അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പാർക്കിങ്ങിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. ചാറ്റൽ മഴയുണ്ട്. അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുന്നു. കറുത്ത മേഘങ്ങൾ ആകാശം നിറയെ. ഇടയ്ക്കിടെ ആകാശത്തിലൂടെ പുളയുന്ന മിന്നല്പിണരുകൾ. സുമേഷ് അവന്റെ അളിയനെ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നു. ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ടു തന്നെ പുറകിലെ ഡോർ തുറന്നു കൊടുത്തു. സുമേഷിന്റെ കൂടെ അവന്റെ മൂത്ത സഹോദരിയുമുണ്ട്. അവരുടെ തലമുടി എണ്ണമയമില്ലാതെ പാറിപ്പറന്നിരുന്നു. കൺതടങ്ങളിൽ കറുപ്പ്. മുഖത്ത് പ്രാണവേദനയുടെ നിഴൽ. അവർ ആദ്യം കാറിന്റെ പിൻസീറ്റിൽ കയറിയിട്ട് ഭർത്താവിനെയും കയറാൻ സഹായിച്ചു. അയാൾ കയറിയിട്ട് ക്ഷീണത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു. കണ്ണുകളിലും മുഖത്തും ക്ഷീണഭാവം. കൈത്തണ്ടയിൽ, IV കൊടുത്തതിന്റെ പ്ലാസ്റ്റർ കഷണം ഒട്ടിച്ചിട്ടുണ്ട്. ഡോർ അടച്ചിട്ട് സുമേഷ് മുൻസീറ്റിൽ വന്നു കയറി. ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു. പത്തു വാരയോളം കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ബ്രേക്കിട്ടു. വണ്ടി കുലുങ്ങിക്കൊണ്ട് നിന്നു. ഒരു കരിംപൂച്ച റോഡിനു കുറുകെ ചാടിയിട്ട്, റോഡിന്റെ നടുക്ക് തന്നെ നിന്നുകൊണ്ട് കാറിലേക്ക് സൂക്ഷിച്ചു നോക്കുന്നു. പെട്ടെന്നുണ്ടായ ഒരിടിമിന്നലിൽ, അതിന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നത് കണ്ടു. ഹോണടിച്ചപ്പോൾ പൂച്ച ഓടി മാറി. ഞാൻ വണ്ടി വീണ്ടും മുന്നോട്ടെടുത്തു. സുമേഷ് മുന്നിലേക്ക് തന്നെ മിഴിനട്ട് മൗനമായിരുന്നു.
സുമേഷിന്റെ സഹോദരീഭർത്താവ്, കരൾരോഗം മൂർച്ഛിച്ചതിനെത്തുടർന്ന്, രണ്ടാഴ്ചയോളമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പ്രതീക്ഷക്ക് വകയില്ലെന്ന് ഇന്ന് രാവിലെയാണ് ഡോക്ടർ സുമേഷിനോട് പറഞ്ഞത്. അപ്പോൾത്തന്നെ സുഹൃത്തായ എന്നോട് സുമേഷ് വിവരം പറയുകയും, ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ എന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ കാറുമായി വൈകുന്നേരത്തോടെ ഞാൻ മെഡിക്കൽ കോളേജിൽ എത്തിയത്. സുമേഷ് എന്റെ അടുത്ത സുഹൃത്തും സഹപാഠിയുമാണ്. സഹോദരിക്ക് 28 വയസ്, അളിയന് 32 ഉം. അളിയൻ പ്രമുഖ സർക്കാർ സ്ഥാപനത്തിൽ ക്ലാർക്ക്. മദ്യപാനമൊന്നും ശീലമില്ലാതിരുന്നിട്ടും 'ലിവർ സിറോസിസ് 'എന്ന മാരക രോഗാവസ്ഥ തന്റെ അളിയന് എങ്ങനെയുണ്ടായി എന്ന് സുമേഷ് എന്നെ കാണുമ്പോഴെല്ലാം പരിതപിക്കുമായിരുന്നു.
MC റോഡിലൂടെ വണ്ടി അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ആകാശത്തെ മിന്നല്പിണരുകൾ അപ്പോഴും കഴിഞ്ഞിരുന്നില്ല. റോഡാകെ നനഞ്ഞു കിടക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങൾ മുരൾച്ചയോടെ കടന്നു പോകുമ്പോൾ, അവയുടെ പിറകിലെ ചുവന്ന വെളിച്ചം, റിയർവ്യൂ മിററിലൂടെ പൊട്ടുപോലെ മാഞ്ഞു പോകുന്നു. 'നിലമേൽ ' കഴിഞ്ഞപ്പോൾ മഴ തോർന്നു. സുമേഷ് അപ്പോഴും ചിന്തയിലാണ്ട് ഇരിക്കുകയായിരുന്നു. ഞാൻ മിററിലൂടെ പിൻസീറ്റിലേക്ക് നോട്ടമയച്ചു. മായ ഉറക്കം തൂങ്ങുന്നു. അവളുടെ മടിയിൽ തല ചായ്‌ച്ചു അയാൾ ഉറങ്ങുന്നു., ഒരു കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ... ശാന്തമായി.
വണ്ടി ' കുളത്തുപ്പുഴ ' റോഡിലേക്ക് പ്രവേശിച്ചു. ചെറിയ തോതിൽ മഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിലൂടെ തുളഞ്ഞു കയറുന്നു. ആകാശത്തു വല്ലപ്പോഴും ഓരോ മിന്നല്പിണരുകൾ.. വൃശ്ചികരാവിന്റെ ഒരു ശാന്തത ഇന്ന് കാണാനില്ല. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ, വൃശ്ചിക കുളിരിൽ തണുത്തു വിറച്ചു നിൽക്കുന്ന റബർ മരങ്ങൾ റോഡിനിരുവശവും കാണാം. റോഡ് പൊതുവെ വിജനമായിരുന്നു. ഇടക്കിടക്ക് കടന്നുപോകുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ.
'ഏരൂർ ' കഴിഞ്ഞുള്ള വളവുതിരിവുകൾ കടന്നു വണ്ടി മുന്നോട്ടു പോയി. കുറേ മുന്നിലായി റോഡരുകിൽ രണ്ട് വലിയ പാലമരങ്ങളും അതിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞ് കാടുകയറി കിടക്കുന്ന ഒരു 'മാടൻ ' ക്ഷേത്രവും. വർഷങ്ങളായി ആ ക്ഷേത്രത്തിൽ പൂജയൊ ആൾപ്പെരുമാറ്റമോ ഇല്ലായിരുന്നു.ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ, പെട്ടെന്ന്, ഒരു മനുഷ്യരൂപം റോഡിന്റെ ഒത്ത മധ്യത്തിലൂടെ നടക്കുന്നത് ഞാൻ കണ്ടു. മഞ്ഞിൽ അറിയുന്നത് പോലെയുള്ള നേർത്തൊരു രൂപം. വണ്ടിയുടെ പ്രകാശം അതിന്മേൽ പതിച്ചിട്ടും അത് റോഡിൽ നിന്നും മാറുന്നില്ല, മുന്നോട്ട് തന്നെ നടക്കുകയാണ്. ഞാൻ ഹോണിൽ കയ്യമർത്തി, രണ്ട് വട്ടം. ക്ഷീണം കാരണം ഉറക്കം തൂങ്ങുകയായിരുന്ന സുമേഷ് ഞെട്ടിയുണർന്ന്, സ്ഥലകാല ബോധമില്ലാതെ എന്റെ മുഖത്തേക്ക് പകച്ചു നോക്കി. ഹോണടി കേട്ടിട്ടാവണം, മുന്നിലെ രൂപം പെട്ടെന്ന് തിരിഞ്ഞു നോക്കി. ഞെട്ടിപ്പോയി. പുറകിലെ സീറ്റിലുള്ള സുമേഷിന്റെ അളിയന്റെ അതേ മുഖം ആ രൂപത്തിനും... ! ആ മുഖത്ത് ദൈന്യതയായിരുന്നു. മൂക്കിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം അതിന്റെ ചുണ്ടിലേക്ക് പടരുന്നു. ഞാൻ സഡ്ഡൻ ബ്രേക്ക് ചെയ്തു. റോഡിലെ നനവിൽ തെന്നി, വണ്ടി ഒരുവശത്തേക്ക് അലർച്ചയോടെ നിരങ്ങി മാറി, വലിയ കുലുക്കത്തോടെ, ക്ഷേത്രത്തിനു മുന്നിലെ വലിയ പാലമരത്തിലൊന്നിൽ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ നിന്നു. ഞാൻ ശക്തിയായി കിതക്കുന്നുണ്ടായിരുന്നു. സുമേഷ് ഭയത്തോടെ എന്റെ മുഖത്തേക്ക് നോക്കി. റോഡിലെ ആ കാഴ്ച അവനും കണ്ടു കഴിഞ്ഞിരുന്നു.
ഞങ്ങൾ രണ്ടുപേരും ഒരേസമയം പുറകിലെ സീറ്റിലേക്ക് തിരിഞ്ഞുനോക്കി. സുമേഷിന്റെ ചേച്ചി
അപ്പോഴും ഒന്നുമറിയാതെ തളർന്നുറങ്ങുകയായിരുന്നു. അവരുടെ മടിയിൽ നിന്നും അയാൾ താഴെ സീറ്റിനിടയിലേക്ക് വീണു കിടക്കുന്നു. അയാളുടെ മൂക്കിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. മുഖം മഞ്ഞുപോലെ വെളുത്ത് മരവിച്ചിരുന്നു. അടഞ്ഞ കണ്ണുകൾ. അയാളുടെ ശരീരത്തിൽ തൊട്ടുനോക്കിയപ്പോൾ ഞങ്ങളറിഞ്ഞു, യാത്രക്കിടയിലെപ്പോഴോ ആ ശ്വാസവും ഹൃദയവും നിലച്ചിരുന്നുവെന്ന്... ഞങ്ങൾ തിരിഞ്ഞു റോഡിലേക്ക് നോക്കിയപ്പോൾ ആദ്യം കണ്ട ആ രൂപം എവിടെയോ മറഞ്ഞിരുന്നു... അങ്ങ് ദൂരെ മലമടക്കുകളിലെവിടെയോ ഒരൊറ്റയാന്റെ ചിന്നംവിളി കേൾക്കുന്നുണ്ടായിരുന്നു അപ്പോൾ...
~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ.
ആത്മം (The Spirit): © Copy rights protected. All the rights reserved to the author and നല്ലെഴുത്ത് പേജ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക