Slider

പാൽപായസം

0
പാൽപായസം
എടാ.. വന്ദനാ .. ഹരിക്കുട്ടനെന്താ ഒന്നും മിണ്ടാത്തത് ?? ഇപ്പം മൂന്നുവയസു കഴിഞ്ഞില്ലേ?? സഞ്ജു കുറച്ചു വിഷമത്തോടെ ചോദിച്ചു .. എനിക്കുമാകാര്യത്തിൽ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അതു പ്രകടിപ്പിച്ചാൽ സഞ്ജു കൂടുതൽ വിഷമിക്കുമെന്ന് അറിയാമായിരുന്നതുകൊണ്ട് ഞാൻ വളരെ നിസ്സാരമായി പറഞ്ഞു "ഓരോ കുട്ടികളും ഓരോ രീതിയല്ലേ ?? അവൻ സംസാരിച്ചോളും". സഞ്ജു ഒന്നും പറഞ്ഞില്ല.
ഞങ്ങളുടെ മകൻ ഹരിശങ്കർ എന്ന ഹരിക്കുട്ടൻ ആണ് ഈ ഒന്നും മിണ്ടാത്ത കഥാപാത്രം. അവൻ ഏഴര മാസം ആയപ്പോൾത്തന്നെ എന്റെ വയറ്റിൽ കിടന്ന് ബോറടിച്ചു പുറത്തു ചാടിയ മഹാൻ ആണ്.. അതായത് മാസം തികയാതെ ജനിച്ച സന്താനം. ആകപ്പാടെ ഉണ്ടായപ്പോൾ ആയിരത്തി അഞ്ഞൂറു ഗ്രാമിൽ താഴെയെ തൂക്കം ഉണ്ടായിരുന്നുള്ളൂ.ഞങ്ങളുടെ വളരെ നാളത്തെ പ്രാർത്ഥനയുടെയും ചികിത്സകളുടെയും ഫലം .. ആദ്യം ഞങ്ങളെ ഒന്നു പേടിപ്പിച്ചെങ്കിലും പിന്നീട് അവൻ പതിയെ ജീവിതത്തിലേക്ക് വന്നു. അമ്മക്ക് ഇതിൽ കൂടുതൽ സഹിക്കാൻ പറ്റില്ല എന്നു തോന്നിയതുകൊണ്ടാവും !
അതുകൊണ്ടാണ് മൂന്നുവയസ്സായിട്ടും അവൻ ആംഗ്യങ്ങളിൽകൂടി മാത്രം ആശയവിനിമയം നടത്തിയപ്പോൾ ഞങ്ങൾ പരിഭ്രമിക്കാൻ തുടങ്ങിയത്.
അവസാനം ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. കാര്യം പറഞ്ഞപ്പോൾ ഡോക്ടർ അവനെ വിശദമായി പരിശോദിച്ചു .. ശേഷം പറഞ്ഞു 'കുട്ടിക്കല്ല ചികിത്സ വേണ്ടത് .. നിങ്ങൾക്കാണ് . കുട്ടി സംസാരിക്കുമ്പോൾ സംസാരിക്കട്ടെ .. വേഗം സംസാരിക്കണം എന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം.' കൂട്ടത്തിൽ കുറെ ഉപദേശങ്ങളും.. 'താൻ ഒരു നേഴ്സ് അല്ലെ ?? ഇങ്ങനെയൊക്കെ ടെൻഷൻ അടിച്ചാലോ?' ... ഡോക്ടറും ഹരിക്കുട്ടന്റെടുത്ത് വാളും പരിചയും വെച്ചു കീഴടങ്ങി എന്നുറപ്പായി! ഏതായാലും അതോടെ ഈ കാര്യം പറഞ്ഞു ഡോക്ടറെ കാണുന്നത് ഞാൻ തൽക്കാലത്തേക്ക് നിർത്തിവെച്ചു.
പിന്നെയും രണ്ടു മാസം കഴിഞ്ഞു.. ഹരിക്കുട്ടൻ തന്റെ ആംഗ്യഭാഷയിലൂടെ തന്നെ ഭംഗിയായി അവനുവേണ്ട കാര്യങ്ങൾ എല്ലാം സാധിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് വല്യമ്മാവൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പാൽപായസം വഴിപാടിനെ കുറിച്ചു പറയുന്നത് .. കുട്ടികൾ സംസാരിക്കാൻ താമസിച്ചാൽ അവിടെ ഈ വഴിപാടു കഴിച്ചാൽ മതിയത്രെ.മസ്ക്കറ്റിലെ ഡോക്ടർ കൈവിട്ട സ്ഥിതിക്ക് ഇനി പ്രപഞ്ച ഡോക്ടർ തന്നെ ശരണം.വല്യമ്മാമനോട് പത്തു ലിറ്റർ പാൽപായസം രസീത് എഴുതിക്കാൻ ഏർപ്പാടാക്കി. അപ്പോൾ അച്ഛൻ ചോദിച്ചു 'പത്തു ലിറ്റർ വേണോ??അഞ്ചു പൊരെ? ഞാൻ അച്ഛനോട് അല്പം കടുപ്പിച്ചു പറഞ്ഞു 'പത്തു ലിറ്ററായാൽ എന്താ കുഴപ്പം? പത്തു തന്നെ വേണം '..!
'ഓ പത്തെങ്കിൽ പത്ത്‌ ... അതിനിനി ഇവിടെ ഒരു വഴക്കുവേണ്ട .'അമ്മ ഇടപെട്ടു. ഒരു കുഞ്ഞു ഡയബെറ്റിക് കാരൻ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ അച്ഛൻ അമ്പലങ്ങളിൽ നടത്തപ്പെട്ടുവരുന്ന പായസം വഴിപാടുകൾക്കെല്ലാം എതിരാണ് !
അമ്മയ്ക്കും അച്ഛനും പിന്നെ ഒന്നും മിണ്ടാത്ത കഥാനായകനും നാട്ടിലേക്ക് ടിക്കറ്റെടുത്തു .
നാട്ടിൽ ചെന്ന് രണ്ടു ദിവസം കഴിഞ്ഞ്‌ പോയി വഴിപാടു നടത്തി .. അപ്പോഴാണ് നാട്ടിൽ ചില കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ മസ്ക്കറ്റിലോട്ടുള്ള അവരുടെ തിരിച്ചുവരവ് അല്പം നീണ്ടത് .. ഹരിക്കുട്ടനാണെങ്കിൽ വീട്ടിൽ വെറുതെ ഇരിക്കുന്നതുകൊണ്ട് പുതിയപുതിയ കുസൃതികൾ ഓരോന്നോരോന്നായി പുറത്തെടുത്തുകൊണ്ടിരുന്നു. അങ്ങനെ അടുത്തുള്ള അംഗൻവാടിയിൽ ടിയാനെ ചേർക്കാൻ തീരുമാനമായി. അവനും ഹാപ്പി അവന്റെ അമ്മൂമ്മയും ഹാപ്പി !
പാൽപായസം വഴിപാടാണോ അംഗൻവാടിയാണോ അതോ നാട്ടിലെ അന്തരീക്ഷമാണോ എന്താണെന്നറിയില്ല രണ്ടാഴ്‌ച്ച കൊണ്ട് മഹാൻ സംസാരിക്കാൻ തുടങ്ങി..!
ഞങ്ങൾ ഉടൻ അവധിക്കു ചെല്ലുന്നതിനാൽ അവർ നാട്ടിൽ തന്നെ നിന്നു ..
ഞാനും സഞ്ജുവും നാട്ടിൽ എത്തി .അച്ഛൻ ഇതിനിടയിൽ മസ്കറ്റിൽ വെച്ച് ടച്‌ ഫോൺ ഒക്കെ ഉപയോഗിക്കാൻ പഠിച്ച് ഹൈടെക് ആയിരുന്നു .അച്ഛന്റെ രാവിലെ മുതൽ ഉള്ള ഫോൺ ഉപയോഗം അമ്മക്ക് അത്ര പിടുത്തം അല്ല .. 'രാവിലെ തന്നെ തോണ്ടാൻ തുടങ്ങി' എന്നാണ് അമ്മ പറയാറ് . അമ്മക്കിതുവരെ പിടുത്തം കിട്ടാത്ത ഒരു പ്രഹേളികയാണ് ടച് ഫോൺ .!
അന്നും അച്ഛൻ രാവിലെ തന്നെ സിറ്റൗട്ടിൽ ഫോണുമായി ഇരുപ്പാണ്, സംഭവമിതുവരെ അമ്മയുടെ കണ്ണിൽ പെട്ടീട്ടില്ല .. ഹരിക്കുട്ടൻ പന്തു കളിച്ചപ്പോൾ അത് തെറിച്ചു മുറ്റത്തു വീണു.. മഴ ചെറുതായുണ്ട് .. അവൻ പന്തെടുക്കാൻ ഇറങ്ങിയപ്പോൾ അച്ഛൻറെ പറഞ്ഞു ' ഹരി .. അകത്തു കയറൂ .. മഴ പെയ്യുന്നതു കാണുന്നില്ലേ?' അവന്റെ ഉത്തരം പെട്ടെന്നയിരുന്നു " പങ്കജകസ്തൂരി ഇല്ലേ അപ്പൂപ്പാ .. പിന്നെ മഴയെ എന്തിനാ പേടിക്കുന്നെ".. ( പങ്കജകസ്‌തൂരി എന്ന ബ്രാൻന്റിന്റെ പരസ്യം ആണ് കക്ഷി ഉദ്ദേശിച്ചത് ) അച്ഛൻ എന്നെ ഒന്നു നോക്കി. ചിരി വന്നെങ്കിലും അടക്കി ഞാൻ അവനെ വഴക്കുപറഞ്ഞ് അകത്തു കയറ്റി. അച്ഛൻ അവനെ ദേഷ്യത്തിൽ ഒന്നു നൊക്കി.അവൻ എന്റെ കയ്യിൽ നിന്നും വഴക്കു കിട്ടിയതിന്റെ പരിഭവത്തിൽ ആയിരുന്നു. അച്ഛന്റെ നോട്ടം അയാൾക്ക് അത്ര പിടിച്ചില്ല..ഇപ്പം ശരിയാക്കി തരാം എന്ന ഭാവത്തോടെ അവൻ വിളിച്ചുകൂവി .. "അമ്മൂമ്മേ ദേ ഈ അപ്പൂപ്പൻ രാവിലെ തന്നെ മൊബൈലിൽ തോണ്ടാൻ തുടങ്ങി" കേൾക്കേണ്ട താമസം അമ്മ അടുക്കളയിൽ നിന്നും അച്ഛനെ വഴക്കു പറയാൻ തുടങ്ങി .
" മൊബൈലും തോണ്ടി ഇരുന്നാൽ മതി.. പാലു വാങ്ങാൻ പറഞ്ഞാൽ അതിനു കഴിയത്തില്ല" ............, അവസാനം ഒരു ആത്മഗതവും .. "എല്ലാം എന്റെ വിധി".. ഞാൻ നോക്കുമ്പോൾ ഹരിക്കുട്ടൻ അപ്പൂപ്പനെ ഒറ്റ ഡയലോഗ് കൊണ്ട് തറപറ്റിച്ചു വിജയശ്രീലാളിതനായി ഒരു ചിരിയും പാസ്സാക്കി നിൽപ്പുണ്ട് ..! അച്ഛൻ എന്നെ ഒന്നു ദയനീയമായിനോക്കി എന്നീട്ടു പറഞ്ഞു " ഞാൻ അപ്പഴേ പറഞ്ഞതാ പത്തു ലിറ്റർ വേണ്ടാ അഞ്ചു ലിറ്റർ മതിയെന്ന് .. ഇപ്പം കണ്ടില്ലേ?? നിനക്ക് സമാധാനം ആയല്ലോ ?? ഇനി ഈ സംസാരം കുറക്കാൻ വല്ല വഴിപാടും ഉണ്ടേൽ പറ"... പൊട്ടിവന്ന ചിരി ഞാനും സഞ്ജുവും അടക്കി !
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo