നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യക്ഷി (കഥ)


മഴയുള്ളൊരു രാത്രിയായിരുന്നു. 
അവൾ എന്നിലേക്ക് വന്നത്.
തുറന്നിട്ട ജാലകത്തിലൂടെ മഴപ്പിശറുകൾ ഞാനെഴുതി കൊണ്ടിരുന്ന കടലാസ്സുകൾ നനച്ചു.
മാഞ്ഞു പോകുന്ന അക്ഷരങ്ങളെ ഞാൻ വൃഥാ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
അവൾ കുപ്പിവളകൾ കിലുങ്ങുന്ന പോലെയാണ് ചിരിച്ചത്.
"ഞാൻ മായ്ച്ചതാണ്.
നീ എഴുതുന്നതെല്ലാം പൊട്ടത്തരങ്ങളാണ്."
അവളുടെ സ്വരങ്ങൾക്ക് രൂപം ഇല്ലായിരുന്നു.
കാറ്റിനോടൊപ്പം രാത്രിയിൽ ഒരശരീരിയായി അവൾ മൊഴിഞ്ഞു.
ജാലകപ്പാളികൾ കാറ്റിൽ കൊട്ടിയടയ്ക്കപ്പെട്ടു.
മേശപ്പുറത്തിരിക്കുന്ന വിളക്കിൻ്റെ തിരിനാളവും കാറ്റിൽ നൃത്തം ചവുട്ടി.
"എന്താ ഭയന്നു പോയോ?"
ഇപ്രാവശ്യം അവളുടെ സ്വരം എൻ്റെ ഇടതു കാതിന് അരികിലായിരുന്നു.
കാതിന് താഴെയായി കഴുത്തിൽ അവളുടെ ചുടുനിശ്വാസം ഉമ്മവച്ചു.
"നീ വീണ്ടും വന്നുവോ?"
എൻ്റെ ചോദ്യത്തിൽ അവൾ പിന്നെയും ചിരിച്ചു.
"എനിക്ക് വരാതിരിക്കാനാകില്ലല്ലോ?
നീ വിളിച്ചിട്ടല്ലേ ഞാൻ വരുന്നത്.
നീയത് മറന്നു പോയോ?
ഒരെഴുത്തുകാരൻ തൂലികയുമായി തന്റെ സൃഷ്ടികൾക്കായി ഇരുന്നാൽ,
ശിരസ്സിന് ചുറ്റും ഒരു ഊർജ്ജം പ്രവഹിക്കുമത്രെ.
ആ അവസ്ഥയിൽ അവന് ചിലപ്പോൾ സൂക്ഷമ ജീവനുകളുമായി പോലും സംവദിക്കാൻ കഴിയുമെന്ന്. അങ്ങനെ ഒരു നിമിഷത്തിലല്ലേ നീ കൂട്ടിനായി എന്നെ വിളിച്ചത്.?"

രാത്രിയിൽ ഞാൻ കൂരിരുട്ടിലൂടെ നടക്കാറുണ്ടായിരുന്നു.
എൻ്റെ കഥയിലെ ബിംബങ്ങളെ തേടി.
അവളെ തിരഞ്ഞിറങ്ങിയ ദിവസങ്ങളിൽ
എന്നോ ആയിരുന്നു.
പുറകിൽ ആരോ നടക്കുന്നതായി തോന്നിയത്.
പുറം തിരിഞ്ഞ് നോക്കിയില്ല ഞാൻ.
മൊബൈലിൽ പുറക് വശം കാണുന്ന വിധം ഞാനുൾപ്പെടുന്ന ഒരു ഫോട്ടോയെടുത്ത് നോക്കി.
നിലം തൊടുന്ന കാർക്കൂന്തലുമായി പുറകിലായി അവളുടെ നിഴൽ അതിൽ കണ്ടിരുന്നു.
ഞാൻ മുന്നിലും അവൾ പുറകിലുമായി വീണ്ടും മുന്നോട്ടു നടന്നു.
പാദങ്ങളിൽ എന്തോ തടഞ്ഞു വീഴാനൊരുങ്ങിയപ്പോൾ ആയിരുന്നു.
അതു കണ്ടത്. കൂരിരുട്ടിനെ വകഞ്ഞു മാറ്റിയ നീല നിറമുള്ള നിലാവെളിച്ചത്തിൽ
ആറടി നീളത്തിൽ മുന്നിലായൊരു കുഴി.
അതിൽ നിറയെ ചാരം നിറഞ്ഞിരിക്കുന്നു.
ഇവിടെയാണ് അവളുടെ ചിത എരിഞ്ഞത്.
ഞാൻ ആ കുഴിയിൽ ഇറങ്ങി.
ചാരങ്ങൾ കൈകൾ കൊണ്ട് ചികഞ്ഞു മാറ്റി.
വെളുത്ത നിറത്തിൽ അസ്ഥികൾ കൈയ്യിൽ തടഞ്ഞു. ചാരത്തിനോടൊപ്പം ഞാനത് ഇരു കൈകളിലും കുറച്ച് വാരിയെടുത്തു.
ഞാൻ അണിഞ്ഞിരുന്ന ജുബ്ബ ഊരി അതിൽ ഇട്ടു ഒരു കിഴിയായി കെട്ടിവച്ചു.
വീടിനുള്ളിൽ ഉണ്ടായിരുന്ന ഒരു കുടത്തിനകത്ത് പിന്നെയത് ഇട്ടു വച്ചു. മുകളിൽ ഒരു കടലാസും പേനയും മൂടിയായും വച്ചു.
എൻ്റെ മേശപ്പുറത്ത് അത് വിളക്കിനരികിലായി ഇരിക്കുന്നുണ്ട്.
അവൾ വരുന്ന നിമിഷങ്ങളിൽ ആ കടലാസ്സ് അകാരണമായി വിറയ്ക്കാറുണ്ട്.

"പതിതയായ വിധവയുടെ മരണത്തിൻ്റെ കഥ.
അതല്ലേ നീ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്
അവൾ മരിച്ചിട്ടില്ലല്ലോ?
മരണം ഇല്ലാത്തൊരു എഴുത്തിലൂടെ നിനക്ക് സഞ്ചരിച്ചു കൂടെ?"
നിൻ്റെ വരികളിലൊന്നും പ്രണയവും കാണുന്നില്ലല്ലോ?
അതാണ് ഞാനവയെല്ലാം മായ്ച്ചു കളഞ്ഞത്. "

തൂലിക അടച്ചു. ഞാൻ അവളോട് സംവദിക്കാൻ തയ്യാറായി.

"മരണം, അതൊരു പ്രപഞ്ച സത്യവും,
പ്രണയം അതൊരു കളവുമല്ലേ?
എനിക്ക് സത്യം എഴുതുവാനാണ് പ്രിയം."

"ഹ ഹ നീ ഈ പറഞ്ഞത് തന്നെ നിൻ്റെ മനസ്സിനോടു തന്നെയുള്ള വലിയൊരു കളവായില്ലേ?"

"അല്ല അല്ല. നീ എന്നെ ചോദ്യം ചെയ്യുകയാണോ?"

"എന്താണ് നീ എഴുതുന്ന കഥ.
നീ ഒന്ന് വായിക്കൂ."

അവൾക്കായി ഞാനത് ചുരുക്കി വായിച്ചു തുടങ്ങി.

മാഷിന് പറ്റിയൊരു വീടും ഭൂമിയും വിൽക്കാനുണ്ടെന്ന ദല്ലാൾ ശങ്കരൻ്റെ വാക്ക് കേട്ടു, അത് വാങ്ങാനായി ചെല്ലുകയാണ് ജെ എന്ന യുവാവ്.
'മാനസസരസ്സ് ' എന്ന് ആ വീടിന് മുൻവശം എഴുതിയിട്ടുണ്ടായിരുന്നു.
അവൻ അതിനുള്ളിലേക്ക് കയറി. 
വീടിന് ചുറ്റും പറമ്പ് നിറയെ കാട് കയറിക്കിടക്കുന്നു.
മനുഷ്യൻ്റെ പാദങ്ങൾ സ്പർശിച്ചിട്ട് കാലങ്ങൾ ആയിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന മുറ്റവും പരിസരവും.
മുറ്റത്ത് വടക്ക് കിഴക്ക് ഭാഗത്തായി ഒരു ചിത എരിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.
നീല കരിങ്കൽ  നിറയെ പായൽപ്പച്ചകൾ നിറഞ്ഞ ആ വീടിൻ്റെ ഉമ്മറപ്പടിയിൽ അവൻ ഇരുന്നു.
കറുത്ത നിറത്തിലൊരു മെലിഞ്ഞ സ്ത്രീ ആ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.
അവൾ ഒരുപാട് അവനോട് സംസാരിച്ചു.
കൂട്ടത്തിൽ അവൾ ചോദിച്ചു.
"എന്തിനാണ് ഈ ഭൂമി വാങ്ങിക്കുന്നത്.?"

"കുറച്ച് കൃഷി ചെയ്യണം. പിന്നെ സമാധാനമായി ഇരുന്ന് എഴുതാനും ഒരു വീട് വേണമായിരുന്നു."

'വിധവീട് ' എന്നൊരു കഥയുണ്ട്. വായിച്ചിട്ടുണ്ടോ?
അവരുടെ ചോദ്യത്തിന് മറുപടിയായി ഓർമ്മയിൽ ചികഞ്ഞ അവൻ വെറുതെ ഒരു കള്ളം പറഞ്ഞു.
"ഉവ്വ് വായിച്ചിരുന്നു. എന്ന് തോന്നുന്നു.
പക്ഷേ കഥയും കഥാപാത്രങ്ങളുടേയും പേരുകൾ എനിക്ക് ഓർമ്മയില്ല."

"എന്നാൽ ഞാൻ ആ കഥ പറയാം." എന്നു പറഞ്ഞവർ കഥ തുടങ്ങി.

സ്വന്തമായി ഒരു വീട് വയ്ക്കണം എന്നതായിരുന്നു.
അവളുടെ ഏറ്റവും വലിയ മോഹം.
കഷ്ടതകൾ ഒരുപാട് അനുഭവിച്ചവൾ ഒരു വീട് സ്വന്തമാക്കി.
മകനും മകളുമായി താമസിക്കാനൊരുങ്ങിയ ദിവസം തന്നെയാണ്, മക്കളെ മാത്രം നൽകി പണ്ട് ഉപേക്ഷിച്ച് പോയ കാമുകൻ തിരികെയെത്തുന്നത്.
അവൻ പറഞ്ഞു.
"ഒറ്റയ്ക്ക് ജീവിക്കണ്ട. 
ഞാൻ നോക്കി കൊള്ളാമെന്ന്."

അവൾ ചോദിക്കുന്നു.
"എന്തിന്? 
ഇനി എനിക്ക് ഇങ്ങനെ ഒരാളിന്റെ ആവശ്യമെന്തിന്?"
എന്നു പറഞ്ഞയാളെ തിരിച്ചയക്കുന്നു.

അന്ന് രാത്രി പുതിയ വീട്ടിൽ താമസം തുടങ്ങി, കിടന്നുറങ്ങിയ അവൾ അടുത്ത ദിവസം ഉണർന്നില്ല. അയാൾ തന്നെ മക്കളുമായി പിന്നെ ആ വീട്ടിൽ താമസിക്കുന്നു.
അവൾ കഥ പറഞ്ഞ് നിർത്തിയപ്പോൾ വീടിന് അകത്ത് നിന്നും ഒരു പെൺകുട്ടി അമ്മേ എന്ന് വിളിച്ച് ഓടി വന്നു. അവരെ ചുറ്റിപ്പിടിച്ച് നിന്നു. അവളുടെ തലമുടി മൊട്ടയടിച്ചിരുന്നു.

"ജെ..യ്ക്ക് ആ പറഞ്ഞ കഥയിലെ കഥാപാത്രത്തിന്റെ പേരുകൾ മറന്ന് പോയി എന്നല്ലേ പറഞ്ഞത്. "

"അതെ ". എന്നവൻ തലയാട്ടി.

"മാരി, കാത്തു." ഇത് രണ്ടും പറഞ്ഞിട്ടവർ അവന്റെ കണ്ണുകളിൽ നോക്കി നിന്നു.

"അല്ല അതല്ല." അവൻ പറഞ്ഞു.

"എങ്കിൽ ജെ ഇനി ആ കഥയിലെ അവളുടെ പേരും അന്വേഷിക്കണ്ട.
'ജാനകി.' അതാണ് അവളുടെ പേര്.
ഇനി മുതൽ അത് മനസ്സിൽ വച്ചാൽ മതി."
അവൾ പറഞ്ഞു നിർത്തി. വീണ്ടും ചോദിച്ചു.
"എന്ത് കൃഷിയാണ് ചെയ്യുന്നത്?
തെങ്ങുകൾ നല്ലതാണ്. വാഴ കണ്ടില്ലേ എല്ലാം മണ്ടയടച്ചു പോകും."
വീടിൻ്റെ മുറ്റത്തെ മണ്ടയടച്ചു പോയ വാഴ അവൾ ചൂണ്ടി കാണിച്ചു.
അവളെ ചുറ്റിപ്പിടിച്ച് നിന്ന മൊട്ട പെൺകുട്ടിയും അവിടേക്ക് നോക്കി.
"അതെ  തെങ്ങും നല്ലതാണ്. പക്ഷേ 
തെങ്ങായാലും കണ്ടില്ലേ? 
ഒരുപാട് വളർന്നിട്ട് മണ്ടയടച്ച് പോകില്ലേ?"
അവൻ പറഞ്ഞു. അവൻ്റെ പുറകിലായി മണ്ട പോയ ഒരു തെങ്ങും ഉണ്ടായിരുന്നു.

"ശരിയാണ്. എങ്കിലും ഒരുപാട് നാൾ വളർത്താമല്ലോ?"
മൊട്ട പെൺകുട്ടിയെ ചേർത്തു പിടിച്ചവൾ പറഞ്ഞു.
അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു.

"താങ്കൾ പ്രണയിച്ചിട്ടുണ്ടോ?"

ഉണ്ടെന്ന് അവൻ പറഞ്ഞു.

ആരെ? എന്നവൾ വീണ്ടും ചോദിച്ചു.

"ഒരാളെ മാത്രമല്ല."എന്ന് അവൻ.

"പിന്നെ എത്ര പേരെ?"

"എണ്ണമില്ല. എണ്ണി നോക്കിയിട്ടില്ല.
കാരണം അതിനിയും പൂർത്തിയായിട്ടില്ല."

"നിങ്ങൾക്ക് എന്നെ പ്രണയിക്കാമോ?"
എന്ന് ചോദിച്ചിട്ടവൾ ഉറക്കെ വായ് തുറന്ന് ചിരിച്ചു. അവളുടെ അണപ്പല്ലുകളിൽ ഒന്ന് കറുത്തിരുന്നു.

ദല്ലാൾ ശങ്കരൻ വന്നു വിളിച്ചപ്പോഴാണ് ഞാനുണർന്നത്.
വീടിൻ്റെ പടിക്കൽ ഇരുന്ന് ഞാൻ ഉറങ്ങി പോയിരുന്നു.
"എന്താ മാഷേ ഉറക്കമായിരുന്നോ?
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണ്.
വല്ല പാമ്പും പ്രേതങ്ങളും ഒക്കെ ഉണ്ടായിരിക്കും. നിങ്ങക്ക് കഥ എഴുതാൻ ഇങ്ങനത്തെ വീട് തന്നെ വേണോന്ന് പറഞ്ഞോണ്ട് ഞാൻ വൃത്തിയാക്കിയതുമില്ല."
ശങ്കരനത് പറയുമ്പോൾ ഞാൻ ചുറ്റിനും നോക്കി.
"ഓ ഞങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു. അവർ എവിടെ ആ സ്ത്രീയും കുഞ്ഞും.?"
ആത്മഗതം പുറത്തു വന്നു.

"ഏത് സ്ത്രീ? " മാഷ് എന്താണി പറയണത്. "

ഞാൻ പരിസരം നിരീക്ഷിച്ചു.
പറമ്പ് നിറയെ കൂമ്പടഞ്ഞ് പോയ വാഴകൾ ആയിരുന്നു.
വെള്ളം കിട്ടാതെ ഇലകൾ കരിഞ്ഞ് സർപ്പങ്ങളെ പോലെ തൂങ്ങിക്കിടക്കുന്ന വാഴക്കൈകൾ.
ചിതയെരിഞ്ഞ ഭാഗത്തേയ്ക്കുള്ള എൻ്റെ നോട്ടം കണ്ടിട്ടാകണം ശങ്കരൻ അത് പറഞ്ഞു തുടങ്ങിയത്

"അതിവിടത്തെ ജാനകി കുട്ടിയുടെ ചിതയാണ്.
എങ്ങനെ മരിച്ചെന്ന് അറിയില്ല.
രാവിലെ മരിച്ചു കിടക്കുകയായിരുന്നു.
പിന്നെ അയാളായിരുന്നു കുട്ടികളുമായിവിടെ താമസിച്ചത്. കുട്ടികൾ എന്തോ കുറച്ച് നാൾ കഴിഞ്ഞ് ജാനകിയുടെ അനുജത്തിയുടെ വീട്ടിലേക്ക് താമസം മാറി പോയി.
അയാൾ ഇവിടെ ഒറ്റയ്ക്ക് കിടന്ന് പാമ്പ് കടിയേറ്റാണ് മരിച്ചത്. ശരീരം ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞാണ് പുറത്തുള്ളവർ അറിഞ്ഞതേയ്,
അപ്പൊഴേക്കും കുറുനരിയും കഴുകനും കൂടെ എല്ലാം തിന്നു തീർത്തിരുന്നു.
ബാക്കി ഉണ്ടായിരുന്ന കുറച്ച് എല്ലിൻ കഷണങ്ങൾ ദോ അവിടെയാണ് കുഴിച്ചിട്ടത്."
ശങ്കരൻ ചൂണ്ടി കാണിച്ചയിടത്ത് വാടിക്കരിഞ്ഞ വാഴയുടെ അരികിലായി ഒരു മണൽപ്പുറ്റ് ഉണ്ടായിരുന്നു.

രാത്രിയിൽ എഴുതാൻ ഇരുന്നപ്പോഴും എൻ്റെ ഉള്ളിൽ ആ മൺപ്പുറ്റ് തന്നെയായിരുന്നു.
അന്നു രാത്രിയാണ് ഞാൻ കൂരിരുട്ടിലൂടെ നടക്കാൻ ഇറങ്ങിയത്.
ജൂബ്ബയിൽ കിഴികെട്ടിയ ചാരവുമായി ഞാൻ ആ മൺപ്പുറ്റിന് അരികിലേക്ക് ചെന്നു.
ഒരു സർപ്പം ആ മണൽ പുറ്റിനെ ചുറ്റിയിരിക്കുന്നത് കണ്ടു.
എൻ്റെ കൈകളിലെ തുണിക്കിഴിയിലേക്ക് നോക്കിയത് ഇരുവശവും പിളർന്ന നാവു നീട്ടി.
മണൽ പുറ്റിൽ നിന്ന് ഇറങ്ങിയത് നിലത്തു കൂടെ ഇഴഞ്ഞു മറഞ്ഞു.
ഞാൻ ആ മണൽ പുറ്റ് പൊട്ടിച്ചു.
അതിനുള്ളിൽ മൂന്ന് വളയങ്ങളായി ചുറ്റി മുകൾഭാഗം തല ഉയർത്തി സമാധിയായ ഒരു സർപ്പ രൂപം ഉണ്ടായിരുന്നു.
അടുത്ത ദിവസം പുലരിയിൽ  അതവിടെ നിന്ന് അപ്രത്യക്ഷമായിരുന്നു.

"ഞാൻ ചോദിച്ചത് കേട്ടില്ലേ നിനക്ക് എന്നെ പ്രണയിച്ചു കൂടെ?"

വീണ്ടും എഴുതാനായി തൂലിക ഞാൻ എടുത്തപ്പോൾ കാറ്റായി അവൾ ജാലക വാതിൽ തുറന്നു തന്നു. പുറത്ത് രാത്രിയുടെ രാജാക്കൻമാരുടെ ഒച്ചയുണ്ട്.
മഴ ശാന്തമായി പെയ്തിറങ്ങുന്നു.
അകലെ കായലിൽ ചന്ദ്രൻ്റെ ബിംബത്തിൽ ഓളം വെട്ടുന്ന തിരകളെ കാണാം.

"നല്ല കാഴ്ച്ച അല്ലേ?"
അവൾ എൻ്റെ കാതുകൾക്ക് അരികിൽ തന്നെ ഉണ്ട്. അവളുടെ ശ്വാസത്തിന് വാടിയ നിശാഗന്ധി പൂക്കളുടെ മണമായിരുന്നു.

"ചോദ്യത്തിനുത്തരം പറഞ്ഞില്ല."

അവൾ വീണ്ടും എന്നെ ഓർമ്മിപ്പിച്ചു.

"നീയാരാണ് ഞാൻ എങ്ങനെ നിന്നെ പ്രണയിക്കും."
ഞാനവളോട് സംവദിക്കാൻ  തയ്യാറായിരുന്നു.

"ഞാനോ ഞാനൊരു യക്ഷിയാണ്. സുന്ദരിയായ യക്ഷി നിനക്ക് എന്നെ പ്രണയിച്ച് പ്രണയാക്ഷരങ്ങൾ നിറച്ച് പ്രണയ കഥകൾ പറഞ്ഞു കൂടെ?"

"നീ മരിച്ചു പോയതല്ലേ ഞാനെങ്ങനെ നിന്നെ പ്രണയിക്കും?
മാത്രമല്ല എനിക്ക് മറ്റൊരാളോട് പ്രണയമുണ്ട്."
പറഞ്ഞു നിർത്തി ഞാൻ കാതോർത്തു.
അവൾ തോറ്റ് നിശബ്ദയായെന്ന് തോന്നി.

"ആണോ എന്താണ് നിനക്ക് ആ മറ്റൊരാളോട് പ്രണയം തോന്നാനുള്ള പ്രത്യേകത?"

"അവൾക്ക് എന്നോട് പ്രണയമില്ല. അതാണ് എനിക്ക് അവളോടുള്ള എൻ്റെ പ്രണയം."
ചോദ്യത്തിനുത്തരമായി എൻ്റെ മറുപടി കേട്ടവൾ പൊട്ടിച്ചിരിച്ചു.

"ഞാൻ മരിച്ചു എന്നാരു പറഞ്ഞു.
നീ ആരോടും പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പറയട്ടെ.?"
എൻ്റെ മൗനം അവൾ സമ്മതം ആയി എടുത്തു കാണും.
"എന്നെ അയാൾ കൊന്നതായിരുന്നു.
സർപ്പത്തിനെ കൊണ്ട് കൊത്തിച്ച്.
അടുത്ത ദിവസം ഞാൻ മരിച്ചിട്ടില്ലായിരുന്നു.
ഇനി പറയുന്നത് രഹസ്യം ആണ് കേട്ടോ പുറത്തറിയാൻ പാടില്ല.
സർപ്പദംശനം ഏൽക്കുന്നവർക്ക് മരണം ഉണ്ടാകില്ല. ശരീരം നിശ്ചലമായാലും ജീവൻ ഉള്ളിൽ തന്നെ രഹസ്യമായി ഒളിപ്പിച്ച് വച്ചിരിക്കും. ജീവനോടെ ആയിരിക്കും അവരെ ഒക്കെ ചിതയിൽ എരിക്കുന്നത്.
ഞാനും അന്ന് മരിച്ചിട്ടുണ്ടായിരുന്നില്ല.
അതല്ലേ ഞാൻ ഇപ്പൊഴും ജീവനോടെ നിൻ്റെ മുന്നിൽ വന്നത്.
അറിയാതെ കൊലപാതകി ആയിപ്പോയ ആ സർപ്പം പാവം തലതല്ലി സ്വയം സമാധിയായി. നീയാണ് അതിനെ മോചിപ്പിച്ച് അതിൻ്റെ ഇണയ്ക്ക് നൽകിയത്.
അത് അതിൻ്റെ ഇണയോട് ചേർന്നത് പോലെ എനിക്കും നിന്നിലേക്ക് ചേരണം."

അവളുടെ ശബ്ദം എൻ്റെ ഇടതു കാതിനരികിൽ നിന്ന് പുറകിലേക്ക് മാറുന്നത് ഞാനറിഞ്ഞു. പിൻകഴുത്തിൽ ഇപ്പോൾ അവളുടെ ചുടുനിശ്വാസത്തിൻ്റെ സ്പർശനമറിയാം. മുന്നിലായി ജാലകത്തിൽ കോർത്തിട്ടിരുന്ന നിലക്കണ്ണാടിയിലേക്ക് ഞാൻ നോക്കി.
ആ നിലക്കണ്ണാടിയിലൂടെ ഞാൻ അവളെ കണ്ടു.
എൻ്റെ നെറ്റിയിൽ ചുവന്ന നിറത്തിൽ വലിയ വട്ടപ്പൊട്ടു വച്ചിരുന്നു.
തലമുടി ഇരു വശങ്ങളിലുമായി താഴേക്ക് നീണ്ടു വളർന്നിരിക്കുന്നു.
എനിക്ക് നാലു കണ്ണുകളായിരുന്നു.
പുറത്തേക്കു നീട്ടിയ നാവ് ഇരുവശങ്ങളിലേക്കുമായി പിളർന്നു.
നിലക്കണ്ണാടിയിലെ അവളുടെ നാവിൽ ചെന്നു മുട്ടി.

അന്നു പുലർന്നിട്ടും രാത്രിയാകും വരെ ഞാൻ ഇരുന്ന് എഴുതുകയായിരുന്നു.
എഴുതി തീർന്നു. അവൾ വരാനായി കാത്തിരുന്നു. പുലരും വരെയും അവൾ അന്ന് വന്നില്ല.
"ജാനകി നീ എവിടെയാണ് ?
ഞാൻ കഥ എഴുതി തീർന്നു. നിനക്കത് വായിച്ചു കേൾക്കണ്ടേ?"
എൻ്റെ ചോദ്യത്തിന് ഉത്തരമായി ജനൽപ്പാളികൾ തുറന്നടഞ്ഞു.
"നീ എന്താണ് ഒന്നും മിണ്ടാത്തത് ?
നിനക്ക് സംസാരിക്കാൻ കഴിയുന്നില്ലേ?"
മറുപടിയായി മേശമേൽ ഇരുന്ന മൺകുടം തറയിൽ വീണുടഞ്ഞു.
അതിന് മുകളിൽ ഇരുന്ന കടലാസ്സ് പറന്ന് വന്നു എൻ്റെ മാറിൽ ഒട്ടിയിരുന്നു.
ഞാൻ പറയുന്നത് അവൾ കേൾക്കുന്നുണ്ട്.
അവൾക്കെന്നോട് സംസാരിക്കാൻ കഴിയാതെ ആയോ?അവൾ ഇവിടെ അരികിൽ തന്നെയുണ്ട്.
വാടിയ നിശാഗന്ധിപ്പൂക്കളുടെ മണം ഉണ്ട്.
"ജാനകി നിന്നെ ഞാൻ പ്രണയിക്കുന്നുണ്ട്. ഞാനെഴുതി അവസാനിപ്പിച്ചിരിക്കുന്നു.
നിനക്ക് അത് കേൾക്കണ്ടേ?"
മാറിൽ വന്നൊട്ടിയ കടലാസ്സ് എടുത്തു ഞാൻ ഉറക്കെ വായിച്ചു.

"നീ എന്ന നിന്നെ ഞാൻ അക്ഷരങ്ങളാക്കും. അവളെ ഞാനും, അവൾ എന്നെയും പ്രണയിക്കും.
ഞാൻ നിന്നെ പുണരും.
എന്റെ അക്ഷരങ്ങളിലൂടെ നമ്മൾ ശയിക്കും
നിന്റെ വിയർപ്പിന്റെ രുചി ഞാനറിയും.
എന്റെ രേതസ്സ് വീണു നിന്റെ ഭഗപ്രദേശങ്ങൾ നനയും.
എന്റെ കുഞ്ഞുങ്ങളെ പെറ്റു നീ മുലയൂട്ടി വളർത്തും.
നിന്റെ മടിയിൽ തലചേർത്ത് വച്ചു ഞാൻ ഉറക്കത്തിലൂടൊരു അവസാനയാത്ര പോകും.
#ജെ...( Jayachandran NT)

1 comment:

  1. വളരെ ഹൃദ്യമായി എഴുതി. ആശംസകൾ🙏♥️♥️♥️💥

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot