ഒരു ദിവസം കണ്ണാടിയിൽ നോക്കി മുഖം മിനുക്കുമ്പോഴാണ് കണ്ടത്... ഒരു കുഞ്ഞ് കുരു.. കാര്യമാക്കിയില്ല... പൗഡർ ഇട്ട് നല്ലോണമങ്ങ് മൂടി.പിറ്റേന്ന് നോക്കിയപ്പോൾ നല്ലവണ്ണം വലുതായിരിക്കുന്നു... മാത്രവുമല്ല വേറെയും രണ്ട് മൂന്ന് കുഞ്ഞി കുരുക്കൾ അങ്ങിങ്ങായി മുളച്ചിരിക്കുന്നു... ഉമ്മാ.... അലറി വിളിച്ച് അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ച് കൊടുത്തു... എന്താടി എസവാനത്തി... അനെറെ ആരേലും ചത്തോ.. പെണ്ണിന്റെ ഒരു നൊലോളി... ഉമ്മൻ മുട്ടൻ കലിപ്പിലാണ്.... മുഖക്കുരു സംഭവം പറഞ്ഞപ്പോൾ ചിരിയായി... ഇത്താത്തേം ചിരിയോട് ചിരി... ഉപ്പ ഗൾഫിലായത് ഭാഗ്യം.
ബസ്സിൽ കയറുമ്പോൾ കിളിക്ക് ആക്കിയ ഒരു ചിരി... പ്രേമക്കുരു ആണോന്ന്... അലവലാതിയെ ഞാൻ നോട്ടമിട്ടതായിരുന്നു .. അവന്റെ ഒരു തട്ടലും മുട്ടലും... എല്ലാം കൂടി ചേർത്ത് നന്നായിട്ടങ്ങ് പറഞ്ഞ് കൊടുത്തു. ആൾക്കാർടെ ഇടയിൽ ഓൻ ചമ്മി നാറി. എല്ലാം കഴിഞ്ഞപ്പോൾ ക്രിസ്ത്യൻ കോളേജിൽ പഠിക്കണ ചേച്ചി പറയാ നന്നായി മോളേന്ന്.
ക്ലാസിലെത്തിയിട്ടും സമാധാനം ആയില്ല. പലരും കളിയാക്കി. അവസാനം കൂട്ടുകാരി ഷൈജയാ പറഞ്ഞത് ആകാശ പേരേടെ ഇല അരച്ച് പുരട്ടിയാൽ മതിയെന്ന്. അത് കിട്ടാൻ കുന്നിൻ മുകളിലുള്ള ഓളുടെ വീട്ടിലും പോയി. തിരിച്ച് വരുന്ന വഴിക്കാണ് ആ സംഭവം ഉണ്ടായത്.
കുന്നിൽ നിന്ന് താഴേക്ക് വെട്ടിയ വഴിയിലൂടെ ആടിപ്പാടി വരിക ആയിരുന്നു. അപ്പളാ അവനെ കണ്ടത്. പ്ലസ് ടു ന് പഠിക്കുന്ന റിയാസിക്ക.റിയാസിക്ക പാടണത് കേക്കണം.. എന്റെ സാറേ... മറ്റൊന്നും കേൾക്കാൻ പറ്റൂല. പക്ഷേ.. ഒടുക്കത്തെ ജാഡയാ... നമ്മളെയൊന്നും മൈൻഡൂല മൂപ്പർ. അടുത്തെത്തിയപ്പോൾ ഞാൻ വെറുതെയൊന്ന് മുഖം പൊക്കി നോക്കി. അന്നാദ്യായിട് പഹയൻ ചിരിച്ചോണ്ട് പറയാ.. നിനക്ക് മുഖക്കുരു നല്ല മൊഞ്ചാണല്ലോന്ന്..... ആകാശ പേരയും വലിച്ചെറിഞ്ഞ് ഒരു ഓട്ടമായിരുന്നു... വീട്ടിൽ എത്തി കണ്ണാടി നോക്കി പറഞ്ഞു.. എന്റെ പുന്നാര മുഖക്കുരുവേ... ഉമ്മ......
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക