നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒത്തൊരുമയുടെ നിറമുള്ള പെരുന്നാൾ ഓർമ്മകൾ


പെരുന്നാൾ പിറ ആഗതമായിരിക്കുന്നു.. പള്ളിയിൽ നിന്നും മൈക്കിലൂടെ തക്ബീർ ധ്വനികൾ മുഴങ്ങി കേൾക്കുന്നു..
ഉപ്പ ഇന്നും വരില്ലേ ഉമ്മാ..
വരുമായിരിക്കും... നീ ആ മോഹനേട്ടന്റ കടയിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് വാ.
പൈസ ഇല്ലാതെ ഞാൻ പോകൂല..ആള് ഇന്നലെ തന്നെ എന്നോട് എവിടെ പഴയ പൈസ എന്ന് ചോദിച്ചു..
എന്റെ മറുപടി കേട്ട ഉമ്മ പിന്നെ ഒന്നും മിണ്ടിയില്ല. പലചരക്ക് സാധനങ്ങൾ മോഹനേട്ടന്റെ കടയിൽ പറ്റാണ്.. മാസത്തിലേ തീർക്കൂ. ഉപ്പ വരുമ്പോൾ. ഇപ്പോൾ നോമ്പിന് മുമ്പ് വന്ന് പോയതാണ്.. ഉപ്പ ഇപ്പോൾ കുരുമുളക് സീസണായത് കൊണ്ട് വയനാട്ടിലാണ്.
ഡാ അൻവറെ നീ റോഡിലോട്ട് ഉണ്ടോ.. അവിടെ പടക്കം പൊട്ടിക്കുന്നുണ്ട്.. വാണവും കമ്പിത്തിരിയും ഒക്കെയുണ്ട്..
അടുത്ത വീട്ടിലെ കൂട്ടുകാരൻ മജീദ് ആണ്.. പടക്കം എന്നു കേൾക്കേണ്ട താമസം ഞാൻ ചാടിയിറങ്ങി.. ഉമ്മ അപ്പോഴും റോഡിലേക്ക് കണ്ണും നട്ട്‌ ഉപ്പയെയും കാത്ത് മുറ്റത്ത് നിൽക്കുന്നു.
മജീദിന്റെ കൂടെ ഇടവഴിയിലൂടെ നടന്ന് റോഡിലെത്തി.പെരുന്നാൾ ആഘോഷങ്ങൾ തുടങ്ങിയിരിക്കുന്നു. എങ്ങും ആഹ്ലാദം അലതല്ലുന്നു.. റോഡിന്റെ സൈഡിലെ പറമ്പിൽ രണ്ട് പോത്തുകളെ അറുത്ത് ഇറച്ചി കച്ചവടം തകൃതി.. അറവുകാരൻ അയമുട്ടിക്ക ആകെ വിയർത്ത് കുളിച്ച് മിന്നിത്തിളങ്ങി നിൽക്കുന്നു. കച്ചവടം പൊടിപൂരമാണ്..
ചിലർ പടക്കം പൊട്ടിക്കുന്നു. എങ്ങും കളിയും ചിരിയും അലതല്ലുന്നു... ശരിക്കും ഉൽസവ പ്രതീതി തന്നെ. എന്റെ മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ.. ഉപ്പ വരില്ലേ.. പെരുന്നാൾ പുത്തൻ ഡ്രസ്സ് ഒന്നും എടുത്തില്ല.. ആർക്കും..
ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് മോഹനേട്ടൻ എന്നെ വിളിച്ചത്..
ഡാ അൻവറെ ഇവിടെ വാ ഡാ..
മടിച്ചു മടിച്ചിട്ടാണ് ചെന്നത്... മൂപ്പർ പൈസ ചോദിക്കാനായിരിക്കുമോ?... ആളുകളുടെ ഇടയിൽ ഇട്ട് നാണം കെടുത്തുമോ.?..
ഉപ്പ വന്നോടാ....
ഇല്ല വന്നിട്ടില്ല...
എന്താ നിങ്ങൾക്ക് സാധനങ്ങൾ ഒന്നും വേണ്ടേ?.. കുറച്ച് കഴിഞ്ഞാൽ തിരക്കായിരിക്കും.. എന്താ വേണ്ടത് എന്ന് വെച്ചാൽ ഉമ്മയോട് ചോദിച്ചിട്ട് വാ...
ഞാൻ തലയാട്ടി...
ഇറച്ചി വാങ്ങിയോ?.
ഇല്ല.. ഉപ്പ വന്നിട്ട് വാങ്ങണം...
അവിടന്ന് വാങ്ങിച്ചോ... അയമുട്ടിക്ക നോട് ഞാൻ പറഞ്ഞോളാം.... എന്ന് പറഞ്ഞ് കൊണ്ട് മൂപ്പര് അവിടെ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു...
ന്നാ അയമുട്ടിക്കാ.. നമ്മളെ സൈദിന്റെ ചെക്കന് ഇറച്ചി കൊടുത്താണിം...
(ഇത്രയും നല്ല മനുഷ്യനെയാണോ വെറുതെ തെറ്റിദ്ധരിച്ചത്.. ഹും.. ഇന്നലെ തോക്കിൽ ഇടാൻ നിറ തിര ചോദിച്ചിട്ട് തരാത്ത ആളാണ്... ഇരുപത്തിയേഴാം രാവില് പിരിവിന് പോയിട്ട് കിട്ടിയ സക്കാത്ത് പൈസക്ക് തോക്കും പടക്കവും ബലൂണും ഒക്കെ വാങ്ങി കഴിഞ്ഞു... തോക്ക് മാത്രം ബാക്കിയായി... അതിൽ ഇട്ട് പൊട്ടിക്കാൻ കുറച്ച് തിര തരാത്ത ആളാണ്.... എന്നിട്ട് ഇപ്പോൾ സാധനങ്ങളും ഇറച്ചിയും ഒക്കെ തന്നല്ലോ....)
ഇറച്ചിയും വാങ്ങി ഒറ്റ ഓട്ടത്തിൽ വീട്ടിൽ എത്തി . ഉമ്മയോട് ചോദിച്ച് സാധനങ്ങൾ വേണ്ടത് എന്തെല്ലാം എന്ന് കടലാസിൽ എഴുതി വീണ്ടും കടയിലക്ക്...
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോരുമ്പോഴും മനസ്സിൽ പെരുന്നാൾകോടിയെ കുറിച്ചായിരുന്നു ചിന്ത... ഉപ്പ വരാതെ ഒന്നും നടക്കില്ല..
വീട്ടിലെത്തി.. ഉമ്മ മൈലാഞ്ചി ഇല അമ്മിക്കല്ലിൽ അരക്കൽ തുടങ്ങിയിരിക്കുന്നു.. പെങ്ങന്മാരും അയൽവാസി'പെൺപടകളും അമ്മിക്കല്ലിന് ചുറ്റും കലപില കൂട്ടി നിൽക്കുന്നു..
ഉമ്മാ എനിക്കും മൈലാഞ്ചി ഇട്ട് തരണം..
പോ ചെർക്കാ ആൺകുട്ടികൾക്കൊന്നും ഇല്ല...
അപ്പുറത്തെ വീട്ടിലെ ആ കുശുമ്പി പെണ്ണാണ്... അവൾക്ക് അല്ലെങ്കിലേ കുറച്ച് കൂടുതലാ... ഞാൻ കനപ്പിച്ച് ഒരു നോട്ടം നോക്കി.. അവൾ ഉമ്മാന്റെ പുറകിലേക്ക് മറഞ്ഞു...
സമയം ഒമ്പത് മണി കഴിഞ്ഞു... ഇടവഴിയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന എന്റെ കണ്ണുകളെ കുളിരണിയിച്ച് കൊണ്ട് അതാ ഉപ്പ വരുന്നു.... രണ്ട് കയ്യിലും നിറയെ സാധനങ്ങൾ.... മുറ്റത്തേക്ക് കയറിയ ഉടനെ എനിക്ക് മനസ്സിലായി. ഡ്രസ്സിന്റെ കവർ ഉണ്ട് ... പിന്നെ പച്ചക്കറിയും വേറെ എന്തൊക്കെയോ.. ഓടിച്ചെന്ന് കവറുകൾ വാങ്ങി... അങ്ങനെ ഞങ്ങളുടെ വീട്ടിലും പെരുന്നാൾ പിറ കണ്ടു..
എല്ലാവർക്കും പുത്തൻ ഡ്രസ്സുകൾ.. ഞങ്ങൾ മക്കൾ നാലാൾക്കും.. ഉമ്മച്ചിക്കും.....
കടലമിഠായിയും നിലക്കടല വറുത്തതും ഞാൻ കൈക്കലാക്കി.. ഇനി ഞാനാണ് ഓരി വെക്കുക. പെങ്ങളുട്ടികളും അനിയനും പുത്തൻ ഉടുപ്പുകൾ അണിഞ്ഞ് ഭംഗിയുണ്ടോ എന്ന് നോക്കാൻ തുടങ്ങി.. അളവ് പിന്നെ ഉപ്പ കൊടുന്നാൽ കറക്റ്റായിരിക്കും.. എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. കുട്ടുകാരൻ മജിദും അവന്റെ ഉമ്മയും പോയി എടുത്ത ഡ്രസ്സ് അവന് അളവ് ശരിയായില്ല എന്ന് പറഞ്ഞ് വീണ്ടും മാറ്റാൻ പോയിരുന്നു..
കൊടുന്ന ഇറച്ചിയിൽ നിന്ന് കുറച്ച് എടുത്ത് ഉമ്മ കറി വെച്ചു.. എല്ലാവരും കൂടി ഇരുന്ന് ചോറ് കഴിച്ചു... പിന്നെ ഉമ്മച്ചിയെ കൊണ്ട് മൈലാഞ്ചി ഇടുവിച്ചു..
ഇനിയാണ്..പ്രശ്നം. ഇന്ന് എത്ര കഴിഞ്ഞാലും ഉറക്കം വരില്ല.. പെട്ടെന്ന് ഒന്ന് നേരം പുലരണം. പുത്തൻ ഡ്രസ്സ് ഒക്കെ ഇട്ട് രാവിലെ പള്ളിയിൽ പോകാൻ..
മൈലാഞ്ചി ഇട്ട കൈ എവിടെയും തട്ടാതെ പുത്തൻ ഉടുപ്പിന്റെ കവറ് തലയുടെ ഭാഗത്ത് വെച്ച് ഉറങ്ങാൻ കിടന്നു. കവറിൽ നിന്നും ഒരു പുത്തൻ മണം ... ഉപ്പയുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും ....
ഉമ്മയുടെ സംസാരം കേൾക്കുന്നുണ്ട്..
ഞാൻ നിങ്ങൾ രണ്ട് ദിവസം മുമ്പ് വരും എന്ന് കരുതി... എന്താ വൈകിയേ?
ഞാനും വരണമെന്ന് കരുതിയതാണ്.. കഴിഞ്ഞ ആഴ്ച പനി പിടിച്ച് രണ്ട് മൂന്ന് ദിവസം പണിക്ക് പോയില്ല. അപ്പോൾ പിന്നെ ഇന്ന് പോരാം എന്ന് കരുതി.
നിങ്ങൾക്ക് ഷർട്ടും തുണിയും ഒന്നും എടുത്തില്ലേ?
എനിക്ക് ഉണ്ടല്ലോ? കുറച്ച് മുമ്പ് ഞാനാ എടുത്തത് ആകെ രണ്ട് പ്രാവശ്യമേ ഇട്ടിട്ടുള്ളു.. അത് മതി..
പൈസ ഇല്ലായിരുന്നെങ്കിൽ എനിക്കു എടുക്കേണ്ടിയിരുന്നില്ല.....ഉമ്മയാണ്..
പിന്നെയും എന്തോ സംസാരങ്ങൾ അവ്യക്തമായി കേട്ടു.... ഒടുക്കം എല്ലാം ശരിയാകും എന്നു പറഞ്ഞ് കൊണ്ട് ഉപ്പയുടെ നെടുനിശ്വാസവും..
രാവിലെ ഉമ്മ വന്ന് വിളിച്ചിട്ടാണ് ഉണർന്നത്. വേഗം എണിറ്റ് കുളിച്ച് പുത്തൻ അണിഞ്ഞ് പള്ളിയിലേക്ക്.. പള്ളിയിൽ വല്ലാത്തൊരു സുഗന്ധം.. പെരുന്നാളിന്റെ മണം. പുത്തനുടുപ്പിന്റെ ,അത്തറിന്റെ, പരസ്പര സ്നേഹത്തിന്റെ എല്ലാം സമ്മിശ്രമായ സുഗന്ധം..
നിസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഉമ്മ ബിരിയാണി റെഡിയാക്കിയിരിക്കുന്നു.
ഡാ... ന്നാ ഈ ബിരിയാണി സാവിത്രി ചേച്ചിക്ക് കൊണ്ട് പോയി കൊടുത്താ.. അവരുടെ ബിനിഷിനോട് ഇങ്ങോട്ട് വരാൻ പറ.....
ബിരിയാണി ഞാൻ കൊണ്ട് പോയി കൊടുക്കാം പക്ഷെ ബിനിഷിനെ ഞാൻ വിളിക്കൂലാ.. ഞാനും അവനും തെറ്റാണ്.
മര്യാദയ്ക്ക് നീ ഇത് കൊടുത്തിട്ട് അവനെയും വിളിച്ചിട്ട് വന്നോ... നല്ലൊരു ദിവസായിട്ട് തെറ്റി നടക്കാ.. അല്ലെങ്കിൽ ഞാൻ വിരുന്നിന് പോകുമ്പോൾ കൊണ്ട് പോകൂല....
അതിൽ ഞാൻ വീണു. വിരുന്നിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പെരുന്നാൾ....
അവനെയും കൂട്ടി വന്ന് ഒരുമിച്ച് ഇരുന്ന് ബിരിയാണി തിന്നുമ്പോഴാണ് പള്ളിയിൽ മുസ്ലിയാർ പെരുന്നാൾ പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നത്.പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
ആഘോഷമാണ് പെരുന്നാള്. എല്ലാവരും മറ്റുള്ളവരോട് സ്നേഹത്തിൽ വർത്തിക്കണം. ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കണം..
അപ്പാൾ എനിക്ക് അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല.
എന്തായാലും ബിരിയാണി ഉഷാറായിക്കുന്നു.ഉമ്മച്ചിടെ കൈപുണ്യം.
ഉമ്മച്ചീ ബിരിയാണി നല്ല രസമുണ്ട്. എന്റെ പറച്ചിൽ കേട്ട് ഉമ്മ ഉപ്പയെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
എന്തായിരിക്കും ഉമ്മ ചിരിച്ചത്..
ഉമ്മയുടെ കൈപ്പുണ്യത്തിന് പിറകിലെ ഉപ്പയുടെ അധ്വാനത്തിന്റെ വിയർപ്പിനെ പറ്റി ആലോലിച്ചിട്ടോ അതോ സാധനങ്ങളും ഇറച്ചിയും കടം തന്ന മോഹനേട്ടന്റെ മഹാമനസ്കത ഓർത്തിട്ടോ..........
.....................................................................................
വർഷങ്ങൾക്ക് മുമ്പ് ഉള്ള പെരുന്നാൾ കാലം.. വറുതിയുടെ കാലത്ത്.. പലചരക്ക് സാധനങ്ങൾക്കൊപ്പം നന്മയും സ്നേഹവും കൂടി തൂക്കി വിൽക്കുന്ന മോഹനേട്ടന്മാരുടെ കാലത്തെ ഒത്തൊരുമയുടെ നിറമുള്ള പെരുന്നാൾ ഓർമ്മകൾ.....

By 
mansoor

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot