Showing posts with label RasmiMohammed. Show all posts
Showing posts with label RasmiMohammed. Show all posts

അന്ന് കണ്ടൊരാൾ - ചെറുകഥ


അലങ്കാര മൽസ്യത്തിൻ്റെ വാ പോലുള്ള 'ദുബായ്-ഇൻറ്റർനെറ് സിറ്റി' മെട്രോ സ്റ്റേഷൻ കവാടത്തിലൂടെ ഞാൻ അതിവേഗം നടന്നു നോൽ കാർഡ് സ്വയ്പ്പ് ചെയ്യുമ്പോൾ തന്നെ റാഷിദിയ ഭാഗത്തേക്ക് പോവുന്ന ട്രെയിൻ അല്പസമയത്തിനുള്ളിൽ പ്ലാറ്റ് ഫോമിൽ എത്തും എന്നുള്ള അന്നൗസ്‌മെൻറ് കേൾക്കാമായിരുന്നു .എസ്കലേറ്ററിൻ്റെ സ്റ്റെപ്പുകൾ ഒരു കൊച്ചികുട്ടിയുടെ ചടുലതയോടെ ഓടിക്കയറി പ്ലാറ്റഫോമിൽ എത്തി ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ തന്നെ സീറ്റ് കിട്ടും എന്നുള്ള പ്രതീക്ഷ പാടേ മങ്ങിപ്പോയി. ഉച്ചതൊട്ടുള്ള അലച്ചിൽ കാരണം ഞാൻ വളരേ ക്ഷീണിതയായിരുന്നു, പോരാത്തതിന് അസഹ്യമായ തലവേദനയും. പ്ലാറ്റഫോം സ്ക്രീൻ ഡോറിനു മുന്നിലുള്ള ക്യു വിൽ ഞാനും ചേർന്നുനിന്നു. എനിക്കു മുമ്പിലായി നിന്നിരുന്ന സുഡാനി സ്ത്രീയുടെ ഉപ്പൂറ്റിയുടെ പകുതിയും ചെരുപ്പിനു പിറകിലേക്ക് തള്ളിനിന്നു.
ക്യൂ പാലിച്ചു നിന്ന എല്ലാവരും തന്നെ ട്രെയിൻ വന്നപ്പോൾ കുറച്ചു അക്ഷമരായി തിക്കിത്തിരക്കിയാണ് അകത്തു കയറിയത് . വെറും 30 സെക്കന്റിനുള്ളിൽ ഇറങ്ങേണ്ടവർ ഇറങ്ങുകയും കയറേണ്ടവർ കയറുകയും വേണം, 30 സെക്കൻഡ് കഴിഞ്ഞാൽ ഡോറുകൾ എല്ലാം ഓട്ടോമാറ്റിക് ആയി അടയും.
ട്രെനിനുള്ളിൽ പ്രതീക്ഷിച്ചതിലും ഏറെ തിരക്കുണ്ടായിരുന്നിട്ടും മുട്ടയിടാൻ ഇടം തേടുന്ന പിടക്കോഴിയെപോലെ ചുറ്റും കണ്ണുകൊണ്ടു പരതി, ഒടുവിൽ മൂടും ചാരി നില്ക്കാൻ രണ്ടുപേർക്കു മാത്രം ഇരിക്കാവുന്ന ഒരു സീറ്റിനോട് ചേർന്നുള്ള ചുമരിൽ ഇടം കണ്ടെത്തി, ഒരു ജന്മത്തിൻ്റെ മുഴുവൻ ശരീരഭാരവും ഏൽപ്പിച്ചു അങ്ങനെ ചാരി സുഖിച്ചു നിന്നു. തൊട്ടടുത്ത ജനലിൻ്റെ ഗ്ലാസിൽ നോക്കിയപ്പോൾ നടുമടങ്ങിപോയ ഒരു ഛായാചിത്രമാണ് ഞാനെന്നു തോന്നി . സീറ്റിൽ ഇരുന്നവർ എന്നെതന്നെ നോക്കുന്നതായി അനുഭവപ്പെട്ടു. ഞാനും അവരെ ഒന്ന് പാളി നോക്കി, കൊത്തിവിരിഞ്ഞു രണ്ടു ദിവസം മാത്രമായ കോഴികുഞ്ഞിൻ്റെ കണ്ണിലൂടെയെന്നപോലെ, അതേ നിഷ്കളങ്കതയോടെ..
നല്ല വെളുത്തു സുമുഖനായ ഒരു ഈജിപ്ഷ്യൻ യുവാവ്, കൂടെയുള്ള സ്ത്രീയുടെ നെറ്റിയുടെ ഒരല്പവും കണ്ണുകളും മാത്രമേ പുറത്തു കണ്ടുള്ളൂ , അവർ പർദയോടൊപ്പം കറുത്ത മൂടുപടവും അണിഞ്ഞിരുന്നു, അയാളുടെ ഭാര്യയായിരിക്കണം. അയാളുടെ കയ്യിൽ ഏതാണ്ട് 2 വയസ്സു തോന്നിക്കുന്ന ആൺകുഞ്ഞും. ഞാൻ നോക്കിയതും അയാൾ വളരെ പരിചിത ഭാവത്തിൽ ചിരിച്ചു കൊണ്ട് കുഞ്ഞിനെ ഭാര്യയെ ഏൽപ്പിച്ചു എണീച്ചു നിന്ന്, എൻ്റെ നേർക്ക് സീറ്റു ചൂണ്ടിക്കാണിച്ചു തന്നു. അയാളെ എവിടെ വെച്ചോ കണ്ടിട്ടുണ്ട് എന്നത് തീർച്ച, പക്ഷ ആ സമയത്തു വേറെയൊന്നും ഓർമയിൽ തെളിഞ്ഞു വന്നതേയില്ല,ആ സ്ത്രീയുടെ അരികിലായി ഇരുന്നു. അവിടെ എനിക്ക് മുമ്പേ സീറ്റിനായി കാത്തു നിന്ന രണ്ടു ശ്രീലങ്കൻ യുവതികൾ എന്നെ നീരസത്തോടെ തോക്കുന്നതു കണ്ടില്ലെന്നു നടിച്ചു.
തൊട്ടടുത്തിരുന്ന മൂടുപടമണിഞ്ഞ പർദ്ദക്കാരി എന്നെനോക്കി പുഞ്ചിരിക്കുകയാണെന്നു ആ കണ്ണുകളിലെ തിളക്കം എന്നോട് ബോധ്യപ്പെടുത്തി. ഞാനും ഒരു ശ്വാസം മുട്ടലോടെ ചിരിച്ചു. അവർക്കെന്നെ ആദ്യമേ അറിയാമായിരുന്നോ അതോ എന്താ ദയനീയമായ നിപ്പ് കണ്ടു വിളിച്ചു സീറ്റ് തന്നതാണോ എന്നുള്ള ചിന്താകുഴപ്പത്തിലായി , എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പായി തൊട്ടടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങുകയും ചെയ്തു. ഇറങ്ങുന്നതിനു മുമ്പു അവൾ എൻ്റെ കൈപിടിച്ച് നന്ദി പറഞ്ഞു, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒരു വിഡ്ഢിയെ പോലെ ചിരിച്ചുകൊണ്ട് തലകുലുക്കി. അതോടെ ഒന്നെനിക്കു തീർച്ചയായി അത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയല്ല. എന്നാലും എന്തിനായിരിക്കും അവൾ അത് പറഞ്ഞതു, എൻ്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടുക് പോലെ പൊട്ടിത്തെറിച്ചു വന്നു.
എൻ്റെ ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു..പോരാത്തതിന് അതി ശക്തമായ വിശപ്പും, ബാഗിൽ കിടന്ന ആപ്പിളിൻ്റെ വാടിയ മണം എൻ്റെ വിശപ്പിനു ആക്കം കൂട്ടിയതേയുള്ളു.ട്രെയിനിൽ വെച്ച് ആഹാരപദാർത്ഥങ്ങൾ തിന്നുന്നതും കുടിക്കുന്നതും പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ഒന്ന് കൂടി വായിച്ചു നോക്കി തൃപ്തിയടഞ്ഞു. ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. ക്ഷീണം കൊണ്ട് എൻ്റെ കണ്ണുകൾ അടഞ്ഞു പോയി. അലോസരപ്പെടുത്തുന്ന ഒരു പാട്ടു കേട്ടാണ് ഞെട്ടി കണ്ണുതുറന്നുതു, ഗായിക തൊട്ടടുത്ത് ഇരിക്കുന്ന ഒരു തടിച്ച ഫിലിപ്പിനോ യുവതി ആയിരുന്നു, അവൾ ഹെഡ്‍ഫോൺ വെച്ച് പാട്ടു കേൾക്കുന്നതോടൊപ്പം കൂടെ പാടുകയാണ് . അവളുടെ ഹെഡ് ഫോണിൽ നിന്നുള്ള ശബ്ദം ചുറ്റിലും ഉള്ളവർക്ക് കേൾക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു. "എന്നാൽ പിന്നെ ആ ഹെഡ്‍ഫോൺ എടുത്തു എൻ്റെ ചെവിയിൽ വെക്കു" എന്ന് പറയാൻ എൻ്റെ നാവു വല്ലാതെ തരിച്ചു, പക്ഷ സ്വയം നിയന്ത്രിച്ചു കടിച്ചു പിടിച്ചു ഇരുന്നു, ചുറ്റിലും ഉള്ള ചിലർ അവളെ ദേഷ്യത്തോടെ നോക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചതേയില്ല. ഓ വല്ലാത്ത പരീക്ഷണം തന്നെ ..റാംപ് മ്യൂസിക്കിൻ്റെ അലകൾ കേട്ട് തല ഒരു പമ്പരം കണക്കെ ലക്ഷ്യമില്ലാതെ ആടിക്കൊണ്ടിരിക്കയാണെന്നു എനിക്ക് തോന്നി. ഒരു രക്ഷകനും അവിടെ ഇറങ്ങി വന്നില്ല. എല്ലാവരും പരസ്പരം നോക്കി നിസ്സഹായത പങ്കുവെച്ചു. റാഷിദിയ എത്താൻ ഇനിയും 30 മിനുട്ടു എടുക്കും. പാട്ടിൻ്റെ ശബ്ദം കൂടിയായപ്പോൾ തലവേദന യോടൊപ്പം കർണ്ണപാളികളിൽ വണ്ട് അക്രമിക്കുന്നുണ്ടെന്ന തോന്നലും വന്നു. ചുറ്റിലും ഉള്ളവർക്ക് ഇത്രയ്ക്കു ആരോചകമായ മ്യൂസിക്കും സമ്മാനിച്ച് ഒന്നും അറിയാത്തതുപോലുള്ള അവളുടെ ആ ഇരിപ്പും ഭാവവും കണ്ടപ്പോൾ രണ്ടു കേടായ കോഴിമുട്ടകൾ അവളുടെ തലയിൽ അടിച്ചു പൊട്ടിക്കാൻ മനസ്സ് കൊതിച്ചു. ഒരു മലയാളിയുടെ ക്ഷമയെ ചോദ്യം ചെയ്യാൻ തന്നെയായിരുന്നു അവളുടെ ഭാവം.
ഗതികെട്ട് അവളെ തന്നെ തുറിച്ചു നോക്കി. സ്വന്തം ഫോട്ടോ മൊബൈലിൽ കണ്ടു ആസ്വദിച്ച് അവൾ തലയാട്ടി പാടിക്കൊണ്ടിരുന്നു. കുറച്ചു നേരം അവളെ തന്നെ രൂക്ഷമായി നോക്കിയപ്പോൾ കാര്യം മനസ്സിലായി. പാട്ടിൻ്റെ ശബ്ദം പെട്ടെന്ന് കുറഞ്ഞു, കൂടെ പാടുന്നതും അവസാനിപ്പിച്ചു , ലിപ്സ്റ്റികിട്ട ചുണ്ടുകൾ ഒരു വശത്തേക്ക് ചെരിച്ചു വെച്ച്, ബാഗ് തുറന്നു പഴങ്ങളുടെ വാസനയുള്ള ഒരു ലോഷൻ(സാനിറ്റൈസർ) എടുത്തു രണ്ടുകയ്യിലും തേച്ചുപിടിപ്പിച്ചു.
കണ്ണടച്ചപ്പോൾ വീണ്ടും ആ ഈജിപ്ത്യൻ യുവാവിൽ മുഖം മനസ്സിൽ തെളിഞ്ഞു. ഓർമ്മയുടെ മേഘക്കൂട്ടങ്ങളെ മുന്നോട്ടും പിന്നോട്ടും ആട്ടിപ്പായിച്ചു കൊണ്ട് മസ്തിഷ്‌കം ചില കുതിപ്പുകൾ നടത്തി . ആ മുഖം കുറച്ചുകൂടി വ്യക്തമായി ഓർമയിൽ തെളിഞ്ഞു വന്നു. 5 വര്ഷം മുമ്പ് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ ഉള്ള ഡയഗണോസ്റ്റിക് ആൻഡ് റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന സമയം. ഒരുദിവസം രാവിലെ മൈക്രോബിയോളജി ലാബിലിരുന്നു റിസൾട്ട് പഠിച്ചു കൊണ്ടിരിക്കുമ്പോൾ സാമ്പിൾ കളക്ഷൻ വിഭാഗത്തിലെ ഫിലിപ്പിനോ ടെക്‌നിഷ്യനോട്‌ ആരോ കയർക്കുന്ന രീതിയിൽ സംസാരിക്കുന്നതു കേട്ടു. ഞാൻ എത്തി നോക്കിയപ്പോൾ ഒരു വെളുത്തു സുന്ദരനായ ഈജ്യപ്ഷ്യൻ യുവാവും ചുരുണ്ടമുടിയുള്ള അയാളുടെ സുഹൃത്തും.കാര്യം തിരക്കിയപ്പോൾ ടേബിളിൽ വെച്ചിട്ടുള്ള ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട്
ടെക്‌നിഷ്യൻ പറഞ്ഞു. "ഇയാൾ സെമെൻ അനാലിസിസ്(ബീജ പരിശോധന) നു വേണ്ടി സാമ്പിൾ കൊണ്ടുവന്നതാണ് , നോക്കൂ ..ഈ ബോട്ടിലിനു ചുറ്റും തണുപ്പും വെള്ളത്തുള്ളികളും, ഫ്രിഡ്ജിൽ സൂക്ഷിച്ച രീതിയിലാണ് കൊണ്ട് വന്നിരിക്കുന്നത്, ഇത് സ്വീകാര്യമല്ല, വേറെ സാമ്പിൾ കൊണ്ട് വരേണ്ടിവരും എന്ന് പറഞ്ഞതിനാണ് ഇയാൾ ഒച്ച വെക്കുന്നത്. "
എല്ലാ സാമ്പിളുകളും നിശ്ചയിക്കപ്പെട്ട രീതിയിൽ എത്തിയാൽ മാത്രമേ അത് സ്വകരിക്കാൻ നിവർത്തിയുള്ളൂ . അതുകൊണ്ടു രോഗി ലാബിൽ വരുമ്പോൾ തന്നെ പൂർണ്ണമായും മനസ്സിലാക്കി കൊടുക്കാറുണ്ട്, ചിലർക്ക് പ്രിൻറ് ചെയ്‌ത കടലാസ്സും കൊടുക്കാറുണ്ട്, ചിലതു ലാബിൽ നിന്നും കൊടുക്കുന്ന പ്രത്യക ബോട്ടിലിൽ മാത്രമേ ശേഖരിക്കുവാനും പാടുള്ളു.റിസൾട്ടിൻ്റെ കൃത്യതക്കു ഇതെല്ലം കൂടിയേ തീരു. ടെക്‌നിഷ്യൻ എന്നോട് പറഞ്ഞു അയാൾ 3 ദിവസം മുൻപ് വന്നപ്പോൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ബോട്ടിൽ കുടത്തയച്ചിരുന്നുവെന്ന്.
ഞാൻ അയാളോട് വളരെ സൗമ്യതയോടെ പറഞ്ഞു "ഇത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ഫ്രിഡ്ജിൽ വെച്ചത് സ്വകരിക്കാൻ സാധിക്കില്ല, സാമ്പിൾ എടുത്തു ഒരു മണിക്കൂറിനുള്ളിലായി തന്നെ ലാബിൽ എത്തിക്കേണ്ടതുണ്ടു. അതുകൊണ്ടു ഒന്ന് കൂടി കൊണ്ട് വരേണ്ടി വരും."
അയാളുടെ കൂടവന്ന സുഹൃത്തു എന്നോട് ഉറക്കെ കയർത്തു സംസാരിച്ചു. ഞാൻ വീണ്ടും ചോദിച്ചു
"നിങ്ങൾ എന്തിനാണ് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചത്?."
എല്ലാ ചോദ്യങ്ങൾക്കും അയാളുടെ സുഹൃത്താണ് മറുപടി പറഞ്ഞുകൊണ്ടിരുന്നത്.
"ആട്ടേ ..നിങ്ങൾ ഇനി എന്ന് സാമ്പിൾ കൊണ്ടുവരും, ശനിയാഴ്ച്ച കൊണ്ടുവരാൻ സാധിക്കുമോ?" .അയാൾ സുഹൃത്തിൻ്റെ മുഖത്തേക്ക് നോക്കി,സുഹൃത്തിന്റെ മറുപടിക്കായി കാത്തുനിന്നു.
ക്ഷമകെട്ട് അവരെ നോക്കി ചോദിച്ചു "ആരാണ് ഇതിൽ പേഷ്യൻറ് ?"
അയാളുടെ സുഹൃത്തിനോട് കുറച്ചു സമയം പുറത്തു നില്ക്കാൻ ഞാൻ ആംഗ്യം കാണിച്ചു. ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു
"ഇത് നിങ്ങളുടെ സാമ്പിൾ തന്നെയാണോ ?"
അയാൾ അല്ലെന്നു തലയാട്ടി. അയാൾ പിന്നീട് പറഞ്ഞതു ഒരു ഞെട്ടലോടെയാണ് കേട്ട് നിന്നതു.
"3 വർഷമായി വിവാഹം കഴിഞ്ഞിട്ട്, കുട്ടികൾ ആവാൻ താമസം വന്നപ്പോൾ ഞാൻ ഒരു പ്രൈവറ്റ് ലാബിൽനിന്നു പരിശോധിച്ചിരുന്നു, അപ്പോൾ കൗണ്ട് കുറവാണെന്നു പറഞ്ഞു. പക്ഷേ എൻ്റെ ഭാര്യക്ക് ഇത് അറിയില്ല, കഴിഞ്ഞ ഒരു വർഷത്തോളമായി ഡോക്ടർസ് ടെസ്റ്റ് ചെയ്യുന്നു, അപ്പോഴെല്ലാം ഞാൻ സുഹൃത്തിൻ്റെ സഹായം തേടുകയാണ് പതിവ്. സത്യം അറിഞ്ഞാൽ അവൾ ചിലപ്പോൾ എന്ന വെറുക്കും, എനിക്ക് സമൂഹത്തിൽ അവഗണന നേരിടേണ്ടി വരും. അതിലും നല്ലതു മരണം ആയിരിക്കും."
അയാളുടെ കണ്ണിലെ ദയനീയതകണ്ടപ്പോൾ എനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞില്ല . ഞാൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു."നിങ്ങൾ ഭാര്യയെ മാത്രമല്ലാ , നിങ്ങളെ തന്നെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതു. മനുഷ്യരാൽ നിയന്ത്രിതമല്ലാത്ത ഒന്നിൻ്റെ പേരിൽ നിങ്ങൾ ഒരിക്കലും കുറ്റക്കാരൻ ആകുന്നില്ല. ഇനിവരുമ്പോൾ ഭാര്യയെയും കൂട്ടി വരൂ. ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കാം."
പിറ്റേന്ന് അവർ വന്നു. ചുവന്ന ചാമ്പയുടെ നിറമുള്ള സ്കാർഫ് ധരിച്ച ഒരു സുന്ദരിപെൺകുട്ടിയെ പരിചയപ്പെടുത്തി ഭാര്യയാണെന്ന് പറഞ്ഞു അയാൾ ലാബിൻ്റെ വെയ്റ്റിംഗ് ഏരിയയിൽ പോയികാത്തിരിരുന്നു.
അവൾ എന്നോട് പറഞ്ഞു ."കഴിഞ്ഞ ഒരുവർഷത്തോളമായി എന്താണ് കുഴപ്പമെന്നു കണ്ടുപിടിക്കാൻ വിവിധപരിശോധനകൾ ചെയ്യുന്നു. കഴിഞ്ഞ റിസൾട്ടുകൾ പ്രകാരം ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരു കുഴപ്പവും ഇല്ല. അത് കൊണ്ട് ഡോക്ടർ ഇത്തവണ ഇവിടത്തെ ലാബിൽ പരിശോധിക്കാൻ ആണ് നിർദശിച്ചിരിക്കുന്നതു."
ഞാൻ അവളെ പതു ക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഭർത്താവിന് എന്തോ ചെറിയ ഒരു കുഴപ്പം ഉള്ളത് കൊണ്ട് സുഹൃത്തിൻ്റെ സാമ്പിൾ ആയിരുന്നു കൊടുത്തുകൊണ്ടിരുന്നതു, അതുകൊണ്ടാണ് ഡോക്ടർക്ക് ഒന്നും കണ്ടെത്താൻ കഴിയാതിരുന്നത്. അവൾ പൊട്ടിത്തെറിക്കുന്നതിനു പകരം കണ്ണ് നിറഞ്ഞു മുഖം ചുവന്നു. കുടിക്കാൻ ഇത്തിരി വെള്ളം ആവശ്യപ്പെട്ടു .
"അദ്ദേഹം എന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ട് എനിക്കറിയാം, എല്ലാം ശെരി തന്നെ, അതുകൊണ്ടായിരിക്കണം ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്. സത്യത്തിൽ ഈ കള്ളത്തരത്തിനേക്കാൾ എന്നെ വേദനിപ്പിക്കുന്നത് ഇനി എനിക്ക് അദ്ദേഹതോടുള്ള വിശ്വാസം ഒരിക്കലും
തിരിച്ചു കിട്ടില്ലല്ലോ എന്നോർത്താണ്. "
ഞങ്ങൾ കുറച്ചു നേരം അവിടെയിരുന്നു സംസാരിച്ചു, എനിക്ക് കഴിയുന്ന വിധത്തിൽ അവൾക്കു ധൈര്യം കൊടുത്തു യാത്രയാക്കി.
ഒരാഴ്ചക്ക് ശേഷം അയാളുടെ ശെരിക്കുള്ള റിസൾട്ട് വന്നു. കുറച്ചു നാൾ മരുന്ന് കഴിച്ചാൽ മാറാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു . വിവാഹത്തിന് മുമ്പു അയാൾ ഒരു ചെയിൻ സ്മോക്കർ ആയിരുന്നു, വിവാഹശേഷവും ടെൻഷൻ വന്നാൽ ഇടയ്ക്കു വലിക്കാറുണ്ട്. അതിൻ്റെ അന്തരഫലമായി രൂപപെട്ടതായിരുന്നു അത്.
റാഷിദിയ സ്റ്റേഷൻ എത്തി. അവസാനത്തെ സ്റ്റേഷൻ ആയതു കൊണ്ട് എല്ലാവരും നിർബന്ധമായും അവിടെ ഇറങ്ങണമെന്നും സ്വന്തം സാധങ്ങൾ എടുക്കുകയും വേണമെന്നു ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷിലുമായി അന്നൗൻസ് ചെയ്തു, എന്നാൽ എത്രയോ പേരുടെ സ്വപ്നങ്ങളും ചിന്തകളും അതിൽ ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടാവാം, ചിലതു സന്തോഷം തരുന്നവ ..ചിലതു വേദനിപ്പിക്കുന്നവ , ചിലതു രഹസ്യമായവ...ചിലതു പരസ്യമായവ ........ഒരിയ്ക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കപ്പെടാത്തവ ...അങ്ങിനയങ്ങനെ..ആർക്കറിയാം......
റാസ്‌മി മുഹമ്മദ്,
ദുബായ്

മരണം കാത്ത്


ഞാൻ ഈ ഗ്രൂപിലെ ഒരു പുതിയ മെമ്പർ ആണ്‌ . കുറച്ചു ദിവസമായി ജോയിൻ ചെയ്തിട്ട്. സ്വയം പരിചയപ്പെടുത്തട്ടെ..ഞാൻ തൃശൂർ ജില്ലയിലെ ഏനാമാവിൽ നിന്നും ആണ്. ഗ്രൂപിന്റ അണിയറ പ്രവർത്തകർക്കു പ്രത്യേകം നന്ദി . ഞാൻ ഇവിട ഒരു ചെറു കഥ ഷെയർ ചെയ്യുന്നുണ്ട്‌ . എല്ലാവരുടെയും നല്ല മനസും സ്നേഹവും കൂടെ ഉണ്ടാവുമെല്ലൊ.
ഞാനും സുക്കൂർക്കേം തമ്മില്- കഥ
"ഞാനും സുക്കൂർക്കേം തമ്മില് നീണ്ട ഏഴു വർഷത്തെ ബന്ധായിരുന്നു. ഓരു മുണ്ടുടുത്താലും പാൻറ്സിട്ടാലും ഞാനില്ലാതെ പൊരേൻ്റെ പൊറത്തു എറങ്ങൂല്ല. ഓരിൻ്റെ അരക്കു ഞാൻ കൊടുത്ത ഒറപ്പിൻ്റെ പൊറത്താ ഇത്രേം യാത്രെള് നടത്തീത്. ഞാൻ കൂടള്ള ബലത്തിന് കൊളുത്തില്ലാത്ത പാൻറ്സും ഇട്ടു കോയിക്കോട് അഞ്ഞാടി വരെ പോയീണ്ട്.
ഞാൻ ആദ്യായിട്ട് സുക്കൂർക്കാൻ്റെ പൊരേല് വന്നു കേറിയപ്പോ ഇൻ്റെ ശേല് കണ്ടു നാട്ടാരെല്ലാം കണ്ണ് മഞ്ഞളിച്ചു നിന്നത് ഇന്നലെ കഴിഞ്ഞപോലാണ്. കഴിഞ്ഞ ഏഴു വര്ഷത്തില് ഞങ്ങള് പോവാത്ത എടങ്ങളില്ല. എന്തിനു അധികം പറയണത് സുക്കൂർക്കാൻ്റെ ബീവി ജമീലതാത്തക്കു അറിയാത്ത പല കള്ളിയേളും എനക്കറിയാം. പഴേ കളിക്കൂട്ടികാരിൻ്റെ വീട്ടില് രാത്രി കെട്ട്യോൻ ഇല്ലാത്ത നേരം നോക്കി അരങ്ങേറ്റത്തിന് പോയപ്പോ ആ മുറീല ഇരുട്ടിൽ തലയിണയിൽ മുഖം അമർത്തി ഞാൻ ഏങ്ങി കരഞ്ഞു. അന്ന് അവിടുന്ന് ഇറങ്ങുമ്പോ സൂത്രത്തില് ഇക്കാൻ്റെ കണ്ണിൻ്റെ മണ്ടേല് ഒറ്റ തല്ലാ വെച്ച് കൊടുത്തു. ആ അടി പടച്ചോൻ എന്ന കൊണ്ട് അടിപ്പിച്ചതാണുന്നു ഓര്ക്കും മനസ്സിലായീട്ടുണ്ടാവും.
ഈയിടെ എന്നെക്കുറിച്ചു സുക്കൂർക്കാൻ്റെ അടുത്ത ചില ചങ്ങായിമാര് മോശായി പറഞ്ഞിരിക്കാണ്‌ പോലും, ൻ്റെ തോല് പൊട്ടി, ഞാൻ പഴഞ്ചനായി എന്നൊക്കെ ... പാവം സുക്കൂർക്കാൻ്റെ ഖൽബും പെടച്ചട്ടുണ്ടാവും, ദരിദ്രനാണെങ്കിലും ഓരും ഒരാണല്ലെ..നാട്ടിലെ നേതാവല്ലേ..നിങ്ങക്കിപ്പോഴും ഇന്ന മനസ്സിലായിട്ടില്ലേ..ഞാൻ മൂപ്പർട പഴയ ബെൽറ്റാണ്. പഴയതു എന്ന വാക് ഇന്നലതൊട്ടു കിട്ടിയതാണ്‌, വ്യക്തായി പറഞ്ഞാ കുവൈറ്റിലെ അളിയൻ പുതിയ ബെൽറ്റ്‌ കൊണ്ട് വന്നപ്പോ തൊട്ട്‌. ഞാനിപ്പോ വീടിൻ്റെ പിന്നാമ്പുറത്തുള്ള ഈ പഴയ കുപ്പതൊട്ടീല് മരണം കാത്തു കെടക്കാണ്, ശ്വാസം മുട്ടി ഈ കോയീ ൻറേം മീനിൻറേം അവശിഷ്ടത്തിൻ്റെ എടേലു. ഇൻ്റെ കരച്ചില് പൊരേല് ആരും കേക്കണില്ല..കുറ്റം പറയാൻ പറ്റൂല്ലാ പഴഞ്ചനായിട്ടും ഇത്രേം കാലം കൊണ്ട് നടന്നില്ലേ എന്നാണ് എല്ലാരും പറേണത്. ഇൻ്റെ നാടുവിപ്പോ ഒടിഞ്ഞു,ശ്വാസം തോണ്ടല് കുടുങ്ങി തൊടങ്ങി. മീതക്കു മീതെ കുപ്പ കൊണ്ട് തട്ടല്ലേ..നിക്കാരോടും പരാതിയില്ല..ഞാൻ ഇവിടാ മരണം കാത്തു കരഞ്ഞു കെടക്കാണെന്നു ൻ്റെ സുക്കൂർക്കാ മാത്രം അറിയണ്ടാ.."
റാസ്‌മി മുഹമ്മദ്,
ദുബായ് .

ഒറ്റക്കണ്ണുള്ള സുന്ദരികൾ


രാത്രിയിൽ അവൾ വിചിത്രമായ ഒരു സ്വപനം കണ്ടു.മുഖമില്ലാത്ത കുറേപേർ ചേർന്ന് ബലമായി അവളെ ഒരു നിശാ ക്ലബ്ബിലേക്ക് കൂട്ടികൊണ്ട് പോകുന്നു. അവിടത്തെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു -സ്വബോധമില്ലാത നൃത്തം ചെയ്യുന്നവർ, മദ്യത്തോടൊപ്പം മനുഷ്യൻ്റെ പച്ച മാംസം ആർത്തിയോടെ ഭക്ഷിക്കിക്കുന്നവർ, നിർവികാരതയോടെ മൊബൈലിൽ മുഖം ഒളിപ്പിക്കുന്നവർ....എന്നാൽ അവളെ അത്ഭുതപ്പെടുത്തിയത് അവിടെ കണ്ട ഒറ്റക്കണ്ണികൾ ആയ സ്ത്രീരൂപങ്ങൾ ആയിരുന്നു, അവരുടെ വലതുകണ്ണ് നഷ്ടപ്പെട്ടിരിക്കുന്നു. അവർ അവളെതന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. സ്വപ്നത്തിൽ അവൾ പേടിച്ചു നിലവിളിച്ചു.
രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയി, വഴിയരികിലും ബസിലും ഒന്നുരണ്ടു ഒറ്റക്കണ്ണികളായ സ്‌ത്രീകളെ കണ്ടു, അവൾ അമ്പരന്നു പോയി. കൂടെയുള്ള മനുഷ്യരൊന്നും അത് ശ്രദ്ധിച്ചില്ലാ, അവരുടെയല്ലാം മനസ്സുകൾ എവിടേയോ പണയം വെച്ചിരുന്നു. ഓഫീസിലും ചില ഒറ്റക്കണ്ണികൾ. ദിവസങ്ങൾ കഴിയുംതോറും ഒറ്റക്കണ്ണികളുടെ എണ്ണവും കൂടി.
ഒരുദിവസം രാവിലെ തൻ്റെ മുഖം കണ്ണാടിയിൽ കണ്ടവൾ ഞെട്ടിപ്പോയി. അവളുടെ വലതു കണ്ണ് അപ്രത്യക്ഷമായിപ്പോയിരിക്കുന്നു,അവിടെ ഒരു കുഴി മാത്രം. അവൾ അട്ടഹസിച്ചു കരഞ്ഞു, ഇനി എങ്ങനെ പുറത്തിറങ്ങും, ജനം തന്നെ തുറിച്ചുനോക്കി പരിഹസിക്കും. രണ്ടുദിവസം അവൾ മുറിക്കുള്ളിൽ ഒളിച്ചിരുന്നു, മൂന്നാംദിവസം മനസ്സില്ലാമനസ്സോടെ ഓഫീസിലേക്ക് പുറപ്പെട്ടു. അവൾ പ്രതീക്ഷിച്ചപോലെ ആരും അവളെ തുറിച്ചു നോക്കിയില്ല, കാര്യം തിരക്കിയും ഇല്ല. ലീവ്ദിവസങ്ങളിലെ ബാക്കി വന്നപണിയും തീർത്തു അന്ന് ഏറെ ഇരുട്ടിയാണ് ഓഫീസ് വിട്ടത്. പതിവിലും വിപരീതമായി അന്നു ഇരുട്ടിൽ പതുങ്ങിയിരുന്നിരുന്ന നരഭോജികൾക്കൊന്നും അവളെ ഭയപ്പെടുത്താൻ ആയില്ല. പിന്നീട് വന്ന അവധി ദിവസങ്ങളിൽ നിശാക്ലബ്ബിലെ ഒറ്റക്കണ്ണികളോടൊപ്പം അവളും അരക്കെട്ട്‌ കുലുക്കി നൃത്തം ചെയ്തു.

Story- Already published in Bookish bulletin tht released in Sharjah international book fare.
റാസ്‌മി മുഹമ്മദ്,
ദുബായ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo