സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്(കഥ )
************************
************************
സമയം രാത്രി പത്തുമണി. അവസാന ചെക്ക് പോസ്റ്റും കഴിഞ്ഞു ലോറി കേരളത്തിലെ റോഡിലേക്ക് കയറി. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ഇനിയും 35കിലോമിറ്ററോളം സഞ്ചരിക്കണും മെയിൻ റോഡിലേക്ക് എത്തുവാൻ .ധാരാളം മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന റോഡിനിരുവശവും അങ്ങിങ്ങായി മാത്രമേ വീടുകളിലെ പ്രകാശം തെളിഞ്ഞ് കാണുന്നുള്ളു. അച്ഛൻ കിടപ്പിലായതിനു ശേഷമാണ് അദ്ദേഹം പൊന്ന് പോലെ കൊണ്ട് നടന്ന വണ്ടിയുടെ ചുമതല മകനായ രാജുവിൽ വന്ന് ചേരുന്നത്. വണ്ടിയുമായി അവൻ കുറച്ചു നാളുകളായെങ്കിലും ഇത്രയും വലിയ ലോങ്‌ട്രിപ് ആദ്യമായാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ തുടർച്ചയായ ഡ്രൈവിങ് രാജുവിനെ നന്നേ ക്ഷീണിതനാക്കിയിരുന്നു. ലോറിയിലെ അവന്റെ സഹായിയായ വിച്ചുവാകട്ടെ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ഇടയ്ക്കിടക്ക് ഉറങ്ങുകയും ഞെട്ടിയുണരുകയും ചെയ്യുന്നുണ്ട്. മെയിൻ റോഡിൽ എത്തിയിട്ട് വണ്ടി സൈഡാക്കി അല്പം വിശ്രമിക്കാമെന്നുള്ള ആശ്വാസത്തിൽ രാജു ആക്സിലേറ്ററിൽ ശക്തിയായി കാലമർത്തി .ആ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ലോറി നിരത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
ദൂരേക്ക് പരത്തിയടിക്കുന്ന ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ പെട്ടന്ന് ഏതോ ഒരു ജീവി വണ്ടിക്കു മുന്നിലേക്കെടുത്തു ചാടിയത് വളരെ വ്യക്തമായിക്കണ്ട രാജു വേഗത്തിൽ തന്നെ ബ്രേക്കിൽ കാലമർത്തി. ഒരു കുലുക്കത്തോടെ ടയറുകൾ തറയിലുരഞ്ഞു ഒരു വശത്തേക്ക് നിരങ്ങികൊണ്ട് ലോറി നിന്നു. പെട്ടന്നുള്ള ബ്രേക്കിങ്ങിൽ വിച്ചുവാകട്ടെ സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ് തറയിലേക്ക് വീണു, താഴേക്ക് പോയ അതേ വേഗതയിൽ തന്നെ അവൻ തിരികെ സീറ്റിലേക്ക് ചാടി കയറിയിരുന്നതും ഞൊടിയിടയിൽ സംഭവിച്ചു .
"എന്താ അണ്ണാ എന്ത് പറ്റി"... നെറ്റിയിൽ തടവിക്കൊണ്ട് വിച്ചു ചോദിച്ചു. "എതോ ഒരു മൃഗം വണ്ടിക്കു കുറുക്കേ ചാടിയെടാ.. നീ ഇറങ്ങി നോക്കിയേ"...ഗിയർ ലിവർ നുട്ടറിലേക്ക് മാറ്റിക്കൊണ്ട് രാജു പറഞ്ഞു. വിച്ചു ലോറിക്ക് പുറത്തേക്കു ഇറങ്ങി വിശദമായി മുൻവശം മുഴുവനും നോക്കിയിട്ട് വിളിച്ചു പറഞ്ഞു.. "അണ്ണാ ഒന്നും കാണുനില്ലല്ലോ ...നിങ്ങൾക്ക് ഒരു പക്ഷേ തോന്നിയതാകും"... . വ്യക്തമായി കണ്ടതുകൊണ്ട് അത് വെറും തോന്നലാണെന്ന് തള്ളിക്കളയുവാൻ രാജുവിന് മനസ്സുവന്നില്ല. അവൻ വണ്ടി സ്റ്റാർട്ടിങ്ങിൽ തന്നെയിട്ടിട്ട് പുറത്തേക്കിറങ്ങി. പക്ഷേ അവന്റെ തിരച്ചിലിലും ഒന്നും കാണുവാൻ കഴിഞ്ഞില്ല.പെട്ടന്നായിരുന്നു സ്റ്റാർട്ടിങ്ങിൽ കിടന്നിരുന്ന വണ്ടി ഒരു മുഴക്കത്തോടെ ഓഫായതും!, ലൈറ്റുകൾ അണഞ്ഞതും!!. റോഡിൽ മറ്റു വെട്ടങ്ങൾ ഒന്നുമില്ലാതിരുന്നതുകൊണ്ട് അവിടമാകെ കൂരിരുട്ടിൽ മുങ്ങി. വേഗം തന്നെ വിച്ചു പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് വെളിച്ചം തെളിയിച്ചു. രണ്ടു പേരും ലോറിക്കകത്തേക്ക് കയറി. രാജു വീണ്ടും ലോറി സ്റ്റാർട്ട് ചെയ്യുവാൻ പലവട്ടം ശ്രമിച്ചെങ്കിലും വണ്ടി ഓണാകുന്നില്ലായിരുന്നു.
" അണ്ണാ സൈഡ് ചേർന്നല്ലേ വണ്ടി നിൽക്കുന്നത് ഇനി നാളെ രാവിലെ നോക്കാം.. തൽകാലം നമുക്ക് ഉറങ്ങാം"....... വിച്ചു രാജുവിനെ ഉപദേശിച്ചിട്ട് സീറ്റിലേക്ക് ചുരുണ്ടുകൂടി. എന്നാലും ഇതിനിപ്പോ എന്താ പറ്റിയത് ഒരു കുഴപ്പവുമില്ലാതിരുന്നതാണല്ലോ, ഇനി എന്തായാലും രാവിലെ നോക്കാം.. എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് രാജു വെള്ളം വച്ചിരുന്ന കുപ്പിയെടുത്തു .പക്ഷേ അതിൽമരുന്നിനു പോലും ഒരു തുള്ളി വെള്ളമില്ലായിരുന്നു. അവനാണെങ്കിൽ കലശമായ ദാഹവും തോന്നി. വെള്ളം കുടിച്ചേ പറ്റുകയുള്ളു എന്താണ് ഒരു വഴി അവൻ വിച്ചുവിനെ നോക്കി നല്ല ഉറക്കമായിരിക്കുന്നു. രാജു കുപ്പിയുമായി മെല്ലെ പുറത്തേക്കിറങ്ങി.
ആ കൂരിരുട്ടിലും അവൻ കണ്ടു കുറച്ചു ദൂരെയായി ഒരു വീട്ടിനു മുന്നിൽ തെളിയുന്ന പ്രകാശത്തിൽ ഒരു ആൾരൂപം നിൽക്കുന്നത്.ഭാഗ്യം ആ വീട്ടിലെ ആൾ ഉറങ്ങിയില്ലല്ലോ അല്പം വെള്ളം വാങ്ങികുടിക്കാമെന്ന ചിന്തയിൽ അവൻ ഇരുട്ടിൽ തപ്പി തടഞ്ഞു കൊണ്ട് അ വീട് ലക്ഷ്യമാക്കി നടന്നു. വീടിന് മുന്നിൽ നിന്നിരുന്നത് ഏകദേശം 60വയസ്സിനടുത്തോളം പ്രായം തോന്നിപ്പിക്കുന്ന ഒരു പുരുഷനായിരുന്നു, കാണുമ്പോൾ തന്നെ അറിയാം ആ വ്യക്തി നന്നേ ക്ഷീണിതനാണെന്ന്, ഒരു വെള്ളമുണ്ടാണ് അയാൾ ഉടുത്തിരിക്കുന്നത്, വലത്തേ തോളിൽ ഒരു തോർത്തും കാണാം.... മുറ്റത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാളപ്പോൾ . മുറ്റത്തിന് എകദേശം അടുത്തെത്തിയ രാജു ഒന്ന് മുരടനക്കി. അയാൾ നടത്തം നിർത്തി രാജുവിനെ നോക്കി " ആരാ... എന്ത് വേണും "....
"അതേ ഞാൻ ഇത് വഴി ലോറിയുമായി ഒരു ഓട്ടം പോയിട്ട് വരുന്ന വഴിയായിരുന്നു അപ്പോൾ ദാ അവിടെ വച്ചത് കംപ്ലയിന്റ് ആയി..... ഇപ്പോ എനിക്ക് ദാഹിച്ചു വയ്യ കുറച്ചു വെള്ളം വേണുമായിരുന്നു ".... അവൻ ഭവ്യതയോടെ ലോറി കിടന്ന ഭാഗത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
മ് അയാൾ ഒന്ന് അമർത്തി മൂളിയിട്ട്, മുറ്റത്തിന്റെ ഒരു ഭാഗത്തേക്ക് വിരൽചൂണ്ടി... "ദേ അതാണ് കിണർ പോയി വെള്ളംകോരി കുടിച്ചോളു". ഇതും പറഞ്ഞിട്ട് അയാൾ വീണ്ടും അങ്ങോട്ടുമിങ്ങോട്ടുംനടക്കുവാൻ ആരംഭിച്ചു.
രാജു കിണറിനടുത്തേക്ക് നടക്കുന്ന കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് അടിമുടിയാ വീടിനെ ഒന്ന് വീക്ഷിച്ചു. പഴയ തറവാട് പോലെ തോന്നിപ്പിക്കുന്ന മനോഹരമായ വീടായിരുന്നു അത്., മുൻവശം ഒരു ഹാൾപോലെ വിശാലമായി തുറന്ന് കിടക്കുന്നു, നടുവിൽ വഴിവിട്ട് രണ്ടു വശത്തും അരഭിത്തി പോലെ കെട്ടിയിരിക്കുന്നതിണ്ണയിൽ ഉയർന്ന് നിൽക്കുന്നു കൊത്ത് പണികളാൽ മനോഹരമാക്കിയ തടികളിൽ തീർത്ത രണ്ട് തൂണുകൾ. ഹാളിൽ നിന്നും വീടിനുള്ളിലേക്ക് കയറുന്ന വാതിൽ അടച്ചിട്ടിരിക്കുന്നു.മുൻവശത്തെ ഭിത്തിയിൽ ആണിയിൽ ഉറപ്പിച്ചിരിക്കുന്ന ഒന്ന് രണ്ട് ദൈവങ്ങളുടെ ഫോട്ടോ.കൂടാതെ വളരെ വൃത്തിയുള്ള ഒരു പ്രതീതിയായിരുന്നു വീടും, പരിസരത്തിനും.
ആവശ്യത്തിന് വെള്ളം കോരി കുടിച്ച് കുപ്പിയിൽ വെള്ളവും നിറച്ച് രാജു തിരിച്ചു നടക്കുമ്പോൾ അയാളെ നോക്കി നന്ദി സൂചകമായി ചിരിക്കുവാൻ മറന്നില്ല അയാൾ അപ്പോഴും നടക്കുകയായിരുന്നു. "ഇന്ന് ഇനി നിങ്ങൾഎവിടെ കിടന്നുറങ്ങും".. അയാൾ ചോദിച്ചു .. "അത്... വണ്ടിയിൽ തന്നെ ചുരുണ്ട് കൂടും ": രാജു മറുപടി കൊടുത്തു.... "താങ്കൾക്ക് ബുദ്ധിമുട്ടില്ലേ വേണുമെങ്കിൽ അ ഇറയത്ത് കയറി കിടന്നോളൂ".. എന്നും പറഞ്ഞിട്ട് അയാൾ വീണ്ടും നടത്തം തുടർന്നു.രണ്ടു ദിവസത്തെ ക്ഷീണമോർത്തപ്പോൾ രാജുവിന് തോന്നി വണ്ടിയിൽ ചുരുണ്ട് കിടക്കുന്നതിനെക്കാളും നല്ലത് ഇവിടെ ആ തറയിൽ നിവർന്ന് കിടക്കുന്നതാണെന്ന്. രാജു ചോദിച്ചു...... " താങ്കൾ ഉറങ്ങുന്നില്ലേ?".... " ഞാൻ ഇനിയും കുറേ സമയം കഴിയും കിടക്കുവാൻ നിങ്ങൾ പോയി ആ കാണുന്ന കട്ടിലിൽ കിടന്നോളൂ". നടന്നു കൊണ്ട് തന്നെ അയാൾ പറഞ്ഞു...കട്ടിലിലേക്ക് കിടക്കുമ്പോൾ രാജു മനസ്സിൽ ചിന്തിച്ചു. എത്ര നല്ല മനുഷ്യൻ, ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? ഇത്തരം ചിന്തകൾക്കിടയിലും വളരെ വേഗത്തിൽ രാജു ഉറക്കത്തിലേക്ക് വഴുതി വീണു..
രാജു എന്തോ ആവശ്യവുമായി ഒരു സർക്കാർ അശുപത്രിയിലെ വാർഡിലേക്ക് നടന്നു കയറുകയാണ്. അവൻ അവിടെ പല, പല അസുഖമുള്ള രോഗികളെയും കാണുന്നുണ്ട്.. എന്നാലും അവന്റെ കണ്ണുകൾ ഒരു കട്ടിലിൽ മരണത്തോട് മല്ലടിച്ചു കൊണ്ട് കിടക്കുന മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീയിലേക്ക് ഉടക്കി. അവരുടെ ശരീരം മറച്ചുകൊണ്ട് ഒരു മുഷിഞ്ഞ, നിറം മങ്ങിയ പുതപ്പ് മൂടിയിരിക്കുന്നു. കണ്ണുകൾ രണ്ടും കുഴിയിലേക്ക് വീണ അവസ്ഥയിലായിരുന്നു .കഴുത്തിലെ എല്ലുകൾ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. എകദേശം 12 വയസ്സ് തോന്നിപ്പിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ പെൺകുട്ടി ആ സ്ത്രീ കിടക്കുന്ന കട്ടിലിന്റെ ഒരറ്റത്തിരിക്കുന്നു. അപ്പോഴാണ് രാജു ആ പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചത്. തന്റെ അതേ മുഖഛായയാണ് അവൾക്കെന്ന് അവന് തോന്നി. അവൾ രാജുവിനെ കണ്ടതും "ചേട്ടാ" എന്ന് വിളിച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒരു പരിചയവുമില്ലാത്ത അവളുടെ ചേട്ടാ വിളി അവനിൽ വല്ലാത്തൊരു ഞെട്ടലുളവാക്കി. സ്വപ്നത്തിലുള്ള ആ ഞെട്ടലിൽ പെട്ടന്ന് രാജു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.'' ഓ സ്വപ്നമായിരുന്നോ? " എന്ന് ചിന്തിച്ചു കൊണ്ടവൻ തലയുയത്തി മുറ്റത്തേക്ക് നോക്കി അയാൾ അപ്പോഴും മുറ്റത്ത് നടക്കുന്നുണ്ടായിരുന്നു. വീണ്ടും രാജുവിന്റെ കണ്ണുകളെ ഉറക്കം വന്ന് തഴുകി. അവൻ കണ്ണുകൾ മെല്ലെയടച്ചു.
സൂര്യപ്രകാശം മുഖത്തേക്ക് പതിച്ചപ്പോൾ രാജു കണ്ണുകൾ മെല്ലെ തുറന്നു.നേരം നല്ല പോലെ പുലർന്നിരിക്കുന്നു. അവൻ എഴുന്നേറ്റ് കട്ടിലിലേക്ക് ഇരുന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.അവന്റെ മനസ്സിൽ പെട്ടന്നൊരു ആന്തൽ ഉണ്ടായി. ഇന്നലെ രാത്രി കണ്ട അവസ്ഥ അല്ലായിരുന്നു ആ വീടിന് ഇന്ന് പകൽ വെളിച്ചത്തിൽ . കുറച്ചു നാളുകളായി ആൾ പെരുമാറ്റമില്ലാതിരിക്കുന്ന വീടുപോലെ പൊടിയും. മാറാലയും ,ചിലന്തിവലയും ആ വീടിന്റെ പല ഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്നു. അവൻ മെല്ലെ ഭിത്തിയിലേക്ക് നോക്കി ഇപ്പോ അവൻ ശരിക്കും ഞെട്ടി ദൈവ ഫോട്ടോകൾ തൂങ്ങിയിരുന്ന ഭിത്തിയിൽ അവൻ രാത്രിയിൽ കണ്ട ,അവനെ കിടക്കുവാൻ ക്ഷണിച്ചയാളുടെ വലിയൊരു ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നു തൊട്ടടുത്ത് തന്നെ ഒരു സ്ത്രീയുടെ ഫോട്ടോയും .അവന്റെ മനസ്സിലാകെ ഭയത്തിന്റെ പെരുമ്പറ മുഴങ്ങി എന്തെക്കയാണ് സംഭവിച്ചിരിക്കുന്നത് അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി .വേഗം തന്നെ അവൻ ചാടിയെഴുന്നേറ്റു പുറത്തേയ്ക്കിറങ്ങുവാൻ ഭാവിക്കുമ്പോളായിരുന്നു തിണ്ണയിൽ ഇരുന്ന ഒരു ചെറിയ ആൽബത്തിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയത്. അവന് അത്ഭുതം തോന്നിപോയി കാരണം ആ ആൽബം മാത്രം എതൊരഴുക്കും പുരളാതെ പുത്തൻ മാതിരിയിരിക്കുന്നു.....
അവൻ ആ അൽബം കൈയിലെടുത്ത് മെല്ലെതുറന്നു'. ആദ്യ പേജുകളിൽ തന്നെ അവൻ രാത്രിയിൽ കണ്ടയാളുടെയും ഭിത്തിയിൽ തൂങ്ങുന്ന സ്ത്രീയുടെയും വിവിധ തരത്തിലുള്ള കുറേ ഫോട്ടോകൾ .ഒരോ താളുകളും മറിച്ചു പോകുമ്പോഴേക്കും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടത്തിലെ കുറേ ഫോട്ടോ അവൻ കണ്ടു.അടുത്ത താളിലെ ഫോട്ടോ അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അത് ഒരു വിവാഹ ഫോട്ടോയായിരുന്നു .മുൻമ്പേ മറിഞ്ഞ് പോയ ആ സ്ത്രീയുടെ വിവാഹ ഫോട്ടോയിലെ പുരുഷൻ രാജുവിന്റെ അച്ഛൻ ആയിരുന്നു. വീണ്ടും അവൻ ആ സ്ത്രീയുടെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി '. കഴിഞ്ഞ രാത്രിയിൽ സ്വപ്നത്തിൽ കണ്ട ആശുപത്രിയിലെ കിടക്കയിൽ മരണത്തോട് മല്ലടിച്ചു കിടക്കുന്ന സ്ത്രീരൂപം.!!! വീണ്ടും അവൻ വിറയാർന്ന വിരലുകൾ കൊണ്ട് താളുകൾ മറിച്ചു.ആ സ്ത്രീയുടെയും, അവന്റെ അച്ഛന്റെയും ഫോട്ടോയ്‌ക്കൊപ്പം ഒരു കൊച്ചു പെൺകുട്ടി വന്നിരിക്കുന്നു. ആ പെൺകുട്ടിക്ക് തന്റെ അതേ മുഖഛായ. അവൻ വീണ്ടും താളുകൾ മറിച്ചു ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോകൾ അതേ പോലെ ആൽബത്തിലും വന്നു പോയി.പെൺകുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടത്തിലെ ഫോട്ടോകളിൽ പക്ഷേ പിന്നെ അവന് അവന്റെ അച്ഛനെ കാണാൻ കഴിഞ്ഞില്ല. പകരം ആ സ്ത്രീയുടെ രൂപം ശോഷിച്ച് വരുന്നതിന്റെ തെളിവുപോലെ കുറേ ഫോട്ടോകൾ അവൻ കണ്ടു . അവസാന പേജിൽ ആശുപത്രിയിൽ കണ്ട അതേ വേഷത്തിൽ ആ പന്ത്രണ്ട് വയസ്സുകാരിയുടെ ... ഫോട്ടോയും.....
രാജുവിന്റെ മനസ്സിലൂടെ ചിന്തകൾ ഒരു ട്രെയിനിന്റെ വേഗതയിൽ ഓടി തുടങ്ങി. അവൻ ആ ആൽബവും കൈയിൽ എടുത്ത് കൊണ്ട് ലോറിക്കടുത്തേക്ക് യാന്ത്രികമായി നടന്നു. വണ്ടി ക്ലംപ്ലയിറ്റ് ആയതൊന്നും ചിന്തിക്കാതെ അവൻ സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങി. ലോറി പെട്ടന്ന് തന്നെ സ്റ്റാർട്ടായി.വിച്ചു ഞെട്ടിയുണർന്നു കൊണ്ട് ചോദിച്ചു.''അഹാ രാവിലെ ആയപ്പോൾ ഇതിന്റെ കുഴപ്പമൊക്കെ മാറി സ്റ്റാർട്ടായോ"..... രാജു മറുപടിയൊന്നും പറഞ്ഞില്ല. അവൻ വണ്ടി മുന്നോട്ട് ഓടിച്ചു തുടങ്ങി.മനസ്സ് ഒരു കടലുപോലെ ഇരമ്പിക്കൊണ്ടിരിന്നു. എന്നാലും മനസ്സിനുള്ളിൽ ഒന്നിനു പുറകേ ഒന്നൊന്നായി തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. "അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോകണും.!!!...
മൊബൈൽ ചിലച്ചപ്പോൾ രാജു ലോറി ഒരു സൈഡാക്കി നിറുത്തിയിട്ട് കാൾ അറ്റൻഡ് ചെയ്തു. അവന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു വിളിച്ചത്. അയാൾ പറഞ്ഞത് കേട്ട് രാജുവിന് മനസ്സാകെതളരുന്നത് പോലെ തോന്നി. കാരണം കഴിഞ്ഞു പോയ രാത്രിയിൽ എകദേശം പത്തു മണി കഴിഞ്ഞപ്പോൾ രാജുവിന്റെ അച്ഛൻ മരിച്ചു പോയെന്നും, അപ്പോ മുതൽ ഇതറിയിക്കുവാൻ ശ്രമിച്ചു അവനെ വിളിച്ചപ്പോഴെല്ലാം മൊബൈൽ ഓഫായിരുന്നെന്നുമാണ് കൂട്ടുകാരൻ പറഞ്ഞത്.
നെഞ്ചിൽ വലിയൊരു ഭാരവും പേറി കൊണ്ടവൻ ഡ്രൈവിംങ് തുടർന്നു. എന്നാലും മനസ്സിൽ സർക്കാർ ആശുപത്രിയിലെ ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു .അടുത്തു കണ്ട സർക്കാർ ആശുപത്രിക്ക് മുന്നിൽ വണ്ടി ഒതുക്കി നിർത്തിയിട്ട് ഞാനിപ്പോൾ വരാം എന്ന് വിച്ചുവിനോട് പറഞ്ഞിട്ട് രാജുവിറയ്ക്കുന്ന കാലടികളോടെ ആശുപത്രിക്കുള്ളിലേക്ക് നടന്നു .സ്വപ്നത്തിൽ കണ്ട വാർഡും ലക്ഷ്യമാക്കി അവൻ നീങ്ങുകയായിരുന്നു പെട്ടന്നാണ് പിന്നിൽ നിന്ന് ആരോ അവന്റെ പേര് വിളിച്ചത്. അവൻ തിരിഞ്ഞു നോക്കി ഒരു ഡോക്ടർ ആയിരുന്നു. ഇദ്ദേഹത്തിന് എന്റെ പേരെങ്ങനെ മനസ്സിലായി.? രാജു മനസ്സിൽ ചിന്തിച്ചു .എന്നിട്ട് ഡോക്ടറെ നോക്കിയൊന്ന് ചിരിച്ചു. രാജുവിനെ മുന്നേ പരിചയമുള്ള പോലെ അവന്റെ അടുതെത്തിയ ഡോക്ടർ അവനോട് സംസാരിച്ചു തുടങ്ങി. "രാജു ... നിങ്ങൾ ഇവിടെ കൊണ്ട് വന്ന് അഡ്മിറ്റ് ചെയ്ത സാവിത്രിയില്ലേ അവർ ഇന്നലെ അർദ്ധരാത്രിയോടെ മരണപ്പെട്ടു. വിഷമിക്കാൻ ഒന്നുമില്ല എന്തായാലും അവരുടെ അവസ്ഥയിൽ, മരണം ഉറപ്പായിരുന്നല്ലോ...അവരുടെ ബോഡി നിങ്ങൾ അന്ന് പറഞ്ഞപോലെ മെഡിക്കൽ കോളജിലേ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി വിട്ടുകൊടുക്കുവാനുള്ള നടപടിയെല്ലാം ഞാൻ ചെയ്തിട്ടുണ്ട് "...... ഡോക്ടറുടെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാകാതെ രാജു തരിച്ചുനിന്നു. എങ്കിലും അവൻ മനസ്സിൽ ചിന്തിച്ചു,ഞാൻ കൊണ്ട് വന്ന് അഡ്മിറ്റ് ചെയ്തന്നോ എപ്പോ ? എന്തോ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ചിന്തകളിൽ മുഴുകി നിന്ന രാജുവിന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ഡോക്ടർ നടന്നകന്നു.അപ്പോഴാണ് രാജു കണ്ടത് തന്റെ മുഖഛായയുള്ള പെൺകുട്ടി ചേട്ടാ എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്നത്. അവൾ രാജുവിന്റെ അരികിലെത്തിയതും പെട്ടന്ന് മുന്നേ ഉള്ള പരിചയം പോലെയവൾ അവനെ കെട്ടിപ്പിടിച്ചു. തന്റെ അച്ഛൻറെ മകളായതുകൊണ്ടോ, തന്റെ മുഖഛായ ഉള്ളതുകൊണ്ടോ രാജുവിന് അവളെ അടർത്തിമാറ്റുവാൻ കഴിഞ്ഞില്ല. ആ ആശുപത്രിയിൽ നിന്നും അവളുടെ കൈയും പിടിച്ച് പുറത്തേക്ക് നടക്കുമ്പോഴും.രാജുവിന്റെ മനസ്സിൽ മുഴുവനും എന്തൊക്കയാണ് ഇവിടെ നടന്ന മറിമായങ്ങൾ,ഞാനെങ്ങനെ ആ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു..... എന്നുള്ള ചിന്തകൾ മാത്രമായിരുന്നു....
ഡിനുരാജ് വാമനപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക