Showing posts with label NelsonPhilipPattazhy. Show all posts
Showing posts with label NelsonPhilipPattazhy. Show all posts

പൂച്ചയും പൊന്നും


പൂച്ചയും പൊന്നും 
---------------------------------
യുവജന വേദിയുടെ വാരാന്ത്യ സംവാദം..
സ്ഥലത്തെ പുതിയ താമസക്കാരന്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന ദിവാകരനും ഒപ്പം ചേര്‍ന്നു
നാട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ആവും പ്രധാന വിഷയം എന്നു കരുതിയെങ്കിലും കുഞ്ഞച്ചന്റെ (ഷാപ്പുകാരന്‍) ഭാര്യയുടെ സ്വഭാവ ദൂഷ്യത്തില്‍നിന്നുമായിരുന്നു തുടക്കം..
കരയില്‍ പെരുകി വരുന്ന മോഷണം ചര്‍ച്ച ചെയ്യണമെന്ന ദിവാകരന്റെ നിര്‍ദ്ദേശം തുടക്കത്തിലേ തിരസ്ക്കരിക്കപ്പെട്ടു. ആരോ പറത്തിവിട്ട, ഒരു ന്യൂ ജനറേഷന്‍ സിനിമയിലെ സംഭാഷണ ശകലങ്ങള്‍, സംവാദ വേദിയെ ആവേശത്തിലാഴ്ത്തി പാറിനടന്നു.
കുട്ടികളുടെ പാഠപുസ്തകം വൈകുന്നത് ആനുകാലികം എന്ന നിലയില്‍ ചര്‍ച്ചക്കു വിഷയീഭവിക്കുമെന്നു അയാള്‍ ഉറപ്പിച്ചു. പക്ഷേ ചെട്ടിയാരുടെ വീട്ടില്‍ നടന്ന ആഡംബര കല്യാണത്തിന്റെ വിശേഷങ്ങളിലേക്കു സംസാരം കാടുകയറിപ്പോയി
കാര്‍ഷിക വിളകളുടെ വിപണനം സംബന്ധിച്ച ആശയ രൂപീകരണം? ഏയ്‌,അത് ഉണ്ടായില്ല, സ്ഥലത്തെ ധനികനായ വിദേശ മലയാളിയുടെ 'ലുബ്ധിനെ' ചുറ്റിപ്പറ്റിയായി പിന്നെ ചര്‍ച്ച. സ്വന്തമായി വാഹനമുള്ള അയാള്‍ ചിലപ്പോഴെങ്കിലും കാല്‍നടയായി പോകുന്നതിലുള്ള അമര്‍ഷവും ആട്ടും സംവാദത്തെ വിഴുങ്ങി.
തെരുവ് നായ്ക്കളുടെ ശല്യം ന്യായമായും ഉന്നയിക്കപ്പെടേണ്ടതായിരുന്നു. സമയക്കുറവുകൊണ്ടാവും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ മാന്ദ്യം ഭൂമിയുടെ ക്രയവിക്രയത്തില്‍ വരുത്തിയ ഇടിവിലേക്കാണ് ചര്‍ച്ച ചെന്നെത്തിയത്.
വായന ശാലയിലെക്കുള്ള വാര്‍ഷിക പുസ്തക ശേഖരണം? മാഷ് ഏതു യുഗത്തിലാണ് ജീവിക്കുന്നത്? ഇതൊന്നും അടുത്ത കാലത്തെങ്ങും അജണ്ടയില്‍ പെടാത്ത കാര്യങ്ങളാണ്.
വാര്‍ഷീകം ഏകപക്ഷീയമായി എങ്ങനെ നടത്താമെന്നു ഒരു കൂട്ടരും അതെങ്ങനെ തല്ലിപ്പൊളിക്കണമെന്നു മറുപക്ഷവും ചേരി തിരിഞ്ഞു ഗൂഢാലോചന തുടങ്ങി.
എന്തിനോടും ക്ഷുഭിതനായി മാത്രം പ്രതികരിച്ചു ശീലമുള്ള ഒരു യുവാവ് ഷെല്‍ഫില്‍ അടുക്കി വച്ചിരുന്ന പുസ്തകങ്ങളില്‍ ചിലത് താഴേക്ക്‌ വലിച്ചെറിഞ്ഞു.
ഭരണ സമിതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പക്ഷം പിടിച്ചു തല്ലിന്റെ വക്കോളമെത്തി പിരിഞ്ഞു.
എപ്പോഴൊക്കെയോ ചിലത് പറയാന്‍ ആഞ്ഞു പരാജയപ്പെട്ട അയാളെ പുച്ഛ ഭാവത്തില്‍ നോക്കി, "ഇവന്‍ ആരെടാ" എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഓരോരുത്തരായി പുറത്തേക്കിറങ്ങി.
തടിച്ചുരുണ്ട ഇരുചക്ര വാഹനങ്ങള്‍ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ ഓരോന്നായി എങ്ങോട്ടോ പാഞ്ഞു പോയി. ഒരു അഭ്യാസിയുടെ സ്ഥായീഭാവം മുഴുവന്‍ ആവാഹിച്ചു കുടിയിരുത്തിയ ഒരുവന്‍ അയാളെ തട്ടി തട്ടിയില്ല എന്ന മട്ടില്‍ ശരവേഗത്തിലാണ് കടന്നു പോയത്. ഭാഗ്യം ഒന്നും പറ്റിയില്ല. ചായക്കടക്കാരന്‍ ശങ്കരേട്ടന്‍ ആണ് പറഞ്ഞത്‌ ബിവറെജസ് അടയ്ക്കുന്നതിനു മുമ്പുള്ള പാച്ചിലാണതെന്നു. കലികാലം..


nelson

നിസ്സംഗം (ചെറുകഥ)


ഒരു സന്ധ്യ....
നാട്ടില്‍ പടര്‍ന്നു പിടിച്ച പനി അയാള്‍ക്കും പകര്‍ന്നു കിട്ടിയിരുന്നു.
പിഞ്ഞാണില്‍ വിളമ്പിയ പൊടിയരി കഞ്ഞിയും കനലില്‍ ചുട്ട പപ്പടവും മുന്നില്‍ വച്ചു അയാള്‍ വിശപ്പില്ലാത്തവനെപോലെ ഇരുന്നു.
തെരുവില്‍ ഒരു ബഹളം..
ആക്രോശങ്ങള്‍...
അട്ടഹാസങ്ങള്‍....
നിലവിളി...
കിളിവാതില്‍ തുറന്നു താഴേക്ക് നോക്കുമ്പോള്‍ വഴിവക്കില്‍ നേരമ്പോക്കില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരാളെ അടിച്ചു നിലത്തിട്ടിരിക്കുന്നു.
മുണ്ടു മാടി കുത്തി ആയാസപ്പെട്ട്‌ കോണിപ്പടികള്‍ ഇറങ്ങി താഴേക്ക്‌ ചെല്ലുമ്പോള്‍ ഭവാനി അക്കനും മുസലിയാരുടെ മില്ലിലെ പുതിയ അറപ്പുകാരന്‍ ഇത്താക്കും കൂടി നിലത്തു വീണുകിടക്കുന ആളെ പിടിച്ചു എഴുന്നെല്‍പ്പിക്കുകയാണ്.
രംഗം ഏറക്കുറെ ശാന്തം.
ചെറുപ്പക്കാര്‍ അപരിചിതനെ നന്നായി ദേഹോപദ്രവം ഏല്‍പ്പിച്ചിരിക്കുന്നു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി ഭയന്ന് വിറച്ചു നില്‍ക്കുകയാണ്.
അക്രമികള്‍ ഓടിക്കൂടിയ കാഴ്ചക്കാരുടെ നേരെ കണ്ണുരുട്ടി മുറുമുറുക്കുന്നുണ്ട്.
പെണ്‍കുട്ടിയെ പിന്നിലിരുത്തി, തോട്ടുരുമ്മാതെ, നേര്‍ക്കുനേര്‍ നോക്കാതെ, നിശബ്ദനായ് ബൈക്ക് ഓടിച്ചു അപരിചിതന്‍ എങ്ങോ മറഞ്ഞു.
പനിച്ചൂടില്‍ ശാപവാക്കുകള്‍ ഉരുവിട്ട് അയാള്‍ തന്റെ ഒറ്റമുറി സാമ്രാജ്യത്തിന്റെ കോണിപ്പടികള്‍ കയറി.
**************************
"ആര്‍ക്കാടാ ഏമാന്റെ മേത്ത് കൈവക്കാന്‍ പൂതി?"
പുലര്‍ച്ചെ ഒരലര്‍ച്ച കേട്ടാണ് അയാള്‍ ഉറക്കമുണര്‍ന്നത്‌.
കിളിവാതില്‍ പകുതി തുറന്നു താഴേക്ക്‌ നോക്കി.
ഹെഡ് കോണ്‍സ്റ്റബിള്‍ മിന്നല്‍ വിക്രമന്‍! കുറെ പോലീസുകാരും.
ഭവാനി അക്കന്റെ ചായപീടികയില്‍ നിന്ന് ആരെയൊക്കെയോ പിടിച്ചിറക്കി ഭേദ്യം ചെയ്യുകയാണ്.
തെരുവില്‍ കണ്ട അപരിചിതന്‍ പോലീസ് വേഷത്തില്‍ ജീപ്പില്‍ ഇരിക്കുന്നു... സ്ഥലം മാറി വന്ന അവിടുത്തെ പുതിയ സബ് ഇന്‍സ്പെക്ടറാണത്രെ..
അയാള്‍ കിളിവാതിലിന് പിന്നില്‍ കാതോര്‍ത്തു.
.........സഹോദരിയുമൊത്ത് മാടമ്പിലെ കുറുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന വാടകവീട് പറഞ്ഞുറപ്പിച്ചു തിരികെ വരുമ്പോഴാണ്....
"ഭഗവതീ.............."
അയാളില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു.
ആരെയൊക്കെയോ പിടികൂടി ജീപ്പില്‍ കയറ്റി പോലീസുകാര്‍ പാഞ്ഞുപോയി. .
തെരുവില്‍ കനത്ത നിശബ്ദത...
ഒരു വിപ്ലവത്തിന്റെ അന്ത്യം...
(ചിത്രത്തിനു കടപ്പാട്)
© 2017 NELSON PHILIP

ന്യൂനമര്‍ദ്ദം


കടലിലൊരു ഭൂതം ഉയിര്‍കൊണ്ട് പൊങ്ങി
വാനം ഇരുണ്ടു കാറ്റ് ആഞ്ഞുവീശി 
തലതല്ലി ആര്‍ത്തു കരിമുകില്‍കൂട്ടം
നാകം പകുത്തു ഇടിമിന്നലെത്തി
പലതുള്ളിചേര്‍ന്നു പെരുവെള്ളമായി
വഴിമുട്ടിനിന്നു മഹിയില്‍ പ്രളയതോയം
എവിടെന്റെ തോഴി മലവെള്ളം അലറി
പുഴയെ തിരഞ്ഞു വെറിപൂണ്ടു പാഞ്ഞു
ഉരുള്‍പൊട്ടിവന്നു കലിതുള്ളി വര്ഷം
ക്ഷോഭിച്ചു മാനം തുടികൊട്ടി ആര്‍ത്തു
അടിതെറ്റി മാമരം കടപുഴകി വീണു
മടപോട്ടി കര്‍ഷകന്‍ നിലയറ്റു നിന്നു
നാട്ടില്‍ പരതി നഗരത്തില്‍ ഏറി
വിളകള്‍ വിഴുങ്ങി നാശം വിതച്ചു
ഗേഹം കവര്‍ന്നു ചേതം കനത്തു
അരയാല് ചൊന്നു പുഴ മണ്ണടിഞ്ഞു
കിളികള്‍ വിതുമ്പി പുഴയെ കൊലചെയ്തു
മോറു കറുപ്പിച്ചു മേഘം മുരണ്ടു
കടലമ്മ മാരിയെ മാടിവിളിച്ചു
കലിതുള്ളി ഇനിയും വരുമെന്നുരച്ചു-
പകയോടെ മലവെള്ളം കടലില്‍ പതിച്ചു
© 2016 NELSON PHILIP

ഒറ്റയടിപ്പാത


ചമയങ്ങളേതുമില്ലാതെയായിരുന്നു
ഞാന്‍ നിങ്ങളോടൊപ്പം നടന്നത്.
എന്റെ ഭാവങ്ങള്‍ ഒന്നുപോലും 
കളവായിരുന്നുമില്ല
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്
ഒഴുകിയെത്തിയ കലര്പ്പില്ലത്ത 
ഉറവകള്‍തന്നെയായിരുന്നു
എന്റെ മിഴികളെ നനച്ചത്
അരങ്ങില്‍ ചുവടുവച്ച കോലങ്ങള്‍
അവരുടെ വായ്ത്താരികൊണ്ട് 
എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തി.
പകിട്ടേറിയ ആടയാഭരണങ്ങള്‍ക്കുള്ളില്‍
പിറുപിറുത്തുനിന്ന നിങ്ങളെ 
ഞാന്‍ അറിഞ്ഞിരുന്നില്ല 
ഈ തെരുവുകള്‍ ഇന്ന് 
എന്നെ വീര്‍പ്പുമുട്ടിക്കുന്നു
ചമയങ്ങള്‍ അണിയാത്ത ഞാന്‍ 
ഇന്നു മൌനിയും എകാകിയുമാണ്
കുടിലതകള്‍ പതിയിരിക്കുന്ന
പെരുവഴികള്‍ എന്നെ 
ആശങ്കപ്പെടുത്തുന്നു
ഇരുളില്‍ ചിരിതൂകി നില്‍ക്കുന്ന
വിളക്കുകാലുകള്‍ പോലും 
അന്ധകാരത്തിന്റെ അഗാധതയിലേക്കാണ്
വഴി തെളിക്കുന്നത് 
പൊയ്മുഖങ്ങള്‍ മൊഴിയുന്ന
മധുരവാക്കുകള്‍ക്കു മറുവാക്കുകള്‍
ഇല്ലാതെ കുഴങ്ങുകയാണ് ഞാന്‍.
കലാത്ത്ടിന്റെ കാല്പാടുകള്‍ പതിഞ്ഞ
വിജനമായ ഈ ഒറ്റയടിപ്പാതയിലൂടെയാണ് 
ഇനിയെന്റെ യാത്ര 
മണ്ണിനോടും വിണ്ണിനോടും സംവദിച്ചു
നനവുണങ്ങിയ പാഴ്നിലങ്ങള്‍ താണ്ടി
ജീവിതം എന്ന കടങ്കഥയുടെ
പൊരുള്‍ തേടിയുള്ള ഒരു തീര്‍ഥയാത്ര...
By: Nelson Philip pattazhy

The Downtown Street


The Downtown Street
The weekend was sober 
and the weather was bleak.
I felt lonesome 
in the loomed dark.
Feasts brought in
much joy in the past.
There used to be a festive mood
Which had lasted through a week
This time round
it came calm and quiet.
The street was so sleepy
that the whole day
looked lifeless
The joy and colors
of yesteryears seemed lost.
I thought the night
would bring in cheer
The lamps woke up
after a long slumber
The moon entered..
Yet the street remained empty
like a sky robbed of
stars and clouds.
Hopeful still,
I'm waiting for the dawn.
© 2016 NELSON PHILIP 

വര്‍ത്തമാനം


മഞ്ഞ് പുതച്ച ഒരു പ്രഭാതം...
പാടവരമ്പത്ത് അവിടവിടെ വിളകള്‍ നോക്കി നില്‍ക്കുന്ന കര്‍ഷകര്‍.
നാട്ടുവിശേഷങ്ങളുമായി കുറച്ചു പേര്‍ പീടികത്തിണ്ണയില്‍ കൂനിക്കൂടിയിരിക്കുന്നു.
ചിലര്‍ ഗൌരവം വിടാതെ പത്രത്താളുകളിലേക്ക് മുഖം പൂഴ്ത്തി മരബെഞ്ചിലും ഇരുപ്പുണ്ട്‌..
ഓരോ ദിവസവും മടുപ്പിക്കുന്ന വര്‍ത്തമാനങ്ങളുടെ ആവര്‍ത്തനം. പത്രത്താളുകളോട് അയാള്‍ക്ക്‌ നീരസം തോന്നാതെയിരുന്നില്ല.
എങ്കിലും ആവിപറക്കുന്ന ചായയും ചൂടാറാത്ത പത്രക്കടലാസ്സിന്റെ ഗന്ധവും അയാളുടെ പ്രഭാത ചിട്ടവട്ടങ്ങളില്‍ നിര്‍ബന്ധമായിരുന്നു.
ഇനി എന്ത്?
പ്രവാസം മതിയാക്കി നാട്ടില്‍ കാലുകുത്തുമ്പോള്‍ ശൂന്യതയായിരുന്നു മുന്നില്‍..
"നിങ്ങള്‍ക്കും ധനികനാകാം"
തുടര്‍ച്ചയായ് വന്നുകൊണ്ടിരുന്ന ഒരു പത്രപ്പരസ്യം.
പതിനൊന്നു മാസംകൊണ്ടു നിക്ഷേപം ഇരട്ടിയാകുമത്രേ !.
ആകര്‍ഷകം.....
അവിശ്വസിക്കുവാന്‍ തോന്നിയില്ല.
ഇക്കുറി അയാളും അതിന്റെ ഭാഗമാകുവാന്‍ ഉറച്ചു.
ചായക്കടക്കാരന്‍ ശങ്കരേട്ടന്‍ കാണാതെ പരസ്യം കീറിയെടുത്തു പോക്കെറ്റില്‍ തിരുകി അയാള്‍ നടന്നു.....
"നിക്ഷേപ പദ്ധതി: തട്ടിപ്പെന്ന് സൂചന..."
"....... സ്ഥാപനം നിരീക്ഷണത്തില്‍".
ഉള്‍പേജുകളിലെവിടെയോ വന്നുപോകുന്ന വാര്‍ത്താശകലങ്ങള്‍.
സൂക്ഷ്മദൃക്കുകളായ പതിവ് വായനക്കാര്‍ മാത്രം എല്ലാം ഒരു വഴിപാടുപോലെ വായിച്ചു തള്ളി.
കൊയ്തൊഴിഞ്ഞ വയലുകള്‍തേടിയെത്തുന്ന പക്ഷികളുടെ ആരവം...
"പൊതുജനത്തെ കബളിപ്പിച്ചു കോടികളുമായി തട്ടിപ്പുസംഘം മുങ്ങി..."
വാര്‍ത്ത മുന്‍പേജിലേക്കു ചേക്കേറി...
"അന്വേഷണം ഊര്‍ജ്ജിതമാക്കി"
"ഇത് കുറച്ചു നേരത്തേ ആകാമായിരുന്നില്ലേ?"
"നിരീക്ഷണത്തില്‍ ആയിരുന്നവര്‍ എങ്ങനെയാ മുങ്ങിയത്"
"ആവോ"
ശങ്കരേട്ടന്‍ കൈമലര്‍ത്തി....
പാവം....
അയാള്‍ ഇനി എന്ത് ചെയ്യും?
(ചിത്രത്തിനു കടപ്പാട്)

By: 
Nelson Philip Pattazhy

ഹരിതം


കൃഷിയേയും 
കാര്‍ഷിക വൃത്തിയേയും 
പ്രാകൃതമെന്നാക്ഷേപിച്ചു 
പടിയിറക്കിവിട്ടു
ഇനി അവശേഷിക്കുന്ന
ഗ്രാമാക്കാഴ്ച്ചകളും
നാം നോക്കിനില്‍ക്കെ
മാഞ്ഞുപോകും.
പച്ചപ്പിന്റെ അവാസന നാമ്പും
നിങ്ങളുടെ കണ്‍മുന്നില്‍നിന്നു
നുള്ളിയെടുക്കപ്പെടും.
പിന്നെ ഇവയെല്ലാം
കൃതൃമമായി പുനര്‍നിര്‍മ്മിച്ചു
കുഴലൂതി നിങ്ങളെ
പ്രലോഭിപ്പിക്കും.
ആത്മാവിന്റെ അടങ്ങാത്ത ദാഹം
ഇവയൊക്കെയും വിലകൊടുത്തു
കാണുവാന്‍ നമ്മെ
പ്രേരിപ്പിക്കും.
അതിനു മുമ്പു ഉണരണം.
ഒരു പുനര്‍വിചിന്തനത്തിനു
ഇനിയും സമയം ഉണ്ട്.
വൈകരുത്..
ഉണരുമോ?

By: 
Nelson Philip Pattazhy

Soul's Desire


My mind is arid,
longing for a shade
and a dark cloud 
that bears the rain.
Wish for a drizzle,
stroke of breeze,
chirp of parrot
sprout of grass
and a dawn
showered in the mist.
For the soul is melting
in the searing heat.
© 2016 NELSON PHILIP

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo