Slider

ക്ലാരയെപ്പോലൊരു കാർല! (കഥ )

0
Best of Nallezhuth- No 8 - 
ഞാൻ നിങ്ങളോട് കാർലയെക്കണ്ട കഥ പറയട്ടെ... ?
ക്ലാരയെപ്പോലെയുള്ളൊരു കാർല !
ക്ലാരയെ ഓർമയില്ലേ.. ?
മണ്ണാറത്തൊടി ജയകൃഷ്ണന്റെ ഹൃദയമിടിപ്പായിരുന്ന ക്ലാര..
പെയ്യുന്ന മഴയിൽ പ്രണയവും കൊണ്ട് വന്ന നമ്മുടെ സ്വന്തം ക്ലാര.
അവളെപ്പോലൊരു പെണ്ണ് സ്പെയിനിൽ നിന്നും എന്റെ മുൻപിലെത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. ?
എന്നാൽ തുടങ്ങാം.. ല്ലേ..
സീൻ തുടങ്ങുന്നത് മരുഭൂമിയിലാണ്..
പറയാൻ മറന്നു
ഇതിൽ മഴ പ്രതീക്ഷിക്കരുത്.
നല്ല പൊടിക്കാറ്റ് വേണേൽ തുടക്കം മുതൽ ഒടുക്കം വരെ വരുത്താം..
അന്ന്...
മരുഭൂമിയിൽ ചൂടുകാലത്തിന്റെ വരവറിയിച്ചു കൊണ്ട് പൊടിക്കാറ്റടിക്കുന്നു.
കണ്ണും മൂക്കും നീറുന്ന ,
കെട്ടിടങ്ങൾക്ക് മണ്ണിന്റെ നിറം ചാർത്തുന്ന പൊടിക്കാറ്റ്.
അങ്ങിങ്ങ് കിളിർത്ത പുൽനാമ്പുകൾ ഏറിവരുന്ന ചൂട് കാരണം കരിഞ്ഞുണങ്ങാൻ തുടങ്ങിയിരുന്നു.
ഒരാഴ്ചയായി മനസ്സിനാകെ ഒരു വല്ലായ്മ..
ഒറ്റപ്പെടൽ.
നല്ല ഒരു സുഹൃത്ത്‌ അടുത്തില്ലാത്തതിന്റെ കുറവ് ഒറ്റപ്പെടലിന്റെ തീഷ്ണത കൂട്ടുന്നു.
നാട് കാണാനുള്ള ആഗ്രഹം മനസ്സിൽ അടക്കാൻ കഴിയാത്ത പോലെ.
മൂഡൊക്കെ ഒന്ന് മാറ്റിയെടുക്കാൻ ഒരു യാത്ര അത്യാവശ്യമാണെന്ന് തോന്നി.
യാത്രകൾ ഉറങ്ങിക്കിടക്കുന്ന മനസ്സിന് ഉണർവേകും എന്ന് കേട്ടിട്ടില്ലേ.
സുഹൃത്തിനെ കാണാനും കുറച്ച് ദിവസം ഉല്ലസിക്കാനും വേണ്ടി ദുബായിലേക്കൊരു യാത്ര പ്ലാൻ ചെയ്തു.
അവനവിടെ സാമാന്യം തരക്കേടില്ലാത്ത ജോലി.
നീണ്ട യാത്രയാണ്.
അതും ഒറ്റയ്ക്ക്.
ഡ്രൈവിങ്ങിനിടെ ഉറങ്ങാതിരിക്കാൻ ലോകത്തെല്ലാ ഭാഷയിലെയും ഗാനങ്ങൾ അവിയൽ പരുവത്തിലാക്കി പെൻഡ്രൈവിലോട്ടു കയറ്റി..
വണ്ടി സ്റ്റാർട്ട്‌ ചെയ്തത് മുതൽ പാട്ടു തകർക്കാൻ തുടങ്ങി.
ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചില ഗാനങ്ങൾ നിങ്ങളെ കാറിനുള്ളിലും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കും.
ചിലത് നിങ്ങളെ ഗൃഹാതുരത്വത്തിന്റെ മുറിയുന്ന വേദനയിലേക്ക് കൊണ്ടു പോകും.
ഒമാൻ.. അൽ ഐൻ ബോർഡർ പോസ്റ്റിലെത്തി.
നല്ല ആൾക്കൂട്ടമുണ്ട്.
യൂറോപ്യൻസ് , അറബി , പാകിസ്താനി, ഫിലിപ്പീനി , ബംഗാളി പിന്നെ നാനാവിധ ഇന്ത്യക്കാരും കാത്തു നിൽക്കുന്നുണ്ട്.
എമിറേറ്റ്സിലേക്ക് കടക്കണമെങ്കിൽ വിസ കിട്ടണം. അതിനാണീ തിരക്ക്.
ചെക്കിങ്ങൊക്കെ കഴിഞ്ഞ് വിസ സ്റ്റാമ്പ്‌ ചെയ്ത് പോകാൻ നേരം അവിടെ ഇരുന്ന ഏമാൻ ഒറ്റച്ചോദ്യം.
..വെയ്ൻ റോ.. ?
എങ്ങോട്ടാ മച്ചാനെ എന്നർത്ഥം
ദുബായിലേക്കാണെന്നു പറഞ്ഞപ്പോൾ ദേ അവിടെ നിൽക്കുന്ന പെണ്ണിനേയും കൂട്ടിക്കോ ദേരാ ദുബായിലിറക്കണം എന്നും ഏമാൻ..
എന്റെ മുൻപിൽ ആറടി ഉയരത്തിലൊരു മദാമ്മ.. !
ഒരു മദാമ്മയുടെ കൂടെ ദുബായ് വരെ ഒരു യാത്ര...
ഒരു ചെറ്യേ ലഡ്ഡുവൊക്കെ പൊട്ടാനുള്ള തരമുണ്ട്.
അത് കൊള്ളാം.
ഞാൻ ഓക്കേ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചസമയം ആയതു കാരണം അവൾക്ക് ടാക്സി കിട്ടിയില്ല.
അതാണ് കാര്യം.
ആറടി ഉയരക്കാരി കാറിൽ കയറുമ്പോൾ ഏമാൻ എന്നെ നോക്കി കണ്ണുരുട്ടി.
വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ നീ വിവരമറിയും എന്ന് പറയുന്നതുപോലെ തോന്നി എനിക്ക്.
അവൾ നല്ല പെർഫ്യൂമിന്റെ സുഗാന്ധവുമായി എന്റെ അടുത്ത് വന്നിരുന്നു.
പിങ്ക് ടോപ്പും നീല ജീൻസും.
മെലിഞ്ഞ കയ്യിൽ പല നിറങ്ങളിൽ ചരടുകൾ കെട്ടിയിരിക്കുന്നു.
നല്ല ഐശ്വര്യമുള്ള മുഖം.
കറുത്ത മുടി കഴുത്തറ്റം വെട്ടിയിരിക്കുന്നു.
സ്വർണമുടി അവൾക്കല്ലേലും ചേരില്ല എന്നെനിക്ക് തോന്നി.
മുഖം വളരെ അടുത്ത് കണ്ടപ്പോൾ എനിക്ക് സുമലതയെ ഓർമ വന്നു.
ആ വലിയ കണ്ണുകളും ചുണ്ടിന്റെ കോണിലെ പുഞ്ചിരിയും അതേ പോലെ.
പെട്ടെന്ന് ഞാൻ ഓർത്തുപോയി
തൂവാനത്തുമ്പികളിലെ ക്ലാരയെ.
തൂവാനത്തുമ്പികൾ സിനിമ കണ്ടതിനു ശേഷം അങ്ങനെ ഒരു സൂക്കേടുണ്ട്.
മെലിഞ്ഞു നീണ്ട പെണ്ണുങ്ങളെക്കണ്ടാൽ ക്ലാരയെ ഓർമ്മ വരും.
ഒരു മഴ കൂടി പെയ്താൽ തകർത്തേനെ.
പക്ഷേ എരിയുന്ന വെയിലാണ് പുറത്ത്.
പണ്ട് പരീക്ഷ എഴുതാൻ തൃശ്ശൂരിൽ പോയപ്പോൾ ക്ലാരയുടെ മുഖച്ഛായ ഉള്ള ഒരു പെണ്ണിനെ കണ്ട കാര്യം ഞാനോർത്തു.
അന്ന് അവളുടെ പുറകെ വടക്കുംനാഥന്റെ അമ്പലം വരെ ഓടിയതോർത്ത്‌ ഞാനൊന്നു നെടുവീർപ്പിട്ടു.
..ഐ ആം കാർല . കാർല അബ്രിൽ ഫ്രം മാഡ്രിഡ്‌.. സ്പെയിൻ..
അവൾ മെലിഞ്ഞു നീണ്ട കൈകൾ എന്റെ നേരെ നീട്ടി ഹൃദ്യമായി ചിരിച്ചു.
എന്റെ മനം നിറഞ്ഞു.
ബ്ലൂ നെയിൽ പോളിഷിട്ട നല്ല വൃത്തിയുള്ള കൈകൾ.
കാർല .. ആ പേരിനു പോലും സാമ്യം..!!
കൈ കൊടുത്തപ്പോൾ എന്തോ എനിക്ക് കുളിരു കോരി..
അവൾ മസ്കറ്റിൽ നിന്നും വരുന്നു.
ഒരാഴ്ചത്തെ ദുബായ് വിസിറ്റിന്.
കൂടെ അവളുടെ ചിരകാലാഭിലാഷമായ സ്കൈ ഡൈവും കൂടി ചെയ്യാൻ..
അങ്ങോട്ടുള്ള യാത്രയിൽ മറ്റെല്ലാ ഭാഷയും ഒഴിവാക്കി ഞാൻ ഇംഗ്ലീഷ് പാട്ടു മാത്രം പ്ലേ ചെയ്തു. .
... baby pull me closer on the backseat of ur rover...
ചെയിൻസ്മോക്കറിന്റെ മാസ്മരിക ശബ്ദം കാറിനുള്ളിൽ നിറഞ്ഞു..
അവൾ ഒരു റെഡ്‌ബുള്ളും നുണഞ്ഞു തലയാട്ടി ഇരിക്കുന്നുണ്ട്.
ഇടയ്ക്കിടെ പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിക്കുന്നുണ്ട്
നീണ്ടു കിടക്കുന്ന അലൈൻ - ദുബായ് ഹൈവേ. കത്തിക്കാളുന്ന സൂര്യൻ.
കാറിൽ അലയടിക്കുന്ന പോപ്പ് മ്യൂസിക്.
അടുത്ത് ക്ലാരയെപ്പോലൊരു മദാമ്മ.
ശ്രീനിവാസന്റെ പഴയ ഒരു പാട്ട് കാറിലെ ജസ്റ്റിൻ ബീബറിന്റെ പാട്ടിനെയും തോൽപ്പിച്ച് എന്റെ മനസ്സിലേക്കോടിയെത്തി.
സ്വർഗ്ഗത്തിലോ സ്വപ്നത്തിലോ ..
സങ്കല്പ മന്ദാര ലോകത്തിലോ ...
..കാൻ യൂ പ്ലീസ് സ്റ്റോപ് ദാറ്റ് മ്യൂസിക്.. ഇട്സ് ടൂ നോയ്സി ..
കാർലയുടെ ശബ്ദം എന്നെ ഉണർത്തി.
ഞാൻ മ്യൂസിക് ഓഫ്‌ ചെയ്ത് മുന്നിൽ കൂടി അസ്ത്രം പോലെ പാഞ്ഞു പോയ ഒരു ചുവന്ന ഫെറാരിയെ അസൂയയോടെ നോക്കി.
നമ്മുക്ക് സംസാരിക്കാം എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ തലയാട്ടി.
മനസു തുറന്നുള്ള സംസാരം കുറയുന്നതാണല്ലോ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം .
ഹാവ് യൂ ബീൻ ഇൻ സ്പെയിൻ.. ?
ചോദ്യം കേട്ടു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
പിന്നേ..സ്പെയിനിലേക്കു വന്നിട്ടുണ്ടോന്നോ ?
സ്പെയിനിലേക്കു പോകാന്നു വെച്ചാൽ എന്റെ വീട്ടിന്നു കണ്ണൂർ ടൗണിലേക്ക് പോന്നത്ര ഈസിയല്ലേ.
എന്റെ മദാമ്മേ കേരളത്തിന്റെ നെല്ലറയായ പാലക്കാട് പോലും ശരിക്ക് കണ്ടിട്ടില്ല പിന്നെയല്ലേ സ്പെയിൻ..
ആകാംഷയോടെ എന്നെ നോക്കുന്ന അവളോട്‌ ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
വളരെ മനോഹരമാണ് സ്പെയിൻ എന്നും , ജനങ്ങളുടെ ഫുട്ബോൾ പ്രേമം , തക്കാളി ഉത്സവം , ബുൾഫൈറ്റ് , സ്വാതന്ത്ര്യത്തിനു ശ്രമിക്കുന്ന കാറ്റലോണിയ അങ്ങനെ ഒരു പാട് കാര്യങ്ങൾ അവൾ പറഞ്ഞു.
അവസരം ഒത്തുവന്നാൽ വരണം..
തീർച്ചയായും എന്ന് ഞാനും
നടന്നത് തന്നെ എന്നെന്റെ മനസ്സും പറഞ്ഞു
കുശലപ്രശ്നങ്ങളിൽ അവൾ പറഞ്ഞു ഇന്ത്യയിൽ വന്നിട്ടുണ്ട്. കേരളത്തിലും വന്നു.
എന്തിന്.. കണ്ണൂർ ബീച്ചിലെ ലൈറ്റ് ഹൌസ് വരെ അവൾ സന്ദർശിച്ചിട്ടുണ്ട്.
അതും ഒറ്റക്ക്..
കൊച്ചി മറൈൻ ഡ്രൈവിലൂടെ ഒറ്റയ്ക്ക് രാത്രി നടന്നിട്ടുണ്ട്.
പ്രശ്നങ്ങളൊന്നും ഉണ്ടായില്ലേ.. ?
എന്ന എന്റെ ചോദ്യത്തിന് എന്ത് പ്രശ്നം എന്നവൾ തിരിച്ചു ചോദിച്ചു.
അതെന്താ പെണ്ണിനൊറ്റക്ക് പോകാൻ അവകാശമില്ലേ ?
അല്ല നാട്ടിലൊന്നും പെൺകുട്ടികൾ അസമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ല.
ഞാൻ കുറേ ഉദാഹരിച്ചു.
ഡൽഹി നിർഭയ കേസും..
മദാമ്മയെ അപമാനിച്ച നാട്ടുകാരും റേപ്പും ബാലപീഡനവും.
അവളുടെ മുഖത്ത് ചുവപ്പ് പടർന്നു.
..എന്തൊരു സ്ഥലമാണ് നിങ്ങളുടേത്.. നാണക്കേട്..
പച്ച മലയാളമല്ലെ അവൾ പറഞ്ഞത് ?!
ഉത്തരമില്ലാതെ അവളുടെ മുന്നിൽ നാണം കെട്ട് ഞാനിരുന്നു.
.. അഭ്യാസവും കൊണ്ട് എന്റടുത്തു വരട്ടെ വിവരമറിയും..
കൈ ചുരുട്ടി അവൾ പറഞ്ഞു.
അവളുടെ തന്റേടം എന്നെ അതിശയിപ്പിച്ചു.
നാട്ടിലെ ഫെമിനിസ്റ്റുകളൊക്കെ തോറ്റു തുന്നം പാടി കണ്ടം വഴി ഓടും.
ലഞ്ച് ടൈമിന് ഹൈവേ സൈഡിലുള്ള ഒരു ഹോട്ടലിൽ കയറിയപ്പോൾ അവൾ ചിക്കൻ ബിരിയാണിക്ക് ഓർഡർ ചെയ്ത് കേട്ടപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി !
ബിരിയാണിക്ക് മുന്നിൽ തുറിച്ച കണ്ണുകളുമായി ഇരുന്ന എന്റെ മുന്നിലിരുന്ന് അവൾ ചിക്കൻ കാൽ കടിച്ചുവലിച്ചു.
മദാമ്മ കത്തിയും മുള്ളും ഉപയോഗിച്ച് മാത്രമേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു. സത്യം.
പോകുന്ന പോക്കിൽ വഴിവക്കിലെ ചുവന്ന മണ്ണുള്ള മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ വേണമത്രേ അവൾക്ക്..
വണ്ടി നിർത്തി ഫോട്ടോ എടുക്കുമ്പോൾ ഞാൻ അവളെ പ്രാകി .
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് എങ്ങാണ്ടോ വെച്ചപോലൊരു ഫീൽ...
വിക്ടറി അടയാളം കാണിച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോ കാണിച്ചപ്പോൾ അവൾ പറഞ്ഞു.
ഓഹ് മാൻ ! ടേക്ക് പ്രോപ്പർലി..
ഞാനെടുത്ത ഫോട്ടോ ശരിയായില്ലത്രേ.
നോക്കണേ എന്റെ ഒരു യോഗം.
വെയിലിന് കത്തുന്ന ചൂടായിരുന്നു.
കൺപീലി പോലും ഉരുകിപ്പോകുന്നുണ്ടോ എന്നൊരു സംശയം..
അപ്പോളാ അവളുടെ ഒരു ഫോട്ടോസെഷൻ.
യാത്ര തുടർന്നപ്പോൾ അവൾ എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ക്കൊണ്ട് പറഞ്ഞു.
യൂ ആർ ടൂ സീരിയസ്..
ഇന്ത്യൻസ് പൊതുവെ ഭയങ്കര സീരിയസ് ആണത്രേ.
ശരിയാണ്. പ്രത്യേകിച്ച് കേരളക്കാർ.
ആഴ്ചയിൽ ആറു ദിവസം കഠിനാധ്വാനം ചെയ്ത് ഞായറാഴ്ച വീട്ടിൽ ചടഞ്ഞു കൂടി ടിവിയും കണ്ട് പരസ്പരം ചെറിയ കാര്യങ്ങൾക്കു പോലും കലഹിച്ചു വീട്ടിലെ സമാധാനം കളയുന്നവർ .
വീണ്ടും പിറ്റേന്ന് മുതൽ മനം മടുപ്പിക്കുന്ന ജോലിയിലേക്ക്.
ബാങ്കിൽ പണം സേവ് ചെയ്യുന്നത് പോലെ മനസ്സിൽ ടെൻഷനും അടുക്കിക്കൂട്ടി വെയ്ക്കുന്നു.
സീരിയസ് ആയില്ലെങ്കില്ലേ അത്ഭുതമുള്ളു.
എന്നാൽ യൂറോപ്യൻസ് ശനിയാഴ്ച രാത്രി പാർട്ടികളിൽ പോയി ഒരാഴ്ചത്തെ ടെൻഷൻ തീർക്കുന്നു.
അവൾ പറഞ്ഞത് സത്യം..
സമ്മതിക്കാതെ തരമില്ല.
..ചീർ അപ്പ്‌ മാൻ.. !
ലൈഫ് ഈസ് ഫോർ എൻജോയ്മെന്റ്.
അവൾ എന്റെ ചെവിട്ടിനടുത്തു വന്ന് അലറി.
ഞാനൊന്നു ഞെട്ടി.
ചെവിക്കല്ല് പൊട്ടും പോലെ തോന്നി എനിക്ക്.
..അതൊക്കെ ശരി മദാമ്മേ .
സ്പെയിൻ പോലെയല്ല ഇന്ത്യ..
ചീർ അപ്പ്‌ ചെയ്യാൻ മാത്രം പണം ഇവിടെ അംബാനിയുടെ കയ്യിലേ ഉള്ളൂ.
അഞ്ചു കൊല്ലം മുൻപ് തുടങ്ങിയ വീടുപണി ഇപ്പോഴും ഒരു ചോദ്യചിൻഹമായി മുന്നിലുണ്ട്.
അപ്പോഴാ അവളുടെ ഒരു ചീർ അപ്പ്.
ഞാൻ പിറുപിറുത്തു...
വാട്ട്‌.. ?
അവൾ ചെവി കൂർപ്പിച്ചു ചോദിച്ചു.
..നതിംഗ് മാഡം..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
നമ്മൾക്കൊക്കെ ചീർ അപ്പ്‌ എന്ന് പറഞ്ഞാൽ രണ്ടെണ്ണം വിട്ട് മറ്റുള്ളവന്റെ മെക്കിട്ടു കേറി അവന് പണിയുണ്ടാക്കുക അത്രന്നെ.
പാവം പെണ്ണുങ്ങൾക്ക്‌ അതിന് പോലും അവകാശമില്ല.
അവരൊക്കെ എങ്ങനാണാവോ ചീർ അപ്പ്‌ ചെയ്യുന്നത്.
ഞാനൊരു നിമിഷം എന്റെ അമ്മ പെങ്ങന്മാരെപ്പറ്റി ചിന്തിച്ചു പോയി.
സദാ സമയം മക്കളുടെയും ഭർത്താവിന്റെയും സഹോദരന്മാരുടെയും താല്പര്യങ്ങൾ നോക്കി കാലം കഴിക്കുക.
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
വിഷമങ്ങളൊക്കെ മറക്കൂ..
ബി പോസിറ്റീവ്...ഓക്കേ ?
അവൾ എന്നെ ഉപദേശിച്ചു.
ഞാൻ തലയാട്ടി.
ഹേയ് മാൻ സ്റ്റോപ് ..
ദിസ്‌ ഈസ്‌ ദി പ്ലേസ് ..!
അവൾ ദിഗന്ധം പൊട്ടുമാറ് ആർത്തു വിളിച്ചു.
റോഡ് സൈഡിൽ കുറച്ചകലെ നിൽപ്പുണ്ടായിരുന്നു ആ ബിൽഡിംഗ്‌..
സ്കൈ ദുബായ്..
വണ്ടി സൈഡാക്കി ഞങ്ങൾ പുറത്തിറങ്ങി.
ദൂരെ വിണ്ണിൽ നിന്നും പറന്നിറങ്ങുന്ന ഒരു പൊട്ടിന്റെ അത്രയും വണ്ണം തോന്നിക്കുന്ന പാരച്ചൂട്ടുകളെ നോക്കി അവൾ അത്ഭുതം കൊണ്ടു.
ഒരു കുട്ടിയുടെ കൗതുകമായിരുന്നു അപ്പോൾ ആ കണ്ണുകളിൽ.
അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റ സംതൃപ്തി കണ്ണുകളിൽ കാണാനുണ്ട്
തിരിച്ചു വണ്ടിയിൽ കയറുമ്പോൾ അവൾ പറഞ്ഞു.
ദുബൈയിൽ പോയി അവളുടെ ഫ്രണ്ടുമായി ഇവിടേയ്ക്ക് തിരിച്ചു വരും.
പരിശീലനത്തിന് ശേഷം അവൾ തന്റെ സ്വപ്നത്തിലേക്ക് പറന്നിറങ്ങും.
അവൾ എന്നെയും ക്ഷണിച്ചു സ്കൈ ഡൈവിങ്ങിന്.
സത്യം പറഞ്ഞാൽ യൂ ട്യൂബിൽ കുഞ്ചാക്കോ ബോബൻ ചെയ്ത കണ്ടപ്പോൾ എനിക്കും ആഗ്രഹമുണ്ടായിരുന്നു അങ്ങനൊന്ന് .
പക്ഷെ അതിന് പറ്റിയ മാനസിക , സാമ്പത്തിക ചുറ്റുപാടിലല്ലായിരുന്നു ഞാനപ്പോൾ.
നെക്സ്റ്റ് ടൈം ..
ഞാൻ പറഞ്ഞു.
ദുബായ് നഗരത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.
മേലെ ആകാശം തൊട്ടെന്ന പോലെ നിൽക്കുന്ന ബുർജ് ഖലീഫയുടെ അഗ്രം ദൃശ്യമായി.
രണ്ട് ദിവസം കഴിഞ്ഞ് അവൾ ആ സ്ഥാപനത്തിലേക്ക് പോകുമെന്നും ട്രെയിനിങ്ങിനു ശേഷം ഡൈവിംഗ് ആണെന്നും അത് കാണാൻ എന്നെ വിളിക്കാമെന്നും ഒന്നിച്ചു് മടങ്ങാമെന്നും പറഞ്ഞു അവൾ ദേരാ ദുബായിലിറങ്ങി.
...ഗ്രേസിയസ് മൈ ഫ്രണ്ട്..
എന്റെ കൈകുലുക്കി അവൾ പറഞ്ഞു.
( ആ സ്പാനിഷ് വാക്കിന്റെ അർത്ഥം ഞാൻ പിന്നെ ഗൂഗിളിൽ തപ്പി കണ്ടു പിടിച്ചു... നന്ദി.. )
ടാറ്റാ പറഞ്ഞു അവളൊരു ടാക്സിയിൽ കയറിപ്പോയി.
തിരിച്ചു സുഹൃത്തിന്റെ ജോലി സ്ഥലമായ ബുർ ദുബായിലേക്ക് പോകുമ്പോഴും അവളുടെ പെർഫ്യൂമിന്റെ ഗന്ധം കാറിലുണ്ടായിരുന്നു.
അവൾ പകർന്ന ഊർജ്ജം എന്റെ കൂടെയും.
സുഹൃത്തിന്റെ കൂടെ ദിവസങ്ങൾ പോയതറിഞ്ഞില്ല..
ജുമൈറ ബീച്ചും ബുർജ് ഖലീഫയും പൂക്കൾ നിറഞ്ഞ മിറക്കിൾ ഗാർഡനും
ചിത്രശലഭങ്ങളുള്ള ബട്ടർഫ്‌ളൈ ഗാർഡനും എല്ലാം കണ്ട് അവന്റെ പോക്കറ്റ് കാലിയായി എന്ന് പറഞ്ഞാൽ മതിയല്ലോ.
നാലാം ദിവസം വൈകിട്ട് കാർലയുടെ വിളി വന്നു.
റ്റുമാരോ ഐ ആം ഗോയിങ് ടു ഡൈവ്.. !
നാളെ അവൾ ആകാശത്തുനിന്നും ചാടുന്നു..
അത് കഴിഞ്ഞ് തിരിച്ചു മസ്ക്കറ്റിനുണ്ട്.
ഒന്നിച്ചു പോകാം.
സുഹൃത്തുമൊന്നിച്ചു മട്ടുപ്പാവിലെ ഓപ്പൺ ബാറിലിരിന്ന് ഓരോ ഡ്രിങ്ക്സ് നുണയുമ്പോഴും കാർലയായിരുന്നു എന്റെ മനസ്സിൽ.
പൊടുന്നനെയുള്ള ഒരു ചാറ്റൽ മഴ പോലെ എന്റെ കാറിലേക്ക് കയറിവന്ന കാർല.
താഴെ വെളിച്ചത്തിൽ കുളിച്ച് കിടക്കുന്ന ദുബായ് നഗരത്തിലെവിടെയോ അവളുണ്ട്..
ജീവിതത്തിനെ അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും അനുഭവിക്കുന്നൊരു പെണ്ണ്..
ഞാനടുത്തു പരിചയപ്പെട്ട ആദ്യത്തെ ഫെമിനിസ്റ്റായിരുന്നു അവൾ.
അന്ന് രാത്രി കണ്ട സ്വപ്നത്തിൽ ഞാനും കാർലയും മേഘം പൂത്തു തുടങ്ങി പാട്ടും പാടി ജുമൈറ ബീച്ചിൽ കൂടി അലഞ്ഞുനടന്നു
.............................................
പിറ്റേന്ന് പാം ജുമൈറയിൽ ഞാൻ കണ്ടു..
മേലെ ആകാശത്തിൽ നിന്നും പറന്നിറങ്ങുന്ന പല നിറത്തിലുള്ള അപ്പൂപ്പൻ താടികൾ.
അതിലൊന്നിൽ അവളായിരുന്നു..
ഡൈവിംഗ് വസ്ത്രങ്ങളണിഞ്ഞു ട്രെയ്നറോടൊപ്പം അവളും അവളുടെ സുഹൃത്തും പുറത്തേക്കിറങ്ങിവന്നു..
...ഐ ഡിഡ് ഇറ്റ് മാൻ..... !!
അലറി വിളിച്ചു കൊണ്ട് ഓടിവന്ന് അവൾ എന്നെ ആശ്ലേഷിച്ചു.
കമുകിന്റെ ചുവട്ടിലുള്ള കുറുന്തോട്ടിക്ക് സമമായിരുന്നു ഞാനപ്പോൾ..
അടുത്ത പ്രാവശ്യം നമ്മൾ രണ്ടാളും ഒരുമിച്ചു ചെയ്യും ഓക്കേ ?
ഞാൻ വെറുതെ തലയാട്ടി.
എനിക്കറിയാം അവളിനി ഒരിക്കലും എന്റെ മുൻപിൽ വരില്ലെന്ന്.
മടക്കയാത്രയിലൊക്കെ അവൾ പറയുന്നുണ്ടായിരുന്നു.
താഴേക്ക്‌ പറന്നിറങ്ങുമ്പോൾ കണ്ട സ്വപ്നക്കാഴ്ചകളെപ്പറ്റി..
നീലക്കടലും അംബരചുംബികളായ കെട്ടിടങ്ങളുടെയും മുകളിൽ ഒരു ചിറകുവിരിച്ച മാടപ്രാവിനെപ്പോലെ നിന്നത്...
കാറ്റു തട്ടുമ്പോൾ ശ്വാസം മുട്ടിയത്..
ആദ്യം പേടിച്ചു നിലവിളിച്ചപ്പോൾ ഇറ്റലിക്കാരനായ ട്രെയ്നർ കളിയാക്കിയത്..
അവസാനം ഭൂമിയിൽ ചവിട്ടിനിന്നപ്പോൾ
നിരാശ തോന്നിയത്..
പറക്കണമത്രേ അവൾക്ക്..
മതിവരുവോളം..
ടാക്സി സ്റ്റാന്റിലെത്തി പോകുന്നതിനു മുൻപ് വാട്സ്ആപ്പ് നമ്പറിന് ചോദിച്ച എന്റെ കവിളത്തു നുള്ളി യൂ നോട്ടി എന്നും പറഞ്ഞ് അവൾ അവളുടെ പാട്ടിനു പോയി.
ഇന്നും ദുബായ് - അൽ ഐൻ ഹൈവേയിലുള്ള സ്കൈദുബായ് ബിൽഡിംഗ്‌ കാണുമ്പോൾ ഞാനവളെ ഓർക്കാറുണ്ട്..
ഒപ്പം ആ വാക്കുകളും..
ഫോർഗെറ്റ്‌ എവെരിതിങ്.. ബി പോസിറ്റീവ്.
അതൊരു ഊർജ്ജമാണ് എനിക്ക് ചില അവസരങ്ങളിൽ.
ഞാനും ഡൈവ് ചെയ്യും ഒരുനാൾ...
ചാറ്റൽ മഴയുള്ള ഒരു തണുത്ത വൈകുന്നേരത്തിൽ നമ്മുടെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും അകലെ മേഘങ്ങൾക്കിടയിലേക്ക് പോയി പിന്നെ വീണ്ടും യാഥാർഥ്യത്തിലേക്ക് ഒരു ചാട്ടം.
പ്രശ്നങ്ങളെ മുകളിൽ നിന്നും വിലയിരുത്തുമ്പോൾ ചിരി വരുമത്രെ.
നിലത്ത് കാൽ തൊടുമ്പോഴേക്കും അതൊരു പുഞ്ചിരിയായി മാറിയിട്ടുണ്ടാകും.
ഇതും അവളുടെ വാക്കുകളാണ്.
അവൾ വീണ്ടും വരുമായിരിക്കും അല്ലേ...
മഴ നനഞ്ഞു കിടക്കുന്ന പുൽമേട്ടിലേക്ക്
തൂവാനത്തുമ്പികളേപ്പോലെ പറന്നിറങ്ങാൻ....
കാത്തിരിക്കാം.
======================
ശ്രീജിത്ത് ഗോവിന്ദ്.
19/01/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo