Showing posts with label RadhaSukumaran. Show all posts
Showing posts with label RadhaSukumaran. Show all posts

മൗനത്തിന്‍റെ അപാര(യ)സാദ്ധ്യതകള്‍

Image may contain: 1 person, indoor and closeup
**************************************
കണ്‍സള്‍ട്ടിംഗ് റൂമിലെ തിരക്കു തീര്‍ന്നപ്പോള്‍ വെളുത്ത കോട്ടഴിച്ചുമാറ്റി ഡോക്ടര്‍ രേണുക കസേരയില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. ഇനി വൈകീട്ട് നാലുമണിയ്ക്കേ രോഗികളെത്തൂ. എല്ലാം നേരത്തെ ബുക്ക് ചെയ്തുവരുന്നവര്‍.
ഇപ്പോള്‍ പരീക്ഷാകാലമായതിനാല്‍ പരിഭ്രാന്തിയും ടെന്‍ഷനുമായി കുട്ടികളെ കൊണ്ടു വരുന്ന മാതാപിതാക്കളുടെ തിരക്കാണ് കൂടുതല്‍.
കുറെ കുട്ടികളെയും കൊണ്ടു അടുത്തുള്ള ഗേള്‍സ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ വന്നുപോയതേയുള്ളു.
''ലോകത്തിലാദ്യമായി പരീക്ഷയെഴുതുന്നയാള്‍ നിങ്ങളല്ല..ഇതേ മാനസികാവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. അടുത്തമാസം ഉപരിപഠനത്തിനായി വിദേശത്തുപോകാനായി ക്ളിയര്‍ ചെയ്യേണ്ട ഒരു ടെസ്റ്റ് ഞാനും എഴുതുന്നുണ്ട്. നിങ്ങളെപ്പോലെ പരീക്ഷാപേടി എനിയ്ക്കുമുണ്ട്.. കുറച്ചു പേടിയുണ്ടെങ്കില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ പഠിയ്ക്കും..ശ്രമിച്ചു നോക്കൂ..''അവരെ സമാധാനിപ്പിച്‌ പറഞ്ഞയച്ചതേയുള്ളു..ഇടനാഴിയുടെ അറ്റത്തെവിടെയോ അവരുടെ കലപില ശബ്ദം മറഞ്ഞു..
ഒരു നല്ലവാക്കോ സമാശ്വാസമോ മനസ്സിന് ഓക്സിജന്‍ പകരുന്നതെങ്ങിനെയെന്ന് സൈക്യാട്രി എന്ന വിഷയം ഐച്ഛികമായി തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ അറിഞ്ഞത്ഭുതപ്പെടുന്നതാണ്. മനസ്സിന്‍റെ പല വികൃതികളും കണ്ടു പകച്ചുനിന്നിട്ടുമുണ്ട്.
കേസ് ഫയലുകള്‍ അതാത് സ്ഥലത്ത് ഒതുക്കിവെച്ച് നേഴ്സ് തിരിഞ്ഞു നിന്നു.
''മാം വീട്ടില്‍ പോകുന്നോ?അതോ കാന്‍റീനിലേയ്ക്കോ?ഇനി നാലരയ്ക്കാണ് അടുത്ത അപ്പോയിന്‍റ്മെന്‍റ്''
''ഗ്രീഷ്മ പൊയ്ക്കോളൂ.. ഞാനും ഇറങ്ങുകയാണ്.''
പുറത്തു വെയില്‍ കനത്തുകിടക്കുന്നു. രാജീവ് ഇറങ്ങിയോ എന്തോ! ഈയിടെയായി ഒരുമിച്ചൊന്നുമല്ല യാത്രയും ഭക്ഷണവുമൊന്നും. അഡ്മിനിസ്ട്രേഷന്‍റെ ചുമതല കൂടി കയ്യേറ്റതില്‍ പിന്നെ രാജീവിന് ദേഷ്യവും അസഹിഷ്ണുതയും കൂടിയതായി തോന്നിയിട്ടുണ്ട്.
നഗരത്തിലെ പ്രസിദ്ധമായ സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ പാര്‍ട്ണേഴ്സ് ആണ് രാജീവ്-രേണുക ദമ്പതികള്‍. കുടുംബട്രസ്റ്റിന്‍റെ കീഴിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും ഡോക്ടര്‍മാരായ രാജീവും രണ്ടു സഹോദരങ്ങളുമാണ് ഭരണം നിയന്ത്രിയ്ക്കുന്നത്.എല്ലാവരും തങ്ങളുടെ ചികിത്സാമേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍. ആധുനിക സൗകര്യങ്ങളെല്ലൊമുള്ള ആശുപത്രിയില്‍ നിരവധി ഡോക്ടര്‍മാര്‍ വിദേശത്തു നിന്നു പോലും വിസിറ്റിംഗ് കണ്‍സല്‍റ്റന്‍റുമാരായി എത്തുന്നു..അതുകൊണ്ട് കൂടി റെഫര്‍ ചെയ്തെത്തുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്.
വാതില്‍ തുറന്നു രാജീവ് ധൃതിയിലകത്തു വന്നപ്പോള്‍ രേണുകയൊന്നു നടുങ്ങി.
''ആ സതീഷിന്‍റെ വൈഫിനെ കണ്‍സല്‍ട്ടേഷനു കൊണ്ടുവന്നിട്ടുണ്ട്. തിരക്കില്ലാത്തപ്പോള്‍ മതിയെന്നു പറഞ്ഞിരുന്നു..ഒന്നു നോക്ക്..ഡിപ്രഷന്‍ കേസാണെന്നു തോന്നുന്നു..രണ്ടു ദിവസമായി ഒന്നും മിണ്ടുന്നില്ലത്രെ! വല്ല ആന്‍റിഡിപ്രസന്‍റും എഴുതിക്കൊടുക്ക്.. റസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറിയായതു കൊണ്ട് സതീഷിനെ ഒഴിവാക്കാന്‍ വയ്യ. വലിയ പ്രശ്നമൊന്നും കാണില്ല.. രണ്ടുദിവസം മിണ്ടാതിരിയ്ക്കുമെങ്കില്‍ അത്രയും നല്ലത്‌.അല്ല പിന്നെ...''
എന്നാല്‍ പിന്നെ പരിശോധനയും സ്വയം ചെയ്തു കൂടെ എന്ന് മനസ്സില്‍ ചോദിയ്ക്കുമ്പോഴേയ്ക്കും രാജീവ് അവരുമായെത്തി. പരിഭ്രമം മുഖത്തു നിറച്ച് സതീഷും നിസ്സംഗതയോടെ ഭാര്യ മാലിനിയും..
പല ഗെറ്റ്ടുഗതര്‍ വേളകളിലും മനോഹരിയായി അണിഞ്ഞൊരുങ്ങി പുഞ്ചിരിയോടെ ആതിഥേയവേഷത്തില്‍ അവരെ കണ്ടിട്ടുണ്ട്..സംസാരിച്ചിട്ടുമുണ്ട്.. വളരെ സന്തോഷവതിയായിട്ടേ തോന്നിയിട്ടുള്ളു.. സമ്പന്നതയുടെ കൊടുമുടിയില്‍ നില്ക്കുന്ന, നല്ല കുടുംബിനിയായ ഇവര്‍ക്കെന്തു പറ്റി!
'എന്താണെന്നറിയില്ല, ഒരാഴ്ചയായി അല്പം ഡള്‍ ആയിരുന്നു.. എന്തോ ആലോചനയില്‍ തന്നെ..രണ്ടു ദിവസമായി ഒന്നും സംസാരിയ്ക്കുന്നില്ല..എന്തെങ്കിലും അറിയുന്നുണ്ടോ എന്നുപോലും...'' സതീഷ് പറഞ്ഞു നിര്‍ത്തി.
സാരമില്ല.. നോക്കട്ടെ..എന്നാശ്വസിപ്പിക്കാന്‍ തുടങ്ങിയപ്പോളാണ്...
''ആരെങ്കിലും അറിഞ്ഞാലുള്ള സ്ഥിതി ഡോക്ടര്‍ക്കറിയാമല്ലോ..എങ്ങിനെയെങ്കിലും..''
മാലിനി ഒന്നുകൂടി തലതാഴ്ത്തിയതു കണ്ടപ്പോള്‍ സഹതാപമല്ല ദേഷ്യമാണ് തോന്നിയത്.
'' വി വില്‍ വെയിറ്റ് ഔട്ട് സൈഡ്‌'' രാജീവ് സതീഷിനേയും കൂട്ടി റൂമിനു പുറത്തേയ്ക്കു പോയപ്പോള്‍ മാലിനിയെ കണ്‍സല്‍ട്ടിംഗ് ഏരിയയിലേയ്ക്ക് നയിച്ചു. നേഴ്സിനെ വിളിക്കേണ്ട, ആരും അറിയാതെ വേണമെന്നല്ലേ ആവശ്യം..
തികച്ചും നിര്‍വ്വികാരമാണ് മാലിനിയുടെ മുഖം. പിടിതരാതെ ഒളിച്ചുവെച്ച മനസ്സിനെ എങ്ങിനെ പുറത്തെത്തിയ്ക്കും?
''തലവേദനയുണ്ടോ? കഴിഞ്ഞ പാര്‍ട്ടിയ്ക്കൊടുവിലെപ്പോഴോ മാലിനി അങ്ങിനെ പറഞ്ഞിരുന്നല്ലോ?'' സ്ലീവ് ലെസ് ബ്ലൗസും ലേറ്റസ്റ്റ് ഡിസൈനര്‍ സാരിയുമണിഞ്ഞ് കഴുത്തൊപ്പം വെച്ച് ബോബ് ചെയ്ത മുടിയിഴകളിളക്കി പാര്‍ട്ടികള്‍ക്ക് ആതിഥ്യമേകാറുള്ള ഇവരെ ഈ രീതിയില്‍ കാണേണ്ടിവരുമെന്നാരറിഞ്ഞു!
മുറിയില്‍ പിന്നെയും മൗനം നിറയുന്നതായും അതു തന്നിലേയ്ക്കിറങ്ങുന്നതായും രേണുകയ്ക്കു തോന്നി.
'' ഇടയ്ക്കൊക്കെ ഒന്നും മിണ്ടാതെ ഓരോന്നോര്‍ത്തിരിയ്ക്കണമെന്ന് എനിയ്ക്കും തോന്നിയിട്ടുണ്ട്. പറ്റാറില്ലെന്നു മാത്രം.. അപ്പോഴേക്കും എന്തെങ്കിലും പ്രശ്നവുമായി രാജീവെത്തും. അല്ലെങ്കില്‍ മോന്‍റെ വാശിപിടുത്തം..''
മാലിനി മെല്ലെ മുഖമുയര്‍ത്തി.
'' മിണ്ടാതിരിക്കരുത്, ഡോക്ടര്‍.. വഴക്കിട്ടിട്ടായാലും പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കണം.. അല്ലെങ്കില്‍ എന്നെപ്പോലെ..''
അവര്‍ കൈകളില്‍ മുഖം മറച്ച് പൊട്ടിക്കരഞ്ഞു..
ഒന്നു പതറിയെങ്കിലും രേണുക അവളുടെ അടുത്തിരുന്നു തോളില്‍ കൈവെച്ചു. '' എല്ലാം പറയൂ... വിശദമായി..''
ഒരു നിമിഷം വിദൂരതയിലേയ്ക്ക് നോക്കിയിരുന്ന് അവര്‍ പറഞ്ഞുതുടങ്ങി..
'' ഡോക്ടര്‍ക്കറിയില്ല..ഈ നഗരത്തില്‍ ഈ ആഡംബരവില്ലാസമുച്ചയത്തില്‍ താമസത്തിനെത്തുന്നതിനു മുമ്പ് തികച്ചും സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം. കെട്ടിടനിര്‍മ്മാണരംഗത്തെ ഒന്നാംനിരയിലുള്ള കമ്പനിയില്‍ നിക്ഷേപ പങ്കാളിത്തത്തോടെ സതീഷ് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതു മുതലാണ് മാറ്റം പ്രകടമായത്. അതിനുമുമ്പ് അവിടെ ചീഫ് ആര്‍ക്കിടക്റ്റ് ആയി ജോലിയിലായിരുന്നു. ഞാന്‍ മോള്‍ പഠിച്ചിരുന്ന സ്കൂളില്‍ കിന്‍റര്‍ഗാര്‍ഡന്‍ ടീച്ചറായി അഞ്ചുകൊല്ലം ജോലി ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മാതാപിതാക്കളും അല്പം അകലെ താമസിച്ചിരുന്നതിനാല്‍ മാറി മാറി ഞങ്ങളുടെ കൂടെ വന്നു താമസിയ്ക്കുമായിരുന്നു. എത്ര സന്തോഷകരമായിരുന്നു ആ നാളുകള്‍! കളിയും ചിരിയും ബഹളവുമായി അങ്ങിനെ...''
''ആഹാ! മാലിനി ട്രെയിന്‍ഡ് ടീച്ചറാണോ? പ്രീ സ്കൂള്‍ തലത്തിലുള്ള കുട്ടികളെ പഠിപ്പിച്ചെടുക്കുക വലിയൊരു ഉത്തരവാദിത്വമാണ്. പിന്നെന്താ ആ ജോലി മതിയാക്കിയത്?''
നിഴലും വെളിച്ചവും മാലിനിയുടെ കണ്ണുകളില്‍ തിരയടിയ്ക്കുന്നുണ്ടായിരുന്നു.
'' ഞാന്‍ മോണ്ടിസ്സോറി പഠനപദ്ധതിയില്‍ കോഴ്സ് കംപ്ലീറ്റ് ചെയ്തത് ബാംഗ്ളൂരിലെ പ്രസിദ്ധമായൊരു ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നാണ്. വളരെ ഇഷ്ടപ്പെട്ട വിഷയമായതിനാല്‍ ജോലിയും കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യവും ഞാന്‍ ഒരുപാടു ആസ്വദിച്ചിരുന്നു''..
''പിന്നെ എങ്ങിനെയാണ് ഇത്തരമൊരു മാറ്റം ഉണ്ടായത്? ജോലി തുടരാമായിരുന്നില്ലേ?
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവര്‍ തുടര്‍ന്നു..
''ബിസിനസ്സ് രംഗത്ത് കാലുറപ്പിയ്ക്കുന്നതു വരെ സതീഷേട്ടന്‍ ഭയങ്കര തിരക്കിലായിരുന്നു. ഒരുപാടു യാത്രകള്‍, മീറ്റിംഗുകള്‍ അങ്ങിനെ ഒന്നിനും സമയം തികയാത്ത ദിനങ്ങള്‍! വീട്ടുകാര്യങ്ങളും മകളുടെ കാര്യങ്ങളും കൂടുതലായും എന്‍റെ ചുമതലയായി. പിന്നെ വളരെ പെട്ടെന്നാണ് മാറ്റങ്ങളുണ്ടായത്. ഒരുപാടു പ്രോജക്ടുകള്‍, ക്ലയന്‍റുകള്‍,തിരക്കുകള്‍..അവിശ്വസനീയമായിരുന്നു ഞങ്ങളുടെ വളര്‍ച്ച. ഇപ്പോള്‍ നമ്മള്‍ താമസിക്കുന്ന വില്ലാപ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കയതോടെയാണ് ഞങ്ങള്‍ ഇങ്ങോട്ടു മാറിയത്. പുതിയ സ്ഥലം,ആളുകള്‍,സൗകര്യങ്ങള്‍,തിളക്കമാര്‍ന്ന ദിനങ്ങള്‍!
പിന്നെയെപ്പോഴോ ഏട്ടനു തിരക്കും ദേഷ്യവും കൂടി. എല്ലാ കാര്യവും താന്‍ വിചാരിച്ചപോലെ വേണമെന്നായി. ആജ്ഞകള്‍ കൂടി വന്നു.മെല്ലെ മെല്ലെ എനിയ്ക്കൊരു അഭിപ്രായവും പറയാനാവാതെയായി.
വഴക്കിടേണ്ടെന്നു കരുതി ആദ്യമൊക്കെ ഞാന്‍ സ്നേഹപൂര്‍വ്വം അനുസരിച്ചു. ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്തപ്പോള്‍ എപ്പോഴോ മകളും അദ്ദേഹത്തെ അനുസരിച്ചു തുടങ്ങി. ഭക്ഷണം അധികവും പുറത്തു നിന്ന് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഞാനെതിര്‍ത്തിരുന്നു. വാശിയോടെ ഞാന്‍ പലതരം ഭക്ഷണങ്ങള്‍ തീന്‍മേശയില്‍ നിരത്തി. മിണ്ടാതെ കഴിച്ചിട്ടുപോകുമെന്നല്ലാതെ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് സമയം? ''
മാലിനി ഒന്നു മടിച്ചു, പിന്നെ തുടര്‍ന്നു..''ഈയിടെ അദ്ദേഹം വളരെ വൈകിയാണ് വീട്ടിലെത്തുന്നത്.. മിക്കവാറും ഞാനുറങ്ങിക്കാണും..ചിലദിവസങ്ങളില്‍ വിളിച്ചു പറയും ഉറങ്ങരുതെന്ന്.. അന്നെനിയ്ക്ക് വയ്യെങ്കിലും..''
മാലിനിയുടെ കണ്ണുകളില്‍ പൊടുന്നനെ കനലെരിഞ്ഞു. പിന്നെ കണ്ണീര്‍ച്ചാലുകളൊഴുകി.
'' കുറച്ചു വെള്ളം കുടിയ്ക്കൂ..എന്നിട്ടു സാവകാശം പറഞ്ഞാല്‍ മതി'' രേണുക ആശ്വസിപ്പിച്ചു.
''ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.. ഒന്നും പറയാതെ,ഓര്‍ക്കാതെ ഇനിയെന്ത്?കഴിഞ്ഞയാഴ്ച മോള്‍ ഹോസ്റ്റലിലേക്ക് മാറി,അച്ഛന്‍റെ പിന്തുണണയോടെ. എന്‍ട്രന്‍സ് കോച്ചിംഗിനും കമ്പയിന്‍ സ്ററഡിയ്ക്കുമെന്ന പേരില്‍. എനിയ്ക്കിനിയെന്താണ് ചെയ്യാനുള്ളത്,ഡോക്ടര്‍? മനസ്സു കൈവിട്ടു പോകുന്ന പോലെ. കുറെ അക്ഷരങ്ങളല്ലാതെ മനസ്സിലൊന്നും തെളിയുന്നില്ല.''
മനോവിഭ്രമത്തിന്‍റെ ആദ്യപടവിലേയ്ക്ക് കാലൂന്നാനാണ് മാലിനിയുടെ ശ്രമമെന്ന് തിരിച്ചറിഞ്ഞ രേണുക സമചിത്തത വിടാതെ പറഞ്ഞു ''ചെയ്യാനൊരുപാടുണ്ട്.. നിങ്ങള്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്നത്. അതിനുള്ള മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണ്. ഓരോ അക്ഷരവും തിരിച്ചറിഞ്ഞ് ഒരു വാക്കെങ്കിലും പറയുക..ഉറക്കെ..
മെല്ലെ മെല്ലെ വാക്കുകള്‍ കൂടുതലായി പറയുക. എന്നിട്ട് വീണ്ടും മനസ്സിലേക്കു നോക്കൂ..എന്തെങ്കിലും തെളിയുന്നുണ്ടോ എന്ന്.''
കണ്ണടച്ചിരുന്ന് മാലിനി മെല്ലെ പറഞ്ഞു..
'' ഒരു ക്ലാസ് മുറിയില്‍ കുറെ ചെറിയ കുട്ടികള്‍.. ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറിലാണ് ഞാന്‍ റെജിസ്റ്റര്‍ നോക്കി പേരുവിളിയ്ക്കുന്നത്.
അദിത്,ആര്യ,ബിനിത,ചിന്നു,ഡാന്‍,എല്ന..''
മാലിനി കണ്ണുനിറയെ ചിരിച്ചു..
''അപ്പോള്‍ ഈ സെഷന്‍ ഇവിടെ നിര്‍ത്താം.. അടുത്ത സെഷന്‍ രണ്ടു മാസം കഴിഞ്ഞു മതി..ഇതേക്കുറിച്ച് ഇപ്പോള്‍ ആരോടും പറയേണ്ട.. കാരണം മാലിനിയ്ക്ക് പ്രത്യേകിച്ച് ഒരസുഖവുമില്ലല്ലോ!.
സതീഷിനെ വിളിയ്ക്കാം..''
വാതില്‍ തുറന്നു മുറിയിലെത്തിയ അയാളുടെ മുഖത്ത് പരിഭ്രമമുണ്ട്.. രാജീവും ഒപ്പമുണ്ട്. മാലിനിയെ പുറത്തു വെയിറ്റിംഗ് ചെയറിലിരുത്തി കതകു ചാരി..മേശയ്ക്കെതിരെ സതീഷിനെയിരുത്തി ഒരുനിമിഷം വെറുതെ നോക്കിയിരുന്നു..എങ്ങിനെ തുടങ്ങണം?
'' എന്തു പറ്റി?രോഗിയുടെ മൗനം ഡോക്ടറിലേയ്ക്ക് പകര്‍ന്നോ?'' രാജീവിന്‍റെ വാക്കുകളില്‍ അക്ഷമയും പരിഹാസവുമുണ്ട്..
'' ഒന്നു പുറത്തു വെയിറ്റ് ചെയ്യൂ.. രാജീവ് ..പ്ളീസ്..എനിയ്ക്ക് ഇദ്ദേഹത്തോടാണ് സംസാരിക്കാനുള്ളത്''
അമ്പരപ്പോടെ രാജീവ് അവളെ നോക്കി.. പിന്നെ മെല്ലെ വാതില്‍ തുറന്നു പുറത്തേയ്ക്കു നടന്നു..
'' ഷി ഈസ് ഇന്‍ എ വെരി സെന്‍സിറ്റീവ് സ്റ്റെയ്റ്റ് ഓഫ് മൈന്‍ഡ്..പ്ലീസ് ഡോണ്‍ട് ആസ്ക് ഹേര്‍ എനിതിംഗ്..'' തറപ്പിച്ചു തന്നെ പറയേണ്ടി വന്നു.
സതീഷിന്‍റെ മുഖത്ത് ഉത്കണ്ഠയേറുകയാണ്..
''പ്ലീസ് ഡോക്ടര്‍..എന്താണ് മാലുവിന് പറ്റിയത്? പേടിക്കാനൊന്നുമില്ലല്ലോ?
''പേടിച്ചിട്ടു കാര്യമില്ല.. മാലിനിയുടെ മനസ്സിപ്പോള്‍ ബ്ലാങ്ക് ആണ്.. ഇഷ്ടപ്പെട്ടതൊന്നും ചെയ്യാനും പറയാനുമില്ലാതെ അവര്‍ കുറെക്കാലമായി ഉള്‍വലിയുകയായിരുന്നു.. മനസ്സിന്‍റെ പ്രതിഷേധവും പ്രതിരോധവുമാണ് മൗനം. അത് അവഗണിയ്ക്കരുത്..മനസ്സു കൈവിട്ടാല്‍ പിന്നെ...
'' ഡോക്ടര്‍ ..എന്താണ് ഞാന്‍ ചെയ്യേണ്ടത്? അവളില്ലാതെ എനിയ്ക്ക്..'' അയാളുടെ വാക്കുകളിടറി..
'' മാലിനിയുടെ മനസ്സിലിപ്പോള്‍ കുറച്ച് അക്ഷരങ്ങളാണ് ബാക്കിയുള്ളത്..അതുപയോഗിച്ച് വാക്കുകളും വാക്യങ്ങളും പഠിപ്പിയ്ക്കേണ്ടത് നിങ്ങളാണ്..സ്നേഹം കൊണ്ട്..പരിഗണന കൊണ്ട്.. പറ്റുമെങ്കില്‍ വീക്കെന്‍റിലെങ്കിലും മകളോടു വീട്ടില്‍ വരാന്‍ പറയൂ.. പിന്നെ മാലിനിയുടെ പഴയ ഇഷ്ടങ്ങള്‍ ഓര്‍ത്തെടുക്കൂ..
''മോള്‍ക്ക് ഹോസ്റ്റല്‍ ഭക്ഷണവും താമസവും തീരെ ഇഷ്ടപ്പെട്ടിട്ടില്ല..അവള്‍ വീട്ടിലേയ്ക്ക് വരാനിരിയ്ക്കുകയാണ്.'' അയാളുടെ കണ്ണിലും വാക്കുകളിലും കുറ്റബോധം നിറയുന്നുണ്ട്.
''കഴിഞ്ഞ അസോസിയേഷന്‍ മീറ്റിംഗില്‍ ഈ കോളനിയിലെ കൊച്ചു കുട്ടികള്‍ക്കായി ഒരു ക്രെഷ് തുടങ്ങാന്‍ തീരുമാനിച്ചതല്ലേ! ആഡിറ്റോറിയത്തിനടുത്തുള്ള ആക്റ്റിവിറ്റി റൂം അതിനായി സജ്ജമാക്കുന്നുണ്ടല്ലോ! അതു തുടങ്ങുമ്പോള്‍ അതിന്‍റെ ചുമതല മാലിനിയെ ഏല്പിയ്ക്കൂ..ഒരു പരീക്ഷണമെന്നോണമെങ്കിലും..''
കണ്ണുതുടച്ച് അയാള്‍ തലയാട്ടി.
'' ശരി.. രണ്ടു മാസം കഴിഞ്ഞാണ് അടുത്ത സെഷന്‍ പറഞ്ഞിട്ടുള്ളത്..'' രേണുക എഴുന്നേല്ക്കാനൊരുങ്ങി..
''മരുന്നെന്തെങ്കിലും..? അയാള്‍ പരുങ്ങി
'' കരുതലും സ്നേഹവും മരുന്നിന്‍റെ ഫലം ചെയ്യുമെന്നല്ലേ! പിന്നീടു വേണമെങ്കില്‍ നോക്കാം..''
പുറത്തു കാത്തിരിക്കുന്ന മാലിനിയ്ക്കൊപ്പം സതീഷിനെ യാത്രയാക്കുമ്പോള്‍ രാജീവ് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
''എന്നിട്ടും മാലിനിയൊന്നും സംസാരിച്ചില്ലേ?''അയാളുടെ വാക്കുകളില്‍ പുച്ഛമോ അമര്‍ഷമോ വായിച്ചെടുക്കാം..
ഇടനാഴിയുടെ പാതിവഴിയില്‍ മാലിനി തിരിഞ്ഞുനിന്നു..
''ഡോക്ടര്‍, എ ഫോര്‍..ആല്‍ഫബെറ്റ്സ്''
ചിരിച്ചു കൊണ്ട് മാലിനിയെ ചേര്‍ത്തു പിടിച്ച് സതീഷ് കൈവീശി വീണ്ടും യാത്ര പറഞ്ഞു.
അവര്‍ കണ്ണില്‍ നിന്ന് മറയുന്നതു വരെ നോക്കി നിന്നശേഷം ബാഗെടുത്ത് മുറിയടച്ച് രേണുക കാന്‍റീനിലേയ്ക്ക് നടന്നു.
''വിളിച്ചു പറഞ്ഞാല്‍ മതി..ഫുഡ് റൂമിലേയ്ക്കു വരുത്താം'' രാജീവ് പറഞ്ഞു
''എന്തിന്? ഞാന്‍ അവിടെപോയി കഴിച്ചോളാം.. സീ യു ഇന്‍ ദി ഈവ്നിംഗ്..'' രാജീവിനെ നോക്കി സ്നേഹപൂര്‍വ്വം ചിരിച്ചുകൊണ്ട് അവള്‍ മെല്ലെ മുന്നോട്ടു നടന്നു.
ടൈല്‍ പാകിയ നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോള്‍ മൗനത്തിന്‍റെ ഇളം തൂവലുകള്‍ തന്‍റെയുള്ളില്‍ നിന്ന് പറന്നകലുന്നറിഞ്ഞ് രേണുക ഊറിച്ചിരിച്ചു.
രാധാ സുകുമാരന്‍
23.10.2018

സൗഹൃദപ്പൂക്കള്‍

Image may contain: 1 person, closeup and indoor
--------------------------
ഇന്നലെ പെയ്ത മഴയ്ക്കിന്നു കിളിര്‍ക്കുന്ന
ഇളംതളിരുകളെല്ലാം പൂത്തുലയാറില്ല!
മെല്ലെ കണ്ണുതുറന്നിരുപുറം നോക്കിയും
മൃദുമാരുതനെ തൊട്ടറിഞ്ഞും
നനുത്തൊരിലകളോരോന്നായ് വിടര്‍ത്തിയും
നിവര്‍ന്നു നില്ക്കാന്‍ ശ്രമം നടത്തിയും
നാളുകളെത്രയോ ഉറങ്ങിയുമുണര്‍ന്നും
നാമ്പെടുത്തെന്നുറപ്പു വരുത്തിയും
മണ്ണിലൊന്നു കാലുറപ്പിച്ചു നില്‍ക്കവേ
മനസ്സറിഞ്ഞു നോക്കുന്നു ചുറ്റുമെത്ര തൈകള്‍!
വിടരും മുകുളങ്ങളെയോമനിയ്ക്കുമ്പോഴും
വീക്ഷിയ്ക്കുന്നുവോ ചുറ്റിലും മുന്നിലും
ഇത്തിരി വെട്ടവും വെള്ളവും പോലും
ഇരുപുറം മേവും വേരുകള്‍ക്കുമേകിയും
വിളറുന്നുവെന്നറിയുമ്പോള്‍ പതറാതെ
വീശിത്തണുപ്പേകി ആശ്വാസമോതിയും
പകിട്ടോടെ പൂത്തുലയുമ്പോള്‍ പുഞ്ചിരിയോടെ
പതിയെയന്യോനം നോക്കി ലാളിച്ചും
ശലഭങ്ങളെത്തുമ്പോള്‍ നാണിച്ചു
വിവശയായ് കള്ളച്ചിരിയോടെ നോക്കിയും
ദളമര്‍മ്മരങ്ങളാലെത്രയോ കിന്നാരം
സഹജരാം മലരുകളോതുന്നു മെല്ലെ!
വര്‍ണ്ണപ്പകിട്ടും ഹൃദ്യസുഗന്ധവും
കേവലം ക്ഷണികമെന്നറിയുമ്പോഴും
കൈചേര്‍ത്തുപിടിച്ചൊരു പൂക്കൂടയിലായ്
കിലുകിലെ ചിരിയ്ക്കുന്നു പിന്നെയും!
വാടിക്കൊഴിഞ്ഞീടിലും വാര്‍മുടിയിലൊളിച്ചീടിലും
വാഴുക സൗഹൃദമലരുകളായ് നമ്മളെന്നല്ലോ
വഴിയും സ്നേഹമോടോതുന്നീ പൂക്കള്‍!
[ സൗഹൃദദിനാശംസകള്‍]
രാധാ സുകുമാരന്‍
05.08.2018

നാലുമണിപ്പൂക്കള്‍

Image may contain: 1 person, indoor and closeup
*******************
നേരവും കാലവും നേരെന്നു ചൊല്ലുന്നു
നിറമെഴും ചിരിയോടെയീ കുഞ്ഞുപൂക്കള്‍!
വെയിലാറിത്തുടങ്ങിയോ?
നിഴലിടത്തിണ്ണയില്‍ തൊട്ടുവോ!
പിടഞ്ഞെണീറ്റു വിടര്‍ന്നതോ
പതിവു തെറ്റാതെയിന്നുമീ പൂക്കള്‍!
ഉച്ചമയക്കം വിട്ടുണരണം
പോക്കുവെയില്‍ചൂടു കൊണ്ടുള്ളം തെളിയണം
കാപ്പിയനത്തണം കപ്പയുലര്‍ത്തണം
ചെറുപലഹാരങ്ങളല്പമൊരുക്കണം
പള്ളിക്കൂടം വിട്ടോടിവരുമുണ്ണിക്കൈകളില്‍
ഉണ്ണിയപ്പവുമൊരുമുത്തവുമേകണം
സായംകാലമിതുമൊരു നല്ല തുടക്കമോ!
സൂര്യാസ്തമയമേറെ വിനാഴികകള്‍ക്കപ്പുറമോ!
നിഴല്‍വരകള്‍ മൂടി നരകയറിയാലും
നയനങ്ങളില്‍ തിമിരം പടര്‍ന്നീടിലും
നോക്കെത്താദൂരത്തിനിയുമുണ്ടു
നനുത്ത വര്‍ണ്ണക്കാഴ്ചകളെന്നോ!
നാലുമണിയ്ക്കു വിളിച്ചുണര്‍ത്തിച്ചൊല്ലുന്നു
നിനവിലിന്നും വിരിയുമീ കുഞ്ഞുപൂക്കള്‍!
രാധാ സുകുമാരന്‍
14.05.2018

വൈഫും വൈഫൈയും ജീവിതവും..


Image may contain: 1 person, closeup and indoor

---------------------------------------------------------
അരുണ്‍ ഞങ്ങളുടെ കുടുംബസുഹൃത്താണ്. വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍. നല്ല സ്വഭാവവും, ഉയര്‍ന്ന വിദ്യാഭ്യാസവും,ജോലിയും ഉള്ള യുവാവ്. എന്‍റെ പാചക പരീക്ഷണങ്ങളെ ഉള്ളറിഞ്ഞു കഴിച്ചു പ്രോത്സാഹിപ്പിയ്ക്കുന്നവന്‍. ''ചേച്ചീ.. വിശക്കുന്നു..എന്നു പറഞ്ഞാണ് അധികവും വീട്ടിലെത്തുക. നാട്ടുവിശേഷങ്ങള്‍ പലതും അവന്‍ പറഞ്ഞാണ് ഞാനറിയുന്നതു തന്നെ.
ആറുമാസം മുമ്പ് വരെ ഇങ്ങിനെയൊക്കെയായിരുന്നു. ഇപ്പോഴും അവന്‍ വീട്ടില്‍ വരാറുണ്ട്. പക്ഷേ എന്‍റെ മുഖത്തു നോക്കാറില്ല. ''ചേച്ചീ..ഞാന്‍..'' എന്നു പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും അവന്‍റെ മൊബൈലില്‍ ഒരു ചെറിയ മിന്നലൊ മണിനാദമോ ഉണ്ടാവും. അതിലും തിളക്കം അവന്‍റെ കണ്ണിലും. ഉടനെ ഇയര്‍ഫോണും ഘടിപ്പിച്ച് പതിയെ സംസാരമാവും. അവന്‍റെ കയ്യെത്തുംവിധത്തില്‍ തളികകളില്‍ ഭക്ഷണം വിളമ്പി ആംഗ്യഭാഷയില്‍ അവന്‍റെ ശ്രദ്ധ തിരിയ്ക്കാന്‍ ഞാന്‍ പാടുപെടുകയാണ്.
അരുണ്‍ നവവിവാഹിതനാണ്. കല്യാണനിശ്ചയം കഴിഞ്ഞതു മുതല്‍ അവനിങ്ങനെയാണ്. ഒന്നിലും ഏകാഗ്രതയില്ലാതെ, എന്തൊക്കെയോ ചെയ്തു കൊണ്ട്, മൊബൈലില്‍ നിന്നു കണ്ണെടുക്കാതെ, സ്വയം മറന്നങ്ങനെ..
ഇത് കുറച്ചൊക്കെ സ്വാഭാവികമെന്നറിയാമെന്നറിയാവുന്നതിനാല്‍ എനിയ്ക്ക് അത്ഭുതമില്ലായിരുന്നു. സത്യം പറഞ്ഞാല്‍ അവന്‍റെ പല ചേഷ്ടകളും നിരീക്ഷിച്ചാല്‍ നല്ല രസമാണ്. അരുണിന്‍റെ വധുവായ അനുപമ എന്‍റെ അകന്ന ബന്ധുകുടുംബത്തില്‍ നിന്നാണെന്ന് കുറെ കഴിഞ്ഞാണറിയുന്നത്.
അനുപമയുടെ മറ്റൊരു പേര് ആത്മവിശ്വാസം എന്നാണോ എന്ന് അവളോട് സംസാരിച്ചപ്പോളൊക്കെ എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഏതു വിഷയവും എത്ര ലാഘവത്തോടെയാണെന്നോ കാണുന്നത്. അരുണിന്‍റെ ഓരോ ചോദ്യങ്ങളേയും ചില വാദമുഖങ്ങളേയും അനായാസമായി അവള്‍ ചിരിച്ചൊതുക്കുന്നതു കണ്ടു പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
വിവാഹത്തിനു മുന്നോടിയായി ഷോപ്പിംഗിനും അരുണ്‍ എന്നെ നിര്‍ബന്ധിച്ചു കൂടെ കൂട്ടി. താലിമാല, വസ്ത്രങ്ങള്‍, സര്‍പ്രൈസ് ഗിഫ്റ്റ് അങ്ങിനെ എന്തൊക്കെയോ വാങ്ങിക്കൂട്ടി. ഇതിലെല്ലാം വാട്സ്ആപ്പിലൂടെ അനുപമയുടെ നിര്‍ദ്ദേശവുമെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് വിവാഹശേഷം അവര്‍ക്കു താമസിയ്ക്കാന്‍ പുതിയ വീടു നോക്കേണ്ടേ എന്ന നിര്‍ദ്ദേശം ഞാന്‍ തന്നെ മുന്നോട്ടു വെച്ചത്. അവന്‍ നാട്ടില്‍ പോകാനുള്ള ത്രില്ലില്‍ അതു പിന്നേയ്ക്കു മാറ്റിവെച്ചെന്നു മാത്രം.
വിവാഹവും ഒരുമാസത്തോളത്തെ സഹവാസവും കഴിഞ്ഞെത്തിയപ്പോള്‍ അരുണ്‍ ആദ്യം പറഞ്ഞത്..''ചേച്ചീ, ഒരു വീടു നോക്കണം.. അനുവിനെ അടുത്തമാസം ഇങ്ങോട്ടു കൊണ്ടു വരണം''..എന്നു തന്നെയാണ്. മൊബൈല്‍ ഇപ്പോള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗമായ പോലെയാണ്.
''നീയതവിടെ മാറ്റി വെച്ച് ഭക്ഷണം കഴിയ്ക്ക്.. എന്നിട്ട് സംസാരിയ്ക്ക്..'', വീട്ടുകാരന്‍ ഒരിയ്ക്കല്‍ തറപ്പിച്ചു പറഞ്ഞു. ''എന്തെങ്കിലും അത്യാവശ്യകാര്യമായിരിയ്ക്കുമെന്നേ..'', ഞാനവനെ ന്യായീകരിയ്ക്കാനാണ് ശ്രമിച്ചത്.
അങ്ങിനെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വീടു തിരയല്‍ തുടങ്ങിയത്. മിക്കവാറും വൈകീട്ട് അവന്‍ വിളിയ്ക്കും..'' ചേച്ചീ, ഒരെണ്ണം അടുത്ത ലൊക്കാലിറ്റിയിലുണ്ട്.. പോയി നോക്കാം..'' കുറെയൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും രണ്ടു തവണ ഞാനും കൂടെ പോയി. ഓരോ പോരായ്മകള്‍ കണ്ടതിനാല്‍ വിട്ടുകളഞ്ഞു. മൂന്നാം തവണ കണ്ട വീട് കൊള്ളാം, അപ്പാര്‍ട്ട്മെന്‍റെങ്കിലും ഗേറ്റ് കടന്നാല്‍ അല്പം മുറ്റം, ചെടികള്‍,തണല്‍ എല്ലാമുണ്ട്. ഒരു ഭാഗത്തായി ഒരു തുളസിച്ചെടി കൂടി കണ്ടപ്പോള്‍ കൗതുകം തോന്നി. രണ്ടാംനിലയിലെ കൊച്ചുഫ്ലാറ്റ്.
എല്ലാം നല്ല വൃത്തിയാക്കിയിട്ടുണ്ട്. ചെറുതാണെങ്കിലും സൗകര്യങ്ങളുമുണ്ട്. കൂടെ വന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് വിശദീകരിച്ചു കൊണ്ടിരുന്നു...''റെസിഡന്‍ഷ്യല്‍ ഏരിയ.. പാര്‍ക്കിംഗ് സൗകര്യം സെക്യുരിറ്റി..മെയിന്‍റനന്‍സ്, വൈഫൈ..''..
അരുണ്‍ ഒന്നുഷാറായി. '' പാസ് വേര്‍ഡ് എന്താണ്? ചെക്ക് ചെയ്യട്ടെ? സ്പീഡ് എങ്ങിനെ?''
എഗ്രിമന്‍റോ ടോക്കണ്‍ അഡ്വാന്‍സോ ഇല്ലാതെ അവരുണ്ടോ വൈഫൈ പാസ് വേര്‍ഡ് തരുന്നു? അയാള്‍ തന്‍റെ മൊബൈലില്‍ റേഞ്ച് കാണിച്ചു ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
അരുണ്‍ വീടിന്‍റേയും മുറികളുടേയും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. എന്‍റെ കണ്ണുകള്‍ ചുറ്റും പരതി.. അടുക്കള തീരെ ചെറുതായോ? കാബിനറ്റിന്‍റെ മുകളിലത്തെ നിരയില്‍ ആയാസമില്ലാതെ കയ്യെത്തുമോ? എക്സോസ്റ്റ് ഫാന്‍ ശക്തമല്ലേ? വാഷിംഗ് മെഷീന്‍റെ ഡ്രെയിന്‍ ബ്ലോക്കില്ലാതെ ഘടിപ്പിച്ചിട്ടില്ലേ? ബാത്റൂം നീറ്റല്ലേ?..
ചില കുറവുകളും ഞാന്‍ ചൂണ്ടിക്കാണിച്ചു.. ബെഡ്റൂമില്‍ കട്ടിലും ഒരു ചെറിയ സ്റ്റഡി ടേബിളും വാര്‍ഡ്രോബും കഴിഞ്ഞ് ഡ്രെസ്സിംഗ് ടേബിളിടാന്‍ സ്ഥലം കുറവാണ്. അത് ബാത്റൂം കഴിഞ്ഞുള്ള കോറിഡോറില്‍ ഇടേണ്ടി വരും. ഹാളില്‍ ഇരുന്നാല്‍ കിച്ചനില്‍ ജോലി ചെയ്യുന്നതു കാണാം. ''വാതിലടച്ചാല്‍ പോരെ, അല്ലെങ്കിലും പുതുമോടിയില്‍ ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത്?'' ഏജന്‍റ് ചിരിയോടെ പുറത്തേയ്ക്കു വിരല്‍ ചൂണ്ടി. പുറത്ത് റോഡിനപ്പുറം നിരനിരയായി ഫാസ്റ്റ് ഫുഡ് ജോയിന്‍റുകള്‍..
എന്നാലും.. ഞാന്‍ കൂടുതല്‍ പറഞ്ഞില്ല.
''കിഴക്കേതാ?'' ഞാന്‍ ആത്മഗതമെന്നോണം ചോദിച്ചു. അയാളെന്നെ അമ്പരപ്പോടെ നോക്കി..വീട്ടുകാരന്‍ സ്ഥിരം ചിരിയോടെ ചൂണ്ടിക്കാണിച്ചു.. വിളക്കു വെയ്ക്കാനൊരിടം ഞാന്‍ മനസ്സില്‍കണ്ടു വെച്ചു.
അരുണ്‍ ഫോണില്‍ തന്നെയാണ്. '' നീ അനുവിനോട് ചോദിയ്ക്ക്..അവളുടെ അഭിപ്രായം കൂടി അറിയാം'' ഞാന്‍ പറഞ്ഞു.. ഞങ്ങള്‍ ഒരു ഭാഗത്തേയ്ക്കു നീങ്ങി നിന്നു. വീടിനെക്കുറിച്ചു പറഞ്ഞതിനേക്കാള്‍ വൈഫൈയുടെ സ്പീഡ് ചെക്ക് ചെയ്യേണ്ട കാര്യമാണ് ചര്‍ച്ച. അടുത്തു നില്‍ക്കുന്ന എനിയ്ക്ക് അനുപമയുടെ അനുനാസികമായ ശബ്ദം കുറേശ്ശെ കേള്‍ക്കാം..'' ''ഐ.പി.അഡ്രസ് ഷെയര്‍ എത്രയുണ്ട്? പകലും രാത്രിയും ഒരേ സ്പീഡ് ആണോ എന്ന് നോക്കണം..''
ഞാനോര്‍ത്തു..ഒരു കാര്യം പറയാതെ വയ്യ.. ഈ ചക്കി ചങ്കരനൊത്തതെന്നു മാത്രമല്ല,അതുക്കും എത്രയോ മേലെ തന്നെ..
അടുത്തദിവസം ലാപ്ടോപുമായി വന്ന് വൈഫൈ കണക്റ്റ് ചെയ്തു നോക്കാം എന്ന തീരുമാനിച്ച് തിരിച്ചിറങ്ങി.
വീട്ടിലെത്തുന്നതിനു മുമ്പു തന്നെ അരുണ്‍ വിളിച്ചു..'' ഈ വീട് കുഴപ്പമില്ല,അല്ലേ ചേച്ചീ..''
'' നല്ല വീടല്ലേ.. ഒരു കൊച്ചു ഹണിമൂണ്‍ കോട്ടേജ് തന്നെ..'' ഞാനും ശരിവെച്ചു.
പിറ്റേന്നു തന്നെ ബുക്ക് ചെയ്യാമെന്ന തീരുമാനവുമായി.
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ പതിവു പോലെ ഞാനും ശ്രദ്ധിച്ചത് വൈഫൈ കണക്റ്റ് ആയില്ലേ എന്നാണ്. വാട്സ് ആപ്പില്‍ നോട്ടിഫിക്കേഷനുകളുണ്ട്.
ഞങ്ങള്‍ സോഫയിലിരുന്നു.. ''വീട് കുഴപ്പമില്ല അല്ലേ? ഒതുക്കത്തിലാണെങ്കിലും സൗകര്യമുണ്ട്. അടുത്തു തന്നെ കടകളും റെസ്റ്റോറന്‍റുകളും ഉണ്ട്. അവന് ഓഫീസില്‍ നിന്ന് അധികം ദൂരവുമില്ല.'' അദ്ദേഹം പറഞ്ഞു.
''അടുക്കള ചെറുതാണെങ്കിലും അവിടെയും വൈഫൈ കാണുമല്ലോ!..'' ഞാന്‍ കളിയാക്കി
'' പഴയ കാലമൊന്നുമല്ല.. പാചകം ചെയ്യാനൊന്നും ഇന്നത്തെ കുട്ടികള്‍ അധികം സമയം കളയില്ല. അവള്‍ക്കാണെങ്കില്‍ കാര്യമായൊന്നുമറിയില്ലെന്നല്ലേ അരുണ്‍ പറഞ്ഞത്''?, അദ്ദേഹം വിശദീകരിച്ചു..
''ഭര്‍ത്താവിന്‍റെ മനസ്സിലേയ്ക്കുള്ള വഴി നല്ല ഭക്ഷണം നല്കി കണ്ടെത്തേണമെന്നല്ലേ? അതൊക്കെ ചുമ്മാ പറയുന്നതാവാം അല്ലേ?'' പാതി സ്വഗതമായാണ് ഞാന്‍ പറഞ്ഞത്.
ശരിയാണ്, ഇന്ന് പരസ്പരം മനസ്സിലാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. പക്ഷേ അറിയേണ്ടുന്നതെല്ലാം തന്നെയാണോ ഇന്നത്തെ യുവമിഥുനങ്ങള്‍ പങ്കിടുന്നത്? പ്രണയവും സ്നേഹവും അനുനിമിഷം സന്ദേശങ്ങളിലൂടെ അറിയിയ്ക്കുക എന്നത് കേവലം ഒരു ദൗത്യം മാത്രമോ? ദാമ്പത്യം അനുശാസിയ്ക്കുന്ന ചില അടിസ്ഥാനതത്വങ്ങളില്ലേ? പാചകം ചെയ്യാന്‍ അറിയില്ലെന്ന് എത്ര അഭിമാനപൂര്‍വ്വമാണ് അവര്‍ അംഗീകരിയ്ക്കുന്നത്? ഏതു സാധനവും വിരല്‍ത്തുമ്പിലെത്തിയ്ക്കാം എന്ന കച്ചവടവിപണനതന്ത്രങ്ങള്‍ക്ക് ഇത്ര സ്വാധീനമോ?
പൊടുന്നനെ മിന്നല്‍പിണര്‍ പോലെ ഒരോര്‍മ്മ ഒാടിയെത്തി. രണ്ടര പതിറ്റാണ്ടിനു മുന്‍പു ആദ്യമായി കൈക്കുഞ്ഞുമായി മണലാരണ്യത്തിലെ ഈ കൊച്ചു നഗരത്തില്‍ വിമാനമിറങ്ങിയതു റമദാന്‍ നോമ്പിലെ ഒരു നട്ടുച്ചയ്ക്കായിരുന്നു. നിയമങ്ങള്‍ ഇന്നത്തേക്കാള്‍ കര്‍ക്കശം. ഭക്ഷണശാലകളെല്ലാം അടഞ്ഞു കിടക്കുന്നു. ഇന്നത്തെപ്പോലെ റെഡി റ്റു ഈറ്റ് ഭക്ഷണവിഭവങ്ങള്‍ ലഭ്യമല്ല. ഷോപ്പിംഗ് മാളുകള്‍ അപൂര്‍വ്വം. പ്രിയസമാഗമത്തിന്‍റെ സന്തോഷത്തില്‍ വിശപ്പും ദാഹവുമൊന്നും കുറച്ചു നേരത്തേയ്ക്ക് അലട്ടിയില്ല.
വീട്ടിലെത്തിയപ്പോള്‍ കണ്ടതോ? ഒരു പരീക്ഷണമെന്നോണം പാതിവെന്ത ചോറു വാര്‍ത്തു വെച്ചിട്ടുണ്ട്. രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പ് ഒരു ശ്രമം നടത്തിയതാണ്. (പാവം).
നല്ല വിശപ്പും ദാഹവുമുണ്ട്. കുറെ തണുത്ത വെള്ളം കുടിച്ചു.
കുഞ്ഞിനു പാല്‍ കൊടുത്തുറക്കി.
പകുതി വേവായ ചോറില്‍ തിളച്ച വെള്ളമൊഴിച്ചു തിളപ്പിച്ചൂറ്റിയെടുത്തു. ധൃതിയില്‍ ഒരു കാബേജ് തോരനുണ്ടാക്കി. നല്ല തൈരുണ്ട്. പപ്പടം പൊള്ളിച്ചു, നാട്ടില്‍ നിന്നു കൊണ്ടു വന്ന കടുമാങ്ങയെടുത്തു. ഒരു തളികയില്‍ വിളമ്പി പരസ്പരം ഊട്ടിയ ഒരോര്‍മ്മ കാലിഡോസ്കോപ്പിലൂടെയെന്നവണ്ണം തെളിഞ്ഞു വന്നു .
അത്ര രുചികരമായ ഭക്ഷണം പിന്നെ കഴിച്ചിട്ടില്ലെന്നു എപ്പോഴൊക്കെയോ പറഞ്ഞുകേട്ടിരുന്നില്ലേ!
വൈഫൈ തരംഗങ്ങള്‍ക്കു മനസ്സുകളെ സമന്വയിപ്പിയ്ക്കാനാവുമോ? അദ്ദേഹം സ്നേഹാര്‍ദ്രമായി നോക്കുന്നതു ഞാന്‍ അറിയുന്നുണ്ടായിരുന്നു. (ഈ ഓര്‍മ്മ എന്‍റേതു മാത്രമല്ലല്ലോ!) പക്ഷേ ഞാന്‍ മുഖമുയര്‍ത്തിയില്ല. ഏതോ ഉത്തരം തിരയുന്ന പോലെ വാട്സ് ആപ്പില്‍ പരതിക്കൊണ്ടിരുന്നു.
ചില ഒാര്‍മ്മകള്‍ അങ്ങിനെയാണ്. അവ വാക്കുകളാല്‍ പങ്കുവെയ്ക്കേണ്ടതല്ല. മനസ്സിലൊരു ചെപ്പിലൊളിപ്പിച്ച്... ഇടയ്ക്ക് പുറത്തെടുത്തോമനിച്ച്.. വീണ്ടും ഒളിപ്പിച്ച്...
ജീവിതത്തിലെ ഒാരോ നിമിഷവും എത്രയെത്ര ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കടന്നു പോകുന്നത്! മറക്കേണ്ടവ,മറക്കാന്‍ കഴിയാത്തവ, മറക്കാന്‍ പാടില്ലാത്തവ.... വ്യാപ്തിയും ആവൃത്തിയുമുള്ള ഏതു തരംഗങ്ങള്‍ക്കാണ് അവയെ കൂട്ടിവിളക്കിച്ചേര്‍ക്കാനാവുക!
രാധാ സുകുമാരന്‍
23.05.2018

കൃഷ്ണഹൃദയം

കൃഷ്ണഹൃദയം
------------------------
തനിച്ചല്ല നീ ഗോപികേ!തളരുന്നതെന്തിങ്ങനെ?
തെളിയും നിലാവിലുമിന്നു തിളങ്ങുന്നതെന്തേ,
തീര്‍ത്ഥമായ് നീയെനിയ്ക്കേകുമീയശ്രുകണം!
തുളസീദളസമവിശുദ്ധം നിന്‍ വിരഹനിശ്വാസം!
മിഴിനിറയാതെ കേള്‍ക്കു നീ രാധികേ!
മഥുരാപുരിയിലുമെന്‍ മനം തുടിപ്പൂ നിനക്കായ്
മൂകമാം മുരളികയോര്‍ക്കുന്നിതെന്നും
മഞ്ജീരധ്വനിയുതിര്‍ക്കും നിന്‍ പദനിസ്വനം!
പരിഭവമിനിയും നീ പറയൂ ഗോപാംഗനേ!
പനിമതിയായ് തെളിയൂ ഹൃദയാംബരത്തില്‍!
പറയാതെയറിയുന്നുവെങ്കിലുമെത്രയോ
പുളകദായകം നിന്‍ പരിദേവനം!
പ്രണയഗീതമൊന്നു പാടൂ നീ മോഹനേ!
പരിതപ്തമെന്‍മനം കുളിരണിഞ്ഞീടുവാന്‍
പകരം തരാനില്ല പ്രേമമല്ലാതെയൊന്നും
പകലുമിരവും ഞാന്‍ ചൂടുന്നു നിന്നോര്‍മ്മകള്‍
പ്രണയകലഹമിതു തുടരൂ നീ പ്രിയതമേ!
പുലരിയിലുമീ പുതുവീഥിയിലും
പ്രഭാതകിരണമായെന്നെയുണര്‍ത്തുവാന്‍
പ്രണയത്തുടുപ്പോടെത്തുന്നു നീയെന്നുള്ളില്‍!
നിന്നൊപ്പമുണ്ടു ഞാനെന്നറിയുക ഗോപികേ!
നീറും വിരഹാഗ്നിയിലും, നിറയും മൗനത്തിലും
നീരവബിന്ദുവായ്, നിറമെഴും മോഹമായ്
നിന്നിലായറിയുകയെന്നെ നീയിനിയെന്നും!
രാധാസുകുമാരന്‍
07.03.2018

രാധികാഗീതം

രാധികാഗീതം
----------------------
നീലക്കടമ്പിന്‍ പൂക്കള്‍ വാടി വീണീടവേ
നീരവബിന്ദുക്കള്‍ വാരിപ്പുണരവേ
നിത്യമെരിയുമീ വിരഹാഗ്നി ജ്വാലയില്‍
നീരദവര്‍ണ്ണാ! ഞാനിന്നുമുരുകുന്നു.
നിശ്ചലമല്ലോ ജീവിതമെന്മുന്നില്‍
നിഷ്പ്രഭമല്ലോ നീയില്ലാ നാളുകള്‍
നിന്നെയോര്‍ത്തീടുവാന്‍ മാത്രമോ വിടരുന്നു
നിശാഗന്ധിപ്പൂക്കളെന്‍ നിശ്വാസം പോല്‍!
അമ്പാടിയിലെ മണ്‍കുടിലൊന്നില്‍
അന്യൂനമെന്‍ ഗോപീജന്മമൊഴുകീടവേ
നന്ദകുമാരനായ് മായക്കണ്ണനായ്
യശോദാപുണ്യമായെത്തിയല്ലോ നീ!
ഗോപബാലരൊത്താടിയും പാടിയും
മോദമോടോടിക്കളിച്ചും ചിരിച്ചും
ആരുമേയറിഞ്ഞില്ല നമ്മെയന്നൊന്നും
കോമളമോഹനമല്ലയോ ബാല്യം!
കൗമാരസ്വപ്നങ്ങള്‍ നെയ്ത ദിനങ്ങളില്‍
കണ്ണന്‍റെ പുകള്‍പാടും സായന്തനങ്ങളില്‍
നിന്‍ മുരളീരവമെന്നെയുണര്‍ത്തിയോ!
നിന്‍ ചാരെയെത്താനെന്‍ മനം വെമ്പിയോ!
പൂവായ് വിരിഞ്ഞും പൂമ്പാറ്റയായ് പറന്നും
നിന്നെത്തിരഞ്ഞതെന്‍ ജന്മനിയോഗമോ!
പൂന്തേന്‍ മധുരമല്ലോ പ്രേമത്തിനെന്നു നാം
തിരിച്ചറിഞ്ഞതുമിന്നോര്‍ക്കുന്നുവോ?
കാളിയദര്‍പ്പമടക്കിയ കാല്‍ത്തള നാദമെന്‍
ഹൃദയതാളമായ് മാറിയതറിഞ്ഞു ഞാന്‍!
ഗോവര്‍ദ്ധന ഗിരി ധാരണം ചെയ്ത നാള്‍
ചാരെയണച്ചെന്നെ പുഞ്ചിരിയോടെ നീ!
വൃന്ദാവന പുഷ്പനികുഞ്ജങ്ങളില്‍
ഗോപീവൃന്ദ പരിലാളിതനായപ്പോഴും
നിന്‍ മിഴി തേടിയതെന്നെ മാത്രമോ?
നിന്‍ മനമോര്‍ത്തതെന്‍ മഞ്ജീരനാദമോ?
നിന്നെത്തിരഞ്ഞും നിന്നിലലിഞ്ഞും
''രാധേശ്യാ''മെന്ന സ്നേഹസാരമറിഞ്ഞും
നിനവിലും കനവിലും നിന്‍ നിഴലായെന്നും
നിത്യാനന്ദമായ് മാറിയല്ലോ ഞാന്‍!
മധുരോദാരമാം വാസരങ്ങള്‍ക്കപ്പുറം
മധുരയ്ക്കു മടങ്ങിയതെന്തു നീ മടിയാതെ
ജീവാത്മാവിന്‍ പിന്‍വിളിയായ് ഞാന്‍
ജീവേശാ! നിശ്ശബ്ദം തേങ്ങിയതറിഞ്ഞീലേ?
പരമാത്മാവിന്‍ പരമാര്‍ത്ഥമായ് നീ
പരമപൂരുഷാ! പിന്‍തിരിയാതെ പോയതെന്തേ
പകല്‍സൂര്യന്‍ പൊടുന്നനെ അസ്തമിച്ചതോ!
പാതിരാവിലിന്ദുമതിയും മറഞ്ഞതോ!
നിന്‍ കീര്‍ത്തിഗീതികളെത്തിയതെത്രയോ
നാളുകളെത്ര കഴിഞ്ഞതുമറിഞ്ഞില്ല ഞാന്‍!
യുഗങ്ങളെത്രയോ പോയൊഴിഞ്ഞെങ്കിലും
യാമങ്ങളെന്നത്രേ തോന്നുന്നതിപ്പോഴും
കാണാമറയത്തു നില്പൂ നീയെന്നത്രേ
കാണുന്നവരെല്ലാം ചൊല്ലിയെന്നിട്ടുമീ
കാനനസീമ വിട്ടെങ്ങുമേ പോകാതെ
കാര്‍വ്വര്‍ണ്ണാ! നിന്നെ കാത്തിരിപ്പൂ ഞാന്‍
കണ്ണുനീരല്ലിതു കന്ദര്‍പ്പസുന്ദരാ!
കാണുന്നു നിന്‍രൂപമെന്നുള്ളിലെന്നും
നാമമായെങ്കിലും നിന്നോടു ചേരുവാന്‍
നാരായണാ! പുണ്യമെനിയ്ക്കല്ലയോ
പൂജിപ്പൂ ഭക്തരിന്നെന്നെയും നിന്നൊപ്പം
പുരുഷോത്തമാ! പുണ്യമതെത്രയോ!
നന്ദകുമാരാ അറിയുന്നുവിന്നു ഞാന്‍
നിത്യവിരഹവും കൈവല്യദായകം.
ദൂരെയല്ലല്ലോ നീ ദീനദയാപരാ
ദീപമായ് തെളിയുന്നു എന്നുള്ളിലെപ്പോഴും
ദേഹിയായെങ്കിലും നിന്നോടു ചേരവേ
ദേവകീനന്ദനാ! പൂര്‍ണ്ണയാവുന്നു ഞാന്‍!
മന്വന്തരങ്ങള്‍ മത്സരിച്ചോടീടിലും
മാധവാ! നീയെത്ര മറഞ്ഞു നിന്നീടിലും
രാധികാഗീതമിതു നിനക്കായ് പാടുന്നു
രാക്കുയിലെപ്പോഴും രാഗാര്‍ദ്രയായ്..
പിന്‍തിരിയാതെ നീ പോയീടിലും കണ്ണാ
പിന്‍തുടരുന്നെന്‍മനം നിന്നെയെന്നും!
...........................
രാധാ സുകുമാരന്‍
25.01.2018

തിരുവാതിരപ്പാട്ട്

Image may contain: 2 people, people standing and text

തിരുവാതിരയണഞ്ഞല്ലോ!
ധനുമാസക്കുളിരുതിര്‍ന്നല്ലോ!
തിരുവൈരാണിക്കുളത്തും തിരുവേഗപ്പുറയിലും
തൃശ്ശിവപ്പേരൂര്‍ നടയിലുമുത്സവമല്ലോ!
മഹിമയേറും മമ്മിയൂരിലും
മഹേശ്വരി തന്‍ മനസ്സിലും
മഹേശന്‍ തന്‍ തിരുനാളിന്‍ ഉത്സവമല്ലോ!
ഉടല്‍ പകുത്തെടുത്തീടിലും
ഉമാദേവിയും വ്രതമെടുപ്പൂ
ഉടയവന്‍റെ ഉയിരിനും ഉന്നതിയ്ക്കുമായ്!
മഞ്ഞളാടിക്കുളിയ്ക്കുന്നു
പാതിരാപ്പൂ ചൂടുന്നു
കുങ്കുമാലങ്കാരമോടെ പൂജ ചെയ്യുന്നു
അപര്‍ണ്ണ തന്‍ തപസ്സായി
സതീദേവി തന്‍ ആഹുതിയായ്
ഗംഗ തന്‍റെ വിശുദ്ധിയായ് ശക്തിയുണരുന്നു!
നടരാജനൃത്തതാളം ചടുലമാകുന്നു
ശക്തി ശിവനിലലിയുന്നു
കനലെരിയും ശംഭുനയനമാര്‍ദ്രമാവുന്നു!
മംഗളദേവതയായ് മംഗല്യദായികയായ്
മഞ്ജുളാംഗിയാം മഹേശ്വരി ദര്‍ശനമേകുന്നു
മങ്കമാരുടെ വ്രതപൂജകള്‍ സഫലമാകുന്നു!
ശങ്കരധ്യാനം ജപിയ്ക്കാം
ശങ്കരീരൂപം ഭജിയ്ക്കാം
സുമംഗല്യപുണ്യത്തിനായ് പൂക്കളര്‍പ്പിയ്ക്കാം!
പൊന്‍കസവു പുടവയുടുക്കാം
കൈവളകള്‍ കിലുക്കിച്ചിരിയ്ക്കാം
കൈകോര്‍ത്തൊരു ലാസ്യനടനമാടാം!
തളിര്‍വെറ്റില താംബൂല മധുരമറിയാം
ഊഞ്ഞാലിലോര്‍മ്മകള്‍ക്കൊപ്പമാടാം
തിരുവാതിരയൊരാഘോഷമാക്കാം!
ആശംസകള്‍
രാധാസുകുമാരന്‍
01.01.2018

ഒരു ക്രിസ്മസ് കരോൾ

ഒരു ക്രിസ്മസ് കരോൾ
------------------------------------
കടല്‍ത്തീരത്ത് ഇരുട്ട് പടരാന്‍ തുടങ്ങിയിരുന്നു. ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ മെല്‍വിന്‍ കടല്‍ഭിത്തിയില്‍ ചാരിയിരുന്നു. വേലിയിറക്കമാണ്, തിരകള്‍ പിന്‍വലിയുന്നു. അടുത്തേതോ പള്ളിയില്‍ നിന്ന് കരോള്‍സംഘത്തിന്‍റെ പാട്ട് അവ്യക്തമായി കേള്‍ക്കാം.
മെല്‍വിന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.. ഭൂമിയില്‍ സന്മനസ്സുകള്‍ക്കു സമാധാനം.. എന്നല്ലേ!
അയാള്‍ക്കത്ഭുതം തോന്നി.. ഇനിയെന്ത് സമാധാനം?എവിടെയിനിയൊരു സന്മനസ്സ്!
എല്ലാം കൈവിട്ടു പോയിരിയ്ക്കുന്നു. നേടിയതും തന്നതും വെട്ടിപ്പിടിച്ചതുമെല്ലാം..
വെറുംകയ്യുമായ് ഈ ക്രിസ്മസ് കൂടി കഴിഞ്ഞാല്‍ സ്വന്തമെന്നഭിമാനിച്ച വീടും അന്യാധീനമാകും.
പലരും ഉപദേശിച്ചതാണ്, മുന്നറിയിപ്പ് തന്നതാണ്.. കൈവിട്ട കളിയാണ്.. സൂക്ഷിയ്ക്കണം. ഒന്നിനും ചെവി കൊടുത്തില്ല. ആവേശമായിരുന്നു,കൂടുതല്‍ നേടാന്‍..
സ്വദേശത്തും വിദേശത്തുമായി വിപുലപ്പെടുത്തിയ വ്യവസായ ശ്രംഖല. മുന്നോട്ടുള്ള ഓട്ടത്തില്‍ കൂടെയാരുണ്ടെന്നു പോലും പലപ്പോഴും മറന്നു.
നാന്‍സിയുടെ കണ്ണുനീരിന്‍റെ മുന്നില്‍ പോലും പിന്‍മാറാതെ.. ഇന്നിതു വരെ
മൊബൈല്‍ വൈബ്രേഷന്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. സ്ക്രീനില്‍ നാന്‍സിയുടെ മുഖം. അയാള്‍ക്ക് അസഹ്യതയാണ് തോന്നിയത്.
വീണ്ടും ഓര്‍മ്മിപ്പിയ്ക്കാനാവും.. പാതിരാകുര്‍ബാന..പ്രാര്‍ത്ഥന.. സ്ഥിരം പല്ലവി തന്നെ.
വൈകീട്ട് നേരത്തെയെത്തണേ എന്നവള്‍ അപേക്ഷിച്ചപ്പോള്‍ തട്ടിക്കയറാനാണ് തോന്നിയത്.. എന്തിന്? ഇനിയും എന്തിന്?
' പപ്പാ, എപ്പോഴാണ് പുല്‍ക്കൂടൊരുക്കുന്നത്? നക്ഷത്രം വലിയതു വേണം, ഇത്തവണയും' മകന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നില്‍ മറുപടിയില്ലാതെ അയാള്‍ പതറി. നാന്‍സി മകനെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു ' പപ്പ വന്നിട്ട് എല്ലാമൊരുക്കാം..പള്ളിയിലും പോകാം..മോന്‍ പോയി കളിയ്ക്ക്..'
അയാള്‍ക്ക് സ്വയം വെറുപ്പു തോന്നി.
മൊബൈല്‍ ഓഫ് ചെയ്തു വെച്ചേയ്ക്കാം..ഇനി ആരോടും ഒന്നും പറയാനില്ല.. പറഞ്ഞിട്ടു കാര്യവുമില്ല. മെല്‍വിന്‍ മെല്ലെയെഴുന്നേറ്റു. നിഴലും നിലാവും ഒളിച്ചു കളിയ്‌ക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്നു. ഇരുളടഞ്ഞ വഴിയെത്തിയിട്ടും നില്ക്കാതെ, എന്തോ തീരുമാനിച്ച പോലെ അല്പമകലെയുള്ള പാറക്കൂട്ടങ്ങളെ ലക്ഷ്യമാക്കി വേഗം നടന്നു.
തികച്ചും വിജനമായ കടലോരഭാഗത്തെ പാറക്കെട്ടിലേയ്‌ക്ക് ആയാസപ്പെട്ട് കയറുമ്പോള്‍ മെല്‍വിന്‍ ഓര്‍മ്മള്‍ക്ക് കടിഞ്ഞാണിട്ടു. ഇനി ഒന്നുമില്ല..ഏതാനും ചുവടുയരത്തില്‍ ഒന്നു മുന്നോട്ടാഞ്ഞു കാലെടുത്താല്‍ പിന്നെയൊന്നുമില്ല. ആരുമറിയില്ല. നിറയുന്ന കണ്ണുകള്‍ തുടച്ച് അയാള്‍ വീണ്ടും മുകളിലേയ്‌ക്ക് കയറി.
'ഹേയ്! നില്‍ക്കൂ.. എങ്ങോട്ടാണ് കയറിപ്പോവുന്നത്?'
മെല്‍വിന്‍ ഞെട്ടിത്തിരിഞ്ഞു. ഇരുളില്‍ അവ്യക്തമായി കാണാം, അല്പമകലെ ആകെ പുതച്ചുമൂടിയ ഒരാള്‍.
'നല്ല വഴുക്കുണ്ട് പാറക്കല്ലുകളില്‍. വേഗം തിരിച്ചിറങ്ങൂ.. രാത്രിനേരത്താണോ ഇത്തരം സാഹസങ്ങള്‍?'
ഒന്നും പറയാതെ മെല്‍വിന്‍ താഴെയിറങ്ങി..ഇപ്പോള്‍ കുറച്ചു വ്യക്തമായി കാണാം. ളോഹയ്‌ക്കു മേലെ കമ്പിളിഷാള്‍ പുതച്ച ഒരു വൈദികനാണെന്നാണ് തോന്നിയത്. അല്പം മുന്നിലായി വേഗത്തില്‍ നടന്നകലുകയാണ്.
'ഫാദര്‍..' മെല്‍വിന്‍ വിളിച്ചു
ദയാര്‍ദ്രമായ ശബ്ദം അയാള്‍ കേട്ടു.
' ഒരു നിമിഷത്തെ തെറ്റായ തീരുമാനം പിന്നെ തിരുത്താനാകാതെയാകും. അതു മറക്കരുത്. ഇരുട്ടു കൂടി വരുന്നു. വേഗം തിരിച്ചു പോകൂ'
നിമിഷനേരം കൊണ്ട് ഇരുള്‍ അദ്ദേഹത്തെ മൂടി. തീരെ തനിച്ചായ പോലെ മെല്‍വിന് തോന്നി.
ശരിയാണ്, വീണ്ടുവിചാരമില്ലാതെയാണ് പല തീരുമാനങ്ങളും ജീവിതത്തിലെടുത്തത്. തോല്‍വിയെക്കുറിച്ചോര്‍ത്തില്ല. എത്ര നേടിയിട്ടും മതി വന്നില്ല. ആരൊക്കെ കൂടെയുണ്ടെന്നോ അവര്‍ക്കു സുഖമാണോ എന്നു പോലും പലപ്പോഴും മറന്നു.
പങ്കുകച്ചവടത്തിലെ ചതിക്കുഴികളെ പറ്റി, വാതുവെയ്പിലെ മാരകനഷ്ടങ്ങളെപ്പറ്റി, ചൂതാട്ടത്തിലൊളിച്ചിരിയ്ക്കുന്ന തീരാനഷ്ടങ്ങളെപ്പറ്റി പറഞ്ഞു കേട്ടതൊന്നും വിശ്വസിച്ചില്ല.
ഏറ്റവുമൊടുവില്‍ ' ദൈവത്തെയോര്‍ത്ത് ഇതില്‍ നിന്ന് പിന്‍മാറൂ, മോനെ, ജീവിയ്ക്കാനുള്ളത് ഇപ്പോഴുണ്ടല്ലോ' എന്ന് മമ്മ കരഞ്ഞു പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍! അയാള്‍ക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. എല്ലാ സൗഭാഗ്യങ്ങളും കൈമോശം വന്നിരിയ്ക്കുന്നു. ബാങ്കിലെ കടബാദ്ധ്യതകള്‍, കൊടുത്ത ചെക്കുകളെല്ലാം മടങ്ങാനുള്ള സാദ്ധ്യതകള്‍, നാന്‍സിയുടെ നിസ്സഹായമായ മുഖം, ഒന്നുമറിയാതെ മകന്‍.. അയാള്‍ തല താഴ്ത്തിയിരുന്നു.
ദുബായിലുള്ള കച്ചവടസ്ഥാപനമായിരുന്നു അവസാനപ്രതീക്ഷ. അതു വിറ്റാലെങ്കിലും പിടിച്ചു നില്ക്കാമെന്നോര്‍ത്തതാണ്. ഏറെ വിശ്വസ്തനായ കൂട്ടാളി അവിടെയും ചതിച്ചു. സ്വന്തം സ്ഥാപനം എന്നേ മറ്റൊരാളുടേതു മാത്രമായിക്കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ അവിടെയും തോല്‍വി സമ്മതിയ്ക്കുകയായിരുന്നു. ഔദാര്യമെന്നോണം നീട്ടിയ പണം വാങ്ങുമ്പോള്‍ മനസ്സു പിടഞ്ഞു. ഇനി..
മെല്‍വിന്‍ ആകാശത്തേയ്ക്കു നോക്കി. കുറച്ചു നക്ഷത്രങ്ങളെയുള്ളു.
എന്തെങ്കിലുമൊരു വഴി... ഒരവസരം കൂടി..
അയാള്‍ കണ്ണടച്ചിരുന്നു..
എവിടെ നിന്നോ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്. അയാള്‍ ശ്രദ്ധിച്ചില്ല, ആരും വിളിയ്ക്കേണ്ട,ഒന്നും കേള്‍ക്കേണ്ട..
'ഹേയ്, താങ്കളുടെ മൊബലല്ലേ അടിയ്ക്കുന്നത്? കേള്‍ക്കുന്നില്ലെ?'
മെല്‍വിന്‍ കണ്ണു തുറന്നു.. അല്പം ദൂരെ വൈദികന്‍ നില്‍ക്കുന്നു. തലയിലെ തൊപ്പിയില്‍ ഒരു ചെറിയ നക്ഷത്രത്തൊങ്ങലുണ്ട്.
മൊബൈല്‍ വീണ്ടുമടിയ്ക്കുന്നുണ്ട്. ഓഫ് ചെയ്തില്ലായിരുന്നോ! വൈബ്രേഷന്‍ മോഡ് മാറ്റിയിരുന്നോ! അയാള്‍ സംശയിച്ചു.
'സോറി,ഫാദര്‍..' മെല്‍വിന്‍ മുഖമുയര്‍ത്തി. ദൂരെ നിലാവിനുള്ളിലേയ്ക്കു മറയുന്ന രൂപം..
മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു. മെല്‍വിന്‍ അസഹ്യതയോടെ നോക്കി. ദുബായില്‍ നിന്ന് നാന്‍സിയുടെ സഹോദരനാണ്.. ഇത്തവണ പോയപ്പോള്‍ അവിടെയാണ് താമസിച്ചത്.
അയാള്‍ മടിച്ചു മടിച്ച് ഫോണെടുത്തു
' എത്ര നേരമായിട്ടു വിളിയ്‌ക്കുന്നു..മെല്‍വിന്‍! അറിഞ്ഞോ? ഇത്തവണത്തെ ദുബായ് ഡ്യൂട്ടീഫ്രീ ലക്കിഡ്രോയില്‍ നിനക്കാണ് ആദ്യ സമ്മാനം.. ഇവിടുത്തെ നമ്പറില്‍ വിളിച്ചിരുന്നു. നീ ടിക്കറ്റുമായി അവരെ കോണ്‍ടാക്റ്റ് ചെയ്യൂ.. എല്ലാം ശരിയാകും. സമാധാനിയ്ക്ക്. നാന്‍സി നിന്നെ വിളിച്ചിട്ട് കിട്ടാതെ വിഷമത്തിലാണ്. നീയൊന്ന് വിളിയ്ക്ക് '
മെല്‍വിന്‍ തരിച്ചിരുന്നു. പിന്നെ പറഞ്ഞൊപ്പിച്ചു ' ഞാന്‍ വിളിയ്ക്കാം..വളരെ നന്ദി '
ദുബായില്‍ നിന്ന് നിരാശനായി തിരിച്ചു വരുമ്പോള്‍ ഒന്നുമറിയാതെ മകന്‍ വിളിച്ചിരുന്നു. എന്നത്തെയും പോലെ വിലകൂടിയ ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ ലിസ്റ്റ് ഉണ്ടായിരുന്നു.
'ഇത്തവണ വേണ്ട, മോനെ, അടുത്ത പ്രാവശ്യമാവട്ടെ' നാന്‍സി അവനെ സമാധാനിപ്പിയ്‌ക്കുന്നതു കൂടി കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയത്. ഇനിയില്ല, ഇത്തവണ കൂടി അവന്‍ സന്തോഷിയ്ക്കട്ടെ. അങ്ങിനെ ഡ്യൂട്ടീഫ്രീ ഷോപ്പില്‍ നിന്ന് അവന്‍ ആവശ്യപ്പെട്ടതെല്ലാം വാങ്ങി. ആ ടിക്കറ്റിനാണ്... മെല്‍വിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
' ഞാനുടനെ വരാം നാന്‍സി. പുല്‍ക്കൂടുണ്ടാക്കാമെന്നും വലിയ നക്ഷത്രം വാങ്ങിക്കൊണ്ടുവരാമെന്നും മോനോടു പറയൂ, പള്ളിയില്‍ കുര്‍ബാനയ്‌ക്കു പോകാം' അയാള്‍ ആവേശത്തോടെ പറഞ്ഞു.
' മെല്‍വിന്‍! എവിടെയാണ്?' നാന്‍സി ചോദിയ്ക്കുന്നുണ്ടായിരുന്നു. മെല്‍വിന്‍ ഒന്നും പറഞ്ഞില്ല.
മനസ്സില്‍ അയാളൊരു ബൈബിള്‍ ക്ളാസിലായിരുന്നു.പാഠം വിശ്വസിയ്ക്കാന്‍ മടിച്ച കൊച്ചുമെല്‍വിനെ അടുത്തു വിളിച്ചിരുത്തി സിസ്റ്റര്‍ ജോസഫൈന്‍ വീണ്ടും ആവര്‍ത്തിച്ചു 'അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നത് നമുക്കുള്ളില്‍ തന്നെയാണ് കുഞ്ഞേ! തെറ്റുകളറിഞ്ഞ് പശ്ചാത്തപിയ്‌ക്കാന്‍ അവസരമൊരുക്കുന്ന ഇന്നലെയുടെ ആത്മാവും തെറ്റു തിരുത്തി നേര്‍വഴി കാട്ടുന്ന നാളെയുടെ ആത്മാവും നമ്മുടെയുള്ളില്‍ തന്നെയുണ്ട്. അതു തിരിച്ചറിയണമെന്നു മാത്രം. പുല്‍ക്കൂട്ടിലെ തിരുപ്പറവി നടക്കേണ്ടത് നമ്മുടെ മനസ്സിലാണ്. പൊന്നും കുന്തിരിക്കവും മീറയുമായി എതിരേറ്റു വന്ദിയ്ക്കേണ്ടതും ആ നന്മയെത്തന്നെ.'
സിസ്റ്റര്‍ തടവിയ കവിള്‍ത്തടം തുടിയ്ക്കുന്ന പോലെ മെല്‍വിന് തോന്നി.
ഒരു രക്ഷകന്‍ എവിടെയോ ഉണ്ടെന്ന വിശ്വാസം അയാള്‍ക്ക് പ്രത്യാശയേകി. ആ കൃപയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്പിന്‍റെ സാദ്ധ്യത പുതിയൊരു സ്വപ്നം പോലെ തളിര്‍ക്കുകയായി.
പ്രതീക്ഷയുടെ കരോള്‍ മുഴങ്ങുന്ന മനസ്സോടെ അയാള്‍ വീട്ടിലേയ്‌ക്ക് മടങ്ങി.. പുതിയ ഒരു ജീവിതത്തിലേയ്ക്കും..
രാധാസുകുമാരന്‍
(*Ref. A Christmas Carol by Charles Dickens)

പനിച്ചൂടോർമ്മകൾ

Image may contain: 2 people, people standing and text

പതിവില്ലാത്തൊരു പകലുറക്കത്തിനൊടുവിൽ
പൊടുന്നനെയൊന്നു കുളിരണിഞ്ഞപ്പോൾ
പതറിയൊരുവേള തിരിഞ്ഞുനോക്കിഞാൻ
പതിയെയണഞ്ഞവനൊരു ചെറുചിരിയുമായ്!
തിരിഞ്ഞോടാനാകാതെ പകച്ചുനില്ക്കെ
ചാരത്തവനണഞ്ഞു തഴുകി മെല്ലെ
ആപാദചൂഡമൊരു വിറയലറിഞ്ഞു ഞാന്‍
ആപത്ചിന്തയിലാകെ വലഞ്ഞു ഞാന്‍!
കരവലയമതു മെല്ലെ മുറുക്കിയവന്‍
കൊതിപൂണ്ടെന്‍ മേനിയിലമര്‍ന്നു
ഉടലിന്നാഴങ്ങളില്‍ നോവു പടര്‍ന്നു
കുതറാനാവാതെ ഞാന്‍ പിടഞ്ഞു
'അരുതേ'യെന്നൊട്ടു കുടഞ്ഞു ഞാന്‍
അകലാതെയവനെന്‍ മേനി വരിഞ്ഞു
മുറിവേറ്റംഗോപാംഗമെരിഞ്ഞു
അകവും പുറവും നീറിപ്പുകഞ്ഞു
രാവിന്നന്ത്യയാമത്തിലെപ്പൊഴോ
പതിയെപ്പതിയെ വീര്യമൊഴിഞ്ഞു
മുറുകിയ കൈകള്‍ മെല്ലെയഴിഞ്ഞു
വിയര്‍ത്തൊഴുകി ഞാന്‍ മെല്ലെയുണര്‍ന്നു
ചതിയിലിനിയും വരുമവനെന്നറിഞ്ഞു
പ്രതിരോധിയ്‌ക്കാന്‍ ഞാനുമുറച്ചു
ദേഹശുദ്ധി വരുത്തിയ ശേഷം
ദൈവാനുഗ്രഹമര്‍ത്ഥിച്ചു ഞാന്‍
ചുക്കുകാപ്പി ചൂടോടെയൂതിക്കുടിച്ചു
ചന്ദനം ചാലിച്ചു നെറ്റിയിലിട്ടു
നീരാവിയിലലിയും കര്‍പ്പൂരം ശ്വസിച്ചു
'നാരായണാ'നാമമുള്ളില്‍ ജപിച്ചു
പൊടിയരിക്കഞ്ഞി വെന്തുതിളച്ചു
ഉപ്പുമാങ്ങഭരണിയൊട്ടു തുറന്നു
ഇഞ്ചിയും തേനും നൊട്ടിനുണഞ്ഞു
വമനേച്ഛയെ ഞാന്‍ മെല്ലെയകറ്റി
മൂന്നുനാളുകള്‍ മെല്ലെമറഞ്ഞു
മൂടിപ്പുതച്ചു കിടന്നു മടുത്തു
മുറുമുറുത്തവനകലെ നിന്നു
മറുവാക്കു പറയാതെ നടന്നകന്നു
ഉന്മേഷത്തോടു വീണ്ടുമുണര്‍ന്നു
ഉണ്ണിക്കണ്ണന്‍ പുഞ്ചിരി തൂകി
ഉടലുമുയിരും ഉദ്ദീപിയ്ക്കാന്‍
ഉദയസൂര്യനും ഓടിയെത്തി.
രാധാസുകുമാരന്‍

മൗനരാഗം

മൗനരാഗം
×××××××××
ആദിയിലൊരാരവവുമില്ലാതെ ശാന്തമായ്
ആർദ്രമാം മൗനമൊഴുകിയിരുന്നത്രേ!
ആർപ്പുവിളികളുമാക്രോശങ്ങളുമില്ലാതെ
ആശിസ്സുകൾ മൂകമായുതിർന്നിരുന്നത്രേ!
അനന്തതയിലെങ്ങോ എപ്പോഴോ
അസാമാന്യരവവിസ്ഫോടനമായ്
ആദിവചനമുയർന്നുപൊങ്ങിയപ്പോൾ
ആരുമറിയാതെ മൗനം മെല്ലെമടങ്ങിയത്രേ!
ഇന്നലെകളിൽതുടങ്ങിയിന്നുവരെ
അനുക്രമമായുരും ശബ്ദവീചികളായ്
സ്പന്ദനങ്ങളെയുദ്ദീപിപ്പിച്ചുയർത്തി
സൗരയൂഥത്തെവിറപ്പിയ്ക്കുമീശബ്ദഘോഷം!
കർണ്ണപുടങ്ങളെ വെല്ലുവിളിയ്ക്കുന്നുവോ
നാഡീവ്യൂഹത്തെ മരവിപ്പിയ്ക്കുന്നുവോ
കണ്ണടച്ചൊരുവേളയൊന്നുമയങ്ങുവാൻ
കടംവാങ്ങേണമോ ഒരുതുള്ളിമൗനം!
പെയ്തൊഴിയാത്ത ശബ്ദപ്പെരുമഴയിൽ
പൊയ്വാക്കുകൾ മലിനമാക്കുംമനസ്സിൽ
പൊള്ളുന്നമണൽത്തരിച്ചൂടിലെങ്ങോ
പോയ്മറഞ്ഞുവോ മൗനമേ നീ!
ഒരുമായാമരീചികയായെങ്കിലും
ഉണർവ്വേകുമൊരു പുഞ്ചിരിയുറവിലെങ്കിലും
ഉയിരിനെത്തലോടിയുറക്കാനായണയുക
ഒരുമാത്രയെങ്കിലും മൗനമേ നീ!
മനനംചെയ്യേണമിന്നു മൗനമായ്
മന്ത്രമുരുവിടുന്നതുമിന്നു മൗനമായ്
ശബ്ദസാഗരതീരത്തുനിൽക്കവേ
നിശ്ശബ്ദതയ്ക്കായ് കേഴുന്നിതെൻമനം!
ഒരുനൂറു ഡെസിബെൽശബ്ദത്തെനേരിടാൻ
ഒരുമൗനരാഗച്ചിന്തുമതിയെന്നറിയുന്നുഞാൻ
ഒരാശ്വാസമഴയായ് പെയ്തിറങ്ങുവാൻ
ഒന്നുമീട്ടാമൊരു മൗനവിപഞ്ചിക!
രാധാസുകുമാരൻ

അക്ഷരധ്യാനം

അക്ഷരധ്യാനം
××××××××××××
ഓംകാരമന്ത്രധ്വനിയ്ക്കൊപ്പമാചാര്യനെഴുതി,
സ്വര്‍ണ്ണമോതിരത്താലെന്‍നാവിലാദ്യാക്ഷരം,
വാമൊഴിയായുംവരമൊഴിയായുംവഴങ്ങട്ടെ!
എന്നൊരനുഗ്രഹത്തിനൊപ്പം.
നിലവിളക്കിന്‍പ്രഭയില്‍,
അജ്ഞാനതമസ്സിനെയകറ്റാനെന്നും,
അക്ഷരമേവെളിച്ചമെന്നുമെല്ലെ,
അരിയിലെന്‍വിരലാലെഴുതിയ്ക്കവേ,
അരുമയോടോതിയച്ഛന്‍.
അമ്മിഞ്ഞപ്പാലിനൊത്തമധുരമത്രേ,
അക്ഷരപ്പൂന്തേനിനെന്നലിവോടെ,
ചിരിയുതിര്‍ത്തോതിയമ്മയും.
മണലില്‍,സ്ലേറ്റില്‍,കടലാസില്‍,
ചിത്രങ്ങള്‍പോലെത്രവിടര്‍ന്നൂ
അക്ഷരപ്പൂക്കള്‍!
വാക്കായ് വരികളായൊളിവീശി,
വര്‍ണ്ണപ്പകിട്ടോടെയക്ഷരങ്ങള്‍!
വാക്കുകള്‍കൂട്ടിച്ചൊല്ലിയൊരുകൂട്ടായ്,
കൂട്ടുകാരെയെത്രയേകിയീയക്ഷരങ്ങള്‍!
അന്നമായ്അഭിമാനമായ്അസ്തിത്വമായ്
അക്ഷരമിന്നുമൊപ്പംനടപ്പൂ!
അക്ഷയമാണുവിദ്യയെന്നറിവേകി,
അക്ഷരമിന്നുമുള്ളില്‍തുടിപ്പൂ!
ഒരുവിരല്‍സ്പര്‍ശമേറ്റാല്‍,
സ്ക്രീനിലോടിയെത്തുന്നിന്നവര്‍!
സ്മൃതിയിലേയ്ക്കിവമറയാതിരിയ്ക്കുവാന്‍,
സ്മരിയ്ക്കട്ടെയീവിദ്യാരംഭനാളില്‍!
സ്വരങ്ങളായ് വ്യഞ്ജനങ്ങളായ്
അക്ഷരങ്ങളെയിന്നുദ്ദീപിച്ചിടാം!
അക്ഷരരൂപത്തിലിന്നുധ്യാനിയ്ക്കാം,
അരവിന്ദസ്ഥിതയാംവിദ്യാശക്തിയെ.
രാധാസുകുമാരന്‍

സ്വപ്നങ്ങള്‍

Image may contain: 1 person, standing

ചിലസ്വപ്നങ്ങള്‍ക്ക് അല്പായുസ്സാണ്
കണ്‍പോളകള്‍ക്കുള്ളിലമര്‍ന്ന്
ദ്രുതനയനചലനങ്ങളില്‍ഞെരിഞ്ഞ്
ഒരുതരിപോലുംശേഷിച്ചിടാതെ
ഉഷസ്സിന്‍മറവിയായ് മറയുന്നവ.
മറ്റുചിലസ്വപ്നങ്ങള്‍കോടമഞ്ഞുപോലെ
ഒരുപുകമറയോര്‍മ്മബാക്കിയാക്കി
ഉയിരിനെചിന്തിപ്പിച്ചുണര്‍ത്തുന്നവ.
ചിലസ്വപ്നങ്ങള്‍ ഭീതിദങ്ങളത്രെ
അലറിക്കരഞ്ഞോ ഇരുളില്‍പരതിയോ
ഞെട്ടിയുണര്‍ന്ന് പകച്ച്
അര്‍ജുനനാമങ്ങള്‍ജപിച്ച്
ആലത്തിയൂര്‍ഹനുമാനെസ്മരിച്ച്
ഉറക്കമൊഴിപ്പിച്ചിരുത്തുന്നവ.
ഇനിയുംചിലസ്വപ്നങ്ങളുണ്ട്
സര്‍പ്പമായുംമദഗജമായും
ഇലകൊഴിയുംമരമായും
ബോധാബോധവിചാരബിംബങ്ങളായ്
ആവര്‍ത്തിച്ചെത്തിനോക്കുന്നവ
ഫ്രോയിഡ്സിദ്ധാന്തമുദ്ധരിച്ചുദാഹരിച്ച്
മനസ്സിന്റെശാസ്ത്രംപഠിപ്പിയ്ക്കുന്നവ.
കൊതിപ്പിയ്ക്കുന്നചിലസ്വപ്നങ്ങളുണ്ട്
മയില്‍പ്പീലിക്കൂട്ടമായ്
ശബളാഭമാംശലഭങ്ങളായ്
പൈതലിന്‍പാല്‍പുഞ്ചിരിയായ്
കളകളമൊഴുകുംതെളിനീര്‍ധാരയായ്
മനംകുളിര്‍പ്പിച്ചൊരുക്കി
ഉണരാന്‍മടിതോന്നിപ്പിയ്ക്കുന്നവ
സ്വപ്നങ്ങളെന്നുംനമുക്കൊപ്പമുണ്ട്
മോഹസാക്ഷാത്ക്കാരമന്ത്രമോതി
മോഹഭംഗങ്ങളില്‍സാന്ത്വനഗീതംപാടി
ഉറങ്ങിയുമുണര്‍ന്നുംനാംകാണുന്നവ
സ്വപ്നങ്ങളന്യമാവാതിരിയ്ക്കെയറിയുക!
ജീവിതമുണ്ടിനിയുംബാക്കിയെന്ന്.
രാധാസുകുമാരന്‍

അഷ്ടപദി

അഷ്ടപദി
***********
ഇതുവരെപാടാത്തൊരഷ്ടപദിയിതു
ഇന്നുഞാന്‍പാടാംനിനക്കായ് കണ്ണാ!
ഇടയ്ക്കയിലെന്‍മനംശ്രുതിചേര്‍ത്തിരിയ്ക്കവേ
ഇന്ദീവരേക്ഷണാ!നീകേള്‍ക്കുകില്ലേ?
യമുനതന്നോളങ്ങള്‍കളകളംപാടുന്നു
യാമിനിനാണിച്ചുകണ്‍പൊത്തിയോതുന്നു
യുഗ്മഗാനംമൂളിരാപ്പാടികളെത്തുന്നു
യാമങ്ങള്‍ചന്ദനചര്‍ച്ചിതമാവുന്നു
"ധീരസമീരേ യമുനാതീരേ
കേളിയാടുന്നു നീ വനമാലീ"
എന്റേതുമാത്രമെന്നൊരുമാത്രയോര്‍ത്തതോ
എന്നിലൊതുങ്ങുന്നുനീയെന്നഹന്തയോ
എന്നപരാധമതെന്താണുകണ്ണാ?
എന്തിനുരാധയെനീകൈവെടിഞ്ഞു?
എങ്ങുമറഞ്ഞിരിപ്പൂനീയെന്‍ദയാനിധേ
എന്നിനികാണുംനിന്നെകാര്‍വ്വര്‍ണ്ണാ!
എത്രയുഗങ്ങളായ്തേടുന്നുനിന്നെ
ഏകാവലംബാ!കണ്ണാ കനിയുകില്ലേ?
രാധാസുകുമാരന്‍

ഓണപ്പൂവിളി

ഓണപ്പൂവിളി
*************
അത്തംപത്താണോണമെന്നും
പൂവൊരുപറപൊലിയണമെന്നും
ഞാറ്റുവേലക്കിളിപാറിവന്നോതി!
പഴയൊരെന്‍പൂക്കൂടപാതിയുംനിറയാതെ
പൂത്തറയിലേകയായല്ലോ ഞാനിരിപ്പൂ
വിലപേശിവാങ്ങിയൊരീപൂപ്പൊതിയിലുള്ളതോ
ഒട്ടൊന്നുവാടിയസങ്കരവര്‍ണ്ണങ്ങള്‍
എങ്ങിനെയൊരുക്കേണമിന്നൊരുപൂക്കളം?
എങ്ങുപോയൊളിച്ചിതെന്നോര്‍മ്മമലരുകള്‍!
കയ്യെത്തിയിറുക്കുവാനാവതില്ലെങ്കിലും
കാതില്‍മുഴങ്ങുന്നുവിന്നുമൊരുപൂവിളി
തുമ്പപ്പൂവിമ്പത്തോടെചിരിച്ചുചൊല്ലി
അംബരവുമന്തരംഗവുമിന്നുതെളിയേണം
മുക്കുറ്റിമുഗ്ദ്ധയായ് മെല്ലെമന്ത്രിച്ചു
മൂക്കുത്തിക്കല്ലെന്നുംമങ്ങാതിരിയ്ക്കട്ടെ
മുല്ലയുംപിച്ചയുംചെറുനാണമോടോതി
മംഗല്യസ്വപ്നങ്ങള്‍പൂവണിയട്ടെ
മന്ദാരപ്പൂമന്ദമൊന്നെത്തിനോക്കി
ഇന്ദീവരദളമൊന്നുപോലുമില്ലെന്നോ!
തെച്ചിപ്പൂചെമ്പരത്തിയോടുചോദിച്ചു
കൊച്ചുകിടാങ്ങളെയെങ്ങാനുംകണ്ടോ?
ഉണ്ടച്ചെണ്ടുമല്ലിയുരുണ്ടുചിരിച്ചുചൊല്ലി
ഉണ്ടല്ലോഓണനാളുകളിനിയുമുദിച്ചുണരാന്‍!
ഒന്നാനാംകുന്നിന്മേലോരടിക്കുന്നിന്മേല്‍
ഓലേഞ്ഞാലിക്കിളിയിനിയുമൂഞ്ഞാലാടും
ഒാമനയുണ്ണികള്‍തന്നാര്‍പ്പുവിളികളും
ഓണപ്പൂവിളികളുമിനിയുമുയര്‍ന്നീടും
ഒരുമയോടേവരുമെന്നിച്ചുചേരുന്ന
ഒരുപാടുദിനങ്ങളിനിയുംവരുമെന്നോ
ഓണത്തുമ്പീ നീമൂളിയെന്‍കാതില്‍
ഒരുവരിയെങ്കിലുംവൃത്തംനിറയ്ക്കട്ടെഞാന്‍
ഒന്നാംനാളിലെയീപൂക്കളത്തില്‍
ഓട്ടയടച്ചെന്നുംകാത്തുവെയ്ക്കുന്നൊരെന്‍
ഓമല്‍പൂക്കൂടനിറയുവാനിനിയെത്രനാള്‍!
രാധാസുകുമാരന്‍

വൈദേഹി പറഞ്ഞ കഥ

വൈദേഹി പറഞ്ഞ കഥ
====================
വാല്മീകിമഹര്‍ഷിയുടെ ആശ്രമത്തിലെ ലതാനികുഞ്ജങ്ങളിലൊന്നില്‍ ഗര്‍ഭഭാരത്തോടെ വൈദേഹി തളര്‍ന്നിരുന്നു. അതീവമനോഹരമായ ഭൂപ്രദേശം. മുനിമാരും യോഗിനിമാരും പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്. രഘുകുലദീപങ്ങളാണ് തന്റെ ഉദരത്തില്‍ വളരുന്നതെന്ന് ഇവിടെയെല്ലാവര്‍ക്കുമറിയാം. നല്ലചിന്തകള്‍മാത്രമേ പാടുള്ളു എന്ന് മുനിശ്രേഷ്ഠന്‍ എന്നും ഓര്‍മ്മിപ്പിയ്ക്കാറുണ്ട്. ഈ വന്യഭംഗി എന്നും മനസ്സിനെ ആകര്‍ഷിച്ചിരുന്നു. ഇങ്ങോട്ട് ഒരിയ്ക്കല്‍കൂടി വരണമെന്ന് എന്നും മനസ്സില്‍ കൊതിച്ചിട്ടുമുണ്ട്. ആഗ്രഹം കേട്ടയുടന്‍ രഘുവരന്‍ ഉടനെ ഇങ്ങോട്ടയച്ചതെന്തിനെന്നതിന് ഇനിയും ഉത്തരം കിട്ടുന്നില്ല. നിര്‍മ്മമനും നിഷ്ക്കളങ്കനുമായിട്ടും ആ മിഴികള്‍ നിറഞ്ഞുതുളുമ്പിയോ? ഇവിടെനിന്മു തിരിച്ചുപോയപ്പോള്‍ അനുജനും മുഖംതരാതെ കണ്ണുതുടച്ചതെന്തേ? സര്‍വ്വജ്ഞനായ മുനിവരന്‍ പോലും മൗനിയായ പോലെ നിന്നതോ?..
ആലസ്യത്താല്‍ കണ്ണുകളടയുന്നു. രാജധാനിയില്‍ പരിചാരകരുടെ ശുശ്രൂഷയും പ്രിയതമന്റെ പരിലാളനയുമേറ്റ് വിശ്രമിയ്ക്കേണ്ട സമയമാണിത്. ഭര്‍തൃശുശ്രൂഷയ്ക്കും ഒരുകുറവും വരുത്തിയിട്ടില്ല. എന്നിട്ടുമെന്തേ ഈ ഏകാന്തവാസം? ദൂരെയെവിടെനിന്നോ ശുകപ്പക്ഷികള്‍ നീട്ടിപ്പാടുന്നു.എവിടെയോ കേട്ടുമറന്ന വരികള്‍. വൈദേഹി കണ്ണുകളടച്ചിരുന്നു.
ഓര്‍മ്മയില്‍ തെളിയുന്നത് ആരണ്യഭംഗിയല്ല. മിഥിലയിലെ രാജകൊട്ടാരം. അവനിജയെങ്കിലും ജനകജയെന്ന രാജകുമാരിയായി ഓടിക്കളിച്ചു വളര്‍ന്ന വര്‍ണ്ണാഭമായ ബാല്യകാലം. ഒരുനാള്‍ തോഴിമാരോടൊപ്പം കൊട്ടാരാങ്കണത്തില്‍ കളിയ്ക്കുമ്പോഴാണ് രാമകഥാപീയൂഷഗീതിയുമായി രണ്ടുപഞ്ചവര്‍ണ്ണത്തത്തകള്‍ പറന്നെത്തിയത്. ശ്രീരാമജനനവും മാഹാത്മ്യവും കര്‍ണ്ണാനന്ദമായി പാടിപ്പാടി അവ ശ്രദ്ധയാകര്‍ഷിയ്ക്കുകയായിരുന്നു. സീതാരാഘവവിവാഹം ഉണ്ടാകുമെന്നുകൂ ടി പാടിക്കേട്ടപ്പോള്‍ ജിജ്ഞാസയടക്കാനായില്ല.തോഴിയോടു പറഞ്ഞ് തത്തകളെ പിടിച്ച് കനകപഞ്ജരത്തിലാക്കി പാലും പഴവും കൊടുത്തു പ്രീതിപ്പെടുത്തി, രാമകഥയുടെ ഉത്ഭവമന്വേഷിച്ചു. കാനനമദ്ധ്യേയുള്ള താപസാശ്രമത്തിലെ മുനിയും ശിഷ്യന്മാരും പാടുന്നതു കേട്ട വരികളാണെന്നവര്‍ പറഞ്ഞതു കേട്ട് അത്ഭുതത്തോടെ വീണ്ടുംവീണ്ടും പാടിപ്പിച്ചു. പിന്നെ സ്വയമറിഞ്ഞു, ഇതു തന്റെ കൂടി കഥയാണെന്ന്. സത്യമോ മിഥ്യയോ എന്നറിയാനുള്ള ഔത്സുക്യം നിമിഷം പ്രതി വളരുകയായിരുന്നു. വിട്ടയയ്ക്കാനായി തത്തകള്‍ കെഞ്ചിപ്പറഞ്ഞതൊന്നും ചെവിക്കൊണ്ടതേയില്ല. അപ്പോഴാണ് ആണ്‍ശുകം പറഞ്ഞത്.. പെണ്‍കളി ഗര്‍ഭിണിയാണെന്ന്. എന്നിട്ടും മനസ്സലിയാതെ ആണ്‍തത്തയെ മാത്രം മോചിപ്പിച്ചു. പാടിക്കേട്ട കഥ സത്യമായിത്തീരുമോ എന്നറിയാനായി പെണ്‍തത്തയെ കൂട്ടില്‍ത്തന്നെയടച്ചു. ദുഃഖം സഹിയാതെ ആ കിളി രാമനാമം ചൊല്ലി ജീവത്യാഗം ചെയ്തു. നിനക്കും ഗര്‍ഭാവസ്ഥയില്‍ പ്രിയനില്‍ നിന്നകലാനിട വരട്ടെ എന്ന ശാപവാക്യമുരുവിട്ടശേഷമാണ് അന്ത്യശ്വാസം വലിച്ചത്. ഇതുകണ്ട് ദുഃഖാര്‍ത്തനായ ആണ്‍കിളി ക്രോധമടക്കാനാവാതെ പറഞ്ഞു,"ഈ ജന്മം ഞാനുമവസാനിപ്പിയ്ക്കുന്നു. രാമരാജ്യത്തില്‍ വീണ്ടും ജനിച്ച് സീതാപരിത്യാഗത്തിന് ഹേതുവായി ഞാനെത്തും, തീര്‍ച്ച". ഒന്നും മനസ്സിലാവാതെ തരിച്ചുനില്ക്കവേ ആണ്‍തത്തയും രാമനാമം ചൊല്ലി ജീവന്‍വെടിഞ്ഞു.
ബാലചാപല്യമെന്നു കരുതി മറന്നു കളയേണ്ട തെറ്റല്ല അതെന്ന് അന്നേ അറിയാമായിരുന്നു. ഒരു നൊമ്പരമായി ആ പെണ്‍തത്തയുടെ രോദനം എന്നും ഉള്ളിലുണ്ടായിരുന്നു.
കനം വെയ്ക്കുന്ന കണ്‍പോളകള്‍ മെല്ലെതുറന്ന് വൈദേഹി ചുറ്റുംനോക്കി. ഇളംകാറ്റ് വീശുന്നുണ്ട്. ആശ്വാസമാണ് തോന്നുന്നത്. സ്വാമിന്‍! അങ്ങെന്നെ പരിത്യജിച്ചതല്ല, അവിശ്വസിച്ചതുമല്ല. ലങ്കാപുരിയില്‍ തടവിലായിരുന്നിട്ടും, സ്വമേധയാ അഗ്നിശുദ്ധി നടത്തി തെളിയിച്ചിട്ടും രാമപത്നിയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയമുണര്‍ത്താന്‍ രജകനായെത്തിയത് പുനര്‍ജന്മമെടുത്ത ആ ആണ്‍ശുകം തന്നെയാണ്.
വിധിയുടെ നിയോഗമാണ് തന്നെ ഇവിടെയെത്തിച്ചത്. അറിയാതെയാണെങ്കിലും ശുകമിഥുങ്ങളെയകറ്റാന്‍ കാരണഭൂതയായതിന്റെ ശിക്ഷ അനുഭവിച്ചേപറ്റൂ. രഘുവീരാ!ക്ഷമിച്ചാലും.
പ്രാര്‍ത്ഥനാമണികള്‍ മുഴങ്ങുന്നു. ക്ഷീണിതയെങ്കിലും പുതിയൊരുണര്‍വ്വോടെ വൈദേഹി ആശ്രമത്തിനകത്തേയ്ക്കു നടന്നു.
കഥാതന്തുവിന് കടപ്പാട്: പത്മമഹാപുരാണം
രാധാസുകുമാരന്‍

അഹല്യ

അഹല്യ
*********
ശിലാഹൃദയവുമലിയുന്നുവെന്നോ,
ശ്യാമരാമാ!നിന്‍ഭക്തിക്കുളിര്‍മഴയില്‍
ശാപഗ്രസ്ഥയെന്നുകല്പിച്ചെന്നോ,
ജനപഥങ്ങള്‍ക്കപ്പുറമീയേകാന്തവനഭൂവില്‍
വിധിവിഹിതമോയെന്‍കര്‍മ്മഫലമോയെന്നറിയാതെ
വിറങ്ങലിച്ചൊരു ശിലയായുറച്ചിവിടെ
വത്സരങ്ങളെത്രകാത്തിരുന്നുഞാന്‍ദേവാ
ഗൗതമപത്നിയെന്നൊരാ പൂര്‍വ്വാശ്രമം
ഗതകാലസ്മരണയിലെങ്ങോ മറഞ്ഞുവോ
രാഘവാ!നിന്‍പാദനിസ്വനംമാത്രമേ
രാവിന്നിരുട്ടിലുംകേള്‍ക്കാന്‍ കൊതിച്ചുഞാന്‍
കാനനപാതയിലൂടെയിങ്ങെത്തി നീ
കാല്പാദമെന്‍നെറുകയില്‍വെച്ചുവോ
നിന്‍പാദരേണുക്കളിന്നെന്നുള്ളിലെ
നിര്‍ജ്ജീവാത്മാവിനെ തൊട്ടുണര്‍ത്തിയോ
മോക്ഷകവാടത്തിലിന്നുനില്ക്കുന്നിതാ
മോഹനരൂപാ നിന്‍മുന്നിലഹല്യയായ്!
മോഹമിനിയുള്ളതൊന്നുമാത്രമല്ലോ
മോഹമായതെളിഞ്ഞിനി മോദാലെന്നുമീ
മോക്ഷദായകരൂപമെന്നുള്ളില്‍ തെളിയണം
ആശയറ്റുഴറുന്ന ജീവാത്മാക്കളില്‍
ആനന്ദരൂപാ!നീയഹല്യയെക്കാണണം
ശിലയായുറങ്ങീടുംമോഹശതങ്ങളില്‍,
ശ്രീരാമജയമെന്നുജപിയ്ക്കും കിനാക്കളില്‍
അഹല്യയെപ്പദതാരിനാണുര്‍ത്തേണമിനിയും
ആത്മാഭിരാമാ!അവനീപതേ...
രാധാസുകുമാരന്‍
24.07.2017

രാമായണക്കാറ്റേ...

രാമായണക്കാറ്റേ...
-------------------------------
ഉഷ്ണവാതങ്ങളേറ്റുടലുരുകീടവേ,
ഉറക്കമുണരാനുള്ളം വിസമ്മതിച്ചീടവേ,
ഉണര്‍വ്വിന്‍ ചെറുകുളിരലയായണഞ്ഞീടുമോ?
ഉണ്മയോടെ നീ രാമായണക്കാറ്റേ!
സംക്രാന്തിസന്ധ്യയെത്തുന്നുവെന്നോര്‍മ്മിപ്പിപ്പൂ,
സമയരഥമേറിയെത്തി മുത്തശ്ശിയിന്നും,
അകവും പുറവുമിനി വൃത്തിയാക്കണം,
'ചേട്ട'യെയകലേയ്ക്കായ് കളഞ്ഞീടണം,
'ശീപോതി'യെയാനയിയ്ക്കണമിനി വീടിനുള്ളില്‍,
വിളക്കുതെളിയ്ക്കണം ഇരുട്ടുമാറ്റീടണം.
വിളങ്ങണമൈശ്വര്യവിടെയെന്നും!
കര്‍ക്കിടകദുര്‍ഘടങ്ങളെത്തുമ്പോള്‍,
കാക്കേണമെന്നും ശ്രീരാമജയമന്ത്രം!
അന്തിച്ചോപ്പുതെളിയണം,
ഉള്ളംകയ്യിലെ മൈലാഞ്ചിവൃത്തത്തില്‍
നെടുമംഗല്യത്തിനായ് ചൂടേണമത്രെ,
ദശപുഷ്പങ്ങളീറന്‍മുടിയില്‍
മുക്കുറ്റിച്ചാന്തണിയണം,
കണ്ണിലഞ്ജനമെഴുതണം,
ദേഹരക്ഷയ്ക്കായ് മരുന്നുകഞ്ഞികുറുക്കണം
തോരാതലമുറയിടും പേമാരിയെവെല്ലാന്‍
രാമായണശീലുകളുറക്കെപ്പാടണം!
മണല്‍ക്കാറ്റാണുവീശുന്നതിവിടെ,
നീരാവിഘനീഭവിയ്ക്കുന്നുവായുവില്‍,
കാക്കക്കാലിന്‍തണലുപോലുമേകാതെയോ,
കര്‍ക്കിടകമണയുന്നതെന്നോ!
"അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമിതദ്ധ്യാത്മരാമായണ"മെന്നുഞാന്‍,
പതിയെ വായിച്ചുതുടങ്ങീടവേ,
അടുത്തിരുന്നൊന്നു കേള്‍ക്കുവാന്‍,
മുത്തശ്ശിതന്‍ വിശറിക്കുളിരോര്‍മ്മയായെങ്കിലും,
അടുത്തണഞ്ഞീടുമോ മോദാല്‍,
രമ്യയായ് നീ രാമായണക്കാറ്റേ!
(*ചേട്ട.. ജ്യേഷ്ഠ.. അഴുക്കിലും വിഴുപ്പിലും അധിവാസമെന്നു കരുതുന്ന ദേവതാസങ്കല്‍പം
'ശീപോതി': ശ്രീഭഗവതി, ഐശ്വര്യദേവത
രാമായണക്കാറ്റ്: വളരെ പണ്ട് ഒരു കര്‍ക്കിടക സംക്രാന്തിസന്ധ്യയില്‍ നടുമുറ്റത്തെ തകരപ്പാത്തിയിലൂടെ ഒഴുകിനിറയുന്ന മഴയും ആഞ്ഞടിയ്ക്കുന്ന കാറ്റിന്റെ മൂളലും കേട്ട് ചൂളിയിരിയ്ക്കമ്പോള്‍ മുത്തശ്ശി പറഞ്ഞു.. പേടിയ്ക്കണ്ട.. മഴ രാമനാമം ചൊല്ലുകയാണ്.. കാറ്റ് ഈണമിടുകയാണ്.. ഇത് രാമായണക്കാറ്റാണ്..)
രാധാ സുകുമാരന്‍

അമ്മക്കിളിക്കൂട്



ചുള്ളിക്കമ്പുകള്‍ ഉണങ്ങിയടര്‍ന്നകന്ന് രൂപഭംഗി നഷ്ടപ്പെട്ട കൂട്ടില്‍ അമ്മക്കിളി തനിച്ചിരുന്നു കുറുകി. ആകെ അലങ്കോലമായിരിയ്ക്കുന്നു. അവള്‍ക്ക് വിഷമം തോന്നി. ഇന്നലെ കുഞ്ഞിക്കിളികളാരും കൂട്ടില്‍ തിരിച്ചെത്തിയില്ല. ഈയൊരു ദിവസം അനിവാര്യമെന്നറിയാം. പറക്കമുറ്റിയ കിളിക്കുഞ്ഞുങ്ങളെ കൂട്ടിലിടാനാവുമോ? എന്നാലും. രാത്രി വൈകിയും നക്ഷത്രവെട്ടത്തില്‍ കണ്ണുതുറന്നുറങ്ങാതിരുന്നപ്പോള്‍ ആണ്‍കിളി ഓര്‍മ്മിപ്പിച്ചതാണ്.. സമയമായി, കൂടുപേക്ഷിച്ചു പോകാം. നാളെ തന്നെ.. അല്പം മുമ്പ് പറന്നകലും മുമ്പ് കൊക്കുരുമ്മി വീണ്ടും പറഞ്ഞു.. പോകാം.. നമ്മുടെ സഹയോഗം ഇത്രവരെ മാത്രം.. അങ്ങു ദൂരെ മലഞ്ചെരുവിലേതോ ചില്ലയില്‍ മറ്റൊരു കൂട്ടില്‍.. മറ്റൊരു ജീവിതം.. പോകൂ.. പ്രകൃതിനിയമം തെറ്റിക്കാന്‍ നമുക്കാവില്ല.. നീയും പറന്നകലുക തന്നെ വേണം.. ആകാശകലങ്ങളില്‍ ഒരു പൊട്ടു പോലെ ആണ്‍കിളി മായുന്നതു നിര്‍വ്വികാരയായി നോക്കിയിരിയ്ക്കേ അമ്മക്കിളിയോര്‍ത്തു.. പ്രകൃതിനിയമോ? പ്രകൃതി തന്നെ അമ്മയെന്നിരിയ്ക്കെ ആ സ്നേഹത്തിനും നിയമമോ? അവള്‍ ചിറകു കുടഞ്ഞു കൂനിപ്പിടിച്ചിരുന്നു.
വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഓരോ ചുള്ളിക്കമ്പുകളും ഇലകളും ശേഖരിച്ചത്. ആണ്‍കിളിയുടെ കരവിരുതും കൂടിച്ചേര്‍ന്നപ്പോളാണ് കൂടൊരുങ്ങിയത്. പിന്നെയൊരു തപസ്സായിരുന്നു. ജീവന്റെ , സ്നേഹത്തിന്റെ കണികയൊളിപ്പിച്ച മുട്ടകള്‍ക്കു മേല്‍ പ്രതീക്ഷയുടെ, പ്രാര്‍ത്ഥനയുടെ ചൂടേകി.. കാത്തിരിപ്പിന്റെ ദിനങ്ങള്‍.. എത്ര കരുതലോടെയായിരുന്നു ആണ്‍കിളി കാവല്‍ നിന്നത്! പഴുത്ത പഴങ്ങള്‍ കൊത്തി കൊക്കില്‍ വെച്ചുതന്നതോര്‍ത്തപ്പോള്‍ അമ്മക്കിളിയ്ക്ക് ചെറുചിരി വന്നു. തോടു പിളര്‍ന്ന് ചുണ്ടു പിളുര്‍ത്തിക്കരഞ്ഞ് ഓരോരുത്തരായാണ് അവര്‍ വിരിഞ്ഞിറങ്ങിയത്.. കണ്ണു തുറന്നിട്ടും ചിറകിനടിയില്‍ ഒളിയ്ക്കാനായിരുന്നു അവര്‍ക്കിഷ്ടം. ഏവര്‍ക്കും ഭക്ഷണമെത്തിയ്ക്കാന്‍, കൊക്കില്‍വെച്ചു തീറ്റിയ്ക്കാന്‍ ആണ്‍കിളിയെത്ര ശ്രമപ്പെട്ടു. കാണക്കാണെയാണ് അവര്‍ വളര്‍ന്നത്. എന്തൊരു ബഹളവും വഴക്കും. ഉറക്കെ ശബ്ദമുണ്ടാക്കല്ലെ മക്കളെ എന്നു പറഞ്ഞു തോറ്റു.. ബഹളം കേട്ട് കൂട്ടിലേയ്ക്കെത്തിനോക്കാന്‍ വന്ന കാക്കച്ചിയെ കൊത്തിയോടിച്ചപ്പോള്‍ കൊക്കു മുറിഞ്ഞ നൊമ്പരമോര്‍ത്ത് കിളിയൊന്നു നടുങ്ങി. മരത്തിന്റെ കീഴിലെ പൊത്തില്‍ പാമ്പുണ്ടാവുമോ എന്നോര്‍ത്ത് എന്താശങ്കയായിരുന്നു. ഇളയവന്‍ കുട്ടിക്കുറുമ്പനായിരുന്നു. അവനെപ്പോഴും വിശപ്പാണ്. കീ..കീ.. എന്ന് കരഞ്ഞ് വഴക്കിട്ട് ചിറകുപറ്റിയിരിയ്ക്കും. കൂടിനു പുറത്തേയ്ക്ക് തലയിട്ട് ലോകം കാണലായി പിന്നെ. എത്ര വേഗമാണവര്‍ വളര്‍ന്നത്! ഒരുനാള്‍ തികച്ചും സ്വാഭാവികമെന്നവണ്ണം ആണ്‍കിളിയ്ക്കൊപ്പം ഒരാള്‍ മെല്ല ചിറകു വിരിച്ചു പുറത്തിറങ്ങി. അല്പം പറന്ന് സന്തോഷത്തോടെ തിരിച്ചു വന്നു. അടുത്തയാളും അതുതന്നെ ചെയ്തു. കുട്ടിക്കുറുമ്പന്‍ മടിയനായിരുന്നു. കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് അവനെ തള്ളിയിടേണ്ടിവന്നു. ഒരുനിമിഷം നിശ്ചലനായി അവന്‍ താഴോട്ടു പതിയ്ക്കുന്നതു ചങ്കിടിപ്പോടെയാണ് നോക്കിയത്. അടുത്ത നിമിഷം ചിറകുകള്‍ വീശിപ്പറന്നുയരുന്ന അവനെ അഭിമാനത്തോടെയാണ് നോക്കിനിന്നത്. ദിവസങ്ങള്‍ അധികം നീങ്ങിയില്ല. കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്കു സ്ഥലം തികയുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു. കുറമ്പനപ്പോഴും ചിറകിനടിയിലേയ്ക്ക് നീങ്ങിവരും.. അമ്മക്കിളി ചുറ്റും നോക്കി.. പോകാതെ വയ്യ..
പിന്നെയും മനസ്സു മടിയ്ക്കുന്നു.. അറിയാ ദൂരങ്ങളിലെപ്പോഴെങ്കിലും ദിശ മറന്ന കുഞ്ഞിച്ചിറകുകള്‍ കൂട്ടിലേയ്ക്കുള്ള വഴിയോര്‍ത്താല്‍... അമ്മച്ചിറകിനടിയില്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ കുട്ടിക്കുറുമ്പനൊരു മോഹം തോന്നിയാല്‍.. അമ്മക്കിളി തീര്‍ച്ചപ്പെടുത്തി.. ഇത്തിരിനാള്‍ കൂടി കാത്തിരിയ്ക്കാം..
കൂട്ടില്‍ നിന്നു പുറത്തിറങ്ങി അടുത്തുള്ള കിണറ്റിന്‍ കരയില്‍ ചിരട്ടയിലുണ്ടായിരുന്ന വെള്ളം കുടിച്ചപ്പോള്‍ അമ്മക്കിളിയ്ക്കൊരുന്‍മേഷം തോന്നി. കുറച്ചു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു കൂടൊന്നു ബലപ്പെടുത്തി, അകമൊന്നു വൃത്തിയാക്കി. അങ്ങേപ്പറമ്പില്‍ കശുമാങ്ങ പഴുത്തു നില്‍പുണ്ട്, വേലിപ്പടര്‍പ്പില്‍ മുള്ളിന്‍പഴവും.. കുട്ടിക്കുറുമ്പന് രണ്ടും വലിയ കൊതിയാണ്. നേരം ഉച്ചയാവുന്നേയുള്ളു.. അന്തിമയങ്ങാനൊരുപാടു നേരമുണ്ട്. ചിറകു വീര്‍പ്പിച്ച് പതുങ്ങിയിരിയ്ക്കുമ്പോള്‍ അമ്മക്കിളിയൊരു പാട്ടു മൂളി. കാത്തിരിപ്പും പ്രതീക്ഷയും ഇത്ര ഊര്‍ജ്ജദായകമോ? അടുത്തുവരുന്ന കുഞ്ഞിച്ചിറകടികള്‍ക്കു കാതോര്‍ത്ത് അമ്മക്കിളി കൂട്ടില്‍ തനിച്ചിരുന്നു കുറുകി.
രാധാസുകുമാരന്‍

പിതൃദേവോ ഭവഃ

പിതൃദേവോ ഭവഃ
മുഖപുസ്തകം ഓര്‍മ്മിപ്പിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. പിതൃദിനമാണെത്തുന്നത്.
ഇന്ന് അച്ഛന്റെ ഓര്‍മ്മദിവസം. ഇന്നലെ ഒരിയ്ക്കലെടുത്തു. എള്ളും പൂവും ചന്ദനവും കൂട്ടി പവിത്രമോതിരക്കയ്യാല്‍ ബലിതര്‍പ്പണം നടത്താന്‍ ഇവിടെ സൗകര്യമില്ല. ഓര്‍മ്മകളാലുള്ള തിലോദകം ദേശാന്തരാവസ്ഥകള്‍ക്കപ്പുറത്തുമാവാം.
അച്ഛന്റെ കൈവിരലില്‍ തൂങ്ങിയാണ് നടന്നു തുടങ്ങിയത്. ചുവടുറയ്ക്കുന്നതു വരെ പിടിവിടാതെ ഒപ്പം നടന്നു. സായാഹ്നസവാരികളില്‍ ലളിതമായ മനക്കണക്കുകളിലൂടെ ഗുണനപ്പട്ടികകള്‍ എത്രവേഗം എങ്ങിനെയാണ് ഹൃദിസ്തമാക്കിയതെന്ന് ഇന്നും അത്ഭുതമാണ്. അബാക്കസ്സുകളും അല്‍ഗോരിതങ്ങളും കൂടാതെ തന്നെ ഗണിതശാസ്ത്രത്തിന്റെ അപാരസാദ്ധ്യതകള്‍ ആദ്യം പറഞ്ഞുതന്നതും അച്ഛന്‍ തന്നെ. ഒരു മുന്നറിയിപ്പും തന്നു.. കള്ളക്കണക്കരുത്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ഞാന്‍ ഓര്‍മ്മിപ്പിയ്ക്കുന്നതും അതു തന്നെ.. വീണ്ടും വീണ്ടും പരിശീലിയ്ക്കൂ.. കള്ളത്തരം കണക്കിലരുത്..
പുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്തിയതും അച്ഛന്‍ തന്നെ. ഇതിലും വലിയ സുഹൃത്തുകളുണ്ടാവില്ലെന്നു പറഞ്ഞു ഒരുപാടു പുസ്തകങ്ങള്‍ വാങ്ങിത്തന്നു, വായിച്ചു മനസ്സിലാക്കുന്നു എന്നുറപ്പു വരുത്തി.
ഇഷ്ടമുള്ള വിഷയങ്ങള്‍ എത്രവേണമെങ്കിലും പഠിയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നു. അപ്പോഴും നല്ല മനുഷ്യനാവണമെന്നോര്‍പ്പിച്ചു.
പ്രപഞ്ചശക്തിയെ വണങ്ങാനും, വ്യക്തികളെയും സമൂഹത്തേയും ബഹുമാനിയ്ക്കാനും പഠിപ്പിച്ചു. കുടുംബബന്ധങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് കാണിച്ചുതന്നു. ലളിതമായ ജീവിതചര്യയും സമ്പാദ്യശീലവും പഠിച്ചതും പിതൃമുഖത്തു നിന്നു തന്നെ.
മറ്റൊരു കയ്യോടെന്റെ കൈ ചേര്‍ത്തുവെച്ച്, കണ്ണനെ സാക്ഷിയാക്കി നിറപറയെയും നിലവിളക്കിനെയുഅം മൂന്നുവലം വെപ്പിച്ച് മണ്ഡപത്തില്‍ നിന്നിറങ്ങവേ സന്തോഷാശ്രു നിയന്ത്രിച്ച് അച്ഛന്‍ പറഞ്ഞു.. എപ്പോഴും പിന്‍തുടരുകയല്ല വേണ്ടത്.. ഒപ്പം നടക്കൂ.. ഒന്നിച്ചു നടക്കൂ.. വഴിതെറ്റാതെ പരസ്പരം കാത്ത്.. ഇന്നലെ ഷോപ്പിംഗ് മാളില്‍ ദമാസ് ജ്വല്ലറിയുടെ ഡിസ്പ്ളെ വിന്‍ഡോയില്‍ കണ്ണുകളുടക്കി നിന്നുപോയപ്പോള്‍ വീട്ടുകാരന്‍ മെല്ലെ കാതില്‍ പറഞ്ഞു..ഒപ്പം വരൂ..വഴി മാറിപ്പോവല്ലേ.. ഈശ്വരാ അച്ഛന്‍!
പാചകം എനിയ്ക്കു പ്രിയപ്പെട്ടതാക്കിയതും അച്ഛന്‍ തന്നെ. പരീക്ഷണങ്ങളില്‍ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചു. പ്രവാസജീവിതത്തില്‍ പഠിച്ച പുതിയ വിഭവങ്ങളെല്ലാം അവധിക്കാലത്തുണ്ടാക്കിച്ച് ആസ്വദിച്ച് കഴിച്ചു. ഭക്ഷണത്തെ ആദരിയ്ക്കാനും വെറുതെ കളയാതിരിയ്ക്കാനും പങ്കുവെച്ചു കഴിയ്ക്കുന്നതിലാണ് യഥാര്‍ത്ഥ ആനന്ദം എന്ന് കൊച്ചു മക്കളെയും പഠിപ്പിച്ചു.
ഒടുവിലൊരുനാള്‍ ഞാന്‍ ഓടിയെത്തിയപ്പോള്‍.. എന്റെ മോളുണ്ടാക്കിയ ചമ്മന്തി മാത്രം മതി, ഇത്തിരി കഞ്ഞി കുടിയ്ക്കാനെന്നുകൂടി പറഞ്ഞ്... ശ്വാസം മന്ദഗതിയിലാവുന്നതു വരെ ദൈവനാമം ജപിച്ച്...
മനസ്സിലിരുന്ന് കരയുന്നത് ബലിക്കാക്കയാണോ? അച്ഛന്‍ തീര്‍ത്തുപറയുന്നു..ഏയ് അല്ല.. മണ്‍കലത്തിനടിയിലെ ഇത്തിരി വെള്ളം ചെറിയ കല്ലുകളിട്ടുയര്‍ത്തി ദാഹം തീര്‍ത്ത കുസൃതിക്കാക്കയെ ഓര്‍മ്മയില്ലേ! തെളിഞ്ഞ ചിരിയോടെ അമ്മയും ഏറ്റുപറയുന്നു.. ഈ അച്ഛന്റെ ഒരു കാര്യം..
ജീവിതത്തിലെ കൂട്ടുപാതകളില്‍ കാലിടറുമോ എന്ന സംശയം വരുമ്പോള്‍ ഇപ്പോഴും കൊതിയ്ക്കാറുണ്ട്, അച്ഛന്റെ ചൂണ്ടുവിരലിന്റെ ചൂടും സുരക്ഷിതത്വവും.. അപ്പോഴെല്ലാം ഒരു വഴിവിളക്കായെങ്കിലുമെത്തി അച്ഛന്‍ മന്ത്രിയ്ക്കാറുണ്ട്.. നേര്‍വഴി മാത്രം തിരഞ്ഞെടുക്കൂ.. നിനക്കതിനു കഴിയും..
മുഖപുസ്തകത്തിലിനി ആശംസകള്‍ പെരുകും.. പിതൃദിനമാണെത്തുന്നത്. അച്ഛന്റെ ദിവസം.. അച്ഛന്റെ ഓര്‍മ്മകള്‍ കാവല്‍ നില്‍ക്കുന്ന മക്കളുടേയും..
രാധാസുകുമാരന്‍
16.6.2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo