Slider

ആൺകുട്ടികൾ എന്തിനു ഭയക്കണം

0

"ആൺകുട്ടികളായാൽ തന്റേടം വേണം, രാത്രി കാലങ്ങളിൽ, പ്രേതഭൂത പിശാചുക്കൾ ഉണ്ടെന്ന് തെറ്റുധരിച്ച് പുറത്തിറങ്ങാതിരിക്കരുത്, ഒന്നിനേയും കണ്ട് ഭയക്കരുത്, എന്തെങ്കിലും സംശയം തോന്നിയാൽ ആ സംശയം അവിടെ വച്ച് തീർക്കണം."..
അച്ഛന്റെ ഈ മാസ്റ്റർപീസ് ഡയലോഗ് കേട്ടാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത്..
അച്ഛൻ പറഞ്ഞത് ശരിയാണ്..
"ഞാനെന്തിന് ഭയക്കണം, ഞാനൊരാൺകുട്ടിയല്ലേ "...
ആ കാലത്ത്
വീട്ടിൽ ടി വി ഇല്ലാത്തതിനാൽ, ടി വി കാണാൻ പോകുന്നത് കുറച്ചുകലെയുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു...
ഒരു ദിവസം ഇന്ത്യയുടെ ക്രിക്കറ്റ് മാച്ച് കാണാൻ സുഹൃത്തിന്റെവീട്ടിലേക്ക് പോകുമ്പോൾ ഞാൻ തനിച്ചായിരുന്നു... കൂട്ടുകാരന് പനിയായതുകൊണ്ട്, അന്ന് കളി കാണാൻ അവൻ ഇല്ലായിരുന്നു.....
തിരിച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് വരുമ്പോൾ നേരം ഇരുട്ടിയിരുന്നു...
"ഞാനെന്തിനു ഭയക്കണം ഞാനൊരാൺകുട്ടിയല്ലേ "....
കഴുത്തിൽ കിടന്ന മുത്തപ്പന്റെ ലോക്കറ്റിന്റെ കൊളുത്ത്, ശരിക്കും മുറുകാത്തതു കൊണ്ട്, ഒരു കൈ കൊണ്ട് ലോക്കറ്റിൽ ശക്തിയായി പിടിച്ച്,നേരിയ മെഴുകുതിരിയുടെ വെട്ടത്തിൽ നടക്കാൻ തുടങ്ങി..
എന്തൊക്കയോ ശബ്ദ്ധങ്ങൾ എന്നെ പിന്തുടരുന്നതുപോലെ..
"ഇതൊന്നും കേട്ട്
ഞാൻ ഭയക്കില്ല,ഞാൻ ആൺകുട്ടിയാ.. ആൺകുട്ടി"...
ഈ വർഷം സ്കൂൾ കായികമേളയിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത് ഒന്നാമനാകണം.. അതിന് ഇപ്പഴേ പരിശീലനം ആവിശ്യമാണ് അതുകൊണ്ട് നടത്തത്തിന് വേഗത കൂട്ടി...
കുറച്ച് ദൂരം പിന്നിട്ടപ്പോൾ റോഡിന്റെ അരികിലായി ഒരു വെള്ള കളറുള്ള എന്തോ ഒരു സാധനം ചലിക്കുന്നതുപോലെ...
"ഞാനേയ് ആൺകുട്ടിയാ ഞാൻ ഭയക്കില്ല"...
മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ...
കഴിഞ്ഞ വർഷം ശബരിമലക്ക് പോകാൻ മാലയിട്ട സമയത്ത് വിളിച്ച ശരണം വിളികൾ ഒന്നൂടെ ആവർത്തിച്ചു, വേറൊന്നും കൊണ്ടല്ല, ഈ വർഷം മാലയിടുമ്പോൾ അതൊന്നും മറന്നു പോകരുതെന്ന് കരുതി ... അതുകൊണ്ട് മാത്രം....
മുന്നോട്ട് ചെല്ലുന്തോറും ആ വെള്ള സാധനം കൂടുതലായി ചലിക്കാൻ തുടങ്ങി..
"ഞാൻ ഭയക്കില്ലല്ലോ.. ആൺ കുട്ടികൾ എന്തിനു ഭയക്കണം"....
ശ്രീകൃഷ്ണ ജയന്തിക്ക് പാടാറുള്ള
"ഹരേ രാമ, ഹരേ കൃഷ്ണ"
ഇത് ഞാൻ പാടുന്നത് കേൾക്കാനൊരു പ്രെത്യേക സുഖമുണ്ടെന്ന് എല്ലാരും പറയാറുണ്ട്... അതു കൊണ്ട് മാത്രം ചെറുതായൊന്നു മൂളി.. എനിക്ക് വേണ്ടിയല്ല, അവർക്കു വേണ്ടി.....
വെള്ളക്കളറുള്ള സാധനത്തിന്റെ തൊട്ടടുത്തിയപ്പോൾ സംശയം തീർക്കണമെന്ന് മനസ്സിലുറപ്പിച്ചു..
"ആൺകുട്ടികളങ്ങനയാ ഒന്നിനെയും ഭയക്കാറില്ല "...
മരുതോങ്കര ശിവക്ഷേത്രത്തിൽ ചുറ്റുവിളക്ക് കത്തിക്കുന്ന എണ്ണയ്ക്ക്, കളർ വെത്യാസമുണ്ടോന്നൊരു സംശയം തോന്നാൻ തുടങ്ങീട്ട് കുറച്ച് ദിവസമായി... നാളെ രണ്ട് ലിറ്റർ എണ്ണ വാങ്ങി ചുറ്റുവിളക്ക് കത്തിക്കണം.. കളർ വെത്യാസം ഉണ്ടോന്നറിയാലോ..
വെള്ള സാധനത്തിന്റെ തൊട്ടടുത്തെത്തിയ ഞാൻ ആ വസ്തുവിലേക്ക് സൂക്ഷിച്ചു നോക്കി, പെട്ടന്ന് എന്റെ മുന്നിലേക്കത് ചാടി .... അതിനേക്കാളും സ്പീടിൽ ഞാൻ മലർന്നടിച്ച് നിലത്തു വീണു...
പിറ്റേന്ന് നേരം വെളുത്തപ്പോൾ കരഞ്ഞു തളർന്ന അമ്മയുടെ മുഖമായിരുന്നു കണി കണ്ടത്...
അമ്മ എന്തിനാ കരഞ്ഞെതെന്ന് ചോദിച്ചപ്പോൾ മറുപടി തന്നത് അച്ഛനായിരുന്നു...
"ഇനി മേലാൽ വൈകീട്ട് എഴുമണിക്ക് ശേഷം വീട്ടിൽ നിന്നിറങ്ങിയാൽ കാലിന്റെ മുട്ടു ഞാൻ തല്ലിയൊടിക്കും..
ഇന്നലെ രാത്രി, അഴിച്ചുവിട്ട പട്ടിയെ കൂട്ടിലാക്കാൻ രാജൻ വന്നില്ലായിരുന്നെങ്കിൽ, ബോധം നഷ്ടപ്പെട്ട നീ, അവിടെ കിടന്നു തണുത്തു വിറച്ച് ചത്തേനേ "....
ഞാനെനി ഏഴു മണിക്കു ശേഷം വീടിന്റെ പുറത്ത് പോയിട്ട്, മുറ്റത്ത് പോലും ഇറങ്ങില്ല.. ...
ഭയം കൊണ്ടല്ല... അയ്യേ... ആൺകുട്ടികൾ എന്തിനു ഭയക്കണം...
അച്ഛനെ അനുസരിച്ചാശീലം. അതുകൊണ്ട് മാത്രം......
മനീഷ് ശ്രീധരൻ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo