Showing posts with label MahiraMajid. Show all posts
Showing posts with label MahiraMajid. Show all posts

പ്രവാസി



സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത പ്രവാസിയായ ഒരു പിതാവ് മകൾക്ക് എഴുതിയ കത്ത്..

എന്താ മോളെ ഇത്... നീയാ കണ്ണുകൾ തുടച്ച് ആളുകളുടെ മുന്നിലേക്ക്‌ ചെന്നെ...അവിടെ എല്ലാവരും നിന്നെ ചോദിക്കുന്നുണ്ട്... ഇപ്പോൾ തന്നെ എത്ര പേരോട് ഞാൻ കള്ളം പറഞ്ഞു.. നീ നിസ്കരിക്കുകയാണ് എന്നും മറ്റുമൊക്കെ..
ഉമ്മച്ചി ... വാപ്പി ഇത്തവണയും എന്നെ പറ്റിച്ചില്ലേ...
അങ്ങനെ പറയല്ലേ മോളെ... മറ്റാരെക്കാളും ഇന്നത്തെ ദിവസത്തെ കുറിച്ച് സ്വപ്നം കണ്ടത് നിന്റെ വാപ്പിയായിരിക്കും...
ഹും എനിക്ക് കേൾക്കണ്ട... എന്റെ ജനനം മുതൽ കേൾക്കാൻ തുടങ്ങിയതാ ഞാനീ സംസാരം.. എനിക്കും ഇല്ലേ ഉമ്മച്ചി സ്വപ്‌നങ്ങൾ...എന്റെ ജീവിതത്തെ കുറിച്ച്... നാളെ ഞാൻ മറ്റൊരാളുടെ മഹറിന്റെ അവകാശിയായി ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈ പിടിക്കാൻ വാപ്പി ഉണ്ടാകുമെന്ന് എനിക്ക് വാക്ക് തന്നതല്ലേ...
എന്നിട്ടും...
അവൾക്ക് തേങ്ങലടക്കാനായില്ല...
എന്റെ എല്ലാ സ്വപ്നങ്ങളെപ്പോലെയും പോലെ ഇതും ഞാൻ നോവുകളുടെ ശവപ്പറമ്പിൽ അടക്കം ചെയ്തോളാം...
മോളെ... നീ നിന്റെ വാപ്പിയെ അറിയാതെ കുറ്റപ്പെടുത്തരുത്... സ്വപ്നം കണ്ട ജീവിതത്തെക്കാൾ വലിയ കടമകൾ ദൈവത്തിന്റെ തിരക്കഥയിൽ ആടാൻ വിധിച്ചപ്പോൾ നാടും വീടും വിറ്റ് പിറന്ന നാടിനോട് യാത്ര പറഞ്ഞതാണ് നിന്റെ വാപ്പി...
അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞാലും ഉമ്മി വാപ്പിയെ സപ്പോർട്ട് ചെയ്യും.. എന്റെ വേദനകളെല്ലാം അല്ലെങ്കിലും ആര് കാണാൻ...
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല മോളെ...
ന്നാ ഇത് വായിച്ച് നോക്ക്... ഇന്നലെ നിന്റെ വാപ്പി നിനക്കയച്ച കത്ത്...ഇത് വായിച്ച് ഇന്നലെ ഒരു പോള കണ്ണടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല...ഞാൻ മനപ്പൂർവാ ഇത് നിന്നെ കാണിക്കാതിരുന്നത്... എന്റെ മോൾ ഈ സമയത്ത് സങ്കടപ്പെടുതരുല്ലോ എന്ന് കരുതി...
പക്ഷെ എനിക്കു തെറ്റി മോളെ... നിന്റെ വാപ്പി അതെല്ലാം മുൻകൂട്ടി കണ്ടിരുന്നു... ഈ ചുടു നിണം പുരണ്ട അക്ഷരങ്ങളെ കുറിച്ച്...
നിറഞ്ഞു തൂവുന്ന മിഴികളെ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുത്തു അവർ പുറത്തേക്ക് നടന്നു..
അവൾ പതുക്കെ ആ തുണ്ട് പേപ്പർ തുറന്നു...
വാപ്പിയുടെ സിനു മോൾക്ക്‌...
വാപ്പിയുടെ പൊന്നുമോൾ നാളെ മറ്റൊരാളുടെ രാജകുമാരി ആകുകയാണ് അല്ലേ...കൈ നിറയെ മൈലാഞ്ചിയണിഞ്ഞ് മേനി നിറയെ സ്വർണ്ണം പൂശി സ്വർഗത്തിലെ ഹൂറിയെ പോലെ ചായം പൂശി അലങ്കരിച്ച പന്തലിലൂടെ നീയിങ്ങനെ പാറി നടക്കുന്നത് കാണുകയാ നിന്റെ വാപ്പിയിപ്പോൾ...നിന്റെ ഇഷ്ട്ടപ്പെട്ട പിങ്ക് സാരി തന്നെയല്ലേ ഉമ്മച്ചി നിനക്ക് വാങ്ങിത്തന്നത്... നീ പറഞ്ഞ പോലെ നിന്റെ എല്ലാ കൂട്ടുകാരികളെയും വിളിച്ചില്ലേ നീ.. വാപ്പി അടുത്തില്ലാ എന്ന് കരുതി എന്റെ മോളുടെ ഒരാഗ്രഹവും നിറവേറ്റാതെ പോകരുത്... എല്ലാം ഞാൻ ഉമ്മയോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..
പരിഭവം കൊണ്ട് ചുവന്നു തുടുത്ത എന്റെ സുന്ദരിയുടെ മുഖം വല്ലാതെ വാടിപ്പോയല്ലോ മോളെ..
എനിക്കറിയാഞ്ഞിട്ടല്ല മോളെ... ആ കുഞ്ഞു മുഖം തെളിയണമെങ്കിൽ നിന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം പകരണമെങ്കിൽ മറ്റെന്തിനെക്കാളും നീ ആഗ്രഹിക്കുന്നത്‌ ഈ വാപ്പിയുടെ സാമീപ്യം മാത്രമാണെന്ന്...
നിന്റെ പല ആഗ്രഹങ്ങളെപ്പോലെയും ഇതും നിറവേറ്റി തരാൻ കഴിയാത്ത ഒരു നിർഭാഗ്യവാനായ ഒരു പ്രവാസി ആയിപ്പോയി ല്ലേ ടീ നിന്റെ ഉപ്പ... നിനക്കറിയോ നിങ്ങൾ വന്നില്ലെങ്കിൽ സിനു പന്തലിൽ നിന്നും ഇറങ്ങില്ലെന്ന് അന്ന് നിന്റെ ഉമ്മപറഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം കരഞ്ഞെന്നോ.. ദാ ഇപ്പോൾ പോലും തോരാതെ പെയ്യുകയാണ് രണ്ടു മിഴികളും...
ഒരിക്കലും ഈ പ്രവാസത്തിലെ പ്രയാസങ്ങൾ പറഞ്ഞു എന്റെ മോളെ ഞാൻ സങ്കടപ്പെടുത്തിയിട്ടില്ല.. കാരണം ഒരു പ്രവാസിയുടെ ഏറ്റവും വലിയ ധൈര്യം നാട്ടിൽ സന്തോഷത്തോടെ കഴിയുന്ന ഞങ്ങളുടെ കുടുംബമാണ്... അതും കൂടെ നഷ്ട്ടമായാൽ പിന്നെ ഈ ജീവിതത്തിനോക്കെ എന്തർത്ഥമാനുള്ളത്..പക്ഷെ ഇനി എന്റെ മോൾ കുറച്ചൂടെ വിശാലമായി ചിന്തിക്കേണ്ടതുണ്ട്...ജീവിതത്തെ കുറിച്ച് അറിയേണ്ടതുണ്ട്... ഒരു കുടുംബം ജീവിതം സന്തോഷകരമാവണമെങ്കിൽ ഒരു പെണ്ണിന്റെ പങ്ക് ചെറുതല്ല.. നിന്റെ രാജകുമരനും നാളെ പ്രവാസത്തിലേക്ക് കാലെടുത്തു വെക്കാനുള്ളതാണ്...അന്നേരം നീ അറിയേണ്ട പഠിക്കേണ്ട ചിലതുണ്ട്...ഒരു പ്രവാസി ഭാര്യയും ഭർത്താവും അനുഭവിച്ചു തീർക്കുന്ന മൗനമായ വേദനകളെ കുറിച്ച്...
നിന്റെ വാപ്പിയുടെ കഷ്ട്ടപ്പാടുകൾ കേട്ട് കണ്ണുകൾ നിറക്കുന്നതിനേക്കാൾ ഈ എഴുത്ത് കൊണ്ട് വാപ്പി ആഗ്രഹിക്കുന്നത്‌ എന്റെ മോളുടെ ജീവിതം സന്തോഷകരമാക്കാൻ ഒരു പിതാവ് നൽകുന്ന ഉപദേശങ്ങളായി നീ ഇതിനെ കാണണമെന്നാണ് ..
പെറ്റമ്മയിൽ നിന്നും പോറ്റമ്മയുടെ മടിത്തട്ടിലേക്ക്‌ നിറം മങ്ങിയ ജീവിതത്തിന് ചായം പൂശാൻ കണ്ണീരിനു വില കൊടുക്കാതെ കാണാ മറയത്തേക്ക് നിധി തേടി പ്പോന്ന മനുഷ്യ ജന്മങ്ങൾ...ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പെട്ടിയിലാക്കി അരി നാഴി ചോറിനായി പുഞ്ചിരിയുടെ മുഖം മൂടി അണിയുന്നൊരു കൂട്ടം ജീവനുകളാണ്‌ പ്രവാസികൾ...
മോളെ എന്റെ അഭാവം മൂലം നിനക്ക് നിന്റെ ഏറ്റവും വലിയ നഷ്ട്ടമാണ് ഇന്നീ ദിനമെങ്കിൽ ഇതുപോലെ ഒരുപാട് രാവുകൾ നഷ്ട്ടപ്പെട്ടവനാ നിന്റെ വാപ്പി...
പ്രാരാബ്ധങ്ങൾക്ക് നടുവിൽ മരവിച്ച മനസ്സുമായി മധുവിധു വിട്ടു മാറും മുമ്പ് ഈ നെഞ്ചിലെ ചൂടേറ്റ് കൊതി തീർന്നില്ലെന്ന് പറഞ്ഞ നിന്റെ ഉമ്മയുടെ നിറഞ്ഞ മിഴികൾ കണ്ടിട്ടും കാണാതെ പ്രവാസത്തിലേക്ക് ഇറങ്ങി നടന്ന അന്ന് തുടങ്ങി നഷ്ട്ടങ്ങളുടെ കണക്ക്...
കാത്തു കാത്തിരുന്നു മാസങ്ങൾക്ക് ശേഷം നിന്റെ ഉമ്മയുടെ എഴുത്ത് കിട്ടിയപ്പോൾ അതിൽ പുരണ്ട കണ്ണുനീർ തുള്ളികളായിരുന്നു അടുത്ത നഷ്ട്ടം...
എന്റെ ജീവന്റെ തുടിപ്പ് ആ ഉദരത്തിൽ വളരുന്നുണ്ടെന്ന സത്യം അവൾ തെല്ലു നാണത്തോടെ കുറിച്ചപ്പോൾ വാത്സല്യ പൂർവ്വം കെട്ടിപിടിച്ചു ആ നെറ്റിയിലൊന്നു ഉമ്മ വെക്കാൻ പോലുമാവാതെ എന്റെ നഷ്ട്ടങ്ങളുടെ കണക്ക് പുസ്തകം വിശാലമാകാൻ തുടങ്ങി....
നിറവയറിന്റെ പരവശതകൾ വേണ്ടുവോളം അരോസരപ്പെടുത്തുമ്പോഴും തന്റെ ജീവന്റെ നിസ്വനങ്ങൾക്ക് കാതോർക്കാൻ പ്രിയ്യപ്പെട്ടവനില്ലാത്ത വേദന കടിച്ചമർത്തുന്ന എന്റെ ജീവന്റെ പാതിക്ക് ഒരു കൂട്ട് കൊടുക്കാൻ പോലും കഴിയാതെ വീണ്ടും ആ കണക്ക് നീണ്ടു...
കാത്തു കാത്തിരുന്നു ലേബർ റൂമിന്റെ പുറത്ത് ഡോക്ടർ വന്ന് ഹസീന പ്രസവിച്ചു എന്ന് കേൾക്കുമ്പോൾ കുട്ടി എന്താണെന്ന് പോലും ചോദിക്കുന്നതിനു മുന്നേ അവൾക്കു കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്ന എന്റെ ശ്വാസം നിലച്ചു പോയ നിമിഷങ്ങൾ സ്വപ്നത്തിൽ മാത്രം കാണാൻ വിധിക്കപ്പെട്ട ദിനങ്ങൾ വീണ്ടും നഷ്ട്ടങ്ങളുടെ ഭാണ്ഡത്തിൻ ഭാരം കൂട്ടി...
ആറ്റു നോറ്റുണ്ടായ കണ്മണിയുടെ കിളിക്കൊഞ്ചലുകൾ മാസങ്ങൾ കാത്തു കിട്ടുന്ന എഴുത്തുകളിലൂടെ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ടവന്റെ നഷ്ട്ട ക്കണക്കുകളൊക്കെ ഏതു പട്ടികയിൽ എഴുതി സൂക്ഷിക്കും...
എണ്ണി ചുട്ടു കിട്ടുന്ന പരോൾ മതിയാകാതെ പ്രിയ്യപ്പെട്ടവരോട് യാത്ര പറഞ്ഞിറങ്ങേണ്ടി വരുന്ന ഒരു പ്രവാസിയുടെ ഹൃദയം പിടഞ്ഞൊരു ദയനീയവസ്ഥയുണ്ട്.. മരണത്തെ പോലും തോൽപ്പിച്ച് കളയുന്നൊരു വേദന...നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെ...
പൊന്നു മോളെ നിന്റെ ഓരോ വളർച്ചയും ഏഴു കടലിനിപ്പുറത്ത് നിന്നും മാത്രം നോക്കി കാണേണ്ടി വരുന്നൊരു പിതാവിന്റെ വേദനയൊക്കെ വെറും നഷ്ട്ടങ്ങളായി മാത്രം എണ്ണിയാൽ മതിയോ...
കൗമാര കാലത്തിന്റെ ആദ്യ ഘട്ടം മുതൽ ഇന്ന് ഈ അവസ്ഥ വരെ നിന്നെ ഒരു പേര് പോലും കേൾപ്പിക്കാതെ ഏറ്റവും നല്ലൊരു കുട്ടിയായി വളർത്താൻ പാടുപെട്ട നിന്റെ ഉമ്മിക്ക് രണ്ടു വർഷത്തിൽ രണ്ടു മാസമല്ലാതെ ഒപ്പമിരുന്നു ധൈര്യം കൊടുക്കാൻ കഴിയാത്തൊരു പ്രവാസിയുടെ ഹൃദയ നൊമ്പരത്തിന്റെ കണക്ക് മോൾക്ക്‌ മനസ്സിലാകുമോ...
ആഴ്ചയിൽ വിളിക്കുന്നൊരു ഫോൺ കാളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്റെ കല്യാണത്തിന്റെ ഓരോ വ്യാകുലതകളും നിന്റെ ഉമ്മ പങ്കു വെക്കുമ്പോൾ സമാധാന വാക്കുകൾ ചൊരിഞ്ഞു അല്ലാഹുവിനു മുന്നിൽ രണ്ടു കൈകളും ഉയർത്താൻ മാത്രം നെറികെട്ട ഒരാളുടെ നഷ്ട്ടം നിനക്ക് കാണാൻ കഴിയുമോ മോളെ....
ഈ സുന്ദര മുഹൂർത്തത്തിൽ ന്റെ മോളുടെ കൈ പിടിക്കാൻ ഒരു നിലക്കും എന്റെ സാഹചര്യം അനുവദിക്കാത്തത് കൊണ്ടാണ് മോളെ ഞാൻ വരാത്തത്. വാപ്പി ഒരിക്കലും നിന്റെ ആഗ്രഹങ്ങൾക്ക് വില കല്പിക്കാത്തവനാണെന്ന് ഒരിക്കൽ പോലും നീ ചിന്തിക്കരുത്..
ഇനിയാ നിറഞ്ഞ കണ്ണുകളൊക്കെ തുടച്ച് ന്റെ മോള് പന്തലിലേക്ക് ചെന്നെ....അവിടെ എന്റെ അഭാവം കൂടി നികത്തേണ്ടവളാ നീ.....
എന്റെ കുസൃതിക്കുടുക്കയുടെ ഏറ്റവും സന്തോഷം നിറഞ്ഞ ഈ രാവിൽ ആ നക്ഷത്രത്തിളക്കമുളള കണ്ണുകൾ നിറഞ്ഞൊലിക്കുന്നത് കാണാനല്ല ഈ വാപ്പി ഇന്ന് ഇതൊക്കെ കുറിച്ചത്...ഈ കഷ്ട്ടപ്പാടുകൾ ഒക്കെ സഹിക്കുന്നത് നിന്റെ ജീവിതം സന്തോഷകരമാവുന്നത് കാണാൻ വേണ്ടി മാത്രമാണ്... അത്കൊണ്ട് എന്റെ മോൾ ജീവിതത്തെ നല്ല പോലെ പഠിച്ചു മനസ്സിലാക്കി സന്തോഷത്തോടെ ആബിദ് മോന്റെ കൈകൾ പിടിച്ചു ഇറങ്ങണം.... അവന്റെ ജീവിതത്തിൽ പ്രകാശിക്കുന്ന വിളക്കാവണം... ഈ വാപ്പിക്ക് വേണ്ടി...
ഇരു കൈകളും നീട്ടി പ്രാർത്ഥിച്ചു കൊണ്ട് നിന്റെ വാപ്പി എല്ലാം ഇവിടെ നിന്നും കാണുന്നുണ്ടാകും...
ന്റെ മോളുടെ കണ്ണുകൾ ഒരിക്കലും നിറയാതിരുന്നാൽ മാത്രം മതി ഈ വാപ്പിക്ക്...
ഇനി ഞാൻ നിർത്തട്ടെ മോളെ.....ഒരുപാട് സ്നേഹത്തോടെ
സിനു മോളുടെ വാപ്പി 😍😘😘😘😘😘
അസ്സലാമുഅലൈകും...
M@h!m@j

കാൽക്കീഴിലെ സ്വർഗം

കാൽക്കീഴിലെ സ്വർഗം
ദുബായിലെ തിരക്ക് പിടിച്ചൊരു സോഫ്റ്റ്‌വെയർ കമ്പനി......
ഫോണിന്റെ നിൽക്കാതെയുള്ള റിംഗ് ട്യൂൺ കേട്ടാണ് അവൻ ഫയലുകളിൽ നിന്നും തലയുയർത്തിയത്....
ഷെമിയാണല്ലോ...... !!!??
അവളെന്താ ഈ സമയത്ത് അവിടെ സൽക്കാരം പൊടി പൊടിക്കുമ്പോൾ .... !!??
നിസാറിക്കാ.... !!!!????
ഫോൺ എടുത്ത പാടെ അവളുടെ ഗർജനം കേട്ട് അവൻ തെല്ലൊന്ന്‌ നടുങ്ങി....
ഈയിടെയായി പലപ്പോഴും അവളുടെ ശബ്ദം ഉയരുന്നുണ്ടെങ്കിളും ഇതാദ്യമായാണ് ഇത്രയും പൗരുഷം.......
എന്താ ഷെമി... സൽക്കാരം കഴിഞ്ഞോ.... എങ്ങനെയുണ്ടായിരുന്നു.... ??എല്ലാവരും പോയോ... ??
എല്ലാം നിങ്ങളുടെ ആ നശിച്ച തള്ളയോട് ചോദിക്ക്..... വിശദമായി എല്ലാം പറഞ്ഞു തരും .....
ഷെമി ഉമ്മയെ കുറിച്ച് അനാവിശ്യം പറയാതെ കാര്യം എന്താന്നു വെച്ചാൽ പറ....
അതുതന്നെയല്ലേ ഞാനും പറഞ്ഞത് നിങ്ങളുടെ പുന്നാര തള്ളയോട് ചോദിക്കാൻ.... അതെങ്ങനെ എത്ര പറഞ്ഞതാ എനിക്കിനി പറ്റില്ല ഉമ്മയോടൊത്ത് എന്ന്.... ഉമ്മയാണല്ലൊ വലുത്... എന്റെ സ്റ്റാറ്റസ് എന്റെ അഭിമാനം അതൊന്നും നിങ്ങൾക്കൊരു പ്രശ്നമേയല്ല.....
വയസ്സായി വല്ലോർക്കും ഭാരമാകാതെ ഒരു മൂലയിൽ ഒതുങ്ങികൂടിക്കൂടിയാൽ പോരായിരുന്നോ ............വന്നവരുടെ മുമ്പിൽ എന്നെ വഷളാക്കിയപ്പോൾ മതിയായല്ലോ തള്ളക്ക്...
ഷെമി നിനക്ക് ഉമ്മയെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മാന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ നിനക്ക് ആളെ വെച്ചു തന്നു.. ഇനിയിപ്പോ വീട്ടിൽ തന്നെ ഉമ്മ ഭാരമാണെന്ന് പറഞ്ഞാൽ.... അതൊന്നും നടക്കില്ല... നീ ആരെയാണ് ആട്ടി ഇറക്കുന്നതെന്നു കൂടെ നീ ആലോചിക്കണം...തുഴയാൻ ആളില്ലാതെ നീയെന്ന തോണി ദിശയറിയാതെ നടുക്കടലിൽ ആടിയുലഞ്ഞപ്പോൾ നിന്നെയും നിന്റെ കുടുംബത്തെയും കരക്കു പിടിച്ചു കയറ്റിയതാണോ എന്റെ ഉമ്മ നിന്നോട് ചെയ്ത തെറ്റ്... ഇന്നു നീ എല്ലാം മറന്നു.. നിന്റ പത്രാസിനും സ്റ്റാറ്റസിനും എന്റെ ഉമ്മ ചേരാതായി...
എനിക്കിനി ഒന്നും കേൾക്കണ്ട......!!! ഞാനും ഉമ്മയും ഇനി ഒരുമിച്ചു ഈ വീട്ടിൽ പറ്റില്ല.. ഇക്കാക്ക്‌ തീരുമാനിക്കാം ഞാൻ വേണോ നിങ്ങളുടെ ഉമ്മ വേണോ എന്ന്.... അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു...
നിസാറിന്റെ ഓർമ്മകൾ അഞ്ചാറു വർഷം പിന്നോട്ട് കുതിച്ചു...
നിലമ്പൂരിലുള്ള അമ്മായിടെ വീട്ടിൽ കല്യാണത്തിന് പോയി വന്ന അന്ന് രാത്രി
ഉമ്മയെന്നോട് പറഞ്ഞു...... മോനെ .... അമ്മായിയുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിയെ ഞാൻ അവിടെ കണ്ടു..... അവരുടെ അവസ്ഥ കേട്ടപ്പോൾ വല്ലാതെ സങ്കടമായി... ഉപ്പയുടെ അകാല മരണത്തിൽ നാലു പെൺമക്കളെയും കൊണ്ട് വാടക വീട്ടിൽ പട്ടിണിയോട് മല്ലിടുന്ന ഒരു പാവം കുടുംബം.. മക്കളൊക്കെ പഠിക്കാൻ മിടുക്കികളാ.. പക്ഷെ വിധി അവരോടു ക്രൂരത കാണിക്കുകയാണ്... എനിക്കെന്തോ അവരെ കണ്ടപ്പോൾ തുടങ്ങിയ മനപ്രയാസമാ.... മോനെ നിനക്ക് സമ്മതമാണെങ്കിൽ അതിലെ മൂത്ത കുട്ടിയെ നിനക്ക് വേണ്ടി ആലോചിച്ചാലോ....
ദുബായിൽ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്ന നിസാറിന് ഉമ്മയുടെ വാക്കുകൾ വല്ലാത്തൊരു ഷോക്കായിരുന്നു.. എനിക്കുമില്ലേ ഉമ്മാ കുറെ സ്വപ്‌നങ്ങൾ എന്റെ വിവാഹത്തെ കുറിച്ച്....???അഞ്ചു പൈസക്ക് ഗതിയില്ലാത്ത ഒരു പീറപ്പെണ്ണിനെ കെട്ടേണ്ട ആവിശ്യമൊന്നുമിപ്പോൾ എനിക്കില്ല..നമുക്ക് നമ്മുടെ ഇമേജിന് പറ്റുന്നൊരു കുടുംബത്തിൽ നിന്നും തന്നെ മതിയുമ്മാ..
മോനെ... ഇപ്പോൾ ഈ കാണുന്ന സമ്പത്തിനൊന്നും നാളെ ആ വിചാരണ ദിനത്തിൽ നമ്മെ രക്ഷപ്പെടുത്താനാകില്ല...
നീ അവളെയൊന്ന് കണ്ട്‌ നോക്ക്.. നിനക്ക് ഇഷ്ട്ടപ്പെടാതിരിക്കില്ല...
പിന്നെ ഉമ്മയോട് മറുത്തൊന്നും പറയാൻ തോന്നിയില്ല..കണ്ടപ്പോൾ എനിക്കും ഇഷ്ട്ടപെട്ടു.. പിന്നെയെല്ലാം പെട്ടന്നായിരുന്നു..നിശ്ചയവും കല്യാണവുമെല്ലാം... പഠനത്തിൽ മിടുക്കിയായ അവളെ വീണ്ടും പഠിപ്പിക്കാൻ നിർബന്ധിച്ചതും ഉമ്മയായിരുന്നു... ഒരു പെൺകുട്ടി ഇല്ലാത്തതിന്റെ എല്ലാ സ്നേഹവും ഉമ്മ അവൾക്കു നൽകി.. ആദ്യമൊക്കെ അവളും അങ്ങനെത്തന്നെയായിരുന്നു...
പിന്നെ പിന്നെ ധാർമികതയില്ലാത്ത ഭൗതിക പഠനത്തിന്റെ ചലനങ്ങൾ അവളിൽ കണ്ട്‌ തുടങ്ങി...വേഷങ്ങളിൽ പോലും അത്‌ പ്രകടമായി... പർദ്ദ മാത്രം മുഖമുദ്രയാക്കിയ അവൾ പർദയിൽ നിന്നും ചുരിദാറിലേക്കും അതിൽ നിന്നും ജീൻസും ടോപ്പിലേക്കും എത്ര പെട്ടന്നായിരുന്നു ചുവടു മാറിയത്... എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു അവളുടെ ഇഷ്ട്ടം അതല്ലേ എന്നും കരുതി.. എന്നാൽ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളായിരുന്നു എന്നെയും ഉമ്മയെയും വല്ലാതെ വേദനിപ്പിച്ചത്... പതിവില്ലാത്ത വിധം ഉമ്മയോട് തർക്കുത്തരങ്ങളും ദേഷ്യവും കാണിച്ചു തുടങ്ങിയപ്പോൾ ഒരു ദിവസം സങ്കടം സഹിക്കാഞ്ഞിട്ടായിരുന്നു ഉമ്മ എന്നോട് പരിഭവം പറഞ്ഞത്...ഞാനതു ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ട് ഞാൻ പോലും അത്ഭുതപ്പെട്ടു...
ഉമ്മ അവളുടെ സ്റ്റാറ്റസിന് ചേരില്ലെന്നും അവൾക്കു ഉമ്മയോടൊത്ത് കഴിയാൻ താല്പര്യമില്ലെന്നും...
അപ്പോഴായിരുന്നു സത്യത്തിൽ അവളുടെ പരിഷ്കാരത്തിന്റെ ആഴം മനസ്സിലാക്കിയത്‌...
അന്ന് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ഫോൺ കട്ടാക്കി കുറച്ചു ദിവസം മൗനം പാലിച്ചപ്പോൾ ഞാൻ അവളുടെ കളിപ്പാവയല്ല എന്ന് അവൾക്കു മനസ്സിലായിട്ടാവണം പിന്നെ അതിനെ കുറിച്ചൊന്നും സംസാരിക്കാതിരുന്നത്...
എന്നാൽ മാസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഉമ്മയെ പിടികൂടിയ ഒരു തരം പനിക്കും ക്ഷീണത്തിനും മുമ്പിൽ ഉമ്മക്ക് നഷ്ടമായത് വെറും ശാരീരിക ആരോഗ്യം മാത്രമായിരുന്നില്ല.. മാനസിക സമനിലയും കൂടെ നഷ്ടപ്പെടുകയായിരുന്നു.സ്വബോധം പോലും നഷ്ട്ടപ്പെട്ടു മാസങ്ങളോളം ആശുപത്രി കിടക്കയിൽ... ആദ്യത്തെ ഒന്ന് രണ്ടു ആഴ്ചയിൽ തന്നെ അവളുടെ മുറുമുറുപ്പ് കേൾക്കാൻ തുടങ്ങി.. വൈകാതെ തന്നെ അവൾ തീർത്തു പറഞ്ഞു ഉമ്മയെ നോക്കാൻ അവളെ കൊണ്ട് പറ്റില്ലെന്ന്‌....അങ്ങനെ ഉമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരാളെ വെച്ചു...
ഇനിയിപ്പോ അവൾക്കു ഉമ്മ വീട്ടിൽ ഉണ്ടാകുന്നത് തന്നെ അലർജിയാണെന്ന് പറഞ്ഞാൽ.....
ഇല്ല അതൊരിക്കലും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല...
ഇന്നേക്ക് മൂന്നു ദിവസമായി അവളുടെ കാള്ളോ മെസേജോ ഒന്നുമില്ല... അവൾ വാശിയിൽ തന്നെ എന്നവന്നു മനസ്സിലായി....
അവനും വാശി വിടാൻ തയ്യാറായിരുന്നില്ല......
പക്ഷെ അഞ്ചു വയസ്സുകാരി ദിയ മോളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ എന്തോ ഒരു തരം ഭീതി....തെറ്റിപ്പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾക്കിടയിൽ അവളുടെ ഭാവി വേട്ടയാടപ്പെടുമോ എന്ന ഭയം അവനെ വല്ലാതെ പിടിച്ചു കുലുക്കി .. ഇല്ല അതൊരിക്കലും സംഭവിച്ചു കൂടാ...
അവൻ പതിയെ ഫോൺ കയ്യിലെടുത്തു.. നാട്ടിലെ സുഹൃത്ത് ജമാലിനെ വിളിച്ചു കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്തു...
ഉമ്മക്ക് വേണ്ടി ഏറ്റവും നല്ല വൃദ്ധ സദനം തന്നെ ഏർപ്പാട് ചെയ്യാൻ അവൻ പ്രത്യേകം ഓർമ്മിപ്പിച്ചു...
അന്നവളുടെ ശബ്ദത്തിന് ആയിരം മടങ്ങ് സന്തോഷം നിസാർ തിരിച്ചറിഞ്ഞു....
ഉമ്മയോട് സംസാരിക്കാൻ വേണ്ടി ഫോൺ കൈമാറുമ്പോൾ തന്നെ അവന്റെ കണ്ഠം ഇടറിയിരുന്നു... പക്ഷെ ഉമ്മ തീർത്തും സന്തോഷവതിയായിട്ടായിരുന്നു സംസാരിച്ചത്‌..ഒരുപക്ഷേ അവളുടെ പീഡനത്തിൽ നിന്നുമൊരു മോചനം ഉമ്മയും ആഗ്രഹിച്ചിട്ടുണ്ടാവണം....
ഉമ്മ ഒന്ന് മാത്രമേ ആവിശ്യപ്പെട്ടുള്ളൂ... ദിയ മോൾ സ്കൂളിൽ പോയി കഴിഞ്ഞതിന് ശേഷം മാത്രമേ എന്നെ കൊണ്ടു പോകാവൂ... തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ പിഞ്ചു മനസ്സിന് അത്‌ താങ്ങാനാകില്ല... അത്‌ പറയുമ്പോൾ മാത്രം ഉമ്മയുടെ ശബ്ദം വിറച്ചിരുന്നു.....
പതിവുപോലെ അന്നും ഉമ്മുമ്മയെ വിളിച്ചു സലാം പറഞ്ഞു വീട്ടിൽ കയറിയ ദിയ മോൾ ഉമ്മയുടെ വാക്കുകൾ കേട്ട് നടുങ്ങി വിറച്ചു...
ഉമ്മുമ്മ മരിച്ചു പോയി... നീ സ്കൂളിൽ ആയിരുന്നപ്പോൾ.. ഇനി ഉമ്മുമ്മയെ അന്വേഷിച്ചിട്ട് കാര്യമില്ല... ഒരിറ്റു കരുണയില്ലാത്ത അവളുടെ വാക്കുകൾ ആ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു...
ദിയ മോൾ അന്ന് ഒരിറക്ക് വെള്ളം പോലും കുടിച്ചില്ല...അവൾ ഒരേ ഇരുപ്പ് തുടർന്നു. പൊന്നുമോളുടെ അവസ്ഥ അവളെ തെല്ലൊന്ന്‌ ആശങ്കപ്പെടുത്തിയെങ്കിലും ഇന്നത്തെ ദിവസത്തോടെ എല്ലാം ശെരിയാകും എന്നവൾ കരുതി ...
എന്നാൽ പിറ്റേന്ന് സ്കൂളിൽ പോയപ്പോഴും അവളാ ഷോക്കിൽ നിന്നും മുക്തമായിരുന്നില്ല.. ഈ അവസ്ഥയിൽ സ്കൂളിൽ പോവേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ മൗനമായി പടിയിറങ്ങി...
പതിവില്ലാതെ ദിയ മോളുടെ മുഖത്തിന്റെ വാട്ടം കണ്ടിട്ടാവണം സ്കൂൾ ബസ്സ്‌ കയറിയ ഉടനെ കൂട്ടുകാരി ഹന്ന കാര്യം തിരക്കിയത്‌...
ആ കുഞ്ഞു ഹൃദയത്തിന്റെ സകല നിയന്ത്രണവും വിട്ടു ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി...
ഹന്നാ ഇന്നലെ ന്റെ ഉമ്മുമ്മ മരിച്ചു പോയി.....
നിന്റെ ഉമ്മുമ്മ മരിച്ചു പോയെന്നോ..... ??
നിന്റെ ഉമ്മുമ്മയെ നിന്റെ ഉമ്മാക്ക് വെറുപ്പായത് കൊണ്ട് ദൂരെ പ്രായമായവരെ പാർപ്പിക്കുന്ന ഒരു വീട്ടിൽ കൊണ്ട് വിട്ടതാണെന്നാണല്ലോ എന്റെ ഉമ്മ പറഞ്ഞത്.... നിന്റെ ഉമ്മയോടും ഉപ്പയോടുമൊക്കെ അല്ലാഹുവിനു ദേഷ്യമായിരിക്കും എന്നെന്റെ ഉമ്മ പറഞ്ഞു... വയസായവരെ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം എന്നാണു എന്റെ ഉപ്പ പറഞ്ഞു തന്നത്.....
ഹന്നയുടെ വാക്കുകൾ ആ പിഞ്ചു ഹൃദയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.... അവൾ മുഖം പൊത്തി ഏങ്ങി ഏങ്ങിക്കരഞ്ഞു....
ലഞ്ച് ടൈമിൽ ഓഫീസിൽ സുഹൃത്തുക്കളോടൊത്ത് സൊറ പറഞ്ഞിരിക്കുമ്പോഴാണ് ശെമിയുടെ ഫോൺ റിംഗ് ചെയ്യുന്നത്... ദിയ മോളുടെ സ്കൂളിൽ നിന്നായിരുന്നു അത്...
അവൾക്ക് സുഖമില്ല....ഒന്ന് തല കറങ്ങി വീണു സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു....
അവൾ ആകെ പരിഭ്രാന്തിപ്പെട്ടു... കാർ എടുത്തു ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു...
Icu വിലാണ് അല്പം കഴിഞ്ഞാലെ വല്ലതും പറയാനൊക്കു...ബ്രെയിനിനു ണ്ടായ സഡൻ ഷോക്കിൽ തലച്ചോറിലേക്കുള്ള നാഡികളെല്ലാം നിശ്ചലമായിരിക്കുന്നു... ഡോക്ടറുടെ വാക്കുകൾ കേട്ട് അവളുടെ കാലുകൾ വിറച്ചു... അവളുടെ കണ്ണുകളിൽ ഇരുട്ട് അരിച്ചു കയറി.. വീണു പോകുമെന്ന് തോന്നിയപ്പോൾ അവളൊരു ചെയറിൽ ഇരുന്നു...
ദിയ മോളുടെ ടീച്ചർ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.. പക്ഷെ ഒന്നിനും അവൾക്കു ശരിക്ക് ഉത്തരം പറയാൻ കഴിയുന്നില്ല...
ഇന്നു ക്ലാസ്സിൽ വന്നത് മുതലേ അവളുടെ വാടിത്തലർന്ന മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു... ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...പിന്നെ ഇന്റർവെൽ സമയം അവൾ ഒറ്റക്കിരുന്നു കരയുന്നത് കണ്ട കുട്ടികൾ ഉണ്ട്.... അടുത്ത പിരീഡ്‌ അബു സാറിന്റെ ക്ലാസ്സിൽ അവൾ തളർന്നു വീഴുകയായിരുന്നു...
പക്ഷെ അബോധാവസ്ഥയിലും അവളുടെ ചുണ്ടുകളിൽ നെടുവീർപ്പുകൾ കണക്കെ പുറത്തു വരുന്ന രണ്ടക്ഷരം ഞാൻ ശ്രദ്ധിച്ചു...
ന്റെ ഉമ്മുമ്മ..... ന്റെ ഉമ്മുമ്മ.....
എന്നായിരുന്നു അത്‌....
ഡോക്ടറുടെ അടുത്ത ചോദ്യത്തിന് മുന്നിൽ അവൾ അൽപ്പമൊന്നു പരുങ്ങി.....
ഈ അടുത്ത ദിവസങ്ങളിൽ ഐ മീൻ ഇന്നലെയോ ഇന്നോ അവൾക്കു ഷോക്കാകുന്ന വല്ല സംഭവങ്ങളും നടന്നോ..... ???
അവൾ ആകെ വിളറി വെളുത്തു...
ഇന്നലെ അവളുടെ ഗ്രാൻഡ്‌ മദർ മരിച്ചു.. അവൾക്കു ഒരുപാട് ഇഷ്ട്ടമായിരുന്നു അവരെ ...
അതെയതെ. ... അതായിരിക്കും അവളുടെ ഷോക്ക്... കുട്ടികളുടെ മനസ്സല്ലേ അവർക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല...
മോളുടെ കണ്ടീഷൻ അല്പം കൂടെ മോശമാണ്... കൂടുതൽ നല്ലത് മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്യുന്നതാണ്...
ഇനി ദൈവത്തിന്റെ കൈകളിൽ ആണ് നിങ്ങളുടെ മോളുടെ ഭാവി...
ഡോക്ടറുടെ അവസാന വാക്കുകൾ ഒരു മരണ മണി കണക്കെ അവളുടെ ചെവികളിൽ അലയടിച്ചു...
മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും ദിയ മോളുടെ അവസ്ഥക്ക് ഒരുമറ്റവും വന്നില്ല... ഇലക്ട്രോണിക്സ് യന്ത്രങ്ങളുടെ ഇടയിൽ കിടന്നു ആ കുഞ്ഞു ശരീരം ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിടുകയാണ്... ഇടയ്‌ക്കേപ്പോഴോ ചുണ്ടുകൾ ഉരുവിടുന്ന ഹൃദയത്തിൽ കോറിയിട്ട 'ഉമ്മുമ്മ' എന്ന വാക്ക് മാത്രമാണ് ജീവൻ ഇപ്പോഴും അവശേഷിക്കുന്നുവെന്നതിന് ആകെയുള്ള തെളിവ്..
പൊന്നുമോളുടെ ദുർവിധിയിൽ ഹൃദയ സ്പന്ദനം നഷ്ട്ടപ്പെട്ട് നിസാർ നാട്ടിലെത്തി...
മോളുടെ ചലനമറ്റ ശരീരം കണ്ട്‌ അവനാകെ തളർന്നു ... ഒരു യന്ത്രം കണക്കെ ഹോസ്പിറ്റൽ വരാന്തയിലൂടെ അവൻ ഡോക്ടരുടെ റൂം ലക്ഷ്യമാക്കി നടന്നു...
ഡോക്ടറെ കണ്ട പാടെ സകല നിയന്ത്രണവും വിട്ടു ഒറ്റക്കരച്ചിലായിരുന്നു അവൻ....
ഡോക്ടർ...
എന്റെ മോളുടെ ജീവന് വേണ്ടി ഈ ലോകത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്... ഞങ്ങൾക്കവളെ വേണം ഡോക്ടർ..... പറയൂ... ഇനിയും എന്താണ് ഞങ്ങൾ ചെയ്യേണ്ടത്...
ഏയ് മിസ്റ്റർ... ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.. പക്ഷെ അവൾ ഇതുവരെ ഒരു മരുന്നിനോടും പ്രതികരിച്ചു തുടങ്ങിയിട്ടില്ല... അത്രയും വലിയൊരു ഷോക്കിലാണ്‌ അവളുടെ മൈന്റ് ഇപ്പോഴുള്ളത്.. ദൈവത്തോട് പറഞ്ഞോളു കഴിയുന്ന അത്രയും ശക്തിയിൽ..
പിന്നെയൊരു ചാൻസ് ഉണ്ടായിരുന്നു അവളെ ജീവിതത്തിലേക്ക്‌ തിരിച്ചു വിളിക്കാൻ... അതിനിപ്പോൾ ഇനി കഴിയില്ല താനും.....
എന്താണ് ഡോക്ടർ ആ കാര്യം.. എന്താണെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ്....
അതിനി ഒരിക്കലും കഴിയില്ല മിസ്റ്റർ...അബോധാവസ്ഥയിലും അവളുടെ മൈന്റിൽ തെളിയുന്ന ഒരൊറ്റ വാക്ക് മാത്രമേയുള്ളൂ...
ഉമ്മുമ്മ.
.. അവരുടെ സാമീപ്യം ഒരുപക്ഷേ അവൾക്കു പുതു ജീവൻ നൽകിയേക്കാം... പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ല്ലോ ഇനി...
അവരുടെ മരണം കൊണ്ടുള്ള ഷോക്കല്ലേ അവളെ ഇന്നു ഈ അവസ്ഥയിലാക്കിയത്‌...
എന്ത്... എന്താണ് ഡോക്ടർ നിങ്ങളീ പറയുന്നത്... എന്റെ ഉമ്മമരിച്ചെന്നോ....... !!??ഉമ്മയുടെ മരണം ആണ് ഇവളെ ഈ അവസ്ഥയിൽ ആക്കിയത് എന്നോ... !!??
എന്താണിതൊക്കെ ഡോക്ടർ ... ഭാര്യ പറഞ്ഞത് ബ്രെയിനിൽ ഇൻഫെക്ഷൻ കയറിയതാണെന്നാണല്ലോ...
ഡോക്ടർ സംഭവിച്ച കാര്യങ്ങൾ ഒക്കെ നിസാറിന് വിവരിച്ചു....
ഏഴാകാശവും ഉരുണ്ടു വന്നു ഒരുമിച്ചു തലയിൽ വന്നു പതിക്കുന്നത് പോലെ തോന്നിയവനപ്പോൾ....
ഒരു ഭ്രാന്തനെ പോലെ അവൻ അവിടെ കിടന്നു അലറി .. ഡോക്ടർ എന്റെ ഉമ്മ മരിച്ചിട്ടില്ല... എന്റെ ഉമ്മ മരിച്ചിട്ടില്ല.....
ഞാൻ ഇപ്പോൾ വരാം ഡോക്ടർ.....
നിലയുറക്കാത്ത കാലടികളുമായി നിസാർ ഡോക്ടറുടെ റൂം കടന്നു പുറത്തു വന്നു ... മങ്ങിയ കാഴ്ചയിൽ തന്റെ മുമ്പിൽ ശെമിയുടെ രൂപം അവ്യക്തമായി അവൻ കണ്ടു...
അവൻ പിന്നെയൊന്നും ആലോചിച്ചില്ല...അവളുടെ വെളുത്തു തുടുത്ത മുഖം നോക്കി ആഞ്ഞു ഒരടി കൊടുത്തു.... അവൾ മലർന്നടിച്ചു നിലത്തു വീണു... മുഖത്ത് രക്തം കൊണ്ട് പൂക്കളം തീർത്തു... അപ്പോഴും അവൻ അലറുന്നുണ്ടായിരുന്നു....
നീ ഇത്രയും വലിയൊരു പിശാചാണെന്ന് ഞാൻ അറിഞ്ഞില്ല... സ്വന്തം മോളുടെ ജീവന് വേണ്ടി പോലും എന്റെ ഉമ്മയോട് പൊറുക്കാത്ത നീയെന്റെ ഭാര്യയാണെന്ന്‌ പറയാൻ പോലും എനിക്കിപ്പോൾ നാണക്കേട് തോന്നുന്നു.....
അതും പറഞ്ഞ് അവൻ കാർ ലക്ഷ്യമാക്കി കുതിച്ചു... ഉമ്മയുടെ അടുത്തേക്കുള്ള വഴി ജമാലിനോട് ചോദിച്ചു മനസ്സിലാക്കി..അവനെ കൊണ്ട് ആവും വിധം മാക്സിമം വേഗത്തിൽ വണ്ടിയോടിച്ചു.....
അവന് ഓർമ്മ വെച്ചത് മുതലുള്ള ഓരോ ദിവസവും അവന്റെ മുന്നിൽ ഒരു ഫ്ലാഷ് ബാക്ക് കണക്കെ മിന്നി മറഞ്ഞു...
എന്റെ ഓരോ താഴ്ചയിലും ആധി കൊണ്ട് വേവുമായിരുന്ന എന്റെ പൊന്നുമ്മ...
എന്റെ ഓരോ ഉയർച്ചയിലും സ്നേഹം കൊണ്ടും ഉപദേശം കൊണ്ടും എന്റെ ബാല്യം സ്വർഗമാക്കിയ എന്റെ ഉമ്മ...
എനിക്കൊരു ചെറിയ പനി വന്നാൽ പോലും രാവ് പുലരുവോളം ഉറക്കം കളഞ്ഞു എന്നെ പരിചരിച്ചിരുന്ന എന്നിലെ ജീവൻ...
പിന്നീട് എന്ന് മുതലാണ്‌ ആ ഹൃദയത്തെ പതുക്കെ മറക്കാൻ തുടങ്ങിയത്....
വിവാഹത്തിന്റെ മധുവിധു നാളുകളിൽ അവൾ കോരി തന്ന സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലുതെന്നു തോന്നിയ നിമിഷങ്ങളായിരുന്നോ.....??അന്നായിരിക്കും ആ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലെന്നു നടിച്ചു തുടങ്ങിയത്...
പൊന്നുമ്മയോട് താൻ ചെയ്ത ക്രൂരതയിൽ കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങിപ്പൊട്ടി...
അന്നാണ് അവൻ ശരിക്കും ഹൃദയം പൊട്ടിക്കരഞ്ഞത്‌... ബാഷ്പ കണങ്ങൾക്കു പകരം ചുടു നിണങ്ങൾ മിഴികളിലൂടെ ചാലിട്ടൊഴുകി...
അവന്റെ കാർ ആ സ്നേഹാലയത്തിനു മുന്നിൽ ബ്രേക്കിട്ടു....നഷ്ട്ടബോധം കൊണ്ട് അവന്റെ കാലുകൾ അനങ്ങുന്നില്ല... എന്നാൽ വരുന്ന ഓരോ വണ്ടികളിലും പ്രതീക്ഷ മുറ്റിയ മിഴികളാൽ ഉറ്റു നോക്കുന്ന ഒരുപാട് മനുഷ്യ കോലങ്ങൾ ഉണ്ടവിടെ... പൊന്നുമോന്റെ നിഴൽ പോലും ആ ഉമ്മ തിരിച്ചറിഞ്ഞിരിക്കണം..... വളരെ പ്രയാസപ്പെട്ട് തന്നിലേക്ക് നടന്നടുക്കുന്ന ഉമ്മയെ കൊണ്ടപ്പോൾ അവൻ പാഞ്ഞടുത്തു... ആ കാലിൽ വീണു കൊച്ചു കുട്ടിയെ പ്പോലെ വാവിട്ട് കരഞ്ഞു...
ഉമ്മാ ഈ മോനോട് നിങ്ങൾ ക്ഷമിക്കണം ഉമ്മാ......
മാപ്പ് പറഞ്ഞാൽ തീരാത്ത പാപമാണ് ഞാൻ നിങ്ങളോട് ചെയ്തതെന്ന് അറിയാം...എന്നാലും ഈ മോനോട് ക്ഷമിക്കില്ലേ ഉമ്മാ.....
എന്താ മോനെ ഇത്... !!!???
എന്റെ മോൻ എണീറ്റെ... ആ മാതൃ ഹൃദയത്തിന് താങ്ങാൻ കഴിയുമോ ആ കരച്ചിൽ..
ഉമ്മാ.... ഉമ്മയെ കൊണ്ട് പോകാനാണ് ഞാൻ വന്നത്.. ഉമ്മപെട്ടന്ന് സാദനങ്ങളെല്ലാം എടുത്തു റെഡിയാകു.... നമുക്ക് പോവാം ഉമ്മാ...
ഇല്ല മോനെ... ഇനി ഈ ഉമ്മ എങ്ങോട്ടുമില്ല..ഇവിടെ ഇപ്പൊ എല്ലാവരും എന്റെ കൂടെപ്പിറപ്പുകളാ... അവരുടെ ഒക്കെ സങ്കടങ്ങൾ കേട്ടപ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്തവളാ... എന്റെ മോൻ ഇതുപോലെ ഇടയ്ക്കു എന്നെ കാണാൻ വന്നാൽ മാത്രം മതി ഈ ഉമ്മാക്ക്... എന്റെ ദിയ മോളെ കൂടെ കൂട്ടായിരുന്നില്ലേ നിനക്ക്... അവളെ പിരിഞ്ഞിരിക്കുന്നതിൽ മാത്രമേ സങ്കടമുള്ളു... ന്റെ കുട്ടി എന്നെ കാണാതെയും വെഷമിക്കുന്നുണ്ടാകും....
ഇതുകണ്ടോ നീ.....
കുപ്പായത്തിന്റെ ഉള്ളിൽ നെഞ്ചിലായി ഒളിപ്പിച്ച ദിയ മോളുടെ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ...
ന്റെ മോളെ കാണാൻ കൊതിയാകുമ്പോ ഞാൻ ഇതിൽ നോക്കി കൊറേ നേരം അങ്ങനെ ഇരിക്കും... ഒരുപാട് മുത്തങ്ങൾ കൊടുക്കും... അപ്പോൾ ഒരു സമാധാനാ എനിക്ക്‌....
ആ അധരങ്ങളിൽ വിറയൽ വീണിരുന്നു അപ്പോഴേക്കും...
മോനെ.. നീ നിന്റെ ഫോണിൽ ദിയ മോളെ ഒന്ന് വിളിച്ചേ.... ഞാൻ ആ ശബ്ദമൊന്നു കേട്ടോട്ടെ.....
അതുവരെ പിടിച്ചു നിർത്തിയ സകല നിയന്ത്രണവും വിട്ടു അവൻ വീണ്ടും വീണ്ടും ഏങ്ങിക്കരഞ്ഞു...
ഉമ്മാ നമ്മുടെ ദിയ മോൾ......
എന്താ....... എന്താ മോനെ..... ദിയ മോൾക്ക്‌ പറ്റിയത്...!!!??? ന്റെ കുട്ടി എവിടെ.......!!!???
ഉമ്മയുടെ വാക്കുകളിൽ വല്ലാത്ത ഭീതി പടർന്നിരുന്നു...
ഉമ്മാ... ദിയ മോൾ ഉമ്മ പോയ വെഷമം സഹിക്കാൻ കഴിയാതെ അബോധാവസ്ഥയിലായിട്ട് ഇന്നേക്ക് 15 ദിവസമായി... വല്ലപ്പോഴും ഉമ്മയെ മാത്രമാണ് അവൾ വിളിക്കുന്നത്.. ഒരു മരുന്നിനും അവളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല... ഒരുപക്ഷേ ഉമ്മയുടെ സാമീപ്യം അവൾക്കെന്തെങ്കിലും മാറ്റം ഉണ്ടാക്കിയാലോ..... ഉമ്മ എന്റെ കൂടെ വരണം....
അല്ലാഹുവേ എന്റെ പൊന്നുമോൾക്ക് എന്ത് പറ്റി...... ??
ദിയ മോളുടെ അവസ്ഥ കേട്ടപ്പോൾ വസ്ത്രം പോലും മാറാതെ ഉമ്മ പെട്ടന്ന് കാറിൽ കയറി... കഴിയുന്നതും വേഗത്തിൽ വണ്ടിയോടിക്കാൻ അവനോടു ആവശ്യപ്പെട്ടു.... 40 സ്പീഡ് കഴിഞ്ഞാൽ പിന്നെ വഴക്ക് പറയുന്ന ഉമ്മയാണിന്ന് സ്പീഡ് കുറഞ്ഞത് കൊണ്ട് ദേഷ്യപ്പെടുന്നത്.....യാത്രയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഉമ്മയുടെ പ്രാർത്ഥനകൾ ഉയർന്നു...
ഡോക്ടരുടെ അനുവാദം ചോദിച്ചു അവനും ഉമ്മയും icu വിൽ കയറി ...
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നടുവിൽ നിശ്ചലമായി കിടക്കുന്ന ദിയ മോളുടെ ശുഷ്കിച്ച ശരീരം ഒന്ന് നോക്കാൻ പോലും ആ മാതൃ ഹൃദയത്തിന് ശക്തിയുണ്ടായിരുന്നില്ല....
പൊന്നുമോളെ...
ഉമ്മ അവളെ വാരിയെടുത്തു മടിയിൽ കിടത്തി....ഹൃദയം പൊട്ടും വേദനയിൽ അവർ ദിയ മോളെ കുലുക്കി വിളിച്ചു...
ആ ദയനീയ കാഴ്ച കണ്ട്‌ നിൽക്കുന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു....
സുബ്ഹാനല്ലാഹ്..... ഉമ്മയുടെ വിളി അവളുടെ ബോധമണ്ഡലങ്ങളിൽ ഇളക്കം സൃഷ്ടിച്ചു... അവളാ സ്പർശം തിരിച്ചറിഞ്ഞു.....
ഡോക്ടരെ പോലും അത്ഭുതപ്പെടുത്തി ദിയ മോളുടെ കണ്ണുകൾ ചലിച്ചു തുടങ്ങി....
കണ്ട്‌ നിന്നവർ മുഴുവൻ അല്ലാഹുവിനെ സ്തുതിച്ചു...
നിസാറിന് കുറ്റബോധം കൊണ്ട് തലയുയർത്താൻ കഴിഞ്ഞില്ല.....
പിന്നീടങ്ങോട്ട്‌ ദിയ മോളുടെ ശരീരം വളരെ വേഗം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി... മെഡിക്കൽ ഫീൽഡിൽ പോലും അത്ഭുതം സൃഷ്ടിച്ച പുരോഗതി....
ഇന്നാണ് ദിയ മോളെ ഡിസ്ചാർജ് ചെയ്യുന്നത്...
ദിയ മോളെ കൊണ്ട് പോകാൻ സ്ട്രച്ചർ എടുക്കാൻ പോയി തിരിച്ചു വന്ന അവൻ ആ കാഴ്ച കണ്ട്‌ ഖൽബ് നിറഞ്ഞു..
ഊന്നു വടിയും പിടിച്ചു മറ്റേ കൈ കൊണ്ട് ദിയ മോൾക്ക്‌ താങ്ങുമായി അവന്റടുത്തേക്ക് നടന്നു വരുന്ന ദിയ മോളും ഉമ്മയും...
M@h!m@j

#രണ്ടാം മണിയറ

#രണ്ടാം മണിയറ
ഇന്ന്‌ ഷൈമയുടെ രണ്ടാം വിവാഹമായിരുന്നു.. ആശംസകൾക്ക് പകരം പരിഹാസങ്ങളും കുത്തുവാക്കുകളും ഹൃദയം കീറി മുറിക്കുന്നുണ്ട്..
മണവാട്ടിയായി ഈ വീട്ടിൽ വന്നു കയറിയിട്ട് മിനുട്ടുകളെ ആയിട്ടുള്ളൂ.... അപ്പോഴേക്കും കൂട്ടം കൂട്ടമായി നിന്ന് ആളുകൾ അവളെ പച്ചക്ക് തിന്നു തീർക്കുകയാണ്...
""ഇപ്പോ എന്തായി... 12 കൊല്ലം കഴിഞ്ഞിട്ടും അവള് അവന്റെ വാലും തൂങ്ങി നടക്കല്ലായിരുന്നോ..? ഇനിയിപ്പോ ആ കുട്ടിയും അവന്റെതല്ല എന്ന് ആര് കണ്ടു.... ""
""'ഏതായാലും നല്ല വിഷം തന്നെ ഓള് ഓന്റെ മേൽ കുത്തി വെച്ചത്... അല്ലെങ്കി പ്പോ ഓൻ പന്ത്രണ്ടു വയസ്സുള്ളൊരു കുട്ടിയുടെ തള്ളയെ കെട്ടുമോ.... !!!!???"""
""ഏതു വിഷം ആയിട്ടെന്താ...എല്ലാത്തിനും ഒരു കാലാവധിയൊക്കെയുണ്ട്... അതുകഴിഞ്ഞാൽ അറിയാം ഈ കല്യാണത്തിന്റെ ഫലം....
അന്നോന് മനസി ലാകും ഓൻ ചെയ്ത മണ്ടത്തരം... ""
സദാചാര വാദികളുടെ വാക് പോരാട്ടവും തറപ്പിച്ചുള്ള നോട്ടവും കൊണ്ട് ശ്വാസം മുട്ടിയപ്പോൾ അവൾ പതിയെ ആരുടേയും ശല്യമില്ലാത്ത ഒരൊഴിഞ്ഞ റൂമിലേക്ക്‌ മാറി നിന്നു...
തുറന്നിട്ട ജനലഴികളിൽ പിടിമുറുക്കി നിറഞ്ഞ മിഴികളെ സാരി ത്തലപ്പ് കൊണ്ട് ഒപ്പിയെടുത്തു..
പടിഞ്ഞാറേ ചക്ര വാളം വർണ്ണ വിഭൂഷിതയായിരിക്കുന്നു... അസ്തമയാർക്കൻ തന്റെ താൽകാലിക വിട വാങ്ങൽ രേഖപ്പെടുത്താൻ വെമ്പി നിൽക്കുന്നു....
ഷൈമയുടെ മിഴികളിൽ അനുമോന്റെ നിഷ്കളങ്ക മുഖം തെളിഞ്ഞു.....
പാവം ഇപ്പോൾ എന്ത് ചെയ്യുകയാവും ആവോ....എന്നെ വിട്ടുപിരിഞ്ഞുള്ള ആദ്യ രാത്രി ... എങ്ങനെയാകും അവൻ ഇന്നത്തെ ദിവസം കഴിച്ചു കൂട്ടുക...
അണിഞ്ഞൊരുങ്ങിയ എന്നെ കണ്ടപ്പോഴും അഥിതികളെ സ്വീകരിക്കുമ്പോഴും അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോൾ ആ കുഞ്ഞി കൈ കൊണ്ട് യാത്രാ മംഗളം നേർന്നപ്പോഴും ആ പ്രകാശിക്കുന്ന മുഖം വാടിയിരുന്നില്ലേ....
ആ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന ബാഷ്പകണങ്ങളെ
ആരും കാണാതെ കുഞ്ഞു കൈ കൊണ്ട് തുടക്കുന്നത് കണ്ടപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടാനാണ് എനിക്ക് തോന്നിയത്...
പൊങ്ങി വരുന്ന തേങ്ങലുകൾ ചുടു നിണങ്ങളായി അവളിൽ പെയ്തിറങ്ങി ..
ഇന്നലെയുടെ ഉണങ്ങാത്ത വൃണങ്ങൾ വീണ്ടും അവളുടെ മിഴികളിൽ വിലാപം തീർത്തു...
ആദ്യ വിവാഹം വെറും സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിൽ പര്യവസാനിച്ചപ്പോൾ രണ്ടാമതൊരു വിവാഹം വേണ്ടെന്നു ഉറപ്പിച്ചതാണ്...
പിജി ക്ക് പഠിക്കുമ്പോൾ വന്ന നല്ലൊരാലോചനയ്ക്ക്‌ മുമ്പിൽ വീട്ടു കാരുടെ നിർബന്ധത്തിൽ കഴുത്തു നീട്ടുകയായിരുന്നു....
എന്നാൽ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നില്ല എന്റെ ജീവിതം.. അയാളൊരു സംശയ രോഗിയായിരുന്നു....
അദ്ദേഹത്തിന്റെ ആവശ്യമില്ലാത്ത പല സംശയങ്ങളുടെയും ഊഹങ്ങളുടെയും പേരിൽ ഞാൻ ബലിയാടാക്കപ്പെട്ടു ...
കോളേജിൽ നിന്നും ഒരഞ്ചു മിനുട്ടു നേരം വൈകി വന്നാൽ... മൊബൈലിലേക്ക് ഏതെങ്കിലും ആൺ സുഹൃത്തുക്കൾ വിളിച്ചാൽ... എന്തിനേറെ അറിയുന്നവരോട് പോലും ഒന്ന് മിണ്ടിയാൽ.... അന്നത്തേക്ക് പിന്നെ അതുമതിയായിരുന്നു അയാൾക്ക്‌...
അദ്ദേഹത്തിന്റെ സംശയ പീഡനത്തിന് മുന്നിൽ വീർപ്പുമുട്ടുമ്പോഴാണ് ആ സംഭവം നടക്കുന്നത്....
അന്ന് ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ചൂടിന്റെ തീക്ഷ്ണതയിൽ ദാഹിച്ചു വലഞ്ഞപ്പോഴാണ് ടൗണിലെ ആ കൂൾബാറിൽ കയറുന്നത്.. അവിടെ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ട എന്റെ പഴയ സുഹൃത്ത് അമീന്റെ ക്ഷണം സ്വീകരിച്ചു അവനോടൊപ്പം ജ്യൂസ്‌ കുടിച്ചു ഇറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്ന വിധിയെ ഞാൻ സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല.
അന്ന് വീട്ടിൽ വന്നു കയറുമ്പോൾ സിറ്റൗട്ടിൽ ഞങ്ങളുടെ ഫോട്ടോയും പിടിച്ചു നിന്ന് സിംഹത്തെ പോലെ ഗർജിക്കുന്ന അയാളെ കണ്ടു ഞാൻ ആകെ ഭയന്നു വിറച്ചു...
കണ്ടവന്റെ കൂടെ അഴിഞ്ഞാടാനായിരുന്നു അല്ലേ നീ എന്നും രാവിലെ ഉടുത്തൊരുങ്ങി ഇറങ്ങുന്നതെന്ന് അയാൾ അലമുറയിട്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി സംശയ നിഴലിൽ പുഴുത്ത അയാളുടെ കണ്ണുകൾ എന്റെ പിറകെ സദാ സഞ്ചരിക്കുന്നുണ്ടാ യിരുന്നെന്ന്...
അന്നെനിക്ക് ഏറ്റുപറച്ചിലിനോ നിരപരാധിത്വം തെളിയിക്കാനോ ഒരവസരം തരാതെ അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു വേവലാതിപ്പെട്ടത് ....
ഒരു അഴിഞ്ഞാട്ടക്കാരിയുടെ കുഞ്ഞിന്റെ പിതൃത്വം പോലും അയാൾ നിരസിച്ചപ്പോൾ അവിടെ കിടന്നു വിലപിക്കുകയല്ല അന്തസായി അവനെ പ്രസവിച്ചു വളർത്തുകയാണ് വേണ്ടതെന്നു എനിക്കു തോന്നി...
ഒറ്റമോളുടെ ദുർവിധിയിൽ സ്പന്ദനം നിലച്ച ഹൃദയം പോലെ നിശ്ചലമായിരുന്നു എന്റെ കുടുംബം അപ്പോഴേക്കും...
വൈകാരികമായി ചിന്തിച്ചാൽ ജീവിതത്തിനെന്നല്ല ഒരുപക്ഷേ ഒരു സമസ്യക്കും യഥാർത്ഥ പരിഹാരം കിട്ടില്ല...ഒരു ചവിട്ടു പടിയിൽ തെന്നി വീണെന്നു കരുതി ജീവിതകാലം മുഴുവൻ അവിടെ കിടന്നു പുഴുവരിക്കരുത്...
പിന്നെ അവിടം തൊട്ട് വാശിയുടെ പോരാട്ടമായിരുന്നു...അയാളുടെ മുന്നിൽ ജയിച്ചു കാണിക്കണം...എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അവനെയും കൊണ്ട് പഠിച്ചുയർന്നു....
എല്ലാം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷമായിരുന്നു താൻ കാരണം വിവാഹമോചിതയായ എന്നെക്കുറിച്ച് ഒരു സുഹൃത്ത് വഴി അമീൻ അറിയുന്നത്.. കുറ്റബോധത്തിൽ വിങ്ങിയ മന സുമായി അവൻ മൂന്നു തവണ എന്റെ വീടിന്റെ പടി കടന്നു വന്നിട്ടുണ്ട്...
ഞാൻ കാരണം നഷ്ടമായ ജീവിതത്തിനു എന്റെ ജീവിതം തന്നെ പ്രായശ്ചിത്തം നല്കാൻ തയ്യാറാണെന്നും പറഞ്ഞു...
കേട്ടടങ്ങിയ വിവാദങ്ങളുടെ പുനർജനിയും മോന്റെ ഭാവിയും ആലോചിച്ചു അവനിലെരിയുന്ന കനൽ കണ്ടിട്ടും ഇനിയൊരു വിവാഹം ഇല്ല എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു...
""നിങ്ങളുടെ മോളെ തന്നെ എനിക്ക് വേണമെന്നില്ല പക്ഷെ അവളുടെ വിവാഹം വേറെ കഴിയുന്നതിനു മുൻപേ എനിക്കൊരു ജീവിതം ഇല്ലെന്നും"" പറഞ്ഞു അന്നു അവസാനമായി അവൻ ആ പടിയിറങ്ങുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു...
കാലത്തിന്റെ കുത്തൊഴുക്കിൽ അതെല്ലാം മറന്നു അവൻ വേറെ വിവാഹം ചെയ്തിട്ടുണ്ടാവും എന്നാണു ഞാൻ കരുതിയത്...
എന്നാൽ എട്ടു വർഷങ്ങൾക്കിപ്പുറവും എന്റെ വിവാഹം കഴിയാനാണ് അവൻ കാത്തിരുന്നതെന്നറിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് ആർത്തിരമ്പുകയായിരുന്നു...
പതിവുപോലെ അന്ന് മോന്റെ കൂടെ സ്കൂൾ വിട്ടു വീടിന്റെ പടി കയറുമ്പോൾ അവിടെ എന്നെ കാത്തിരിക്കുന്ന അഥിതിയെ കണ്ട്‌ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു
മുഖവുരയില്ലാതെ മോൾ കാരണം നഷ്ടപ്പെടുന്നത് എന്റെ മോന്റെ ജീവിതം കൂടെയാണെന്ന് അയാൾ നിറമിഴികളോടെ എന്നോട് പറഞ്ഞപ്പോൾ എനിക്കതൊരിക്കലും വിശ്വസിക്കാനായില്ല...
""മോളെ ഇനിയെങ്കിലും എന്റെ മോളുടെ തീരുമാനത്തിൽ ഒരു മാറ്റമുണ്ടാവണം.... ഈ കുടുംബം മാത്രമല്ല നിന്റെയീ അവസ്ഥയിൽ കണ്ണീരും പ്രാർത്ഥനയുമായി കഴിയുന്നതെന്നു കൂടി നീ മനസ്സിലാക്കണം...""
എന്റെ ഉപ്പയുടെ ആ വാക്കുകൾ ഹൃദയത്തിൽ വല്ലാതെ ആഴ്ന്നിറങ്ങി...
ശരിയാണ് വരുന്ന ആലോചനകൾ മുഴുവൻ ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും പിടയുന്ന നെഞ്ച് കാണാഞ്ഞിട്ടല്ല... മോന്റെ നല്ല ഭാവി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു ...
എന്റെ കാഴ്ചപ്പാടും സമൂഹത്തിലെ പരിഹാസങ്ങളും ഭയന്നു ഞാൻ അമ്മാനമാടുന്നത് എന്റെ മാത്രം ജീവിതമല്ല എന്നത് മനസിനെ വല്ലാതെ പിടിച്ചു കുലുക്കി... എന്നാലും ഈ വിവാഹം തന്നെ വേണോ എന്ന് പലവട്ടം ചിന്തിച്ചു... വീണ്ടും ആളുകൾക്കിടയിൽ ഒരു പരിഹാസ കഥാപാത്രമാകുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... എന്തു പറയണമെന്നറിയാതെ നിശ്ചലമായി ഞാൻ ഒരുപാട് നേരമങ്ങനെ ആ നിൽപ് തുടർന്നു... പ്രതീക്ഷ മുറ്റിയ മൂന്നു ജോഡി കണ്ണുകൾ എന്നോട് യാചിക്കുന്നത് പോലെ തോന്നി എനിക്കപ്പോൾ..
അവിടം തളംകെട്ടി നിന്നിരുന്ന നിശബ്ദതയെ ഭേദിച്ചു പെട്ടന്നാണാ ശബ്ദം ഉയർന്നത്...
"""എന്റെ ഉമ്മക്ക് ഈ വിവാഹത്തിൽ സമ്മതമാണ്... ഇത്രയും കാലം എനിക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടാന്ന് വെച്ച ഉമ്മ ഈ വിവാഹത്തിന് സമ്മതിക്കണമെന്ന് കരഞ്ഞു പറഞ്ഞപ്പോൾ പന്ത്രണ്ടു വയസു കാരനായ എന്റെ മോന്റെ വാക്കുകളിൽ ഒരു ഇരുപതു വയസു കാരന്റെ പക്വത ഞാൻ കണ്ടു....
പിന്നെ എല്ലാം പെട്ടന്നായിരുന്നു...
അന്നു തുടങ്ങിയതാ ഈ പരിഹാസങ്ങളും കുത്തുവാക്കുകളും... ഞങ്ങൾ തമ്മിൽ ആദ്യ വിവാഹത്തിന് മുന്നേ പ്രണയത്തിൽ ആയിരുന്നെന്നും ഞങ്ങളുടെ വഴി വിട്ട ബന്ധം പിടിക്കപ്പെട്ടപ്പോഴായിരുന്നു വിവാഹ മോചനം എന്നും അനുമോൻ അമീന്റേതാണെന്ന് പോലും സമൂഹം പറഞ്ഞു പരത്തി.....
എത്രയൊക്കെ നന്മ ചെയ്താലും അവിടെയും തിന്മ ചികയുന്ന ഒരു പറ്റം മനുഷ്യരെ കണ്ടപ്പോൾ പിറന്ന മണ്ണിനോട്‌ പുച്ഛമാണ് തോന്നിയത്....
പുറത്തു ഇപ്പോഴും പരിഹാസങ്ങളുടെ അഭിഷേകം നടന്നു കൊണ്ടിരിക്കുന്നുണ്ട്...
അമീനെ ഇവിടെയെങ്ങും കാണാനില്ല...അതൊരു തരം സ്വയം ഒളിച്ചോട്ടമാകും... കണ്ണിൽ ചോരയില്ലാത്ത....മറ്റുള്ളവരുടെ മാംസം പച്ചയോടെ കഴിക്കുന്ന ഒരു പറ്റം മനുഷ്യത്വം മരവിച്ച ആളുകളിൽ നിന്നും... പാവം എന്നേക്കാൾ കൂടുതൽ സമൂഹം ഇന്നു പഴി ചാരുന്നത് അവനെയാകും...എന്തെല്ലാം സഹിക്കുന്നുണ്ടാവും എനിക്ക് വേണ്ടി... എല്ലാം ആലോചിച്ചപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല.. എത്ര നേരമാണ് അങ്ങനെ കിടന്നു കരഞ്ഞതെന്നറിയില്ല...
റൂമിലെ കാൽ പെരുമാറ്റം കേട്ടപ്പോഴാണ് അവൾ കണ്ണു തുടച്ചു എണീറ്റത്...
അമീൻ....
അവനെക്കണ്ടപ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായിപ്പോയി... അടക്കിയ തേങ്ങലുകൾ പൂർവ്വാധികം ശക്തിയോടെ പുറത്തു ചാടി... കണ്ണുകൾ തുടച്ചു ഇനിയും കരയരുതെന്നും എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടെന്നും മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടെന്നും പറഞ്ഞ് ആ നെഞ്ചോടു ചേർക്കുമ്പോൾ കളിചിരി പറയുന്നൊരു കൂട്ടുകാരനെയല്ല ഉത്തരവാദിത്തമുള്ളൊരു പുരുഷനെ അവൾ അവിടെ കണ്ടു.....
(എത്രയൊക്കെ നന്മ ചെയ്താലും അതിലും തിന്മയെ ചികയുന്ന നമ്മുടെ സമൂഹത്തിന്റെ ഒരു നേർകാഴ്ച്ച )
M@h!m@j

BM ഹോസ്പിറ്റലിലെ മാലാഖ

BM ഹോസ്പിറ്റലിലെ മാലാഖ
ഇന്ന് ഞാനാ മാലാഖയെ വീണ്ടും കണ്ടു.......!!!
പക്ഷേ ഇന്നവൾ വെള്ള വസ്ത്രമണിഞ്ഞ ശുഭ വസ്ത്രധാരിയായി ട്ടല്ല..
ഇളം പിങ്ക് നിറത്തിലുള്ള ഒരു ഗൗണും ധരിച്ചു.....
മക്കൾക്ക് ഒന്ന് രണ്ട് കൂട്ടം ഡ്രസ്സ് എടുക്കാമെന്ന് വെച്ചാണ് ഞാനാ ടെക്സ്റ്റയിൽസിൽ കയറിയത്.....
ഡ്രസുകൾ തിരയുന്നതിനിടക്കാണ് കുറച്ചപ്പുറത്ത് ബേബി സെക്ഷനിൽ വസ്ത്രങ്ങൾ നോക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്.....
സിസ്റ്റർ സെറീന.....!!!!!!!
മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂൽപാലത്തിൽ നിന്ന് എന്നെയും മോനെയും രക്ഷിച്ച ദൈവത്തിന്റെ കൈകൾ.........
ഓർമ്മകളിൽ ഇന്നും പ്രകാശിക്കുന്ന മുഖം.....
ഞാൻ ഓടിച്ചെന്ന് കെട്ടിപിടിച്ചു...
പെട്ടെന്നുള്ള ആലിംഗനത്തിൽ അവൾ തെല്ലന്നമ്പരന്നു.....
അവളുടെ കയ്യിലിരിക്കുന്ന കുഞ്ഞുമാലാഖ കരയാനും തുടങ്ങി.....
ഓർക്കുന്നുണ്ടോ ........!!!!!???? ഞാൻ ചോദിച്ചു.....
അവളുടെ കണ്ണുകളിൽ ചോദ്യ ഭാവങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു....
അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല...... അവരെ പോലുള്ളവർ സർവീസിൽ ഇരിക്കുമ്പോൾ ഒരുപാടു മുഖങ്ങൾ ......ഒരുപാട് ഓർമ്മകൾ............ ഒരുപാട് വേദനകൾ .......
കണ്ടും ..
....കേട്ടും ........ഒക്കെ....
എന്നാൽ പരിചയപ്പെടുത്തലിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു...
അവളെന്നെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു...
വല്ലാത്തൊരു സന്തോഷം തോന്നി പെട്ടെന്നുള്ള ആ കൂടിക്കാഴ്ചയിൽ...
ഇപ്പോൾ ജോലിക്കൊന്നും പോവാറില്ല മോളേയും ഭര്ത്താവിനെയും നോക്കിയ ഒരു കുടുംബിനിയുടെ റോൾ അലങ്കരിക്കുകയാണ് എന്ന് കേട്ടപ്പോൾ അല്പം സങ്കടമായി...
ഒരുപാട് അമ്മമാർക്ക് വലിയൊരു നഷ്ടമാണ് നിങ്ങളെപ്പോലുള്ളവരുടെ അഭാവമെന്ന് പറഞ്ഞപ്പോൾ അവൾ ഒന്നു മന്ദഹസിച്ചു...
അവളുടെ കയ്യിലിരിക്കുന്ന കുഞ്ഞു മാലാഖകൊരു കുഞ്ഞുടുപ്പും സമ്മാനിച്ചാണ് അവരെ യാത്രയാക്കിയത്....
അതുവരെ ഇല്ലാതിരുന്ന ആവേശവും സന്തോഷവും കണ്ടിട്ടാവണം ഡ്രസ്സ് എഴുത്തു തന്നിരുന്ന സെയിൽസ് ഗേൾ എന്നോട് ചോദിച്ചത്
ആരാണ് അവരെന്ന്.....!!!!???
വെറും രണ്ട് ദിവസത്തെ പരിചയം ഉള്ളുവെങ്കിലും പറയാൻ ഒരുപാടുണ്ടായിരുന്നു അവരെക്കുറിച്ച്.....
BM ഹോസ്പിറ്റലിലെ നേഴ്സായിരുന്ന അവർ...
ആതുര സേവകരായ മാലാഖമാരിൽ ഒരാൾ....
അതിജീവനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകങ്ങൾ.....
അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു തിരുവോണ ദിനത്തിലാണ് ഞാനെന്റെ മകന് ജന്മം നൽകുന്നത്
ഏകദേശം ഉച്ചയോടടുത്താണ് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയത്
സാധാരണ രോഗികളെയും സന്ദർശകരെയും കൊണ്ട് വീർപ്പുമുട്ടാറുള്ള ഹോസ്പിറ്റൽ അന്നു വിജനമായ കിടന്നു.....
അഡ്മിറ്റ് പേർഷ്യൻസിന്റെ കൂടെയുള്ളവര്രാകാം അങ്ങിങ്ങായി ഓരോ നിഴലുകൾ മാത്രം......
നിറ വയറിന്റെ പരവശത കളോടെ ഉമ്മയുടെ കയ്യും പിടിച്ചു കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ വേദന അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.....
കണ്ണുകളിൽ
ഈറൻ പൊടിയുന്നുണ്ട്...
വയറും തങ്ങി പിടിച്ചുള്ള എന്റെ വരവ് കണ്ടപ്പോഴേ റിസപ്ഷനിൽ ഇരിക്കുന്ന ഒരു നേഴ്സ് പിറുപിറുക്കുന്നത് കണ്ടു......
ഇന്നെങ്കിലും ഒരു സ്വസ്ഥത തരുമോ.......?? എന്ന അർത്ഥത്തിലാകും.....
ഭർത്താവ് റിസപ്ഷനിൽ ചീട്ടു കാണിച്ചുകൊണ്ട് ചോദിച്ചു.....
മാഡം ലീവ് ആയിരിക്കും അല്ലേ ഇന്ന്.............?????
എന്താ ചേട്ടാ...... ഇന്ന് ഓണമാണെന്ന് അറിയില്ലേ......???
പല്ലിൽ കടിച്ചു കൊണ്ടാണ് അവൾ അത് പറഞ്ഞത്.........
ഇക്കാക്ക ദേഷ്യം കയറി.....
നേരത്തെ നോട്ടീസടിച്ച് അറിയിച്ചിട്ടണോ സിസ്റ്ററെ.... ഈ പ്രസവ വേദനയൊക്കെ വരുന്നത്.....!!!?
ഇക്കയുടെ അപ്രതീക്ഷിതമായ മറുപടി കേട്ടിട്ടാവണം പിന്നെ അവൾ ഒന്നും മിണ്ടിയില്ല........
ഞാനപ്പോൾ ഇക്കാന്റെ കൈ മുറുകെപ്പിടിച്ചു വേദന കടിച്ചമർത്താൻ പാടുപെടുകയായിരുന്നു......
എനിക്ക് പേടിയാകുന്നു ഇക്കാ.......
ഇവരുടെ അടുത്തേക്കല്ലേ ഞാനിനി.......
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു......
എന്നെ ലേബർ റൂമിലേക്ക് കൂട്ടി കൊണ്ടുപോകുമ്പോഴും ചെക്കപ്പ് നടത്തുമ്പോഴുമെല്ലാം അവളിലെ ഉള്ളിൽ ചെകുത്താൻ സടകുടഞ്ഞെഴുന്നേൽക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.......
എല്ലു നുറുങ്ങുന്ന പ്രസവ വേദനയെക്കാൾ എന്നെ വേദനിപ്പിച്ചത് അവൾക്ക് തന്നോടുള്ള സമീപനമാണ്.....
എന്തിനും ഏതിനും കയർക്കുന്നു.....
ഏതൊരു പെണ്ണും കരുണയും സഹാനുഭൂതിയും കാംഷിക്കുന്ന നിമിഷങ്ങൾ.....
പണ്ടൊക്കെ വീടുകളിൽ നടന്നിരുന്ന പ്രസവങ്ങൾ തന്നെയായിരുന്നു നല്ലതെന്ന് പലയാവർത്തി മനസ്സിൽ തോന്നി.......
ഒന്നുമില്ലെങ്കിലും പ്രിയപ്പെട്ടവരുടെ സാമീപ്യമെങ്കിലും ഉണ്ടാകുമല്ലോ.........!!!
വേദന കൂടട്ടെ എന്നും പറഞ്ഞ് ഇട്ടിട്ട് മണിക്കൂർ മൂന്നു കഴിഞ്ഞു.......
ലേബർ റൂമിൽ ഞാനും അവളും മാത്രമേയുള്ളൂ......
അവളാകട്ടെ സദാസമയവും ഫോണിലും........
വേദന സഹിക്കാൻ വയ്യാതെ ഞാനാകെ തളർന്നു പോകുന്നു...
ഇതിലും വലിയൊരു വേദന വരാനില്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ.....
അമ്മയെ വിളിച്ച് ഒന്നുറക്കെ കരയണമെന്ന് തോന്നി.....
അവസാന സഹികെട്ടപ്പോൾ ഞാൻ ചോദിച്ചു
...... സിസ്റ്റർ.......... ടൈം ആയില്ലേ..........!!!?????
ഡോക്ടർ വരുന്നില്ലേ.......???
സമയമായാൽ എനിക്ക് തന്നെ അറിയാം.....
ഫോണിൽ നിന്നും കണ്ണെടുക്കാതെ അവൾ പിറുപിറുത്തു........
കണ്ണിൽ ചോരയില്ലാത്ത ആ മനുഷ്യ പിശാചിന്റെ മുന്നിൽ കിടന്നു ഞാൻ മരിച്ചുപോകും എന്നു പോലും പേടിച്ചു..............
നിമിഷങ്ങൾ മണിക്കൂറിന്റെ ദൈർഘ്യത്തോടുകൂടി ഇഴഞ്ഞു നീങ്ങുമ്പോഴാണ് നൈറ്റ് ഷിഫ്ടിൽ ഡ്യൂട്ടിക്കായി അവർ കടന്നു വരുന്നത്.............
പുഞ്ചിരിക്കുന്ന മുഖവുമായി ഒരു സുന്ദരി മാലാഖ.....
വന്ന ഉടനെ അവർ എന്റെ അടുത്തേക്കാണ് വന്നത്...
എന്താ മോളെ ഇത്.......!!!!!??
ആകെ വിയർത്ത് നനഞ്ഞിരിക്കുന്നല്ലോ......!!?
എന്റെ തട്ടമെടുത്തു മുഖമെല്ലാം തുടച്ചു തന്നു......
സാരമില്ല...... നമ്മുടെ വാവക്ക് വേണ്ടിയല്ലേടാ..........
അവരുടെ വാക്കുകൾ കേട്ടപ്പോൾ മരുഭൂമിയിൽ മഴപെയ്ത പ്രതീതിയാണ് എനിക്ക് തോന്നിയത്....
അതുവരെ സംഹാര താണ്ഡവമാടി യിരുന്ന വേദനയൊക്കെ അലിഞ്ഞില്ലാതായ പോലെ.....
സമയമായില്ല സിസ്റ്റർ....... കുറേ നേരമായി വേദനയും സഹിച്ചിങ്ങനെ........
വന്നപ്പോൾ മുതൽ ചെയറിൽ സീറ്റ് ഉറപ്പിച്ചവൾ മൊഴിഞ്ഞു...........
ഞാനൊന്നു നോക്കട്ടെ........ അവർ പറഞ്ഞു......
ദൈവമേ............ ഇത് ലാസ്റ്റ് സ്റ്റേജിൽ എത്തിയിട്ടുണ്ടല്ലോ....... നീ ഇതുവരെ നോക്കിയില്ലേ......... അവർ അവളോട് ദേഷ്യപ്പെട്ടു......
പെട്ടെന്ന് പോയി മാടത്തെ വിളിക്കൂ...,... അവർ അട്ടഹസിച്ചു............
അവരുടെ പരിഭ്രാന്തി കണ്ട് ഞാനാകെ ഭയപ്പെട്ടു....
ഒന്നുമില്ലെടാ....... നല്ലപോലെ ദൈവത്തെ വിളിച്ചോളൂ......
അവർ എന്നെ സമാധാനിപ്പിച്ചു....
എന്നാലും അവരുടെ വാക്കിലെ വിറയൽ ഞാൻ ശ്രദ്ധിച്ചു......
അറിയുന്ന പ്രാർത്ഥനകളെല്ലാം ഉറക്കെ ഉരുവിട്ടുകൊണ്ടിരുന്നു....
അവർ എന്തൊക്കെ ചെയ്യുന്നുണ്ടായിരുന്നു..... ഞാൻ കണ്ണുമടച്ചു ദൈവത്തെയും വിളിച്ചു കിടന്നു.....
എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാത്ത സെക്കൻഡുകൾ.....
.
എന്റെ എല്ലാ വേദനകളിലും കൈകൾ കോർത്ത് അവർ കൂടെ നിന്നു......
പെട്ടെന്നാണ് വാവയുടെ കരച്ചിൽ....... ഞാൻ കണ്ണുതുറന്നു.......
മോനാണ്....... സിസ്റ്റർ പുഞ്ചിരിച്ചു......
ഞാൻ പോലുമറിഞ്ഞില്ല എന്റെ പ്രസവം......
അല്ല അവർ അറിയിച്ചില്ല..
അല്ലെങ്കിലും ചിലരുടെ സാമീപ്യം തന്നെ മതിയാകും നമുക്ക്......
..
ഡോക്ടർ ഓടിക്കിതച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു......
അവർ ഡോക്ടറോട് അടക്കം പറയുന്നത് ഞാൻ കേട്ടു......
""" എത്ര സമയമായെന്നറിയില്ല മേടം ഇവർ ഈ അവസ്ഥയിൽ...... ബേബിയുടെ (ഡ്യൂട്ടി നേഴ്സിന്റെ )അശ്രദ്ധ....... കുറച്ചുകൂടെ വൈകിയിരുന്നെങ്കിൽ........... അവൾക്കിത് എത്രാം തവണയാണ് പിഴവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.....
.""""
അവർ നെടുവീർപ്പിട്ടു.......
."""" നേഴ്സുമാരുടെ നിസ്തുല്യമായ സേവനങ്ങൾക്ക് വേദനകളെ ചെറുക്കാനും ഇരട്ടിപ്പിക്കാനും ഒരു പോലെ കഴിവുണ്ട്......... എല്ലാ സുമനസ്സുകളായ ഭൂമിയിലെ മാലാഖമാർക്കും വേണ്ടി സമർപ്പിക്കുന്നു..........."""""
M@h! M@j

Mahira

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo