Slider

സത്യസന്ധത (നർമ്മം):

0

സത്യസന്ധത (നർമ്മം):
<<<<<<<<<>>>>>>>>>>>
ഓട്ടോക്കാരുടെ സത്യസന്ധത പല സിനിമകളിൽ നിന്നും കഥകളിൽ നിന്നും പത്രങ്ങളിൽ നിന്നും മറ്റുമൊക്കെ നമ്മൾ പലപ്പോഴും കേൾക്കുന്നതാണല്ലോ. (പ്രത്യേകിച്ച് മലബാറിലെ ഓട്ടോക്കാരുടെ.)
ഞങ്ങൾ ഓട്ടോ ഡ്രൈവർമാരെല്ലാം ഇന്ന് രാവിലെ തന്നെ സ്റ്റാന്റിലെ ഷെഡ്ഡിലിരുന്ന് ഇന്നലെ നിഷാദിന് വീണു കിട്ടിയ രണ്ടരപവന്റെ ഒറ്റ പാദസരം തിരിച്ചേൽപ്പിച്ച കഥയും മുമ്പ് ഭാസ്ക്കരേട്ടനു കിട്ടിയ പെഴ്സും പണവും തിരിച്ചേൽപ്പിച്ചു മാതൃകയായ കഥയും മറ്റും പറഞ്ഞ് സ്വയം പുകഴ്ത്തി പുളകിതരായിരിക്കുമ്പോഴാണ് പുതുതായി ഓട്ടോയിൽ വന്ന നിഷ്കളങ്കനും അൽപം ചിരിക്കാൻ വകയുള്ള പോഴത്തങ്ങളൊക്കെ പറയുകയും ചെയ്യുന്ന മനീഷ് ചാടി വീണ് പറഞ്ഞത്..
"ഞാനും ഇതേപോലെ വണ്ടിയിൽ നിന്നും വീണു കിട്ടിയ ഒരു സാധനം എട്ട് കിലോമീറ്റർ ഓട്ടോ ഓടിപ്പോയി തിരിച്ചേൽപ്പിച്ച് മാതൃകയായിട്ടുണ്ട്... "
"ങ്ങേ... ഞങ്ങളോടൊന്നും നീ ഇത് വരെ പറഞ്ഞില്ലല്ലോ... എന്തായിരുന്നു... എവിടുന്നായിരുന്നു...?"
ഞങ്ങളെല്ലാവരുടെയും ആകാംക്ഷാ ചോദ്യം ശിവേട്ടനാണ് ചോദിച്ചത്.
"അരി... "
"അരിയോ...?"
ആരാണ് ചോദിച്ചതെന്നറിയില്ല ,പക്ഷേ ഞങ്ങളെല്ലാവരുടെയും മുഖം ചോദ്യചിഹ്ന രൂപത്തിൽ വളഞ്ഞിരുന്നു.
"അതെ, കഴിഞ്ഞ ആഴ്ച ഞാൻ നടുവണ്ണൂരേക്ക് ഒരോട്ടം പോയി തിരിച്ച് വരുമ്പോ കുറച്ച് വയസ്സുള്ള ഒരാള് വണ്ടീ കേറി. അയാള് ഉള്ള്യേരി വീടിന് മുന്നില് ഇറങ്ങേം ചെയ്ത്... ഇവിടെയെത്തി ബേക്ക് സീറ്റിലേക്ക് ശ്രദ്ധിച്ചപ്പഴാ ഞാൻ കണ്ടത്.
പിന്നെ വണ്ടീല് ആരും കേറീട്ടില്ലാത്തോണ്ട്
അരി അയാളുടേതാന്ന് ഉറപ്പായിരുന്നു.
അയാള് കയറിപ്പോയ വീട് കണ്ടോണ്ട് ഞാനപ്പം തന്നെ വണ്ടി തിരിച്ച് അങ്ങോട്ട് വിട്ട്..."
"അരി കുറെ ഉണ്ടായിരുന്നോ..? ഇതൊക്കെ ആരോടെങ്കിലും മറന്ന് പോക്യോ... എന്തെങ്കിലും പറയല്ലേ മനീഷേ... "
ഞാൻ ഇടയിൽ കയറി.
"സത്യാണ് ഷാനുക്കാ... അരി അത്രക്കൊന്നുംല്ല ഒരു കിലോ കഞ്ഞീന്റെ
കുത്തരി.. "
"അത്രേള്ളൂ... അതാ നീ ഇത്രേം ദൂരം വണ്ടി വെറുതേ ഓടി കൊണ്ടു കൊടുത്തത്... നിന്റെ സത്യസന്ധത സമ്മതിക്കണം.... "
"വെറുതെ ഓടിയതൊന്നുമല്ല.. ഓട്ടച്ചാർജ് നൂറ്റിരുപതു രൂപ ഞാനിങ്ങ് വാങ്ങി.. "
" നാൽപത് രൂപന്റെ അരിക്ക് നുറ്റി ഇരുപത് രൂപ... ആര് തരാനാ മനീഷേ.. അയാൾക്ക് അത് കൊണ്ട് മൂന്ന് കിലോ അരി കിട്ടൂലേ...? അത് മാത്രല്ല അയാൾക്ക് ആ ഒരു കിലോ അരിക്ക് 160 രൂപ വില വന്നില്ലേ..?''
"അതൊന്നും എനിക്കറിയൂല... വീട്ടിൽ കയറി വിളിച്ച് അരി കൊടുത്തപ്പോ അയാൾക്കെന്താ സന്തോഷം.. മോന് കുടിക്കാന് വെള്ളംന്തെങ്കിലും എടുക്കട്ടേന്ന് ചോദിച്ചപ്പോ ഞാൻ പറഞ്ഞ് വെള്ളൊന്നും വേണ്ട എനിക്കെന്റെ ഓട്ടച്ചാർജ് തന്നാ മതീന്ന്... എത്രാന്ന് ചോദിച്ചപ്പോ നൂറ്റി ഇരുപത് രൂപാന്ന് പറഞ്ഞു. അന്നേരം അയാള് ചോദിച്ച് മോന് എവിടെയുള്ള വണ്ടിയാന്ന്. ഞാൻ പറഞ്ഞ് ചീക്കിലോടാന്ന്.
അപ്പോ അയാള് ചോദിക്ക്യാ... എന്നാ ഇതോണ്ട് മോന് കഞ്ഞിവെച്ച് കുടിച്ചാ പോരായിരുന്നോന്ന്.. ഞാനപ്പോ പറഞ്ഞ്, ഞങ്ങള് ഓട്ടോക്കാര് സത്യസന്ധരാ വീണുകിട്ടുന്ന ഒരു സാധനോം എടുക്കൂല ആളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നവരാന്ന്.... പിന്നെ അയാളൊന്നും ചോദിച്ചില്ല. അകത്ത് പോയി നൂറ്റി ഇരുപത് രൂപ കൊണ്ടത്തന്നു.... "
വല്ലാതെ ചിരിച്ചാൽ വയറ്റീന്ന് കുളത്തിവലിക്കുന്ന ഒരസുഖമുണ്ടെനിക്ക്. ഞാനതിന്റെ വെപ്രാളത്തിൽ ചുവന്ന് വെള്ളം നിറഞ്ഞ കണ്ണുകളുമായി പരിസരം വീക്ഷിച്ചു.
ശിവേട്ടൻ വണ്ടിയുടെ പിറകിലെ സീറ്റിൽ കമയ്ന്ന് കിടന്ന് കുലുങ്ങുന്നു..
സജിലേഷ്, "ഹി... ഹി ...ഹി... " ഒരു പ്രത്യേക ചിരിയാണ് അവന്റേത് നിലത്ത് ഒക്കിച്ചിരുന്ന് കൈൾ തലയിലിട്ടടിക്കുന്നു. മജീദും ശ്രീജേഷും ഷെഡ്ഡിൽ നിന്നും എഴുന്നേറ്റ് എങ്ങോട്ടോ ഓടിക്കളഞ്ഞിരിക്കുന്നു.ജമാൽക്ക ഷെഡ്ഡിലെ സീറ്റിൽ കോടിക്കിടക്കുന്നു.
മനീഷ് അപ്പോഴും നിഷ്ക്കളങ്കനായി ഒരു ചെറുചിരിയോടെ... ഈ കോപ്രായങ്ങൾക്കൊക്കെ ഇവിടെപ്പൊ എന്താ സംഭവിച്ചതെന്ന മട്ടിൽ....
*************************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo