നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താലി


താലി
*********
"നിന്നോടെത്രവട്ടം ഞാൻ പറഞ്ഞിട്ടുണ്ടെടി ആർത്തവസമയത്ത് നീയെനിക്കൊന്നും കൊണ്ടുവന്നു തരരുതെന്ന്. അമ്മയുടെ അടുത്ത് കൊടുത്തുവിട്ടാൽ മതിയെന്ന് പറഞ്ഞിട്ടില്ലേ.. അവളുടെ ഒരു ചായ.. ത്ഫൂ.."
പ്രകാശൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി രാധ കൊണ്ടുവന്ന ചായ കൈകൊണ്ട് ഒരൊറ്റ തട്ട്കൊടുത്തു. പ്രകാശന്റെയും രാധയുടെയും വിവാഹം കഴിഞ്ഞു ആറ് വർഷമായി. ഇതുവരെ ഒരു കുഞ്ഞുകാൽ കാണാത്ത അരിശവും പ്രകാശനിലുണ്ട്. രാധയുടെ കുഴപ്പം കൊണ്ടാണെന്നാണ് വിചാരം. അതിനാൽ പ്രകാശന്റെ അമ്മയും ഇടക്കിടക്ക് അമ്മായിഅമ്മ പോരെടുക്കാറുണ്ട്.
പ്രകാശൻ രാധയെ ഇങ്ങനെ വഴക്ക് പറയുമ്പോഴും ഇടക്ക് 'അമ്മ കേറിവന്ന് പറയാറുണ്ട്.
"നീ അവളെ ഇങ്ങനെ ചീത്ത പറയണ്ട. പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ. അതെല്ലാ മാസവും ഉണ്ടാകും. അതുണ്ടായാലേ ഒരു പെണ്ണ് അമ്മയാകൂ. നീയെന്റെ വയറ്റിൽ ഉണ്ടായതും ഇതുള്ളതുകൊണ്ട് തന്നെയാ. അതില്ലാത്ത സമയത്തൊക്കെ നിനക്കവളെ വേണമല്ലോ.. നാണമില്ലെടാ നിനക്ക്. പോത്തുപോലെ ആയിട്ടും ഇങ്ങനൊക്കെ പറയാൻ"
'അമ്മ ഒതളങ്ങ പോലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഉരുളും. സ്ഥിരമായൊട്ടൊരു സ്ഥാനമില്ല. എങ്കിലും ദിവസം രാധയെ എന്തെങ്കിലും തരത്തിൽ കുറ്റപ്പെടുത്താതെ അമ്മക്ക് ഉറക്കം വരില്ല.
"ഏട്ടാ.. ടൗണിലേക്കാണോ.. അങ്ങോട്ട് പോകുന്നുണ്ടെങ്കിൽ ദാ ഈ മാലയൊന്ന് വിളക്കിച്ചു കൊണ്ടുവരുമോ. കുറെ ദിവസമായി കണ്ണി പൊട്ടി ഇരിക്കുന്നു. കഴുത്തിൽ ഒന്നും ഇല്ലാതെ ഒരു ജാതിയുണ്ട്. അടുത്ത ആഴ്ച തെക്കേലെ ഷീബയുടെ കുട്ടിയുടെ പേരിടലാണ്. അതിന് പോണം."
"ആ.. നിന്റെ മാല നന്നാക്കാൻ നടക്കലല്ലേ എന്റെ ജോലി. വേണേൽ പോയി നന്നാക്കേടി. ഒരു കാര്യവും പറഞ്ഞു വന്നേക്കുന്നു."
"ഹും.. ആ പറച്ചിൽ കേട്ടാൽ തോന്നും എനിക്ക് മാല വിളക്കിച്ചു പൂതി തീർന്ന് ഇരിക്കുവാണെന്ന്. നിങ്ങളും കെട്ടിയതല്ലേ ഈ കഴുത്തിലൊരു മാല. അത് ഇട്ട് ആഗ്രഹം തീരുമ്പോഴേക്കും ഊരിവാങ്ങി കൊണ്ടോയി വിറ്റു കള്ള് കുടിച്ചു കളഞ്ഞു. ഇതിപ്പോൾ കുടുംബശ്രീയിൽ നിന്നും ലോൺ എടുത്ത് വാങ്ങിയതാ. നിങ്ങടെ ഔദാര്യമല്ല. നിങ്ങൾക്ക് പറ്റില്ലേൽ വേണ്ട. ഞാൻ പോവാം."
പ്രകാശൻ ബൈക്കെടുത്ത് പുറത്തോട്ട് പോയി. കെട്ട്യോന്റെ സ്വഭാവം നന്നായി അറിയുന്നതിനാൽ രാധ അതിനനുസരിച്ചു നിൽക്കാനും പഠിച്ചു. ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരിച്ചു പറയാനും തുടങ്ങി. എങ്കിലും രാത്രി ആയാൽ പ്രകാശൻ മദ്യപിച്ചു വന്ന് പറയേണ്ടതൊക്കെ പറഞ്ഞു തീർക്കും. എല്ലാം കേട്ട് സുഖമായി കിടന്നുറങ്ങാൻ അമ്മയും.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ ഒരു ഓട്ടോ വീടിന്റെ മുന്നിൽ വന്നു നിന്നു. അടുത്ത വീട്ടിലെ രാജുവും ദിനേശനും ഇറങ്ങി. ആരെയോ ഓട്ടോയുടെ ഉള്ളിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നുണ്ട്. പ്രകാശൻ!!!!
"അയ്യോ.. എന്റെ മോന് ഇതെന്ത്പറ്റിയതാ രാജു.. തലയിലൊക്കെ കെട്ടുണ്ടല്ലോ"
"അത് കവലയിൽ ഒരു വണ്ടിയുമായി പ്രകാശേട്ടൻ കിന്നാരം പറഞ്ഞതാ. തലയിൽ മാത്രമല്ല. ദാ കാലിന്റെ ഒരു കഷ്ണം ഇറച്ചി ആ റോഡിൽ കിടക്കുന്നുണ്ട്. വെള്ളമടിച്ചു ഇനി വണ്ടി ഓടിക്കാൻ പാടില്ല. ഇതൊരു പാഠമാവട്ടെ"
രാജു ഓട്ടോയിൽ കയറി തിരിച്ചുപോയി. പിന്നീട് പ്രകാശന്റെ വലതു കൈ തോളിലേക്കിട്ട് വീട്ടിലേക്ക് കൊണ്ടുപോയത് രാധയാണ്. മദ്യത്തിന്റെ ഗന്ധം രാധയുടെ മൂക്കിലേക്കടിച്ചു. പ്രകാശൻ ഒരു കുട്ടിയെപ്പോലെ നടന്നു.
"ഹും.. കള്ള് കുടിച്ചിട്ടാണല്ലേ. അപ്പോൾ ഇത് കുറവാണ്. ഇതിലും കൂടുതൽ വരണം. നിന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ മാത്രമായി ഉണ്ടായ ഒരു സാധനമായിരുന്നു. കുടിച്ചു കുടിച്ചു ഉള്ളിലെ സാധങ്ങളെല്ലാം അടിച്ചുപോയി. അവസാനം മൂപ്പരും അടിച്ചുപോയി. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാകും എന്റെ പൊന്നുമോൻ അല്ലേടാ"
അമ്മയുടെ വാക്കുകൾ കേട്ട് പ്രകാശൻ ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു കിടന്നു. അപ്പോഴും രാധ ഒരു വാക്കുപോലും മിണ്ടിയിരുന്നില്ല. രാധ കട്ടിലിന്റെ അടുത്തുകൂടെ പോകുമ്പോൾ ഒരു കുട്ടി നോക്കുന്നപോലെ പ്രകാശൻ ഇടംകണ്ണിട്ട് നോക്കും. രാധ മിണ്ടിയില്ല.
കുറച്ചു ദിവസങ്ങൾക്ക് ശേഷം മുറിവ് കെട്ടിക്കാൻ രാധയും പ്രകാശനും ആശുപത്രിയിൽ പോയി.
"കാലിലെ മുറിവ് കാര്യമായുള്ളതാണ്. പകുതിയോളം ഇറച്ചി പോയിട്ടുണ്ടല്ലോ. അത് തൂർന്ന് വരണം. അതുവരെ നല്ലപോലെ ശ്രദ്ധിക്കണം. പിന്നെ ശരീരത്തിൽ ആൽക്കഹോളിന്റെ അളവ് കൂടുതലാണ് അതുകൊണ്ട് മുറിവ് പഴുക്കാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ ആദ്യം ഉപ്പിട്ട വെള്ളം കൊണ്ട് കഴുകി വൃത്തിയുള്ള തുണിയെടുത്ത് ഒപ്പിയെടുക്കണം. എന്നിട്ട് ഈ പൊടി കാലിൽ ഇട്ടു കൊടുക്കണം. എല്ലാം നല്ലപോലെ ചെയ്താൽ വേഗം മാറിക്കിട്ടും."
ഡോക്ടറുടെ വാക്കുകൾ കേട്ട് പ്രകാശനും രാധയും വീട്ടിലേക്ക് യാത്ര തിരിച്ചു.
അന്ന് അർധരാത്രി പ്രകാശന്റെ ശബ്ദം കേട്ട് രാധ ഞെട്ടിയുണർന്നു. കട്ടിലിൽ കിടന്നു വിറയ്ക്കുന്ന പ്രകാശനെയാണ് രാധ കണ്ടത്. നന്നായി പനിക്കുന്നു. വിയർക്കുന്നു. രാധ വേഗം പ്രകാശന്റെ ഷർട്ട് അഴിച്ചു തണുത്ത വെള്ളം കൊണ്ട് ദേഹമെല്ലാം തുടച്ചു. നെറ്റിയിൽ ഒരു തുണി നനച്ചിട്ടു. കട്ടിലിനോട് ചേർന്നിരുന്നു.
"രാധേ.. നേരംവെളുത്തു.. രാധേ"
രാവിലെ പ്രകാശന്റെ വിളികേട്ടാണ് ഉണർന്നത്. ഇന്നലെ പ്രകാശനെയും നോക്കിയിരുന്നു ഉറങ്ങിപ്പോയി. രാധ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി. അപ്പോഴും പ്രകാശൻ ഒരു കുറ്റബോധത്തോടെ രാധയെ നോക്കിയിരുന്നു.
പിന്നീടാണ് കാലിലെ മുറിവ് പഴുത്തത്. വലിയ മുറിവായതിനാൽ അഴുകിയപോലെയാണ് ഉണ്ടായിരുന്നത്. അതുകണ്ട പ്രകാശന്റെ 'അമ്മ ചർദ്ധിക്കാൻ വരുന്നു എന്ന് പറഞ്ഞു റൂമിനു പുറത്തോട്ട് ഓടി. അപ്പോഴും രാധ പ്രകാശന്റെ അടുത്തിരുന്നു ഡോക്ടർ പറഞ്ഞപോലെ ചെയ്തു. അപ്പോഴെല്ലാം പ്രകാശന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. രാപകലില്ലാതെ രാധ പ്രകാശനെ ഒരു കുട്ടിയെ നോക്കുന്ന പോലെ ശുശ്രൂഷിച്ചു.
പ്രകാശന് ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ട്. ഉച്ചയോടടുത്തപ്പോൾ രാധ കഞ്ഞിയുമായി റൂമിൽ ചെന്നപ്പോൾ പ്രകാശനെ കാണാനില്ല. ഷർട്ടും കാണുന്നില്ല. എല്ലായിടത്തും നോക്കി കാണുന്നില്ല. പുറത്തെ ബാത്റൂമിലെ ശബ്ദം കേട്ട് സമാധാനിച്ചു രാധ പുറത്തിറങ്ങി. നോക്കിയപ്പോൾ 'അമ്മ. പ്രകാശനെ കാണുന്നില്ല. നടക്കാൻ വയ്യാത്ത കാലും വെച്ച് ആൾ എങ്ങോട്ട് പോയി.
കുറച്ചുനേരം കഴിഞ്ഞപ്പോൾ വേലി കടന്നു കാലുകൾ തെന്നിവെച്ച് പ്രകാശൻ വരുന്നു. രാധ ഓടിച്ചെന്നു.
"ഇതെങ്ങോട്ടാ ഈ വയ്യാത്ത കാലുമായി പോയത്. ഞാൻ എവിടെയൊക്കെ നോക്കിയെന്നറിയോ."
പ്രകാശൻ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു സാധനമെടുത്ത് രാധക്ക് നീട്ടി.
"ഇന്ന് ഏപ്രിൽ 4 നമ്മുടെ വിവാഹ വാർഷികം. അമ്പലത്തിൽ പോയതാ ഞാൻ. നിനക്കൊരു കുഞ്ഞുണ്ടാവാത്തതിൽ നിന്നെ ഒരുപാട് വാക്കുകൊണ്ടും പ്രവർത്തികൾ കൊണ്ടും നോവിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനൊരു ജന്മത്തെ എനിക്ക് തന്നതെന്നു ദൈവത്തോട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരുവട്ടം കൂടി ദൈവത്തിന്റെ മുന്നിൽ പോയതാ ഞാൻ. എല്ലാത്തിനും മാപ്പ് ചോദിക്കാനും നിന്നെ എനിക്ക് തന്നതിന് ആ ദൈവത്തോട് നന്ദി പറയാനും."
പ്രകാശൻ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു. കാലിൽ നിന്നും രക്തം വരുന്നു. നടന്നപ്പോൾ മുറിവ് ഇളകിയിരിക്കുന്നു.
പ്രകാശൻ കൊടുത്ത ആ പൊതി രാധയോട് തുറന്നു നോക്കാൻ പറഞ്ഞു. നിരക്കണ്ണോടെ രാധ ആ പൊതി തുറന്നു.
അമ്പലത്തിലെ പ്രസാദവും അതിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു താലിമാലയും. രാധ പ്രകാശന്റെ മുഖത്തോട്ട് നോക്കി.
"നോക്കണ്ട രാധു. നിനക്കുള്ളത് തന്നെയാ. ഞാൻ അന്ന് ഊരിവാങ്ങിയ താലിമാല. അതിനി നിന്റെ കഴുത്തിൽ എന്നും വേണം. അമ്പലത്തിൽ കൊണ്ടോയി പൂജിച്ചു. ഇങ്ങു താ ഞാനിട്ടു തരാം."
രാധയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകിവന്നു. രാധ ആ താലിമാല പ്രകാശന് കൊടുത്തു. പ്രകാശൻ ചിരിച്ചുകൊണ്ട് രാധയുടെ കഴുത്തിൽ ചാർത്തി. എന്നിട്ട് പറഞ്ഞു.
"ഞാനിത്രനാളും അന്ധനായിരുന്നു രാധു. എനിക്കിപ്പോൾ കാഴ്ച കിട്ടി. ആ കാഴ്ചയിൽ ഏറ്റവും മനോഹരമായി കാണാൻ കഴിഞ്ഞത് നിന്നെയാണ്. ഇനി ഈ കണ്ണുകൾ എന്നും കാണുന്നതും നിന്നെ മാത്രമാണ്."
അപ്പോഴും എല്ലാം കേട്ട് വീടിനുള്ളിൽ പുഞ്ചിരിച്ചു സന്തോഷ കണ്ണുനീരോടെ 'അമ്മ ഇരിപ്പുണ്ടായിരുന്നു..
വിപിൻദാസ് അയിരൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot