നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ: ഗുരുദക്ഷിണ[അമൃത അരുൺ സാകേതം]


[സമർപ്പണം: ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചുവടുപിടിച്ച് എഴുതിയ ഈ കഥ.......കഥയിലെ ശിവമോഹന്.....ജീവപര്യന്തം ശിക്ഷയേറ്റുവാങ്ങി....ഇന്നും അതനുഭവിക്കുന്ന ബലിയാടിന്...... ]
--------------------------------------------
മാത്തൂരെ പോലീസ്റ്റേഷൻ്റെ മുന്നിലാണ് ബസ്സ് നിർത്തിയത്....പണ്ട് നാട്ടുകാർ കമുകും തടിയിൽ കെട്ടിപ്പൊക്കി ബസ്റ്റോപ്പെന്ന് ബോർഡ് വച്ചയിടത്തിന്ന് ഒരു കോൺക്രീറ്റ് മന്ദിരം.... പന്ത്രണ്ട് വർഷം കൊണ്ട് മാത്തൂർ ഒരുപാടു മാറിയിരിക്കുന്നു.... ശിവമോഹൻ ചുറ്റും നോക്കി....ബസ്റ്റോപ്പിനു മുന്നിലെ ദാമോദരേട്ടൻ്റെ പഴയ ചായക്കട ഇപ്പോൾ പുലരി ഹോട്ടലാണ്....അതിൻ്റെ മുറ്റത്ത് കൂട്ടുകാരുമായി ഒത്തുകൂടിയിരുന്ന ആൽത്തറയിൽ വെയിലടിക്കുന്നുണ്ട്..... ആൽമരം മുറിച്ചുമാറ്റിയിരിക്കുന്നു..... ശേഷിക്കുന്ന ആൽതടിയിൽ നിന്ന് നാമ്പിട്ടു നീളുന്ന തണ്ടൊരു തണൽമരമാകുമെന്ന പ്രതീക്ഷയിലാവാം.... ഇടിഞ്ഞുപൊളിഞ്ഞ തറ അവിടെ കാത്തുകിടപ്പുണ്ട്.... പോലീസ്റ്റേഷനൊക്കെ പുതുക്കി വലിയ കെട്ടിടമാക്കിയിരിക്കുന്നു...... അതിനുമുന്നിലൊരു ബോർഡും-'മാത്തൂർ ജനമൈത്രി പോലീസ്റ്റേഷൻ'. പോലീസുകാർക്ക് ജനങ്ങളോടുള്ള മൈത്രിയുടെ ഉത്തമ ഉദാഹരണമാണു താനെന്നകാര്യം ഓർത്തപ്പോൾ ശിവമോഹൻ്റെ മനസ്സ് പന്ത്രണ്ട്കൊല്ലം പിറകോട്ട് പാഞ്ഞു....
'ഈയാഴ്ച്ച ഇതു രണ്ടാമത്തെ മത്തെയാളാണ് മാത്തൂര്.....
രണ്ടും രാത്രി ഉറങ്ങിക്കിടന്നവർ.... '
-പന്ത്രണ്ട് വർഷം പിറകെയുള്ള ഷീറ്റ് മേഞ്ഞ ചായപ്പീടികയുടെ മുളയഴികൾക്കിടയിലൂടെ ദാമോദരേട്ടൻ വിളിച്ചു പറഞ്ഞു.
'ഇത്പ്പൊ മ്മളെ ടീച്ചറാണ്.........
രാത്രി കിടക്കാൻ മുറിലേക്ക് പോണേനും മുമ്പ്...ശാരദേട്ത്തി കണ്ടിരുന്നൂന്നാ കേട്ടത്...പിറ്റേന്ന് രാവിലെ അമ്മൻകാവില് തൊഴാൻ പൂവ്വാന്നും ചോദിച്ചൂത്രേ... പിന്നെങ്ങന്യാവും ഇത് സംഭവിച്ചത്? കാലത്ത് ശാരദേട്ത്തീടെ കരച്ചിലും വിളീം കേട്ട് ണീറ്റപ്പം അറിഞ്ഞത് ടീച്ചറ് തോട്ടും കരയിൽ മരിച്ചു കിടക്കണൂന്നാ...'
-നാസറിൻ്റെ ശബ്ദത്തിലെ വേദന എല്ലാരുടേയും കണ്ണു നനയിച്ചു.
മാത്തൂരിലെ പഴയ അംഗൻവാടിയിൽ ഒന്നരക്കൊല്ലം പഠിചതുകൊണ്ടാവാം... തുളസ്സി ടീച്ചറുടെ മരണം ശിവനേയും കൂട്ടുകാരേയും ഏറെ വേദനിപ്പിച്ചിരുന്നു...
ആദ്യമായി അക്ഷരം പറഞ്ഞു തന്ന സ്നേഹനിധിയായ അവരുടെ ഗുരു... ഉച്ച കഴിഞ്ഞ് ഉറക്കം കണ്ണിൽ തട്ടിയാലും ടീച്ചറടുത്ത് കിടന്നാലേ ഉറങ്ങൂന്ന് പറയുന്ന ശിവൻ്റെ പുറത്ത് താളത്തിൽ തട്ടി തഴപ്പായയിൽ ഇരിക്കുന്ന ടീച്ചറെ അവൻ തൻ്റെ അമ്മയോളം സ്നേഹിച്ചിരുന്നൂ....
അന്ന് ആൽത്തറയിലും അതു തന്നെയായിരുന്നു സംസാര വിഷയം. 'കൊലപാതകമാണത്രേ....അതും ശ്വാസം മുട്ടിച്ച്...പീഡനം നടന്നിട്ടുണ്ടെന്നും സംശയമുണ്ടെന്ന്...'
-വൈകുന്നേരം മെമ്പറു കുമാരേട്ടൻ പറഞ്ഞാണ് കൂടുതൽ വിവരം അറിഞ്ഞത്.
സംഗതി നേരായിരുന്നു... പിറ്റേന്നു പത്രവാർത്ത വന്നു- ആദ്യത്തേതുപോലെ ഇതും പീഡനത്തിനു ശേഷമാണ് കൊലപാതകം. ദേഹമാസകലം കത്തികൊണ്ട് വരഞ്ഞപാടുകളും വായയിൽ തിരുകിയ തുണി ടീച്ചറുടെ വീട്ടിലേതുതന്നെയെന്നു തിരിച്ചറിഞ്ഞതും ആദ്യത്തെ കൊലപാതകവുമായി ഇതിനുള്ള സാമ്യം വ്യക്തമാക്കി. ആദ്യത്തേത് 35 കാരി ഫാത്തിമയായിരുന്നെങ്കിൽ രണ്ടാമത്തേത് 68 കാരിയാണെന്നുമാത്രം....
ആറുമാസം മുൻപ് രണ്ടാമത്തെ മകളും വിവാഹം കഴിഞ്ഞ് പോയശേഷം ടീച്ചർ ഒറ്റക്കാണ് താമസം. ഫാത്തിമയുടെ വീട്ടിൽ ഏഴു വയസ്സായ മോളും ഭർത്താവിൻ്റെ ഉമ്മയും അടുത്ത റൂമിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം... അവരുടെ ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് ആളുകൾ പല കഥയും ഉണ്ടാക്കി... കഥകൾക്ക് പഞ്ഞമില്ലാത്ത നാടായിരുന്നു മാത്തൂർ...എന്നാൽ ടീച്ചറുടെ മരണത്തോടുകൂടി ആ കഥകൾ പോള്ളാണെന്ന് ആളുകൾക്ക് മനസ്സിലായി. രണ്ടും ഒരാൾ തന്നെയെന്നുറപ്പിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പലവഴിക്കു നടന്നിട്ടും കൊലപാതകിയിലേക്കു ചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താൻ പോലീസിനായില്ല.
രണ്ടുമരണത്തിൻ്റെ നടുക്കത്തിൽ നാടാകെ മൂകമായിരിക്കുമ്പോൾ അവിടുത്തെ ചെറുപ്പക്കാർ പിറ്റേന്നുതന്നേ ആൽത്തറയിലെ ചർച്ചയിൽ ചില തിരുമാനങ്ങൾ എടുത്തിരുന്നു.
'ഇതുചെയ്തവനാരാച്ചാലും കയ്യിൽ പെട്ടാൽ തീർക്കണം ജയാ മ്മക്ക്.....'
-ശിവൻ്റെ അഭിപ്രായം എല്ലാർക്കും സ്വീകാര്യമായിരുന്നു...
അവരവരുടെ ചുറ്റുവട്ടത്ത് കാര്യമായോരു റോന്തുചുറ്റലും നിരീക്ഷണവും കഴിഞ്ഞേ സംഭവത്തിൻ്റെ പിറ്റേന്നുമുതൽ ശിവനും കൂട്ടുകാരും ഉറങ്ങാൻ പോയിരുന്നുള്ളു.
ഒന്നു സംശയിക്കാൻപോലും ആരേയും കണ്ടുകിട്ടാത്തതിൽ അൽപം നിരാശയോടെ അവർ വീട്ടിലേക്ക് തിരിച്ച ഒരു രാത്രി..കൃത്യമായി പറഞ്ഞാൽ ടീച്ചറുടെ മരണത്തിൻ്റെ നാല്പത്തിയൊന്നാം നാൾ... ടീച്ചറുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ അതേ ദിവസം... വീട്ടിലേക്കുള്ള ഊടുവഴികയറി കുന്നുംപുറത്തെ എച്ച്മി അത്തേടെ വീട്ടിനുമുന്നിലെത്തിയപ്പോൾ ഏകദേശം ഇരുപതിരുപത്തഞ്ചടി ദൂരെയുള്ള അരക്കുംതൊടീലെ അമ്മൂട്ട്യമ്മേൻ്റെ വീടിൻ്റെ പിന്നാമ്പുറത്തേക്കാരോ മാറുന്നത് ശിവൻ കണ്ടു. ശബ്ദമുണ്ടാക്കാതെ അവനും അരക്കുംതോടീലേക്ക് കയറി...ഇടക്കിടക്ക് തെങ്ങുമാത്രമുള്ള ഒഴിഞ്ഞപറമ്പിലൂടെ തെങ്ങിൻ്റെ മറപറ്റി നടന്നു നടന്ന് കിണറ്റിൻ ചുവട്ടിൽ കുനിഞ്ഞിരുന്ന് ഏന്തി നോക്കിയപ്പോൾ അയാൾ അമ്മൂട്ട്യമ്മേൻ്റെ ജനലിൽ മെല്ലെ മുട്ടുന്നത് ശിവൻ കണ്ടു... ഇളംതിണ്ണേലേക്ക് പതിക്കുന്ന അരണ്ട നിലാവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമായി...ചാത്തൻ വേലു. കരിംചാത്തൻ കാവിലേക്ക് പോണവഴി വാസുകൈമളിൻ്റെ ഇടിഞ്ഞുപൊളിഞ്ഞ പീടികത്തിണ്ണയിലെ അന്തേവാസി.....നാട്ടിലെ പ്രധാന തോട്ടം പണിക്കാരൻ... കൂലിയായി കാശൊന്നും ചോദിച്ചുവാങ്ങില്ലായെങ്കിലും ഭക്ഷണം ചോദിച്ചുവാങ്ങും.
അയാളെപറ്റി ഒരുമിനിറ്റ് ചിന്തിച്ചപ്പോഴേക്കും അമ്മൂട്ട്യമ്മേൻ്റെ ശബ്ദം കേട്ടു....അവരു ജനലുതുറന്നു പുറത്തേക്കുനോക്കി-
'വേല്വോ...?...ഇയ്യെന്താ ഈ സമയത്ത്...'
'ശബ്ദം വക്കല്ലേ....ങ്ങളെ പറമ്പിലാരോ നിക്കുന്നു കുറച്ചേരായി...ഇത്പ്പോ ആദ്യായല്ല കാണ്ന്നേ....... ഇങ്ങളൊന്നിറങ്ങിവരി.... ഒരു ടോർച്ചും എടുത്തോളീ....,,,ഒരുവല്യതുണ്ടുതുണീം...'
-വേലു ശബ്ദം താഴ്ത്തിപ്പറഞ്ഞു
കൈയ്യിൽ ഒരു ചെറിയ ടോർച്ചും ഒരു തോർത്തും എടുത്ത് അമ്മൂട്ട്യമ്മ പിന്നിലെ വാതിൽ തുറന്ന് മുറ്റത്തിറങ്ങി.
'ആ തുണി തായോ?'
-വേലു ആ തുണി പിടിച്ചുവാങ്ങി.
'എവ്ടേ....എവ്ട്യാ കണ്ടേ....നീയ്യ്?
-അമ്മൂട്ട്യമ്മ പറമ്പിലേക്ക് കണ്ണോടിച്ചു.
പെട്ടന്ന് വേലു അവരുടെ വായ പിന്നിൽ നിന്നും പൊത്തി. കൈയ്യിലുള്ള തുണി അവരുടെ വായയിൽ കുത്തിത്തിരുകി.. കുതറിമാറാൻ നോക്കിയ അവരുടെ കൈ അരയിൽ കരുതിയ ചൂടിക്കയർ എടുത്ത് പിറകിലേക്കു കെട്ടാൻ നോക്കുമ്പോൾ തുളസ്സി ടീച്ചറുടെ തണുത്തു വിറങ്ങലിച്ച വായിൽ തുണിനിറച്ച് കൈ പിറകിലേക്ക് വരിഞ്ഞു കെട്ടിയനിലയിലുള്ള മൃതദേഹം ശിവനോർമ്മവന്നു....അയാളുടെ ലക്ഷ്യം വ്യക്തമായതോടെ അവൻ കിണറിൻ്റെ ആൾമതിലിനു പിന്നിൽ നിന്നവരുടെ മുന്നിലേക്ക് ചാടി... അപ്രതീക്ഷിതമായ ആക്രമണയായതുകൊണ്ടാവും അരയിലെ കത്തിയെടുക്കാനയാൾക്കു സമയം കിട്ടിയില്ല... അവർ തമ്മിൽ പിടിവലി നടക്കുന്നതിനിടയിൽ വായിൽ നിന്നും തുണി വലിച്ചൂരിയ അമ്മൂട്ട്യമ്മ ടോർച്ചുകൊണ്ട് വേലുവിൻ്റെ തലക്കടിച്ചു...
വേദനിച്ചു പുളഞ്ഞ അയാളെ തലങ്ങും വിലങ്ങും അടിച്ചു ചോദിച്ചപ്പോൾ ആയിഷയുടേയും ടീച്ചറുടേയും മരണചിത്രം ശിവനു വ്യക്തമായി. പിടിവലിയുടേയും കരച്ചിലിൻ്റെയും ശബ്ദം കേട്ട് അകത്തുനിന്ന് അമ്മൂട്ട്യമ്മയുടെ മകൾ ദേവു ഇറങ്ങിവന്നു... അവളൊന്നും മനസ്സിലാവാതെ മൂന്നുപേരേയും മാറി മാറി നോക്കി...
'നീ അമ്മേനേം കൂട്ടി അകത്തു കേറി വാതിലടച്ചു കെടന്നൊ....ഇവൻ്റെ കാര്യം ഞാൻ നോക്ക്യോളാം'
-ചാത്തൻവേലുവിൻ്റെ വായിൽ തോർത്തു തിരികി കേറ്റിക്കൊണ്ട് ശിവൻ പറഞ്ഞു.
പാതിബോധത്തിലായ അയാളെ ഇത്തിരി കഷ്ടപ്പെട്ട് ഊടുവഴിക്കപ്പുറത്തെ ഒഴിഞ്ഞ പറമ്പിലേക്ക് അവൻ വലിച്ചുകൊണ്ടുപോയി... അയാളുടെ അരയിലെ പിച്ചാത്തി ശിവന് ഉപകാരപ്പെട്ടു. വായിൽ തിരുകിയ തോർത്തുമുണ്ടും... ചൂടിക്കയർ കൊണ്ട് ബന്ധിച്ച കൈകളും, അറുത്തുമാറ്റപ്പെട്ട ജനനേന്ദ്രിയവും...ദേഹം മുഴുവൻ കത്തികൊണ്ട് വരഞ്ഞ പാടുകളുമായി അയാളവിടെ ചത്തുമലച്ചു....
ഉറങ്ങാൻ കിടന്ന ജയനേയും നാസറിനെയും വീട്ടിൽ ചെന്ന് വിളിച്ചെഴുന്നേൽപ്പിച്ച് നടന്നതെല്ലാം പറഞ്ഞപ്പോൾ അവരവനെ പോലീസ്റ്റേഷനിലേക്ക് പോകാൻ അനുവദിച്ചില്ല... കുറ്റബോധം തെല്ലും ഇല്ലായെങ്കിലും ഉള്ളിലൊരു ജീവനെടുത്തതിൻ്റെ പിടച്ചിൽ എത്ര ശ്രമിച്ചിട്ടും അടങ്ങാതെ വന്നപ്പോൾ അവരുടെ എതിർപ്പിനെ വകവക്കാതെ ശിവനോടി....പോലീസ്റ്റേഷനലിലേക്ക്.
'ഞാൻ അയാളെ കൊന്നു സാറേ....'
-ഓടി ഓടി പോലീസ്റ്റേഷൻ്റെ മുന്നിലെത്താനായതും ശിവനുറക്കെ വിളിച്ചു പറഞ്ഞു.
'ശിവ വേണ്ടടാ നീ രക്ഷപ്പെട്ടോ... ആരറിയാനാ...ഈ രാത്രിതന്നെ വണ്ടി കേറിക്കൊ.....'
-പിറകെ വന്ന ജയദേവനും നാസറും അവനെ പിടിച്ചു വച്ചു.
'നിങ്ങളിനി മുന്നോട്ടു വരണ്ടാ....നിരത്താൻ ന്യായമുണ്ടാവാം... എന്നാലും ഞാനോരു കൊലപാതകി അല്ലാതാവില്ല...'
-പോലീസ്റ്റേഷൻ്റെ പടികേറിപോകുമ്പോൾ പുറകെ കൂട്ടികാരില്ലെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി അവൻ തിരിഞ്ഞു നോക്കി.
പിറ്റേന്നു നേരം വെളുക്കുന്നവരെ CI മനോഹരൻ്റെ ചോദ്യം ചെയ്യലായിരുന്നു...
'ടീച്ചറുടേം ഫാത്തിമയുടേം കൊലപാതകിയെയാണു ഞാൻ കൊന്നത്'
-എത്ര തവണ ചോദിച്ചാലും അവനൊന്നേ പറയാനുണ്ടായിരുന്നുള്ളു...
'ചത്തോര് വന്ന് പറഞ്ഞോടാ ഇവനാണവരെ കൊന്നതെന്ന്... ഇനി ആണേലും നിയമം കൈയ്യിലെടുക്കാൻ നിനക്കാരാ അധികാരം തന്നത്?'
-CI മനോഹരൻ അലറി.
നാടിനെ നടുക്കിയ അടുത്ത കൊലപാതക വാർത്ത പിറ്റേന്നു പുറത്തുവന്നപ്പോൾ മറ്റു രണ്ടു മരണവുമായി ഇതിനുള്ള സാമ്യം ചോദ്യം ചെയ്യപ്പെട്ടു... നിയമപാലകരുടെ ചുണ്ടിലൊരു ചിരി വിടർന്നു.....ഒരു ബലിയാടിനെ കിട്ടിയ നിഗൂഢ സന്തോഷം.
പത്രവാർത്തയറിഞ്ഞ് ഒരിക്കൽ ശിവൻ കസ്റ്റടിയിലുള്ളപ്പോൾ അമ്മൂട്ട്യമ്മ സ്റ്റേഷനിൽ ചെന്നു. C I യോട് അന്നുരാത്രി നടന്നതെല്ലാം അവർ സംസാരിച്ചെന്ന് നാട്ടുകാരനായ ഹെഡ്കോൺസ്റ്റബിൾ രാജൻ പറഞ്ഞ് ശിവനറിഞ്ഞു...
തങ്ങളുടെ കഴിവുകേടു പുറത്തറിയിക്കാതെ മൂന്നു കൊലപാതകവും ശിവൻ്റെ തലയിൽ വച്ചുകെട്ടി അന്വേഷണം അവസാനിപ്പിക്കാൻ C I മനോഹരനും സംഘവും മുന്നേ തിരുമാനമെടുത്തിരുന്നു.
സാക്ഷിക്കൂട്ടിലേക്കുള്ള അമ്മൂട്ട്യമ്മേന്റെ വരവും കാത്ത് പ്രതീക്ഷയോടെ ശിവൻ പ്രതിക്കൂട്ടിൽ നിന്നു... മൂന്നാം വട്ടം പേരുചൊല്ലി വിളിച്ചിട്ടും അമ്മൂട്ട്യമ്മയെ കണ്ടില്ല. ചാത്തൻ വേലു കൊലപാതക കേസിൽ ശിവൻ്റെ കുറ്റ സമ്മതത്തോട് മറ്റു രണ്ട് കൊലപാതകവും ചേർത്ത് വച്ചുകെട്ടി തയ്യാറാക്കിയ FIR നു മുകളിൽ വിധിവന്നു... ജീവപര്യന്തം. പതിനാലാം വർഷം ജയിൽ മോചിതനായെങ്കിലും നാട്ടുകാരുടെ ജീവപര്യന്തം ജീവനുള്ള കാലത്തോളമാണെന്ന് നാട്ടിലെത്തിയപ്പോൾ ശിവനറിഞ്ഞു. അമ്മ ചേർത്തുപിടിച്ചു കരഞ്ഞെങ്കിലും മുഖം തിരിച്ചു നിന്ന ഏട്ടനേയും കുടുംബത്തേയും മുഷിപ്പിക്കാതെ മടങ്ങുമ്പോൾ ജയനും നാസറും മറ്റു കൂട്ടുകാരേയും കൂട്ടി കാണാൻ വന്നു.... കുടുംബമായി താമസിക്കുന്ന അവരുടെ വീട്ടിലേക്ക് പോവാതെ അവൻ മനപൂർവ്വം ഒഴിഞ്ഞുമാറി. തിരിച്ചുപോകുന്നവഴി അരക്കുംപറമ്പിലെ വീട്ടുമുറ്റത്ത്...അമ്മൂട്ട്യമ്മ വെയിൽ കായുന്നുണ്ടായിരുന്നു...
'മോനേ...ശിവാ....'
-അരക്കുംപറമ്പിലെ പടിവാതിലിനു മുന്നിലെത്തിയപ്പോൾ കുറച്ചുനേരം സൂക്ഷിച്ചു നോക്കി അവരു വിറക്കുന്ന ശബ്ദത്തിൽ ശിവനെ വിളിച്ചു....
'അതയാളൊന്നും അല്ല'
-ശബ്ദം കേട്ടിറങ്ങി വന്ന ദേവൂ ഉറക്കെ പറയുന്നതു കേട്ട് പടിക്കലേക്കു കയറാൻ നിന്ന ശിവൻ ചുവടു തിരിച്ചു.... പുറത്തെ വെയിലിനേക്കാൾ ചൂട് അമ്മൂട്ട്യമ്മയുടെ മനസ്സിലാണെന്ന്.... അവരുടെ ശബ്ദം അവനോട് പറഞ്ഞു.
നേരം സന്ധ്യയായിരുന്നെങ്കിൽ....
ഇരുട്ട് ചിലപ്പോളെങ്കിലും ഒരനുഗ്രഹമാണ്. അതുവരെ ഒറ്റക്കിരിക്കാൻ അവൻ നടന്നു..... തോട്ടും കരയിലേക്ക്.... അവിടെ മൺ തിട്ടയിൽ തുളസ്സി ടീച്ചറിൻ്റെ മൃതദേഹം കിടന്നിടത്ത് ശിവൻ ഇരുന്നു... ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച....ആ കൈ അവനെ അപ്പോൾ തലോടുന്നുണ്ടെന്ന് അവന് തോന്നി....ഒപ്പം വളരെ വൈകി കിട്ടിയ ഗുരുദക്ഷിണ അല്പം നോവോടെ ഏറ്റുവാങ്ങിയ ഒരാത്മാവിൻ്റെ വിങ്ങലും....
നേരം ഇരുട്ടിയപ്പോൾ എന്നെന്നേക്കുമായി നാടിനോട് വിട പറയാൻ ശിവൻ കവലയിലേക്ക് നടന്നു.... പിൻവിളിയോടെ പിറകെ രണ്ടാത്മാക്കളും.
ബസ്സിൽ കയറി ഇരുന്ന് ജീവിച്ച് കൊതിതീരാത്ത..... വർഷങ്ങൾക്കു മുന്നേ ഉപേക്ഷിക്കേണ്ടിവന്ന തൻ്റെ നാടിനെ വേദനയോടെ നോക്കുമ്പോൾ ആ ബോർഡവിടെ എടുപ്പോടെ നിൽക്കുന്നുണ്ടായിരുന്നു....ജനമൈത്രി പോലീസ്സ്റ്റേഷൻ, മാത്തൂർ.

By അമൃത അരുൺ സാകേതം

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot