നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുക്കാൽ രാധയും കാൽ കൃഷ്ണനും !

മുക്കാൽ രാധയും കാൽ കൃഷ്ണനും !
" വേണേൽ വന്ന് വല്ലതും തിന്നേച്ചും പൊയ്ക്കോ .. എനിക്ക് വേറേം പണിയുണ്ട്.. നിന്റെയൊന്നും സൗകര്യത്തിന് നില്ക്കാൻ എന്നെക്കിട്ടില്ല .. ഒരു വല്യ കോളേജ് കുമാരൻ .. ഓ അല്ല കുമാരി "..
രാവിലെ തന്നെ അമ്മയുടെ ഉറക്കെയുള്ള ശകാരം കുളിമുറിയിൽ നിന്നും അനിൽ കേട്ടു .. എന്നും ഉള്ളതായതിനാൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . വേഗം കുളിച്ച് വേഷം മാറി ... ഷർട്ടിന്റെ ഒരു ബട്ടൻസ് പോയിരിക്കുന്നു .. ആകെ രണ്ടേ ഉള്ളൂ പുറത്തു പോകുമ്പോൾ ഇടാൻ.. സേഫ്റ്റിപിൻ എടുത്ത് കുത്തി ബട്ടൻസ് ഇല്ലാത്ത കുറവ് പരിഹരിച്ചു ..ഇന്നും കോളേജിൽ ചെല്ലുമ്പോൾ ക്ലാസ് മുഴുവൻ അതിശയത്തോടെ തന്നെ നോക്കും ..നരച്ചു ബട്ടൺ ഇല്ലാതെ പിൻ കുത്തിയ ഷർട്ടും ..ഇറക്കം കുറഞ്ഞു കണങ്കാലിന് മുകളിൽ നിൽക്കുന്ന പാന്റും.. എണ്ണ തേക്കാതെ ചെമ്പിച്ച തലമുടിയും..തേഞ്ഞു തീരാറായ കരിമ്പൻ പിടിച്ച പാരഗൺ വള്ളിച്ചെരുപ്പും.. പിന്നെ സ്ത്രീകളെ പോലെയുള്ള തന്റെ നടപ്പും... ഇന്നലെ ആദ്യമായി പ്രീഡിഗ്രി ക്‌ളാസിൽ കയറി ചെന്നപ്പോൾ ആദ്യം എല്ലാവരും ഒന്നമ്പരന്നു .. പിന്നെ അടക്കി സംസാരം.. ചിലരുടെ മുഖത്ത് ചിരി .. വേറെ ചിലരുടെ മുഖത്ത് സഹതാപം.. വേറെ ചിലർക്ക് പുച്ഛം..നാണക്കേട് കൊണ്ട് താൻ ചൂളി... ക്‌ളാസ്സിന്റെ ഏറ്റവും പിറകിലുള്ള ബഞ്ചിൽ ചെന്ന് പതുങ്ങി ഇരുന്നു ..ഓരോ അവർ കഴിയുമ്പോഴും എല്ലാവരും തമ്മിൽ പരിചയപ്പെടുകയും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്തു .. ആരും തന്നോട് സംസാരിക്കാൻ വന്നില്ല ... അവഗണകൾ ധാരാളം ഏറ്റുവാങ്ങിയിട്ടുള്ളതിനൽ ഇതൊക്കെ തനിക്കു ശീലമായി കഴിഞ്ഞിരുന്നു .!
എങ്കിലും ഇന്നും ക്ലാസ്സിൽ ചെല്ലുമ്പോൾ അതേ നോട്ടങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ..!
പലതും ആലോചിച്ചു സമയം പോയി.. അമ്മയുടെ സ്വരം വീണ്ടും ഉയർന്നു ... "ആരെയും ആനയിച്ചു കൊണ്ടുവന്ന് കഴിപ്പിക്കാൻ എനിക്കാവില്ല.."
ഇനിയും ചെന്നില്ലേൽ രാവിലെ ഒന്നും കഴിക്കാൻ കിട്ടിയെന്നു വരില്ല... വൈകിട്ടു വരെ അത്രയേ ഉളളൂ ആഹാരം .. അനിൽ വേഗം അടുക്കലേയിലേക്ക് ചെന്നു...നിലത്ത് പഴങ്കഞ്ഞി വിളമ്പി വെച്ചിരുന്നു... സാധാരണ അതേ രാവിലെ കിട്ടാറുള്ളൂ..അതും നിലത്തിരുന്ന്, തനിക്കുവേണ്ടി പ്രത്യേകം മാറ്റി വെച്ചിരിക്കുന്ന പാത്രത്തിൽ .. ആരോടും പരാതിയില്ല.. പരിഭവം ഇല്ല .. അല്ലെങ്കിലും ആരോട് പരാതി പറയാൻ ?? ദൈവം തന്റെ സൃഷ്ടിയിൽത്തന്നെ അനീതി കാണിച്ചിരിക്കുന്നു ... മുത്തശ്ശി പറയും പോലെ 'കുടുംബത്തിനു കിട്ടിയ ശാപം..മുക്കാൽ രാധയും കാൽ കൃഷ്ണനും ആയി ഒരു ജന്മം'..!
ഒന്നും തന്റെ തെറ്റല്ല ... പക്ഷെ ഏതോ ജന്മത്തിൽ ചെയ്ത തെറ്റിന്റെ ശിക്ഷപോലെ ഈ ജന്മം ആൺ രൂപവും പെൺ മനസുമായി ജീവിച്ചു തീർക്കണം.. ഒരിക്കൽ സ്വന്തം ചേച്ചി പോലും ചോദിച്ചു 'പോയി ചത്തൂടെ നിനക്കെന്ന്'... പക്ഷെ മരിക്കാൻ തനിക്കു സമയമായിട്ടില്ല ..ജീവിക്കണം .. ജീവിച്ചു കാണിച്ചു കൊടുക്കണം !!
ഓരോന്നു ചിന്തിച്ച് കോളേജെത്തി. ആരുടേയും മുഖത്തു നോക്കിയില്ല.നേരേ ക്ലാസിൽ ചെന്ന് തലേന്ന് ഇരുന്നിരുന്ന സീറ്റിൽ ചെന്നു കുനിഞ്ഞിരുന്നു . അടുത്ത് ആരോ വന്നിരിക്കുന്ന പോലെ തോന്നി തല ഉയർത്തി നോക്കി .അടുത്തു വന്നിരുന്ന ആൾ ചെറിയ ചിരിയോടെ പറഞ്ഞു
"ഞാൻ വിഷ്ണു .. എന്താ തന്റെ പേര് ?"
അനിൽ ഒന്നു പരുങ്ങി , എന്നീട്ടു പറഞ്ഞു " ഞാൻ .. ഞാൻ .. അനിൽ ".
വിഷ്ണു പറഞ്ഞു "ഇന്നലെ താൻ എന്താ ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് മാറി ഇരുന്നത് ?? ഞങ്ങളെ ഒന്നും ഇഷ്ടമായില്ല എന്നുണ്ടോ ?"
"എനിക്കു നിങ്ങളേയല്ല .. നിങ്ങൾക്ക് എന്നെയാണ് ഇഷ്ടമാകാഞ്ഞത് " അനിൽ പറഞ്ഞു
"ആഹാ ...വിചാരിച്ച പോലെ അല്ലല്ലോ ?? തനിക്കു വായിൽ നാക്കൊക്കെയുണ്ടൊ??" വിഷ്ണു ചിരിച്ചു.. അനിലും !
അവിടെ ഒരു സൗഹൃദം തുടങ്ങുകയായിരുന്നു .. അനിലിന്റെ കാര്യങ്ങൾ ഒക്കെ വിഷ്ണു പതിയെ ചോദിച്ചറിഞ്ഞു .. ഇടക്കിടക്ക് കണ്ണു നിറഞ്ഞുകൊണ്ട് അനിൽ പറഞ്ഞ കാര്യങ്ങളൊക്കെ വീട്ടിൽ ഒറ്റപുത്രനായ വിഷ്ണുവിന് ചിന്തിക്കാവുന്നത്തിനും അപ്പുറമായിരുന്നു ..!
അങ്ങനെ ഒരു വർഷം കടന്നു പോയി.. അനിലിന്റെ വീട്ടിലെ അവസ്ഥയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചില്ല.. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊക്കെ അനിൽ ആ വീട്ടിലെ ഒരു അനാവശ്യ വസ്തുവായി തുടർന്നു .. വിഷ്ണു മാത്രമായിരുന്നു അനിലിന്റെ ജീവിതത്തിലെ ഏക ആശ്വാസം..
ഒരുദിവസം കോളേജ് കഴിഞ്ഞു വരുമ്പോൾ പതിവില്ലാതെ അച്ഛൻ വീടിനു മുൻപിൽ അനിലിനെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു .. അവനെ കണ്ടതും അയാൾ പറഞ്ഞു..
"നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാനുള്ള പ്രായമായി. അതുകൊണ്ട് ഒരുമുഖവുര കൂടാതെ പറയാം.നിന്റെ ചെച്ചിക്ക്‌ ഒരു നല്ല വിവാഹാലോചന വന്നീട്ടുണ്ട് .. അവളുടെ നല്ല ഭാവിയിൽ ആണ് എന്റെ പ്രതീക്ഷ അത്രയും .. അത് പക്ഷെ നീ ഇവിടെ നിന്നാൽ നടക്കില്ല..ഇങ്ങനെ ഒരു കൂടപ്പിറപ് വീട്ടിൽ ഉള്ളടുത്തോളം അവൾക്കൊരു നല്ല ഭാവി ഉണ്ടാവില്ല .. നിന്നോട് ഇവിടുന്ന് ഇറങ്ങിപോകാൻ ഞാൻ പറയില്ല .. എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം"
അയാൾ തിരിഞ്ഞു വീട്ടിലേക്കു നടന്നു. ഓർമ്മ വെച്ചതിനു ശേഷം ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ അച്ഛൻ തന്നോട് സംസാരിച്ചീട്ടുള്ളൂ..അനിൽ ഓർത്തു
താൻ വീട്ടിൽ നിന്നും ഇറങ്ങണം അതാണ് പറഞ്ഞത്തിന്റെ അർത്ഥമെന്ന് അനിലിന് മനസിലായി . പക്ഷെ എങ്ങൊട്ട്‌?? ഒരെത്തും പിടിയും ഇല്ല.. ജനിച്ച നാടും ഈ വീടും അല്ലാതെ വേറെ ഒരിടവും അറിയില്ല.. അനിലിനു കരച്ചിൽ വരുന്നുണ്ടായിരുന്നു .. മുറിയിൽ കയറി മേശയിൽ കമഴ്ന്നു കിടന്നു കരഞ്ഞു .. എന്തോ അനക്കം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ മേശമേൽ കുറച്ചു പണം ഇരിക്കുന്നതു കണ്ടു .. അച്ഛൻ വാതിൽ കടന്നു പൊകുന്നുണ്ടായിരുന്നു..! അത് തനിക്കുള്ള പിച്ചകാശാണെന്ന് അനിലിന് മനസ്സിലായി.
നേരം ഇരുട്ടി .. അനിൽ എഴുനേറ്റു തന്റെ പുസ്തകങ്ങളും ഉടുപ്പുകളും ഒരു ബാഗിൽ ആക്കി. അച്ഛൻ വെച്ചീട്ടുപൊയ പണം എടുത്ത് നോക്കി.. പിന്നെ എന്തോ ചിന്തിച്ച് അവിടെത്തന്നെ വെച്ചു .. ബാഗും എടുത്ത് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു ..!!
പിറ്റേന്നും അതിനു പിറ്റേന്നും അനിലിനെ കോളേജിൽ കാണാത്ത കാരണം വിഷ്ണു അനിലിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു .. അങ്ങനെ ഒരു നമ്പർ നിലവിലില്ല എന്ന മറുപടി വന്നു .. പതിയെ പതിയെ വിഷ്ണുവും അനിലിനെ മറന്നു തുടങ്ങി
വർഷങ്ങൾ കടന്നു പോയി ..
വിഷ്ണു എൻജിനിയറിങ് പാസായി ക്യാംപസ്‌ സെലെക്ഷനിൽ ജോലിയായി..ബാങ്കളൂരിൽ. ട്രെയിൻ ഇറങ്ങി കുറെ ദൂരം ടാക്സിയിൽ യാത്ര ചെയ്യണം ജോലി സ്ഥലം എത്താൻ .. ടാക്സി ഒരു സിഗ്നലിൽ എത്തി.. ഡ്രൈവർ ടാക്സി നിർത്തി ..അയാൾ പറഞ്ഞു "സാർ ... എവിടെ കുറെ ഹിജഡകൾ ഉണ്ട്.. സിഗ്നലിൽ കാർ നിന്നാൽ അപ്പം വരും,കാശ് ചോദിക്കും .. കൊടുത്തില്ലേൽ നമ്മളെ ശപിക്കും .. ഹിജഡകളുടെ ശാപം ഫലിക്കും എന്നാ വിശ്വാസം .. സാർ ആദ്യമായി ജോലിക്കു പോകുവല്ലേ ... അവര് വന്നാൽ എന്തെങ്കിലും കൊടുത്തേക്ക് .. വെറുതെ ശാപം വാങ്ങി വെക്കേണ്ട'.
വിഷ്ണു പെട്ടെന്ന് അനിലിനെ പറ്റി ഓർത്തു. ഉള്ളിൽ ഒരു നീറ്റൽ.. " ഞാനും അവനെ മറന്നുവല്ലോ?"
കാറിനുള്ളിലേക്ക് ഒരു കൈ നീണ്ടുവന്നു..സാരി ഉടുത്ത ഒരു ആൺ രൂപം.. ഒരു പ്രത്യേക താളത്തിൽ കൈ അടിക്കുന്നു ... ഇടക്ക് എന്തോ കന്നടത്തിലോ തമിഴിലോ പറയുന്നുണ്ട്..
വിഷ്ണു ബാഗിനുള്ളിൽ നിന്നും പണം എടുത്തു കൊടുത്തു..അയാൾ അതുവാങ്ങി എന്തോ പറഞ്ഞു.. പോയി .
ജോലിയും തിരക്കുകളും ആയി വിഷ്ണു തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോളാണ് മേശമേൽ കിടന്നിരുന്ന ഒരു കന്നഡ ന്യൂസ് പേപ്പർ ശ്രദ്ധയിൽ പെട്ടത്. അതിലെ ഒരു ഫോട്ടോയിൽ വിഷ്ണുവിന്റെ കണ്ണുകൾ ഉടക്കി. നല്ല പരിചയം.. അത് അനിൽ ആയിരുന്നു..!! പക്ഷേ കന്നഡ വായിക്കാൻ അറിയില്ലല്ലോ.. അവൻ കൂടെ ജോലിചെയ്യുന്ന ബാഗ്ലൂർകാരനോട് ആ ന്യൂസ് വായിച്ചുതരുവാൻ പറഞ്ഞു.. തെരുവിൽ കഴിഞ്ഞിരുന്ന നാലു കുട്ടികളെ എടുത്തു വളർത്തുന്ന മൂന്നാമത്തേതായ ലിംഗപ്രകൃതി ഉള്ള വ്യക്തിയെ പറ്റിയുള്ള വാർത്തയായിരുന്നു അത് .. പലപല ജോലികൾ ചെയ്ത് അയാൾ ആ കുട്ടികളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്തുന്നു. ഒരിക്കലും അയാൾ ഭിക്ഷയെടുത്ത് ജീവിച്ചീട്ടില്ല.. ആ കുട്ടികളെ പഠിപിച്ച് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കുക എന്നതാണത്രെ ജീവിത ലക്‌ഷ്യം !!
വന്ദന 🖌
( വളരെ നാളുകൽക്കുമുൻപേ എഴുതി മൊബൈൽ നോട്ടിൽ കിടന്നിരുന്ന കഥയാണ്.. ഇതിൽ കുറെ ഭാഗങ്ങൾ എന്റെ ഭാവനായാണെങ്കിലും പകുതിയോളം എനിക്ക് നേരിട്ടറിയാവുന്ന ഒരാളുടെ അനുഭവമാണ് . ഞാൻ ആദ്യം ഈ കഥ എഴുതിയപ്പോൾ വിഷ്ണു അനിലിനെ ആ സിഗ്നലിൽ ഭിക്ഷയെടുക്കുന്നതായി കണ്ടു എന്നാണ് അവസാനിപ്പിച്ചത്. പക്ഷെ ഇതു പോസ്റ്റ് ചെയ്യാൻ എടുത്തപ്പോൾ എനിക്കതിന്റെ അവസാനം അങ്ങനെ വേണ്ട എന്നു തോന്നി . വേറെ ഏതു മനുഷ്യനെയും പോലെ ഈ ലോകത്തിൽ ജീവിക്കുവാൻ ഭിന്നലിംഗക്കാർക്കും ഉണ്ട് അവകാശം..നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ട് എന്ന് നാം അവകാശപ്പെടുന്ന വളർച്ച നമ്മുടെ മനസ്സുകൾക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..! അവരും ജീവിക്കട്ടെ നമുക്കിടയിൽ .. നമ്മളിൽ ഒരാളായി .. ! പരിഷ്‌കൃത സമൂഹത്തിന് അവരെയും കൂടി ഉൾക്കൊള്ളാനുള്ള വിശാല മനസ്സ് ഉണ്ടാകുമാറാകട്ടെ

vandana

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot