Showing posts with label Ashraf Themaliparambil. Show all posts
Showing posts with label Ashraf Themaliparambil. Show all posts

മൃണാളിനി I Ashraf Themaliparambil

  "ഞാൻ പോവുകയാണ്.. അമ്മയെന്ന നിലയിൽ ഞാനെന്റെ കടമകൾ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു.
അന്വേഷിച്ച് വരരുത്..
വാശി പിടിച്ച് എന്നെ കണ്ടെത്തിയാൽ നിങ്ങൾക്ക് തിരികെ കൊണ്ടുവരാനാവുന്നത് എന്റെ മൃതശരീരം മാത്രമായിരിക്കും !
എന്ന് മൃണാളിനി."
ഹരിയേട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് വെറും ഒമ്പതാം നാൾ പുലർച്ചെ ഈ കത്തെഴുതി വെച്ച് അമ്മ പോയി. തനിക്കു മാത്രമറിയാവുന്ന ഒരു ലോകത്തിലേക്ക്. തന്റേതു മാത്രമായ ഏതോ ഒരിടത്തേക്ക്. തന്റെ കുറച്ച് വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമെടുത്ത്.
അച്ഛനെ ഉപേക്ഷിച്ച്.. എന്നേയും ചേച്ചിയേയും വേണ്ടെന്ന് വച്ച്.. സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചിരുന്ന ചേച്ചിയുടെ രണ്ടു വയസ്സുകാരൻ അപ്പൂസിനെ പോലും കണ്ടില്ലെന്ന് നടിച്ച്.. മറ്റൊരു കുഞ്ഞിനെപ്പോലെ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീടും തൊടികളും അനാഥമാക്കി..!
ഏഴു വർഷം പഴക്കമുള്ള ആ എഴുത്തിലെ അക്ഷരങ്ങൾ പല വട്ടം വായിച്ച് മനഃപ്പാഠമായതാണ്. എങ്കിലും ഇന്നത്തെയീ യാത്രക്കിടയിലും കണ്ണുകൾ നനയിച്ചു കൊണ്ട് കുനുകുനെ കോറിയിട്ട ആ വരികൾ ഓർമ്മയിലെത്തുന്നു. അന്നെത്ര അവിശ്വസനീയമായിട്ടാണ് ദേവു എന്ന് എല്ലാവരും വിളിച്ചിരുന്ന ഞങ്ങളുടെ അമ്മ മൃണാളിനിയായി, ഒരപരിചിതയേപ്പോലെ പടി കടന്നു പോയത് !
കാരിരുമ്പിന്റെ കരുത്തു ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന അച്ഛൻ സദാശിവൻ നായർ എന്ന അമ്പത്തിരണ്ടു വയസ്സുകാരൻ അന്നു മേശയിൽ ആഞ്ഞൊരടിയോടെ അതു സ്വീകരിച്ചു. പിന്നെ എരണം കെട്ടവൾ പത്തു നാൾ കഴിഞ്ഞ് തിരികെ വരുമെന്ന് ആക്രോശിച്ച് പുച്ഛിച്ച് തള്ളി. കരഞ്ഞ് തളർന്ന് നിന്ന എന്നോടും പകച്ച് സ്തബ്ദനായി നിന്ന ഹരിയേട്ടനോടും കൂടി പറഞ്ഞു..
"ഹും.. അന്വോഷിച്ച് വരുമത്രേ.. എന്റെ പട്ടി വരും..!"
അതെ.. അത്ര നിസ്സാരമായി അച്ഛൻ അന്നതു നേരിട്ടു. അന്നും പതിവുപോലെ ഒരുങ്ങി പത്തു മണി ആയപ്പോൾ തന്റെ ജ്വലറിയിലേക്ക് പോയി. രാത്രി പത്തു മണിക്ക് തിരികെയെത്തി പതിവുപോലെ തനിക്കു ഇഷ്ട്ടപ്പെട്ട മദ്യം അല്പം കഴിച്ച് അത്താഴമുണ്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അച്ഛൻ അന്നു പറഞ്ഞേൽപിച്ചിരുന്ന ഒരു സ്ത്രീ വന്നു പാചകവും മറ്റു പണികളും തുടങ്ങി. പിന്നേയും കരച്ചിലോടെ നിന്ന എന്നോടും ചേച്ചിയോടും അച്ഛൻ പറഞ്ഞു " പുകഞ്ഞ കൊള്ളി പുറത്ത്. മറന്നു കള.."
എങ്ങിനെ മറക്കും ഞങ്ങൾ ? അതും രണ്ടു പെൺമക്കൾ ! അച്ഛനറിയാതെ ഭർത്താക്കന്മാരോടൊപ്പം രഹസ്യമായി അന്വേഷിക്കുക തന്നെ ചെയ്തു. അമ്മയുടെ ബന്ധു വീടുകളിൽ, അല്പമെങ്കിലും അടുപ്പം പുലർത്തിയിരുന്ന കൂട്ടുകാരികളുടെ വീടുകളിൽ, അമ്പലങ്ങളിൽ, അഗതി മന്ദിരങ്ങളിൽ..! നിരാശയായിരുന്നു ഫലം. ഒരു സൂചനയും തരാതെ.. ഒരെഴുത്തോ വിളിയോ ഇല്ലാതെ അമ്മ എവിടേയോ മറഞ്ഞിരുന്നു.
അമ്മ പറഞ്ഞിരുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ പോലും ഓർമ്മ വന്നു. അമ്മയുടെ വാക്കുകളെല്ലാം തമാശയായിക്കണ്ട് തള്ളിക്കളഞ്ഞതോർത്ത് കരഞ്ഞു. വൈകി വീടെത്തുമ്പോൾ കാത്തു നിന്നിരുന്ന അമ്മയെ ശ്രദ്ദിക്കാതെ മൊബൈലിലേക്ക് തല പൂഴ്ത്തിയിരുന്ന നിമിഷങ്ങളെ ശപിച്ചു. നിശബ്ദയായി തന്റെ കടമകൾ ഒരു വേലക്കാരിയേപ്പോലെ ചെയ്തു കൊണ്ടിരുന്ന അമ്മയെ ഓർത്ത് അച്ഛനും നീറിതുടങ്ങിയിരുന്നെന്ന് തോന്നുന്നു.
ഹരിയേട്ടനേയും വീട്ടുകാരേയും ഓർത്ത് എനിക്കും ചേച്ചിക്കും പേടി തോന്നിയിരുന്നു. കല്യാണം കഴിഞ്ഞ് വെറും രണ്ടാഴ്ചക്കുള്ളിൽ അമ്മായിയമ്മ വീടു വിട്ടു പോവുക ! രഹസ്യമായി ആളുകൾ എന്തെല്ലാം പറഞ്ഞീട്ടുണ്ടാകും ! പക്ഷേ പക്വതയോടെ ഹരിയേട്ടൻ ഞങ്ങളെ സാന്ത്വനിപ്പിച്ചു.
"മനുഷ്യരുടെ ഉള്ളിന്റെയുള്ളിൽ അവർ അറിയാതെയെങ്കിലും പ്രണയിച്ച് കൊണ്ട് നടക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട്. ചിലർക്ക് സംഗീതം... ചിലർക്ക് സ്പോർട്സ്.. ചിലർക്ക് സമ്പത്ത്.. ചിലർക്ക് യാത്രകൾ . എത്ര ശ്രമിച്ചാലും അതിനുമപ്പുറം ഒരാളേയും പ്രണയിക്കാൻ അവർക്കാവില്ല.. ദമ്പതികൾക്കിടയിൽ പോലും ഇങ്ങനെ ചില ഒരേ ഇഷ്ട്ടങ്ങളാൽ ബന്ധിക്കപ്പെട്ടീട്ടില്ലങ്കിൽ യഥാർത്ഥ പ്രണയമുണ്ടാവില്ല ! പ്രണയിക്കുന്നു എന്ന അഭിനയമല്ലാതെ..! ഒരേ വഞ്ചിയിലിരുന്നു കൊണ്ട് വേറേ വേറേ തീരങ്ങളിലേക്ക് അവർ മനസ്സു കൊണ്ട് തുഴയും.."
അതെ.. ശരിയാണ് ഹരിയേട്ടൻ പറഞ്ഞത്. ചെറുപ്പത്തിൽ എന്നുമെന്നും അച്ഛനുമമ്മയും വഴക്കായിരുന്നു. വലിയ വീടും സമ്പാദ്യങ്ങളും സുഖ സൗകര്യങ്ങളും മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യങ്ങൾ. അമ്മയാവട്ടെ പുസ്തകങ്ങളുടേയും യാത്രകളുടേയും പിറകേ..! വ്യക്തിപരമായി നോക്കിയാൽ വളരെ നല്ലവർ.. പക്ഷേ കൂട്ടു കൂടിയപ്പോൾ ഒരേ കൂട്ടിലകപ്പെട്ട കീരിയും പാമ്പുമായി. ഒടുവിൽ അച്ഛൻ വിജയിച്ചു എന്നു തോന്നുന്നു. മൗനത്തിന്റെ.. നിസംഗതയുടെ തുരുത്തിലേക്ക് അമ്മ പതുക്കെ ചേക്കേറി. അതോ ഈ ഒഴിഞ്ഞു പോക്ക് എന്ന തീരുമാനത്തിലേക്കോ..?
അമ്മ പോയിട്ട് ആഴ്ചകൾ പിന്നെ മാസങ്ങളായി.. മാസങ്ങൾ വർഷങ്ങളായി.. ചേച്ചിയുടെ മോൻ അപ്പൂസിനു കൂട്ടായി അമ്മു കൂടിയെത്തി. എനിക്കും ഹരിയേട്ടനും ദൈവം ഒരു മോളേ തന്നു. അമ്മയുടെ പേരായ ദേവൂ എന്ന് ഞങ്ങളെല്ലാവരും അവളെ വിളിച്ചപ്പോൾ അച്ഛൻ മാത്രം മാളൂ എന്നവളെ വിളിച്ചു. ഒരു ജ്വലറി കൂടി തുടങ്ങി.. ദിവസങ്ങൾ കുറച്ചു കൂടെ തിരക്കുള്ളതായി. പുറമേക്ക് എല്ലാം സാധാരണ പോലെ കടന്നു പോയ്കൊണ്ടിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതത്തിന്റെ കാതൽ ചിതലെടുത്തു തുടങ്ങിയ പോലെ ആയിരുന്നു.
ഞാനും ചേച്ചിയും ഇടക്കിടെ മാറി മാറി വന്നു നിന്നെങ്കിലും അച്ഛൻ കൂടുതലും ഒറ്റക്കായി. മുൻപു വീട്ടിൽ മുഴങ്ങിയിരുന്ന ആ അട്ടഹാസവും ചിരിയും കേൾക്കാതെ ആയി. വീട്ടിൽ ഓടിക്കളിച്ചിരുന്ന കുറിഞ്ഞിപ്പൂച്ചയും മക്കളും എങ്ങോ പോയി. എന്നും പൂത്തു നിന്നിരുന്ന നന്ത്യാർവട്ടവും റോസാചെടികളും ഉണങ്ങി തുടങ്ങി. മാറി മാറി വന്ന പണിക്കാരി ചേച്ചിമാർ എത്ര വൃത്തിയാക്കിയിട്ടും വീട് ജീവനറ്റു നിറം മങ്ങിക്കിടന്നു.
ഭർത്താവും മക്കളുമൊക്കെയായി ഞാനും ചേച്ചിയും കുറേയൊക്കെ പിടിച്ചു നിന്നപ്പോൾ അച്ഛനായിരുന്നു തളർന്നു തുടങ്ങിയത്. സംസാരമെല്ലാം കുറഞ്ഞ്, ചിരിയുടെ തിളക്കം കുറഞ്ഞ്, വസ്ത്രങ്ങളുടെ നിറം കുറഞ്ഞ്.. എന്നിട്ടും വാശി വിട്ടില്ല. അന്വേഷിച്ചു പോകാൻ ഒരാളെയും സമ്മതിച്ചുമില്ല. ഒരു പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തില്ല. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും ക്ഷീണിച്ച്. ക്ഷീണിച്ച്..! മുടിയെല്ലാം പെട്ടെന്ന് നരച്ച് ഒരു വൃദ്ധനായ്..!
ആദ്യം ഒരു ജ്വലറി വിറ്റു. പിന്നെ അടുത്തത്. ഇടക്ക് ഞങ്ങൾ രണ്ടു പേരുടേയും വീടുകളിൽ വന്നു നിന്നു. അമ്പലങ്ങളിലും മറ്റും ഇടക്ക് യാത്രകൾ പോയി. പിന്നെ ഒടുവിൽ മുറിക്ക് പുറത്ത് വരാൻ പോലും താത്പര്യമില്ലാതെ തനിയെ ആ വലിയ വീട്ടിൽ. അറുപതു വയസ്സാവുന്നതിനു മുമ്പേ തന്നെ ഒരെൺപതുകാരനെപ്പോലെ !
കഴിഞ്ഞ ആഴ്ച ആയിരുന്നു ആ വാർത്ത കണ്ടത്. തന്റെ ആദ്യ നോവലിന് തന്നെ അക്കാദമി പുരസ്കാരം നേടിയ മൃണാളിനി എന്ന പുതിയ എഴുത്തുകാരിയെക്കുറിച്ച്. വെറുതെ ഒരു കൗതുകത്തിന് ഒന്ന് തിരഞ്ഞു. അവരെ ആരും നേരിട്ടു കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ ആകാംഷയായി. ഒടുവിൽ പത്രത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരിയെക്കൊണ്ട് അന്വേഷിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അമ്മ തന്നെ..!
ബാംഗ്ളൂരിലെ ഒരു മികച്ച വിദ്യാലയത്തിലെ അഡ്രസ്സാണ് കിട്ടിയത്. അമ്മ അധ്യാപികയോ ? ഇനിയും കാണാതിരിക്കാനാവില്ല. ഡൽഹിയിലുള്ള ചേച്ചിയെ വിളിച്ചു പറഞ്ഞു. ഹരിയേട്ടനേയും കൊണ്ട് അമ്മയെ കാണാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ അച്ഛനും വരണമെന്ന്. നിശബ്ദരായിരിക്കുന്ന മൂന്ന് യാത്രക്കാർ. ഇനിയിപ്പോ അവിടെയെത്താൻ ഏതാനും മണിക്കൂറുകളും.
ഒടുവിൽ വലിയ മരങ്ങൾ വളർന്നു നില്ക്കുന്ന മനോഹരമായ ആ ക്യാംപസിനുള്ളിലേക്ക്. രാവിലെ എട്ടു മണി ആവുന്നേ ഒള്ളൂ.. ഒത്തിരി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം അധ്യാപകർ താമസിക്കുന്ന ഭാഗത്തെ ആ വീടിന്റെ അഡ്രസ്സ് കിട്ടി. ആ പടിക്കൽ കാറെത്തുമ്പോഴേക്കും നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
അച്ഛനോട് തത്ക്കാലം കാറിലിരിക്കാൻ പറഞ്ഞ് ഞാനും ഹരിയേട്ടനും ബെല്ലടിച്ച് കാത്തു നിന്നു. വന്നു വാതിൽ തുറന്ന അമ്മ ഒന്നു ഞെട്ടിയോ ? ഒരു നിമിഷം നിന്ന്.. ഒരു ദീർഘശ്വാസം ഒതുക്കി ഒരു ഭാവ വിത്യാസമില്ലാതെ പറഞ്ഞു.
" ആ.. നീയോ..? വരൂ.. വരൂ ഹരീ.. അകത്തേക്ക് വരൂ.. ഇരിക്കൂ.."
എഴു വർഷങ്ങൾക്ക് ശേഷം കാണുന്ന മകളോട് ഇങ്ങിനെ പെരുമാറാൻ എങ്ങിനെ കഴിയുന്നു! പരസ്പരം ഒന്ന് മുഖം നോക്കി ഞാനും ഹരിയും അകത്തു കടന്നിരുന്നു.
"യാത്ര സുഖമായിരുന്നോ..?"
എത്ര ഔപചാരികതയോടെയാണ് അമ്മ ചോദിക്കുന്നത്! ഹരിയാണ് അതെ എന്നു പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ ഞാൻ അമ്മയെയും ആ വീടും നോക്കിയിരുന്നു. അമ്മ ഒന്നു കൂടെ വണ്ണം വെച്ചിരിക്കുന്നു. അല്പം നര ഉണ്ടെങ്കിലും കണ്ണട വച്ച ആ മുഖത്തിന് ഭംഗി കൂടിയീട്ടേ ഉള്ളൂ. ചെറുതെങ്കിലും വൃത്തിയുള്ള മനോഹരമായ വീട്.
ഹരിക്കും അമ്മക്കുമിടയിൽ നടന്ന കുറേ സംസാരങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.
"ഞാൻ ചായയെടുക്കാം.. " എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെക്കൂടി. പോകുന്ന വഴി ബെഡ് റൂമിലെ ടേബിളിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന അച്ഛന്റേയും എന്റേയും ചേച്ചിയുടേയും ചിത്രം ! അപ്പോൾ അമ്മ മറന്നിട്ടില്ല..
ഇപ്പോഴും വെറും പരിചയക്കാരേപ്പോലെ അമ്മ നില്ക്കുന്നതു കണ്ട് എനിക്ക് സങ്കടം വന്നു.
"എന്താ അമ്മേ ഇങ്ങനെയൊക്കെ ? അമ്മക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ ആവാൻ കഴിയുന്നു.?"
ഒന്നു തിരിഞ്ഞു നോക്കി ചെറുതായി ചിരിച്ച് അമ്മ തിളക്കാറായ പാലിലേക്ക് നോക്കി നിന്നു.
"പറയു അമ്മേ.. ആ പാവം ദേവുവിന് എങ്ങിനെ മൃണാളിനി ആയി മാറാൻ കഴിഞ്ഞു ? ഞങ്ങളെ ഒന്നു കാണണമെന്ന് അമ്മക്ക് തോന്നിയില്ലേ.."
തേയില ഇട്ട് .. അല്പം കഴിഞ്ഞ് സ്റ്റൗവ് ഓഫ് ചെയ്തു തല ചെരിച്ച് എന്നെ നോക്കി അമ്മ പറഞ്ഞു..
"ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന മൃണാളിനി എന്ന പെൺകുട്ടിയെ നിന്റെ അച്ഛനാണ് മാറ്റിയത്. വിളിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പേരു പോലും മാറ്റി ! മേൽവിലാസം നഷ്ട്ടപെട്ട.. സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെട്ട ഞാൻ നമ്മുടെ വീട്ടിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്.
നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കു വേണ്ടി മാത്രമാണ് ദേവുവായി ഞാൻ ജീവിച്ചത്. അഭിനയിച്ചു മടുത്തപ്പോൾ ഞാൻ എന്നിലേക്ക് മടങ്ങി വന്നു. അത്രയേ ഉള്ളു..!"
എനിക്ക് കേട്ടു നില്ക്കാനേ ആയുള്ളു.. ഗ്‌ളാസുകളിൽ ചായയെടുത്ത് ട്രേയിൽ വച്ച് ഹരിക്കടുത്തേക്ക് നടക്കുമ്പോൾ അമ്മ തുടർന്നു..
"ഇവിടെ വന്നു പഠിത്തം പൂർത്തിയാക്കി. പിന്നെ ഇഷ്ട്ട ജോലിയായ അധ്യാപികയായി. ഇടക്കിടക്ക് ഒരു പാട് യാത്രകൾ ചെയ്തു. ഒത്തിരി വായിച്ചു. പിന്നെ എഴുതാനും തുടങ്ങി. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.. നിങ്ങളും സന്തോഷമായിട്ടിരിക്കൂ.. "
ചായ നല്കിയീട്ട് അമ്മ ജോലിക്ക് പോകാൻ തയ്യാറാവുന്നതു പോലെ തോന്നി. ഞാൻ ഹരിയേട്ടനെ ഒന്നു നോക്കി അമ്മയോട് പറഞ്ഞു.
"അച്ഛന് ഒന്ന് കാണണമെന്നുണ്ട്. പുറത്തുണ്ട്. വിളിച്ചോട്ടെ ഞാൻ ?"
"അതിനെന്താ.. വിളിക്കൂ..!"
ഒരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു.
ഹരിയേട്ടൻ പോയി അച്ഛനെ വിളിച്ചു കൊണ്ടു വന്നു. തലേ രാത്രിയിലെ യാത്രാ ക്ഷീണം കൂടി ആയപ്പോൾ അച്ഛന് ശരിക്കു വയ്യാത്തതു പോലെ തോന്നി.
അച്ഛനെ കണ്ടപ്പോൾ അമ്മ ഒന്നു ഞെട്ടിയതുപോലെ തോന്നി. എങ്കിലും പറഞ്ഞു.
"ഇരിക്കൂ.. ചായ കഴിക്കൂ.."
ഒന്നു ചിരിച്ചെന്ന് വരുത്താൻ പാടുപെട്ട് നിശ്ശബ്ദനായിരുന്ന് അച്ഛൻ ചായ കുടിച്ചു. പിന്നീട് ആരെങ്കിലും എന്തെങ്കിലും പറയും മുൻപ് അമ്മ പറഞ്ഞു.
"എനിക്ക് ജോലിക്ക് പോകേണ്ട നേരമായി.."
" ഉം.. ഞങ്ങളിറങ്ങുകയാണ്."
അമ്മയെ ഇനിയും ബുദ്ധി മുട്ടിക്കേണ്ടെന്ന് എനിക്ക് തോന്നി. നമ്മെ വേണ്ടാത്തവരെ നമ്മൾ ശല്യപ്പെടുത്തരുതല്ലോ !
ഞങ്ങൾ മൂന്നു പേരും എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴും അമ്മ ചെറു പുഞ്ചിരിയോടെ നിന്നു. കാറിൽ കയറുന്നതിന് തൊട്ടു മുമ്പ് അച്ചൻ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ എന്തോ ഓർത്തെന്ന വണ്ണം ചോദിച്ചു.
"എനിക്ക് കുറച്ചു ദിവസങ്ങൾ ഇവിടെ താമസിക്കണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ....."
അമ്മയുടെ കണ്ണുകൾ നിറഞ്ഞു അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴേക്കുരുണ്ടു. ചുണ്ടുകൾ ഒന്നു വിതുമ്പി.
"അതിനെന്താ.. തീർച്ചയായും നില്ക്കാം.. എവിടേയോ വായിച്ചതു പോലെ ഈ ഏകാന്തത എപ്പോഴും മനോഹരം തന്നെയാണ്. പക്ഷേ അതൊന്നു പറയുവാൻ ആരെങ്കിലുമൊന്നു വേണം !!
അഷ്റഫ്

മൃണാളിനി (കഥ )

Best of Nallezhuth - No 7 -

------Written by അഷ്‌റഫ് തേമാലിപ്പറമ്പിൽ 

ഒറ്റക്കായവർ (കഥ)

Image may contain: 1 person, smiling, beard
. -------------******-----------
'' വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോണം... അല്ലാതിങ്ങിനെ വേഷം കെട്ടു കാണിക്കുകയല്ല വേണ്ടത് !''
ദേഷ്യം ഇരച്ചു കയറി വന്നുവെങ്കിലും ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ പറയാതിരിക്കാനായില്ലാ...
''രേഷ്മാ.. മൈൻഡ് യുവർ വേഡ്സ്.. അമ്മ മന:പൂർവ്വം ചെയ്തതല്ലല്ലോ ''
ഇരുന്നു കൊണ്ടു തന്നെ ഡൈനിങ്ങ് ചെയറവൾ പുറകിലേക്ക് തള്ളി.. പിന്നീടെന്നെ തറപ്പിച്ചു നോക്കി ഉച്ചത്തിൽ അലറി.
"ഗോ റ്റു ഹെൽ.. ഞാനിങ്ങനെയൊക്കെത്തന്നെ പറയും.. മൂന്നു ദിവസം മുമ്പേ നല്ലൊരു പ്ളേറ്റും എടുത്തു പൊട്ടിച്ചു..!"
എന്താണിനി ചെയ്യേണ്ടതെന്നറിയാതെ അമ്മ ഇപ്പോഴും നിന്നു വിറക്കുകയാണ്. ദോശക്കൊപ്പം ഞങ്ങൾക്കു കഴിക്കാനുള്ള ചട്നി വിളമ്പുമ്പോൾ ആ കൈയൊന്നു വിറച്ച് ഒരല്പം രേഷ്മയുടെ പുതിയ സാരിയിലേക്ക് വീണതാണ് പ്രശ്നം. എന്റെ കഷ്ടകാലമെന്നു പറഞ്ഞാൽ മതിയല്ലോ. കാരണം..ഒരു കല്യാണത്തിന് പോകാൻ നന്നായൊരുങ്ങി കാറിൽ കയറാൻ തുടങ്ങിയവളെ ഞാനാണ് കഴിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞ് നിർബന്ധിച്ചത്. അമ്മ പുലർച്ചേ എഴുന്നേറ്റ് ഉണ്ടാക്കുന്നതാണ് ഇതൊക്കെ.. കല്യാണ വീട്ടിലേക്കാണെങ്കിൽ നല്ല ദൂരവുമുണ്ട്. അവിടെത്തുമ്പോഴേക്കും പന്ത്രണ്ട് മണി ആവുകയും ചെയ്യും.
അമ്മ ഒരു ടവൽ എടുത്തു കൊണ്ടു വന്നു. വിറക്കുന്ന ആ വലതു കൈ കൊണ്ടു തന്നെ സാരിയിൽ പറ്റിയ ചട്നി തുടച്ചു കളയാൻ നോക്കി.
അതവളുടെ ദേഷ്യം കൂട്ടിയേ ഉള്ളൂ..
"ഒന്നു പോണുണ്ടോ.. ഇനീം വെച്ചു തേക്കാതെ... "
രേഷ്മ മുറിയിൽ കയറി വാതിലടച്ചു. ഒരു കാരണം കിട്ടാൻ കാത്തു നിന്നതു പോലെയായിരുന്നു അവൾ. എന്റെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും എന്തെങ്കിലും ആവശ്യങ്ങൾക്കു പോകാൻ അവൾക്ക് എപ്പോഴും താത്പര്യമുണ്ടാവാറില്ല. ഇനിയിപ്പോ എങ്ങിനെയാണ് അവളെയൊന്ന് അനുനയിപ്പിക്കുന്നത് ? മനസ്സില്ലാ മനസ്സോടെ ഞാൻ ദോശ കഴിക്കൽ തുടർന്നു. അതിനിടക്ക് അമ്മയെ കടക്കണ്ണാൽ ഒന്നു പാളി നോക്കി. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു. എനിക്കെന്തോ പോലെ തോന്നി. അമ്മക്കെന്താ ശരിക്കും വയ്യേ ? നാലഞ്ചു ദിവസമായി പാത്രങ്ങൾ വീഴുന്നതിന്റേയും കറികൾ തെറിപ്പിക്കുന്നതിന്റേയുമൊക്കെ പരാതികൾ കേൾക്കുന്നു.
"അമ്മേ... ഒന്നു റെഡി ആയേ... അവൾ പറഞ്ഞതു ശരിയാ..നമുക്കേതായാലും ഇന്നൊന്നു ഹോസ്പിറ്റലിൽ പോവാം"
"അയ്യോ... എന്തിന്..? വേണ്ട..വേണ്ടാ..ഇതിപ്പോ എന്തോ ചെറിയ ക്ഷീണമാണ്. രണ്ടൂസം കഴിഞ്ഞ് മാറിക്കൊളും."
" അതു പറ്റില്ലമ്മാ.. ഇപ്പോത്തന്നെ പോകണം.. കുറേ നാളായില്ലേ ഒരു ചെക്കപ്പ് ഒക്കെ നടത്തീട്ട്..!"
ഒരു കുറ്റബോധം എന്റെ മനസ്സിലുമുണ്ട്. അഞ്ചാറു മാസം മുമ്പ് ഡോക്ടറെഴുതിയ മരുന്നുകൾ ഒരു വഴിപാട് പോലെ വാങ്ങിക്കൊണ്ടുവരുമെന്നല്ലാതെ മറ്റൊന്നും ഞാനീയിടെ ശ്രദ്ധിക്കാറേയില്ലാ. മാസത്തിലൊരിക്കലെങ്കിലും കൊണ്ടു പോയി കാണിക്കണമെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നതുമാണ്.
"അമ്മാ... ഇന്ന് പോയ പറ്റൂ.. ഞാനേതായാലും ലീവ് എടുത്തിട്ടുമുണ്ട്."
"അതൊന്നുമില്ലാ... നിങ്ങളു രണ്ടാളും കൂടിയാ കല്യാണത്തിനു തന്നെ പോ.. അവളല്‌പം കഴിഞ്ഞു വരും"
പിന്നേയും കുറേ നിർബന്ധിക്കേണ്ടി വന്നു അമ്മയെ ഒന്നു സമ്മതിപ്പിക്കാൻ. വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് രേഷ്മയുടെ മുറിയിൽ മുട്ടി വിളിച്ചു. അമ്മയേയും കൊണ്ടു ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞു. അവളുടെ മറുപടികൾ രണ്ടു മൂളലിലൊതുങ്ങി. ഞാൻ കാറെടുത്തു. ഒരു പാട് നാളുകൾക്ക് ശേഷം അമ്മ എനിക്കൊപ്പം മുൻ സീറ്റിലിരുന്നു.
അമ്മയെ മുമ്പു കാണിച്ചിരുന്ന ഹോസ്പിറ്റലിലേക്കു തന്നെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ബുക്ക് ചെയ്തിട്ടൊന്നുമില്ല. ഒന്നു വിളിച്ചാലോ ? കൈവിറയലൊക്കെ വന്നതല്ലേ.. ന്യൂറോളജി ഡോക്ടറെക്കൂടി ഒന്നു കണ്ടേക്കാം. ഡ്രൈവിങ്ങിനിടക്കു തന്നെ ബ്ളൂടൂത്ത് ഹെഡ് ഫോൺ കണക്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ആ ഡോക്ടർ എത്തുമ്പോൾ മൂന്നു മണിയാവുമത്രെ. ഇപ്പോൾ സമയം പത്തു മണി ആയേ ഉള്ളൂ.. വീട്ടിൽ നിന്നിറങ്ങി പത്തു കിലോമീറ്ററുകളോളം ആവുകയും ചെയ്തു. ഇനിയിപ്പോ എന്തു ചെയ്യും ? കാറിന്റെ വേഗം കുറച്ചു ഞാനമ്മയെ നോക്കി. ഒരു കുഞ്ഞിന്റെ കൗതുകത്തോടെ അമ്മ ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണയക്കുകയാണ്. അറിയാതെ എന്നിലൊരു സന്തോഷം നിറഞ്ഞു. പെട്ടെന്നാണ് അമ്മ ചോദിച്ചത്..
" നിനക്കോർമ്മയുണ്ടോ ഈ വഴിയൊക്കെ ?"
ഈ വഴികളിൽ എന്തോർക്കാനാണ് ? ആ ഹോസ്പിറ്റലിലേക്കു പോകാൻ വേണ്ടി മാത്രം വല്ലപ്പോഴും യാത്ര ചെയ്യുന്ന റോഡ്. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
''ചെറുപ്പത്തിലു കെ. കെ മേനോൻ ബസ്സിലു ഏറ്റവും മുമ്പിലു പോയി നിക്കാൻ വാശി പിടിച്ചതൊക്കെ മറന്നാ നീയ്...?''
ഞാനറിയാതെ ചിരിച്ചു പോയി.. ശരിയാണ്.. പണ്ട് രണ്ടാഴ്ചയിലൊരിക്കലെങ്കിലും അമ്മവീട്ടിലേക്കു പോയിരുന്ന വഴിയാണിത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളിലെ വഴികൾ. കുറച്ചു കൂടി ചെന്നു വലത്തോട്ട് തിരിഞ്ഞ് നാലഞ്ചു കിലോമീറ്ററുകൾ പോയാൽ അമ്മയുടെ നാടായി. ഞാനെട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാവണം അമ്മാവൻ ബാംഗ്ളൂർ തന്നെ സ്ഥിരതാമസമായത്. അതിനു ശേഷം ആരും പോകാറില്ല അങ്ങോട്ട്. ഞാനൊരു നെടുവീർപ്പിട്ടു. നമുക്ക് പ്രിയപ്പെട്ടതായിരുന്ന എത്രയെത്ര ഇടങ്ങളും ആളുകളുമാണ് വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് അപരിചിതമാകുന്നത്.
"അമ്മ രാവിലെ എന്തെങ്കിലും കഴിച്ചിരുന്നോ ? ''
''ഇനിയിപ്പോ ഉച്ചക്ക് കഴിക്കാം.. സാരമില്ലാ..''
ആഹാ.. രാവിലത്തെ ബഹളത്തിനിടയിൽ അമ്മ ദോശ കഴിക്കാൻ മറന്നിരിക്കുന്നു. ഏതെങ്കിലും നല്ലൊരു ഹോട്ടലിനായ് എന്റെ കണ്ണുകൾ പരതി. ഒരു ഗ്രാമപ്രദേശമാണെങ്കിലും അടുത്ത ജംഗ്ഷൻ അടുക്കാറായപ്പോൾ കുറച്ചു കടകൾ കണ്ടു. അതിനിടയിൽ ഒരു നാടൻ ഹോട്ടലും. ഞാൻ വണ്ടി പാർക്ക് ചെയ്തു.
ഹോട്ടൽ മുതലാളിയും സപ്ളയറുമൊക്കെ ഒരാൾ തന്നെയാണെന്നു തോന്നുന്നു. അയാൾ വന്നപ്പോൾ റോഡിനപ്പുറത്തെ ഒരു പഴയ വീട് ചൂണ്ടിക്കാണിച്ച് അമ്മ ആദ്യം ചോദിച്ചത് അത് ജോർജ് ഡോക്ടറുടെ വീടല്ലായിരുന്നോ എന്നാണ്.
''അതെ..''
അയാൾ ഒന്നു നിറുത്തി പിന്നെയും പറഞ്ഞു..
" അതു കുറേ വർഷങ്ങളു മുമ്പാ.. ഇപ്പോ അവടെ ആരുല്ലാ..''
അമ്മ ഒന്നു മൂളി.. നെടുവീർപ്പിട്ടു.. പിന്നെ പെട്ടെന്ന് ചോദിച്ചു..
''വെള്ളേപ്പം ഉണ്ടോ ഇവടെ ?"
അയാൾ തലയാട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരാൾക്ക് മതിയെന്നു പറഞ്ഞു.
'കറിയൊന്നും വേണ്ടാട്ടോ.. കൊറച്ച് പഞ്ചസാര ഇട്ടാ മതിയാവും" അമ്മ കൂട്ടിച്ചേർത്തു. അതു കേട്ട് ഞാനമ്മയെ ഒരു കൗതുകത്തോടെ നോക്കി. അമ്മ ഒരു കുസൃതിച്ചിരിയാണ് മറുപടിയായി നല്കിയത്.
"നെനക്കറിയോ.. ന്റെ ചെറുപ്പത്തിലേയ്.. വല്ല പനിയൊക്കെ വന്നാൽ അച്ഛനീ ജോർജ് ഡോക്ടറുടെ അടുത്തേക്കാ കൊണ്ടുവരാറ്.. എന്നിട്ട് ഇവിടെയുണ്ടായിരുന്ന പഴയ കടേന്ന് വെള്ളോപ്പോം പഞ്ചസാരേം വാങ്ങിത്തരും... പിന്നെ പാലുംവെള്ളോം..!"
അതും പറഞ്ഞു പാലിനേക്കാൾ വെൺമയിൽ അമ്മ ചിരിച്ചു. അയാൾ അപ്പവുമായി വരുമ്പോൾ ഞാൻ പാലു മാത്രമായിട്ട് കിട്ടുമോന്ന് ചോദിച്ചു. അമ്മ പെട്ടെന്ന് തിരുത്തി..
" പാലല്ല മോനേ.. പാലുംവെള്ളം..''
'' ഉം.. ഉണ്ടമ്മേ... എടുക്കാം..'' ഒരു ചിരിയപ്പോൾ അയാളുടെയും മുഖത്തുണ്ടായിരുന്നു.
നല്ല സന്തോഷത്തോടെ അമ്മ അതു കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു..
'' പണ്ട് അച്ഛച്ചനായിട്ട് തുടങ്ങീതാ ഈ കട.. പത്തു പതിനഞ്ചു കൊല്ലം മുമ്പ് ഞാനൊന്നു പുതുക്കി പണിതു.''
''ഏതായാലും അപ്പത്തിനിപ്പഴും പഴേ രുചി ഇണ്ട് ട്ടോ..''
അയാൾക്കു നല്ല സന്തോഷമായി എന്നു തോന്നുന്നു. അമ്മയോടൊപ്പം സംസാരിച്ച് പിന്നെ പോരുമ്പോൾ അയാൾ കാറു വരെ വന്ന് യാത്രയാക്കുകയും ചെയ്തു.
പിന്നെയും കാറെടുത്തപ്പോൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിക്കാതെ അമ്മ വീട്ടിലേക്കുള്ള വഴിയിലേക്കാണ് ഞാൻ ഡ്രൈവ് ചെയ്തത്.
''ഇതെന്താടാ..?''
അമ്മ ചോദിക്കാതിരുന്നില്ല..
" ചുമ്മാ... കുറേ വർഷങ്ങളായില്ലേ നമ്മളീ വഴിയൊക്കെ വന്നിട്ട്.. ഒന്നു പോയിക്കറങ്ങി വരാന്നേ..."
അമ്മയുടെ മനസ്സിന്റെ സന്തോഷം ആ കണ്ണുകളിലെ തിളക്കത്തിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. മുഖത്ത് അടക്കിപ്പിടിച്ചിരിക്കുന്നയാ പുഞ്ചിരിയിൽ ഒരു കൊച്ചു കുട്ടിയുടെ കാതുകവും. കാറങ്ങിനെ അമ്മയുടെ നാട്ടിലേക്കും കൂടെയാ പഴയ ഓർമ്മകളിലേക്കും അടുത്തു കൊണ്ടിരുന്നു.
ആദ്യം പോയത് പൂട്ടിക്കിടന്നിരുന്ന ആ പഴയ വീട്ടിലേക്കു തന്നെയാണ്. പണ്ടുണ്ടായിരുന്ന ഒരു ബോഗൺവില്ല ഇപ്പോൾ വീടിനു മേലേക്ക് ആകെ പടർന്നിരിക്കുന്നു. ഒരു വലിയ പൂക്കൂട പോലെ.. ഒരു നെടുവീർപ്പുമായി അമ്മ ആ വീടിനു ചുറ്റും നടന്നു. പിന്നെയാ പഴയ കിണറിനടുത്ത് പോയി നിന്ന് ഉള്ളിലേക്ക് നോക്കി. കൈതട്ടി അപ്പോഴെന്തോ അടർന്നു വീണ് കിണറിലേക്ക് പതിച്ചു. നിശ്ചലമായി കിടന്നിരുന്ന വെള്ളത്തിനു മുകളിലപ്പോൾ ഏതോ ഓർമ്മകളുടെ കുഞ്ഞലകളുയർന്നു. നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കുന്നതിനിടെ എന്നെ നോക്കി അമ്മ ചിരിച്ചു.
''നമുക്കൊന്നു വിശാലൂന്റെ വീട്ടീ പോയാലോ ?"
''അതാരാ...?"
"നീ വാ... കാണിച്ചു തരാം..''
അമ്മയിലാകെ ഒരു ഉത്സാഹം നിറയുന്നത് ആ വാക്കുകളിലറിഞ്ഞു.
"ഇവടന്ന് കുറച്ചങ്ങട് മുന്നോട്ട് പോയാ മതി"
കാറിൽ ഇരുന്നതും അമ്മ വഴി കാണിക്കാൻ തുടങ്ങി. അധികം പോവേണ്ടി വന്നില്ലാ. ഒരു ചെറിയ ഓടിട്ട വീട് അമ്മ ചൂണ്ടിക്കാട്ടി.
കാർ നിറുത്തുമ്പോഴേക്കും ഉത്സാഹത്തോടെ അമ്മ ചാടിയിറങ്ങി. ആവേശത്തിലായതുകൊണ്ടാവാം വീഴാൻ പോകുന്നതു പോലെ തോന്നി.
കാറിന്റെ ശബ്ദം കേട്ട് പുറത്തേക്കെത്തിയ വൃദ്ധൻ സൂക്ഷിച്ചു നോക്കുകയായിരുന്നെങ്കിലും അമ്മ " ഡി വിശാലൂ...'' എന്നു വിളിച്ച് ചിരപരിചിതയെപ്പോലെ അകത്തേക്ക് പോയി. പുറത്തേക്ക് വന്ന ആൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി അകത്തേക്ക് ചെല്ലുമ്പോഴേക്കും പഴയ കൂട്ടുകാരികൾ കെട്ടിപിടിത്തവും കരച്ചിലും കഴിഞ്ഞിരുന്നു.
അമ്മയുടെ കൂട്ടുകാരി വർഷങ്ങളായി കിടപ്പിലാണത്രെ ! യൗവനത്തിന്റെ ചൂടിൽ കള്ളുചെത്താൻ വന്ന ഒരാൾക്കൊപ്പം ഇറങ്ങി പോയതിനു ദൈവം കൊടുത്ത ശിക്ഷയാവാമെന്നു പറഞ്ഞ് വിശാലുവമ്മ കരഞ്ഞു കൊണ്ടേയിരുന്നു. അതു കേട്ട് ഈവർഷങ്ങളത്രയും ഒരു മോളേപ്പോലെ അവരെ നോക്കുന്ന ആ ചെത്തുകാരൻ വൃദ്ധന് സങ്കടം തോന്നില്ലേ എന്നു ഞാനോർത്തു. പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി "മക്കളൊക്കെ എവിടേയാ" എന്നയാളോട് ചോദിച്ചു പോവുകയും ചെയ്തു.
'' ഈ ചൊട്ടകളൊക്കെ തല്ലിയൂറ്റി തല്ലിയൂറ്റി നടന്ന എന്നെ തെങ്ങുകളൊക്കെ കൂടി ശപിച്ചൂന്നാ തോന്നണേ.. ഒരു മച്ചിങ്ങ പോലുമില്ലാത്ത ജന്മായിപ്പോയി..!"
രണ്ടു കൈയുമുയർത്തി ഒന്നുമില്ലെന്ന് ആഗ്യം കാട്ടി അതു പറയുമ്പോൾ അയാൾ തല കുമ്പിട്ടിരുന്നു.
ഊണു കഴിച്ച് പോകാമെന്നൊക്കെ നിർബന്ധിച്ചുവെങ്കിലും കഴിക്കാൻ നിന്നില്ലാ. കൂട്ടുകാരികൾ വിശേഷങ്ങൾ പങ്കുവെച്ചു തീരുമ്പോഴേക്കും ആ വൃദ്ധൻ ചെത്തി കഷണങ്ങളാക്കിയ ഒരു ഉപ്പു മാങ്ങ കൊണ്ടുവന്നു വെച്ചു. ഒത്തിരി സ്വാദോടെ അതും കഴിച്ച് അവിടെ നിന്നും ഇറങ്ങി കാറിനടുത്തെത്തുമ്പോഴേക്കും അമ്മ പറഞ്ഞു..
''ഇവിടെ അടുത്തൊരു കുളവും കൂടി ഉണ്ടെടാ.. അവടേം കൂടിയൊന്നു പോകാം നമുക്ക്..''
കാറിൽ കയറാനുള്ള ദൂരമുണ്ടായിരുന്നില്ല. ഒരല്പം നടന്നപ്പോഴേക്കും വിജനമായ പാടങ്ങളായി. അതിന്റെ തുടക്കത്തിൽ തന്നെ പച്ചയാർന്നൊരു കുളം. അതിൽ അവിടവിടായി വിരിഞ്ഞു നില്ക്കുന്ന എതാനും വെളുത്ത ആമ്പൽ പൂക്കൾ. ഒരു കൊച്ചു കുട്ടിയേപ്പോലെ സന്തോഷവതിയായ അമ്മ കുളത്തിന്റെ പടവുകളിലേക്കിറങ്ങി. ചെരുപ്പഴിച്ചു വച്ച് വെള്ളത്തിലേക്കിറങ്ങാൻ നോക്കുമ്പോൾ അമ്മ പിന്നേയും വീഴാൻ പോകുന്നതു പോലെ എനിക്കു തോന്നി. പെട്ടെന്നാ കൈകൾ പിടിച്ച് പടവുകളിലിരുത്തി. അമ്മ തന്റെ കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചു. കുഞ്ഞു മീനുകളപ്പോൾ ആ ചുളിവു വീണ പാദങ്ങളിൽ ഇക്കിളിക്കൂട്ടി ചെറുപ്പമാക്കാൻ നോക്കി.
''എന്താ ചിരി... എന്താ സന്തോഷം ?" ഞാൻ കളിയാക്കി..
'' അതേടാ... ഞാൻ സന്തോഷിക്കും..! നിനക്കറിയോ... എന്നെയച്ഛൻ നീന്തലു പഠിപ്പിച്ച കുളമാ ഇത്.. അറിയോ. ?'"
ഉം...ഉം.. ഞാൻ ചിരിച്ചു കൊണ്ടു മൂളി. അവിടെയിരുന്ന അര മണിക്കൂർ സമയം കൊണ്ട് രണ്ടാമ്പൽ പൂക്കൾ ഞാൻ പൊട്ടിച്ചെടുത്തിരുന്നു. അമ്മ അത് വാരിയെടുത്തു മണത്തു.
പിന്നീടെഴുന്നേറ്റ് ചെരിപ്പിടാൻ തുനിയുമ്പോൾ വലതു കാൽ ചെരിപ്പിലേക്കിടാൻ അമ്മ പാടുപെട്ടു. വിചാരിക്കുന്നിടത്തേക്കല്ല കാലുകൾ പോവുന്നത്. ചെരിപ്പ് ഞാനിട്ടു കൊടുത്തപ്പോൾ പിന്നെ ഉത്സാഹത്തോടെ കാറിനടുത്തേക്ക് വേഗം നടന്നുവെങ്കിലും കയറിയിരിക്കുമ്പോഴേക്കും അമ്മ ക്ഷീണിച്ചിരുന്നു.
" എന്തേയ്..? ഉറക്കം വരണുണ്ടോ ? ഉം...? പതുക്കെ ചാരിക്കിടന്നോളൂ..''
ഇടക്കിടെ അമ്മ കണ്ണു തുറന്നു നോക്കിയെങ്കിലും ഞാനൊന്നും ചോദിക്കാൻ നിന്നില്ല. ഹോസ്പിറ്റലിലേക്കു കാറെത്തിയപ്പോൾ മാത്രമാണ് പിന്നെ ഞാനമ്മയെ വിളിച്ചത്.
രണ്ടു മൂന്നു വട്ടം വിളിക്കേണ്ടി വന്നു അമ്മയുണരാൻ. എന്നിട്ടുമാ കണ്ണുകൾ ക്ഷീണിച്ചു മറയുന്നതുപോലെ ! എനിക്കെന്തോ ഒരു ഭയം തോന്നി. കാറു നേരെ കാഷ്വാലിറ്റിയുടെ അടുത്ത് തന്നെ കൊണ്ടു പോയി നിറുത്തി. വീൽ ചെയറിലേക്ക് ആദ്യം ഇരുത്താൻ നോക്കിയെങ്കിലും പിന്നെ എല്ലാവരും കൂടി സ്ട്രെകചറിലേക്കു തന്നെ കിടത്തി. കാറിന്റെ താക്കോൽ ആർക്കോ കൈമാറി അമ്മയോടൊപ്പം നടക്കുമ്പോൾ എന്റേയും നെഞ്ചിടിപ്പു കൂടിയിരുന്നു.
ഐ. സി. യു വിലേക്കു പോകുന്ന വഴി തന്നെ അമ്മയെ നോക്കിയ ഏതോ ഡോക്ടർ സി. ടി സ്കാനിലേക്ക് വഴി തിരിച്ചു വിട്ടു. അപ്പോഴേതോ പേപ്പറിൽ ഞാനൊപ്പിട്ടു കൊടുക്കുകയും ചെയ്തു. സ്കാനിങ്ങ് റൂമിനു വെളിയിലെ ചുവപ്പു ലൈറ്റിലേക്കു നോക്കിയിരിക്കുന്നതിനിടയിലെപ്പോഴോ പുറത്തേക്ക് വന്ന ഒരു ഡോക്ടറോട് ഞാൻ അമ്മക്ക് എങ്ങിനെയുണ്ടെന്നു ചോദിച്ചു.
"അത്ര ഭയക്കാനൊന്നുമില്ല. എങ്കിലും തലച്ചോറിന്റെ ഇടതു ഭാഗത്തായി കുറച്ച് രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്.. നാലഞ്ചു ദിവസമായിക്കാണണം ആ ബ്ളീഡിങ്ങ് തുടങ്ങിയിട്ട്..''
എന്നെ സമാധാനപ്പെടുത്തി അയാൾ പോയി അല്പനേരത്തിനുള്ളിൽ അമ്മയെ ഐ സി യുവിലേക്ക് കൊണ്ടുപോയി. നഴ്സുമാർക്കൊപ്പം, അമ്മക്കൊപ്പം ലിഫ്റ്റിൽ നിൽക്കുമ്പോൾ കാറിൽ നിന്നും മൊബൈലെടുക്കാൻ മറന്നു പോയല്ലോ എന്നു ഞാനോർത്തു.
തനിയെ ആ ഐസിയുവിനു മുന്നിലിരിക്കുമ്പോൾ ആരെങ്കിലുമൊരാൾ കൂടെയുണ്ടായിരുന്നെങ്കിലെന്ന്, ഒന്നു കൈ പിടിക്കാൻ.. ഒന്നു മിണ്ടിപ്പറയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നമ്മൾ കൊതിച്ചു പോകുന്ന നിമിഷങ്ങളുണ്ടെന്ന് ഞാൻ ആദ്യമായറിഞ്ഞു.
അച്ഛന്റെ മരണ ശേഷം, എന്റെ ജോലിക്കും, വിവാഹ ജീവിതത്തിനുമിടക്ക് എത്രയോ മണിക്കൂറുകൾ അമ്മയൊറ്റക്ക് കൂട്ടിനൊരാളില്ലാതെ വീട്ടിലിരുന്നിട്ടുണ്ടാവുമെന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ സന്തോഷങ്ങൾക്കിടയിൽ, ജോലിത്തിരക്കുകൾക്കിടയിൽ അമ്മ എന്തെടുക്കുവാ എന്നൊരു വട്ടം ഫോൺ ചെയ്തു പോലും ചോദിച്ചില്ലല്ലോ എന്നോർത്തു മനസ്സു പിടഞ്ഞു.
അപ്പോഴാണ് ചെറുപ്പക്കാരിയായ ഒരു ഡോക്ടർ പുറത്തേക്ക് വന്നത്.
"സുമംഗലയുടെ.....?"
''അതെ... മകനാണ്...''
അവർ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുവെന്ന് വരുത്തി.
"ഇരിക്കൂ..''
അവരും എന്റെ അരികിലിരുന്നു.
'' ഞങ്ങൾ പരമാവധി ശ്രമിച്ചു.. ബട്ട്... അൺഫോർച്ചുനൈറ്റ്ലി... സോറി...''
ഉള്ളിലെവിടെയോ നിന്നൊരു വിതുമ്മൽ മുള പൊട്ടുന്നതു ഞാനറിഞ്ഞു. തല കുമ്പിട്ടപ്പോഴേക്കും അടർന്നു വീണ കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലും അവരുടെ കയ്യിലിരുന്ന ആമ്പൽ പൂക്കൾ ഞാൻ കണ്ടു. അവരതെനിക്ക് നീട്ടി..
'' അമ്മയുടെ കൈകളിൽ മുറുക്കി പിടിച്ചിരുന്നതാണ്...''
ആ ആമ്പൽ പൂക്കളും വാങ്ങി, ആൾക്കൂട്ടത്തിനിടയിലെപ്പോഴോ അമ്മയുടെ കൈവിട്ടു പോയൊരു കുട്ടിയായ് ഇപ്പോൾ ഞാനിവിടെ... ഒറ്റക്ക്...!
© അഷ്റഫ് തേമാലി പറമ്പിൽ

ഒറ്റ മകൾ

Image may contain: 1 person, smiling, beard
. -------****------
ഒരു ആൺസുഹൃത്തിനോടൊപ്പം ബൈക്കിൽ പോവുന്നത് ഇക്കാലത്ത് അത്ര വലിയ സംഭവമൊന്നുമല്ലല്ലോ എന്ന് സ്വയം ധൈര്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അപർണയുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു. ഇഷ്ടപ്പെടാത്ത ഭാവത്തിൽ സദാചാരക്കണ്ണുകളോടെ ആരൊക്കെയോ നോക്കുന്നുണ്ട്. അപ്പോൾ പിന്നെ പരിചയമുള്ള ആരെങ്കിലും കണ്ടാലോ ?
''നീ പേടിക്കാതിരിക്ക് പെണ്ണേ.. നമ്മളൊളിച്ചോടുകയൊന്നുമല്ലല്ലോ.?"
ബൈക്കിന്റെ കണ്ണാടിയിലൂടെ അപർണയെ നോക്കി ആദിയങ്ങിനെ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു. പ്ളസ് വൺ മുതൽ അറിയാവുന്നതാണ് ആദിയെ. ഇപ്പോൾ ഡിഗ്രി ഫൈനലിയർ ആയി. ഇതിനിടയിലെന്നോ ഒരു കൂട്ടുകെട്ടിൽ നിന്ന് എന്തോ മറ്റൊരു പ്രത്യേക ഇഷ്ടത്തിലേക്ക് അവർ മാറിയിരുന്നു. എങ്കിലുമൊരിക്കൽ പോലും ഇങ്ങിനെയൊരു ബൈക്ക് യാത്രയോ, മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടില്ലാ. ഇന്നിപ്പോ കോളേജിൽ സമരം പ്രഖ്യാപിച്ചപ്പോൾ കൂട്ടുകാരിലാരുടേയോ തലയിലുദിച്ച ഐഡിയ ആണ് ബീച്ച് വരെ പോയി, അവിടെയിരുന്ന് പൊതിച്ചോറൊക്കെ കഴിച്ച് തിരിച്ച് പോകാമെന്ന്. സൈറാ.. രോഷ്നി.. അരുൺ.. അങ്ങിനെ അഞ്ചാറു പേരുണ്ട്. മൂന്ന് ബൈക്കുകളിലായി അവർ കുറച്ച് മുമ്പേ പോയി. ആദിയോടൊപ്പം പോകാൻ മടിച്ചുമടിച്ച് തങ്ങൾ മാത്രം ലേറ്റ് ആയി. ബീച്ചിലേക്കിനി അധികം ദൂരമൊന്നുമില്ല. ബാക്കിയുയുള്ളവരൊക്കെ മിക്കവാറുമിപ്പോൾ അവിടെത്തിക്കാണും.
റോഡ് മോശമാണെങ്കിലും ആദി ബൈക്കിന്റെ സ്പീഡ് കൂട്ടി. ഡാ.. സൂക്ഷിക്കെടാ.. എന്നു പറഞ്ഞുതീരലും അപർണ ഞെട്ടിത്തരിച്ചു പോയി. തങ്ങളിപ്പോൾ ഓവർടേക്ക് ചെയ്തത് തന്റെ അച്ഛനോടിക്കുന്ന ഓട്ടോറിക്ഷയല്ലേ ? കാവിലമ്മ എന്ന് മുൻ ഭാഗത്തും പൊന്നൂസ് എന്ന തന്റെ പുന്നാരപ്പേര് പുറകിലും എഴുതി വച്ചിരിക്കുന്ന... ദൈവമേ... അച്ഛനു മനസ്സിലായിക്കാണുമോ തന്നെ..!
"ഡാ... അച്ഛന്റെ ഓട്ടോറിക്ഷാ ആണത്. ശ്ശോ..."
സൈഡ് മിററിലൂടെ പുറകിലേക്ക് നോക്കിയ അവനും ഞെട്ടി.. അയ്യോ.. എന്ന് പറയുകയും ചെയ്തു.
"എന്തടാ..?"
"ആളെന്തോ കൈ വീശി വിളിക്കോ.. പറയോ ഒക്കെ ചെയ്യുന്നുണ്ടല്ലോ.."
"അയ്യോ... ഡാ.. എനിക്കു പേടി ആയിട്ടു വയ്യാ.. നീ വേഗം പോയേ.. നിറുത്തണ്ടാ..."
ഗട്ടറുകൾ ഒഴിവാക്കി ആവുന്നത്ര വേഗതയിൽ അവൻ ബൈക്കോടിച്ചുവെങ്കിലും പെട്ടെന്നാണത് സംഭവിച്ചത്.
പുറകിൽ നിന്നാരോ പെട്ടെന്ന് വലിച്ചതു പോലെയാണ് അപർണക്ക് തോന്നിയത്. തൊട്ടടുത്ത സെക്കൻഡിൽ അവൾ റോഡിലേക്ക് തെറിച്ചു വീണു. കൂടെ വലിയ ശബ്ദത്തോടെ ബൈക്കും ആദിയും. കഴുത്തിലെന്തോ മുറുകി ശ്വാസം മുട്ടുന്നതു പോലെ തോന്നിയപ്പോഴാണ് തന്റെ ഷാൾ ബൈക്കിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായത്. എവിടേ നിന്നൊക്കെയോ ആളുകൾ ഓടിയെത്തുമ്പോൾ അപർണയുടെ കണ്ണുകൾ അടുത്തേക്കെത്തുന്ന അച്ഛന്റെ ഓട്ടോറിക്ഷയിലായിരുന്നു. ആരൊക്കെയോ ചേർന്ന് എഴുന്നേൽപ്പിക്കുമ്പോഴേക്കും അവൾക്ക് അച്ഛൻ കാണാതെ എങ്ങിനെ രക്ഷപ്പെടണമെന്ന ചിന്ത മാത്രമാണ് ഉണ്ടായത്. ഭാഗ്യത്തിന് ആദിക്കും ഒന്നും പറ്റിയിട്ടില്ലാ. ഇപ്പോ കരയുമെന്ന മുഖഭാവത്തോടെ നില്ക്കുകയാണവൻ.
"വാ.. നമുക്ക് വേഗം പോകാം.. ഒന്നും പറ്റിയിട്ടൊന്നുമില്ലല്ലോ.."
ആദിയുടെ കൈപിടിച്ചതു പറഞ്ഞപ്പോൾ പെട്ടെന്നവനും ധൈര്യം വന്നതു പോലെ തോന്നി. അച്ഛൻ ദൂരെ നിന്നും വരുന്നത് അവനും ഓർമ്മ വന്നു കാണണം. അവൻ പെട്ടെന്ന് ബൈക്ക് പൊക്കിയെടുത്ത് നേരെ വച്ചു. ആകെയൊന്നു നോക്കി കാര്യമായൊന്നും പറ്റിയിട്ടില്ലെന്നുറപ്പു വരുത്തി സ്റ്റാർട്ട് ചെയ്തു. ഭാഗ്യം.. ബൈക്കിനും കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു. കൂടെ നില്ക്കുന്നവരോട് ഒരു താങ്ക്സ് പറഞ്ഞ് അപർണ വേഗം ബൈക്കിൽ കയറിയിരുന്നു. ആദി പെട്ടെന്ന് ബൈക്ക് എടുക്കുകയും ചെയ്തപ്പോഴാണ് ഒരു ദീർഘനിശ്വാസം വിട്ടത്.
"ഡാ... എനിക്കിപ്പോ തന്നെ വീട്ടിൽ പോകണം ! അല്ലെങ്കിലൊരു സമാധാനം ഉണ്ടാവില്ലാ..''
ആദി സമ്മതിക്കാതിരുന്നില്ലാ. നിർബന്ധിച്ചു കൊണ്ടുപോയതിന് അവൻ സോറി പറഞ്ഞു കൊണ്ടേയിരുന്നു. ബസ്സ്റ്റാൻഡ് എത്തുന്നതിന് മുമ്പ് അധികം ആളില്ലാത്തൊരിടത്ത് ബൈക്ക് നിറുത്തി, അവർ പരസ്പരമൊന്ന് നോക്കി. അപർണയുടെ ഷാൾ കുറച്ച് ഭാഗം കീറിയിട്ടുണ്ട്. ഇടത്തേ കാൽമുട്ടിനടുത്ത് ചെറുതായി ഡ്രെസ്സും കീറിയിരിക്കുന്നു. തൊലി അല്പം പോയിട്ടുമുണ്ട്. ബാഗിൽ വച്ചിരുന്ന ചോറു പാത്രം തുറന്നു പോയി.. ചോറാകെ ബാഗിലായിരിക്കുന്നു. അതെല്ലാം റോഡിനരികിലെ കാനയിലേക്ക് തട്ടിക്കുടഞ്ഞു കളഞ്ഞു. പിന്നെ സങ്കടത്തോടെ നിന്ന അവനോട് യാത്ര പറഞ്ഞ് വേഗം സ്റ്റാന്റിലേക്കെത്തി.
"ഇന്നും സമരമാണോഡീ...?''
''അതെമ്മേ.. എനിക്ക് നല്ല തലവേദനേം.. ഞാനൊന്ന് കിടക്കുവാണേ.."
വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മ മുൻവശത്ത് തന്നെയുണ്ടായിരുന്നു. തലവേദനയാണെന്ന് പറഞ്ഞതു കൊണ്ടാവണം അമ്മ പിന്നെ കാര്യമായൊന്നും ചോദിച്ചില്ലാ. വേഗം പോയി കിടന്നു. പന്ത്രണ്ടു മണി ആവുന്നതേ ഉള്ളൂ.. അച്ഛനെപ്പോ വരുമെന്നറിയില്ല. ഈ ഭാഗത്തേക്കെങ്ങാനും ഓട്ടം കിട്ടിയാലേ വീട്ടിലേക്ക് ചോറുണ്ണാനെത്തൂ.. എന്തോ ഒരു ഭയം മനസ്സിൽ കൂടിക്കൂടി വരുന്നുണ്ട്.
അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ലായെങ്കിലും ഒരു കുറ്റബോധം ഇല്ലാതില്ലാ. തനിക്കു വേണ്ടിയാണ് രണ്ടു പേരുടേയും ജീവിതം. തുച്ഛമായ വരുമാനം മുഴുവൻ ഒരു പൈസ കളയാതെ ചെലവഴിക്കുന്നതും കൂട്ടി വക്കുന്നതും ഒറ്റ മകളായ തനിക്കു വേണ്ടിയാണ്. ഒരു മദ്യപാനമോ, പുകവലിയോ ഇല്ല. തന്നെക്കൂട്ടാതെ ഒരു സിനിമക്കു പോലും അവർ പോകില്ലാ. എന്നിട്ടും.. താനിപ്പോ... കണ്ണു നിറഞ്ഞു പോകുന്നു..
എപ്പോഴോ ഒന്നുറങ്ങിപ്പോയിക്കാണണം. അമ്മയുടെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അച്ഛൻ എപ്പോഴാവോ വന്നത് ?
" അവൾക്ക് തലവേദനയാത്രേ... ചോറൊക്കെ തിന്നതാവും.. കുറച്ചുറങ്ങിക്കോട്ടേന്ന് ഞാനും കരുതി"
നെഞ്ചിടിപ്പെന്തിനോ വേഗത്തിലായി. അച്ഛന്റെ കാൽ പെരുമാറ്റം അടുത്തടുത്ത് വന്നു.
" പൊന്നൂ....''
വാത്സല്യം നിറഞ്ഞ ആ വിളി കേട്ടെങ്കിലും ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം വരുന്നില്ലാ. ഉറക്കമഭിനയിച്ച് ചരിഞ്ഞു കണ്ണടച്ചുതന്നെ കിടന്നു. പരുപരുത്ത ആ കൈത്തലം പതുക്കെ നെറ്റിയിലമർന്നു.
''പൊന്നൂ... ഡാ.. എണീക്ക്... കുറേ നേരായില്ലേ..?''
കണ്ണു തുറന്ന് നേരെക്കിടക്കേണ്ടി വന്നു. ആ മുഖത്തേക്ക് നോക്കാനിപ്പോഴുമെന്തോ...
" എന്തേഡാ... മാറിയില്ലേ ഇതുവരെ.. ഉം...?"
'' ഉം... കുറവുണ്ടച്ഛാ.. വെയിലു കൊണ്ടേന്റെ ആവും. സമരായിരുന്നു ഇന്ന്.. "
'' ഉം.. അച്ഛൻ കണ്ടേരുന്നു ഈ യൂണിഫോമിലു പിള്ളേരു അവിടേമിവടേം തേരാ പാരാ നടക്കണത്.. അപ്പ എനിക്ക് തോന്നി സമരാവുംന്ന്..!"
ഒരാശ്വാസം നെഞ്ചിലെവിടേയോ തോന്നിത്തുടങ്ങി. ഭാഗ്യം. അച്ഛൻ കണ്ടിട്ടില്ലാ.
" ഇന്നൊരു സംഭവണ്ടായി.. നിന്റെ കോളേജിലെ പിള്ളേര് തന്നെ. "
മുമ്പു തോന്നിയ ആശ്വാസം പെട്ടെന്ന് അവസാനിച്ചു. അച്ഛനെന്താവും പറയാൻ പോകുന്നത് ?
" ഞാനിന്നാ ബീച്ചിന്റവിടേക്കൊരു ഓട്ടം പോയേരുന്നേ. അപ്പോ കുറേ ക്ടാങ്ങള് ബൈക്കുമ്മേ കറങ്ങാൻ നടക്കണ്.''
തന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നത് അപർണയറിഞ്ഞു. അവൾ ഒന്നു മൂളിയെന്നു വരുത്തി..
"ലാസ്റ്റ് ബൈക്കിലു പോയ കൊച്ചിന്റെ ഷാള് പറന്ന് ചക്രത്തിലേക്കു കുടുങ്ങുംന്നൊക്കെ ഞാൻ വിളിച്ചു പറഞ്ഞാരുന്നു. എവടെ.. അവറ്റേളതു കേക്കാണ്ടും പോയി... കൊറച്ചങ്ങട് ചെന്നപ്പഴേക്കും മറിഞ്ഞും വീണ്.. ഭാഗ്യത്തിന് ഒന്നും പറ്റീലാന്ന് തോന്നണ്."
എന്തു പറയണമെന്നറിയാതെ അപർണ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. കണ്ണുകളറിയാതെ നിറഞ്ഞു പോകുന്നുണ്ടോ ?
നെറ്റിയിൽ തലോടി അച്ഛൻ ചോദ്യഭാവത്തിൽ മൂളി.
" ഉം...?"
ഒന്നുമില്ലെന്നവൾ തലയാട്ടി.
"അച്ഛന്റെ പൊന്നൂസ് അങ്ങിനെയൊന്നും പോവില്ലെന്ന് അച്ഛനറിയാം.. പഠിക്കണ്ട കാലത്ത് നന്നായി പഠിക്കന്ന വേണം !"
'' ഉം.. "
ഒന്നു മൂളാനേ അവൾക്കായുള്ളൂ. ഉള്ളിലെവിടെയോ ഒരു സങ്കടം കിനിഞ്ഞിറങ്ങുന്നുണ്ട്. എങ്കിലും.. അച്ഛൻ തങ്ങളെക്കണ്ടില്ലല്ലോ എന്ന ആശ്വാസവും ഉയരുന്നു.
"വാ... എഴുന്നേറ്റ് ചായ കുടിക്ക്.. അപ്പ തലവേദന കൊറയും.. അച്ഛൻ പോട്ടെ.''
അച്ഛനെഴുന്നേറ്റ് പുറത്തേക്ക് നടന്നതും കുറ്റബോധം കൊണ്ട് വിങ്ങിപ്പൊട്ടുമോ എന്നവൾക്കു തോന്നി. ചുണ്ടുകൾ വിതുമ്മിത്തുടങ്ങി.. പെട്ടെന്നാണച്ഛൻ തിരികെ റൂമിലേക്കെത്തിയത്.
"പൊന്നുവേ... നെന്റെ കാർഡാന്ന് തോന്നണു. വഴീന്ന് കിട്ടീതാ.. ആ ക്ടാങ്ങള് ബൈക്കുമ്മേന്ന് വീണോടത്ത്ന്ന്.''
തന്റെ കോളേജിലെ ഐഡന്റിറ്റി കാർഡ് മേശപ്പുറത്ത് വച്ച് അച്ഛൻ പുറത്തേക്കിറങ്ങുമ്പോൾ പിന്നെയും വന്നൊരു പൊട്ടിക്കരച്ചിൽ തടഞ്ഞു നിർത്താനവൾക്കായില്ലാ.. തലയിണയിൽ മുഖമമർത്തി വിങ്ങിവിങ്ങികരയുമ്പോൾ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുകയായിരുന്ന അച്ഛന്റെ കണ്ണുകളും എന്തിനോ നിറഞ്ഞിരുന്നു.
© അഷ്റഫ് തേമാലി പറമ്പിൽ

ആൻ മരിയ

Image may contain: 1 person, smiling, beard

"ഇടതു കൈത്തണ്ടക്കുള്ളിൽ മുറിവുമായി ഐ സി യു വിൽ നിന്ന് റൂമിലേക്ക് വരുന്നവളോട് ഇനിയിങ്ങനെ ചോദിക്കരുത്ട്ടോ..''
നല്ല ചിരിയോടെയാണവരതു പറഞ്ഞെതെങ്കിലും ആൻമരിയയുടെ മുഖത്തെ ചിരിയിൽ ഒരു മ്ളാനത പടർന്നു. ശോ.. എന്തു പറ്റിയതെന്ന് ചോദിക്കണ്ടായിരുന്നു.
''നഴ്സുകുട്ടി ഇപ്പോ ജോയിൻ ചെയ്തേ ഉള്ളു..? ''
ചേച്ചി വിടാനുള്ള ഭാവമില്ല.
"ഞാൻ സ്റ്റുഡന്റാണു ചേച്ചീ.. നഴ്സ് ആയിട്ടില്ലാ.. ഇടക്കിങ്ങനെ ഷിഫ്റ്റ് കേറണതാ..''
''ഉം... അതാണിങ്ങനെ സംശയം !''
ആൻമരിയ ചിരിക്കുന്നുവെന്നു വരുത്താൻ പാടുപെടുന്നതിനിടയിൽ പുതിയതായി വിരിച്ച ബെഡ് ഷീറ്റിൽ ചുളിവുകൾ ഇല്ലെന്നുറപ്പു വരുത്തി. നൈറ്റ് ഷിഫ്റ്റ് കയറാൻ വന്നയുടനെ തന്നെയാണ് ഡ്യൂട്ടി സിസ്റ്റർ ഈ ബെഡ്ഷീറ്റ് ഒന്നു മാറ്റാൻ പറഞ്ഞത്. സാധാരണ രാവിലെയേ മാറ്റാറുള്ളൂ. ഇതിപ്പോ പ്രത്യേകിച്ച് എന്തോ.. പേഷ്യന്റ് റിക്വസ്റ്റ് ചെയ്തീട്ടാണെന്ന് തോന്നുന്നു. ഒന്നു കൂടി അവരുടെ മുഖത്തേക്ക് നോക്കി.
''അതേയ്.. പാളിപ്പോയ ഒരാത്മഹത്യാശ്രമമാഡോ.. ഇങ്ങനെ കൈത്തണ്ടയിലെ മുറിവുമായി ഐ സി യുവിൽ നിന്നു വന്നാൽ ചോദിക്കാൻ ഇനി നിക്കണ്ട ട്ടോ...''
പെട്ടെന്ന് ആൻ നെറ്റി ചുളിച്ചു. ക്ഷീണത്തോടെയെങ്കിലും ചിരിച്ചു കൊണ്ടു തന്നെയാണവർ പറയുന്നത്. മുപ്പതു.. പരമാവധി മുപ്പത്തഞ്ചു വയസ്സു തോന്നിപ്പിക്കുന്ന ഒരു സുന്ദരി ചേച്ചി. വിടർന്ന ഭംഗിയുള്ള കണ്ണുകളാണെങ്കിലും ഏറെ ദിവസങ്ങളായി ഉറങ്ങിയീട്ടെന്നപോലെ ക്ഷീണിച്ചിരിക്കുന്നു. നല്ല കുലീനത്വം തോന്നുന്ന രൂപം. എന്നിട്ടും...! റൂമിൽ കൂടെ ബൈ സ്റ്റാൻഡറെ ആരേയും കാണുന്നുമില്ലാ.. ഇനിയിപ്പോ.. ?
'' കൂടെയാരുമില്ലേ ചേച്ചീ..?''
''പേടിക്കണ്ടടോ.. ഇനിയേതായാലും കുറച്ചു നാളേക്ക് മരിക്കുന്നില്ലാ.. വെറുത്തു പോയി.. ഹ..ഹ..ഹ.. ''
ആ റൂമിൽ നിന്നറങ്ങി നഴ്സസ് കൗണ്ടറിലെത്തുമ്പോ ആതിര സിസ്റ്റർ എന്തോ എഴുതി കൊണ്ടിരിക്കുന്നുണ്ട്. അതു നോക്കി മിണ്ടാതെ പുറകിലെത്തി, കൗണ്ടറിൽ വെച്ചിരുന്ന മൊബൈലെടുത്തു നോക്കി. ആൽവിന്റെ കുറേ മേസേജസ് ഉണ്ട്. ചുംബന സ്മൈലികളും. എടുത്തു നോക്കുമ്പോഴേക്കും പെട്ടെന്ന് കൂടെ പഠിക്കുന്ന സിമിയെത്തി.
'' കിലുക്കാംപെട്ടിക്ക് എന്തുപറ്റി ? ബെഡ്ഷീറ്റ് മാറ്റാൻ പോയ ആളല്ലല്ലോ തിരികെ വന്നപ്പോ.. ! ഊം... ?''
ചോദിച്ചത് ആതിരസിസ്റ്റ്റാണെങ്കിലും മുഖഭാവം കൊണ്ട് സിമിയും ചോദ്യമാവർത്തിക്കുന്നതു പോലെ തോന്നി.
''ആ നൂറ്റി പന്ത്രണ്ടിലെ ചേച്ചി സൂയിസൈഡ് അറ്റംപ്റ്റ് ആണത്രേ.. അതു കേട്ടപ്പോ..!''
''ഉം.. ഇപ്പഴുമുണ്ട് ഇങ്ങിനെ കുറേ മന്ദബുദ്ധികൾ..! ഒന്നുകിൽ ഏതെങ്കിലും ആണുങ്ങൾ കൊല്ലും.. അല്ലെങ്കിലിങ്ങനെ അവർക്കായി ചത്തു കൊടുക്കും.."
ആതിര സിസ്റ്റർ എഴുത്തിൽ നിന്നും മുഖമുയർത്താതെ തന്നെ തുടർന്നു.
"നഗരത്തിലെ നല്ല പേരെടുത്തൊരു നക്ഷത്ര വേശ്യയാണവർ.. അതറിയോ..?"
സിമിയും ആനും ഒരുമിച്ച് അത്ഭുതപ്പെട്ടു.
''ആ ചേച്ചീനെ കണ്ടാൽ അങ്ങിനെ ഒട്ടും പറയില്ലല്ലോ.. എന്തു രസാ.. എന്തു പാവം ലുക്കാ അവർക്ക്..!'' ആൻ സങ്കടപെട്ടു.
'' ഒരു വേശ്യക്ക് പിന്നേം മാനക്കേടും സങ്കടങ്ങളുമൊക്കെണ്ടാവോ..?''
ഒരു പുച്ഛത്തോടെ സിമിയതു പറഞ്ഞപ്പോൾ ആതിര സിസ്റ്റർക്കതു ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. രണ്ടു പേരേയും അല്പനേരം മിണ്ടാതെ അവർ നോക്കി നിന്നു.
"നിങ്ങളു സ്കൂളിൽ പഠിക്കുമ്പോ... വലുതാവുമ്പോ ആരാവണംന്ന് ടീച്ചർമാരു ചോദിച്ചിട്ടില്ലേ.. ?''
'' ഉണ്ട് സിസ്റ്ററേ.. ഇടക്കിടക്ക് ആ ചോദ്യം കേൾക്കുമായിരുന്നു..!''
'' എന്നിട്ട് എന്നെങ്കിലും.. ഏതെങ്കിലുമൊരു പെൺകുട്ടി വലുതാവുമ്പോ എനിക്കൊരു നല്ല വേശ്യ ആവണംന്ന് പറയണ കേട്ടിട്ടുണ്ടോ..?"
ആനും സിമിയും പരസ്പരം നോക്കി. പിന്നെ ഇല്ലായെന്ന് ഒരുമിച്ചു പറഞ്ഞു.
''അതാണ്.. ഒരു പെൺകുട്ടിയും അതാഗ്രഹിച്ച് ആവണതൊന്നുമല്ല.. ഏതെങ്കിലുമാണൊരുത്തന്റെ സൃഷ്ടിയാണവൾ.. ഒന്നുകിൽ കിട്ടണ കാശിന് കള്ളും കുടിച്ച്.. ബാക്കി ലോട്ടറി ടിക്കറ്റുമെടുത്ത് നടക്കുന്ന ഉത്തരവാദിത്വബോധമില്ലാത്ത ഒരച്ഛന്റെ.. അല്ലെങ്കിൽ കഞ്ചാവുമടിച്ച്, ആർക്കോ വേണ്ടി കൊല്ലാനോ ചാവാനോ നടക്കുന്നൊരാങ്ങളയുടെ.. നട്ടെല്ലില്ലാത്ത ഒരു മരങ്ങോടൻ ഭർത്താവിന്റെ.. വഞ്ചകനായ ഒരു കാമുകന്റെ.. ആത്മാർത്ഥത അഭിനയിച്ച് ഉള്ളിൽ വിഷവുമായി നടന്ന സുഹൃത്തിന്റെ..അല്ലെങ്കിൽ ഇവരെല്ലാവരും ചേർന്ന്.."
പറഞ്ഞു തീരുമ്പോഴേക്കും ആതിര സിസ്റ്ററുടെ ഭാവം മാറിയിരുന്നു. അതു കണ്ട് രണ്ടു പേരും മിണ്ടാതെ നിന്നു.
"ഞാനൊന്ന് നൂറ്റിയെട്ടിൽ പോയിട്ടു വരാം.. ഒരു ഇഞ്ചക്ഷനുണ്ട്..."
സിസ്റ്റർ പോവുന്നത് രണ്ടു പേരും നോക്കി നിന്നു. അവർ അകലേക്ക് മറഞ്ഞതും സിമി ചോദിച്ചു..
''സിസ്റ്ററെന്താ ആണുങ്ങളോടൊക്കെ കലിപ്പിലെന്ന് നിനക്കറിയോ ?"
''ഉം..? സിസ്റ്ററേം ആരെങ്കിലും ചതിച്ചോ?''
അതു കേട്ട് സിമിയാദ്യം ചിരിച്ചു. പിന്നെ പറഞ്ഞു..
" നമ്മുടെ എച്ച് ആറിലെ വിശ്വൻ സാറില്ലേ.. ആളൊന്നു ചതിക്കാൻ നോക്കീതാ.. അതു പറ്റാണ്ടായപ്പോ സിസ്റ്ററ് പോക്കു കേസാണെന്നും പറഞ്ഞ് നടക്കുവാ.. മിക്കവാറും അയാളെ സിസ്റ്റർ കൊല്ലും.. ഹി...ഹി..ഹി.. ''
ആനിന്റെ മൊബൈൽ പിന്നേയും വിറച്ചു. ആൽവിന്റെ മെസേജാണ്. എടുത്തു നോക്കി. കുറേ നേരമായി അവൻ കാത്തിരിക്കുന്നതെന്ന്. നൈറ്റ് ഷിഫ്റ്റുകളിലൊക്കെ കുറേ നേരം ഇപ്പോഴിതു പതിവാണ്.
"വേഗം വാഡാ.. ഞാനെത്ര നേരായി കാത്തിരിക്കുന്നു."
"ഡാ.. ഞാനിപ്പോ വന്നേയുള്ളൂ.."
" അതൊന്നും പറഞ്ഞാ പറ്റില്ലാ.. ഇന്നലത്തെ പോലെ പേഷ്യന്റ്സ് ഇല്ലാത്ത റൂമിലേക്ക് വാ.. എനിക്കിന്നും കാണണം..''
ആനൊന്നു ഞെട്ടി. ആ ഞെട്ടൽ സിമി ശ്രദ്ധിച്ചുവോ എന്ന് ഇടം കണ്ണാൽ പാളി നോക്കി. ഇല്ലാ.. അവൾ മുഖം തുടച്ചു. അധികം നാളായില്ല ആൽവിനുമായി ഇഷ്ടത്തിലായിട്ട്. എപ്പോഴും ചീത്ത വിചാരങ്ങളേ ഒള്ളൂ.. വീഡിയോ കാളിൽ ഇരുന്നാലും പോരാ പറയുന്നിടമെല്ലാം കാണിക്കണം. അല്ലെങ്കിൽ പിണക്കമായി, സങ്കടമായി.. വലിയ കഷ്ടമായിട്ടുണ്ട്.
''നീ പോയോ..?''
''ഇല്ലാ..''
''എങ്കിൽ വേഗം വാ..'
'' ഇല്ലാഡാ.. ഞാൻ വരില്ലാ.. നമുക്ക് പകൽ സംസാരിക്കാം. ഇവിടെ പണികളുണ്ട്..!"
''വൈകുന്നേരം നീയിങ്ങനെ അല്ലല്ലോ പറഞ്ഞത് ? ഇപ്പോ എന്താ പറ്റീത് ?''
''ഒന്നും പറ്റിയില്ലാ.. ഞാൻ വരില്ലാ.. "
''എത്ര നേരായി ഞാൻ കാത്തിരിക്കണേന്നറിയോ.. വന്നേ പറ്റൂ..''
''സോറി.. ഞാൻ നെറ്റ് ഓഫ് ചെയ്യുവാ..''
''അതെന്താ ഡീ.. ഇന്നവിടെ കൂടെ ഡ്യൂട്ടിക്ക് വേറെ ചുള്ളന്മാരുണ്ടോ ?"
ആൻ പെട്ടെന്ന് വാ പൊത്തി പോയി. മറുപടി ടൈപ്പ് ചെയ്യാനാവാതെ അവൾ നിന്നു.
''ഡീ.. ''
മറുപടി അടിക്കാതെ അവൾ മൊബൈൽസ്ക്രീനിലേക്ക് നോക്കി നിന്നു.
'നീ മെസേജ് വായിക്കുന്നുണ്ടെന്നെനിക്കറിയാം.. മര്യാദക്ക് വാ..''
അവളുടെ ശ്വാസോച്ഛാസം വേഗത്തിലായി. നെഞ്ചിടിപ്പുയർന്നു.
''നീയിന്നലെ വയറൊക്കെ കാണിച്ചു തന്നതിന്റെ സ്ക്രീൻ ഷോട്ട് എന്റെ കയ്യിലുണ്ട്.. കാണണോ ? ഇന്നും അത്രയൊക്കെ മതി"
ആനിന്റെ നെഞ്ചിടിപ്പു കൂടി. ഓരോരോ പെണ്ണുങ്ങളായി തന്റെ ചുറ്റിലേക്കും നടന്നടുക്കുന്നതായി അവൾക്കു തോന്നി. കടും നിറങ്ങളിൽ വേഷമിട്ട വേശ്യകൾ, കണ്ണീരിൽ മുങ്ങി ആത്മഹത്യ ചെയ്തവർ, പെട്രോളിനാൽ കൊളുത്തപ്പെട്ടവർ, ആസിഡിനാൽ പൊള്ളിയവർ, ട്രെയിനിൽ നിന്നും തള്ളിയിടപ്പെട്ടവർ, കൂട്ട ബലാൽസംഗങ്ങളിൽ പെട്ട പെൺ കുഞ്ഞുങ്ങൾ പോലും അവർക്കിടയിലുണ്ടായിരുന്നു. നിശബ്ദം അവർ നടന്നടുത്തു. കണ്ണുകൾ ചിമ്മാതെ അവർ അവളെ നോക്കി. ആ കണ്ണുകളിലെ ഭാവം മാറി വരുന്നതു പോലെ അവൾക്ക് തോന്നി. അവൾ ഭയന്ന് പുറകിലേക്ക് നീങ്ങി. പെട്ടെന്നെന്തോ താഴേ വീണു. തന്റെ കൈ തട്ടി പുറകിലെ മേശയിലിരുന്ന ഭംഗിയുള്ളൊരു പൂ പാത്രം. ഭാഗ്യത്തിന് ഉടഞ്ഞില്ലാ.
അവളതെടുത്ത് തിരികെ വച്ചു. പിന്നെ.. അവനൊരു മെസേജ് അയച്ചു.
" ഇനി മേലാൽ മെസേജ് ചെയ്യരുത്."
" എങ്കിൽ നിന്നെ ഞാൻ കാണിച്ചു തരാമെടീ...''
''നീ ഇനി ഒന്നും കാണിക്കില്ലാ.. എന്തെല്ലാം എവിടെയെല്ലാം വച്ചു നിറുത്തണമെന്നെനിക്കറിയാം !"
അവൾ വാട്ട്സാപ്പ് ക്ളോസ് ചെയ്തു. പിന്നെ കേരളാ പോലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പറിലേക്ക് ഡയൽ ചെയ്തു. മറുതലക്കൽ നിന്ന് അവൾക്ക് ധൈര്യം നല്കുന്ന, ആത്മവിശ്വാസം നൽകുന്ന ഒരു സ്ത്രീ ശബ്ദമുയർന്നു,
''ഹലോ... പറയൂ....''
© അഷ്റഫ് തേമാലി പറമ്പിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo