Slider

സദാചാര കുതുകികൾ: ചെറുകഥ

0

സദാചാര കുതുകികൾ: ചെറുകഥ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
റസീന കടയിൽ നിന്ന് വന്ന് വീട്ടിൽ കയറിയതേ ഉള്ളു.അപ്പോഴേക്കും എത്തി ഭർത്താവിന്റെ ഫോൺ കോൾ. എന്തെങ്കിലും അത്യാവശ്യമില്ലാതെ ഈ നേരത്ത് വിളിക്കാറില്ല. തിരച്ചങ്ങോട്ട് മിസ്സിട്ടതേ ഉള്ളു. ഭർത്താവ് കാത്തിരിക്കുകയാണെന്ന് മനസ്സിലായി. ഭർത്താവിന്റെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ തന്നെ കാര്യം പിടികിട്ടി.
മൂപ്പര് നല്ല ദേഷ്യത്തിലാ. ഞാൻ ആരെയും കൂടെ കൂട്ടാതെ കടയിൽ പോയതാണ് മൂപ്പരുടെ ദേഷ്യത്തിന് കാരണം.
തിരിച്ചങ്ങോട്ട് വളരെ സൗമ്യമായിത്തന്നെയാണ് സംസാരിച്ചത്. "നിങ്ങളുടെ പെങ്ങളും അളിയനും കൂടി വിരുന്നിന് വരുന്നുണ്ട് അവർക്ക് വല്ലതും തിന്നാൻ കൊടുക്കണ്ടെ. വല്ല കട്ടൻ ചായയും കൊടുത്ത് വിട്ടാൽ മതിയോ?" എന്ന ചോദ്യത്തിന് മുമ്പിൽ ഭർത്താവിന് ഉത്തരം മുട്ടി.ഉമ്മയാണെങ്കിൽ അനിയന്റെ വീട്ടിൽ. മക്കൾ സ്കൂളിലും പോയി. ആണുങ്ങളായ അയൽവാസികളെ ആരെയും കാണാനുമില്ല. പിന്നെ ഞാനെന്തു ചെയ്യും.
ഇതൊരു സ്ഥിരം പരിപാടിയാ. ഭർത്താവ് ഗൾഫിലാണെങ്കിൽ സ്ത്രീക്ക് പുറത്തിറങ്ങാൻ പാടില്ല. എന്നാൽ ഈ പറഞ്ഞ് നടക്കുന്നവർ മുസ്ഹഫിന്റെ നടുക്കണ്ട മാകണ്ടെ.. വാട്ട്സ്ആപ് ഒന്ന് തുറന്നാൽ മതി. കാണാം ഇവരുടെയൊക്കെ മാന്യത.
അസൂയയാണ് ഇവർക്കൊക്കെ.അൽപം സൗന്ദര്യമുള്ള ഭാര്യ ഒരു ഗൾഫുകാരനുണ്ടെങ്കിൽ പിന്നെ അവളുടെ നേരെയാണ് ഇത്തരം ഞരമ്പുരോഗികളുടെ നോട്ടം. എങ്ങനെയെങ്കിലും ഈ ബന്ധം ഒന്ന് കലക്കി കുളമാക്കി രണ്ട് പേരെയും രണ്ട് വഴിക്കാക്കി അതിൽ ആത്മരതി അനുഭവിക്കുന്ന തെണ്ടികൾ.
ഇപ്പൊ വാട്സ് ആപ് കൂടി വന്നതോടെ അപ്പോഴപ്പോൾ വിവരങ്ങൾ പണച്ചിലവില്ലാതെ കൈമാറാമല്ലൊ. എത്ര എത്ര പെൺകുട്ടികളാ ഇവരുടെ ചതിയിൽപെട്ട് വിവാഹമോചിതകളാകേണ്ടി വന്നത്.
എങ്ങിനെയെങ്കിലും ഈ വിവരം കൈമാറിയ ആളെ പിടികൂടണമെന്നായി അവളുടെ ചിന്ത.
താൻ പറഞ്ഞത് പെങ്ങളും അളിയനും വിരുന്നിന് വരുന്നുണ്ടെന്നാണല്ലൊ.സ്വാഭാവികമായും സംഭവിക്കാവുന്നതെ ഇപ്പോൾ സംഭവിച്ചിട്ടുള്ളു. അതു കൊണ്ട് ഭർത്താവിന് സത്യം ബോദ്ധ്യമായിട്ടുണ്ടാകും.
പല പ്രാവശ്യം കെഞ്ചി പറഞ്ഞെങ്കിലും പറഞ്ഞു കൊടുത്ത ആളെ പറയാൻ ഭർത്താവ് തയ്യാറായില്ല.
അവസാനം "ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.ഇതിനൊരു പരിഹാരം കണ്ടതിന് ശേഷം എന്നെ വിളിച്ചാൽ മതി. എനിക്കിപ്പൊ ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല. നല്ല ആരോഗ്യമുണ്ട്.കൂലിപ്പണിയെടുത്തെങ്കിലും ഞാൻ ജീവിക്കും" എന്ന പ്രഖ്യാപനത്തിന് മുന്നിൽ ഭർത്താവിന് മുട്ടുമടക്കേണ്ടി വന്നു.
ആട്ടോക്കാരൻ റഷീദാണത്രെ വാട്ട്സ്ആപ്പിൽ ഫോട്ടോ സഹിതം അയച്ചുകൊടുത്തത്.പലചരക്ക് കടയിലേക്ക് പോകാൻ റോഡ് മുറിഞ്ഞു കടക്കുവാൻ വേണ്ടി ആട്ടോസ്റ്റാന്റിൽ ഒരു മിനിറ്റ് നിന്നിരുന്നു. അപ്പോഴെടുത്തതായിരിക്കും.
റസീന വേഗം ചിക്കൻ കുക്കറിൽ വച്ചു.മസാലക്കുള്ളത് അരിഞ്ഞ് ചട്ടിയിൽ ഇട്ട് വഴറ്റി. പകുതി വേവായ ചിക്കൻ മഞ്ഞളിട്ട വെള്ളത്തിൽ നിന്ന് കോരിയെടുത്തു വഴറ്റിയ മസാലയിലേക്കിട്ടു. പാതി വേവായ അരി ഈറ്റി ചിക്കന് മുകളിലേക്കിട്ടു. ഭദ്രമായി മൂടിയതിന് ശേഷം അടുപ്പിൽ നിന്ന് കനൽ കോരി അsപ്പിന് മുകളിൽ ഇട്ടു. അര മണിക്കൂർ കഴിഞ്ഞാൽ ചിക്കനും അരിയും വേവ് പാകമാകും. അപ്പോൾ ബിരിയാണി റെഡി.
റസീന വസ്ത്രം മാറ്റി പുറത്തിറങ്ങി. അങ്ങാടിയിലെ ആട്ടോസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല. ഇനിയും ക്ഷമിച്ചാൽ തന്റെ ജിവിതം തന്നെ ഇവർ തകർക്കും.പക്ഷെ താനെങ്ങനെയെങ്കിലും ജീവിക്കും.കൂലിപ്പണിയെടുത്തെങ്കിലും. എന്നാൽ നിരാലംബരായ ഒരു പാട് പാവപ്പെട്ട പെൺകുട്ടികളുണ്ട്. ഒന്നിനും ഗതിയില്ലാത്തവർ. ചോദിക്കാനും പറയാനും ആരുമില്ലാത്തവർ. അടിമകളെപ്പോലെ അടുക്കള പ്പണിയെടുക്കുന്നവർ.അവരാരും ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടരുത്. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ തന്നെ വിധവകളാകരുത്. കെട്ടിച്ചയച്ച മാതാപിതാക്കൾക്ക് മുമ്പിൽ വീണ്ടും ഒരു ചോദ്യചിഹ്നമാകരുത്.
അങ്ങാടിയിലെത്തുന്നതിന് മുമ്പേ റസീന കണ്ടു. അവന്റെ ആട്ടോ വരുന്നത്. ട്രിപ്പുമായി പോവുകയാണ്.സ്ത്രീകളാണ് യാത്രക്കാർ. അവൻ വണ്ടിയൊന്നു സ്ളോവാക്കി.ഒരു പക്ഷേ തന്റെ ഫോട്ടോ വീണ്ടും എടുക്കാനായിരിക്കും.വണ്ടിയുടെ നേരെ ചെന്ന് കൈകാട്ടി നിർത്തിച്ചു. അവന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി വാട്ട്സ്ആപ് തുറന്നു. അവനാകെ പതറിയിട്ടുണ്ട്. ആട്ടോക്ക് പിന്നിൽ മറ്റു വാഹനങ്ങൾ ഹോൺ മുഴക്കുന്നു. അവൻ ആട്ടോ മാറ്റുകയോ ഫോൺ തിരിച്ചു വാങ്ങുകയോ വേണ്ടി എന്ന അങ്കലാപ്പിലാണ്.പെട്ടെന്ന് അവൾ വാട്ട്സ്ആപ്പിലെ ഫോട്ടോ എടുത്തുകാണിച്ചു കൊണ്ട് ചോദിച്ചു." ഇതാരാടാ".
അവളുടെ ചോദ്യത്തിന്റെ രൂപം കണ്ടപ്പോഴെ അവൻ ആകെ പതറി. വാക്കുകൾ കിട്ടിയില്ല.
റസീന വില കൂടിയ മൊബൈൽ താഴേക്ക് ഒരൊറ്റ ഏറ്. മൊബൈൽ റോഡിൽ വീണ് ചിന്നിച്ചിതറി.ആളുകൾ കൂടുന്നു.മൊബൈൽ പൊട്ടിയത് കണ്ട് അവൻ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചതും അവൾ കോളറിന് പിടിച്ചതും ഒരുമിച്ചായിരുന്നു. അവനെ പുറത്തേക്ക് വലിച്ച് കരണ കുറ്റിക്ക് ചെരുപ്പുകൾ കൊണ്ട് പ്രഹരിക്കുമ്പോൾ അവനെന്തോ പറയുന്നുണ്ടായിരുന്നു. അതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച അവൻ.രണ്ടടി ഉയരമുള്ള മതിലിൽ തടഞ്ഞ് അപ്പുറത്തെ പറമ്പിലേക്ക്. എന്നിട്ടും അരിശം തീരാഞ്ഞ് ഛിന്നഭിന്നമായിക്കിടക്കുന്ന മൊബൈൽ വീണ്ടും പെറുക്കിയെടുത്ത് കരിങ്കല്ലുകൊണ്ട് കുത്തി ചമ്മന്തിയാക്കി റസീന.
ആ സമയം സദാചാര ബോധമില്ലാത്ത സദാചാരക്കാരനെ നടുറോഡിൽ ഒരു സ്ത്രീ പ്രഹരിക്കുന്നത് FB യിൽ ലൈവായി കാണുന്നുണ്ടായിരുന്നു ആളുകൾ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo