നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബികയിലെ ആദ്യ ബസ്സ്‌ യാത്ര


ഇടവപാതി പെയ്യാൻ ഒരുങ്ങി നിന്നൊരു സ്കൂൾ അദ്ധ്യാനവർഷത്തിന്റെ ഓർമ്മ. പുതിയ ഉടുപ്പും ബാഗും വർണ്ണകടലാസിൽ പൊതിഞ്ഞ ബുക്കും പുസ്തകങ്ങളുമായി പുതുമയിൽ മുങ്ങിയൊരു സ്കൂൾ അദ്ധ്യാന വർഷത്തിന്റെ തുടക്കം.
അഞ്ചാം ക്ലാസിൽ ചേർന്നതിനു ശേഷം ആദ്യമായി സ്കൂളിൽ പോകുകയാണു. പുതിയ സ്കൂൾ, പുതിയ കൂട്ടൂകാർ അതിനപ്പുറം ആറേഴു കിലോമീറ്റർ നീളുന്ന ഒരു ബസ്സ്‌ യാത്രയുണ്ട്‌ അതാണു ഏറ്റവും സന്തോഷം തോന്നിയതു. വേനലവധി തീരുന്നതിന്റെ ദുഖമുണ്ടെങ്കിലും പുതിയ വസ്ത്രങ്ങളും കുടയും ചെരുപ്പുമിട്ടു ആദ്യമായി തനിച്ച്‌ ബസ്സ്‌ യാത്ര ചെയ്തു പുതിയ ക്ലാസ്‌ മുറിയിലേക്കു കടന്നു ചെല്ലുന്നതു കനവു കണ്ടിരിക്കാൻ തുടങ്ങിയിട്ടു നാളുകളായി.
ഒടുവിൽ കാത്തിരുന്ന ദിവസം എത്തി.!
രാവിലെ തന്നെ എണീറ്റു കുളിച്ചു തയ്യാറായി. തേച്ചുമിനുക്കിയ പുതിയ കുപ്പായമിട്ടു, ബാഗും ബുക്കും ചോറും എല്ലാം കരുതി, കൈയ്യിൽ പുതിയ കുടയും എടുത്തു പോകാൻ തയ്യറായി നിന്നു. മൂന്നു മടക്കുള്ള കുട കിട്ടിയിരുന്നെങ്കിൽ എന്നു കൊതിച്ചു.. മൂന്നു മടക്കുള്ള കുട കാറ്റത്തു ഒടിഞ്ഞു പോകുമെന്നാണു അമ്മയുടെ പക്ഷം. എങ്കിലും ഞെക്കുമ്പോൾ ചാടുന്ന കുടയാണല്ലോ കിട്ടിയതു എന്നൊരു ആശ്വാസം.
ഒന്നു മഴ പെയ്തിരുന്നേൽ വാതിൽ പടിയിൽ വന്നു പുറത്തേക്കു നോക്കി നിന്നപ്പോൾ കൊതിച്ചു. മഴ പെയ്തിരുന്നേൽ കുട ചൂടി പോകാമായിരുന്നു. .!
വെറുതെ ഒരു മോഹം.
സമയം ചലിക്കുന്നില്ലയോഎന്നു തോന്നി..
"നീ ഇത്ര നേരത്തേ എങ്ങോട്ടാണു ? " അമ്മയുടെ നോട്ടത്തിൽ ചിരി ഉണ്ടായിരുന്നു.
അമ്മ പറഞ്ഞതും നേരാണു ബസ്സ്‌ എട്ടെരയ്ക്കാണു ഇനിയും ധാരാളം സമയമുണ്ട്‌, എന്നാലും ഇരിക്കാൻ മടി, ഇരുന്നാൽ തേച്ചുമിനുക്കിയ കുപ്പായം ചുളുങ്ങുമോ എന്നു പേടി. ക്ലോക്കിലെ സൂചിയിൽ കണ്ണും നട്ട്‌ അക്ഷമനായി നിന്നു. ഒടുവിൽ അമ്മ തന്ന ചില്ലറ പൈസയും വാങ്ങി വണ്ടി കയറാൻ കവലയിലേക്കു ഓടുമ്പോൾ മനസ്സ്‌ തുളുമ്പിയിരുന്നു..
അടുത്ത കാത്തു നിൽപ്പു ബസ്സിനു വേണ്ടിയായിരുന്നു. പാടങ്ങൾക്കു നടുവിലൂടെ കിഴക്കു പടിഞ്ഞാറു ദിശയിൽ നീണ്ടു നിവർന്നു കിടക്കുന്ന റോഡ്‌ . ഹരിപ്പാടിനും പരുമലയ്ക്കും പോകുവാനായി റോഡിന്റെ ഇരു വശങ്ങളിലും നിരന്നു നിൽക്കുന്ന ആൾക്കൂട്ടം. അതിൽ കോളേജ്‌ കുമാരന്മാരും കുമാരികളും ഉണ്ട്‌, സ്കൂൾ കുട്ടികളുണ്ട്‌ ജോലിക്കാരുണ്ട്‌ . ചെറിയ ചെറിയ കൂട്ടങ്ങളായി സംസാരിച്ചു നിൽക്കുന്നവർ. ഞാനും ഒരു കൂട്ടം കുട്ടികളുടെ വിശേഷങ്ങൾക്കു കാതു കൊടുത്തു ചേർന്നു നിന്നു. കൈ വിരലുകളിൽ സിംഹതലയുള്ള വെള്ളിനാണയം ഉരുട്ടി കളിച്ചു. പടിഞ്ഞാറേക്കു നീളുന്ന റോഡിന്റെ കണ്ണെത്തും ദൂരത്തേക്കു നോക്കി അക്ഷമനായി ഞാൻ നിന്നു. ഹരിപ്പാടിനുള്ള ട്രാൻസ്പോർട്ട്‌ ബസ്സ്‌ വന്നു പോയി, പാതിയിൽ കൂടുതൽ ആളുകൾ ഹരിപ്പാട്‌ ബസ്സിനു കയറി പോയി. കാത്തു നിൽക്കുമ്പോൾ അങ്ങനെയാണു എല്ലാ ബസ്സും എതിർ ദിശയിലേക്ക്‌ പോകും. ഒരു വശം ചാഞ്ഞു പോകുന്ന ട്രൻസ്പോർട്ടു ബസ്സിന്റെ പിന്നഴകു നോക്കി നിൽക്കുമ്പോൾ കണ്ടു ദൂരെ എനിക്കു പോകാനുള്ള അംബിക ബസ്സിന്റെ ബോർഡ്‌ കണ്ടു.
"ബസ്സ്‌ വരുന്നു"
സന്തോഷത്തോടെ വിളിച്ചു പറഞ്ഞതു എല്ലാർക്കും കേൾക്കാൻ പാകത്തിലായിരുന്നു. ചിതറി നിന്ന ആൾ കൂട്ടങ്ങൾ ഒഴുകിയെത്തി. ബസ്സ്‌ വന്നു നിന്നതും ബെല്ലടിച്ചതും തിരക്കിലെവിടയോ നിന്നാണു ഞാൻ അറിഞ്ഞതു. ഉന്തി തള്ളി കയറി കൂടി , ബാഗ്‌ എവിടൊക്കയോ കുരുങ്ങി,
ആരുടയൊക്കയോ കാലുകളിൽ ചവിട്ടി, കുപ്പായം ചുളുങ്ങി എങ്കിലും ഇരിക്കുവാൻ ഇടം കിട്ടിയില്ല . ഏറ്റവും പിന്നിലെ നീളൻ സീറ്റിനു മുന്നിൽ കുറച്ചു സ്ഥലമുണ്ട്‌ അവിടെ ജനാലയ്ക്കരുകിൽ നിന്നാൽ പുറം കാഴ്ചകൾ കാണാം. ജാലകത്തിനരുകിൽ മൂന്നു പേർക്കു കഷ്ടിച്ചു നിൽക്കാം. അവിടെ നല്ല അടിപിടി നടക്കുന്നുണ്ടായിരുന്നു. "ഞാനാണു ആദ്യം വിളിച്ചതു, ഇതെന്റെ സ്ഥലമാണു " ഒരുവൻ
"അയ്യടാ! ആദ്യം വന്നതു ഞാനാണു " മറ്റൊരുവൻ. വാഗ്വാദങ്ങൾ മുറുകുകയാണു.
ആദ്യ യാത്രയുടെ സന്തോഷത്തിൽ ഞാൻ അവർക്കു കാതു കൊടുത്തില്ല . ബസ്സ്‌ ഓരോ സ്ഥലത്തു നിർത്തുമ്പോഴും തിരക്കു കൂടി കൂടി വന്നു. ഒരു സീറ്റിനു പിന്നിലേക്കു ഞാൻ ചേർന്നു നിന്നു. പുറത്തു ബാഗ്‌ കിടക്കുന്നതിനാൽ അനങ്ങുവാൻ പറ്റുന്നില്ല. തിരക്കിനിടയിലെ ചെറിയവിടവിലൂടെ പുറം കാഴ്ച്ചകൾ കണ്ടു ഞാൻ നിന്നു.
ബസ്സ്‌ പിന്നെയും കുറെ സ്ഥലത്തു നിർത്തി, ആളുകളെ കുത്തിനിറച്ചുകൊണ്ടിരുന്നു. എന്റെ മുന്നിലെ സീറ്റിനുമുകളിലെ കമ്പിയിൽ പിടിയ്ക്കാൻ സ്ഥലമില്ലാതെയായി, ആളുകൾ മുകളിലേക്കു ചാഞ്ഞു നിന്നു. . ഞാൻ രണ്ടു കൈകൊണ്ടും സീറ്റിനു മുകളിൽ പിടിച്ചു നിന്നു. ഞാൻ പിടിചിരുന്ന സീറ്റ്‌ അതിന്റെ ചട്ടകൂടിൽ നിന്നും ഇളകിയാടുന്നുണ്ടായിരുന്നു. സീറ്റും ചട്ടകൂടും ചേർത്തു അമർത്തി പിടിച്ചു ഞാൻ നിന്നു.
സമയം കടന്നു പോയി.
അവസാനം എനിക്കിറങ്ങാൻ ഉള്ള സ്ഥലമെത്താറായി.
പെട്ടാന്നാണു ഡ്രൈവർ വണ്ടി ചവിട്ടി നിർത്തിയതു, ആരോ വട്ടംചാടിയെന്നു തോന്നുന്നു. പെട്ടന്നുള്ള ബ്രേക്കിൽ വണ്ടിയാകെ മുന്നോട്ടുലഞ്ഞു, എന്റെ മുന്നിലെ സീറ്റിലിരുന്നവർ മുന്നോട്ടു തെറിച്ചു കൂടെ സീറ്റും ഇളകി മുന്നോട്ടു തെറിച്ചു, അതേ വേഗതയിൽ തന്നെ തിരിച്ചു വന്നു. വീഴാതിരിക്കുവാൻ മുറുക്കെ പിടിച്ചിരുന്ന എന്റെ വിരലുകൾ സീറ്റിനും ഇരുമ്പു ചട്ടകൂടിനുമിടയിൽ പെട്ടു.
ഒരു നിമിഷം വേദനകൊണ്ടു ഞാൻ നിലവിളിച്ചു.
അടുത്തു നിന്ന ആരോ ഒരാൾ പിന്നിൽ നിന്നും സീറ്റ്‌ തള്ളി എന്റെ വിരലുകൾ പുറത്തെടുത്തു. ഞാൻ നന്ദിയോടെ അയാളെ നോക്കി. അപ്പോഴേക്കും ബസ്സ്‌ സ്കൂളിനു മുന്നിൽ എത്തിയിരുന്നു.
ബസ്സ്‌ ഇറങ്ങി .. ! സ്ക്കൂളിന്റെ ഗേറ്റ്‌ കടന്നു പോകുമ്പോൾ , ആദ്യ ബസ്സ്‌ യാത്രയുടെ വിശേഷങ്ങളുമായി ഒരു കൂട്ടം കുട്ടികൾ മുന്നേ നടന്നു പോകുന്നുണ്ടായിരുന്നു. നനവു പടർന്ന മിഴികളും ചുവന്നു തടിച്ചവിരലുകളുമായി പിന്നാലെ ഞാനും , എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.. ആദ്യ ബസ്സ്‌ യാത്രയുടെ സന്തോഷം
By: Suresh kishore

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot