Showing posts with label RadhaJayachandran. Show all posts
Showing posts with label RadhaJayachandran. Show all posts

ചുവന്ന പൂക്കളങ്ങൾ(കഥ)

" നോക്ക് ഏട്ടാ, പൂക്കളം ഇടാൻ അമ്മ സമ്മതിക്കുന്നില്ല. ഞാനിട്ട പൂക്കളം കാലുകൊണ്ട് തട്ടിത്തെറുപ്പിച്ചു". വീടിന്റെ ഉമ്മറത്ത് എന്നെ കാത്തിരുന്നു അവൾ സങ്കടം പറയാൻ.

മുറ്റം നിറയെ പൂക്കൾ ചിതറി കിടക്കുന്നു. അതിൽ കൂടുതലും ചുവന്ന പൂക്കളാണ്.
"സാരമില്ല മോളേ, ഏട്ടൻ വന്നല്ലോ. നമുക്ക് നാളെ പൂവിടാം."
"ഏട്ടാ ഞാൻ പൂവിറുത്തു വയ്ക്കട്ടേ".
"ശരി മോളേ. പൂ ഇറുക്കാൻ വെളിയിൽ എങ്ങും പോവണ്ട. ഇവിടെ ഉള്ളത് മാത്രം മതി."
അവൾ സന്തോഷത്തോടെ മുറ്റത്തേക്ക് ഇറങ്ങി.

അമ്മയുടെ മുഖം മ്ലാനമായിരുന്നു.
എന്തിനാ അമ്മേ അവളെ വെറുതെ വേദനിപ്പിക്കുന്നത്. അവൾക്ക് ഒന്നും അറിയില്ലല്ലോ എന്ന് ചോദിക്കണമെന്ന് വിചാരിച്ചു. വേണ്ട, ഒന്നും ചോദിക്കണ്ടെന്നു പിന്നെ തോന്നി.
അമ്മയ്ക്ക് ഒരിക്കലും ഒന്നും മറക്കാൻ കഴിയില്ലല്ലോ.

ഒരു ഓണക്കാലത്ത് അച്ഛൻ വരാൻ കാത്തിരിക്കുകയായിരുന്നു. ഓണക്കോടി കൊണ്ട് വരും എന്നുറപ്പായിരുന്നു. അവൾ ചെറിയ കുട്ടി. കാത്തിരുന്ന് ഉറങ്ങിപ്പോയി.
അമ്മയും ഞാനും ഉറങ്ങാതെ കാത്തിരുന്നു.
എന്താണാവോ വരാത്തത് അമ്മ അസ്വസ്ഥയായി പിറുപിറുത്തു കൊണ്ടിരുന്നു. കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.

രാഷ്ട്രീയ പ്രവർത്തകനായ അച്ഛൻ എപ്പോൾ വരാൻ വൈകിയാലും അമ്മ ഇങ്ങനെയാണ്. പേടിക്കാതെ വയ്യല്ലോ. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നവരിൽ ചിലരെയെങ്കിലും പലപ്പോഴും വീട്ടിൽ തിരിച്ചെത്തിയ്ക്കുന്നത് വെട്ടിനുറുക്കിയ നിലയിൽ പൊതിഞ്ഞു കെട്ടി കൊടിയും പുതപ്പിച്ച് റീത്തുകളും വച്ച് മുദ്രാവാക്യങ്ങളും മുഴക്കിയായിരിക്കും. ആവശ്യത്തിനും അനാവശ്യത്തിനും കൊലപ്പെടുത്തിയാണ് രാഷ്ട്രീയ പകപോക്കൽ. എന്ത് നേടാനാണ് ഇവരെല്ലാം ഇങ്ങനെ?
ഇത്രയേറെ പ്രവർത്തകരെ കൊലയ്ക്ക് കൊടുത്തിട്ട് ഇവർക്കൊക്കെ ഏതെങ്കിലും പാർട്ടിയെ വളർത്താനോ, തളർത്താനോ കഴിഞ്ഞിട്ടുണ്ടോ?

അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. അവർക്ക് ലാഭമല്ലേ ഉള്ളൂ. ഒരു രക്തസാക്ഷി ദിനം കൂടി ആചരിക്കാൻ രക്തസാക്ഷിയെ കിട്ടും.

നഷ്ടം ഞങ്ങൾക്കു മാത്രമല്ലേ !!
അങ്ങനെയൊരു പകപോക്കലിൻറെ, നഷ്ടപ്പെടലിൻറെ ഇരകളാണ് ഞങ്ങൾ.
ഓണക്കോടിയുമായി വന്ന അച്ഛനെ വീടിന്റെ മുന്നിലുള്ള വഴിയിൽ വച്ച് വെട്ടിനുറുക്കിയപ്പോൾ തെറിച്ചു വീണ ചുവന്ന ചോരപ്പാടുകൾ പുരണ്ട ഓണക്കോടിയും
കെട്ടിപ്പിടിച്ച് ഭ്രാന്തിയെപ്പോലെ അലമുറയിട്ടുകൊണ്ട് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. നോക്ക് മക്കളേ ഈ ഓണക്കോടി മുഴുവൻ ചുവന്ന പൂക്കളങ്ങൾ പോലെയായി.... ചുവന്ന പൂക്കളങ്ങൾ പോലെയായി.....

"ഏട്ടാ, നോക്കിയേ, ഇത്രയും പൂക്കൾ മതിയോ".
"മതി ധാരാളം."
പൂക്കളിൽ നിന്നും ചുവന്ന നിറമുള്ള പൂക്കൾ ഞാൻ എടുത്തു മാറ്റി.
"അയ്യോ ഏട്ടാ അത് മാറ്റാതെ. പിന്നെ കുറച്ചു പൂവല്ലേ ഉള്ളൂ."

ചുവന്നചോരപ്പാടുകൾ അമ്മയിൽ ഏല്പിച്ച ആഘാതത്തിന് ഇന്നും മാറ്റമില്ല. അതുകൊണ്ടാണ് അവൾ ഇട്ട ചുവന്നപുക്കൾ നിറഞ്ഞ പൂക്കളം ഇന്ന് തട്ടിത്തെറുപ്പിച്ചത് എന്ന് അവൾക്ക് അറിയില്ലല്ലോ.

"ഇത് മതി മോളെ. നമുക്ക് ചുവന്ന പൂക്കൾ വേണ്ട. വെളുത്ത പൂക്കൾ മതി."

അവളുടെ മുഖത്ത് നോക്കാതെ ഇത് പറയുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

*രാധാ ജയചന്ദ്രൻ, വൈക്കം.*
03.09.2020.

വൈക്കത്തഷ്ടമി നാളിൽ


തിരുവൈക്കം വാഴും ശ്രീമഹാദേവൻറെ,
തിരുനടയിൽ ഞാൻ വീണ്ടുമെത്തി.
അഷ്ടമി ദർശന പുണ്യം തേടി,
അടിയനെത്തി വീണ്ടും തിരുനടയിൽ.
കൂവളമാല കാണിക്കയായ് വച്ച്,
താണുവണങ്ങുന്നു തമ്പുരാനേ.
കദനങ്ങളെല്ലാം അകറ്റാൻ അടിയനിൽ,
കരുണയുണ്ടാകണേ കാരുണ്യമൂർത്തേ.
നമിക്കുന്നു നിൻ തിരുമുന്നിൽ നിത്യവും,
ജപിക്കുന്നു മുടങ്ങാതെ നിൻ തിരുനാമവും,
കിട്ടുന്നു ഞങ്ങൾക്ക് മുട്ടാതെ അന്നവും,
നിൻ കൃപാകടാക്ഷത്താൽ ഭഗവാനേ.
ജന്മപുണ്യം ഈ അഷ്ടമി ദർശനം,
കണ്ടു വണങ്ങി മടങ്ങും നേരം,
നിറഞ്ഞു നിൽപ്പൂ എൻ മനസ്സിനുള്ളിൽ,
തിരുവൈക്കത്തപ്പാ നിൻ ദിവ്യരൂപം.
പ്രാർത്ഥന ഒന്നേ ഒന്ന് മാത്രം പ്രഭോ
മായാതെ,മറയാതെ നിൻ ദിവ്യരൂപം,
എന്നുള്ളിൽ എന്നുമുണ്ടാവാൻ കനിയണേ,
അന്നദാനപ്രഭുവേ വൈക്കത്തപ്പാ.
രാധാ ജയചന്ദ്രൻ,വൈക്കം
10.12.2017.

സ്റ്റാറ്റസ്

സ്റ്റാറ്റസ്
“അനൂ. നീ ഒന്ന് വേഗം വന്നേ. അച്ഛൻ ദാ വെളിച്ചപ്പാടിനെ പോലെ നിന്ന് തുള്ളുന്നു എന്താ കാര്യം എന്ന് ചോദിച്ചേ”
“ അമ്മക്ക് ചോദിച്ചു കൂടേ”
“എനിക്ക് വയ്യാ. നീയാകുമ്പോൾ അച്ഛൻ ദേഷ്യപ്പെടില്ല”
“അമ്മേ, വെളിച്ചപ്പാടിനെ പോലെ എന്ന് പറഞ്ഞിട്ട് അച്ഛൻറെ കയ്യിൽ വാളില്ലല്ലോ. ഒരു ബുക്കും പിടിച്ചോണ്ടല്ലേ തുള്ളുന്നത്.”
“അവളുടെ ഒരു കിന്നാരം പോയി ചോദിക്ക് “
“അച്ഛാ എന്ത് പറ്റി”.
“ഒന്നും പറ്റിയില്ല. ഇതുകണ്ടോ ഇതു പലവജ്ഞനകടയിലെ പറ്റുബുക്ക്. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങളെല്ലാവരും ഇവിടെ മൂന്നു നേരവും മുട്ടയാണോ കഴിക്കുന്നത്.”
“മുട്ടയോ?”
“മുട്ട എന്താ എൻറെ മോള് കേട്ടിട്ടില്ലേ. ഇ മാസം മൂവായിരം മുട്ട വാങ്ങിയിരിക്കുന്നു.”
“മൂവായിരം? അച്ഛൻ പൂജ്യത്തിനു വിലയില്ല എന്നും പറഞ്ഞു പൂജ്യം കൂട്ടി പറയാതെ. മൂവായിരം ഇല്ല. മുന്നൂറ് മുട്ട വാങ്ങി കാണും “
“വാങ്ങി കാണുമെന്നല്ല. വാങ്ങിയിരിക്കുന്നു അതാ ഞാൻ ചോദിച്ചത് നിങ്ങൾ മൂന്ന് നേരവും മുട്ടയാണോ കഴിക്കുന്നത് എന്ന്”
“അച്ഛാ ഒരു ദിവസം പത്തു മുട്ട വച്ച് ഒരു മാസം മുന്നൂറ് മുട്ട.”
“നീ എന്നെ കണക്കൊന്നും പഠിപ്പിക്കേണ്ട. അതെന്തിനാണെന്നറിഞ്ഞാൽ മതി”
“അച്ഛൻ സമാധാനപ്പെട്. ഇത് ഏട്ടന് വേണ്ടി വാങ്ങുന്നതാ.”
“അവൻ കഴിക്കുന്നതാണോ ഇതു മുഴുവൻ. എൻറെ ദൈവമേ! എനിക്ക് ആലോചിക്കാൻ കൂടി വയ്യ. അവൻ ആയുസ്സെത്താതെ …… നിൻറെ അമ്മ കൂടി അറിഞ്ഞുകൊണ്ടാണോ ഇത്. നീ അമ്മയെ വിളിക്ക്”.
“അമ്മ എന്നെ അച്ഛൻറെ മുന്നിൽ ഇട്ടു തന്നിട്ട് എപ്പോഴേ പഞ്ചായത്തു വിട്ടു പോയി കാണും. ഏട്ടൻ മുട്ട കഴിച്ചു എന്ന് പറഞ്ഞു തട്ടി പോകുമൊന്നും ഇല്ല. അച്ഛൻ ഒന്നും അറിയാഞ്ഞിട്ടാ. ഏട്ടൻ മിസ്റ്റർ പഞ്ചായത്തായി മത്സരിക്കുവാൻ പോകുവാ. സിക്സ് പാക്ക് ഉണ്ടാക്കുവാൻ വേണ്ടി ദിവസവും മുടങ്ങാതെ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നുണ്ട്.”
“അവനോട് പറയ് രാവിലെ കുറച്ചു പഴങ്കഞ്ഞിയും കുടിച്ചിട്ട് തൂമ്പയും എടുത്തു എൻറെ കൂടെ വന്നു ആ പറമ്പിലും പാടത്തും കുറച്ചു പണി ചെയ്യാൻ. എനിക്ക് വയ്യാതായി തുടങ്ങി. എനിക്കൊരു സഹായവും ആകും, സിക്സ് പാക്കും ശരിയാകും, മുട്ടയുടെ പൈസയും ലാഭം. സഹായത്തിനു നിൽക്കുന്ന ബംഗാളി പയ്യന്മാരെ വച്ച് പണി ചെയ്യിക്കാൻ ഞാൻ പെടുന്ന പാട്. ഞാൻ പറയുന്നത് അവർക്കും, അവർ പറയുന്നത് എനിക്കും മനസിലാവില്ല”.
“അയ്യേ അച്ഛൻ എന്താ പറയുന്നേ. ഏട്ടനെ അങ്ങെനത്തെ പണിക്കൊന്നും കിട്ടുകയില്ല അതൊക്കെ സ്റ്റാറ്റസിന് കുറവല്ലേ.”
“അപ്പോൾ ഈ പണിയൊക്കെ എടുത്ത് നിങ്ങൾക്ക് ഭക്ഷണത്തിന് വഴിയുണ്ടാക്കി തരുന്ന ഞാനും സ്റ്റാറ്റസ് ഇല്ലാത്തവൻ ആണെന്ന് പറയുമോ.” എന്ന് ചോദിച്ചപ്പോൾ
അച്ഛൻറെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞുവോ?
“അച്ഛാ ഞാൻ വെറുതെ . വിഷമമായോ ".
"ജീവിതത്തിൽ നിങ്ങൾ ഒരിക്കൽ പോലും
കഷ്ടപ്പെടാൻ ഇടവരരുത് എന്നാഗ്രഹമുള്ളതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വിഷമം ഇല്ലാതില്ല."
ശരിയാകുമായിരിക്കും എന്ന് പറഞ്ഞു കൊണ്ട്
കൈയ്യിലിരുന്ന പറ്റുബുക്ക് വരാന്തയിൽ ഇട്ടിട്ട് അച്ഛൻ മുഖത്തു നോക്കാതെ ഇറങ്ങി പോയി.
രാധാ ജയചന്ദ്രൻ, വൈക്കം.
27.11.2017.

കോപ്രായക്കാരൻ


( എല്ലാ മിമിക്രി കലാകാരന്മാർക്കും ആദരവോടെ അതിലേറെ സ്നേഹത്തോടെ )
വാതിൽ പകുതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പാതി മയക്കത്തിൽ ആരോ മൃദുവായി തട്ടിയെന്ന് തോന്നിയപ്പോൾ ചാടി എഴുനേറ്റു. ജനലിലൂടെ അരിച്ചിറിങ്ങുന്ന നിലാവെളിച്ചത്തിൽ അരികെ ഒരു രൂപം.
“അയ്യോ ആരാ”
“അനൂ കിടന്നു കൂവാതെ. ഇതു ഞാനാ.”
“അമ്മയോ? പാതിരാക്ക് അമ്മയെന്താ മനുഷ്യരെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ.”
“പതിയെ, പതിയെ ബഹളം വയ്ക്കാതെ അച്ഛൻ ഉണരും. മണി മൂന്ന് കഴിഞ്ഞു. അവൻ വന്നോ എന്നറിയാനാ.”
കുറെ നേരം ഞാൻ കാത്തു. പിന്നെ മയങ്ങി പോയി. അമ്മ വരൂ നമുക്ക് നോക്കാം ചിലപ്പോൾ വിളിക്കാൻ മടിച്ചു സിറ്റ്ഔട്ടിലിരുന്നു ഉറങ്ങുന്നുണ്ടാവും.
ശബ്ദം കേൾക്കാതെ മുൻ വശത്തെ വാതിൽ തുറന്ന് നോക്കി
“ഇല്ലമ്മേ ഏട്ടൻ വന്നിട്ടില്ല”
“ഇന്നെവിടെയാണോ ആവോ അവന് പരിപാടി. കഴിഞ്ഞ ദിവസം പ്രോഗ്രാം തുടങ്ങാൻ താമസിച്ചതിന് നാട്ടുകാർ ബഹളം ഉണ്ടാക്കിയെന്നോ, കല്ലെറിഞ്ഞെന്നോ ഒക്കെ പറഞ്ഞു”.
“അതൊക്കെ ഇതിൻറെ കൂടെ ഉള്ളതാണമ്മേ. അമ്മ പോയി കിടന്നോളൂ. വയ്യാത്തതല്ലേ ഞാൻ ഇരുന്നോളാം.”
അമ്മക്ക് പോകാൻ മനസ്സില്ലാത്തതു പോലെ ഗെയ്റ്റിലേക്കും നോക്കി നിൽപ്പാണ്. അമ്മയെ ഉന്തി തള്ളി അകത്തു കയറ്റി വാതിൽ അടക്കാൻ തുടങ്ങുമ്പോൾ……
“അമ്മയും അനിയത്തിയും കൂടി കലാകാരനെ കാത്തു ഉറക്കം ഒഴിഞ്ഞു ഇരിപ്പാണല്ലേ. രണ്ടു പേരും കൂടി വളം വച്ചു കൊടുത്തിട്ടാണ് അവനിങ്ങനെ ആയി പോയത്.
ഇല്ലാത്ത കാശുണ്ടാക്കി എൻട്രൻസ് കൊച്ചിങ്ങിന് ഒരു വട്ടമല്ല, രണ്ടു വട്ടം ചേർത്തതല്ലേ എന്നിട്ട് എല്ലാം കളഞ്ഞു കുളിച്ചു നടക്കുന്നു അമ്പല പറമ്പുകൾ തോറും പാട്ടും കൂത്തുമായ്.”
അച്ഛൻ മുറിക്കകത്ത് കയറി ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു. അച്ഛൻ എപ്പോഴും ഇങ്ങനാ. ഏട്ടനെ കണ്ടാൽ അപ്പൊ തുടങ്ങും.കോച്ചിങ്ങ് ക്ലാസ്സിൻറെ കഥ. ഏട്ടനാണെങ്കിൽ അതിലൊന്നും താല്പര്യമില്ല. ചറുപ്പം മുതൽ മിമിക്രിയും പാട്ടുമാണ് ഏട്ടന്റെ കലാപരിപാടികൾ. പ്ലസ് ടുവിന് ശേഷം സംഗീതം പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഏട്ടൻ പറയുന്നത് അച്ഛൻ കേട്ട ഭാവം പോലും കാട്ടിയില്ല. ഏട്ടൻ ഇപ്പോഴും പറയും സംഗീതം പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കുറച്ചു കൂടി ആത്മവിശ്വാസത്തോടെ പാടാൻ കഴിയുമായിരുന്നു എന്ന്. അത് വഴി സിനിമയിലൊക്കെ എത്തിപ്പെടാൻ പറ്റുമെന്നായിരിന്നിരിക്കും സ്വപ്നം കണ്ടത്.
ഇന്ന് ഏട്ടൻ ആകെ മൂഡിയായിരുന്നു. സാധാരണ പ്രോഗ്രാമിന് പുറപ്പെടുന്നതിനു മുൻപ് ഇന്നത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള മിമിക്രി എനിക്കും അമ്മയ്ക്കും വേണ്ടി കാണിക്കും. പാടാൻ ഉദ്ദേശിച്ച പാട്ടുകൾ പാടും. പ്രോഗ്രാം കഴിഞ്ഞു വന്നാലും അതുപോലെ തന്നെ വിശേഷം എല്ലാം പറയും. കൈയ്യടി കിട്ടിയതും, കൂക്കി വിളിച്ചതും, കമ്മറ്റിക്കാർ പറ്റിച്ചതും, ട്രൂപ്പിലുള്ള ആരെങ്കിലും വരാതായാലുള്ള പൊല്ലാപ്പുകളും എല്ലാം വള്ളി പുള്ളി വ്യത്യാസമില്ലാതെ പറയും. ഏട്ടൻ വീട്ടിലുള്ളപ്പോൾ എപ്പോഴും ചിരിയുടെ പൂരം
അമ്മയെ വേദനിപ്പിക്കണ്ട എന്ന് വിചാരിച്ചാണ് ഒന്നും പറയാത്തത്. ഇന്ന് പരിപാടിക്ക് പോകുന്നതിന് മുൻപ് ഏട്ടൻ പതിവില്ലാതെ ചോദിച്ചു
“അനൂ നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഞാൻ വെറുമൊരു കോപ്രായക്കാരൻ ആണെന്ന്”.
“എന്താ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം”
ഇന്നലെ ഞാൻ ജംഗ്ഷനിൽ ട്രൂപ്പിന്റെ വാൻ കാത്തു നിൽക്കുമ്പോൾ അച്ഛനും, കോച്ചിങ്ങ് സെൻററിലെ വേണു മാഷും അവിടെ നിന്നിരുന്നു. വേണു മാഷ് ഞാൻ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറയുകയാണ് അവൻ എവിടെയോ കോപ്രായം കാട്ടാൻ പോവുകയാണെന്ന്. ഇവനൊരുത്തൻ കോപ്രായം കാട്ടി നടക്കുന്നു.. ഇവൻറെ അനുജൻ ഒരു വർഷം കൂടി കഴിഞ്ഞാൽ എംബിബിഎസ് പൂർത്തിയാക്കി ഡോക്ടർ ആയി വരും. ഇളയവനാണെങ്കിലും അവനെ കണ്ടു പഠിച്ചുകൂടെ. ഇവനും അവനെ പോലെ ആയാലെന്തായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ കുറ്റപ്പെടുത്തുമ്പോൾ, കോപ്രായക്കാരൻ എന്ന് പറയുമ്പോൾ മാഷാണെന്ന കാര്യം കൂടി അച്ഛൻ മറന്നു പോകും.
“അപ്പോ ഇനി മുതൽ കോപ്രായം കാട്ടാൻ പോകുന്നില്ലെന്നാണോ “
.
“പിന്നെ പോകാതെ. ഞാനിവിടെ ഇങ്ങനെ ഇരുന്നാൽ എൻറെ ട്രൂപ്പിലെ ഡോക്ടറും, എൻജിനീയറും ഒന്നും തന്നെ സ്വപ്നം പോലും കാണുവാൻ കഴിയാത്ത കൂട്ടുകാരുടെ കാര്യം കഷ്ടത്തിലാകും അവർക്കും ജീവിക്കേണ്ടേ. അജിത്തിൻറെ അനുജത്തിയുടെ കല്യാണം, സണ്ണിയുടെ അച്ചായന്റെ ഹാർട്ട് ഓപ്പറേഷൻ, ഇതിനെല്ലാം ഞങ്ങൾ വഴി കണ്ടെത്തണം അതിനു ഞങ്ങൾ കോപ്രായം കാട്ടിയേ മതിയാകൂ. കൂടെ എൻറെ അനുജൻറെ പഠിപ്പിനും എന്നെ കൊണ്ട് ആവുന്നതുപോലെ. ഞാൻ പരിപാടി അവതരിപ്പിച്ചു കിട്ടുന്ന, അച്ഛൻറെ ഭാഷയിൽ പറഞ്ഞാൽ കോപ്രായം കാട്ടി കിട്ടുന്ന പണത്തിൽ നിന്നും എൻറെ അനുജത്തിക്കുട്ടിയുടെ കല്യാണത്തിന് എന്തെങ്കിലും ചേർത്ത് വയ്ക്കേണ്ടേ. അച്ഛൻ മാഷിൻറെ ശമ്പളം കൊണ്ട് എല്ലാം കൂടി കൂട്ടിയാൽ കൂടുകയില്ലല്ലോ.
“ഓഹോ അപ്പോൾ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുകയാണല്ലേ നല്ല സ്നേഹമുള്ള ഏട്ടൻ”
“ഒരു കാര്യത്തിൽ ഇപ്പോഴേ എനിക്ക് വിഷമമുണ്ട്. നിൻറെ കുഞ്ഞേട്ടൻ ഡോക്ടറായി വരുമ്പോൾ എന്നെ, ഇ കോപ്രായക്കാരനെ നീ തഴഞ്ഞു കളഞ്ഞാൽ അത് മാത്രം എനിക്ക് സഹിക്കൂല്ല. അങ്ങനെ നീ ചെയ്താൽ പറഞ്ഞേക്കാം നിന്നെ കൊല്ലും ഞാൻ”.
ഇന്നത്തെ പോഗ്രാം എങ്ങനെ ആകുമോ എന്തോ നീ പ്രാർത്ഥിക്ക് അടി കിട്ടാതിരിക്കാൻ എന്നും പറഞ്ഞാണ് ഇറങ്ങി പോയത്.
അമ്മ സമാധാനമില്ലാത്തതുപോലെ പിന്നെയും ഇറങ്ങി വന്നു.
“എനിക്ക് ഇനി ഉറക്കം വരില്ല കുട്ടീ. ചിലപ്പോൾ തോന്നും അച്ഛൻ പറയുന്നതാ ശരിയെന്ന് എത്ര കാലം ഇങ്ങനെ നടക്കും. അവനും പഠിച്ചു ഏതു നിലയിൽ എത്തേണ്ടതാ “
“അതൊന്നും സാരമില്ല അമ്മേ. ഏട്ടന്റെ വഴി ഇതായിരിക്കും. മിമിക്രിയിൽ നിന്നും എത്രയോ പേരാണ് സിനിമയിലും, ടിവിയിലും , സ്റ്റേജ് ഷോകളിലും പ്രശസ്തരായിട്ടുള്ളവർ.”
“അതൊക്കെ വിരലിൽ എണ്ണാവുന്നവർ അല്ലേ മോളേ. ഒരിടത്തും എത്തിപ്പെടാത്തവർ അതിൻറെ എത്രയോ ഇരട്ടി കാണും.”
നേരം വെളുക്കുന്നതു വരെ ഏട്ടൻ വന്നില്ല. ചിലപ്പോൾ വൈകുന്ന ദിവസങ്ങളിൽ കൂട്ടുകാരുടെ ആരുടെയങ്കിലും വീട്ടിൽ തങ്ങുന്ന പതിവുണ്ട്.
അച്ഛൻ സ്കൂളിലേക്ക് ഇറങ്ങുവാൻ സമയം ചോദിച്ചു. ‘അവൻ ഇതുവരെ വന്നില്ലേ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു ചോദിക്ക്."
“അച്ഛൻറെ ഒരു സ്നേഹം. ഇന്നലെ ഏട്ടനെ പറഞ്ഞതിൻറെയെല്ലാം കുറ്റബോധമായിരിക്കും”.
“രണ്ടുപേരുടെയും പഠിപ്പിന്റെ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെ,
അവനേക്കാൾ നന്നായി പഠിക്കുന്ന അനുജനുവേണ്ടിയാണ് എൻട്രൻസ് പോലും എഴുതാതെ പാട്ടു പഠിച്ചാൽ മതി എന്നും പറഞ്ഞു ഉഴപ്പിയത് എന്ന് എനിക്കറിയില്ലാ എന്നാണോ എൻറെ മോള് വിചാരിച്ചു വച്ചിരിക്കുന്നത്.
പക്ഷേ നിനക്ക് മനസിലാവില്ല കുട്ടീ അവൻറെ അനുജൻ നാളെ നിലയും, വിലയും ഉള്ളവനായി ജിവിക്കുമ്പോൾ ഇവൻറെ ഭാവി എന്തായി തീരും എന്ന ആധിയാണ് എനിക്ക്. അനുജൻറെ ജീവിതത്തിനു മുൻപിൽ ഇവൻ ചെറുതായി പോകരുത് എന്ന ചിന്തയാണ് എന്നെകൊണ്ട് ഇങ്ങനെ പറയാൻ ഇടവരുത്തുന്നത്. അത് അവനും നിങ്ങൾക്കും വേദനയുണ്ടാക്കുന്ന രീതിയിൽ ആയി പോകുന്നു. ഇനിയും വൈകിയിട്ടില്ലല്ലോ സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്താൻ എൻറെ കുറ്റപ്പെടുത്തലുകൾ ഉപകരിച്ചെങ്കിൽ....
ഇന്നിവനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന നീ പോലും മാറിപ്പോകും മോളെ അതാണ് കാലം.
ഇന്നത്തെ സമൂഹത്തിൽ പണവും പ്രതാപവും ഉദ്യോഗവും, അധികാരകാരമുള്ളവർക്കും അല്ലേ സ്ഥാനമുള്ളൂ. സാധാരണക്കാരന് എന്ത് വില”.
"അച്ഛാ, ഇത്രയും സ്നേഹം ഏട്ടന് വേണ്ടി മനസ്സിൽ ഉണ്ടായിട്ടാണോ പാവത്തിനെ വെറുതെ കോപ്രായക്കാരൻ എന്ന് വിളിച്ച് വേദനിപ്പിക്കുന്നത് "
"നീ ഇപ്പോൾ എന്താ പറഞ്ഞേ" ഇന്നസെന്റിനെ പോലെ കഴുത്തു ചരിച്ച്, തല വെട്ടിച്ച് കൊണ്ട് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ അന്തം വിട്ടു പോയി.
അതു ശരി ഏട്ടനേക്കാൾ വലിയ കോപ്രായക്കാരൻ അച്ഛനാണല്ലോ കൊച്ചു ഗള്ളൻ എന്ന് വിളിക്കാനാണ് തോന്നിയത്.
"അച്ഛാ ദാ ഏട്ടൻ വരുന്നു. ഏട്ടന്റെ ട്രൂപ്പിൽ അച്ഛനെ കൂടി എടുക്കാൻ പറയട്ടേ. അച്ഛനും മോനും സൂപ്പറാ ട്ടോ കലക്കും."
നീ ഒന്ന് പോടീ മോളേ. അവൻ കോപ്രായക്കാരൻ ആയതിൻറെ ക്രെഡിറ്റ് എനിക്ക് തന്നെയാ” ഏട്ടനെ കാണാത്ത ഭാവത്തിൽ അച്ഛൻ കടന്നു പോയി.
പതിവില്ലാതെ അച്ഛൻറെ ഭാവമാറ്റം കണ്ട് പകച്ചു പോയി ഏട്ടൻ.
“വട്ടായോ” ഏട്ടൻ ചോദിച്ചു “അച്ഛൻ മാഷിനെ ഇങ്ങനെ കാണാറില്ലല്ലോ.”
“അതെ വട്ടായി.ഏട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് വട്ടായതാണ്. വന്ന കാലിൽ തന്നെ നിൽക്കാതെ കേറി വാ ഏട്ടാ പറയാം.
ചിലരങ്ങനെയാണ് മനസ്സിൽ കടലോളം സ്നേഹം നിറഞ്ഞു കവിഞ്ഞാലും വെളിയിൽ കാണിക്കില്ല.”
അമ്മചിരിക്കണോ കരയണോ എന്നറിയാതെ തേങ്ങലടക്കാൻ പാടു പെടുന്നു
രാധാ ജയചന്ദ്രൻ, വൈക്കം
08.05.2017

ഓമൽക്കിനാവ്


ഓമൽക്കിനാവ്
ഓമൽക്കിനാവായ് ഇന്നും മനസ്സിൽ,
ഓമലേ മിഴിവോടെ നിൻറെ രൂപം.
ഓമലേ ചേലുള്ള നിൻറെ രൂപം.
ഒരുകുടക്കീഴിൽ കഥകൾ പറഞ്ഞ്,
ഒരുമിച്ച് നമ്മൾ നടന്നൊരാനാളിൽ,
ഒരു മയിൽപ്പീലിയെൻ പുസ്തകത്താളിൽ,
ഒളിപ്പിച്ച് കൊഞ്ചി കുണുങ്ങി നിന്ന രൂപം.
ഓമലേ ചേലുള്ള നിൻറെ രൂപം.
ഓംകാരപ്പൊരുളിൻറെ തിരുനടയിൽ,
ഓംകാര മന്ത്രങ്ങൾ ഒരുവിട്ട് നിന്നപ്പോൾ,
ഒറ്റക്കൽ മണ്ഡപത്തിന്നരികെ നിന്ന്,
ഒളികണ്ണാൽ നോക്കി നിന്ന നിൻ രൂപം.
ഓമലേ ചേലുള്ള നിൻറെ രൂപം.
ഓണനിലാവത്ത് ചാരത്ത് വന്നു നിൻ,
ഓമനപ്പൂമുഖം എൻ മാറിൽ മറച്ച് ,
ഒരു നൂറു സ്വ പ്നങ്ങൾ പങ്കിട്ട് തന്നിട്ട് ,
ഓടിയകന്ന നിൻറെ രൂപം
ഓമലേ ചേലുള്ള നിൻറെ രൂപം.
രാധാ ജയചന്ദ്രൻ,വൈക്കം
09.04.2017

വിശ്വാസം രക്ഷിക്കട്ടെ


വിശ്വാസം രക്ഷിക്കട്ടെ
സന്ധ്യ മയങ്ങി തുടങ്ങി. ജോലി കൂടുതലുള്ള ദിവസമാണ്. ചിലപ്പോൾ വൈകുമെന്ന് പറഞ്ഞിരുന്നു . അവൻ വരുന്നതു വരെ കാത്തു നിന്നാൽ ഇരുട്ടിപോകും . പോയിട്ട് വേഗം മടങ്ങി വരാം.
വീട് പൂട്ടി കൊണ്ടു നിൽക്കുമ്പോൾ പിറകിൽ അവൻറെ ശബ്ദം .
"അമ്മ എങ്ങോട്ടാ ഈ സന്ധ്യയ്ക്ക്? " ആ ശബ്ദത്തിൽ ഒരു പന്തികേട്. ഇഷ്ടക്കേടോ? ദേഷ്യമോ? .
“അമ്പലത്തിൽ. ഇന്ന് പ്രദോഷം ആണ് ഒന്നു പോയി തൊഴുതിട്ട് വരാം. നട അടച്ചു കാണുമോ എന്തോ?
“നട അടയ്ക്കും. വേഗം പൊയ്ക്കോ. എനിക്ക് ഓർമ്മ വച്ച കാലം മുതൽ അമ്മ അഷ്ടമിയും, ആയില്യവും, പ്രോദോഷവും ഒക്കെ തൊഴാൻ തുടങ്ങിയിട്ട്. എന്നിട്ട് നമ്മുടെ ദോഷം വല്ലതും മാറിയോ ? കൂടിയതല്ലാതെ .
ഇവന് ഇന്ന് എന്തു പറ്റി. .എന്താ ഇങ്ങനെയൊക്കെ പറയാൻ. മറുപടി ഒന്നും പറയാതെ അവൻറെ മുഖത്തു നോക്കി നിന്നതേയുള്ളു.
" വെളിച്ചപ്പാടിന്റെ വേഷം കെട്ടി ഒരു ജന്മം മുഴുവൻ ദൈവങ്ങളുടെ മുന്നിൽ ഉറഞ്ഞു തുള്ളി, നിറഞ്ഞ് ആടിയ അച്ഛൻ, ഒരുനാൾ കാലിടറി ഹോമകുണ്ഠത്തിൽ വീണ് വെന്തു പിടഞ്ഞപ്പോൾ, ഈ ദൈവങ്ങളെല്ലാം എവിടെയായിരുന്നു അമ്മേ? ഒരു കൈത്താങ്ങാകാൻ, ഒന്ന് കൈ പിടിച്ചുയർത്താൻ ഒരു ദൈവത്തേയും കണ്ടില്ലല്ലോ?” അതോ അമ്മയുടെ ഈ ദൈവങ്ങളെല്ലാം അന്ന് ഉറക്കമായിരുന്നോ?
"
"മക്കളെ!" വേദനയോടെ വിളിച്ചു.” എന്നെ ഒന്നും ഓർമ്മിപ്പിക്കരുതേ...”
“അമ്മയെ വേദനിപ്പിക്കാനോ, ഒന്നും ഓർമ്മിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല. ഈ മുറ്റത്ത് എത്തുമ്പോൾ, ഉമ്മറക്കോലായയിലെ ഒഴിഞ്ഞ കസേര കാണുമ്പോൾ , വെന്തു പിടയുന്ന അഛന്റെ രൂപമാണ് മനസ്സിൽ തെളിയുന്നത് . അച്ഛൻ വേദന കൊണ്ട് കരയുന്ന ശബ്ദ്മാണ് കാതിൽ ഇന്നും. ആ ശപിക്കപ്പെട്ട ദിവസം, നഷ്ടപ്പെട്ടതാണ് അന്നു വരെ ഞാൻ വണങ്ങിയ ദൈവങ്ങളിലുള്ള വിശ്വാസം ."
.
അമ്മ കരയല്ലേ! അമ്മയെ നെഞ്ചോടു ചേർത്ത് പിടിച്ച്, ഒട്ടിയ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു. “ അമ്മ പോയ്ക്കോളൂ .അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കട്ടെ.”
“ഞാൻ കൂടെ വരാം അമ്മയ്ക്ക് തുണയായിട്ട് "
രാധാ ജയചന്ദ്രൻ,വൈക്കം
11.03.2017.

കണ്ണീർ പ്രണാമം


കണ്ണീർ പ്രണാമം
ചാലക്കുടിക്കാരൻ ചങ്ങാതിക്ക്,
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം.
നീ പാടി പതിഞ്ഞ പാട്ടിൻറെ ഈരടി, 
കടമായ് ഞാനിന്ന് എടുത്തു കൊള്ളട്ടെ.
"ഉമ്പായി കുച്ചാണ്ട് പ്രാണൻ കത്തണുമ്മാ”,
എന്നു പാടി കരയിച്ചു ഞങ്ങളെ.
മണികിലുക്കം പോലെ ചിരിയുമായ് വന്ന്,
മലയാളത്തിൻറെ മനസ്സും കവർന്ന്,
മണ്ണോട് ചേർന്ന് മറഞ്ഞു പോയപ്പോൾ,
വീണ്ടും കരയിച്ചു നീ ഞങ്ങളെ.
താരമായ് മാറി അകന്നു നിൽക്കാതെ,
ഈ നാടിൻറെ ഒപ്പം നടന്നു നീ എന്നും.
ഈ വഴിത്താരയിൽ പാട്ടും, ചിരിയുമായ്,
ഇനി ഒരുനാളും വരില്ലെന്ന സത്യം,
ഉൾക്കൊള്ളാനാവാതെ ഇന്നും,
കണ്ണീരൊഴുക്കുന്നു നിൻ പ്രിയ നാട്.
കാലത്തിനൊന്നും അണക്കുവാനാകാത്ത,
സങ്കടത്തീയാണ് മനസ്സിനുള്ളിൽ.
വർഷങ്ങളെത്ര കടന്നു പോയീടിലും
മറക്കില്ല, മറക്കുവാനാകില്ല ഞങ്ങൾക്ക്.
മായാത്ത സ്നേഹസ്മരണകളോടെ,
പ്രണാമം, പ്രണാമം, കണ്ണീർ പ്രണാമം.
ചാലക്കുടിക്കാരൻ ചങ്ങാതിക്ക്,
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം
രാധാ ജയചന്ദ്രൻ, വൈക്കം
06.03.2017

ആത്മസഖി


ആത്മസഖി
ആയിരം ദീപങ്ങൾ മിഴി ചിമ്മി നിൽക്കുന്ന,
അമ്പല നടയിൽ വച്ചൊരു സന്ധ്യാ നേരത്ത്,
ആദ്യമായ് കണ്ടു എൻ സഖിയെ.
ആദ്യമായ് കണ്ടു എൻ സഖിയെ.
ആ മുഖം ആദ്യമായ് കണ്ടു നിന്നപ്പോൾ,
ആത്മാവിൽ കുളിർ മഴ പെയ്ത പോലെ.
ആ നിമിഷം ഞാൻ കുറിച്ചിട്ടു മനസ്സിൽ,
അവളാന്റെ ആത്മസഖി.
അവൾ മാത്രമാണെന്റെ ആത്മസഖി .
അന്തിവെയിലിന്റെ പൊൻപ്രഭയേറ്റ്,
അരുണാഭമായ മുഖശ്രീയോടെ,
അരളിയും,ചെത്തിയും,ചെന്താമരയും'
അരുമയോടെ വച്ച പൂത്താലവുമായ്,
അവൾ വരുന്നതും കാത്തു ഞാൻ നിന്നു,
അമ്പല മുറ്റത്തെ ആൽമരചോട്ടിൽ.
അഷ്ടപദിയുടെ രാഗലയങ്ങൾ,
അലയടിക്കുന്ന ഈ ധന്യ വേളയിൽ,
ആട്ടവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ,
അവളുടെ കണ്ണുകൾ കഥ പറയുന്നത്,
ആരോരും കാണാതെ കണ്ടു ഞാൻ നിന്നു,
ആത്മ ഹർഷത്തോടെ കണ്ടു നിന്നു.
അഷ്ടമി രോഹിണി നാളിൽ,
അമ്പാടി കണ്ണൻറെ തിരുനടയിൽ ,
അഞ്ജനമെഴുതിയ കണ്ണുകൾ പൂട്ടി,
അഞ്ജലിബദ്ധയായ് അവൾ നിന്നു ,
ആരാധനയോടെ ഞാൻ അരികെ,
 അവളുടെ കാർവർണനായ്.
രാധാ ജയചന്ദ്രൻ, വൈക്കം.
05.03.2017.

നൊമ്പര കാഴ്ച്ച


നൊമ്പര കാഴ്ച്ച
"ടീച്ചർ ആക്സിഡന്റ് ആണെന്ന് തോന്നുന്നു”. ബസ് റോഡ് സൈഡിൽ ഒതുക്കുന്നതിനിടയിൽ ഡ്രൈവർ രവി പറഞ്ഞു.
“ഒരു ദിവസം എത്ര അപകടങ്ങളാണ് നടക്കുന്നത്! എത്ര, എത്ര ജീവനാണ് ദിവസവും പൊലിഞ്ഞു തീരുന്നത്!! . ഇവർക്കൊക്കെ സൂക്ഷിച്ച് വണ്ടി ഓടിച്ചു കൂടെ.”
"അത് വണ്ടി ഓടിക്കുന്നവർ മാത്രം വിചാരിച്ചാൽ മതിയോ? എതിരെ വരുന്നവരും കാൽനട യാത്രക്കാരുമൊക്കെ സൂക്ഷിക്കണം. പിന്നെ, റോഡും നന്നായിരിക്കണം ".എന്ന് രവിയുടെ മറുപടി. 
കാൽനട യാത്രക്കാരുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്.
ഏകദേശം ഒരു മാസമായിക്കാണും , അന്നും പതിവു പോലെ താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര വിചാരിച്ചാലും താമസിച്ചേ ഇറങ്ങാൻ കഴിയാറുള്ളൂ. എന്നും വിചാരിക്കും നാളെ കുറച്ച് നേരത്തേ ഇറങ്ങണമെന്ന്. വിചാരിക്കൽ മാത്രമേ നടക്കുന്നുള്ളൂ . എന്നും തദൈവ .
പതിവുപോലെ വൈകി ഇറങ്ങിയ ആ ദിവസം, സ്കൂൾ ബസ് വരുന്നത് കണ്ട് തിടുക്കപെട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ, ഒരു ബൈക്ക് പെട്ടന്ന് മുന്നിൽ സഡൻ ബ്രേക്കിട്ട് മറിഞ്ഞു.
"അയ്യോ" ഞാൻ ഞെട്ടിത്തരിച്ച് പിന്നോട്ട് മാറി. ഇപ്പോൾ ഇടിക്കുമായിരുന്നു
മറിഞ്ഞു വീണ ബൈക്കിൽ നിന്നും ഒരു ചെറുപ്പക്കാരൻ പിടഞ്ഞെണീറ്റു.
ഭാഗ്യം ഒന്നും പറ്റിയില്ല എന്ന് തോന്നുന്നു .
ഒരു ഇളിഭ്യ ചിരിയോടെ ഞാൻ ചോദിച്ചു ." എന്തെങ്കിലും പറ്റിയോ മോനെ ?"
"കൈ ഒന്ന് ചെറുതായി തട്ടിയെന്നു തോന്നുന്നു. സാരമില്ല . ആന്റീ റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ"
"സോറി മോനെ "
"ഞങ്ങളും ജീവിച്ചു പോട്ടേ" എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ പോയി.
പിന്നീട്, പല ദിവസങ്ങളിലും അവനെ കാണാറുണ്ടായിരുന്നു. പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ട് കടന്നു പോകും.
അവനെ കാണുമ്പോൾ എന്റെ മകനെ ആണ് ഓർമ്മ വരുന്നത് . അവനും ഭയങ്കര സ്പീഡിലാ ബൈക്ക് ഓടിക്കുന്നത്. എത്ര പറഞ്ഞാലും അനുസരിക്കില്ല . വീട്ടിൽ നിന്നും പോയാൽ തിരിച്ചു വരുന്നതു വരെ ആധിയാണ്.
ഇപ്പോൾ, വളരെ ശ്രദ്ധിച്ചേ റോഡ് മുറിച്ച് കടക്കാറുള്ളൂ. നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുവാൻ ഇടയാക്കരുത്.
"ആക്സിഡൻറ്, ആക്സിഡൻറ് " ബസ്സിൽ കുട്ടികളുടെ ബഹളം. അവരെ സമാധാനിപ്പിച്ച് ഇരുത്തിയതിനു ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ എത്തി നോക്കി. ബൈക്ക് ആക്സിഡന്റാണ്.
റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നു ഒരു ചെറുപ്പക്കാരൻ. എവിടെയോ കണ്ടു മറന്ന മുഖം പോലെ. ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി. അതെ , അത് അവൻ തന്നെ. എന്നോട് റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ എന്ന് ഉപദേശിച്ചയാൾ. അവന്റെ ബൈക്കിൻറെ മുന്നിൽ ഇന്ന് ആരെങ്കിലും ചാടിയോ എന്തോ! .
" മരിച്ചൂന്നാ തോന്നണേ ടീച്ചറേ " രവി വിഷമത്തോടെ പറഞ്ഞു ..
അവന്റെ ചേതനയറ്റ ദേഹം ആംബുലൻസിൽ കയറ്റുന്നു. ആ കാഴ്ച്ച വല്ലാതെ നൊമ്പരപ്പെടുത്തി .
ദൈവമേ !!!..
തേങ്ങൽ ഉച്ചത്തിൽ ആയി പോയി. കണ്ണീരടക്കാൻ കഴിഞ്ഞില്ല
“ഇതിപ്പോൾ പതിവ് കാഴ്ച്ചയാണ് ടീച്ചറേ. കണ്ട്, കണ്ട് മനസ് മരവിച്ചു തുടങ്ങി”." അയാൾ ടീച്ചറുടെ ആരെങ്കിലും ആണോ?” രവിയുടെ വാക്കുകൾ
"അവൻ എൻറെ ആരുമല്ല. അവൻ തിരിച്ചു വരുന്നതും കാത്ത് ഇരിക്കുന്ന അവൻറെ അമ്മയെ ഓർത്തു പോയി. ഒരു നിമിഷം ആ അമ്മ ഞാൻ തന്നെയാണെന്നു തോന്നി.
രാധാ ജയചന്ദ്രൻ,വൈക്കം
18.02.2017.

പ്രണയദിനാശംകളോടെ…….


പ്രണയദിനാശംകളോടെ…….
എനിക്കായ് മാത്രം
നീ ഒന്നും ചോദിച്ചതില്ല, 
ഞാനൊന്നും പറഞ്ഞതും ഇല്ല,
ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന്,
നിന്നെ,
ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന്.
ഇഷ്ടമാണോ എന്ന് ഒരു വട്ടമെങ്കിലും,
നീ ഒന്ന് ചോദിച്ചിരുന്നു ഏങ്കിൽ,
ഞാൻ എത്ര കാത്ത് നിന്നു എന്നോ,
കേൾക്കാൻ ,
ഞാൻ എത്ര മോഹിച്ചിരുന്നു എന്നോ.
ഇഷ്ടമാണ് എന്ന് ഒരു വട്ടമെങ്കിലും
നീ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന്,
ഞാൻ എത്ര കാത്ത് നിന്നു എന്നോ,
കേൾക്കാൻ ,
ഞാൻ എത്ര കാതോർത്ത് നിന്നു എന്നോ.
നീ ഒന്നും ചോദിച്ചതില്ല,
ഞാനൊന്നും പറഞ്ഞതും ഇല്ല,
കണ്ടു ഞാൻ നിൻ കണ്ണിൽ,
കടലോളം സ്നേഹം എനിക്കായ് മാത്രം.
എനിക്കായ് , എനിക്കായ് മാത്രം.
പറയാതെ പറഞ്ഞു നാം സ്നേഹം.
പറയാതെ പറഞ്ഞു നാം നൂറു വട്ടം.
രാധാ ജയചന്ദ്രൻ, വൈക്കം.
14.02.2017

പ്രിയ കവിക്ക് നമസ്ക്കാര പുഷ്പങ്ങൾ


ഓർമ്മയിൽ ഇന്നും ജീവിക്കുന്ന
പ്രിയ കവിക്ക് നമസ്ക്കാര പുഷ്പങ്ങൾ
ഒരു വട്ടം കൂടി പൊൻതൂലികയിൽ നിന്നും ,
ഒരു വാക്ക് കൂടി പിറക്കുകില്ല, ഇനി 
ഒരു വാക്ക് കൂടി പിറക്കുകില്ല.
ആത്മനൊമ്പരത്തോടെ അറിയുന്ന സത്യം,
വെറുതെ ആയിരുന്നു എങ്കിൽ, എന്ന്,
ഒരു മാത്ര മോഹിച്ചു പോയി.
ഓർക്കുവാനാകാതെ വിറങ്ങലിച്ചെന്റെ,
മനസ്സാകെ മരവിച്ചു പോയി,
മിഴികൾ ഈറനണിഞ്ഞു പോയി.
മാരിവില്ലുപോൽ മറഞ്ഞുവെന്നാകിലും,
മറക്കില്ല മഹാകവേ മലയാളം ഒരു നാളും.
അങ്ങ്, വാരി വിതറിയ അക്ഷരമുത്തുകൾ,
നുള്ളി പെറുക്കിയെടുത്ത് നിധി പോലെ,
ഹൃദയത്തിൽ സൂക്ഷിക്കും ഭദ്രമായ്,
ഇനിയുള്ള കാലം ഭൂമി മരിക്കും വരെ.
ഒരു പിടി നമസ്കാര പുഷ്പങ്ങൾ അർപ്പിച്ച്,
നമിക്കുന്നു കാവ്യസൂര്യൻറെ മുന്നിൽ.
രാധാ ജയചന്ദ്രൻ, വൈക്കം
13.02.2017.

കുഞ്ഞനുജത്തിക്കായ് ……………………..


കുഞ്ഞനുജത്തിക്കായ് ……………………..
.
വിറയാർന്ന കൈകളാൽ മാറോട് ചേർത്ത്,
ഇറുകെ പുണർന്നെന്റെ കുഞ്ഞനുജത്തിയെ.
പാറി പറന്ന മുടിയിഴകളെ,
പതിയെ, പതിയെ തഴുകി ഞാൻ നിന്നു.
മിഴിനീർ തുളുമ്പി ഒഴുകി കണ്ണുനീർ,
പുഴപോലെ അവളുടെ കവിളിണകളിലൂടെ.
വാക്കുകൾ കിട്ടാതെ വിതുമ്പുന്ന ചുണ്ടുകൾ ,
പറയാതെ പറഞ്ഞു നീറുന്ന വേദന .
മിഴിയൊന്നു ഉയർത്തി നോക്കാൻ മടിച്ചവൾ ,
മണ്ണിൽ എന്തോ തിരയുന്ന പോൽ നിന്നു .
കൈയ്യോ വളരുന്നു , കാലോ വളരുന്നു,
നോക്കി വളർത്തുവാൻ , അച്ഛനും, അമ്മയും
ഇല്ലാതെ പോയ അനാഥ ജന്മങ്ങൾ ഞങ്ങൾ.
ഇന്നലെ വരെ എൻറെ കൂടപിറപ്പു പോൽ,
എന്നോടൊപ്പം നടന്ന കൂട്ടുകാരൻ.
ഇവളെൻറെയും കുഞ്ഞു പെങ്ങളെന്ന്,
ഇടവിട്ട്, ഇടവിട്ട് ഒരുവിട്ടിരുന്നവൻ.
പട്ടുപാവാടയും, പൊട്ടും, വളകളും ,
പാദസരവും വാങ്ങി കൊടുത്തവൻ.
ഏട്ടനും, ഏട്ടന്റെ കൂട്ടകാരും കൂടി ,
ഒരുപാട് എട്ടന്മാർ വീമ്പു പറഞ്ഞവൾ.
കണ്ണിലെ കൃഷ്ണമണി പോലെ,
ഞാൻ കാത്ത കണ്മണി കുഞ്ഞിനെ,
കണ്ണൊന്നു തെറ്റിയ നേരം , നരാധമൻ
പിച്ചി ചീന്തി എറിഞ്ഞു നിഷ്ക്കരുണം.
ചെകുത്താന്റെ മനസ്സായിരുന്നു അവനെന്ന്,
ഇവളെ ചുറ്റി നടന്നപ്പോൾ അറിഞ്ഞില്ല.
ജീവെൻറെ ജീവനായ് ഇവളെ വളർത്തുമ്പോൾ,
ലക്ഷ്മണ രേഖ വരയ്ക്കാൻ കഴിഞ്ഞില്ല.
കോപവും, താപവും കണ്ണിലും, മനസ്സിലും,
ഇരുൾ വീഴ്ത്തിയപോൾ , കാപലികന്റെ ,
ജീവനെടുത്തു ഇവളുടെ മാനത്തിൻ വിലയായി .
പല വേഷത്തിലും, പല ഭാവത്തിലും ,
കഴുകന്മാർ ചുറ്റി പറക്കുന്ന ലോകത്തെ,
ഈ വഴിയോരത്ത്, ഇവളെ തനിച്ചാക്കി ,
നെഞ്ചിൽ നെരിപ്പോടുമായ് ഞാൻ പോകുമ്പോൾ,
നാളെ, ഇവളുടെ ജന്മവും നിർഭയമാരെപോൽ,
ഈ പെരുവഴിയിൽ ഒടുങ്ങാതിരുന്നെങ്കിൽ!!!
പ്രാർത്ഥന മാത്രം!!! മോഹം മാത്രം.!!!
രാധാ ജയചന്ദ്രൻ ,വൈക്കം
03.02.2017.

ഓർമ്മപ്പൂക്കൾ


ഓർമ്മപ്പൂക്കൾ
ജനുവരി 25, മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന, മങ്ങാത്ത ചിരിയുമായി ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രിയ നടി കല്പന നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്ഷം തികയുന്നു
…….
കണ്ണൊന്ന് ചിമ്മി തുറക്കുന്നതിൻ മുൻപേ,
ജീവിത നാടക വേദിയിൽ നീയൊരു,
കണ്ണീരോർമ്മയായ്‌ മാറി.
നിറയുന്ന മിഴിയോടെ, വിറയാർന്ന കൈകളാൽ,
ഒരു പിടി കണ്ണുനീർ പൂക്കൾ.
ഒരു പിടി കണ്ണുനീർ പൂക്കൾ.
ഇടനെഞ്ച് പൊട്ടി കരയുമ്പോഴും,
നിൻറെ ചിരി തൂകും മുഖമാണ് മുന്നിൽ.
മരണമില്ല, മകളേ നിനക്ക് മരണമില്ല .
മലയാള മനസ്സിൽ, കല്പനേ നീ
ജീവിയ്ക്കും കല്പാന്തകാലത്തോളം.
ജീവിയ്ക്കും കല്പാന്തകാലത്തോളം
രാധാ ജയചന്ദ്രൻ,വൈക്കം
25.01.2017

പാൽത്തൂ ജാൻവർ


പാൽത്തൂ ജാൻവർ
കഭി കഭി മേരെ ഘർ മേം അയാൾ ആത്താ ഹൈ.
“അമ്മ എന്താ രാവിലെ പാരഡി പാട്ടുമായി നടക്കുന്നേ”
പാല് കൊണ്ട് വരുന്ന ബംഗാളി പയ്യനെ ഓർത്തു പാടിയതാ. ആദ്യമൊക്കെ അവൻ കൃത്യമായി വരുമായിരുന്നു. ഇപ്പോൾ അവനും കള്ളം പഠിച്ചു അവന്. തോന്നുമ്പോൾ വരും
അമ്മയും ഞാനും തമ്മിലുള്ള സംസാരം കേട്ടുകൊണ്ടു വന്ന ഏട്ടൻ അമ്മയെ തിരുത്തി അമ്മേ അയാൾ അല്ല ഖയാൽ. ആരും കേൾക്കേണ്ട അമ്മയുടെ ഒരു ഹിന്ദി പാട്ട്.
“ഇന്നെന്താ കട്ടൻ ചായ. പാല് കിട്ടിയില്ലേ.”
നമ്മുടെ ബംഗാളി ഭായ് ഇതുവരെ പാല് കൊണ്ട് വന്നില്ല അതല്ലേ അമ്മ രാവിലെ പാട്ടും പാടി നടക്കുന്നേ.
നാട്ടിൽ ആയിരുന്നെങ്കിൽ ഒരു പശുവിനെ വളർത്താമായിരുന്നു. വീട്ടിൽ രണ്ടു മൂന്ന് പശുക്കൾ ഉണ്ടായിരുന്നു. പശു മാത്രമോ ആട് കോഴി എല്ലാ വളർത്തു മൃഗങ്ങളും ഉണ്ട്. പാലും മുട്ടയും ഒന്നും വെളിയിൽ നിന്നും വാങ്ങേണ്ട. അതൊക്കെ ഒരു കാലം. അമ്മയുടെ ദുഃഖം. നഷ്ട സ്വർഗ്ഗങ്ങൾ.
“ഞാനിറങ്ങുന്നു അമ്മയും മകളും കൂടി വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ചർച്ച നടക്കട്ടെ”. ഏട്ടൻ അങ്ങനെ പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് പോകാൻ ഇറങ്ങി
“ഏട്ടാ വളർത്തു മൃഗങ്ങൾ എന്നാൽ പാൽത്തൂ ജാൻവർ അല്ലേ”
എന്തോ എനിക്കറിയില്ല നീ നിൻറെ പണി നോക്ക്
“പണി നോക്കാനില്ല. പാൽത്തൂ ജാൻവർ തന്നെ.അമ്മ മറന്നോ അമ്മേ. ഇന്നാണ് സുമതി ടീച്ചറുടെ മകൻറെ മാര്യേജ് റിസപ്ഷൻ.”
“മോനേ അഭീ നേരത്തേ വരണം റിസപ്ഷന് പോകേണ്ടതാ മറക്കല്ലേ”
“അമ്മേ ഇവളെ കൊണ്ടുപോകുന്നുണ്ടോ”
“ഞാനില്ലേ. ഏട്ടനും അമ്മയും കൂടി പോയാൽ മതി എട്ടൻറെ സ്വന്തം പാൽത്തൂ ജാൻവർ ടീച്ചർ അല്ലേ”.
“അമ്മ എന്തിനാ എന്നെ നാണം കെടുത്താൻ ഇതെല്ലാം ഇ പെണ്ണിന് പറഞ്ഞു കൊടുത്തത്”.
എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി സുമതി ടീച്ചർ പാൽത്തൂ ജാൻവർ ടീച്ചർ ആയ കഥ. കാലം എത്ര വേഗമാണ് കടന്നു പോകുന്നത്. അന്ന് അഭി ഒന്നാം ക്ലാസ്സിൽ ചേർന്നതേയുള്ളൂ സി.ബി.എസ്.സി സിലബസ്. ഒന്നാം ക്ലാസ്സുമുതൽ ഹിന്ദി പഠിക്കേണ്ടിയിരുന്നു.
സുമതി ടീച്ചർ ആണ് മോനെ ഹിന്ദി പഠിപ്പിച്ചിരുന്നത്. സാമാന്യം തടിയുള്ള, അത്ര സുന്ദരിയല്ലാത്ത ചിരിക്കാനറിയാത്ത ടീച്ചർ. എന്തു വന്നാലും ചിരിക്കൂല്ല എന്ന ശപഥം ചെയ്ത മുഖഭാവമുള്ള ഗൗരവക്കാരി.
ഞാനും അതേ സ്കൂളിൽ തന്നെ. ക്ലാസ്സു തുടങ്ങി ഒരാഴ്ച കഴിഞ്ഞു കാണും ഒരു ദിവസം ഇന്റർവെൽ സമയത്തു അഭി എൻറെ അടുത്തു വന്നു കരയാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞത് അടുത്ത പീരീഡ് പാൽത്തൂ ജാൻവർ ടീച്ചറിൻറെ ക്ലാസ്സാണ്. എനിക്ക് ടീച്ചറെ പേടിയാ. ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എൻറെ നെഞ്ചിൽ ചുടുകട്ട കൊണ്ട് ഇടിക്കുന്ന പോലെ തോന്നും എന്ന്. വളർത്തു മൃഗങ്ങളെ കുറിച്ച് പഠിപ്പിച്ച ടീച്ചർ അവന് പാൽത്തൂ ജാൻവർ ടീച്ചർ ആയി.
ടീച്ചർ പാവമാണ് അമ്മയെ പോലെ തന്നെ കരുതിയാൽ മതി എന്ന് പറഞ്ഞു ഞാൻ അവനെ ഒരുവിധം സമാധാനിപ്പിച്ചു ക്ലാസ്സിൽ കൊണ്ടുപോയി ടീച്ചറെ ഏൽപ്പിച്ചു. ടീച്ചർക്ക് മകൻ ചാർത്തി കൊടുത്ത പുതിയ പേരും പറഞ്ഞു. അന്നാണ് ഞാൻ ആദ്യമായ് ടീച്ചർ മനസ്സ് തുറന്നു ചിരിക്കുന്നത് കണ്ടത്. അപ്പോൾ ചിരിക്കാൻ അറിയാഞ്ഞിട്ടല്ല. ഒന്നാം ക്ലാസ്സിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പേടി തോന്നാതെ ഇരിക്കണമെങ്കിൽ ഇതു പോലെ ചരിച്ചു കൊണ്ട് പഠിപ്പിക്ക് എന്ന് എൻറെ വക ഫ്രീയായി ഒരു ഉപദേശവും കൊടുത്തു
പിന്നീട് സുമതി ടീച്ചർ പാൽത്തൂ ജാൻവർ ടീച്ചർ എന്നാണ് സ്കൂളിൽ അറിയപ്പെട്ടത്. ഓരോ പേരുകൾ വരുന്ന വഴിയേ. തേച്ചാലും മായ്ച്ചാലും പോവാതെ കൂടെ കൂടും.
രാധാ ജയചന്ദ്രൻ, വൈക്കം.
20.01.2017

സ്വാമിയേ ശരണമയ്യപ്പാ


സ്വാമിയേ ശരണമയ്യപ്പാ
ശരണം, ശരണം, സ്വാമീ ശരണം,
ശബരിഗിരീശാ, ശരണമയ്യപ്പാ.
കാടുകൾ,മേടുകൾ, കാനനപാതകൾ,
കരിമലയും താണ്ടി അടിയൻ വന്നു.
കദനങ്ങൾ പേറിയ ഇരുമുടിക്കെട്ടുമായ്,
കലിയുഗ വരദാ അയ്യനയ്യപ്പാ.
പമ്പാ വിളക്ക് കൺ നിറയെ കണ്ട്,
പൊന്നുപതിനെട്ടാം പടിയും കടന്ന്,
പാപ ശാപങ്ങൾക്ക് മോചനം തേടി,
പൊന്നമ്പല വാസാ, അയ്യനയ്യപ്പാ.
മകരസംക്രമ ദർശന പുണ്യവും,
മകരജ്യോതി തൻ ദിവ്യ പ്രകാശവും ,
മനസ്സ് നിറഞ്ഞു ഞാൻ ധന്യയായ്,
മണികണ്ഠസ്വാമീ, അയ്യനയ്യപ്പാ.
ശരണം,ശരണം, സ്വാമീ ശരണം ,
ശബരിഗിരീശാ, ശരണമയ്യപ്പാ,
രാധാ ജയചന്ദ്രൻ,വൈക്കം
14.01.2017.

തിരുവാതിര


തിരുവാതിര
ആതിര, തിരുവാതിര,
ആതിര നിലാവിൽ ധനുമാസ കുളിരുമായ്,
വന്നെത്തി വീണ്ടും തിരുവാതിര.
തിരുവൈക്കം വാഴും ശ്രീമഹാദേവൻറെ,
തിരുനാൾ തിരുവാതിര.
സുമംഗലികൾ നെടുമംഗല്യത്തിനായ്,
കന്യകമാർ ഉത്തമ ഭർതൃപ്രാപ്തിക്കായ്,
ഉമാ മഹേശ്വര പ്രീതികരത്തിനായ്,
അനുഷ്ഠിക്കും വ്രതമീ തിരുവാതിര.
ഉറക്കമൊഴിഞ്ഞു തുടിച്ചു കുളിച്ച്,
പാതിരാപ്പൂ ചൂടി പുലരുന്നതുവരെ,
ആട്ടവും പാട്ടുവുമായ് അംഗനമാർ,
ആടിത്തിമിർക്കുന്ന തിരുവാതിര.
പൂത്തിരുവാതിര, പുത്തൻതിരുവാതിര, ആഘോഷമാക്കുന്നു തരുണികൾ ആതിര.
ആതിര നിലാവിൽ ധനുമാസ കുളിരുമായ്,
വന്നെത്തി വീണ്ടും തിരുവാതിര.
രാധാ ജയചന്ദ്രൻ, വൈക്കം.
11.01.2017.

ഓർമ്മയിൽ ഒരു തിരുവാതിര


ഓർമ്മയിൽ ഒരു തിരുവാതിര
ദേവൂട്ടീ ........ദീപാരാധന തൊഴുതിട്ട് ഗോപുരനടയിൽ നിവേദ്യം വാങ്ങുവാനായ് പോയ ഏട്ടന്റെ മകൾ ദീപയെ കാത്ത് നിൽക്കുകയായിരുന്നു. അപ്പോഴാണ് ദേവൂട്ടീ….…. എന്ന് ആരോ വിളിക്കുന്നത് പോലെ. പരിചിതമായ ശബ്ദം. ഇവിടെ ഇപ്പോൾ ആരാണാവോ ഇത്ര സ്നേഹത്തോടെ ഇങ്ങനെ വിളിക്കാൻ. തോന്നിയതാവും. എന്നെ അങ്ങനെ വിളിച്ചിരുന്നവരിൽ പലരും അരങ്ങൊഴിഞ്ഞു പോയിക്കഴിഞ്ഞല്ലോ.
ഗോപുരനടയിലെ അരണ്ട വെളിച്ചത്തിൽ നിന്നും കുറച്ചു കൂടി പ്രകാശമുള്ള ഭാഗത്തേക്ക് മാറി നിന്നു. ദീപാരാധന കഴിഞ്ഞുള്ള സമയമായതു കൊണ്ട് സാമാന്യം നല്ല തിരക്കുണ്ട്, തിരക്കിനിടയിലൂടെ മുടന്തി മുടന്തി ഒരാൾ അരികിലേക്ക് വന്നു.
“ദേവൂട്ടീ നീയെന്താ തുറിച്ച് നോക്കുന്നത്. ഞാൻ തന്നെ. നിൻറെ ഹരിയേട്ടൻ.“കാലം കുറേയായല്ലോ നിന്നെ ഇങ്ങോട്ട് കണ്ടിട്ട്. സുഖാല്ലേ നിനക്ക്.”
മറുപടി പറയാതെ ഞാൻ ചോദിച്ചു “നടക്കാൻ ബുദ്ധിമുട്ടു തന്നെ ഇല്ലേ ഹരിയേട്ടാ.”
“ഇല്ല. നല്ല സുഖമല്ലേ ഇങ്ങനെ മുടന്തി, മുടന്തി നടക്കാൻ. കുട്ടികളുടെ വിളി കേൾക്കാനും നല്ല സുഖം ചട്ടുകാലൻ”.
“ഒരു ക്രിത്രിമകാല് വയ്ക്കാമായിരുന്നില്ലേ. ഇങ്ങനെ കഷ്ടപെട്ട് നടക്കാതെ.”
“നിൻറെ ഓർമ്മക്കായ് ഞാൻ ഇങ്ങനെ തന്നെ നടന്നു തീർക്കും ഇ ജന്മം. നീ കാരണമല്ലേ ഞാൻ ഇങ്ങനെയായത്”.
“ഞാൻ എത്ര പറഞ്ഞു അന്ന് വേണ്ടാ, വേണ്ടാ എന്ന്. കേട്ടില്ല അതുകൊണ്ടല്ലേ കാല് ഒടിഞ്ഞത്. എന്നാലും കാണുമ്പോൾ വിഷമമുണ്ട്.”
“നാളെ തിരുവാതിര. ഓർമ്മയുണ്ടോ നിനക്ക് പഴയ തിരുവാതിരക്കാലം "
“ഞാൻ മറക്കുമോ .തിരുവാതിരയും പാതിരാപ്പൂചൂടലും എല്ലാം ഇപ്പോൾ ടീവിയിൽ മാത്രമല്ലേ ഉള്ളൂ ഹരിയേട്ടാ.”
“ഉടനെ മടക്കം ഇല്ലല്ലോ. രണ്ടു മൂന്ന് ദിവസമെങ്കിലും കാണുമോ? ഞാൻ തൊഴുതിട്ട് വരാം”
“ഹരിയേട്ടാ ദീപയെ കാത്തു നിൽക്കുകയാണ് അവൾ വന്നാൽ ഞാൻ പോകും. നാളെ വീട്ടിലേക്ക് വരാം ചെറിയമ്മയെ കാണാൻ. മകൻറെ വിവാഹമാണ്.എല്ലാവരെയും ക്ഷണിക്കാൻ വന്നതാണ്.”.
ഹരിയേട്ടൻ മുടന്തി മുടന്തി പോകുന്നത് നോക്കി നിന്നപ്പോൾ വേദന തോന്നി.
ഹരിയേട്ടൻ ചെറിയമ്മയുടെ മകൻ. എനിക്ക് എൻറെ സ്വന്തം ഏട്ടനേക്കാൾ ഇഷ്ടം. പട്ടാളത്തിൽ ചേരുക എന്നതായിരുന്നു ഹരിയേട്ടൻറെ ജീവിതാഭിലാഷം. പട്ടാളക്കാരനായ അമ്മാവൻ ലീവിന് വരുമ്പോൾ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഹരിയേട്ടൻ കുസൃതിയുടെ ഉസ്താദായിരുന്നു. നാട്ടിലെല്ലാവരും വാനര സംഘം എന്ന് വിളിച്ചിരുന്ന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സെക്രട്ടറി.ഏട്ടനും ഹരിയേട്ടനും അവരുടെ കൂട്ടുകാരായ അയൽപക്കത്തെ ഏട്ടന്മാരും ആണ് അതിൻറെ നടത്തിപ്പുകാർ. പെണ്ണേ നീ കൊച്ചുകുട്ടിയൊന്നുമല്ല ഇങ്ങനെ ഏതുനേരവും ഇവരുടെ പിന്നാലെ നടക്കാൻ എന്ന് അമ്മ വഴക്കു പറയുമെങ്കിലും, അമ്മ കാണാതെ തരം കിട്ടുമ്പോഴൊക്കെ അവരുടെ ഒപ്പം കൂടുമായിരുന്നു.
ഒരു തിരുവാതിര കാലം. അന്ന് അമ്മയും ചെറിയമ്മയും ചുറ്റുവട്ടത്തുള്ള സ്ത്രീകൾ എല്ലാവരും ഒത്തുകൂടി ഞങ്ങളുടെ തറവാട്ടിലാണ് തിരുവാതിരകളിയും പാതിരാപ്പൂചൂടലും എല്ലാം. ആ തിരുവാതിരക്ക് പ്രത്യേകത ഉണ്ടായിരുന്നു. അമ്മാവൻ ലീവിന് വന്നിട്ടുണ്ട് ഒപ്പം കുടുംബവും. കുറെ കാലം കൂടിയാണ് എല്ലാവരും ഒത്തു കൂടുന്നത്. അമ്മാവൻറെ മകൾ ദേവിക സുന്ദരിയാണ്. ഹരിയേട്ടന് അവളോട് കടുത്ത പ്രണയം. ദേവികക്ക് ഹരിയേട്ടനെ കണ്ണെടുത്താൽ കണ്ടുകൂടാ. ജാഡക്കാരിക്ക് ഒരു പണി കൊടുക്കണം എന്ന് പറയുമായിരുന്നു അത് ഇങ്ങനെയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
വേണ്ട വേണ്ടാ ഹരിയേട്ടാ ഇത് പ്രശ്നമാകും എന്ന് പറഞ്ഞിട്ട് വക വെയ്ക്കാതെ രാത്രിയിലെ പാതിരാപ്പൂചൂടൽ ചടങ്ങിനായി ശേഖരിച്ചു വച്ചിരുന്ന ദശപുഷ്പത്തിൻറെ കൂടെ ആരും കാണാതെ ചൊറിയണം ചേർത്ത് വയ്ക്കുന്നത് കണ്ടു നീ അറിഞ്ഞ ഭാവം കാട്ടരുത്.പറഞ്ഞേയ്ക്കാം എന്ന് എന്നെ ഭീഷണിപ്പെടുത്തി.
തിരുവാതിര രാത്രി എല്ലാവരും കുളി കഴിഞ്ഞു പാതിരാപ്പൂചൂടൽ ചടങ്ങിന് ദശപുഷ്പം ചൂടി. പിന്നീട് അവിടെ ഒരു ബഹളമായിരുന്നു. ചൊറിഞ്ഞിട്ട്
ചൊറിച്ചിലോട് ചൊറിച്ചിൽ. പെണ്ണുങ്ങളെല്ലാം ഒരു പരുവമായി. ഞാൻ പൂ ചൂടാതെ ഒഴിഞ്ഞു മാറിയതിന്റെ ഗുട്ടൻസ് അമ്മയ്ക്കും ചെറിയമ്മക്കും മനസ്സിലായി. അവരുടെ വഴക്കും അടിയും സഹിക്കാൻ വയ്യാതെ, ഗത്യന്തരമില്ലാതെ എനിക്ക് ഹരിയേട്ടൻറെ പേര് പറയേണ്ടി വന്നു.
പിന്നെ അവിടെ നടന്നത് തിരുവാതിരക്കളിയല്ല തിരുവാതിര തല്ലായിരുന്നു. പാതിരാപ്പൂ ചൂടലിന്റെ ഭംഗി ആസ്വദിക്കാൻ തൊടിയിലെ മാവിൻ ചുവട്ടിൽ ഒളിച്ചു നിന്ന ഹരിയേട്ടനേയും സംഘത്തിനേയും ഓടിച്ചിട്ടു തല്ലി. എൻറെ അമ്മയും ചെറിയമ്മയും ഉണ്ണിയാർച്ചയെ പോലെ ശരിക്കും അങ്കം വെട്ടുകയായിരുന്നു വാനര സേന നാലുപാടും ചിതറി ഓടി.
ഹരിയേട്ടൻ പാവം ഓടുമ്പോൾ കാൽ തട്ടി വീണത് തൊടിയിലെ പൊട്ടകിണറ്റിൽ. നഷ്ടമായത് പട്ടാളക്കാരൻ ആവാനുള്ള ഹരിയേട്ടൻറെ മോഹം.
രാധാ ജയചന്ദ്രൻ, വൈക്കം
08.01.2017.

രാധയെ തേടി …….


രാധയെ തേടി …….
കാളിന്ദിതീരത്തു കാത്തു ഞാൻ നിന്നതും,
വൃന്ദാവനമാകെ തേടി നടന്നതും,
കണ്ണനെ കാണുവാനല്ല.
കാർവർണ്ണനെ കാണുവാനല്ല.
തേടുന്നു ഞാൻ പ്രിയ ഗോപികയെ,
കണ്ണൻറെ പ്രിയ സഖി രാധികയെ.
വിരഹാർദ്രയായ്, വിഷാദമൂകയായ്,
അലയുന്ന പ്രിയ സഖിയെ.
കണ്ണൻറെ പ്രിയ സഖി രാധികയെ.
കണ്ണൻറെ ദർശന ഭാഗ്യത്തിനായ് ഭക്‌തർ,
കണ്ണനെ തേടി അരികിലെത്തുമ്പോൾ,
ദർശന ഭാഗ്യത്തിനായ് മുകിൽവർണ്ണൻ,
പ്രിയ സഖി രാധ തൻ അരികിലെത്തി.
ധന്യയാം സഖിയുടെ കാൽ തൊട്ട് വന്ദിക്കാൻ,
കാളിന്ദി തീരത്തും, വൃന്ദാവനത്തിലും,
തേടുന്നു ഞാൻ പ്രിയ ഗോപികയെ,
കണ്ണൻറെ പ്രിയ സഖി രാധികയെ.
രാധാ ജയചന്ദ്രൻ,വൈക്കം.
02.01.2017

മധുരനൊമ്പരം


ഐ. എസ്. എൽ മൂന്നാം പതിപ്പിന് കൊടിയിറങ്ങി. ആളും ആരവവും കെട്ടടങ്ങി. അമ്മയുടെ മനസ്സിൽ മാത്രം ഇനി ഒരിക്കലും കെട്ടടങ്ങാത്ത ദുഖം.
ഫൈനൽ ദിവസം വൈകുന്നേരം
“പായസം മണക്കുന്നല്ലോ ഇന്നെന്താ വിശേഷം.”
“അച്ഛാ. ഇന്നല്ലേ ഐ.എസ്.എൽ ഫൈനൽ കേരളം ജയിക്കുമ്പോൾ ആഘോഷിക്കാൻ അമ്മ പായസം വയ്കുവാ.
“അതിന് കളി തുടങ്ങിയില്ലല്ലോ”.
“കളി ഇപ്പോൾ തുടങ്ങും. ഏട്ടൻ പറഞ്ഞു ഇത്തവണ കേരളം ഉറപ്പായും ജയിക്കുമെന്ന്”.
“മധുരം കഴിക്കാൻ വേണ്ടി ഓരോ, ഓരോ കാരണങ്ങൾ അമ്മ കണ്ടുപിടിക്കും. ഇന്ന് ഫുട്ബോളിൻറെ പേരും പറഞ്ഞു പായസം ഉണ്ടാക്കുന്നതാ. നടക്കട്ടെ, നടക്കട്ടെ ഞാൻ പുറത്തൊന്ന് പോയിട്ട് വരാം. അവനോട് പറഞ്ഞേക്കൂ പനി മാറി വരുന്നതേ ഉള്ളൂ വെളിയിൽ എങ്ങും പോകേണ്ട. ഇവിടെ ഇരുന്നു കളി കണ്ടാൽ മതി എന്ന്”
കളി തുടങ്ങി കളി കാണാൻ ഏട്ടനും ഞാനും റെഡി.
കപ്പലണ്ടി മുട്ടായി, എള്ളുണ്ട, ലഡ്ഡു മുതലായ അമ്മയുടെ ഇഷ്ടപെട്ട ഐറ്റംസുമായി അമ്മ കളി കാണാൻ ഞങ്ങളുടെ കൂടെ കൂടി. ഫുട്ബോൾ കാണാൻ സാധാരണ വരാറില്ല. ക്രിക്കറ്റ് ആണ് ഇഷ്ടം. സച്ചിൻ ആണ് അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ. സച്ചിൻറെ ടീം ആയതു കൊണ്ടായിരിക്കും കാഴ്ചക്കാരിയായി എത്തിയത്.
“അമ്മേ ഒരു കാര്യം പറഞ്ഞേയ്ക്കാം കളി നടക്കുമ്പോൾ വെറുതെ ഇവിടെ കിടന്ന് ബഹളം വെക്കരുത്.” ഏട്ടൻ അമ്മയെ ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിയത് അമ്മക്ക് വിഷമമായി കാണും എന്ന് വിചാരിച്ചയിരിക്കും ഒരു സോപ്പാടീൽ.
“അച്ഛൻ എവിടെ പോയതാ അമ്മേ “എട്ടൻറെ അന്വേഷണം
“ബ്ലഡ് ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് വാങ്ങാൻ പോയതായിരിക്കും”.
കളി നിശ്ചിത സമയവും, അധിക സമയവും കഴിഞ്ഞപ്പോൾ ഏട്ടന് ഇരിക്കപ്പൊറുതി ഇല്ലാത്തതു പോലെയായി. അമ്മ ഇടക്ക് എട്ടന്റെ ടെൻഷൻ കണ്ടിട്ട് വഴക്കു പറയുന്നുണ്ടായിരുന്നു. ഇങ്ങനെ ടെൻഷൻ ആവാതെ ആരു ജയിച്ചാലും നിനക്കെന്താ. കളി ആകുമ്പോൾ ഒരു കൂട്ടർ തോറ്റല്ലേ പറ്റൂ.
പെനാൽറ്റി ഷൂട്ട്ഔട്ട് നടക്കുമ്പോൾ അമ്മ ആരോടോ ഫോണിൽ വളരെ വിഷമത്തോടെ സംസാരിക്കുന്നതു കാണുന്നുണ്ടായിരുന്നു.
പെനൽറ്റി ഷൂട്ട്ഔട്ടിൽ കേരളം തോറ്റതും അമ്മ ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നു.
“അയ്യോ ഏട്ടാ അമ്മ വീണു കിടക്കുന്നു”.
“കേരളം തോറ്റാൽ നിനക്കെന്താ. ഒരു ടീമല്ലേ ജയിക്കൂ എന്ന് എന്നെ ഉപദേശിച്ച ആളാണ് വീണു കിടക്കുന്നത് അമ്മയുടെ ഒരു കാര്യം” എന്ന് പറഞ്ഞുകൊണ്ട് ഏട്ടൻ വേഗം
വെള്ളം എടുത്തു മുഖത്ത് തളിച്ചപ്പോൾ അമ്മ കണ്ണ് തുറന്നു.അമ്മ ആകെ തളർന്ന് അവശയായതുപോലെ.
” അമ്മേ എന്താ പറ്റിയേ. ഹോസ്പിറ്റലിൽ പോകാം.”
“വേണ്ട. ഇനി എങ്ങും പോയിട്ട് ഒരു കാര്യവുമില്ല. എല്ലാം കഴിഞ്ഞില്ലേ”
ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് അമ്മ ബാക്കി വന്ന എള്ളുണ്ടയും കപ്പലണ്ടി മുട്ടായിയും ലഡ്ഡുവും എല്ലാം വലിച്ചെറിയുന്നു. അടുക്കളയിൽ പോയി പായസം എടുത്ത് വാഷ് ബേസിനിൽ ഒഴിക്കാൻ പോയപ്പോൾ ഏട്ടൻ തടഞ്ഞു. ഇതെന്താ "ചിന്താവിഷ്ടയായ ശ്യാമള"യിൽ വിജയേട്ടൻ ചെയ്തതുപോലെ ഭക്ഷണം എടുത്ത് വെളിയിൽ കളയുന്നേ. അമ്മയെ ഒരുവിധം പിടിച്ചു വലിച്ചു ഹാളിൽ കൊണ്ട് വന്ന് ഇരുത്തി.
അച്ഛൻ വരുന്നുണ്ട് സമാധാനമായി. അമ്മ വലിച്ചെറിഞ്ഞ എള്ളുണ്ടയും, കപ്പലണ്ടി മുട്ടായിയും, ലഡ്ഡുവും ഹാൾ നിറയെ.
“കേരളം തോറ്റു എന്നറിഞ്ഞപ്പോൾ മുതൽ അമ്മ ഭയങ്കര വിഷമത്തിലാ അച്ഛാ”.
“ഫുട്ബോൾ കളിയെപ്പറ്റി എന്തെങ്കിലും അറിയാമോ നിങ്ങളുടെ അമ്മക്ക്. മോളേ അത് കേരളം തോറ്റത് കൊണ്ടല്ല. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിരുന്നില്ലേ റിസൾട്ട് കിട്ടിയപ്പോൾ അമ്മക്ക് ഷുഗർ വളരെ കൂടുതലാ ഞാൻ വിളിച്ചു പറഞ്ഞിരുന്നു അവിടെ വാങ്ങി വച്ചിരിക്കുന്ന മധുരമുള്ള സാധനങ്ങളും പായസവും ഒന്നും കഴിക്കല്ലേ എന്ന്. നിങ്ങളുടെ പിറന്നാൾ തന്നെ ഒരു വർഷം രണ്ടും മൂന്നും തവണ പായസം വച്ച് ആഘോഷിക്കുന്ന ആളല്ലേ. മധുരം എന്ന് പറഞ്ഞാൽ അമ്മക്ക് ഭ്രാന്താണ്.
എനിക്കീ ഗതി വന്നല്ലോ എന്ന ഭാവത്തിൽ അമ്മ ദയനീയമായി അച്ഛനെ നോക്കുന്നുണ്ടായിരുന്നു.
“വിഷമിക്കാതെടോ ഒരു ജന്മം കഴിക്കുവാനുള്ള മധുരം മുഴുവൻ കഴിച്ചു തീർത്തില്ലേ. ഇയാളുടെ ക്വോട്ടയിലുള്ള മധുരം തീർന്നുകാണും അരിയെത്തി എന്നു നമ്മൾ പറയില്ലേ അതുപോലെ മധുരം എത്തി എന്ന് വിചാരിച്ച് സമാധാനിക്ക് അധികമായാൽ അമൃതും വിഷം.
ഐ. എസ്. എൽ ഫൈനൽ ദിവസം മറക്കാനാവാത്ത അനുഭവം ആക്കി അമ്മ ഞങ്ങളുടെ മധുരനൊമ്പരമായി.
രാധാ ജയചന്ദ്രൻ, വൈക്കം
21.12.2016.

സ്റ്റാറ്റസ് (ചെറുകഥ)


“അനൂ. നീ ഒന്ന് വേഗം വന്നേ. അച്ഛൻ ദാ വെളിച്ചപ്പാടിനെ പോലെ നിന്ന് തുള്ളുന്നു എന്താ കാര്യം എന്ന് ചോദിച്ചേ”
“ അമ്മക്ക് ചോദിച്ചു കൂടേ”
“എനിക്ക് വയ്യാ. നീയാകുമ്പോൾ അച്ഛൻ ദേഷ്യപ്പെടില്ല”
“അമ്മേ, വെളിച്ചപ്പാടിനെ പോലെ എന്ന് പറഞ്ഞിട്ട് അച്ഛൻറെ കയ്യിൽ വാളില്ലല്ലോ. ഒരു ബുക്കും പിടിച്ചോണ്ടല്ലേ തുള്ളുന്നത്.”
“അവളുടെ ഒരു കിന്നാരം പോയി ചോദിക്ക് “
“അച്ഛാ എന്ത് പറ്റി”.
“ഒന്നും പറ്റിയില്ല. ഇതുകണ്ടോ ഇതു പലവജ്ഞനകടയിലെ പറ്റുബുക്ക്. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങളെല്ലാവരും ഇവിടെ മൂന്നു നേരവും മുട്ടയാണോ കഴിക്കുന്നത്.”
“മുട്ടയോ?”
“മുട്ട എന്താ എൻറെ മോള് കേട്ടിട്ടില്ലേ. ഇ മാസം മൂവായിരം മുട്ട വാങ്ങിയിരിക്കുന്നു.”
“മൂവായിരം? അച്ഛൻ പൂജ്യത്തിനു വിലയില്ല എന്നും പറഞ്ഞു പൂജ്യം കൂട്ടി പറയാതെ. മൂവായിരം ഇല്ല. മുന്നൂറ് മുട്ട വാങ്ങി കാണും “
“വാങ്ങി കാണുമെന്നല്ല. വാങ്ങിയിരിക്കുന്നു അതാ ഞാൻ ചോദിച്ചത് നിങ്ങൾ മൂന്ന് നേരവും മുട്ടയാണോ കഴിക്കുന്നത് എന്ന്”
“അച്ഛാ ഒരു ദിവസം പത്തു മുട്ട വച്ച് ഒരു മാസം മുന്നൂറ് മുട്ട.”
“നീ എന്നെ കണക്കൊന്നും പഠിപ്പിക്കേണ്ട. അതെന്തിനാണെന്നറിഞ്ഞാൽ മതി”
“അച്ഛൻ സമാധാനപ്പെട്. ഇത് ഏട്ടന് വേണ്ടി വാങ്ങുന്നതാ.”
“അവൻ കഴിക്കുന്നതാണോ ഇതു മുഴുവൻ. എൻറെ ദൈവമേ! എനിക്ക് ആലോചിക്കാൻ കൂടി വയ്യ. അവൻ ആയുസ്സെത്താതെ …… നിൻറെ അമ്മ കൂടി അറിഞ്ഞുകൊണ്ടാണോ ഇത്. നീ അമ്മയെ വിളിക്ക്”.
“അമ്മ എന്നെ അച്ഛൻറെ മുന്നിൽ ഇട്ടു തന്നിട്ട് എപ്പോഴേ പഞ്ചായത്തു വിട്ടു പോയി കാണും. ഏട്ടൻ മുട്ട കഴിച്ചു എന്ന് പറഞ്ഞു തട്ടി പോകുമൊന്നും ഇല്ല. അച്ഛൻ ഒന്നും അറിയാഞ്ഞിട്ടാ. ഏട്ടൻ മിസ്റ്റർ പഞ്ചായത്തായി മത്സരിക്കുവാൻ പോകുവാ. സിക്സ് പാക്ക് ഉണ്ടാക്കുവാൻ വേണ്ടി ദിവസവും മുടങ്ങാതെ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നുണ്ട്.”
“അവനോട് പറയ് രാവിലെ കുറച്ചു പഴങ്കഞ്ഞിയും കുടിച്ചിട്ട് തൂമ്പയും എടുത്തു എൻറെ കൂടെ വന്നു ആ പറമ്പിലും പാടത്തും കുറച്ചു പണി ചെയ്യാൻ. എനിക്ക് വയ്യാതായി തുടങ്ങി. എനിക്കൊരു സഹായവും ആകും, സിക്സ് പാക്കും ശരിയാകും, മുട്ടയുടെ പൈസയും ലാഭം. സഹായത്തിനു നിൽക്കുന്ന ബംഗാളി പയ്യന്മാരെ വച്ച് പണി ചെയ്യിക്കാൻ ഞാൻ പെടുന്ന പാട്. ഞാൻ പറയുന്നത് അവർക്കും, അവർ പറയുന്നത് എനിക്കും മനസിലാവില്ല”.
“അയ്യേ അച്ഛൻ എന്താ പറയുന്നേ. ഏട്ടനെ അങ്ങെനത്തെ പണിക്കൊന്നും കിട്ടുകയില്ല അതൊക്കെ സ്റ്റാറ്റസിന് കുറവല്ലേ.”
“അപ്പോൾ ഈ പണിയൊക്കെ എടുത്ത് നിങ്ങൾക്ക് ഭക്ഷണത്തിന് വഴിയുണ്ടാക്കി തരുന്ന ഞാനും സ്റ്റാറ്റസ് ഇല്ലാത്തവൻ ആണെന്ന് പറയുമോ.” എന്ന് ചോദിച്ചപ്പോൾ
അച്ഛൻറെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞുവോ?
“അച്ഛാ ഞാൻ വെറുതെ”.
കൈയ്യിലിരുന്ന പറ്റുബുക്ക് വരാന്തയിൽ ഇട്ടിട്ട് അച്ഛൻ മുഖത്തു നോക്കാതെ ഇറങ്ങി പോയി.
രാധാ ജയചന്ദ്രൻ, വൈക്കം.
17.12.2016.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo