നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രമേശനു കിട്ടിയ എട്ടിന്റെ പണി


അയൽവാസികളും കൂട്ടുകാരുമായിരുന്നു ടൈലർമാരായ അപ്പുവും മൊയ്തീനും...,
ദേഹമനങ്ങിപ്പണിയെടുക്കാത്തതിനാൽ കൊളഷ്ട്രോൾ കുതിച്ചു കയറിയപ്പൊഴാണ് ഡോക്റ്ററുടെ നിർദ്ധേശ പ്രകാരം രണ്ടുപേരും രാവിലെ ഓടാനിറങ്ങിയത്....,
ഇരുവരുടേയും പ്രഭാത ഓട്ടത്തെ കുറിച്ചറിഞ്ഞ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ രമേശനും ഓടാനൊരു പൂതി....,
രമേശൻ കാര്യം അപ്പുവിനോടും മൊയ്തീനോടും പറഞ്ഞു...., രമേശന്റെ ആഗ്രഹം കേട്ടപ്പോൾ ഇരുവർക്കും സന്തോഷമായി....,
പിറ്റേ ദിവസം അതിരാവിലെത്തന്നെ രമേശൻ അപ്പുവിന്റെയും മൊയ്തീന്റെയും അടുത്തെത്തി....,
രമേശനെ കണ്ട അപ്പുവും മൊയ്തീനും ഒരു പോലെ ഞെട്ടി....
വലിയൊരു തോർത്ത് കൊണ്ട് തല മൂടിക്കെട്ടി മുഖം ഒരു ടവ്വലുപയോഗിച്ച് മറച്ച് നല്ല ഒന്നാന്തരം തെയ്യാറെടുപ്പുകളോടു കൂടിത്തന്നെയായിരുന്നു രമേശൻ എത്തിയിരുന്നത്....
"എന്താടാ രമേശാ... നീ ബഹിരാകാശത്തേക്കാണോ ഓടുന്നത്...?"
അപ്പു തമാശ കണക്കെ ചോദിച്ചു... ഉടനെയെത്തി രമേശന്റെ ദീർഗദൃഷ്ടി നിറഞ്ഞ മറുപടി.
"ആരോഗ്യ സംരക്ഷണത്തിനുള്ള ഓട്ടത്തിൽ ചില മുൻകരുതലുകളെടുത്തില്ലെങ്കിൽ ഉള്ള ആരോഗ്യം മഞ്ഞ്കൊണ്ടില്ലാതാകും.... "
മൂവരും ഓട്ടം തുടങ്ങി....
അപ്പുവിന്റെയും മൊയ്തീന്റെയും പതുക്കെയുള്ള ഓട്ടം രമേശനു തീരേ പിടിച്ചില്ല....
കുറച്ചു ദൂരം പിന്നിട്ടതിനു ശേഷം...
രമേശൻ: "നിങ്ങളെന്താ ഇത്ര പതുക്കെ ഓടുന്നത്....?"
അപ്പു: "കുറെ ദൂരം ഓടാനുള്ളതാ.... പതുക്കെ ഓടിത്തുടങ്ങിയാലെ മുഴുവൻ ദൂരവും ഓടിത്തീർക്കാൻ കഴിയൂ....."
അപ്പു പറഞ്ഞത് രമേശനു ദഹിച്ചില്ല...,
"നിങ്ങളു രണ്ടാളും ഒച്ചിഴയുന്ന പോലെ പതുക്കെ ഓടിക്കൊളൂ.... ഞാനേതായാലും ശരീരമനങ്ങി കുറച്ചു സ്പീഡിലോടുകയാ.... "
-ഇതും പറഞ്ഞ് രമേശൻ ഓട്ടത്തിന്റെ വേഗത കൂട്ടി...
രമേശൻ ഓട്ടത്തിന്റെ വേഗത കൂട്ടിയപ്പോൾ അവനൊപ്പമെത്താൻ അപ്പുവും മൊയ്തീനും ഓട്ടം വേഗത്തിലാക്കി.... അത് തിരച്ചറിഞ്ഞ രമേശൻ ഓട്ടത്തിന്റെ വേഗത ഇരട്ടിയാക്കി.....
ആ സമയത്താണ് ഇറച്ചിവെട്ടുക്കാൻ കുഞ്ഞാപ്പുക്ക സ്ക്കൂട്ടറിൽ അതുവഴി വന്നത്....അപ്പുവും മൊയ്തീനും രാവിലെ ഓടാനിറങ്ങുന്ന കാര്യമൊന്നും കുഞ്ഞാപ്പുക്കാക്കറിയില്ല....
" എബിടേക്കാഡാ ങ്ങെള് രണ്ടാളും കൂടി മണ്ട്ണത്....?"
-കുഞ്ഞിപ്പുക്ക ചോദിച്ചു.
പതിവിനു വിപരീതമായി വേഗത്തിലോടിയതിന്റെ കിതപ്പ് കാരണം അപ്പുവിനും മൊയ്തീനും ഒരക്ഷരം മിണ്ടാൻപോലും സാദിച്ചില്ല... ഇരുവരും ഓട്ടത്തിനിടയിൽ മുന്നിൽ വേഗത്തിലോടുന്ന രമേശനെ കൈ കൊണ്ട് കാണിച്ചു കൊടുത്തു.... പിന്നെ ഒട്ടും താമസിച്ചില്ല കുഞ്ഞാപ്പുക്ക സ്കൂട്ടർ വേഗത്തിൽ ഓടിച്ചു കൊണ്ട് രമേശന്റെ അടുത്തെത്തി... രമേശന്റെ ഷർട്ടിന്റെകോളർ പിടിച്ചു കൊണ്ട് അപ്പുവിനോടും മൊയ്തീനോടുമായ് ഉറക്കെ വിളിച്ചു പറഞ്ഞു...
"ബെക്കം ബെരിനെടാ...... കള്ളനെ ഞമ്മള് പുടിച്ചിട്ട്ണ്ട്.... "
ഇതും പറഞ്ഞത് കുഞ്ഞാപ്പുക്ക രമേശനെ അടിയോടടി... ശരിക്കുംപൂശി...!!
കുറച്ചു നേരം അടി തുടർന്നു... അപ്പൊഴേക്കും അപ്പുവും മൊയ്തീനും ഓടിക്കിതച്ചെത്തി...
"കുഞ്ഞാപ്പുക്കാ.... അവനെ അടിക്കല്ലീ.... അവൻ നമ്മുടെ രമേശനാ.... "
- കിതപ്പിനിടയിൽ മൊയ്തീൻ ഒരു വിധം പറഞ്ഞൊപ്പിച്ചു..
"പടച്ചോനെ.... ഞമ്മളെ...രമേശനൊ....? ഈ പഹയൻ ഓന്റെ മോറ് മൊത്തം മൂടിക്കെട്ടിയതോണ്ട് ഞമ്മക്കാളെ പുടികിട്ടീലട്ടാ... എടാ ഹംക്കെ... ഇജ്ജ് രമേശനാണെന്ന് ഞമ്മളോടൊന്നു പറഞ്ഞൂടായിന്നോ.... "
ഉടനെ കരഞ്ഞുകൊണ്ട് രമേശൻ..
"അതിന് ഇക്ക എനിക്കൊരു ഗ്യാപ്പ് തരണ്ടേ..... തലങ്ങും വിലങ്ങും അടിയല്ലായിരുന്നോ.... അമ്മേ... ഹാവൂ...."
അന്ന് നിറുത്തിയതാ രമേശൻ രാവിലത്തെ ഓട്ടം... 😂
✍🏻 മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot