Slider

വെറും പുച്ഛം

0
വെറും പുച്ഛം
“ഈ നഗരത്തിനു ഇതെന്തു പറ്റി ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്താ ആരുമൊന്നും പറയാത്തത് മിണ്ടാതെ സഹിക്കുന്നത് എന്തിനാ ….” ടിവിയില്‍ ശ്വാസകോശത്തിന്‍റെ പരസ്യം ഓടിക്കൊണ്ടിരിക്കുന്നുതിനിടയിലാണ് വാമനന്‍ അവിടേക്ക് കയറി വരുന്നത്
“മിസ്റ്റര്‍ മഹാബലി ഓണം ആയല്ലോ ...താങ്കളുടെ പ്രജകളെ കാണാന്‍ പോകണ്ടേ ? ടിവിയുടെ റിമോട്ട് എടുത്ത് ശബ്ദം കുറച്ചുകൊണ്ട് വാമനന്‍ മഹാബലിയോട് ചോദിച്ചു .മഹാബലി ആ ചോദ്യം കേള്‍ക്കാതെ ടിവിയിലെയ്ക്ക് നോക്കിയിരിന്നു
“ങേ ...ചെവി അടിച്ചു പോയ ബ്രോ ? ടോ ഓണം ആയെന്ന്…. തന്‍റെ പ്രജകളെ കാണാന്‍ പോവണ്ടേ എന്ന് ? “ വാമനന്‍ കുറച്ച് ശബ്ദം ഉയര്‍ത്തി ചോദിച്ചു
“ഇല്ല “ മഹാബലി മറുപടി കൊടുത്തു
“ങേ ...അതെന്തേയ് ? പ്രജകളെ കാണാന്‍ പോവുന്നില്ലേ ? “വാമനന്‍ സംശത്തോടെ ചോദിച്ചു
“ഇല്ലന്നല്ലടോ പറഞ്ഞേ “ മഹാബലി അല്പം ദേഷ്യത്തോടെ പറഞ്ഞു
“പാതാളത്തിലേക്ക്‌ ചവട്ടി തഴത്തിയപ്പോഴും കമാന്ന് ഒരക്ഷരം പറയാത്ത ആളാണ് ഇപ്പോ തന്നോട് ചൂടായത് ...എന്ത് പറ്റിയാവോ “വാമനന്‍ മനസ്സില്‍ പറഞ്ഞു
“ഛെ ഓണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ ബ്രോ ? “ വാമനന്‍ വീണ്ടും മഹാബലിയോട് പറഞ്ഞു
“ഓഹോ ..അത്രയ്ക്കും ദണ്ണം ഉണ്ടെങ്കില്‍ താന്‍ പോടോ “ മഹാബലി എടുത്തടിച്ചപോലെ പറഞ്ഞു
“ങേ ഞാനോ ? ഞാന്‍ എങ്ങനെ ?.... ഞാന്‍ പോണോ ? “
“താന്‍ പോ ...എല്ലാരോടും എന്‍റെ റിഗാര്‍ഡ്സ് അറിയിച്ചാല്‍ മതി”
“ശരി ..ഞാന്‍ പോവാം ...അല്ലാതെന്താ ചെയ്യാ “
“ആ പോയി വിജയിച്ചു വരൂ “
വാമനന്‍ അങ്ങനെ മഹാബലിയുടെ പ്രജകളെ കാണാനായി തിരിച്ചു.വാമനന്‍ വന്ന് ഇറങ്ങിയത്‌ ഗംഗയുടെ തീരത്തായിരുന്നു
“നമ്മുടെ ഗംഗ അല്ലേ ഇത് ? ഭഗീരഥന്‍ കാണണ്ട ഇപ്പോഴത്തെ ഗംഗയുടെ അവസ്ഥ ..തകര്‍ന്ന് പോവും ആ മനുഷ്യന്‍ ...ആരാണ് ഇങ്ങനെ മലിനമാക്കിയത് ഗംഗയെ ? “ പെട്ടന്നാണ് വാമനന്‍റെ കണ്ണില്‍ ചുവന്ന വെളിച്ചം വെച്ച് ശബ്ദം ഉണ്ടാക്കി കൊണ്ട് പോകുന്ന ഒരു വണ്ടി മിന്നിത്തെളിഞ്ഞത് .പണ്ടൊരു സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോയ അറിവ് വെച്ച് വാമനന്‍ ആ വണ്ടിയൊരു ആംബുലന്‍സ് ആണെന്ന് മനസ്സിലാക്കി .റോഡരുകില്‍ നിന്നിരുന്ന ആളോട് സംഗതി എന്താന്ന് വാമനന്‍ തിരക്കി.
“താന്‍ ഇതേത് ലോകത്താ ?....എന്ത് കൂതറ വേഷാടോ ഇത് ? താന്‍ ഏത് ബാല ട്രൂപ്പിലെയാ ? “ അയാള്‍ കളിയാക്കി കൊണ്ട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു
“അത് പറയാം …...ഒരുപാട് ആംബുലന്‍സ് പോകുന്നുണ്ടല്ലോ ? തീപിടിത്തം എന്തെങ്കിലും ? “ വാമനന്‍ സംശത്തോടെ അയാളോട് ചോദിച്ചു
“തീപിടിത്തം ഒന്നുമല്ല ബ്രോ ….ഓക്സിജന്‍ കിട്ടാതെ കുറച്ച് കുട്ടികള്‍ മരിച്ചില്ലേ ...അവരെ കൊണ്ട് പോകുന്നതാണ് ആ ആംബുലന്‍സില്‍ “
“അതെപ്പോ ? “
“ബ്രോ ഏത് ലോകത്താ ജീവിക്കുന്നെ ….അങ്ങ് പാതാളത്തില്‍ നിന്നാണോ വരുന്നേ..ഇതൊന്നും അറിയുന്നില്ലേ ? “
“അതെ പാതാളത്തില്‍ നിന്നു തന്നെയാണ് വരുന്നത് “ വാമനന്‍ നെഞ്ചൊന്ന് വിരിച്ചുകൊണ്ട് പറഞ്ഞു
“പ്ലീസ് ബ്രോ ചിരിപ്പിക്കരുത് ...ഈ വേഷം കണ്ടാല്‍ തന്നെ ചിരി വരും “
“ടോ ഞാനാടോ വാമനന്‍ “
“ഏത് മറ്റെ മഹാബലിയെ പാതാളത്തിലേക്ക്‌ ചവട്ടി താഴ്ത്തിയ വാമനനോ ? “
“അതെ “
“അയ്യട കണ്ടാലും പറയും ...ചിപ്പ്സ് വറുത്തെടുക്കുമ്പോള്‍ അവസാനം കിട്ടുന്ന പോലെ കരിഞ്ഞാണല്ലോ രൂപം ….പാതാളത്തിലെ അവസാനത്തെ വാമനന്‍ ആണോ ? “ അയാള്‍ കളിയാക്കി കൊണ്ട് വാമനനോട്‌ ചോദിച്ചു
“മം ...ഈ ഓക്സിജന്‍ എന്ന് പറയുമ്പോള്‍ അതെന്താണ് സാധനം ? “ വാമനന്‍ സംശത്തോടെ അയാളോട് ചോദിച്ചു
“ബ്രോ ….എന്ത് തോല്‍വിയാണ് ബ്രോ ….അതും എന്താണെന്ന് അറിയില്ലേ ബ്രോ ...വാ കാണിച്ചു തരാം “ അയാള്‍ വാമനനെ ഒരു ലോറിയുടെ അടുത്തേക്ക് കൊണ്ട് പോയി
“ദേ അങ്ങോട്ട്‌ നോക്കിയേ ...വണ്ടിയിലേയ്ക്ക് കയറ്റുന്ന ആ വല്യ സാധനമാണ് ഓക്സിജന്‍ ….ഇപ്പോ മനസ്സിലായാ ? “ ഓക്സിജന്‍ സിലിണ്ടര്‍ കാണിച്ചു കൊണ്ട് അയാള്‍ വാമനനോട്‌ പറഞ്ഞു
“അപ്പോ കുട്ടികളെ രക്ഷിക്കാനയിട്ട് ഓക്സിജന്‍ അവര്‍ കൊണ്ട് പോവുകയാണല്ലേ “ വാമനന്‍ അയാളോട് ചോദിച്ചു
“ബെസ്റ്റ് ….മിസ്റ്റര്‍ വാമനന്‍ അവര്‍ പശു സംരക്ഷണ സംഘമാണ് ...കലാപം നടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോവുകയാണ് ഓക്സിജന്‍ “
“അപ്പൊ ശിശുക്കള്‍ ? “
“ഓ പിന്നെ ….ശിശുക്കളോട് പോകാന്‍ പറ …..ശിശുക്കളെ പോലെയാണോ പശുക്കള്‍ ? പശുക്കള്‍ ദൈവങ്ങള്‍ അല്ലേ ? ദൈവത്തെയല്ലേ ആദ്യം സംരക്ഷിക്കേണ്ടത്….കലാപം നടക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി പാര്‍പ്പിച്ച പശുക്കള്‍ക്ക് അല്പം ശുദ്ധവായു കിട്ടാന്‍ വേണ്ടി കൊണ്ട് പോകുന്നതാണ് അവര്‍ ഈ ഓക്സിജന്‍ “
“പശുക്കളെ മാറ്റി പാര്‍പ്പിക്കുകയോ ? അത് എന്തിന് ? “ വാമനന്‍ വീണ്ടും സംശത്തോടെ ചോദിച്ചു
“എന്‍റെ ബ്രോ ...പശു ദൈവമല്ലേ ….മനുഷ്യര്‍ കുറച്ച് മരിച്ചാലും ഇവിടെ ആര്‍ക്കും കുഴപ്പമ്മില്ല ..പക്ഷെ ...പശുവിനെ നോവിച്ചാല്‍ ,പശുവിനെ കല്ലെറിഞ്ഞാല്‍ ,കശാപ്പ് ചെയ്യ്താല്‍ എന്തിന് പശുവിന്‍റെ കണ്ണില്‍ തുറിച്ച് നോക്കിയാല്‍ നോക്കുന്നവനെ അപ്പൊ അടിച്ചുകൊല്ലും ആ രാജ്യസ്നേഹികള്‍ “
“മം ...അല്ലാ ഈ കലാപം എവിടെയാണ് നടക്കുന്നത് ? എന്തിനാണ് ഇപ്പോ കലാപം ? ഏതെങ്കിലും സൈനികന്‍ മരിച്ചോ ? അതോ രാജ്യത്തിന്‌ വേണ്ടി പോരാടിയ ഏതെങ്കിലും മഹാത്മാവിനെ കൊലപ്പെടുത്തിയോ ആരെങ്കിലും ? അതോ ഭക്ഷണം ലഭ്യമാവാത്തോണ്ടാണോ കലാപം നടത്തിയത് ?“ വാമനന്‍ അയാളോട് ചോദിച്ചു
“പഷ്ട് …..രാജ്യത്തിന്‌ വേണ്ടി വീരമൃത്യു മരിച്ച സൈനികനെ കുറിച്ച് ഇവിടുത്തെ മാധ്യമങ്ങള്‍ ഒരു ചെറിയ വാര്‍ത്തയായിട്ടാണ് കാണിക്കുക തന്നെ..അതൊന്നുമല്ല ബ്രോ ….ഇതൊരു ആള്‍ദൈവം ഒരു പെണ്‍കുട്ടിയുടെ മാനത്തെ കവര്‍ന്നു ...ആ ആള്‍ദൈവത്തെ കോടതി ശിഷിച്ചു ...അതിനെ ചൊല്ലി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അക്രമണം തുടങ്ങി ...മറ്റൊരു സ്ഥലത്ത് അക്രമങ്ങള്‍ നടന്നപ്പോള്‍ രാഷ്ട്രപതി ഭരണം വരണം എന്ന് പറഞ്ഞവരാണ് ജനത്തെ നിയന്ത്രിക്കാന്‍ പട്ടാളത്തെ ഇറക്കിയിരിക്കുന്നത് “ അയാള്‍ അതും പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി
“ഒരു പെണ്‍കുട്ടിയുടെ മാനം കവര്‍ന്ന ഒരാള്‍ക്ക് വേണ്ടിയാണോ കലാപം ? ഇതെന്ത് നാടാണ്‌ ? “ വാമനന്‍ ആരോടെന്നില്ലാതെ പറഞ്ഞു .
“അല്ല ഇനി കലാപം നടത്തുന്നവര്‍ ഇങ്ങോട്ട് വരുമോ” വാമനന്‍ അയാളോട് ചോദിച്ചു
“വന്നാലും കുഴപ്പമില്ല ..ഈ രാജ്യത്ത് ഇപ്പോ വേണമെങ്കിലും എന്തും നടക്കാം ...അതില്‍ നിന്ന് ഒരു പരിധി രക്ഷപെടാന്‍ ഈ സാധങ്ങള്‍ സഹായിക്കും ….സാധനം കയ്യിലുണ്ടോ ബ്രോ ? “ അയാള്‍ ഒരു കവര്‍ പുറത്തേയ്ക്ക് എടുത്തുകൊണ്ട് ചോദിച്ചു
“എന്ത് സാധനം ?” വാമനന്‍ മനസ്സിലാവാതെ ചോദിച്ചു
“കണ്ടോ ...ഇതാണ് ചാണകം ...ചാണകം കയ്യിലുണ്ടെങ്കില്‍ ഒരു പരിധി വരെ എവിടെ പിടിച്ചുനില്‍ക്കാം ….പിന്നെ ഈ തൊപ്പി കണ്ടോ ഈ വെള്ള തൊപ്പി ഇതും കയ്യിലുണ്ടെങ്കിലും ജീവിക്കാം ...ഇപ്പോ ആള്‍ദൈവത്തെ പിന്തുണച്ച കലാപം ആയതുകൊണ്ട് ആ ആള്‍ദൈവത്തിന്‍റെ ഫോട്ടോ ഒന്ന് കയ്യില്‍ വെക്കുന്നത് നല്ലതാണ് “ അയാള്‍ ചിരിച്ചുക്കൊണ്ടു പറഞ്ഞു
“ഇവിടെ ജീവിക്കാന്‍ ഇതൊക്കെ എപ്പോഴും കരുതി വെക്കണമല്ലേ” വാമനന്‍ അയാള്‍ പറഞ്ഞ സാധനങ്ങള്‍ നോക്കികൊണ്ട്‌ പറഞ്ഞു .
അപ്പോഴാണ് കുറച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് കുറച്ചുപേര്‍ വാമനന്റെ മുന്നില്ലൂടെ കടന്ന് പോയത് .സംഭവം എന്താണെന്ന്‍ മനസ്സിലാവാതെ വാമനന്‍ അയാളെ തോണ്ടി കൊണ്ട് ചോദിച്ചു
“എന്തിനാ അവര്‍ ജാഥയായി പോകുന്നത് ? “
“ആ ...അത് ആ കോളേജിലെ പിള്ളേരാ ...ഇപ്പോ ഒരു തീവ്രവാദിയെ തൂക്കിലേറ്റിയില്ലേ ….അതിനെതിരെ ജാഥ നടത്തുന്നതാ “
“എന്തിന് ? അയാളൊരു തീവ്രവാദിയല്ലെ ? തൂക്കിലേറ്റാതെ പിടിച്ച് ഉമ്മ വെയ്ക്കണോ പിന്നേ ? “ വാമനന്‍ അല്പം ദേഷ്യത്തോടെ അയാളോട് ചോദിച്ചു
“ആ…. ആര്‍ക്കറിയാം ….ആരോട് പറയാന്‍ ...ആര് കേള്‍ക്കാന്‍ ..ഇവിടം ഇങ്ങനെയാണ് ഭായ് ...ഇതാണ് Incredible ഞങ്ങളുടെ നാട്...അല്ല നിങ്ങള്‍ ശരിക്കും വമാനനാണോ ? “
“അതെന്താ അങ്ങനെ ചോദിച്ചത്...ലൂക്ക് കണ്ട് മനസ്സിലായില്ലേ ? “
“ശരി ….ദാ ആ കുരിശു കണ്ടോ ? സ്ഥലം കയ്യേറിയിട്ട് വെച്ചതാണ് കുരിശ് ...സ്ഥലം വേണം എന്ന് പറഞ്ഞ് ചവിട്ടി താഴ്ത്തിയതല്ലേ മഹാബലിയെ ….എത്ര ഭൂമിയാണ്‌ അവര് കയ്യേറിയെന്നറത് അളന്ന് കണ്ടുപിടിക്കാന്‍ പറ്റുമോ മിസ്റ്റര്‍ വാമനന്‍ ? ...പല നാടുകളില്‍ പോയി സുവിശേഷം അറിയിക്കാനാണ് അവരുടെ ദൈവം പറഞ്ഞിരിക്കുന്നത് ..സ്ഥലം കയ്യേറി കുരിശ് വെയ്ക്കാന്‍ അവരുടെ ദൈവം പറഞ്ഞട്ടില്ല “അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“മം ...ആവശ്യത്തിലധികം ദൈവങ്ങള്‍ ഉള്ളതാണ് ഇപ്പോ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ….ദൈവങ്ങളെ സഹിക്കാന്‍ വയ്യാതെ ഇപ്പോ ആള്‍ദൈവങ്ങളും ഇറങ്ങിയിരിക്കുന്നു “
“ശരിയാണ് മിസ്റ്റര്‍ വാമനന്‍ ...വേറെ വിഭാഗം ഉണ്ട് ….ദൈവത്തിന്‍റെ പേരും പറഞ്ഞു നിരപരാധികളെ കൊന്നൊടുക്കുന്ന മതഭ്രാന്തന്മാര്‍ ...സ്വര്‍ഗ്ഗം കിട്ടാനായിട്ടാണത്രേ ആളുകളെ കൊല്ലുന്നത് ...നിരപരാധികളെ കൊന്നിട്ട് ഇവര്‍ക്ക് എങ്ങനെയാണാവോ സ്വര്‍ഗ്ഗം കിട്ടുന്നത് ?“
“മം ..വിവരവും വ്യാഴാഴ്ചയും ഇല്ലാത്തവര്‍ ...ഇവിടുത്തെ ഭരണകൂടം ഉറങ്ങുകയാണ്‌ അതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം “
“ഹ ഹ ….ബ്രോ ഭരണകൂടത്തെക്കുറിച്ച് പറയാതെ ഇരിയ്ക്കുകയാണ് നല്ലത് ... ഭരണകൂടം പ്രധാനമായും മൂന്ന്‍ വിഭാഗത്തിലാണ് ഉള്ളത് ...ഒന്ന് രാജ്യസ്നേഹംവും പശു സ്നേഹവും തുളുമ്പി നില്‍ക്കുന്ന ഒരു വിഭാഗം ...രണ്ട് കട്ട് മുടിപ്പിക്കാനായി ജനിച്ചവര്‍…. ഈ കൂട്ടര്‍ അഞ്ചു മിനിറ്റ് കൊണ്ട് ഒരു സംസ്ഥാനത്തിന്‍റെ ബജറ്റടക്കം ,അതും പ്രതിഷേധങ്ങള്‍ക്കിടയില്‍ പാസ്സ് ആക്കിയിട്ടുണ്ട്...എത്ര അഴിമതി നടത്തിയാലും ഉളുപ്പില്ലാതെ ചെയ്തതിന് തെളിവുണ്ടോയെന്ന്‍ ചോദിക്കുന്നവരാണ്‌ ഇവര്‍ “
“അപ്പോ മൂന്നാമത്തെ വിഭാഗം ? “
“ഹ ഹ അത് കോമഡിയാണ് ബ്രോ ...അത് എല്ലാം ശരിയാക്കാന്‍ വന്നവരാണ് ...ഉള്ളതും കൂടിയും നശിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ ബ്രോ “
“മം വെറുതയല്ല മഹാബലി വരാതെ എന്നെ പറഞ്ഞയച്ചത്...ഇതൊക്കെ കാണാന്‍ പാവത്തിന് പറ്റില്ല ...എന്‍റെ ഭാഗത്തും തെറ്റുണ്ട് ...എല്ലാവരും ഒന്നായി ജീവിച്ചിരുന്ന സമയത്ത് അവരുടെ രാജാവിനെ ചവട്ടി പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തിയില്ലേ “ വാമനന്‍ ആത്മഗതം നടത്തി
“എന്തെങ്കിലും പറഞ്ഞോ ബ്രോ “ അയാള്‍ വാമനനോട്‌ ചോദിച്ചു
“ഇല്ല ബ്രോ ...ഓണം ആശംസകള്‍ ബ്രോ “ വാമനന്‍ അത്രയും പറഞ്ഞു പാതാളത്തിലേക്ക്‌ തിരിച്ചു .മഹാബലി അപ്പോഴും ടീവി കാണുകയായിരുന്നു .വാമനന്റെ വരവ് കണ്ട് മഹാബലി വാമനനോട്‌ ചോദിച്ചു
“പൊരിഞ്ഞ പോരാട്ടമായിരുന്നു അല്ലേ ….വസു ദാ വന്നിരിക്കുന്നു നിന്‍റെ മോന്‍ “ മഹാബലി ചിരിച്ചുകൊണ്ട് പറഞ്ഞു
“ഈ നാടിന് ഇതെന്ത് പറ്റി ചിലയിടത്ത് മതം തലയ്ക്ക് പിടിച്ച മനുഷ്യര്‍ ചിലയിടത്ത് രാജ്യം കത്തുമ്പോള്‍ വീണ വായിക്കുന്ന രാഷ്ട്രിയക്കാര്‍..എന്താ ആരുമൊന്ന് പറയാത്തത് ...മിണ്ടാതെ സഹിക്കുന്നത് എന്തിനാ …..” വാമനന്‍ മഹാബലിയെ നോക്കികൊണ്ട്‌ പറഞ്ഞു
“ഹ ഹ ...അനുഭവിക്കടോ..അനുഭവിക്ക് ….തനിക്ക് എന്തൊരു തിരക്കായിരുന്നു എന്നെ പാതാളത്തിലേക്ക്‌ ചിട്ടി താഴ്ത്താന്‍ ...ഇപ്പോ അവിടെ തെറ്റ് ചെയുന്നവരെയും പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തടോ...പോയി താഴ്ത്തടോ “ മഹാബലി വാമനനെ കളിയാക്കികൊണ്ട്‌ പറഞ്ഞു
“അതില്‍ ഇപ്പോ ഞാന്‍ ഖേദിക്കുന്നു ബ്രോ “ വാമനന്‍ തലതാഴ്ത്തി കൊണ്ട് പറഞ്ഞു
(നടേശാ കൊല്ലണ്ട ...എല്ലാവര്‍ക്കും ഓണാശംസകള്‍ )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo