വൈദേഹി പറഞ്ഞ കഥ
====================
====================
വാല്മീകിമഹര്‍ഷിയുടെ ആശ്രമത്തിലെ ലതാനികുഞ്ജങ്ങളിലൊന്നില്‍ ഗര്‍ഭഭാരത്തോടെ വൈദേഹി തളര്‍ന്നിരുന്നു. അതീവമനോഹരമായ ഭൂപ്രദേശം. മുനിമാരും യോഗിനിമാരും പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്. രഘുകുലദീപങ്ങളാണ് തന്റെ ഉദരത്തില്‍ വളരുന്നതെന്ന് ഇവിടെയെല്ലാവര്‍ക്കുമറിയാം. നല്ലചിന്തകള്‍മാത്രമേ പാടുള്ളു എന്ന് മുനിശ്രേഷ്ഠന്‍ എന്നും ഓര്‍മ്മിപ്പിയ്ക്കാറുണ്ട്. ഈ വന്യഭംഗി എന്നും മനസ്സിനെ ആകര്‍ഷിച്ചിരുന്നു. ഇങ്ങോട്ട് ഒരിയ്ക്കല്‍കൂടി വരണമെന്ന് എന്നും മനസ്സില്‍ കൊതിച്ചിട്ടുമുണ്ട്. ആഗ്രഹം കേട്ടയുടന്‍ രഘുവരന്‍ ഉടനെ ഇങ്ങോട്ടയച്ചതെന്തിനെന്നതിന് ഇനിയും ഉത്തരം കിട്ടുന്നില്ല. നിര്‍മ്മമനും നിഷ്ക്കളങ്കനുമായിട്ടും ആ മിഴികള്‍ നിറഞ്ഞുതുളുമ്പിയോ? ഇവിടെനിന്മു തിരിച്ചുപോയപ്പോള്‍ അനുജനും മുഖംതരാതെ കണ്ണുതുടച്ചതെന്തേ? സര്‍വ്വജ്ഞനായ മുനിവരന്‍ പോലും മൗനിയായ പോലെ നിന്നതോ?..
ആലസ്യത്താല്‍ കണ്ണുകളടയുന്നു. രാജധാനിയില്‍ പരിചാരകരുടെ ശുശ്രൂഷയും പ്രിയതമന്റെ പരിലാളനയുമേറ്റ് വിശ്രമിയ്ക്കേണ്ട സമയമാണിത്. ഭര്‍തൃശുശ്രൂഷയ്ക്കും ഒരുകുറവും വരുത്തിയിട്ടില്ല. എന്നിട്ടുമെന്തേ ഈ ഏകാന്തവാസം? ദൂരെയെവിടെനിന്നോ ശുകപ്പക്ഷികള്‍ നീട്ടിപ്പാടുന്നു.എവിടെയോ കേട്ടുമറന്ന വരികള്‍. വൈദേഹി കണ്ണുകളടച്ചിരുന്നു.
ഓര്‍മ്മയില്‍ തെളിയുന്നത് ആരണ്യഭംഗിയല്ല. മിഥിലയിലെ രാജകൊട്ടാരം. അവനിജയെങ്കിലും ജനകജയെന്ന രാജകുമാരിയായി ഓടിക്കളിച്ചു വളര്‍ന്ന വര്‍ണ്ണാഭമായ ബാല്യകാലം. ഒരുനാള്‍ തോഴിമാരോടൊപ്പം കൊട്ടാരാങ്കണത്തില്‍ കളിയ്ക്കുമ്പോഴാണ് രാമകഥാപീയൂഷഗീതിയുമായി രണ്ടുപഞ്ചവര്‍ണ്ണത്തത്തകള്‍ പറന്നെത്തിയത്. ശ്രീരാമജനനവും മാഹാത്മ്യവും കര്‍ണ്ണാനന്ദമായി പാടിപ്പാടി അവ ശ്രദ്ധയാകര്‍ഷിയ്ക്കുകയായിരുന്നു. സീതാരാഘവവിവാഹം ഉണ്ടാകുമെന്നുകൂ ടി പാടിക്കേട്ടപ്പോള്‍ ജിജ്ഞാസയടക്കാനായില്ല.തോഴിയോടു പറഞ്ഞ് തത്തകളെ പിടിച്ച് കനകപഞ്ജരത്തിലാക്കി പാലും പഴവും കൊടുത്തു പ്രീതിപ്പെടുത്തി, രാമകഥയുടെ ഉത്ഭവമന്വേഷിച്ചു. കാനനമദ്ധ്യേയുള്ള താപസാശ്രമത്തിലെ മുനിയും ശിഷ്യന്മാരും പാടുന്നതു കേട്ട വരികളാണെന്നവര്‍ പറഞ്ഞതു കേട്ട് അത്ഭുതത്തോടെ വീണ്ടുംവീണ്ടും പാടിപ്പിച്ചു. പിന്നെ സ്വയമറിഞ്ഞു, ഇതു തന്റെ കൂടി കഥയാണെന്ന്. സത്യമോ മിഥ്യയോ എന്നറിയാനുള്ള ഔത്സുക്യം നിമിഷം പ്രതി വളരുകയായിരുന്നു. വിട്ടയയ്ക്കാനായി തത്തകള്‍ കെഞ്ചിപ്പറഞ്ഞതൊന്നും ചെവിക്കൊണ്ടതേയില്ല. അപ്പോഴാണ് ആണ്‍ശുകം പറഞ്ഞത്.. പെണ്‍കളി ഗര്‍ഭിണിയാണെന്ന്. എന്നിട്ടും മനസ്സലിയാതെ ആണ്‍തത്തയെ മാത്രം മോചിപ്പിച്ചു. പാടിക്കേട്ട കഥ സത്യമായിത്തീരുമോ എന്നറിയാനായി പെണ്‍തത്തയെ കൂട്ടില്‍ത്തന്നെയടച്ചു. ദുഃഖം സഹിയാതെ ആ കിളി രാമനാമം ചൊല്ലി ജീവത്യാഗം ചെയ്തു. നിനക്കും ഗര്‍ഭാവസ്ഥയില്‍ പ്രിയനില്‍ നിന്നകലാനിട വരട്ടെ എന്ന ശാപവാക്യമുരുവിട്ടശേഷമാണ് അന്ത്യശ്വാസം വലിച്ചത്. ഇതുകണ്ട് ദുഃഖാര്‍ത്തനായ ആണ്‍കിളി ക്രോധമടക്കാനാവാതെ പറഞ്ഞു,"ഈ ജന്മം ഞാനുമവസാനിപ്പിയ്ക്കുന്നു. രാമരാജ്യത്തില്‍ വീണ്ടും ജനിച്ച് സീതാപരിത്യാഗത്തിന് ഹേതുവായി ഞാനെത്തും, തീര്‍ച്ച". ഒന്നും മനസ്സിലാവാതെ തരിച്ചുനില്ക്കവേ ആണ്‍തത്തയും രാമനാമം ചൊല്ലി ജീവന്‍വെടിഞ്ഞു.
ബാലചാപല്യമെന്നു കരുതി മറന്നു കളയേണ്ട തെറ്റല്ല അതെന്ന് അന്നേ അറിയാമായിരുന്നു. ഒരു നൊമ്പരമായി ആ പെണ്‍തത്തയുടെ രോദനം എന്നും ഉള്ളിലുണ്ടായിരുന്നു.
ബാലചാപല്യമെന്നു കരുതി മറന്നു കളയേണ്ട തെറ്റല്ല അതെന്ന് അന്നേ അറിയാമായിരുന്നു. ഒരു നൊമ്പരമായി ആ പെണ്‍തത്തയുടെ രോദനം എന്നും ഉള്ളിലുണ്ടായിരുന്നു.
കനം വെയ്ക്കുന്ന കണ്‍പോളകള്‍ മെല്ലെതുറന്ന് വൈദേഹി ചുറ്റുംനോക്കി. ഇളംകാറ്റ് വീശുന്നുണ്ട്. ആശ്വാസമാണ് തോന്നുന്നത്. സ്വാമിന്‍! അങ്ങെന്നെ പരിത്യജിച്ചതല്ല, അവിശ്വസിച്ചതുമല്ല. ലങ്കാപുരിയില്‍ തടവിലായിരുന്നിട്ടും, സ്വമേധയാ അഗ്നിശുദ്ധി നടത്തി തെളിയിച്ചിട്ടും രാമപത്നിയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയമുണര്‍ത്താന്‍ രജകനായെത്തിയത് പുനര്‍ജന്മമെടുത്ത ആ ആണ്‍ശുകം തന്നെയാണ്.
വിധിയുടെ നിയോഗമാണ് തന്നെ ഇവിടെയെത്തിച്ചത്. അറിയാതെയാണെങ്കിലും ശുകമിഥുങ്ങളെയകറ്റാന്‍ കാരണഭൂതയായതിന്റെ ശിക്ഷ അനുഭവിച്ചേപറ്റൂ. രഘുവീരാ!ക്ഷമിച്ചാലും.
പ്രാര്‍ത്ഥനാമണികള്‍ മുഴങ്ങുന്നു. ക്ഷീണിതയെങ്കിലും പുതിയൊരുണര്‍വ്വോടെ വൈദേഹി ആശ്രമത്തിനകത്തേയ്ക്കു നടന്നു.
വിധിയുടെ നിയോഗമാണ് തന്നെ ഇവിടെയെത്തിച്ചത്. അറിയാതെയാണെങ്കിലും ശുകമിഥുങ്ങളെയകറ്റാന്‍ കാരണഭൂതയായതിന്റെ ശിക്ഷ അനുഭവിച്ചേപറ്റൂ. രഘുവീരാ!ക്ഷമിച്ചാലും.
പ്രാര്‍ത്ഥനാമണികള്‍ മുഴങ്ങുന്നു. ക്ഷീണിതയെങ്കിലും പുതിയൊരുണര്‍വ്വോടെ വൈദേഹി ആശ്രമത്തിനകത്തേയ്ക്കു നടന്നു.
കഥാതന്തുവിന് കടപ്പാട്: പത്മമഹാപുരാണം
രാധാസുകുമാരന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക