നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തേഞ്ഞ ചെരുപ്പുകൾ

തേഞ്ഞ ചെരുപ്പുകൾ
-----------------------
"ആൾക്കാരു കാണുന്നിടത്ത്ന്ന് ഈ തേഞ്ഞചെരുപ്പൊന്നു മാറ്റിയിടാൻ പറഞ്ഞാൽ അച്ഛനത് കേൾക്കില്ല... പുതിയൊന്ന് വാങ്ങിയിടാൻ പറഞ്ഞാലോ അതും ചെയ്യില്ല ആ കാശുകൂടി ലാഭിക്കണം
ഇങ്ങനെയുമുണ്ടോ ഓരോ ജന്മങ്ങള്.."
അപ്പു മിക്കപ്പോഴും വീട്ടിൽ വന്നു കയറുന്നതേ ഇങ്ങനെയെന്തേങ്കിലും കാര്യങ്ങൾ പറഞ്ഞ് കലിതുള്ളിയാണ്..
"ജന്മം കൊടുത്ത മക്കൾ അവരുടെ അച്ഛനെയിങ്ങനെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് കേട്ടുനിൽക്കാൻ പറ്റുന്നില്ല അമ്മയ്ക്ക് അത്കൊണ്ട്പറയാ.. പത്തിരുപത്തഞ്ച് കൊല്ലം നിന്നേം നിന്റെ ചേട്ടനേം ചേച്ചിയേം നോക്കിയതിന്റെ കൂലി കൊടുക്കുവാണോ മോനേ നീയാ മനുഷ്യന്"
(മകന്റെ മുന്നിലേയ്ക്ക് ഒരുകപ്പ് ചായയുമായി വന്നപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനായില്ല പ്രഭാവതിയമ്മയ്ക്ക്..)
"നോക്കിയ കഥകളൊന്നും എന്നേകൊണ്ട്
പറയിപ്പിക്കേണ്ട ഇങ്ങള്.... കൂട്ടുക്കാര് ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ പഠിച്ചപ്പോ ഞാൻ പഠിച്ചത് ഈ നാട്ടിലെ സർക്കാർ സ്കൂളിലെ ചോരുന്ന ഓടുപുരയ്ക്കുള്ളിൽ ഒടിഞ്ഞ് വീഴാറായീ ആടുന്നൊരു ബെഞ്ചിലിരുന്നൂ..
നല്ല കറികൾ കൂട്ടി ഊണുകഴിക്കാനും പുത്തൻകുപ്പായം കിട്ടാനും വേണ്ടീട്ട് ഓണം വരാൻ കാത്തിരുന്നിട്ടുണ്ട്, ഇതൊക്കെയല്ലേ നോക്കിയ മഹിമ.."
"ന്ന്വാലും എന്റെ അപ്പുവേ നീയിന്നൊരു സർക്കാർ ഉദ്യോഗസ്ഥനായീലേ... അത്രയൊക്കെയല്ലേ അച്ഛനെകൊണ്ടു കൂട്ടിയാൽകൂടുള്ളൂ.."
"അത് എന്റെ കഴിവ്കൊണ്ട് കിട്ടിയത്.. മക്കളെ നല്ലരീതിയിൽ നോക്കാൻ പറ്റാത്തവർ അവർക്ക് ജന്മം കൊടുക്കരുത്.. പിശുക്കി എടുത്ത് വെച്ചിട്ട് ചാവുമ്പോൾ കൊണ്ടോവാൻ പറ്റില്ലെന്ന് അങ്ങരോടൊന്ന് പറഞ്ഞേക്ക് അമ്മ.."
കണ്ണീരുപ്പ് പടർന്നുണങ്ങിയ കവിളിലൂടെ അപ്പുവിന്റെ മുന്നിൽവെച്ച് വീണ്ടുമൊരു കണ്ണീർതിരയടിക്കാനനുവധിക്കാതെ പ്രഭാവതിയമ്മ അടുക്കള ലക്ഷ്യം വെച്ചു നടന്നൂ..
"പണ്ടൊക്കെ അപ്പൂന് എന്തിഷ്ടായിരുന്നൂ അവന്റെയച്ഛനെ.. അച്ഛന്റെ വിയർത്തൊലിച്ച നെഞ്ചിൽ പറ്റിചേർന്നേ കുട്ടി ഉറങ്ങീട്ടുള്ളൂ.. അവനിന്ന് അച്ഛന്റെ വേഷവും തേഞ്ഞുപഴതായ ചെരുപ്പുമെല്ലാം കാണുന്നതേ ദേഷ്യാണ്.. അച്ഛൻ കൃഷിക്കാരനായതാണ് ഇപ്പൊ ന്റെ മോന്റെ നാണക്കേട് .."
"അവൻ കുഞ്ഞല്ലേടീ.. പ്രായത്തിന്റെ പക്വത കുറവോണ്ട് എന്തെലും പറഞ്ഞാലും ഞാനോ നീയോ അത് കാര്യാക്കണ്ട.."
(മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ച് അപ്പൂന്റെയച്ഛൻ ഇത്രയും പറഞ്ഞൊപ്പിച്ചൂ.. )
മുംബൈയിൽ ബിസിനസ്സ് രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബോംബ്സ്ഫോടനത്തിൽ തന്റെ സർവ്വസ്വത്തുവകകളും മാതാപിതാക്കളും അനുജനും ഭാര്യയും മരിക്കുന്നത്..
അന്നു അഗ്നിക്കിരയാവാതെ തനിക്ക് കൈമുതലായി ബാക്കിയുണ്ടായിരുന്നത് ഭാര്യയും രണ്ടുമക്കളും അനുജന്റെ ഒന്നരവയസ്സുക്കാരൻ മകൻ അപ്പുവും മാത്രമാണ്..
ഏറ്റെടുത്ത് ഭാരമാവാൻ ആർക്കും വിട്ടു കൊടുക്കാതെ ഞങ്ങടെ സ്വന്തം മോനായീട്ട് നെഞ്ചിലേറ്റീതാ അപ്പൂനെയന്ന്.. ആ നാട്ടിൽ തുടർന്നാൽ അവൻ ഞങ്ങളുടെ മോനല്ലെന്ന് ഒരിക്കലവൻ അറിയുമെന്ന് പേടിച്ച് അന്നേ ഈ നാട്ടിലേക്ക് വന്നൂ..
മൂന്നുമക്കളെയും വേർത്തിരിവില്ലാതെ വളർത്തി..
ആ കുട്ടിയ്ക്കിന്ന് ജനിപ്പിച്ചിട്ട് അവന്റെ ഭാവി നല്ലരീതിയിൽ എത്തിക്കാത്ത ദുഷ്ടനാണ് അച്ഛൻ..
ഇന്നവന് കുറ്റങ്ങൾചുമത്താനും തള്ളിപറയാനും ഈ അച്ഛനും അമ്മയുമുണ്ട്.. അതും സത്യമല്ലെന്ന് എന്റെ കുഞ്ഞ് ഒരിക്കലും അറിയാതിരിക്കട്ടെ..!!
--------------
(തേഞ്ഞുപഴയതായി വീടിനു മുന്നിൽ കിടക്കുന്ന ചെരുപ്പുകൾ ഓർമ്മപ്പെടുത്തലുകളാണ് ഓരോ മക്കൾക്കും.... അച്ഛനെന്ന വലിയ പാഠപുസ്കത്തിന്റെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുകൾ..)
- അപർണ അശോകൻ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot