Showing posts with label AparnaAshokan. Show all posts
Showing posts with label AparnaAshokan. Show all posts

അമ്മയുടെ മരണം

Image may contain: 1 person, selfie and closeup

"നേരം എത്രയായീന്ന് അറിയോ ഉണ്ണ്യേ.. നീ എഴുന്നേറ്റു വരുന്നോ അതോ ഞാൻ അങ്ങോട്ടു വരണോ"
പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഈ ശകാരങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കാറുള്ളത്.. ഇന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിക്കാനില്ല എന്നിട്ടും വളരെ നേരത്തെ ഉണർന്നൂ.. 
പാത്രങ്ങളോട് കലപിലസംസാരിച്ച് ഏറെ നേരവും അമ്മ അടക്കിവാഴ്ന്ന അടുക്കളയിലേക്കു കടന്നപ്പോൾ നെഞ്ചിലൊരു വിങ്ങൽ..
എണീറ്റു വന്നാൽ അമ്മ കട്ടൻചായ പകർന്നു തന്നിരുന്ന ചില്ലുഗ്ലാസ് കഴുകി കമിഴ്ത്തി വെച്ചിരിക്കുന്നൂ ...
രണ്ടീസം മുന്നെ അമ്മ തൈരൊഴിച്ച് ഉണ്ടാക്കിയ മോരുക്കറിയുടെയും എനിക്ക് കഴിക്കാൻ വേണ്ടി മാത്രം മുന്നെയെങ്ങോ ഉണ്ടാക്കിവെച്ച കടുമാങ്ങ അച്ചാറിന്റെയും ഗന്ധം അടുക്കളചുമരുകളിൽ തട്ടി തന്റെ പക്കൽ വീണ്ടും വന്നപ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് ഉണ്ണി പെട്ടന്ന് അടുക്കളയിൽ നിന്നും പിന്നാമ്പുറത്തേക്ക് ഇറങ്ങി ..
കിണറ്റിൽ നിന്നും വെള്ളം കോരി മതിയാവോളം തലവഴി ഒഴിച്ചൂ... മുഖത്തുക്കൂടി ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ കണ്ണീരുപ്പ് കലരുന്നുണ്ട് ...
ഉണ്ണി ഓർത്തൂ , കഴിഞ്ഞ ദിവസങ്ങളിലും പാതിരാക്കഴിഞ്ഞ് വന്നതിനു അമ്മ ശകാരിച്ചിരുന്നൂ.. ഒന്നും കഴിക്കാതെ എന്നെ കാത്തിരുന്ന ആ പാവത്തിനെ താനെന്തെല്ലാം പറഞ്ഞൂ ...
സമൂഹമാധ്യമങ്ങളിൽ സ്ത്രീയെ പറ്റിയും അമ്മയെ പറ്റിയും വാനോളം പാടിപുകഴത്തിയ താൻ , ആരോടും പരിഭവമില്ലാതെ ഈ വീട്ടിലെ സകലമാനപണികളും തനിച്ചുചെയ്ത് അടുപ്പിലൂതിയൂതി എല്ലായിപ്പോഴും കലങ്ങിയിരുന്ന ആ കണ്ണുകളെ ശ്രദ്ധിക്കാറുണ്ടായിരുന്നോ ..??
നേരിട്ടറിയാവുന്നതും ഓൺലൈൻ സുഹൃത്തുകളുടെയടക്കം ജന്മദിനത്തിന് മുടങ്ങാതെ ആശംസകൾ അറിയിക്കാറുള്ള താൻ പെറ്റവയറിനും ഈ ദിനമുണ്ടെന്ന് ബോധപ്പൂർവം മറന്നതെന്തേ??.. ഒരു മുണ്ടും നേര്യേതും പോലും സമ്മാനിച്ചിട്ടില്ല അമ്മയ്ക്ക് ..
താനെത്ര അവഗണിച്ചാലും വഴക്കുപറഞ്ഞാലും തന്നെവിട്ടു പോകില്ലന്നു ഉറപ്പുള്ളൊരെയൊരു സ്ത്രീ തന്റെ അമ്മയാണെന്ന് അറിയാമായിരുന്നതുകൊണ്ടാണോ താൻ ഇത്രമേൽ ആ മനസ്സ് വേദനിപ്പിച്ചിരുന്നത് ..??
കൂട്ടുക്കാർക്കൊപ്പം പാതിരാവരെ സമയം ചെലവഴിച്ച താൻ അമ്മയ്ക്കൊപ്പം ഒരുമണിക്കൂർ തികച്ചിരിക്കാതിരുന്നത് ..??
ഒരായിരം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ഉണ്ണിയുടെ മനസ്സിലൂടെ കടന്നുപോയീ ...
അമ്മയുടെ മരണം ഒരു കുടുംബത്തിനെ വേരോടെ ബാധിക്കുന്ന ഒന്നാണ്
തെറ്റുപറ്റിപ്പോയി... അമ്മയോട് മാപ്പുപറയണം..
ഉണ്ണി ഉറക്കെയുറക്കെ കരഞ്ഞൂ..!!
" ഈ ചെക്കനിതെന്താ പറ്റിയേ...
ഉണ്ണ്യേ ഈയെന്തിനാടാ കിടന്ന് കരയണേ .. നട്ടപാതിരയ്ക്ക് കയറിവന്ന് കിടക്കും ഇപ്പൊ സമയം ഉച്ചയാവാറായീ.. ണീറ്റ് പോയി കുളിക്കെടാ "
ഏത് ഈശ്വന്മാരോടാ നന്ദി പറയേണ്ടത് .. ഇത്ര നേരം താൻ സ്വപ്നം കാണുവായിരുന്നൂ തന്റെ അമ്മ ഇതാ ജീവനോടെ മുന്നിൽ ..
ഉണ്ണി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞൂ ..
അമ്മയെ കെട്ടിപ്പിടിച്ച് നൂറുമ്മ കൊടുത്തൂ..
"ഹോ നാറീട്ട് വയ്യ ചെക്കാ പോയീ കുളിച്ചേ നീ.. ഈശ്വരാ അടുപ്പത്ത് വെച്ചത് കരിഞ്ഞിട്ടുണ്ടാവൂല്ലോ.."
നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ച് അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയീ ഏറെ ഭംഗിയുള്ള നിറക്കൺചിരി ഒന്നുകൂടി സമ്മാനിച്ച്..
നഷ്ടപ്പെട്ടിട്ട് വിലപിക്കുന്നതിനേക്കാൾ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിക്കുക കുറച്ചു സമയം അവർക്കുവേണ്ടി മാറ്റിവെക്കുക .. കടലോളം സ്നേഹം അവർ തരുമ്പോൾ ഒരു പുഴയായ് അവരുടെ സ്നേഹസാഗരത്തിൽ ലയിക്കുക..
അപർണ അശോകൻ

തേഞ്ഞ ചെരുപ്പുകൾ

തേഞ്ഞ ചെരുപ്പുകൾ
-----------------------
"ആൾക്കാരു കാണുന്നിടത്ത്ന്ന് ഈ തേഞ്ഞചെരുപ്പൊന്നു മാറ്റിയിടാൻ പറഞ്ഞാൽ അച്ഛനത് കേൾക്കില്ല... പുതിയൊന്ന് വാങ്ങിയിടാൻ പറഞ്ഞാലോ അതും ചെയ്യില്ല ആ കാശുകൂടി ലാഭിക്കണം
ഇങ്ങനെയുമുണ്ടോ ഓരോ ജന്മങ്ങള്.."
അപ്പു മിക്കപ്പോഴും വീട്ടിൽ വന്നു കയറുന്നതേ ഇങ്ങനെയെന്തേങ്കിലും കാര്യങ്ങൾ പറഞ്ഞ് കലിതുള്ളിയാണ്..
"ജന്മം കൊടുത്ത മക്കൾ അവരുടെ അച്ഛനെയിങ്ങനെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് കേട്ടുനിൽക്കാൻ പറ്റുന്നില്ല അമ്മയ്ക്ക് അത്കൊണ്ട്പറയാ.. പത്തിരുപത്തഞ്ച് കൊല്ലം നിന്നേം നിന്റെ ചേട്ടനേം ചേച്ചിയേം നോക്കിയതിന്റെ കൂലി കൊടുക്കുവാണോ മോനേ നീയാ മനുഷ്യന്"
(മകന്റെ മുന്നിലേയ്ക്ക് ഒരുകപ്പ് ചായയുമായി വന്നപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനായില്ല പ്രഭാവതിയമ്മയ്ക്ക്..)
"നോക്കിയ കഥകളൊന്നും എന്നേകൊണ്ട്
പറയിപ്പിക്കേണ്ട ഇങ്ങള്.... കൂട്ടുക്കാര് ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ പഠിച്ചപ്പോ ഞാൻ പഠിച്ചത് ഈ നാട്ടിലെ സർക്കാർ സ്കൂളിലെ ചോരുന്ന ഓടുപുരയ്ക്കുള്ളിൽ ഒടിഞ്ഞ് വീഴാറായീ ആടുന്നൊരു ബെഞ്ചിലിരുന്നൂ..
നല്ല കറികൾ കൂട്ടി ഊണുകഴിക്കാനും പുത്തൻകുപ്പായം കിട്ടാനും വേണ്ടീട്ട് ഓണം വരാൻ കാത്തിരുന്നിട്ടുണ്ട്, ഇതൊക്കെയല്ലേ നോക്കിയ മഹിമ.."
"ന്ന്വാലും എന്റെ അപ്പുവേ നീയിന്നൊരു സർക്കാർ ഉദ്യോഗസ്ഥനായീലേ... അത്രയൊക്കെയല്ലേ അച്ഛനെകൊണ്ടു കൂട്ടിയാൽകൂടുള്ളൂ.."
"അത് എന്റെ കഴിവ്കൊണ്ട് കിട്ടിയത്.. മക്കളെ നല്ലരീതിയിൽ നോക്കാൻ പറ്റാത്തവർ അവർക്ക് ജന്മം കൊടുക്കരുത്.. പിശുക്കി എടുത്ത് വെച്ചിട്ട് ചാവുമ്പോൾ കൊണ്ടോവാൻ പറ്റില്ലെന്ന് അങ്ങരോടൊന്ന് പറഞ്ഞേക്ക് അമ്മ.."
കണ്ണീരുപ്പ് പടർന്നുണങ്ങിയ കവിളിലൂടെ അപ്പുവിന്റെ മുന്നിൽവെച്ച് വീണ്ടുമൊരു കണ്ണീർതിരയടിക്കാനനുവധിക്കാതെ പ്രഭാവതിയമ്മ അടുക്കള ലക്ഷ്യം വെച്ചു നടന്നൂ..
"പണ്ടൊക്കെ അപ്പൂന് എന്തിഷ്ടായിരുന്നൂ അവന്റെയച്ഛനെ.. അച്ഛന്റെ വിയർത്തൊലിച്ച നെഞ്ചിൽ പറ്റിചേർന്നേ കുട്ടി ഉറങ്ങീട്ടുള്ളൂ.. അവനിന്ന് അച്ഛന്റെ വേഷവും തേഞ്ഞുപഴതായ ചെരുപ്പുമെല്ലാം കാണുന്നതേ ദേഷ്യാണ്.. അച്ഛൻ കൃഷിക്കാരനായതാണ് ഇപ്പൊ ന്റെ മോന്റെ നാണക്കേട് .."
"അവൻ കുഞ്ഞല്ലേടീ.. പ്രായത്തിന്റെ പക്വത കുറവോണ്ട് എന്തെലും പറഞ്ഞാലും ഞാനോ നീയോ അത് കാര്യാക്കണ്ട.."
(മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ച് അപ്പൂന്റെയച്ഛൻ ഇത്രയും പറഞ്ഞൊപ്പിച്ചൂ.. )
മുംബൈയിൽ ബിസിനസ്സ് രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബോംബ്സ്ഫോടനത്തിൽ തന്റെ സർവ്വസ്വത്തുവകകളും മാതാപിതാക്കളും അനുജനും ഭാര്യയും മരിക്കുന്നത്..
അന്നു അഗ്നിക്കിരയാവാതെ തനിക്ക് കൈമുതലായി ബാക്കിയുണ്ടായിരുന്നത് ഭാര്യയും രണ്ടുമക്കളും അനുജന്റെ ഒന്നരവയസ്സുക്കാരൻ മകൻ അപ്പുവും മാത്രമാണ്..
ഏറ്റെടുത്ത് ഭാരമാവാൻ ആർക്കും വിട്ടു കൊടുക്കാതെ ഞങ്ങടെ സ്വന്തം മോനായീട്ട് നെഞ്ചിലേറ്റീതാ അപ്പൂനെയന്ന്.. ആ നാട്ടിൽ തുടർന്നാൽ അവൻ ഞങ്ങളുടെ മോനല്ലെന്ന് ഒരിക്കലവൻ അറിയുമെന്ന് പേടിച്ച് അന്നേ ഈ നാട്ടിലേക്ക് വന്നൂ..
മൂന്നുമക്കളെയും വേർത്തിരിവില്ലാതെ വളർത്തി..
ആ കുട്ടിയ്ക്കിന്ന് ജനിപ്പിച്ചിട്ട് അവന്റെ ഭാവി നല്ലരീതിയിൽ എത്തിക്കാത്ത ദുഷ്ടനാണ് അച്ഛൻ..
ഇന്നവന് കുറ്റങ്ങൾചുമത്താനും തള്ളിപറയാനും ഈ അച്ഛനും അമ്മയുമുണ്ട്.. അതും സത്യമല്ലെന്ന് എന്റെ കുഞ്ഞ് ഒരിക്കലും അറിയാതിരിക്കട്ടെ..!!
--------------
(തേഞ്ഞുപഴയതായി വീടിനു മുന്നിൽ കിടക്കുന്ന ചെരുപ്പുകൾ ഓർമ്മപ്പെടുത്തലുകളാണ് ഓരോ മക്കൾക്കും.... അച്ഛനെന്ന വലിയ പാഠപുസ്കത്തിന്റെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുകൾ..)
- അപർണ അശോകൻ -

മച്ചി

മച്ചി
-----
"അവളാണോ പെണ്ണ്??..."
മൂടും മൊലേം ഇണ്ടായോണ്ട് പെണ്ണാവില്ല്യ സുഭദ്രേട്ടത്ത്യേ.. കൊല്ലം നാല് കഴിഞ്ഞു ഈ മച്ചിയേ എന്റെ കുടുംബത്തിലേക്ക് കൊണ്ടുവന്നിട്ട്.."
"നിങ്ങളൊന്ന് പതുക്കെ പറയ്.. ആ കുട്ടി കേൾക്കും"
"കേൾക്കട്ടെ.. അല്ലെലും പേറ്റുനോവറിയാത്തോൾക്ക് പെറ്റമ്മയുടെ വേദനയറിയല്ല.. ന്റെ മോന്റെ ജീവിതം കൂടി നശിപ്പിക്കാൻ കയറി വന്ന മൂധേവീ.."
അന്നേരം പൂജമുറിയിലെ നിലവിളക്കിലെ തിരിയേക്കാൾ കണ്ണീരിനാൽ തിളങ്ങുന്നുണ്ടായിരുന്നൂ നന്ദനയുടെ കണ്ണുകൾ..
"അമ്മ പറഞ്ഞത് ശരിയാണ്..ഞാൻ മച്ചിയാണ് ദേവേട്ടാ.. എന്നെ ഒഴിവാക്കി നല്ലൊരു പെൺക്കുട്ടിയെ കല്ല്യാണം കഴിച്ചൂടായിരുന്നോ ദേവേട്ടന്.."
(നന്ദുവിന്റെ കരച്ചിലടക്കാൻ ശ്രമപ്പെടുന്ന മുഖം കണ്ടിട്ടാണ് ദേവൻ എഴുന്നേറ്റത്..)
ഒരുപാടു കാലത്തെ പ്രണയമൊന്നുമില്ലങ്കിലും നന്ദനയെന്ന ദേവന്റെ നന്ദൂട്ടിയുടെ മനസ്സുതൊട്ടറിഞ്ഞ അന്നേ അവൻ ഉറപ്പിച്ചതാണ് ഇനിയവൾ ദേവന്റെ പെണ്ണാണെന്ന്.. വീട്ടുക്കാരുടെ എതിർപ്പിനെ അവഗണിച്ച് അവളെ കൂട്ടിക്കൊണ്ട് വന്നിട്ടിപ്പോ കൊല്ലം നാല് കഴിഞ്ഞൂ..
നന്ദനയുടെ നിശ്വാസത്തിന്റെ ചൂടിനൊപ്പം കണ്ണുനീർ നനവും തന്റെ നെഞ്ചിലൂടെ പടർന്നപ്പോൾ ദേവൻ ഓർമ്മകളിൽ നിന്നുണർന്നൂ..
"നന്ദൂട്ട്യേ ഇങ്ങനെ കരഞ്ഞ് കരിമഷിയൊക്കെ പരത്തിയിട്ടുള്ള ഈ മൊഖവും കണ്ട് ആശുപത്രിയിൽ പോയാ ദേവേട്ടന് എന്ത് സമാധാനാടീ ഇണ്ടാവാ.. കരച്ചില് നിർത്തി ഈയ് പോയി ഏട്ടന് ചായ കൊണ്ടുവന്നേ പെണ്ണേ.."
"എനിക്ക് പ്രസവവേദനയറിയണം.. അടിവയറ്റിൽ നിന്നും തുളഞ്ഞു വരുന്ന ആ നോവാണ് എന്നെ പൂർണതയുള്ളവളാക്കൂള്ളൂ ..
എന്റെ മാറിടങ്ങൾ ദേവേട്ടന്റെ കുഞ്ഞിനു വേണ്ടി പാൽ ചുരത്തണം.. എനിക്ക് അമ്മയാവണം ദേവേട്ടാ.."
"നമുക്ക് നാളെതന്നെ പോയി എന്റെ കൂട്ടുക്കാരൻ ഡോക്ടർ പ്രസാദിനെ കാണിക്കാം നന്ദൂട്ട്യേ.. അവൻ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല്യ.. നീ കരയല്ലേ.."
നന്ദനയുടെ തേങ്ങൽ നേർത്തുവന്നൂ.. അവൾ അടുക്കളയിലേക്ക് പോയി നാളെ ഡോക്ടറെ കണ്ടാൽ തന്റെ പ്രശ്നത്തിനു പരിഹാരം കിട്ടുമെന്ന ആശ്വാസത്തിൽ..
ദേവൻ വീണ്ടും ഭൂതക്കാലത്തിലേക്ക് തന്റെ ഓർമ്മകളെ പായിച്ചു..
രണ്ടാനച്ഛന്റെയും അയാളുടെ കൂട്ടുക്കാരുടെയും കൂട്ടമാനഭംഗത്തിനിരയായ
പന്ത്രണ്ടാംക്ലാസുകാരിയേ താൻ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് ഗർഭഛിദ്രം നടത്താൻ കൊണ്ടുവന്നതും
കൂട്ടമാനഭംഗത്തിന്റെ ഇരയ്ക്ക് ആ കുഞ്ഞിനൊപ്പം നഷ്ടമായത് അവളിലെ അമ്മയെന്ന വികാരത്തിനെ പൂർണതയിലെത്തിക്കുന്ന ഗർഭപാത്രമെന്ന കരുതൽ കൂടിയായിരുന്നൂ...
അവളിലെ തുടയിടുക്കിലൂടെ പിന്നീട് ആർത്തവരക്തം ഒഴുകിയിട്ടില്ല.. ആർത്തവമില്ലാത്ത പെണ്ണിന് പേറ്റുനോവറിയാൻ ഭാഗ്യമുണ്ടാകുമോ..
ദിവസവും ചന്ദനക്കുറിതൊടുന്ന പെണ്ണുങ്ങളെ മാസത്തിൽ അഞ്ച്ദിവസം ഒഴിഞ്ഞ നെറ്റിയുമായി കാണുമ്പോൾ എന്റെ നന്ദൂട്ടീ നിസഹായതയോടെ എന്നെ നോക്കും.. കൂടെ കരഞ്ഞ് ആ മനസ്സ് വേദനിപ്പിക്കാതെ അവളെ ഈ നെഞ്ചിൽ ചേർത്തുകിടത്തി ആ നെറ്റിയിലെ ചന്ദനക്കുറിയെ അധരങ്ങൾകൊണ്ടങ്ങ് തുടച്ചെടുക്കും അന്നേരം ഞാൻ..
പക്ഷേ അമ്മയാവാനുള്ള അവളിലെ ആഗ്രഹം ശക്തമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്..
ഭോഗിക്കുവാനുള്ള വസ്തുവായിട്ടല്ല ആ മനസ്സിന്റെ നന്മയറിഞ്ഞതു കൊണ്ടാണ് എന്റെ പെണ്ണായി വർഷങ്ങൾക്കു ശേഷം
ആ നഗരത്തിൽ നിന്നും ഇവിടെയ്ക്ക് നിന്നെ കൊണ്ടുവന്നേ..
എന്തുചെയ്യാം പെണ്ണേ.. കുഞ്ഞുങ്ങളില്ലാത്ത പെണ്ണുങ്ങളെ അംഗീകരിക്കാത്ത സമൂഹത്തിലല്ലേ ഞാനും നീയും ജീവിക്കുന്നത്..!!!
അവർക്ക് കാർന്നോമാരൊരു പേരും കണ്ടുവെച്ചൂ...
"മച്ചി"..!!
- അപർണ അശോകൻ 

എന്നെന്നും കണ്ണേട്ടന്റെ..


എന്നെന്നും കണ്ണേട്ടന്റെ..
---------------------
"എനിക്ക് ഒരിക്കൽക്കൂടി നിന്നെ കാണണം..
കഴിഞ്ഞതൊന്നും ഓർമ്മപ്പെടുത്തുവാനല്ല.. മറിച്ച് ; ആ നെഞ്ചിലെ ലാളന ഏറ്റുവാങ്ങണം എനിക്ക്..
നീ ഏറെ ഇഷ്ടപ്പെടുന്നഎന്റെ കരിമഷികണ്ണുകളാൽ ഏറെ നേരം നിന്നെ നോക്കിയിരിക്കണം
ഞാൻ ഭ്രാന്തമായി സ്നേഹിച്ച ആ കവിളിലെ നുണക്കുഴികളെ എന്റെ അധരങ്ങളിൽ ഒളിപ്പിച്ചുവെയ്ക്കണം..
ഏറ്റവുമൊടുവിൽ എന്റെ മുടിയിഴകളിൽ നീ ചുംബിക്കണം ഒന്നെല്ല ഒരായിരം തവണ.."
കാൾ എടുത്തയുടനെ അവളിത്രയും പറഞ്ഞു തീർത്തപ്പോൾ കണ്ണന് ദേഷ്യമാണ് വന്നത്..
"മറ്റൊരുവന്റെ ഭാര്യയാണ് അമ്മൂവേ നീ.. നിന്റെ ഭ്രാന്തൻ ചിന്തകൾക്ക് കൂട്ടുനിന്നാൽ നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന അവനോട് ഞാൻ ചെയ്യുന്ന പാപമായി പോകും അത്.."
"എന്റെ ഭ്രാന്തൻ ചിന്തകളെ ഒരിക്കൽ നിങ്ങൾ സ്നേഹിച്ചിരുന്നു കണ്ണേട്ടാ.."
" നിന്നെ ആഗ്രഹിച്ചിരുന്നൂ ഞാൻ..
ആ കഴുത്തിൽ താലി വീഴുന്നതു വരെ..
ഇന്ന് മറ്റുള്ളവരെ പോലെ നിന്റെ എഴുത്തിനെയും പുസ്തകങ്ങളെയും ആസ്വദിക്കുന്ന ആരാധകരിൽ ഒരാൾ മാത്രമാണ് ഞാൻ.. ഇനിയെന്നെ നീ വിളിക്കരുത് അവസാനിക്കുന്നു ഈ ബന്ധം എന്നന്നേയ്ക്കുമായീ.."
(മാസങ്ങൾ ഇലകൾ പൊഴിയുന്ന വേഗത്തോടെ കൊഴിഞ്ഞുപോയി.. ഒരിക്കൽ തന്റെ എല്ലാമായിരുന്നവളുടെ പുതിയ പുസ്തകപ്രകാശനം ടൗൺഹാളിൽ നടക്കുന്നുണ്ടെന്നറിഞ്ഞു കണ്ണൻ..
അവനവിടെയ്ക്ക് പോയി.. പരിപാടികൾ കഴിഞ്ഞിരുന്നു തിരക്കുകൾ കുറഞ്ഞപ്പോൾ അവൻ ചുറ്റിലും കണ്ണുകൾ പായിച്ചു..)
താൻ ഏറെ സ്നേഹിച്ച കരിമഷികണ്ണുള്ള എഴുത്തുക്കാരിയെവിടെ...
പെട്ടന്നാരോ അടുത്തു വന്നിരുന്നൂ..
"കണ്ണേട്ടാ..."
എനിക്കറിയാമായിരുന്നൂ ഈ ദിവസം നിങ്ങളിവിടെ വരുമെന്ന്.. എന്റെ എഴുത്തിനെ ഇത്രമേൽ സ്നേഹിച്ച ആരാധകൻ ഇന്നോളമുണ്ടായിട്ടില്ലാലോ.."
തന്റെ കണ്ണുകളിൽ കാണുന്നത് സത്യമല്ലായിരുന്നെങ്കിൽ..
ഒരിഴ തലമുടിയില്ലാതെ കണ്ണുകൾ ഉള്ളിലേക്ക് പോയി ശോഷിച്ച് ദുർബലമായ ഈ ശരീരം എന്റെ അമ്മു തന്ന്യാണോ..
എന്റെ മുഖം ചേർത്ത് ഉമ്മകൾ നൽകണമെന്നു പറഞ്ഞ മാറിടം ഇതാ പരന്നൊട്ടി കിടക്കുന്നൂ.. എന്തൊരു കാഴ്ചയാണിത്..
"എന്റെ കാമം നിങ്ങളിൽ തീർക്കാൻ വേണ്ടിയല്ല കണ്ണേട്ടാ അന്ന് നിങ്ങളെ ഞാൻ ക്ഷണിച്ചത്... ആ ചുംബനങ്ങൾ എന്റെ അവസാന ആഗ്രഹങ്ങളായിരുന്നൂ.. സംശയിക്കേണ്ട.. അർബുദരോഗിയാണിന്ന് കണ്ണേട്ടന്റെ അമ്മൂ..
നിങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കരിമഷികണ്ണുകൾക്കിന്ന് ജീവനില്ല..
നിങ്ങൾ ഒളിക്കാൻ ആഗ്രഹിച്ച എന്റെ മുടിയിഴകൾ എന്നേ പൊഴിഞ്ഞുപോയി.. നിങ്ങളേ ചേർത്തുപിടിച്ച് ലാളിക്കാൻ ആഗ്രഹിച്ച എന്റെ മാറിടങ്ങളെയും അർബുദം ആക്രമിച്ച് വെട്ടിമാറ്റി..."
"ഈ പുസ്തകം കൂടി എഴുതിതീർക്കാനുള്ള ആയുസേ ഞാൻ ആഗ്രഹിച്ചുള്ളൂ.. ആ ദയ എനിക്ക് ദൈവത്തിൽ നിന്നും ലഭിച്ചൂ.. "
(അവന്റെ കൈകളിൽ തന്റെ പുതിയപുസ്തകം വെച്ചുകൊടുത്ത് ആ യുവഎഴുത്തുക്കാരി നടന്നകന്നൂ..)
കണ്ണീരിനാൽ മറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളെ വീണ്ടെടുത്ത് തന്റെ കൈകളിലിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് അവൻ വായിച്ചു..
"എന്നെന്നും കണ്ണേട്ടന്റെ"
കാറ്റിലാടുന്ന ആലില കണക്കേ കണ്ണന്റെ കൈകളിലിരുന്ന് ആ പുസ്തകം വിറച്ചൂ..
ആ പുസ്തകം തന്നെ പറ്റിയായിരുന്നോ..?? ഓരോ ഏടുകളും കണ്ണുനീർതുള്ളികളെ സാക്ഷിയാക്കി അവൻ വായിച്ചു നീക്കി..
അതെ താനാണ് ആ കഥ..!!
"എന്നെന്നും കണ്ണേട്ടന്റെ"
അവനതു ഉച്ചരിച്ചുകൊണ്ടിരുന്നൂ..
അവൾക്കു പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആ പുസ്തകത്തതിന്റെ തലക്കെട്ട് താനായി ട്ട് നഷ്ടപ്പെടുത്തിയ ഞങ്ങളുടെ ജീവിതമായിരുന്നൂ..
-അപർണ.അശോകൻ..
(ആദ്യ ശ്രമമാണ്..തെറ്റുകൾ ക്ഷമിക്കുക..)


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo