Slider

പൂർണ്ണ ചന്ദ്രനെ ഗർഭം ധരിച്ചവൾ

1
പൂർണ്ണ ചന്ദ്രനെ ഗർഭം ധരിച്ചവൾ
……………………………………
നിന്നെ ഹൃദയത്തിൽ ചുമക്കുകയെന്നാൽ
ഒരു പൂർണ ചന്ദ്രനെ ഗർഭം ധരിക്കുകയെന്നതാണ്.
പ്രകാശത്തെ ചുമക്കുന്നവൾ
ഒരിക്കൽ സ്വയം പ്രകാശിക്കാൻ തുടങ്ങും.
അന്ന് ആ വെളിച്ചത്തിന്റെ ഋജുരേഖകൾ
ജീവിതത്തിന്റെ ഇരുളടഞ്ഞ
മൂലകളിലേയ്ക്ക് വന്നു വീഴും.
അവിടെ എന്റെ അക്ഷരങ്ങൾ
വീണു ചിതറിക്കിടക്കുന്നുണ്ട്.
ഒരു വിരൽ ദൂരം പരസ്പരം സൂക്ഷിച്ചു കൊണ്ട്.
അപ്രതീക്ഷിതമായി വെളിച്ചം വീഴുമ്പോൾ
അവ പേടിക്കുമായിരിക്കും.
ഒളിക്കുവാൻ ഇടം തേടുമായിരിക്കും.
അതു കണ്ട് എനിക്ക് ചിരിക്കണം.
പിന്നെ ഓടി തളർന്ന അക്ഷരങ്ങളെ
ഓരോന്നായി പെറുക്കിയെടുത്ത്
ഒരു ചുവന്ന തുണി സഞ്ചിയിൽ കെട്ടിവയ്ക്കണം.
നാണയത്തുട്ടുകളെ പോലെ
അവ കിലുങ്ങുന്നുണ്ടോ എന്ന് നോക്കണം.
സമ്പാദ്യമല്ല;
സമ്മാനം ആണത്.
ജനിക്കാനിരിക്കുന്ന നിലാവിനുള്ള സമ്മാനം.
കാരണം ഞാൻ ഇന്ന്
ഒരു പൂർണ്ണ ചന്ദ്രനെ ഗർഭം ധരിച്ചിരിക്കുന്നു….!

Resmi
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo