Slider

നൊമ്പര കാഴ്ച്ച

0

നൊമ്പര കാഴ്ച്ച
"ടീച്ചർ ആക്സിഡന്റ് ആണെന്ന് തോന്നുന്നു”. ബസ് റോഡ് സൈഡിൽ ഒതുക്കുന്നതിനിടയിൽ ഡ്രൈവർ രവി പറഞ്ഞു.
“ഒരു ദിവസം എത്ര അപകടങ്ങളാണ് നടക്കുന്നത്! എത്ര, എത്ര ജീവനാണ് ദിവസവും പൊലിഞ്ഞു തീരുന്നത്!! . ഇവർക്കൊക്കെ സൂക്ഷിച്ച് വണ്ടി ഓടിച്ചു കൂടെ.”
"അത് വണ്ടി ഓടിക്കുന്നവർ മാത്രം വിചാരിച്ചാൽ മതിയോ? എതിരെ വരുന്നവരും കാൽനട യാത്രക്കാരുമൊക്കെ സൂക്ഷിക്കണം. പിന്നെ, റോഡും നന്നായിരിക്കണം ".എന്ന് രവിയുടെ മറുപടി. 
കാൽനട യാത്രക്കാരുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്.
ഏകദേശം ഒരു മാസമായിക്കാണും , അന്നും പതിവു പോലെ താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര വിചാരിച്ചാലും താമസിച്ചേ ഇറങ്ങാൻ കഴിയാറുള്ളൂ. എന്നും വിചാരിക്കും നാളെ കുറച്ച് നേരത്തേ ഇറങ്ങണമെന്ന്. വിചാരിക്കൽ മാത്രമേ നടക്കുന്നുള്ളൂ . എന്നും തദൈവ .
പതിവുപോലെ വൈകി ഇറങ്ങിയ ആ ദിവസം, സ്കൂൾ ബസ് വരുന്നത് കണ്ട് തിടുക്കപെട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ, ഒരു ബൈക്ക് പെട്ടന്ന് മുന്നിൽ സഡൻ ബ്രേക്കിട്ട് മറിഞ്ഞു.
"അയ്യോ" ഞാൻ ഞെട്ടിത്തരിച്ച് പിന്നോട്ട് മാറി. ഇപ്പോൾ ഇടിക്കുമായിരുന്നു
മറിഞ്ഞു വീണ ബൈക്കിൽ നിന്നും ഒരു ചെറുപ്പക്കാരൻ പിടഞ്ഞെണീറ്റു.
ഭാഗ്യം ഒന്നും പറ്റിയില്ല എന്ന് തോന്നുന്നു .
ഒരു ഇളിഭ്യ ചിരിയോടെ ഞാൻ ചോദിച്ചു ." എന്തെങ്കിലും പറ്റിയോ മോനെ ?"
"കൈ ഒന്ന് ചെറുതായി തട്ടിയെന്നു തോന്നുന്നു. സാരമില്ല . ആന്റീ റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ"
"സോറി മോനെ "
"ഞങ്ങളും ജീവിച്ചു പോട്ടേ" എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ പോയി.
പിന്നീട്, പല ദിവസങ്ങളിലും അവനെ കാണാറുണ്ടായിരുന്നു. പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ട് കടന്നു പോകും.
അവനെ കാണുമ്പോൾ എന്റെ മകനെ ആണ് ഓർമ്മ വരുന്നത് . അവനും ഭയങ്കര സ്പീഡിലാ ബൈക്ക് ഓടിക്കുന്നത്. എത്ര പറഞ്ഞാലും അനുസരിക്കില്ല . വീട്ടിൽ നിന്നും പോയാൽ തിരിച്ചു വരുന്നതു വരെ ആധിയാണ്.
ഇപ്പോൾ, വളരെ ശ്രദ്ധിച്ചേ റോഡ് മുറിച്ച് കടക്കാറുള്ളൂ. നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുവാൻ ഇടയാക്കരുത്.
"ആക്സിഡൻറ്, ആക്സിഡൻറ് " ബസ്സിൽ കുട്ടികളുടെ ബഹളം. അവരെ സമാധാനിപ്പിച്ച് ഇരുത്തിയതിനു ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ എത്തി നോക്കി. ബൈക്ക് ആക്സിഡന്റാണ്.
റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നു ഒരു ചെറുപ്പക്കാരൻ. എവിടെയോ കണ്ടു മറന്ന മുഖം പോലെ. ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി. അതെ , അത് അവൻ തന്നെ. എന്നോട് റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ എന്ന് ഉപദേശിച്ചയാൾ. അവന്റെ ബൈക്കിൻറെ മുന്നിൽ ഇന്ന് ആരെങ്കിലും ചാടിയോ എന്തോ! .
" മരിച്ചൂന്നാ തോന്നണേ ടീച്ചറേ " രവി വിഷമത്തോടെ പറഞ്ഞു ..
അവന്റെ ചേതനയറ്റ ദേഹം ആംബുലൻസിൽ കയറ്റുന്നു. ആ കാഴ്ച്ച വല്ലാതെ നൊമ്പരപ്പെടുത്തി .
ദൈവമേ !!!..
തേങ്ങൽ ഉച്ചത്തിൽ ആയി പോയി. കണ്ണീരടക്കാൻ കഴിഞ്ഞില്ല
“ഇതിപ്പോൾ പതിവ് കാഴ്ച്ചയാണ് ടീച്ചറേ. കണ്ട്, കണ്ട് മനസ് മരവിച്ചു തുടങ്ങി”." അയാൾ ടീച്ചറുടെ ആരെങ്കിലും ആണോ?” രവിയുടെ വാക്കുകൾ
"അവൻ എൻറെ ആരുമല്ല. അവൻ തിരിച്ചു വരുന്നതും കാത്ത് ഇരിക്കുന്ന അവൻറെ അമ്മയെ ഓർത്തു പോയി. ഒരു നിമിഷം ആ അമ്മ ഞാൻ തന്നെയാണെന്നു തോന്നി.
രാധാ ജയചന്ദ്രൻ,വൈക്കം
18.02.2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo