നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൃണാളിനി (കഥ )

Best of Nallezhuth - No 7 -
"ഞാൻ പോവുകയാണ്.. അമ്മയെന്ന നിലയിൽ ഞാനെന്റെ കടമകൾ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു.
അന്വേഷിച്ച് വരരുത്..
വാശി പിടിച്ച് എന്നെ കണ്ടെത്തിയാൽ നിങ്ങൾക്ക് തിരികെ കൊണ്ടുവരാനാവുന്നത് എന്റെ മൃതശരീരം മാത്രമായിരിക്കും !
എന്ന് മൃണാളിനി."
ഹരിയേട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് വെറും ഒമ്പതാം നാൾ പുലർച്ചെ ഈ കത്തെഴുതി വെച്ച് അമ്മ പോയി. തനിക്കു മാത്രമറിയാവുന്ന ഒരു ലോകത്തിലേക്ക്. തന്റേതു മാത്രമായ ഏതോ ഒരിടത്തേക്ക്. തന്റെ കുറച്ച് വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമെടുത്ത്.
അച്ഛനെ ഉപേക്ഷിച്ച്.. എന്നേയും ചേച്ചിയേയും വേണ്ടെന്ന് വച്ച്.. സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചിരുന്ന ചേച്ചിയുടെ രണ്ടു വയസ്സുകാരൻ അപ്പൂസിനെ പോലും കണ്ടില്ലെന്ന് നടിച്ച്.. മറ്റൊരു കുഞ്ഞിനെപ്പോലെ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീടും തൊടികളും അനാഥമാക്കി..!
ഏഴു വർഷം പഴക്കമുള്ള ആ എഴുത്തിലെ അക്ഷരങ്ങൾ പല വട്ടം വായിച്ച് മനഃപ്പാഠമായതാണ്. എങ്കിലും ഇന്നത്തെയീ യാത്രക്കിടയിലും കണ്ണുകൾ നനയിച്ചു കൊണ്ട് കുനുകുനെ കോറിയിട്ട ആ വരികൾ ഓർമ്മയിലെത്തുന്നു. അന്നെത്ര അവിശ്വസനീയമായിട്ടാണ് ദേവു എന്ന് എല്ലാവരും വിളിച്ചിരുന്ന ഞങ്ങളുടെ അമ്മ മൃണാളിനിയായി, ഒരപരിചിതയേപ്പോലെ പടി കടന്നു പോയത് !
കാരിരുമ്പിന്റെ കരുത്തു ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന അച്ഛൻ സദാശിവൻ നായർ എന്ന അമ്പത്തിരണ്ടു വയസ്സുകാരൻ അന്നു മേശയിൽ ആഞ്ഞൊരടിയോടെ അതു സ്വീകരിച്ചു. പിന്നെ എരണം കെട്ടവൾ പത്തു നാൾ കഴിഞ്ഞ് തിരികെ വരുമെന്ന് ആക്രോശിച്ച് പുച്ഛിച്ച് തള്ളി. കരഞ്ഞ് തളർന്ന് നിന്ന എന്നോടും പകച്ച് സ്തബ്ദനായി നിന്ന ഹരിയേട്ടനോടും കൂടി പറഞ്ഞു..
"ഹും.. അന്വോഷിച്ച് വരുമത്രേ.. എന്റെ പട്ടി വരും..!"
അതെ.. അത്ര നിസ്സാരമായി അച്ഛൻ അന്നതു നേരിട്ടു. അന്നും പതിവുപോലെ ഒരുങ്ങി പത്തു മണി ആയപ്പോൾ തന്റെ ജ്വലറിയിലേക്ക് പോയി. രാത്രി പത്തു മണിക്ക് തിരികെയെത്തി പതിവുപോലെ തനിക്കു ഇഷ്ട്ടപ്പെട്ട മദ്യം അല്പം കഴിച്ച് അത്താഴമുണ്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അച്ഛൻ അന്നു പറഞ്ഞേൽപിച്ചിരുന്ന ഒരു സ്ത്രീ വന്നു പാചകവും മറ്റു പണികളും തുടങ്ങി. പിന്നേയും കരച്ചിലോടെ നിന്ന എന്നോടും ചേച്ചിയോടും അച്ഛൻ പറഞ്ഞു " പുകഞ്ഞ കൊള്ളി പുറത്ത്. മറന്നു കള.."
എങ്ങിനെ മറക്കും ഞങ്ങൾ ? അതും രണ്ടു പെൺമക്കൾ ! അച്ഛനറിയാതെ ഭർത്താക്കന്മാരോടൊപ്പം രഹസ്യമായി അന്വേഷിക്കുക തന്നെ ചെയ്തു. അമ്മയുടെ ബന്ധു വീടുകളിൽ, അല്പമെങ്കിലും അടുപ്പം പുലർത്തിയിരുന്ന കൂട്ടുകാരികളുടെ വീടുകളിൽ, അമ്പലങ്ങളിൽ, അഗതി മന്ദിരങ്ങളിൽ..! നിരാശയായിരുന്നു ഫലം. ഒരു സൂചനയും തരാതെ.. ഒരെഴുത്തോ വിളിയോ ഇല്ലാതെ അമ്മ എവിടേയോ മറഞ്ഞിരുന്നു.
അമ്മ പറഞ്ഞിരുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ പോലും ഓർമ്മ വന്നു. അമ്മയുടെ വാക്കുകളെല്ലാം തമാശയായിക്കണ്ട് തള്ളിക്കളഞ്ഞതോർത്ത് കരഞ്ഞു. വൈകി വീടെത്തുമ്പോൾ കാത്തു നിന്നിരുന്ന അമ്മയെ ശ്രദ്ദിക്കാതെ മൊബൈലിലേക്ക് തല പൂഴ്ത്തിയിരുന്ന നിമിഷങ്ങളെ ശപിച്ചു. നിശബ്ദയായി തന്റെ കടമകൾ ഒരു വേലക്കാരിയേപ്പോലെ ചെയ്തു കൊണ്ടിരുന്ന അമ്മയെ ഓർത്ത് അച്ഛനും നീറിതുടങ്ങിയിരുന്നെന്ന് തോന്നുന്നു.
ഹരിയേട്ടനേയും വീട്ടുകാരേയും ഓർത്ത് എനിക്കും ചേച്ചിക്കും പേടി തോന്നിയിരുന്നു. കല്യാണം കഴിഞ്ഞ് വെറും രണ്ടാഴ്ചക്കുള്ളിൽ അമ്മായിയമ്മ വീടു വിട്ടു പോവുക ! രഹസ്യമായി ആളുകൾ എന്തെല്ലാം പറഞ്ഞീട്ടുണ്ടാകും ! പക്ഷേ പക്വതയോടെ ഹരിയേട്ടൻ ഞങ്ങളെ സാന്ത്വനിപ്പിച്ചു.
"മനുഷ്യരുടെ ഉള്ളിന്റെയുള്ളിൽ അവർ അറിയാതെയെങ്കിലും പ്രണയിച്ച് കൊണ്ട് നടക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട്. ചിലർക്ക് സംഗീതം... ചിലർക്ക് സ്പോർട്സ്.. ചിലർക്ക് സമ്പത്ത്.. ചിലർക്ക് യാത്രകൾ . എത്ര ശ്രമിച്ചാലും അതിനുമപ്പുറം ഒരാളേയും പ്രണയിക്കാൻ അവർക്കാവില്ല.. ദമ്പതികൾക്കിടയിൽ പോലും ഇങ്ങനെ ചില ഒരേ ഇഷ്ട്ടങ്ങളാൽ ബന്ധിക്കപ്പെട്ടീട്ടില്ലങ്കിൽ യഥാർത്ഥ പ്രണയമുണ്ടാവില്ല ! പ്രണയിക്കുന്നു എന്ന അഭിനയമല്ലാതെ..! ഒരേ വഞ്ചിയിലിരുന്നു കൊണ്ട് വേറേ വേറേ തീരങ്ങളിലേക്ക് അവർ മനസ്സു കൊണ്ട് തുഴയും.."
അതെ.. ശരിയാണ് ഹരിയേട്ടൻ പറഞ്ഞത്. ചെറുപ്പത്തിൽ എന്നുമെന്നും അച്ഛനുമമ്മയും വഴക്കായിരുന്നു. വലിയ വീടും സമ്പാദ്യങ്ങളും സുഖ സൗകര്യങ്ങളും മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യങ്ങൾ. അമ്മയാവട്ടെ പുസ്തകങ്ങളുടേയും യാത്രകളുടേയും പിറകേ..! വ്യക്തിപരമായി നോക്കിയാൽ വളരെ നല്ലവർ.. പക്ഷേ കൂട്ടു കൂടിയപ്പോൾ ഒരേ കൂട്ടിലകപ്പെട്ട കീരിയും പാമ്പുമായി. ഒടുവിൽ അച്ഛൻ വിജയിച്ചു എന്നു തോന്നുന്നു. മൗനത്തിന്റെ.. നിസംഗതയുടെ തുരുത്തിലേക്ക് അമ്മ പതുക്കെ ചേക്കേറി. അതോ ഈ ഒഴിഞ്ഞു പോക്ക് എന്ന തീരുമാനത്തിലേക്കോ..?
അമ്മ പോയിട്ട് ആഴ്ചകൾ പിന്നെ മാസങ്ങളായി.. മാസങ്ങൾ വർഷങ്ങളായി.. ചേച്ചിയുടെ മോൻ അപ്പൂസിനു കൂട്ടായി അമ്മു കൂടിയെത്തി. എനിക്കും ഹരിയേട്ടനും ദൈവം ഒരു മോളേ തന്നു. അമ്മയുടെ പേരായ ദേവൂ എന്ന് ഞങ്ങളെല്ലാവരും അവളെ വിളിച്ചപ്പോൾ അച്ഛൻ മാത്രം മാളൂ എന്നവളെ വിളിച്ചു. ഒരു ജ്വലറി കൂടി തുടങ്ങി.. ദിവസങ്ങൾ കുറച്ചു കൂടെ തിരക്കുള്ളതായി. പുറമേക്ക് എല്ലാം സാധാരണ പോലെ കടന്നു പോയ്കൊണ്ടിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതത്തിന്റെ കാതൽ ചിതലെടുത്തു തുടങ്ങിയ പോലെ ആയിരുന്നു.
ഞാനും ചേച്ചിയും ഇടക്കിടെ മാറി മാറി വന്നു നിന്നെങ്കിലും അച്ഛൻ കൂടുതലും ഒറ്റക്കായി. മുൻപു വീട്ടിൽ മുഴങ്ങിയിരുന്ന ആ അട്ടഹാസവും ചിരിയും കേൾക്കാതെ ആയി. വീട്ടിൽ ഓടിക്കളിച്ചിരുന്ന കുറിഞ്ഞിപ്പൂച്ചയും മക്കളും എങ്ങോ പോയി. എന്നും പൂത്തു നിന്നിരുന്ന നന്ത്യാർവട്ടവും റോസാചെടികളും ഉണങ്ങി തുടങ്ങി. മാറി മാറി വന്ന പണിക്കാരി ചേച്ചിമാർ എത്ര വൃത്തിയാക്കിയിട്ടും വീട് ജീവനറ്റു നിറം മങ്ങിക്കിടന്നു.
ഭർത്താവും മക്കളുമൊക്കെയായി ഞാനും ചേച്ചിയും കുറേയൊക്കെ പിടിച്ചു നിന്നപ്പോൾ അച്ഛനായിരുന്നു തളർന്നു തുടങ്ങിയത്. സംസാരമെല്ലാം കുറഞ്ഞ്, ചിരിയുടെ തിളക്കം കുറഞ്ഞ്, വസ്ത്രങ്ങളുടെ നിറം കുറഞ്ഞ്.. എന്നിട്ടും വാശി വിട്ടില്ല. അന്വേഷിച്ചു പോകാൻ ഒരാളെയും സമ്മതിച്ചുമില്ല. ഒരു പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തില്ല. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും ക്ഷീണിച്ച്. ക്ഷീണിച്ച്..! മുടിയെല്ലാം പെട്ടെന്ന് നരച്ച് ഒരു വൃദ്ധനായ്..!
ആദ്യം ഒരു ജ്വലറി വിറ്റു. പിന്നെ അടുത്തത്. ഇടക്ക് ഞങ്ങൾ രണ്ടു പേരുടേയും വീടുകളിൽ വന്നു നിന്നു. അമ്പലങ്ങളിലും മറ്റും ഇടക്ക് യാത്രകൾ പോയി. പിന്നെ ഒടുവിൽ മുറിക്ക് പുറത്ത് വരാൻ പോലും താത്പര്യമില്ലാതെ തനിയെ ആ വലിയ വീട്ടിൽ. അറുപതു വയസ്സാവുന്നതിനു മുമ്പേ തന്നെ ഒരെൺപതുകാരനെപ്പോലെ !
കഴിഞ്ഞ ആഴ്ച ആയിരുന്നു ആ വാർത്ത കണ്ടത്. തന്റെ ആദ്യ നോവലിന് തന്നെ അക്കാദമി പുരസ്കാരം നേടിയ മൃണാളിനി എന്ന പുതിയ എഴുത്തുകാരിയെക്കുറിച്ച്. വെറുതെ ഒരു കൗതുകത്തിന് ഒന്ന് തിരഞ്ഞു. അവരെ ആരും നേരിട്ടു കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ ആകാംഷയായി. ഒടുവിൽ പത്രത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരിയെക്കൊണ്ട് അന്വേഷിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അമ്മ തന്നെ..!
ബാംഗ്ളൂരിലെ ഒരു മികച്ച വിദ്യാലയത്തിലെ അഡ്രസ്സാണ് കിട്ടിയത്. അമ്മ അധ്യാപികയോ ? ഇനിയും കാണാതിരിക്കാനാവില്ല. ഡൽഹിയിലുള്ള ചേച്ചിയെ വിളിച്ചു പറഞ്ഞു. ഹരിയേട്ടനേയും കൊണ്ട് അമ്മയെ കാണാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ അച്ഛനും വരണമെന്ന്. നിശബ്ദരായിരിക്കുന്ന മൂന്ന് യാത്രക്കാർ. ഇനിയിപ്പോ അവിടെയെത്താൻ ഏതാനും മണിക്കൂറുകളും.
ഒടുവിൽ വലിയ മരങ്ങൾ വളർന്നു നില്ക്കുന്ന മനോഹരമായ ആ ക്യാംപസിനുള്ളിലേക്ക്. രാവിലെ എട്ടു മണി ആവുന്നേ ഒള്ളൂ.. ഒത്തിരി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം അധ്യാപകർ താമസിക്കുന്ന ഭാഗത്തെ ആ വീടിന്റെ അഡ്രസ്സ് കിട്ടി. ആ പടിക്കൽ കാറെത്തുമ്പോഴേക്കും നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
അച്ഛനോട് തത്ക്കാലം കാറിലിരിക്കാൻ പറഞ്ഞ് ഞാനും ഹരിയേട്ടനും ബെല്ലടിച്ച് കാത്തു നിന്നു. വന്നു വാതിൽ തുറന്ന അമ്മ ഒന്നു ഞെട്ടിയോ ? ഒരു നിമിഷം നിന്ന്.. ഒരു ദീർഘശ്വാസം ഒതുക്കി ഒരു ഭാവ വിത്യാസമില്ലാതെ പറഞ്ഞു.
" ആ.. നീയോ..? വരൂ.. വരൂ ഹരീ.. അകത്തേക്ക് വരൂ.. ഇരിക്കൂ.."
എഴു വർഷങ്ങൾക്ക് ശേഷം കാണുന്ന മകളോട് ഇങ്ങിനെ പെരുമാറാൻ എങ്ങിനെ കഴിയുന്നു! പരസ്പരം ഒന്ന് മുഖം നോക്കി ഞാനും ഹരിയും അകത്തു കടന്നിരുന്നു.
"യാത്ര സുഖമായിരുന്നോ..?"
എത്ര ഔപചാരികതയോടെയാണ് അമ്മ ചോദിക്കുന്നത്! ഹരിയാണ് അതെ എന്നു പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ ഞാൻ അമ്മയെയും ആ വീടും നോക്കിയിരുന്നു. അമ്മ ഒന്നു കൂടെ വണ്ണം വെച്ചിരിക്കുന്നു. അല്പം നര ഉണ്ടെങ്കിലും കണ്ണട വച്ച ആ മുഖത്തിന് ഭംഗി കൂടിയീട്ടേ ഉള്ളൂ. ചെറുതെങ്കിലും വൃത്തിയുള്ള മനോഹരമായ വീട്.
ഹരിക്കും അമ്മക്കുമിടയിൽ നടന്ന കുറേ സംസാരങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.
"ഞാൻ ചായയെടുക്കാം.. " എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെക്കൂടി. പോകുന്ന വഴി ബെഡ് റൂമിലെ ടേബിളിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന അച്ഛന്റേയും എന്റേയും ചേച്ചിയുടേയും ചിത്രം ! അപ്പോൾ അമ്മ മറന്നിട്ടില്ല..
ഇപ്പോഴും വെറും പരിചയക്കാരേപ്പോലെ അമ്മ നില്ക്കുന്നതു കണ്ട് എനിക്ക് സങ്കടം വന്നു.
"എന്താ അമ്മേ ഇങ്ങനെയൊക്കെ ? അമ്മക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ ആവാൻ കഴിയുന്നു.?"
ഒന്നു തിരിഞ്ഞു നോക്കി ചെറുതായി ചിരിച്ച് അമ്മ തിളക്കാറായ പാലിലേക്ക് നോക്കി നിന്നു.
"പറയു അമ്മേ.. ആ പാവം ദേവുവിന് എങ്ങിനെ മൃണാളിനി ആയി മാറാൻ കഴിഞ്ഞു ? ഞങ്ങളെ ഒന്നു കാണണമെന്ന് അമ്മക്ക് തോന്നിയില്ലേ.."
തേയില ഇട്ട് .. അല്പം കഴിഞ്ഞ് സ്റ്റൗവ് ഓഫ് ചെയ്തു തല ചെരിച്ച് എന്നെ നോക്കി അമ്മ പറഞ്ഞു..
"ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന മൃണാളിനി എന്ന പെൺകുട്ടിയെ നിന്റെ അച്ഛനാണ് മാറ്റിയത്. വിളിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പേരു പോലും മാറ്റി ! മേൽവിലാസം നഷ്ട്ടപെട്ട.. സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെട്ട ഞാൻ നമ്മുടെ വീട്ടിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്.
നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കു വേണ്ടി മാത്രമാണ് ദേവുവായി ഞാൻ ജീവിച്ചത്. അഭിനയിച്ചു മടുത്തപ്പോൾ ഞാൻ എന്നിലേക്ക് മടങ്ങി വന്നു. അത്രയേ ഉള്ളു..!"
എനിക്ക് കേട്ടു നില്ക്കാനേ ആയുള്ളു.. ഗ്‌ളാസുകളിൽ ചായയെടുത്ത് ട്രേയിൽ വച്ച് ഹരിക്കടുത്തേക്ക് നടക്കുമ്പോൾ അമ്മ തുടർന്നു..
"ഇവിടെ വന്നു പഠിത്തം പൂർത്തിയാക്കി. പിന്നെ ഇഷ്ട്ട ജോലിയായ അധ്യാപികയായി. ഇടക്കിടക്ക് ഒരു പാട് യാത്രകൾ ചെയ്തു. ഒത്തിരി വായിച്ചു. പിന്നെ എഴുതാനും തുടങ്ങി. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.. നിങ്ങളും സന്തോഷമായിട്ടിരിക്കൂ.. "
ചായ നല്കിയീട്ട് അമ്മ ജോലിക്ക് പോകാൻ തയ്യാറാവുന്നതു പോലെ തോന്നി. ഞാൻ ഹരിയേട്ടനെ ഒന്നു നോക്കി അമ്മയോട് പറഞ്ഞു.
"അച്ഛന് ഒന്ന് കാണണമെന്നുണ്ട്. പുറത്തുണ്ട്. വിളിച്ചോട്ടെ ഞാൻ ?"
"അതിനെന്താ.. വിളിക്കൂ..!"
ഒരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു.
ഹരിയേട്ടൻ പോയി അച്ഛനെ വിളിച്ചു കൊണ്ടു വന്നു. തലേ രാത്രിയിലെ യാത്രാ ക്ഷീണം കൂടി ആയപ്പോൾ അച്ഛന് ശരിക്കു വയ്യാത്തതു പോലെ തോന്നി.
അച്ഛനെ കണ്ടപ്പോൾ അമ്മ ഒന്നു ഞെട്ടിയതുപോലെ തോന്നി. എങ്കിലും പറഞ്ഞു.
"ഇരിക്കൂ.. ചായ കഴിക്കൂ.."
ഒന്നു ചിരിച്ചെന്ന് വരുത്താൻ പാടുപെട്ട് നിശ്ശബ്ദനായിരുന്ന് അച്ഛൻ ചായ കുടിച്ചു. പിന്നീട് ആരെങ്കിലും എന്തെങ്കിലും പറയും മുൻപ് അമ്മ പറഞ്ഞു.
"എനിക്ക് ജോലിക്ക് പോകേണ്ട നേരമായി.."
" ഉം.. ഞങ്ങളിറങ്ങുകയാണ്."
അമ്മയെ ഇനിയും ബുദ്ധി മുട്ടിക്കേണ്ടെന്ന് എനിക്ക് തോന്നി. നമ്മെ വേണ്ടാത്തവരെ നമ്മൾ ശല്യപ്പെടുത്തരുതല്ലോ !
ഞങ്ങൾ മൂന്നു പേരും എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴും അമ്മ ചെറു പുഞ്ചിരിയോടെ നിന്നു. കാറിൽ കയറുന്നതിന് തൊട്ടു മുമ്പ് അച്ചൻ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ എന്തോ ഓർത്തെന്ന വണ്ണം ചോദിച്ചു.
"എനിക്ക് കുറച്ചു ദിവസങ്ങൾ ഇവിടെ താമസിക്കണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ....."
അമ്മയുടെ കണ്ണുകൾ നിറഞ്ഞു അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴേക്കുരുണ്ടു. ചുണ്ടുകൾ ഒന്നു വിതുമ്പി.
"അതിനെന്താ.. തീർച്ചയായും നില്ക്കാം.. എവിടേയോ വായിച്ചതു പോലെ ഈ ഏകാന്തത എപ്പോഴും മനോഹരം തന്നെയാണ്. പക്ഷേ അതൊന്നു പറയുവാൻ ആരെങ്കിലുമൊന്നു വേണം !!
------Written by അഷ്‌റഫ് തേമാലിപ്പറമ്പിൽ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot