Slider

സ്വപ്നാടകയുടെ നീതി

0

മൊബൈലെടുത്തു മീറ്റ് ചെയ്യാമെന്ന് പറഞ്ഞ സമയവും സ്ഥലവും അത് തന്നെയാണെന്ന് ഉറപ്പുവരുത്തി അവൻ കാറിൽ നിന്നിറങ്ങി. സർപ്പക്കാകാവിനുള്ളിലേക്കു പ്രവേശിക്കുന്ന ഗേറ്റു തുറക്കാനായി അവന്റെ കൈ ആ ഇരുമ്പുഗേറ്റിൽ സ്പർശിച്ചതും തുരുമ്പെടുത്തു പഴകി ദ്രവിച്ച ആ ഗേറ്റ് വലിയ ശബ്ദത്തോടെ നിലം പതിച്ചതും ഒരുമിച്ചായിരുന്നു. അവൻ പതുക്കെ ആ കാവിനുള്ളിലേക്കു നടന്നു. അടുത്തെങ്ങും ജനവാസമുള്ളതിന്റെ ലക്ഷണം കാണാനില്ല.
ഇടതൂർന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ കാരണമാവാം പകലായിരുന്നിട്ടും സൂര്യകിരണങ്ങൾ കാവിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നത്. ആരൊക്കെയോ അല്ലെങ്കിൽ എന്തൊക്കെയോ തന്നെ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി. കണ്ണുകൾ
ഇരുട്ടുമായി പരിചിതമായപ്പോൾ കാവിന് കുറുകെയുള്ള ഒറ്റയടിപ്പാത തെളിഞ്ഞു വന്നു. അവൻ ആ വഴിയിലൂടെ മുന്നോട്ട് നടന്നു.
പെട്ടെന്നാണ് തന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന രണ്ടു തീക്ഷ്ണമായ കണ്ണുകൾ അവൻ കണ്ടത് ...
ഉടൻ അവൻ തിരിഞ്ഞു ആ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു പെൺകുട്ടിയാണ്. ഹുഡ് ഉള്ള ഒരു ജാക്കറ്റ് കൊണ്ട് തലവഴി മൂടിയത് കാരണം മുഖം ശരിയ്ക്ക് കാണുന്നില്ല.
"ഞാ...ഞാൻ...രാഹുൽ....നിങ്ങളാരാ....നിങ്ങളാണോ എന്നെ വിളിച്ചത്... നിങ്ങൾക്കെന്താ വേണ്ടത്?"
"നീതി. നീതിയാണ് വേണ്ടത്. എനിക്കല്ല ഏതാനും മാസം മുൻപ് മദ്യലഹരിയിലായിരുന്ന നിന്റെ കാറിന്റെ അടിയിൽപെട്ടു പിടഞ്ഞു തീർന്ന ഒരു ജീവന്, അന്ന് അനാഥമായ ഒരു കുടുംബത്തിന്.അവർക്കാണ് നീതി വേണ്ടത്?"
അപ്രതീക്ഷതമായ അവളുടെ മറുപടിയിൽ അവൻ നടുങ്ങിപോയി
"അതിനു നിങ്ങളാരാ?"
"തീ. നാട്ടിലെ നിയമങ്ങളെ പണം വാരിയെറിഞ്ഞു നോക്കുകുത്തികളാക്കുന്നവരെ ദഹിപ്പിക്കുന്ന അഗ്നി. ഇന്ന് നിന്റെ ഊഴമാണ് രാഹുൽ മേനോൻ. ഒരുങ്ങികൊള്ളൂ നീതിയുടെ ദംശനത്തിനായി.."
രാഹുൽ മേനോൻ? ആരാണയാൾ? അയാൾക്കെന്താണ് സംഭവിച്ചത്?
ഹോ വല്ലാത്തൊരു സ്വപ്നം.
ആ കണ്ണുകൾ! ആ ശബ്ദം. എന്റേതായിരുന്നില്ലേ?
വല്ലാതെ വിയർക്കുന്നു. നെഞ്ചാണെങ്കിൽ ഉറക്കെ പെരുമ്പറ കൊട്ടുകയാണ്‌. ഉറക്കെ കരഞ്ഞിരുന്നോ? അറിയില്ല. റൂംമേറ്റ് വീട്ടിൽ പോയിരിക്കുകയാണ്. കരഞ്ഞാൽ തന്നെ ആരും കേട്ടിട്ടുണ്ടാവില്ല.
ടി.വി യിൽ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കറന്റ് പോയപ്പോൾ ഒന്ന് മയങ്ങി പോയതാണ്.ഭാഗ്യത്തിന് കറന്റ് വന്നിട്ടുണ്ട്. ഫാൻ ഓൺ ചെയ്തു, കുറെ വെള്ളവും കുടിച്ചപ്പോൾ ഒരാശ്വാസമായി. വല്ലാത്ത ക്ഷീണം. പതിവില്ലാതെ പകലുറങ്ങിയത് കൊണ്ടാവും. ഇനി ഡോക്ടറെ കാണുമ്പോൾ പറയണം ഈ പകലുറക്കത്തെ പറ്റി.
കീർ’തീ'
“എന്താണെടോ ഇത്? ഹൊറർ സിനിമയുടെ തിരക്കഥയോ?" തന്റെ കയ്യിലിരുന്ന ഫയൽ അടച്ചു കൊണ്ട് എസ്. പി. തോമസ് ജോൺ ചോദിച്ചു.
“അല്ല സർ. ഒരു ഡ്രീം ജേർണൽ ആണ്. കഴിഞ്ഞ ആഴ്ചയിൽ ആത്മഹത്യ ചെയ്ത കീർത്തന വാരിയർ എന്ന പെൺകുട്ടിയുടേതാണ്. ആ കുട്ടിയുടെ ആത്മഹത്യാകുറിപ്പിലും പിന്നീട് മരണമൊഴിയിലും ഇത് പോലീസിനെ ഏൽപ്പിക്കണം എന്നു പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണിത് നമ്മുടെ കയ്യിലെത്തിയത്." സി.ഐ പ്രകാശ് അറിയിച്ചു.
ഒരാഴ്ചത്തെ അവധിയെടുത്തു കുടുംബവീട്ടിലേക്കു പോന്ന എസ്. പി. യുടെ സ്വീകരണമുറിയിലായിരുന്നു അവർ. സർവീസിൽ നിന്ന് വിരമിക്കാനുള്ള ശേഷിച്ച ഒരു വർഷം വലിയ പ്രശ്നങ്ങളില്ലാതെ പോകാനുള്ള ശ്രമത്തിലാണ് തോമസ് ജോൺ. അതുകാരണം ഓഫീസിലുള്ളതിനേക്കാൾ സമയം അദ്ദേഹം നാട്ടിൻപുറത്തുള്ള ഈ ചെറിയ വീട്ടിലായിരിക്കും.
"ഒരു മാനസികരോഗിയുടെ ഡയറി വായിക്കനാണോ അവധിയിലുള്ള എന്നെ അത്യാവശ്യമായി കാണണം എന്നു താൻ പറഞ്ഞത്? തനിക്കു കുടിക്കാനെന്താ വേണ്ടത്?"
"ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ കൊള്ളാം.സർ, ആ എന്ററിയുടെ തീയതി ശ്രദ്ധിച്ചോ? അന്നാണ് രാഹുൽ മേനോൻ നഗരത്തിൽ നിന്ന് അകലെയല്ലാതെ ഒരു സർപ്പക്കാവിൽ പാമ്പുകടിയേറ്റു മരിച്ചത്. അന്ന് അയാൾ മരിച്ച ശേഷം അയാളുടെ മൊബൈലിൽ നിന്ന് അയച്ച മെസ്സേജ് കാരണമാണ് ബോഡി അന്നുതന്നെ കിട്ടിയത്. അത് ആര് അയച്ചു എന്നൊരു സംശയം അന്നുണ്ടായിരുന്നു. അതിനുള്ള ഉത്തരമാണ് ആ ഡയറി. കീർത്തനയുടെ ഫിംഗർപ്രിന്റ് ആയിരുന്നു ആ ഫോണിൽ ഉണ്ടായത്."
"രാഹുൽ മേനോൻ, ആ ഹിറ്റ് ആൻഡ് റൺ കേസിലെ പ്രതി? ഇവളാണോ അവനെ കൊന്നത്?"
"സാക്ഷികളെല്ലാം കാലുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ ഹിറ്റ് അൻഡ് റൺ കേസിൽ കോടതി അവനെ വെറുതെ വിടുകയായിരുന്നു. പാമ്പുകടിയേറ്റു തന്നെയാണവൻ മരിക്കുന്നത്. പക്ഷെ അവനെ അവിടെ എത്തിച്ചതും മരണം പോലീസിൽ അറിയിച്ചതും കീർത്തനയാണ്. അതിനിടയിൽ എന്ത് സംഭവിച്ചു എന്നു അന്വേഷിക്കുന്നു. ആ ഡയറിയിൽ പറഞ്ഞത് പോലെ ഭീകരമൊന്നുമല്ല കാവ്. കീർത്തനയുടെ മാനസികവിഭ്രാന്തി കൊണ്ട് തോന്നിയതാവാം. രാഹുലിന്റെ മരണത്തിന് താനാണ് കാരണമായത് എന്ന തിരിച്ചറിവാണ് ആ കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം ."
"അച്ഛനമ്മമാരുടെൽ കാശുണ്ടേൽ ഇന്നത്തെ കുട്ടികൾക്ക് എന്തുമാവാം എന്നായിരിക്കുന്നു അല്ലെടോ?"
"സർ, ഈ ഡയറിയിൽ അധികവും ഒരു മാനസികരോഗിയുടെ ജാർഗൺ ആണ്. അങ്ങനെയല്ലാത്ത ആറു എൻട്രികളാണുള്ളത്. അതിൽ അവസാനത്തേത് ആണ് രാഹുലിന്റെ മരണം. മറ്റു കുറിപ്പുകളിലെ തിയ്യതികളും അസ്വാഭാവിക മരണങ്ങളുമായി ഞങ്ങൾ ഒന്ന് ഒത്തു നോക്കി. ആ ദിവസങ്ങളിലെല്ലാം ഓരോ മരണങ്ങൾ നടന്നിട്ടുണ്ട്. അവിടെയെല്ലാം കീർത്തനയുടെ പ്രെസെൻസും പ്രൂവ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അഞ്ചെണ്ണത്തിൽ, രണ്ടെണ്ണം ആത്മഹത്യയും ഒരെണ്ണം അപകടമരണവുമായി ക്ലോസ് ചെയ്തതാണ്. മറ്റു രണ്ടെണ്ണം തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളും. എല്ലാ മരണങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. പണം കൊണ്ടോ സ്വാധീനം ഉപയോഗിച്ചോ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടവരാണ് ആറ് പേരും.”
“ആകെ പണിയായല്ലോടോ? ഇനി ആ കേസൊക്കെ വീണ്ടും തുറക്കണ്ടേ, പുനരന്വേഷണത്തിനു. കോർട്ടിൽ നിന്നും ഓർഡർ വാങ്ങണം, വീട്ടുകാരെ അറിയിക്കണം. അല്ലെ?”
“കോർട്ടിൽ നിന്നും ഓർഡർ ആയിട്ടുണ്ട് സർ. റിലേറ്റീവ്‌സിനെ അറിയിച്ചു തുടങ്ങി.”
"പിന്നെന്തിനാടോ താനിപ്പോ ഓടിപെടച്ചു എന്നെ കാണാൻ വന്നത്? നിങ്ങൾ തന്നെ എല്ലാം ഭംഗിയായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ടല്ലോ? ഞാനെന്തായലും ഒരു ഡ്രിങ്ക് എടുക്കാൻ പോകുന്നു.തനിക്കു വേണോ?"
"വേണ്ട സർ. സാറിന്റെ വൈഫ് ഇവിടില്ലേ?"
"പുറത്തു പോയതാണ്. മകളുടെ മരണത്തോടെ ആകെ മാറി, ഞങ്ങൾ രണ്ടു പേരും. അവൾ ജോലി രാജി വയ്ച്ചു ഭക്തിയും സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇവിടെ അടുത്തൊരു ഓർഫനേജിൽ പോയിരിക്കുകയാണ്. ഇപ്പോൾ വരും."
കയ്യിലെ ഗ്ലാസ് കോഫി ടേബിളിൽ വച്ച് പ്രകാശിനു അഭിമുഖമായി എസ്. പി. സോഫായിൽ ഇരുന്നു.
"താനെന്താ പറഞ്ഞുവന്നത്? കിട്ടേണ്ട ശിക്ഷ തന്നെയാണ് മരിച്ചവർക്കു കിട്ടിയതെന്നാണോ?"
"പക്ഷെ വിക്‌ടിംസിന്റെ വീട്ടുകാർക്ക് അങ്ങനെ കരുതാനാവുമോ എന്നറിയില്ല. സാറിനോട് കുറച്ചു ഡീറ്റൈലായിട്ടു തന്നെ പറയാനുണ്ട്."
"പ്രകാശ് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് തനിക്കു സാധാരണ കാണാത്ത ഒരു വീർപ്പുമുട്ടൽ. എന്നതാടോ പ്രശ്നം? താൻ കാര്യം പറ."
"സാർ, തന്റെ കണ്മുന്പിലിട്ടു സ്വന്തം സഹോദരനെ വെട്ടികൊലപ്പെടുത്തുന്നത് കണ്ടപ്പോഴാണ് ആദ്യമായി കീർത്തനയുടെ മാനസിക നില തെറ്റുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം. ആകെയുള്ള ദൃക്‌സാക്ഷിക്കു വിചാരണ നേരിടാൻ കഴിയാത്തതു കൊണ്ട് ആ കേസിലെ പ്രതികൾ രക്ഷപ്പെട്ടു. കീർത്തനക്കു വർഷങ്ങളുടെ ചികിത്സാ വേണ്ടിവന്നു. സഹോദരന്റെ മരണത്തിന്റെ ഓർമകളിൽ നിന്നൊരു മോചനം , അതിനായി ഒരു പറിച്ചുനടൽ കൂടിയായിരുന്നു ബാംഗ്ലൂരിലെ പഠനം.അവിടെ വച്ചാണ് ഈ ജേർണൽ എഴുതിതുടങ്ങുന്നതു, രണ്ടു വർഷം മുമ്പ്. ആയിടക്കാണ് അതെ കോളേജിൽ പഠിച്ചിരുന്ന ഒരു തമിഴ് പെൺകുട്ടി ക്രൂരമായ റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെടുന്നത്. സാറിനറിയാവുന്ന കേസ് ആണ്.
" അതെ. ആ കേസിലെ പ്രതികൾ ഇപ്പോഴും ജയിലിലല്ലേ? അതുമായി ഈ കുട്ടിക്കെന്താ ബന്ധം?"
"അന്ന് മരിച്ച പെൺകുട്ടിയെ കോളേജ് ഹോസ്റ്റലിൽ നിന്നും ആ പയ്യന്മാരുടെ അടുത്തേക്ക് എത്തിച്ചത് അവരുടെ ക്ലാസ്സ്‌മേറ്റ്സ് ആണ്. രണ്ടു മലയാളി പെൺകുട്ടികൾ. കേസിന്റെ തുടക്കത്തിൽ അവരുടെ പേരും പ്രതിസ്ഥാനത്തുണ്ടായിരുന്നു. പിന്നെ ഡ്രോപ്പ് ചെയ്യപ്പെട്ടു. അതായിരുന്നിരിക്കണം അടുത്ത ട്രിഗർ. അതിലൊരു പെൺകുട്ടി പിന്നീട് ആത്മഹത്യാ ചെയ്തു. പക്ഷേ അത് ഒരു കൊലപാതമാണെന്നതിനുള്ള തെളിവുണ്ട് ആ ഡയറിയിൽ. കീർത്തനയുടെ ആദ്യത്തെ വിക്‌ടിം. മറ്റേ കുട്ടി രേഷ്മ തോമസ് ....."
സോഫായിൽ നിന്നും ചാടിയെണീറ്റ എസ്‌. പി. പ്രകാശന് നേരെ ചെന്ന്.
"എന്താ താൻപറഞ്ഞു വരുന്നത്? എന്റെ മോളെ പറ്റിയാണോ........"
"സാർ ഞാൻ പറയുന്നത് മുഴുവനും ക്ഷമയോടെ കേൾക്കണം."
ശാന്തത കൈവിടാതെ സർക്കിൾ തുടർന്നു.
"പറഞ്ഞു വന്നത് സാറിന്റെ മകളെ പറ്റി തന്നെയാണ്. നമ്മളെല്ലാം കരുതുന്ന പോലെ മോളുടെ മരണം ഒരു അപകടമല്ല. അവളെ ലേഡീസ്‌ ഹോസ്റ്റലിന്റെ ടെറസ്സിൽനിന്നും മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു. കീർത്തനയുടെ അടുത്ത ഇര."
കേട്ടത് വിശ്വസിക്കാനാവാതെ തോമസ് ജോൺ വീണ്ടും സോഫായിലേക്കിരുന്നു.
"സത്യമാണോടോ ഇത്? എന്റെ കുട്ടിയെ കൊന്നതാണോ?"
"രേഷ്‌മ തോമസ് എന്ന സാറിന്റെ മകളുടെ കേസും റീഓപ്പൺ ചെയ്യുകയാണ്. അത് സാറിനെ ഔദ്യോദികമായി അറിയിക്കാനാണ് ഞാൻ വന്നത്. അതായിരുന്നു സാർ നേരത്തെ പറഞ്ഞ വീർപ്പുമുട്ടലിന്റെ കാരണം. ഇതെങ്ങനെയാ സാറിനോട് പറയേണ്ടതെന്നറിയില്ലായിരുന്നു."
അൽപ നേരത്തേക്ക് ഒന്നും പറയാനാവാതെ ആ അച്ഛൻ തളർന്നിരുന്നു. പിന്നെ ടേബിളിലെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തു.
"അന്ന് മകളെ തിരുത്താതെ പപ്പയുടെ അമിത വാത്സല്യം കാണിച്ചു ആ കേസിൽ നിന്നും എന്റെ മോളെ രക്ഷിച്ചെടുത്തത് ഒരു ഭ്രാന്തിക്ക് കൊല്ലാനായിരുന്നോ? അവൾ ജയിലിൽ കിടക്കുന്നതു കാണാൻ കഴിയാത്തതു കൊണ്ടല്ലേ ഞാൻ.....അന്നങ്ങിനെ ചെയ്തില്ലായിന്നെങ്കിൽ ജയിലിലാണെങ്കിലും എന്റെ കുട്ടി ജീവനോടെ ഇരുന്നേനെ, അല്ലേടോ?"
"സാർ ഞാൻ ...." പ്രകാശ് അയാളെ ആശ്വസിപ്പിക്കാൻ വാക്കുകൾക്കു തിരഞ്ഞു.
"പ്രകാശ്, താൻ തന്റെ ഡ്യൂട്ടി ചെയ്തു. ഇനി തനിക്കു പോകാം. ഞാനിവിടെ ഒറ്റക്കിരുന്നോട്ടെ കുറച്ചു നേരം."
"സാറിന്റെ ഭാര്യ വരുന്നതു വരെ ഞാൻ വേണമെങ്കിൽ?"
"വേണ്ട. അവളൊന്നും അറിയണ്ട. താങ്ങില്ലവൾക്കു. പ്രകാശ് പൊയ്ക്കോളൂ. അവൾ വരുന്നതു വരെയെങ്കിലും ഞാനൊന്നു തനിച്ചിരുന്നോട്ടെ. ഒന്ന് പൊട്ടികരഞ്ഞോട്ടെ. പ്ളീസ്."
പിന്നെ അവിടെ നില്ക്കാൻ പ്രകാശിന് കഴിഞ്ഞില്ല. എത്രയും പെട്ടന്ന് ആ അച്ഛന്റെ മുന്നിൽ നിന്ന് പോയാൽ മതിയെന്നായി. തകർന്നിരിക്കുന്ന തന്റെ സീനിയർ ഓഫീസർക്ക്‌ ഒരു സല്യൂട്ട് നൽകി അയാൾ ആ വീട്ടിൽ നിന്നിറങ്ങി.
അയാളുടെ ജീപ്പ് ഗേറ്റ് കടന്നതിനു പിന്നാലെ സർവീസ് റിവോൾവറിലെ ബുള്ളറ്റിന്റെ സഹായത്താൽ ഒരച്ഛനും യാത്ര തുടങ്ങിയിരുന്നു.തന്റെ മകളുടെ ആത്മാവിനെ തേടി ഒരു യാത്ര.
By: Hidy Rose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo