Slider

കാത്തിരിപ്പ്

0
Image may contain: 1 person, selfie, tree, outdoor and closeup

"പതിനൊന്ന് മണിയാകുമ്പോൾ ശങ്കരേട്ടൻ എത്താമെന്നു പറഞ്ഞതാ, എത്തിയില്ലല്ലോ മോനേ "മാധവിയമ്മ ആശുപത്രിയിൽ കിടന്ന് ആത്മഗതം പറഞ്ഞു.
" രാവിലെ ഇറങ്ങാൻ വൈകിയിട്ടുണ്ടാകും, ട്രെയിൻ മിക്കവാറും കിട്ടി കാണില്ല ,അതുകൊണ്ടായിരിക്കും അമ്മേ" വിനയൻ പറഞ്ഞു.
മാധവിയമ്മയ്ക്ക് വയറിൽ മുഴയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.മംഗലാപുരത്ത് കാണിക്കുന്നതാണ് നല്ലത് എന്ന ശങ്കരേട്ടന്റെ അഭിപ്രായപ്രകാരം ആണ് മംഗലാപുരത്ത് കാണിച്ചത്
ശങ്കരേട്ടൻ മാധവിയമ്മയേയും ഒരു കൈ സഹായത്തിന് മകൻ വിനയനേയും കൂട്ടിയാണ് മംഗലാപുരം കെ എം സി ആശുപത്രിയിൽ എത്തിയത്
മാധവിയമ്മയ്ക്കും ശങ്കരേട്ടനും മൂന്ന് മക്കൾ ആണുള്ളത്. മൂത്തത് രണ്ടും പെൺമക്കൾ അമ്പിളിയും കലയും. അമ്പിളിയുടെ കല്യാണം കഴിഞ്ഞു ഗൾഫിലാണ് താമസം. കല ഭർത്താവിനോടൊപ്പം ബാംഗ്ളൂർ ആണ് താമസം. ഇളയ മകനായ വിനയൻ പോളി ടെക്നിക് കഴിഞ്ഞ് 'തേ രാ പാരനടക്കുന്നു '
ശങ്കരേട്ടനും മാധവിയും വയലിൽ പച്ചക്കറി കൃഷി ചെയ്ത് അത്യാവശ്യം സമ്പാദ്യം സ്വരൂപിച്ചു വച്ചിട്ടുണ്ട്.
ഇപ്പോഴും രണ്ടാളും യുവമിഥുനങ്ങളെ പോലെയാണ്.ഒരുമിച്ച് ജോലിക്ക് ഇറങ്ങും. സമയാസമയം വേണ്ട ആഹാരം ശങ്കരേട്ടന് മാധവിയമ്മ ഉണ്ടാക്കി കൊടുക്കും. ചിലപ്പോൾ വയലിൻ കരയിൽ ഇരുന്ന് അസ്തമയ സൂര്യനെ പാവയ്ക്ക തോട്ടത്തിന്റെ ഇടയിലൂടെ നോക്കിയിരിക്കും.
മകൾ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു മൊബൈൽ ഫോൺ കൊണ്ടുവന്ന് കൊടുത്തിട്ടുണ്ട്. അതിൽ നിന്നാണ് അങ്ങേരുടെ വിളി. പച്ചക്കറി കടക്കാരൻ മമ്മദിനെ ശങ്കരേട്ടൻ വിളിക്കുന്നത് വിശാലമായ വയലും കടന്ന് അക്കരെ കല്യാണിയമ്മയുടെ വീട് വരെ കേൾക്കാം. മമ്മ ദേ.. കയ്പക്കക്ക് എത്രയാ ടോ വില?അതൊന്നും പറ്റൂല. നല്ല വിലയില്ലെങ്കിൽ ഞാൻ നിനക്ക് തരുന്നില്ല. ഓന്റെ ഒരു കാര്യമേ.. എന്നെ പറ്റിക്കാന്ന് വച്ചാലോ.. മാധവിയെ നോക്കി ഉറക്കെ പറയും
ആ ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും അവർക്ക് ഉണ്ടായിരുന്നു.അതു കൊണ്ടാണ് മാധവിയമ്മയുടെ അസുഖം ശങ്കരേട്ടനെ തളർത്തിയത്.അതിനാൽ ആണ് നാട്ടിലൊക്കെ ആശുപത്രിയുണ്ടായിട്ടും മംഗലാപുരം തിരഞ്ഞെടുക്കുവാൻ കാരണവും. വയറിന്റെ ഓപ്പറേഷന് അമ്പതിനായിരം രൂപ വേണമത്രെ.താൻ സ്വരൂപിച്ച പണമെല്ലാം സ്‌റ്റേറ്റ് ബാങ്കിൽ ആണ് നിക്ഷേപിച്ചിട്ടുള്ളത്. സഹകരണ ബാങ്കിലായിരുന്നു ആദ്യമുണ്ടായിരുന്നത്.നോട്ട്നിരോധനം വന്നതിനു ശേഷം ആരോ പറഞ്ഞു പേടിച്ചതുകൊണ്ട്.. അങ്ങേർ പണമെല്ലാം പിൻവലിച്ച് സ്‌റ്റേറ്റ് ബാങ്കിലാണ് ഇട്ടിരിക്കുന്നത്. അതിൽ നിന്നും ആശുപത്രി ചിലവിനുള്ളത് എടുക്കുവാൻ വന്നതാണ്.
ഞാനും ഭാര്യയും രണ്ട് മക്കളും അതിരാവിലെ തന്നെ ഓട്ടോറിഷയിൽ കയറി പഴയങ്ങാടി റയിൽവേ സ്‌റ്റേഷനിൽ എത്തി .രാവിലെ തന്നെ മൂത്ത മകനോട് ശണ്ഠകൂടിയാണ് വരവ്.രാവിലെ അഞ്ചു മണിക്കു തന്നെ സഹധർമ്മിണി എഴുന്നേറ്റ് അപ്പനും മക്കൾക്കും വേണ്ട ചായയും ഉപ്പുമാവും ഉണ്ടാക്കി.എന്നാൽ ഒമ്പതു വയസ്സുകാരനായ മൂത്തവൻ എഴുന്നേറ്റ് ഒരേ കരച്ചിലാണ്, അവന് രാവിലെ തന്നെ കുളിക്കാനും പല്ലു തേക്കാനും മടി. ഭാര്യ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാൻഒരു വിധം മകനെ വിളിച്ച് തലയിൽ വെള്ളമൊഴിച്ച് കുളിപ്പിച്ചു തല തോർത്തി വിട്ടു.തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് അവൻ വീണ്ടും കരഞ്ഞു.പാര സറ്റമോൾ 650 പകുതിയാക്കി മകന്റെ വായിൽ വച്ചു കൊടുത്തു. അവൻ അത് പുറത്തേക്ക് തുപ്പി കളഞ്ഞതിന്റെ അരിശം വീട്ടിലെ കസേര മുതലുള്ള വസ്തുക്കളോട് ഞാൻ തീർക്കാൻ തുടങ്ങിയപ്പോൾ അവൻ മിടുക്കനായി "ഞാൻ ഇപ്പം റെഡിയാകാം അപ്പാ എന്ന് അവൻ പറഞ്ഞു.. ഈ കലാ പരിപാടികൾ എല്ലാം കഴിഞ്ഞാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
നല്ല ജനക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ട്.മലബാർ വൈകിയേ എത്തുകയുള്ളൂവത്രെ... വന്നലോക്കൽ ട്രെയിനിനു ഞാനും കുടുംബവും ഗുസ്തിക്കാരെ പോലെ ഇടിച്ചു കയറി.. ഇളയ മകൻ ട്രെയിൻ ചെറുവത്തൂര് എത്താറായപ്പോൾ കാപ്പി വേണമെന്ന് പറഞ്ഞ് ഒരേ കരച്ചിൽ. വണ്ടി ചെറുവത്തൂർ എത്തിയപ്പോൾ ഞാൻ കാപ്പി കിട്ടുമോ എന്നറിയാൻ ഇറങ്ങി, കാപ്പി വാങ്ങി കഴിയുമ്പോഴേക്കും ട്രെയിൻ നീങ്ങുവാൻ തുടങ്ങി. ഞാൻ ട്രെയിനിന്റെ കൈപ്പിടിയിൽ പിടിച്ചു കയറി, തൊട്ടുപുറകെ ഒരു തുണി സഞ്ചിയും തൂക്കി ഒരു വൃദ്ധനും കയറുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൈവിട്ട് മറിഞ്ഞു പോകുന്നതാണ് കണ്ടത്. പിടിക്ക് എന്ന് ഞാൻ ഉറക്കെ പറഞ്ഞു. ശബ്ദം കേട്ട് കമ്പാർട്ട്മെന്റിൽ നിന്നും എല്ലാവരും എഴുന്നേറ്റു.ചങ്ങല വലിക്കാൻ എനിക്കു കഴിഞ്ഞില്ല. മരവിച്ചു പോയിരുന്നു. ഒരാൾ ഫോൺ വിളിച്ച് ചെറുവത്തൂർ സ്റ്റേഷനിൽ പറഞ്ഞു. ചിലർ നിർവ്വികാരതയോടെ ഇരുന്നു.
പലരും പല അഭിപ്രായവും പറയുന്നുണ്ടായിരുന്നു." അയാൾ ട്രെയിൻ നീങ്ങിയപ്പോൾ എന്തിനാണ് കയറിയത് " എന്ന് ഒരാൾ അഭിപ്രായപെട്ടു."എത്ര വിവരം ഉള്ള മനുഷ്യനും ചില നിമിഷങ്ങളിൽ, പൊട്ടത്തരം കാണിക്കും " എന്ന് വേറൊരാൾ.അതിൽ ഒരു വസ്തുത ഉണ്ട് എന്ന് എനിക്കും തോന്നി.അര മണിക്കൂർ കഴിഞ്ഞപ്പോൾ നേരത്തെ വിളിച്ചയാൾ വീണ്ടും കാര്യം അന്യോഷിച്ചു. അയാളെ റയിൽവേ സ്‌റ്റേഷനിൽ തന്നെ കിടത്തിയിട്ടുണ്ടായിട്ടുണ്ട്. ഇത്രയും സമയം ആയിട്ടും ആശുപത്രിയിൽ എത്തിച്ചിട്ടില്ല." പ്ളാറ്റ്ഫോമിൽ വീണത് ഭാഗ്യമായി, ഇല്ലെങ്കിൽ പീസ്... പീസ് ആയേനെ" എന്ന് അടുത്തിരുന്ന ഒരു മധ്യവയസ്കൻ അഭിപ്രായപ്പെട്ടു
അയാൾ എവിടേക്കായിരിക്കും ഇത്ര ധൃതിപ്പെട്ട് പോകാൻ കയറിയത് എന്ന് ഞാൻ ചിന്തിച്ചു.
ട്രെയിൻ പതിനൊന്നു മണിയായപ്പോഴെക്കും മംഗലാപുരത്ത് എത്തി. തിരക്ക് പിടിച്ച് ഓട്ടോയിൽ കയറി മംഗലാപുരം അട്ടാ വർ കെ എം സി യിൽ എത്തി. ദന്തഡോക്ടറെ കാണിച്ചു. മൂത്തമകന്റെ പല്ലിനു റൂട്ട് കനാൽ ചെയ്തു." പൊട്ടിയ പല്ലിന്റെ കഷ്ണം അടുത്ത തവണ വയ്ക്കാം " എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്കു സമാധാനമായി.മകന്റെ ' പലക 'പല്ലിൽ ഒരെണ്ണം പൊട്ടിയപ്പോൾ സുന്ദരമായി ചിരിച്ചിരുന്ന അവന്റെ മുഖം ഇതളുകൾ കൊഴിഞ്ഞ മുല്ലപ്പൂ പോലെയായതിൽ ഞാൻ അതീവ ദു:ഖിതനായിരുന്നു.
മക്കൾക്ക് കാന്റീനിൽ നിന്നും ജ്യൂസും വാങ്ങി കൊടുത്ത് ആശുപത്രി ഇടനാഴിയിലൂടെ നടന്ന് വരുമ്പോൾ എമർജൻസി വാതിലിലൂടെ സ്ട്രെക്ചറിൽ ഒരാളെ കിടത്തി കൊണ്ടു വരുന്നുണ്ട്.ഞാൻ നോക്കിയപ്പോൾ രാവിലെ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വൃദ്ധരൂപം. കയ്യിലെ സഞ്ചി ഇപ്പോഴും ശരീരത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അല്പസമയം അദ്ദേഹത്തിന്റെ അവസ്ഥ അറിയാൻ നിൽക്കാൻ തോന്നി.
അര മണിക്കൂർ കഴിഞ്ഞപ്പോൾ വെള്ളത്തുണികൊണ്ട് മൂടി പുറത്തേക്ക് കൊണ്ടു വരുന്നു. മലയാളിയായ സിസ്റ്ററോട് ഞാൻ കാര്യം തിരക്കി " ശങ്കരൻ എന്നാ പേര്, ആധാർ കാർഡും അമ്പതിനായിരം രൂപയും കയ്യിലുണ്ട്" മരണസമയത്ത് പണസഞ്ചി പിടിച്ച് എന്തൊക്കെയോ പറഞ്ഞു ".ബന്ധുക്കളെ കിട്ടാത്തതു കൊണ്ട് മോർച്ചറിയിലേക്ക് മാറ്റുകയാണ് എന്ന് അവർ പറഞ്ഞു.
ട്രെയിനിൽ നിന്നും ഒരാൾ ആത്മഗതം പറഞ്ഞത് ഞാൻ ഓർത്തു." ഗൾഫിലൊക്കെ ഇങ്ങനെ അപകടം സംഭവിച്ചാൽ ഒരു മിനുട്ട് കൊണ്ട് ആശുപത്രിയിൽ എത്തിക്കും, ഇത് ഒരാൾ വീണു കിടന്നാൽ ആരു നോക്കാൻ ". ട്രെയിൻ നിർത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി .
മാധവിയമ്മയും മകനും കെ എം സി ആശുപത്രിയുടെ അറുപതാം നമ്പർ മുറിയിൽ ശങ്കരേട്ടനെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
Written by Saji Varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo