഞ്ചാടിമണികളുടെ നിറമായിരുന്നല്ലോ നല്കിയിരുന്നത്....
................ ശുഭം..........................

പുണ്യതീർത്ഥം

BY : 
Muhammedali Thazhathethil

പ്രഭാത പ്രാർത്ഥന കഴിഞ്ഞ് മടങ്ങവേ എതിരെ വരുന്നു ഒരു സ്ത്രീരൂപം....
എളിയിൽ കുടം ഏന്തിയിട്ടുണ്ട്...
നേരം പുലർന്നിട്ടില്ല, അതിനാൽ തന്നെ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞില്ല!
രൂപം അടുത്തെത്തി.. ങ.. ഇത് നമ്മടെ ഹസീനയല്ലെ?
" ഹൗ ഇന്ന് നിറകുടമാ കണി കണ്ടത്
ഇന്നത്തെ കാര്യം ജോർ"
ഹസീനയെ കളിയാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
തമ്മിൽ കണ്ടാൽ കളിയാക്കുക പതിവുള്ള ഒരു സഹോദരി... സുഹൃദ് ഭാര്യയാണ്.. ആൾ പാവം... ചിരിയോടെയല്ലാതെ കണ്ടിട്ടില്ല ഇത് വരെ.
"എന്താ ഹസീനാ ഇത്ര പുലർച്ചെ കുടം വെള്ളവുമായി വീട്ടിൽ മോട്ടോർ കേടായോ?"
" ഇല്ല ഇത് സംസം വെള്ളമാണ് "
കുഞ്ഞാളുടെ കിണറ്റിൽ നിന്ന് കോരിയെടുത്തതാ?"
അല്പം അഭിമാനത്തോടെ ഹസീന മൊഴിഞ്ഞു.
"ഓ ശരി ശരി" എന്റെ മറുപടിക്ക് കാക്കാതെ ഹസീന ധൃതിയിൽ നടന്നകന്നു.
സങ്കല്പ പുണ്യതീർത്ഥവുമായി......
............................................................... ബലിപെരുന്നാൾ ദിനത്തിൽ കിണറുകളിൽ നിന്നും ആദ്യം കോരിയെടുക്കുന്ന വെള്ളം " സംസം "
വെള്ളമാണെന്ന ഒരു സങ്കല്പമുണ്ടായിരുന്നു മുൻ തലമുറയിലെ സ്ത്രീകൾക്ക്‌....
ഇന്നത്തെപ്പോലെ കുഴൽ കിണറുകളും പമ്പ് സെറ്റുകളും വ്യാപകമല്ലാതിരുന്ന കാലം....
കിണറുകൾ തന്നെ എല്ലാ വീടുകളിലും ഇല്ലായിരുന്നല്ലോ?
കിണറുള്ള വീട്ടുകാർക്ക്, അതില്ലാത്ത വീട്ടുകാർ വെള്ളം എടുക്കുന്നതിൽ എതിർപ്പും ഇല്ലായിരുന്നു......
ഇന്നത്തേക്കാൾ പരസ്പര സ്നേഹവും കൊടുക്കൽ വാങ്ങലുകളും ലിബറലായിരുന്ന കാലം....
പെരുന്നാൽ ദിവസം പുലർച്ചെ ഉമ്മ വിളിച്ചുണർത്തി അകലെയുള്ള ബാലകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ കൂടെ കൊണ്ട് പോയിരുന്നതോർത്തു.
പഴയ ഒരു ജന്മി കുടുംബത്തിന്റെ എല്ലാ പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു കിണറും. വീട്ടുകാർക്ക് അടുക്കളയിൽ നിന്ന് തന്നെ ബക്കറ്റ് ഉപയോഗിച്ച് എടുക്കാൻ പറ്റുന്ന തരത്തിലായിരുന്നു സംവിധാനം. പുറത്ത് നിന്ന് വെള്ളത്തിനായി എത്തുന്നവർ മുറ്റത്ത് നിന്ന് കപ്പിയും കയറും ബക്കറ്റും ഉപയോഗിച്ച് കോരിയെടുക്കും...
അന്ന് നായർ തറവാട്ടിലെ കിണറുകളിൽ പോലും അയിഷയോ പാത്തുമ്മയോ കോരിയെടുക്കുന്ന കുടിവെള്ളവും പുണ്യതീർത്ഥം തന്നെയായിരുന്നു.
ഇന്ന് ഇതര മതസ്ഥരുടെ വീടുകളിലെ കിണററിൽ നിന്നും ലഭിക്കുന്നത് സാദാജലവും, സ്വന്തം കിണറ്റിൽ നിന്നും കോരിയെടുക്കുന്നത് പുണ്യതീർത്ഥവും !!
വിശ്വാസ വിചാരങ്ങളിൽ വന്ന മാറ്റം!!
..............................................................." ഇതും ദൈവ കല്പന തന്നെയാണോ പ്രിയതമാ?"
ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ,ഒരു കാക്കയ്ക്ക് പോലും ഇരിക്കാൻ തണലില്ലാത്തിടത്ത് സഫാ- മർവാ മലകളുടെ താഴ്വരയിൽ ഒരിറ്റ് ദാഹജലം പോലും കിട്ടാത്തിടത്ത് ദൈവ കല്പന നിറവേറ്റുന്നതിനായി, സ്വപത്നി ഹാജറയെയും ചോരപ്പൈതൽ ഇസ്മായിലിനെയും ഉപേക്ഷിച്ച് പുറപ്പെടാനൊരുങ്ങിയ ഖലീലുള്ളാഹ്
എന്ന വിശേഷണമുള്ള പ്രവാചകൻ ഇബ്രാഹിം (അ.സ) യോട് അല്പം സങ്കടത്തോടെയും വ്യാകുലതയോടെയും പത്നിഹാജറ യുടെ വാക്കുകൾ...
മൂന്ന് പ്രാവശ്യവും തുടർന്നുള്ള ചോദ്യങ്ങൾക്ക് ഒരേയുത്തരം...
പ്രവാചകൻ ഇബ്രാഹിം (സ.അ)യുടെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ത്യാഗ മനോഭാവത്തിന്റെയും മറ്റൊരുദാഹരണം !!
"ള്ളേ ള്ളേ " എന്ന് ദാഹിച്ച് പൊരിഞ്ഞ് കുഞ്ഞിളം കാലിട്ടടിച്ച് കരയുന്ന തന്റെ പിഞ്ചോമനയ്ക്ക് ഒരിറ്റ് ദാഹജലം തേടി സഫാ മർവാ മലകളുടെ താഴ്വരയിലൂടെ ഓടുമ്പോഴും തന്റെ പ്രിയതമന്റെ വിശ്വാസപ്രമാണങ്ങളെ അനുസരിക്കാനും ,ആജ്ഞ ശിരസാവഹിക്കാനും ഉള്ള മാനസിക പക്വത നേടിയിരുന്നു, ബീവി ഹാജറ...
അല്ലെങ്കിൽ സ്വപത്നിയേ ആ തലത്തിലേക്കുയർത്തുന്ന കാര്യത്തിൽ പ്രവാചകൻ വിജയിച്ചിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി!!
ദാഹജലത്തിനായി കാലിട്ടടിച്ച് വാവിട്ട് കരയുന്ന മകൻ ഇസ്മാഈലിനെ ആശ്വസിപ്പിക്കുകയും, ഇടയ്ക്കിടെ ജലം അന്വേഷിച്ച് നാല് പാടും ഓടുകയും വീണ്ടും കുഞ്ഞിന്റെയടുക്കലെത്തി വാരിപ്പുണർന്ന് കുഞ്ഞിളം കവിളുകളിൽ മുത്തമിടുകയും ചെയ്യുന്നതിനിടയിലും ബീവി ഹാജറ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ,
"നാഥാ ഈ വിജനമായ മരുഭൂമിയിൽ ഒരിറ്റു ദാഹജലം പോലും ലഭിക്കാത്തിടത്ത് ,എന്നെയും ഞങ്ങളുടെ ചോരപ്പൈതലിനേയും, നിന്റെ കല്പനപ്രകാരം ഉപേക്ഷിച്ച് നിന്റെ ആജ്ഞ നടപ്പാക്കുന്നതിനായാണ് എന്റെ പ്രിയതമൻ പുറപ്പെട്ടിട്ടുള്ളത്...."
നീ തന്നെ പരിഹാരം കാണുക
"ഒരിറ്റ് ദാഹജലത്തിനായി പൊരിയുന്ന എന്റെ പിഞ്ചോമനയെ നീ തന്നെ കാത്ത് കൊള്ളുക "
അത്ഭുതമെന്ന് പറയട്ടെ ,വാവിട്ട് കരഞ്ഞ് കുഞ്ഞിളം കൈകാലുകൾ ഭൂമിയിൽ തല്ലി കരയുന്ന ഇസ്മായിലിന്റെ പാദസ്പർശമേറ്റ മണലാരണ്യത്തിൽ നിന്നും പൊട്ടിയൊലിച്ചു തെളിനീരുറവ ..
സന്തോഷാശ്രുക്കൾ പൊഴിച്ച് കൊണ്ട് ബീവി ഹാജറയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"അൽഹംദുലില്ലാഹ്"
ദൈവത്തിനു സ്തുതി
അണമുറിയാത്ത ജലപ്രവാഹം തടഞ്ഞ് നിർത്തുന്നതിന് വേണ്ടി മഹതി ഹാജറ
ഇരു കൈകൾ കൊണ്ടും മണൽ കൊണ്ട് വളയം തീർത്തു. കൂടെ ചുണ്ടുകൾ ഉരുവിട്ടു.
"സം സം "
നില്ക്കട്ടെ.. നിയന്ത്രണ വിധേയമാകട്ടെ
എന്ന അർത്ഥത്തിൽ...
ഇന്നും കോടാനുകോടി ലിറ്റർ ജലം പ്രവഹിക്കുന്ന മരുഭൂമിയിലെ പുണ്യ പ്രവാഹം....
"പുണ്യതീർത്ഥം"

By: 
Muhammedali Thazhathethil

കീർത്തി മുദ്ര


FB യിലിരുന്ന് ലൈക്കിനും കമന്റിനും വേണ്ടി ഇനി പോസ്റ്റുകളിടുന്നതും സെൽഫി പോസ്റ്റുന്നതും വളരെ സൂക്ഷിച്ച് വേണം ന്ന് ഇപ്പോ മനസ്സിലായി......
ശ്രദ്ധിച്ചില്ലെങ്കിൽ മ്മടെ കാര്യം പോക്കാ...
"എട പഹയാ ഇജ്ജ് സുലൈമാനല്ല.....
ഹനുമാനാ.... " ന്നും പറഞ്ഞ്ങ്ങാണ്ട്,
വല്ല " പ്രമുഖ " ചാനലുകാരും പിടിച്ച് അവാർഡും..
കീത്രി മുതിരയും തരും.... !!
അവരുടെ ചാനലിൽ പിടിച്ചിരുത്തി അവതാരകനാക്കും.....
അതോടെ തീർന്ന്.....
ഇതൊന്നും വല്യ ഇഷ്യൂ ആക്കണ്ടാന്ന് മ്മടെ ചങ്ങായി.....
മുദ്രുന്നത് മ്മടെ " പ്രമുഖ " ചാനലല്ലേന്നും
അവര്ടെ ചാനലിൽ അവർ പറഞ്ഞ നമ്പരിലേക്ക് അവരുടെ ചാനല് മാത്രം കാണുന്ന അവരുടെ ആളുകൾ മാത്രം
അയക്കുന്ന SMS ന്റെ തോത് അവര് തന്നെ കണക്കാക്കി അവർക്ക് മുദ്രാൻതോന്നിയതിന് .....
"ഇജ്ജെന്തിനാ ചെങ്ങായി ബേജാറാക്ണ്.. " ന്ന് ചോയ്ച്ചപ്പം
ഞാൻ പറഞ്ഞ്,
" ന്നാലും പോസ്റ്റ് മൊയലാളിക്കും സെൽഫി മുതലാളിക്കും കിട്ട്ണതാ കീത്രി മുതിരാച്ചാൽ ....
"ഹൗ അതൊന്ന് കിട്ടീർന്നെങ്കി ഇച്ചും ഫെയ്മസാകാർന്ന് " ന്ന്...

By: 
Muhammedali Thazhathethil

കോലു നാരായണൻ


കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
സാമി കറുപ്പ് താൻ...
സാമി കളറ് കറുപ്പ് താൻ...
സാമി കറുപ്പ് താൻ...
സാമി കളറ് കറുപ്പ് താൻ..
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
............................................................
.............................................................
കുറെ നാളുകൾക്ക് ശേഷമാണ് ഒരു പാട്ട് ആസ്വദിച്ച് കേൾക്കുന്നത്!
മനസിലെ സംഗീതവും ജീവിതത്തിൻ്റെ മാധുര്യവും അല്പാല്പമായി മാഞ്ഞു പോകുകയാണോ? പ്രായമേറുംതോറും.....
കല, സാഹിത്യം, സംഗീതം എന്നിവയൊക്കെ ജീവിതത്തിൽ ഇനിയുംആസ്വദിച്ച് കൊതിതീരാത്ത,
അനുഭവങ്ങളാകുന്നുവോ?
ജീവിതമാകുന്ന മത്സരയോട്ടത്തിൽ
പിന്തള്ളപ്പെട്ട് പോകാതിരിക്കാനുള്ള
പരക്കംപാച്ചിലിൽ മോഹങ്ങൾ
മോഹഭംഗങ്ങളായിത്തീരുന്നുവോ?
മദ്ധ്യവയസ് പിന്നിടുന്നതിൻ്റെ
ആകുലത......
ഈ മാർച്ച് ആറിന് നാല്പത്തി ഒമ്പത് പൂർത്തിയാക്കി അമ്പതിലേക്ക്
പ്രവേശിക്കുന്നതിൻ്റെ ......!!
വെപ്രാളം......!!
ഇന്ന് 2016 മാർച്ച് ഒന്ന്, തെരുവുകൾ വിജനം....
വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നു.
വാഹനങ്ങൾ പേരിന് മാത്രം.....
പെട്രോൾ പമ്പുകൾ സമരത്തിൽ..
കച്ചവടക്കാർ സമരത്തിൽ.....
ആകപ്പാടെ ഒരു ശാന്തത....
പാട്ട് കേൾക്കാതിരിക്കുവതെങ്ങനെ?
വോളിയം അല്പം കൂടി കൂട്ടി..
സ്റ്റിയറിംഗിൽ കൈ വിരലുകളാൽ താളമിട്ട് ആക്സിലേറ്റർ അല്പം കൂടി ചവിട്ടിയമർത്തി.....
ആനന്ദചിത്തനായി അങ്ങനെ......
വലത് കാലിലൂടെ... കാലിൻ്റെ മടമ്പിലൂടെ...പാൻ്റിൻ്റെ
അകത്ത് കൂടി നേരിയ ഒരു തണുപ്പ്...
ഇഴഞ്ഞിഴഞ്ഞങ്ങനെ കണങ്കാലിലൂടെ മേൽപ്പോട്ട്....
എന്താത്?
കാൽ ആക്സിലേറ്ററിൽ നിന്ന് എടുത്ത് കുടഞ്ഞ് നോക്കി...
ഇല്ല...തണുപ്പ് വിടുന്നില്ല....
വണ്ടിയൊതുക്കി പുറത്തിറങ്ങി...
കാൽ നീട്ടിക്കുടഞ്ഞു....
ഒന്നും കാണുന്നില്ലല്ലോ?
ഡോർ തുറന്ന് പിടിച്ച് സ്റ്റിയറിംഗ് വീലിൽ കയ്യമർത്തി താഴെ ബ്രേക്ക് പെഡലിൻ്റെ യും ക്ലച്ച് പെഡലിൻ്റെ യും താഴെ പരതി കണ്ണുകൾ..... തെല്ല് ഭയപ്പാടോടെ!
ഇല്ല.... ഒന്നുമില്ല.....
തോന്നിയതാകാം...
വീണ്ടും വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു...
പനങ്ങരയിൽ ഉമ്മറിൻ്റെ കടയുടെ മുന്നിലെത്തി വണ്ടി നിർത്തി...
ഡാഷ് തുറന്ന് പഴ്സ് എടുക്കാൻ ഒരുങ്ങവേ.... കൈ വിരലിൽ വീണ്ടും അതേ തണുപ്പ്.... ഒരു വഴുവഴുപ്പുള്ള
ഈർപ്പം !!
"ന്റമ്മോ...." എന്നലറിക്കൊണ്ട് കൈ ഒരൊറ്റ ക്കുടച്ചിൽ....
"ഹൗ" എന്താത്?....
ഓർക്കാപ്പുറത്ത്കരണത്ത് കൈവിരൽ പതിച്ചതിനാലുള്ള
വേദനയാലും, പുലർകാലസുന്ദര സ്പനങ്ങളിലെ പൂമ്പാറ്റയായി പാറിപ്പറന്നിരുന്ന ഭാര്യയുടെ നിദ്രയ്ക്ക് ഭംഗം വരുത്തി യതിലുള്ള ഈർഷ്യയോടെയുള്ള ചീത്ത വിളി.....
"പാതിരാത്രി വരെ ഈ കുന്തം തോണ്ടിക്കൊണ്ടിരുന്ന്... മനുഷ്യൻ്റെ ഉറക്കം കളയാൻ......."
അവൾ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്...
പുതപ്പ് വാരിവലിച്ചിട്ട് തിരിഞ്ഞ് കിടന്ന് ഉറക്കം തുടർന്നു...
വേദനയാൽ പുളയുന്ന കൈവിരലുകളുമായി ഞാൻ എണീറ്റ് വാച്ചിൽ നോക്കി....
സമയം കാലൈ അയ്ന്തു മണി പതിനൊൻ റു നിമിഡം.....
പുലർകാലെ കണ്ട ഒരു പേടി സ്വപ്നമായിരുന്നു.....
കാറിൻ്റെ ഡാഷിൽ അറ്റം പിളർന്ന നാക്കുമായി... കറുത്ത തിളക്കമുള്ള ചെറിയ കണ്ണുകളുള്ള ചെറിയ ശിരസോട് കൂടിയ.... അവൻ....
കോലു നാരായണൻ...
എൻ്റെ കൈപത്തിയുടെ പുറത്ത് ആഞ്ഞ് കൊത്തിയ...... നീർക്കോലി..
പണ്ട് പച്ച ഈർക്കിൾ കൊണ്ട്
കുരുക്ക് ഉണ്ടാക്കി ..
മുളന്തോട്ടിയുടെ അഗ്രത്തിൽ കെട്ടി കുളത്തിൻ്റെ ജലോപരിതലത്തിലൂടെ കരയുടെ അരിക് ചേർന്ന് വിലസി നടന്നിരുന്ന കോലു നാരായണനെ കുരുക്കി വലിച്ച് തല്ലിക്കൊന്ന് രസിച്ചിരുന്ന ബാല്യം ....
നാലുകാലുള്ളൊരു_
നങ്ങേലിപ്പെണ്ണിനെ...
കോലു നാരായണൻ
കട്ടോണ്ടു പോയ്......
എന്ന് മൂളിപ്പാട്ട് പാടിയിരുന്ന
വിവേകമില്ലാത്ത ബാല്യം..
പകരം വീട്ടാൻ ഭയപ്പെടുത്തിയതാകാം....!!!
..................ശുഭം......................

By : Muhammedali Thazhathethil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo