നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാപിനികൾ


ഭസ്മം മണക്കുന്ന പടവിലിരുന്ന് ജീവിതത്തിന്റെ സങ്കീർണ്ണ സ്വഭാവത്തിന്റെ കുരുക്കുകളെ അഴിച്ച് ഒഴുക്കിലേക്ക് നിമജ്ഞനം നടത്തുകയാണ് ഞങ്ങൾ.
ഇനി നീ ജയചന്ദ്രൻ എന്ന
ഭിഷഗ്വരന്റെ ഭാര്യ അല്ല..
അയാൾ ഇനി നിന്നെ മനുസ്മൃതികളിൽ തളച്ചിടുകയില്ല.
ഇനി നിന്റെ കൈകളിൽ നീ ആശിച്ച പോലെ ഗ്യാൻവ്യാപി മസ്ജിതിൽ വന്നു പ്രാർദ്ധന ചെയ്യുന്ന പെൺകുട്ടികളുടെത് പോലെ മൈലാഞ്ചി വരക്കാം.
മാണിക് ചൗക്കിൽ നിന്ന് നിനക്ക് ഒരു ചെപ്പ് നിറയെ മഞ്ഞളും ചുണ്ണാമ്പും തിരുമ്മി ലക്ഷ്മൺ ലജ്പതിന്റെ ഭാര്യ ഉണ്ടാക്കുന്ന കുങ്കുമം വാങ്ങി തരാം.
നിന്റെ ചെറിയ നെറ്റിയിൽ എത്ര വലിപ്പത്തിലാവും നീയത് തൊടുക എന്ന് ആലോചിക്കുകയാണ് ഞാൻ
‌ നാപ്കിൻ വിരിക്കാതെ കൈ വിരലുകൾ നുണഞ്ഞ് മതിയാവോളം ഭക്ഷണം കഴിക്കാം.
*******************************
കൽകത്തക്കാരായ സുഹൃത്തുക്കൾ വിളിക്കുന്നത്‌ കേട്ടാവും കിശൻ എന്ന് ഭദ്രയുമെന്നെ വിളിച്ച്‌ തുടങ്ങിയത്‌.
നമുക്കിടയിൽ എന്ത്‌ വിചിത്രമായ ബന്ധമാനുള്ളത്‌ അല്ലെ കിശൻ.
ആരാണ് ഞാൻ നിനക്കെന്ന് നീ പറയാതിരിക്കു ഒരിക്കലും.
ഞാനാ വൈചിത്ര്യം സൃഷ്ടിക്കുന്ന കൗതുകത്തിന്റെ മത്ത്‌ പിടിച്ച്‌ നിന്നോടൊപ്പം നടന്നോളാം. 
ഭദ്ര നീ എനിക്ക്‌ വേണ്ടി പാടില്ലെ...
അഴിഞ്ഞ്‌ ചിതറിയ മുടിയോടെ വലിയ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ എന്റെ നെഞ്ചിൽ കിടന്ന് നീ നീലാംബരിയെ ധ്യാനിക്കുകയില്ലെ.
എന്റെ കയ്യിലിരുന്ന് പുകയുന്ന മാൾബറൊയുടെ മണമാകും നമ്മുടെ ആ നിശക്കപ്പോൾ.
എന്റെ ശ്വാസത്തോടലിയുന്ന ലഹരി പോലെയാൺ നിന്റെ താരാട്ട്‌.
എന്റെ ഇണയെ... ഞാൻ ചത്താൽ രാവുകളിൽ മലഞ്ചരുവിലെ ഒറ്റമരത്തിൽ ഉറക്കമില്ലാതെ പാടുന്ന മയിലിനെ പോലെ നീയും പാടുമോ...
അവൾ എന്റെ മുഖം കൈ കുമ്പിളിൽ കോരി.
വിയർപ്പ്‌ പൊടിഞ്ഞ നെറ്റിയിൽ ചുംബിച്ചു.
തിരിഞ്ഞു നടന്നു മുന്നിലെ നാലു പടവുകളിറങ്ങി ധൗളി ഗംഗാ പ്രവാഹത്തിൽ മുങ്ങി ഈറനായി കയറി വന്നു.
എനിക്കരികെ വന്നിരുന്ന് നീലാംബരിയിൽ പാടി തുടങ്ങി.
"ഉയ്യാല ലോഗ വൈയാ 
ശ്രീ രാമാ…
സയ്യാട്ട പാടലനു...
സത്‌ സർവ ഭൗമാ..."
*******************************
തിരികെ നാട്ടിലേക്ക്‌ മടങ്ങുമ്പോൾ 
അവൾക്ക്‌ സന്തോഷമുള്ളതായി തോന്നി.
അലഹബാദിലെ പതിനഞ്ച്‌ വർഷങ്ങൾക്ക്‌ അവളെ ചിരിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല..
ഒരു ജന്മത്തിലെ രണ്ടാം പിറവി നേടി ഞങ്ങൾ യാത്ര ചെയ്യുകയാണിപ്പോൾ.
ചോള പാടങ്ങൾക്കും ഈന്ത പന പോലെയുള്ള മുള്ള്‌ മരങ്ങൾക്കും നടുവിലൂടെ ഒരുപാട്‌ ലക്ഷ്യങ്ങളുള്ള കുറെ പേരുമായി ഒരു ട്രെയ്ൻ പാഞ്ഞു പോകുന്നു.
എന്തിനാവും ഇവരൊക്കെ എന്റെ സഹയാത്രികരായത്‌.
എല്ലാവരേയും കാഴ്ച്ചയിൽ തന്നെ അവരുടെ യാത്രോദ്ദേശ്യം മനസിലാക്കാനായെങ്കിൽ.
പുസ്തകം വായിക്കുന്നതിനേക്കാൾ രസകരമായിരുന്നിരിക്കും.
ചിലർ തൊഴിൽ ചെയ്യുന്ന ഇടത്ത്‌ നിന്ന് വീട്ടിലേക്ക്‌ മക്കൾക്കും ഭാര്യക്കും സമ്മാനവുമായി പോകുകയാവും.
ചിലർ ഒരിക്കലും കാണാത്ത ഒരു കാമുകിയെ ആദ്യമായി കാണുന്നതിനാവാം.
പുണ്യ ക്ഷേത്രങ്ങൾ കാണുന്നതിനാവാം.അങ്ങിനെ ഊഹിക്കുവാനാകാത്ത ലക്ഷ്യങ്ങളുമായി യാത്ര പോകുന്ന എത്രയോ പേർക്കിടയിലാണ് ഞങ്ങൾ.
കിശൻ എന്താണീ അലോചിക്കുന്നത്‌ …
ഞാൻ ചിരിച്ചു...
നിനക്കിപ്പോൾ എന്ത്‌ കഴിക്കാനാണ് കൊതി തോന്നുന്നത്‌...
ചിന്തിച്ചു കണ്ടെത്തേണ്ടിയിരുന്നില്ല അവൾക്ക്‌.
അമ്മ കൊണ്ട്‌ വന്നു എന്ന് എനിക്ക്‌ തന്ന രണ്ട്‌ കുഞ്ഞ്‌ കാട്ട്‌ മാമ്പഴങ്ങൾ ഓർക്കുന്നുണ്ടോ നീ.
അത്‌...
ആ കിശൻ ഓർക്കുമ്പോൾ തന്നെ എനിക്കാ തുളഞ്ഞു കയറുന്ന മണം കിട്ടുന്നുണ്ട്‌.
നമുക്ക്‌ കുന്നിൻ മുകളിലെ നിന്റെ വീട്ടിലേക്ക്‌ പോകാം.
നാലു വർഷത്തിലൊരിക്കൽ മാത്രം കായ്ക്കുന്ന ആ കാട്ടു മാവിലിപ്പോൾ നിറയെ കനികളുണ്ടാകും അല്ലെ കിശൻ.
അവിടെ മയിലുകൾ മാമ്പഴം തിന്നാനെത്തുന്നുമുണ്ടാകും.
ഇണ ചത്ത ഒരു മയിലിനെ കുറിച്ച്‌ നീ പറഞ്ഞിട്ടില്ലേ.
നിലാവ്‌ പെയ്യുമ്പോൾ തുയ്യം മുട്ടി പുഴക്കരയിൽ മണലിൽ കിടന്ന് നിനക്കൊപ്പം എനിക്കാ പാട്ട്‌ കേൾക്കണം.
പോകാം നമുക്ക്‌ ഇപ്പോഴല്ല പിന്നീട്‌.
നീ എന്താണുദ്ദേശിച്ചിരിക്കുന്നത്‌.
നിന്റെ അമ്മായി നിന്നെ മുഖമടച്ച്‌ ആട്ടാൻ പോവുകയാണ്.
ബന്തം പിരിഞ്ഞ്‌ കാമുകനേയും കൂട്ടി അഴിഞ്ഞാട്ടക്കാരി തറവാട്‌ മുടിക്കാൻ വന്നു എന്ന് പറയും.
അവൾ പൊട്ടി ചിരിച്ചു., ഞാനും..
നിർത്തു കിശൻ എന്റെ ആത്മവിശ്വാസം കളയരുതിങ്ങനെയൊക്കെ പറഞ്ഞ്‌.
ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
നീ എന്റെ വീട്‌ കണ്ടിട്ടില്ലല്ലോ..
കാവും ചിറയുമുള്ള എന്റെ അടിവേരുകൾ ആഴ്‌ന്നിറങ്ങി വളമൂറ്റി എന്നെ ജീവിപ്പിക്കുന്ന എന്റെ വീട്‌.
അവിടെ പാമ്പിൻ പുറ്റുകളുള്ള പറമ്പുകളിൽ വെള്ളിക്കൊലുസ്‌ കിലുക്കി അലഞ്ഞു തിരിയുന്ന ഒരു പെൺകുട്ടിയുണ്ട്‌.
വേലിക്കമ്പുകൾ വെറുതെ ആട്ടി നോക്കി കൊന്നത്തോലും കണ്ണിമാങ്ങയും കൈകളിൽ പിടിച്ച്‌ ഒറ്റക്ക്‌ കഥ പറഞ്ഞ്‌ നടക്കുന്ന ഒരു പെൺകുട്ടി.
എനിക്ക്‌ അവളിലേക്ക്‌ നടക്കണം കിശൻ.
തിരിഞ്ഞ്‌ നടന്ന് അവൾക്ക്‌ ചുവടു പിഴച്ച ചിറക്‌ നഷടമായിടത്ത്‌ ചെന്ന് നിൽക്കണം.
അവിടെ നിന്നെനിക്ക്‌ നടക്കണം ശെരിയായ പാതയിലൂടെ.
എന്റെ ഭൂതകാലത്തെ ഞാൻ തിരുത്താനൊരുമ്പെടുകയാണ്.
ഞങ്ങൾ റെയിൽ വെ സ്റ്റേഷനിൽ നിന്നും ടാക്സി പിടിച്ച്‌ അര മണിക്കൂർ യാത്ര ചെയ്ത്‌ ആ ഗ്രാമത്തിലേക്ക്‌ ചെന്നെത്തി.
താക്കോലുകൾ സൂക്ഷിച്ചിരുന്ന ബന്ധു വീട്ടിലേക്ക്‌ അവൾ നടന്നു.
താക്കോലുമായി മടങ്ങിയെത്തിയപ്പോഴേക്കും
ടാക്സി പറഞ്ഞു വിട്ടിരുന്നു.
നടക്കാം നമുക്ക്‌ ഞാൻ പറഞ്ഞു.
പൊടിയൻ മാപ്ലയുടെ കടയിൽ ഇപ്പോഴും ഉണ്ട്‌ പഴയ ആൾക്കൂട്ടം.
പണ്ട്‌ അഛനൊപ്പം വരുമ്പോഴും സ്കൂളിൽ പോകുമ്പോഴും പിന്നീട്‌ കോളേജിൽ പോകുമ്പോഴും ഉണ്ടായിരുന്ന അതേ കൂട്ടം.
പക്ഷെ പുതിയ അംഗങ്ങൾ.
എങ്കിലും അവർക്കന്യയായ ഞാനും കിശനും അവരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്‌.
കിശൻ ഈ നാട്‌ നമുക്ക്‌ അന്യമായതായിരുന്നെങ്കിൽ 
നമുക്കിവിടെ സഞ്ചാരികളുടെ പരിവേഷമായിരുന്നിരിക്കും കിട്ടുക.
അല്ലേ..
അതെ നമുക്ക്‌ കാതങ്ങളോളം നടക്കാമായിരുന്നു രാത്രിയിൽ മഞ്ഞ്‌ പെയ്യുമ്പോൾ ഏതെങ്കിലുമൊരു വന്യ പ്രദേശമായാൽ അവിടെ ഒരു ദരിദ്ര കർഷകന്റെ വീട്ടിൽ ചെന്ന് മുട്ടാം.
അയാളുടെ ഭാര്യ നമുക്ക്‌ മഞ്ഞിച്ച വാഴക്കായകൾ പഞ്ചസാരയിൽ മുക്കി പൊള്ളിച്ച്‌ തരുമായിരിക്കും.
തണുപ്പകറ്റാൻ ചുരക്കാ തോടിൽ സൂക്ഷിക്കുന്ന വോഡ്ക്ക പകർന്ന് തരുമായിരിക്കാം.
നമുക്കവരുടെ കുഞ്ഞുങ്ങൾക്ക്‌ കൈ നിറയെ ചോക്ലേറ്റ്‌ നൽകണം കിശൻ.
അവർ നമ്മെ നോക്കി ചിരിക്കും.
നെരിപ്പോടിനോടടുത്ത്‌ വിരിച്ച കിടക്കയിൽ നമുക്കാ കുട്ടികളെ കിടത്താം.
നമുക്കവരുടെ സോഫയിൽ കിടക്കാം 
നീ ഉറങ്ങുന്നത്‌ നോക്കി ഞാൻ കിടക്കും,നോക്കി നോക്കി ഉറങ്ങും.
ഞാൻ ചിരിച്ചു.
സദാചാര പാലകരില്ലാത്തൊരിടം
ആണിനും പെണ്ണിനും സ്വതന്ത്രമായി നടക്കനെങ്കിലും കഴിയുന്നൊരിടം.
അങ്ങിനെയൊരിടം ഇല്ലല്ലോ നമ്മുടെ നാട്ടിൽ.
ഈ ഗ്രാമവും അങ്ങനെയല്ലല്ലോ എന്റെ സഞ്ചാരീ.
പടിപ്പുരയുള്ള ഭദ്രയുടെ വീടിനു മുന്നിൽ നിന്ന് അവൾ പറഞ്ഞു.
വരൂ യാത്രകളൊക്കെ ഇനി ഒരുമിച്ച്‌.
ഇതൊരൊരു ഇടത്താവളം.
അവളുടെ തിരിച്ച്‌ വരവ്‌ വലിയൊരു സ്ഫോടനം തന്നെയാണെന്നെനിക്ക്‌ തോന്നിപ്പോയി.
എല്ലാത്തിനോടും മൗനമണിഞ്ഞ്‌ അവൾ പടവെട്ടി.
തള്ളി പറയുകയും പ്രാകുകയും ചെയ്യുന്ന എല്ലാവരും എന്റെ ദുഖകാലത്തെ ആഘോഷിക്കുകയായിരുന്നല്ലോ എന്ന് ആത്മഗതം പറഞ്ഞ്‌ പൊട്ടി കരഞ്ഞു.
മൗനവും നിഴലുകളും നിറഞ്ഞ ആ വലിയ വീട്‌ വിട്ട്‌ ഇന്നലെ പെയ്ത മഴ വീണ പറമ്പിലേക്കിറങ്ങാൻ ഞാനവളെ വിളിച്ചു.
വേനൽ മഴയിൽ നനഞ്ഞ്‌ കിടക്കുന്ന കരിയിലകൾ.
ചുവന്ന ചെമ്പകപ്പൂക്കളെ മെതിച്ച്‌ ഞങ്ങൾ പാമ്പിൻ പറമ്പിന്റെ നിഴൽ ചോലയിലേക്കിറങ്ങി.
പെരുമ്പാമ്പിനെ പോലെ വളഞ്ഞു കുറുകി വളർന്ന ഒരു പുല്ലാഞ്ഞി വള്ളിമേലിരുന്നു.
ഞാനൊരു വള്ളിയിൽ പിടിച്ച്‌ കുലുക്കി പമ്പരം പോലെ പുല്ലാഞ്ഞി പൂവുകൾ പറന്ന് ഭൂമിയിലേക്കിറങ്ങി.
മുടിയിൽ വന്നു വീണ പൂവ്‌ 
കൈയ്യിലെടുത്തവൾ പറഞ്ഞു ഞാനൊരു പുല്ലാഞ്ഞി പൂവാണ് കിശൻ.
മണമില്ലാത്ത നിറമില്ലാത്ത തേനില്ലാത്ത ഞെട്ടറ്റ്‌ ലക്ഷ്യമില്ലാതിങ്ങനെ കാറ്റിലലയുന്നൊരു പുല്ലാഞ്ഞി പൂവ്‌.
ഞാനാ പൂവ്‌ വാങ്ങി പാറിച്ചു അത്‌ പമ്പരം പോലെ കറങ്ങി പറന്നു.
ഭദ്ര നിനക്കറിയില്ല നീ എന്താണെന്ന്.
നീ എത്ര അമൂല്യമാണെന്ന്.
പൂച്ച കുഞ്ഞുങ്ങളെ കണ്ടിട്ടില്ലെ.. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾ അവയെ ലാളിക്കും.
പെട്ടെന്നൊരിക്കൽ നമ്മലവയെ ചാക്കിൽ പൊതിഞ്ഞ്‌ കുപ്പയിലേക്ക്‌ വലിച്ചെറിയും
തിരികെ നമ്മൾ വീട്ടിലെത്തിയാൽ പൂച്ചകൾ അവിടെ തിരിച്ചെത്തിയിട്ടുണ്ടാകും.
ഭക്ഷണം ആയിരുന്നു അവക്ക്‌ വേണ്ടതെങ്കിൽ എന്തിനായിരുന്നു അവ തിരികെ കുട്ടികളുടേ മടിയിലേക്ക്‌ വരുന്നത്‌.
സ്നേഹം അത്ര ശക്തിയുള്ളതാണ്
സ്നേഹം കിട്ടുന്ന ഇടം അത്ര ജീവ യോഗ്യമാണ്
പരന്ന് കിടക്കുന്ന ലോകത്ത്‌ ഞാൻ തിരികെ മടങ്ങാൻ ആശിക്കുന്നത്‌ നിന്നിലേക്ക്‌ മാത്രമാണിന്ന് ഭദ്ര.
അമ്മ മരിക്കുമ്പോൾ അമ്മക്ക്‌ ദുഖിക്കാനുണ്ടായിരുന്നത്‌ എന്റെ ഏകാന്ത ജീവിതത്തെ ഓർത്തായിരുന്നില്ല എന്റെ ശ്വാസ നാളികളിൽ അമ്മ എന്ന ജീവ വായു നഷ്ടമാകാൻ പോകുന്നു.
എന്റെ കണ്ണുകളിൽ നിന്ന് ആ തുരുത്തിന്റെ ആർദ്ദ്രത വറ്റാൻ പോകുന്നു അമ്മക്ക്‌ മരണപ്പെടാൻ ദുഖം തോന്നിയത്‌ എനിക്ക്‌ മടങ്ങിയെത്താനിനി അമ്മയെന്ന വീടില്ലാതാകാൻ പോകുന്നു എന്നതോർത്താകാം.
ഇനി എന്നെ ഓർക്കാൻ എനിക്ക്‌ വേണ്ടി പ്രാർദ്ധിക്കാൻ അമ്മയില്ല എനിക്ക്‌ അലഞ്ഞു നടന്ന് മടങ്ങി എത്താനൊരു മടിത്തടമില്ല. 
അമ്മ അതിൽ ദുഖിച്ച്‌ കണ്ണടച്ചു
ഇന്ന് ഞാൻ നിന്നിലെന്റെ അമ്മയെ കാണുന്നു ഭദ്ര.
എനിക്കിവിടെ ജീവൻ ശ്വസിക്കാനാകും.
കണ്ണടച്ച്‌ ഉറങ്ങാനാകും.
നല്ല സ്വപ്നങ്ങളിൽ അലയാനാകും.
ഭദ്ര നീ ഇല്ലായിരുന്നെങ്കിൽ..
ഒരു നോട്ടം കൊണ്ട്‌ അവളെന്റെ വാക്കുകൾ മുറിച്ചിട്ടു.
നിശബ്ദനായി ഞാനവളെ നോക്കി
അവളെന്നെ മുറുകെ പുണർന്നു 
വളകളില്ലാത്ത കൈകൾ എന്റെ മുതുകിൽ ആടുന്ന മയിലിന്റെ പീലികൾ പോലെ വിരിച്ചു പിടിച്ചു.
ഞാനവളുടെ അഴിച്ചിട്ട മുടികൾ ചേർത്ത്‌ പിടിച്ചു.
നമുക്ക്‌ ഇന്നലകളിലല്ല നാളെകളിലല്ല കിശൻ ഈ നിമിഷത്തിൽ ജീവിക്കാം.
ദുഖങ്ങളില്ലാത്ത പ്രതീക്ഷകളില്ലാത്ത ഈ മാത്രയിലാണു നാം ജീവിക്കേണ്ടത്‌.
അന്ന് ഭദ്ര കണ്ണുകളിൽ കരിയെഴുതി,
കുങ്കുമം തൊട്ടു,മുടിയഴിച്ച്‌ മുറ്റത്തെ പടവിൽ എനിക്കരികെ വന്നിരുന്നു.
ഏതോ ബേബി സോപ്പിന്റെ നിർമ്മലമായ ഗന്ധം ചുറ്റും പടർന്നു.
അവളെന്നെ നോക്കി ചിരിച്ചു.
ഒരു ചിരി,.. അത്‌ അഗ്നിസ്ഫോടനം പോലെ
അതിസുന്ദരവും വശ്യവും അകപ്പെട്ടുപോയാൽ നിർദ്ദാക്ഷിണ്യം പ്രേമത്തെ വിസ്ഫോടനതയിലെത്തിക്കുന്നതുമായിരുന്നു.
ഭദ്ര ഇത്ര അപകടമുള്ള ചിരി നീയി ചുണ്ടിലെവിടെ ഒളിപ്പിച്ചു ഇത്ര നാൾ.
നിനക്ക്‌ മറവിയാണു കിശൻ.
ഓർമ്മയുണ്ടോ എന്റെ ഇടത്‌ മാറിലെ കറുത്ത മറുക്‌ നീ കണ്ടെടുത്ത ദിവസം.
നി വരച്ച്‌ ചുരുട്ടി എറിഞ്ഞ കാർട്ടൂണുകൾക്കും പത്രങ്ങൾക്കും പുസ്തകങ്ങൾക്കും ഇടയിൽ നിന്റെ കിടക്കയിൽ ഞാൻ നിന്നോടിങ്ങനെ ചിരിച്ചു.
എനിക്ക്‌ അഭിനയിക്കാനറിയാത്ത എന്റെ ചിരി,എനിക്ക്‌ നിന്നോടുള്ള പ്രേമം.
വീഞ്ഞ്‌ പോലെ നിന്റെ പ്രേമം വീര്യമേറി വരുന്നു ഈ ചിരിയിൽ ഞാൻ ദഹിക്കുന്നു ഭദ്ര.
എന്റെ ഉടൽ.
എന്റെ മാംസവും ചോരയും.
എന്റെ അസ്ഥിയും മജ്ജയും 
നിന്റെ പ്രേമത്തിൽ ദഹിക്കട്ടെ .
എനിക്ക്‌ നേരെ രണ്ട്‌ കൈകളും നീട്ടി..
എന്നോട്‌ ചേർന്ന് നിൽക്കുമ്പോൾ ഭദ്രക്ക്‌ നനുത്ത സുഗന്ധമുള്ള തണുപ്പ്‌ ഉണ്ടായിരുന്നു.
തേനിന്റെ മണമാണു ഭദ്ര നിന്റെ മേൽ ചുണ്ടുകൾക്ക്‌.
ഒരു നോട്ടം കൊണ്ട്‌ ഭദ്രക്ക്‌ മാത്രമാണിത്ര വാചാലയാകാൻ കഴിയുക.
ആദിയിലേക്ക്‌ ഞങ്ങൾ നടന്നു.
വിലക്കപ്പെട്ട കനികൾ കായ്ക്കുന്ന താഴ്‌വരയിൽ ഞങ്ങളലയുകയാണ് .
നിന്റെ അധരങ്ങൾ,നിന്റെ കഴുത്തിലെ വിയർപ്പ്‌ ചാലുകൾ,നിന്റെ മാർവ്വിടങ്ങൾ...., 
പ്രിയെ ഞാനലയുന്ന മേരുക്കളിലൊക്കെ ആ കനിയുടെ ഉന്മത്ത ഗന്ധം.
ത്വം ഉരുകി നാം എന്നതില്ലാതാകുന്നു.
ഞാൻ ഉന്മാദിയായി നിന്നിലേക്ക്‌ ലയിച്ചു മരണപ്പെടുന്നു. 
പെയ്ത്‌ തീർന്ന ആസക്തിയുടെ ചൂരിൽ വീണ്ടും നീ ചിരിക്കുന്നു.
പ്രേമം വിയർപ്പുപ്പ്‌ ചാലിച്ച്‌ നിന്റെ ചുണ്ടോട്‌ ചേർക്കാതിരിക്കാനാകാത്ത വിധം മാരകമായ ചിരി.
****************************** 
മഞ്ഞിൽ കുഴഞ്ഞ ആദ്യ കിരണങ്ങൾ.
വീണ്ടും പുലരി..
വിരസമാക്കതെ . 
ഈ ആവർത്തനം എത്ര വിദഗ്ദ്ധമായി പ്രകൃതി അവതരിപ്പിക്കുന്നു.
നാട്ടിലേക്ക്‌ വരുമ്പോൾ പൊട്ടിക്കാതെ ബാഗിലേക്ക്‌ വാരിയിട്ട കത്തുകൾ വായിക്കുകയായിരുന്നു ഞാൻ.
ഭദ്ര കുളി കഴിഞ്ഞ്‌ ചായയുമായി അടുത്ത്‌ വന്നിരുന്നു.
പൊട്ടിച്ച്‌ വായിച്ച ഇല്ലന്റുമായി ഞാൻ ഇരുന്ന് ഒരു സിഗരറ്റ്‌ വലിച്ചു.
"നാട്ടിലൊന്ന് പോണം."
"വീട്ടിലേക്കാണോ ഞാനും വരാം."
"അല്ല..."
"പിന്നെ..."
"തുയ്യം മുട്ടിക്ക്‌..."
"എവിടെ ആയിരുന്നാലും ഞാനും കൂടാം..."
"വേണ്ട..."
അവളൊന്നും മിണ്ടാതെ ഇരുന്നു.
ഞാനവളെ നോക്കി ചിരിച്ചു...
അന്ന് ഉച്ചയോടേ ആ ട്രൈബൽ സെറ്റിൽ മെന്റ്‌ കോളനിയിലേക്ക്‌ ഞങ്ങൾ ചെന്നെത്തി... 
ദാസൻ ജീപ്പുമായി കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ രണ്ട്‌ പേരും ദാസനൊപ്പം യാത്ര തിരിച്ചു.
പച്ചപ്പ്‌ പുതയിട്ട്‌ നിൽക്കുന്ന കാട്ട്‌ വഴിയിലൂടെ ആടി ഉലഞ്ഞ്‌ ആ വണ്ടി മുന്നോട്ട്‌ പോയി.
താഴ്‌വാരത്ത്‌ തുയ്യം മുട്ടി പുഴ മെലിഞ്ഞോഴുകി..
കുതിരപ്പുല്ലുകൾ പൂത്ത്‌ നിൽക്കുന്ന ഒരു ചരിവിൽ ദാസൻ വണ്ടി നിർത്തിച്ചു.
അപ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുത്തുന്നത്‌.
ഭദ്രയോടായി പറഞ്ഞു.
ഭദ്ര ഇത്‌ ദാസൻ ഇവന്റെ അമ്മയായിരുന്നു വീട്ടിൽ അമ്മക്ക്‌ കൂട്ട്‌. 
ഞങ്ങൾ കുത്ത്‌ കല്ലുകൾ കയറി ഒരു വര പോലെ തെളിഞ്ഞു നീണ്ട നട വഴിയിലൂടെ നടന്ന് ദാസന്റെ വീട്ടിലെത്തി.
മുറ്റത്ത്‌ പേര മരത്തിൽ കാറ്റിലുലയുന്ന ഒരു ഊഞ്ഞാലുണ്ടായിരുന്നു.
മൺകട്ടയിൽ പണിത ഓട്‌ മേഞ്ഞൊരു വീട്‌ അതിന്റെ മേൽക്കൂര വളഞ്ഞ്‌ നിലം പൊത്താറായി നിൽക്കുന്നു.
മുറ്റത്ത്‌ ഉപേക്ഷിക്കപ്പെട്ട പോലെ ഒരു ആട്ടുകല്ല്.
മാളത്തിലേക്ക്‌ ഊർന്ന് കയറും പോലെ ഞങ്ങളതിലേക്ക്‌ കയറി വളരെ പതുക്കെ.
പൊട്ടിയ തറയിൽ മൂന്ന് പെൺ കുഞ്ഞുങ്ങൾ തഴ പായയിൽ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു.
പുക നിറഞ്ഞ അടുക്കളയിൽ അവന്റെ അമ്മ എന്തോ പാകം ചെയ്തു.
കണ്ട മാത്രയിൽ വായിൽ നിറഞ്ഞു നിന്ന മുറുക്കാൻ നീട്ടി പുറത്തേക്ക്‌ തുപ്പി കറ പിടിച്ച പല്ലുകളാൽ ചിരിച്ച്‌ കാട്ടി കെട്ടി പിടിച്ചു.
ഞാനവരുടെ തോളിൽ കയ്യിട്ട്‌ കുശലം പറഞ്ഞു ആരും കാണാതെ ഒരു സിഗരറ്റ്‌ നൽകുകയും ചെയ്തു.
എന്റെ തല പിടിച്‌ താഴ്ത്തി നെറ്റിയിൽ സ്നേഹം ചുംബനമായി പതിപ്പിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്‌ ഞാൻ കണ്ടു.
അവിടെ നിന്ന് കിശനും സുഹൃത്ത്ക്കളും നിർമ്മിച്ച ഒരു ലൈബ്രറിയിലേക്കായിരുന്നു പോയത്‌.
മടങ്ങിയെത്താം എന്ന് പറഞ്ഞ്‌ കിശനും ദാസനും പോയി.
ലൈബ്രറിയിലെ രണ്ട്‌ പെൺകുട്ടികൾക്ക്‌ ദാസൻ എന്നെ പരിചയപ്പെടുത്തി.
ദാസനെ പോലെ ദാസന്റെ അമ്മയെ പോലെ അവിടെ നിലത്തുറങ്ങിയ മൂന്നു കുഞ്ഞുങ്ങളെ പോലെ 
വിറകുമായി പോകുന്ന സദാ മുറുക്കി ചുവന്ന ചുണ്ടുകളുള്ള കുറത്തി പെണ്ണുങ്ങളെ പോലെ.
കറുത്ത തോലും വെളുത്ത മനസും ഉള്ള എന്റെ അനുജത്തിമാർ.
മിനിയും കാർത്തികയും.
അവർ സഹോദരിമാരായിരുന്നു.
ഞങ്ങൾ മൂന്ന് പേരും കാരംസ്‌ കളിച്ചു.
വിശേഷങ്ങൾ പങ്ക്‌ വച്ചു.
അവരുടെ അഛൻ കാട്ട്‌ പന്നിയെ കൊന്നതിനിപ്പോൾ ജയിലിലാൺ.
വനത്തോട്‌ ചേർന്ന അവരുടെ കൃഷിയിടത്തിൽ സർക്കാർ ഫെൻസിംഗ്‌ വേലികൾ നിർമ്മിക്കാത്തതിനാൽ കാട്ട്‌ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു.
കാർത്തികയുടെ ഇടത്‌ കയ്പത്തിയിൽ രണ്ട്‌ വിരലികളില്ലായിരുന്നു.
മിനിയായിരുന്നു പറഞ്ഞത്‌ കഞ്ചാവ വലിച്ച്‌ ഭർത്താവ്‌ വെട്ടി മാറ്റിയതാണെന്ന്.
പത്താം ക്ലാസ്‌ പരീക്ഷ അടുത്ത സമയത്ത്‌ കാർത്തിക പഠനം നിർത്തി പോയത്‌ മണിയറയിലേക്കായിരുന്നു.
പുലർച്ചയിൽ ഭർത്ത്ര് മാതാവ്‌ ആശുപത്രിയിലെത്തിച്ചിട്ടും ആ രാത്രിയുടെ നോവ്‌ തീരാതവൾ നിലവിളിച്ചു.
അപ്പോഴാണു ഞാൻ എന്റെ ചിറകുകളിലേക്ക്‌ നോക്കിയത്‌ അറ്റു വീഴുകയും ഇനി മുളക്കുകയും ചെയ്യില്ല എന്ന് അന്ധമായി വിസ്വസിച്ചിരുന്ന ചിറകുകൾ.
അവ വിരിച്ച്‌ പറക്കാനാകും വിധം എന്നിൽ അവശേഷിപ്പതായ്‌ തോന്നി.
നമുക്ക്‌ ദുഖങ്ങളെ ഇല്ലാതാക്കാൻ കാതുകളെ,കണ്ണുകളെ തുറന്ന് പിടിക്കുക.
വേദനകളുടെ മഹാ പ്രപഞ്ചത്തിൽ നാം നിസ്സാരപ്പെടുന്നത്‌ അനുഭവിക്കാം അപ്പോൾ.
കിശൻ മടങ്ങി എത്തിയപ്പോൾ ഞാൻ അവരുടെ വീട്ടിലായിരുന്നു.
അവരുടെ റേഡിയോ ഏതോ ഒരു പഴഞ്ചൻ ഹിന്ദി യുഗ്മഗാനം പാടിക്കൊണ്ടിരുന്നു.
വെയിൽ ചാഞ്ഞ്‌ നിഴലുകൾക്ക്‌ നീളമേറിയ മൺ വഴിയിലൂടെ ദാസനൊപ്പം കിശൻ നടന്ന് വന്നു.
വാറ്റ്‌ കള്ള്‌ നാറുന്ന അവന്റെ വിയർപ്പ്‌ അരോചകമായി തോന്നി അപ്പോൾ.
വീണ്ടും ദാസന്റെ പുരയിലേക്ക്‌ നടന്നു.
ദാസന്റെ വാഴ തോപ്പിൽ വളർന്ന് കുറുകിയ വെന്തേക്കിൽ ഉണ്ടായിരുന്ന ഏറുമാടത്തിലേക്ക്‌ ഞാൻ സാഹസികമായി കയറി.
ദാസൻ ഞങ്ങൾക്ക്‌ വേണ്ടി കൊള്ളി പിഴുത്‌ വീട്ടിലേക്ക്‌ പോകുന്നത്‌ കണ്ടു.
ആ ഏറുമാടം ഭൂമിയിൽ തൊടാതെ ഉയർന്ന് നിൽക്കുന്ന പ്രശാന്തിയുടെ വീടാണെന്ന് എനിക്ക്‌ തോന്നി.
അതിൽ ഒരു കയറ്റ്‌ കട്ടിലും രണ്ട്‌ കസേരകളും ഉണ്ടായിരുന്നു.
ഉണങ്ങിയ ചൂരൽ പഴങ്ങൾ അലങ്കരിച്ച ആ ഓല മേഞ്ഞ മുള വീട്‌ കാവിനുള്ളിലെ ഏഴിലം പാലയിലേക്ക്‌ പറിച്ച്‌ വക്കുവാൻ എനിക്ക്‌ ആശ തോന്നി. 
കിശന്റെ മുഖം ഞാൻ ഉയർത്തി ചോദിച്ചു എന്ത്‌ പറ്റി നിനക്ക്‌.
നാളെ രാവിലെ വരെ നമുക്കിവിടെ നിൽക്കണം.
നാളെ നമുക്കൊരാൾക്ക്‌ ബലിയൂട്ടണം.
ആർക്ക്‌...?! ആ വാക്കുകളിൽ ഞാൻ ഉറഞ്ഞ്‌ നിന്നു.
പാപങ്ങളുടെ മൂന്ന് ശരീരങ്ങളുടെ അമ്മക്ക്‌.
ഭദ്ര ...
ദാസനും ദേവിയും മിണ്ടാതെയാകുന്നത്‌ അവൾ പ്രണയിച്ച്‌ ഒളിച്ചോടി പൊകുന്നത്‌ മുതലായിരുന്നു.
അവൾ രണ്ടാമത്‌ ഒരാളെ വീണ്ടും വിവാഹം കഴിച്ചു.
പിന്നീട്‌ അവളെ കുറിച്ച്‌ ദാസൻ അറിയുന്നത്‌ പോലീസ്‌ സ്റ്റേഷനിൽ നിന്ന് മൂന്ന് പെൺ മക്കളുടെ വിശപ്പടക്കാൻ ശരീരം വിറ്റ ഒരു പെണ്ണിനെ ജാമ്യത്തിലെടുക്കാൻ സഹോദരൻ എത്തണം എന്ന് ഫോൺ കോൾ വരുമ്പോഴായിരുന്നു.
അവൾ അതിനടുത്ത ദിവസങ്ങളിൽ വീട്ടിലെ പട്ടിണി കെടുത്തി.
അന്നൊരിക്കൽ വീട്ടിലെത്തിയപ്പോൾ
റേഷനരി ചോറിനൊപ്പം മുളക്‌ ചമ്മന്തിക്ക്‌ പകരം കോഴിയിറച്ചി ആയിരുന്നു ആനിയമ്മ വിളമ്പി തന്നത്‌.
ഞാനന്ന് അവരോടൊക്കെ ചിരിച്ച്‌ തമാശ പറഞ്ഞ്‌ വാരിത്തിന്ന ചോറിൽ അവളുടെ കറുത്ത ശരീരം
അതിൽ ആരുടെയൊക്കെയോ സ്ഖലന ദ്രവം
വിയർപ്പുപ്പ്‌.
ചോര.
കണ്ണുനീർ.
ഒടുവിലൊരു ദിവസം
തുയ്യം മുട്ടിയിൽ നിലാവ്‌ നോക്കി അവൾ കിടന്നു.
നാലു നാൾ.
അവളുടെ കവിൾത്തടം കല്ലുനക്കി മീനുകൾ തിന്നു.
ആറ്റ്‌ ഞണ്ടുകൾ വയർ പൊളിച്ച്‌ കുടൽ മാലകൾ പുറത്ത്‌ വരുത്തി.
അതിൽ നിന്നും നീലിച്ച തിളക്കത്തോടെ പാപക്കറകളുടെ മെഴുക്‌ വെള്ളപ്പരപ്പിൽ പടർന്നു കിടന്നു.
അവളുടെ ശരീരത്തിൽ നിന്ന് ജഡാമാഞ്ചി വേരുകളുടെ സുഗന്ധം പരന്നു.
പാപികളല്ലാത്ത വിശുദ്ധ മനുഷ്യർ അസഹനീയമായി മൂക്ക്‌ പൊത്തി.
അവളിൽ നിന്ന് പാപം വമിക്കുന്നത്‌ അവർക്ക്‌ മാത്രം ഗോചരമായി.
എനിക്കവൾക്ക്‌ എള്ളും ചോറും കുഴച്ച്‌ എല്ലിച്ച കൈയിലേക്ക്‌ വച്ച്‌ കൊടുക്കണം.
കിശന്റെ കണ്ണുകലങ്ങി ചുവക്കുന്നത്‌ ഞാൻ കണ്ടു
തിരികെ മടങ്ങുമ്പോൾ ഞാൻ ദാസനെ ഓർത്തു കല്ലിച്ച ആ ഹൃദയം ഓർത്തു 
വരണ്ട കണ്ണുനീർ ഗ്രന്ധികളെ ഓർത്തു.
ഒറ്റപ്പെട്ട മൂന്ന് പെൺ കുഞ്ഞുങ്ങളെ ഓർത്തു
അവരുടെ തൊലിപ്പുറത്ത്‌ തിളങ്ങുന്ന നീലിച്ച മെഴുക്കിനെ ഓർത്തു.
കാട്ട്‌ പൊന്തകളിൽ അവരെ കാത്തിരിക്കുന്ന
ആൺ നിഴലുകളെ ഓർത്തു.
കൊന്ന് കളയരുതെന്നും വേദനിപ്പിക്കരുതെന്നും മാത്രമപേക്ഷിച്ച്‌ വഴങ്ങിക്കൊടുക്കേണ്ടി വരുന്ന നിസഹായരായ ആയിരമായിരം പാപിനികളെ ഓർത്തു.
ഊരു വിലക്കപ്പെട്ട നടു വളഞ്ഞ മേൽക്കൂരയുള്ള വീട്‌ ഓർത്തു.
താഴ്‌വാരത്ത്‌ തുയ്യം മുട്ടി പുഴയിൽ 
പാപക്കറയിലേക്ക്‌ ചത്ത്‌ കിടക്കാൻ ഞാൻ കൊതിച്ചു.
പാപങ്ങളാരോപിക്കുന്ന സദാചാര സംസ്കാര ജീവികൾക്കിടയിൽ ഞാനും പാപിനിയാണല്ലോ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot