രാത്രിയിൽ അവൾ വിചിത്രമായ ഒരു സ്വപനം കണ്ടു.മുഖമില്ലാത്ത കുറേപേർ ചേർന്ന് ബലമായി അവളെ ഒരു നിശാ ക്ലബ്ബിലേക്ക് കൂട്ടികൊണ്ട് പോകുന്നു. അവിടത്തെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു -സ്വബോധമില്ലാത നൃത്തം ചെയ്യുന്നവർ, മദ്യത്തോടൊപ്പം മനുഷ്യൻ്റെ പച്ച മാംസം ആർത്തിയോടെ ഭക്ഷിക്കിക്കുന്നവർ, നിർവികാരതയോടെ മൊബൈലിൽ മുഖം ഒളിപ്പിക്കുന്നവർ....എന്നാൽ അവളെ അത്ഭുതപ്പെടുത്തിയത് അവിടെ കണ്ട ഒറ്റക്കണ്ണികൾ ആയ സ്ത്രീരൂപങ്ങൾ ആയിരുന്നു, അവരുടെ വലതുകണ്ണ് നഷ്ടപ്പെട്ടിരിക്കുന്നു. അവർ അവളെതന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. സ്വപ്നത്തിൽ അവൾ പേടിച്ചു നിലവിളിച്ചു.
രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയി, വഴിയരികിലും ബസിലും ഒന്നുരണ്ടു ഒറ്റക്കണ്ണികളായ സ്‌ത്രീകളെ കണ്ടു, അവൾ അമ്പരന്നു പോയി. കൂടെയുള്ള മനുഷ്യരൊന്നും അത് ശ്രദ്ധിച്ചില്ലാ, അവരുടെയല്ലാം മനസ്സുകൾ എവിടേയോ പണയം വെച്ചിരുന്നു. ഓഫീസിലും ചില ഒറ്റക്കണ്ണികൾ. ദിവസങ്ങൾ കഴിയുംതോറും ഒറ്റക്കണ്ണികളുടെ എണ്ണവും കൂടി.
ഒരുദിവസം രാവിലെ തൻ്റെ മുഖം കണ്ണാടിയിൽ കണ്ടവൾ ഞെട്ടിപ്പോയി. അവളുടെ വലതു കണ്ണ് അപ്രത്യക്ഷമായിപ്പോയിരിക്കുന്നു,അവിടെ ഒരു കുഴി മാത്രം. അവൾ അട്ടഹസിച്ചു കരഞ്ഞു, ഇനി എങ്ങനെ പുറത്തിറങ്ങും, ജനം തന്നെ തുറിച്ചുനോക്കി പരിഹസിക്കും. രണ്ടുദിവസം അവൾ മുറിക്കുള്ളിൽ ഒളിച്ചിരുന്നു, മൂന്നാംദിവസം മനസ്സില്ലാമനസ്സോടെ ഓഫീസിലേക്ക് പുറപ്പെട്ടു. അവൾ പ്രതീക്ഷിച്ചപോലെ ആരും അവളെ തുറിച്ചു നോക്കിയില്ല, കാര്യം തിരക്കിയും ഇല്ല. ലീവ്ദിവസങ്ങളിലെ ബാക്കി വന്നപണിയും തീർത്തു അന്ന് ഏറെ ഇരുട്ടിയാണ് ഓഫീസ് വിട്ടത്. പതിവിലും വിപരീതമായി അന്നു ഇരുട്ടിൽ പതുങ്ങിയിരുന്നിരുന്ന നരഭോജികൾക്കൊന്നും അവളെ ഭയപ്പെടുത്താൻ ആയില്ല. പിന്നീട് വന്ന അവധി ദിവസങ്ങളിൽ നിശാക്ലബ്ബിലെ ഒറ്റക്കണ്ണികളോടൊപ്പം അവളും അരക്കെട്ട് കുലുക്കി നൃത്തം ചെയ്തു.
Story- Already published in Bookish bulletin tht released in Sharjah international book fare.
റാസ്‌മി മുഹമ്മദ്,
ദുബായ്.
ദുബായ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക