Slider

വിശുദ്ധപാപികള്‍ നമ്മള്‍

0

ഓര്‍മ്മകളിലൊരു കാലമിതോര്‍ത്തെടുക്കാം,
ഇല്ലായിരുന്നു ഭാവഭേദങ്ങളന്യരല്ലായിരുന്നു
നമ്മള്‍ പരസ്പരമുണ്ടായിരുന്നു നോവില്‍
നീറുന്നൊരു മനം നിനക്കുമെനിക്കുമൊന്നുപോല്‍!
വേണ്ടായിരുന്നു വേലികള്‍ നമുക്കിടയിലില്ലാ-
യിരുന്നതിരുകള്‍, കാവലായിരുന്നു നിനക്കു
ഞാന്‍, വ്രണിതനാക്കിയില്ല നീയെന്നെയും...!
ഇല്ലെന്‍റെ വീട്ടിലുണ്ടെങ്കില്‍ പശി നിനക്കും
നിന്നമ്മ വേവിച്ചതൊക്കെയും പ്രിയമായിരുന്നെനിക്കും
പിന്നെങ്ങിനെ മറന്നുപോയ്‌ നമ്മള്‍ പരസ്പരം
ബദ്ധവൈരികളായ് കണ്ടാലറിയാത്തവരായ്...!
നമ്മളറിയാചങ്ങാത്തങ്ങളിലേക്കു ദിശതിരിഞ്ഞു
നടന്നു നമ്മെയറിയാത്തവര്‍ക്കൊ പ്പം ചമഞ്ഞു,
നമ്മളവര്‍ ചൊല്ലിയ വൈരം വീതിച്ചെടുത്തു,
വാള്‍ത്തല നന്നായ് മൂര്‍ച്ചയേ റ്റിയെടുത്തു, വാക്ക്-
പോരില്‍ വിഷംതേച്ചയമ്പുകള്‍ കരുതിവച്ചു,
വാശിയോടെപ്പോര്‍വിളിച്ചു...!
വിഷംചീറ്റുന്നു ചിന്തകളില്‍ വാക്കുകളില്‍,
വകതിരിവില്ലാത്ത വകതിരിവുകളില്‍
വിദ്വേഷം കൊണ്ടു നിറംചാര്‍ത്തു ന്നു നേരല്ലാതെ
ചിരിക്കുന്നു, നേരായ് നടിക്കുന്നു....!
പതിരില്ലാചൊല്ലിനാലെ പറഞ്ഞവാക്കുകളില്‍
പാഷാണം പുരട്ടുന്നു പലരൂപത്തില്‍, ഭാവത്തില്‍
വില്‍ക്കുന്നമൃതെന്നു ചൊല്ലുന്നു...!
വിഷം വാങ്ങിഭുജിക്കുന്നു, വിശപ്പുമാറിയെന്നു
നടിക്കുന്നു, വൈകൃതംതന്നെയെങ്ങു പാര്‍ക്കി ലും...!
ഇല്ലായിരുന്നു തമ്മില്‍ ഭേദങ്ങള്‍ നമ്മില്‍,
എന്‍റെതായിരുന്നു സോദരിയെങ്കിലെന്ത്
നീയുമവള്‍ക്കാങ്ങളതന്നെയെന്നു
നേരായുണ്ടായിരുന്നൊരുകാലം....,!!!
ലക്ഷ്യമറിയാത്ത യാത്രകള്‍ക്ക്
വഴികാട്ടികളായെത്തിയവര്‍ അശാന്തിയുടെ
കാവലാളരവരുടെ ചൊല്ലുകളില്‍ ചരിതങ്ങളി-
തിഹാസങ്ങള്‍ മാറ്റിയെഴുതിപ്പഠിച്ചു മഹിതങ്ങലളാം
പൈതൃകങ്ങളെപ്പരിഹസിച്ചവര്‍ നമ്മള്‍......!!!
ഉണ്ടായിരുന്നു സൌഹൃദങ്ങള്‍, കൂട്ടായ്മകള്‍,
അയല്പയക്കങ്ങളും, കല്യാണവും, കാതുകുത്തും
നമ്മളൊന്നായ് കൊണ്ടാടിയാണ്ടറുതികളു-
മുത്സവങ്ങളും, പിന്നെങ്ങിനെ തുലഞ്ഞു
പോയ്‌ നമ്മിലെ നന്മയും, സൗഹൃദങ്ങളും...?!
ജാതി, മതഭേദങ്ങളില്‍ ജാഗ്രതയുള്ളോര്‍
ജാത്യാലുള്ള നന്മയെ തുരത്തിയോര്‍, കണക്കുചോല്ലേ-
ണ്ടിവരും കൂട്ടുകാരാ, കാലത്തിന്‍ കോടതിയില്‍
ശിരസ്സുതാഴ്ത്തി നില്ക്കും നമ്മള്‍.....!
വിശുദ്ധപാപികള്‍ നമ്മള്‍ കാംക്ഷിക്കും
സ്വര്‍ഗ്ഗങ്ങളിലേക്കുണ്ടോ കുറുക്കുവഴികള്‍,
കൂടെപ്പിറന്നവര്‍ നമ്മള്‍, കൂടിക്കഴിഞ്ഞാലെന്തു
ചേതം ചൊല്ലുനീ ചങ്ങാതി..?!
വേണ്ട നമുക്കിടയിലാഴക്കിടങ്ങുകള്‍
എങ്ങിനെയോ വന്നുപോയ
വിടവുകള്‍ക്കിടയിലൊഴുകും ലാവാ പ്രവാഹങ്ങളില്‍
തണുത്ത കാറ്റു വീശട്ടെ, കരിമ്പാറപോലുറക്കും
സ്നേഹക്കരുതലുകളില്‍ സൌഹൃദസായാഹ്നങ്ങളില്‍
നല്‍ക്കഥകളും, മനസ്സുകുളിര്‍ക്കും
പാട്ടുകളുമായൊത്തു കൂടാം, മറക്കാം, പൊറുക്കാം,
മറന്നുപോയോരാ മന്ദഹാസത്തെ വരവേല്‍ക്കാം ...!

by: 
Unni Kt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo