നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#പെൺകുട്ടികളുടെ #അച്ഛൻ


അന്നൊരു അവധി ദിവസമായിരുന്നു.. പ്രഭാതത്തിന്റെ തണുപ്പിൽ അല്പനേരം കൂടി മുടി പുതച്ചുറങ്ങി ഏകദേശം ഒരു പത്തു മണിയെങ്കിലുമായപ്പോഴാണ് ടോണി ഉറക്കമെണീറ്റത്... എഴുന്നേറ്റയുടനെ പതിവു പത്രവായനയ്ക്കായ് സിറ്റൗട്ടിലെ കസേരയിൽ ഇരുന്നപ്പോഴാണ് സുഹൃത്തിന്റെ വിളി വരുന്നത്..."അളിയാ വീട്ടിലുണ്ടോ? ഇന്നവധിയല്ലേ എന്താ പരിപാടികൾ ... സുഹൃത്ത് ചോദിച്ചു...
ഓ...പ്രത്യേകിച്ച് ഒന്നുമില്ലടാ ഉവ്വേ... ടോണി പറഞ്ഞു..
എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട് വരുവാ......
ങാ.. പോര് ...ടോണി ഫോൺ വച്ചിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ... ഡീ.. ടീനേ, നമ്മുടെ റോയീം ഫാമിലിയും ഇങ്ങോട്ടു വരുന്നെന്ന്... ഉച്ചയ്ക്ക് ഊണു കഴിക്കുവാൻ അവരും കാണും... കേട്ടോ...
ങാ.. അതിനെന്നാ പോരട്ടെ... ഒരുപാടു നാളായി അവരെയൊക്കെ കണ്ടിട്ട്.... മുറിക്കുള്ളിലെവിടെയോ ഇരുന്ന് ടീന മറുപടി പറഞ്ഞു...
ടോണി , ടീന ദമ്പതികൾക്ക് ആയിടയ്ക്കാണ് ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചത്.. ആദ്യ മകളായ ക്രിസ്ടീന ജനിച്ചതിനു ശേഷം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് ഇരട്ട സുന്ദരികളുടെ വരവ്... സത്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായതിൽ പിന്നെ അങ്ങോട്ടൊന്ന് ചെല്ലാഞ്ഞതിലുള്ള പരിഭവത്താലാണ് ഒരുപാട് തിരക്കുകൾ ഉണ്ടെങ്കിലും റോയി ടോണിയുടെ വീട്ടിൽ പോകുവാൻ തീരുമാനിച്ചത്....
ഏകദേശം ഉച്ചയോടടുത്തപ്പോഴേക്കും റോയീം കുടുംബവും ടോണിയുടെ വീട്ടിലെത്തി....ടീന ഉണ്ടാക്കിയ വിഭവസമൃദ്ധമായ സദ്യയൊക്കെ കഴിച്ചതിനു ശേഷം എല്ലാവരും നാട്ടുവിശേഷങ്ങളിൽ മുഴുകി...
കാര്യങ്ങളൊക്കെ പറയുന്നതിനിടയിലാണ് റോയിയുടെ ഒരു ചോദ്യം...
ടാ ടോണി ... നീ ഭാഗ്യവാനാണല്ലോടാ... മൂന്നു പെൺകുഞ്ഞുങ്ങൾ...ലോട്ടറിയാണല്ലോ അടിച്ചത് ടോണിയേ... റോയിയുടെ സംസാരത്തിലെ പരിഹാസം ടോണിക്കു മനസിലായങ്കിലും അവനത് പുറത്ത് കാണിച്ചില്ല... എന്നാൽ ചിരിച്ചു കൊണ്ട് തന്നെ മറുപടി കൊടുത്തു... " പെൺകുഞ്ഞുങ്ങൾ ആയാലെന്നാടാ റോയി കുഴപ്പം..? നീ പറഞ്ഞതു ശരിയാ.. ഞാൻ ഭാഗ്യവാൻ തന്നാടാ... മൂന്നു പെൺകുഞ്ഞുങ്ങളെ തന്നെയല്ലേ ദൈവം എനിക്കു തന്നത്..."
സംഭവം ഒക്കെ ശരി തന്നെ..എന്നിരുന്നാലും ഒരു ആൺതരി കുടുംബത്ത് വേണ്ടേടാ... നിന്റെ " പാലയ്ക്കൽ" തറവാട് നിലനിർത്താനെങ്കിലും... പെമ്പിള്ളാരെ ഒക്കെ കെട്ടിച്ചു വിട്ടാൽ പിന്നെ അവർ ചെന്നു കേറുന്ന തറവാട്ടിലെയല്ലിയോ... അതു കൊണ്ട് ഒരു ആൺ കൊച്ച് വേണമെന്നു തന്നെയാ എനിക്ക് പറയാനുള്ളത്....
റോയിയുടെ ഈ മറുപടി കേട്ട് ടോണിക്ക് ഉള്ളിലൊരല്പം നോവു തട്ടിയെങ്കിലും ടീനയുടെ മുഖഭാവം കണ്ട ടോണി ഒന്നും മിണ്ടാതെ പിന്നെയും പുഞ്ചിരിച്ചു റോയി പറയുന്നത് കേട്ടിരുന്നു കൊണ്ടിരുന്നു....
വർത്തമാനം അങ്ങനെ നീണ്ടുപോകുന്നതിനിടയിൽ പെട്ടെന്ന് ടോണി ടീനയോട് പറഞ്ഞു... പെണ്ണേ, ടീനേ നീ ആ കാറിന്റെ കീ ഇങ്ങെടുത്തേ ... ഞാനും റോയീം കൂടെ നമ്മുടെ സാബുച്ചായന്റെ വീടു വരെ ഒന്നു പോയിട്ടു വരാം.. ക്രിസ്ടീനയെക്കൂടി ഒന്നു ഒരുക്കി റെഡിയാക്ക് നീ ... അവളും പോരട്ടെ ഞങ്ങടെ കൂടെ..
റോയിക്ക് സാബുച്ചായൻ ആരാണന്ന് അറിയില്ലങ്കിലും ടോണി വിളിച്ചതുകൊണ്ട് പോയി....
പറമ്പിലെന്തോ പണി ചെയ്തു കൊണ്ടിരിക്കുന്ന സാബുച്ചായൻ ടോണിയുടെ കാറു വരുന്നത് കണ്ടപ്പോഴേ ഭാര്യ ലിസാമ്മയോട് വിളിച്ചു പറഞ്ഞു ചായക്ക് വെള്ളം വെയ്ക്കുവാൻ.... ക്രിസ്ടീനയെ കണ്ടയുടനെ ലിസാമ്മ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ കൊടുത്ത് അടുക്കളയിലേക്ക് കൊണ്ടു പോയി.. പിന്നെ ഫ്രിഡ്ജിൽ വച്ചിരുന്ന മിഠായികളും കഴിഞ്ഞയാഴ്ച അവൾക്ക് വാങ്ങി വച്ചിരുന്ന ഉടുപ്പുകളും അവളെയെടുത്ത് അണിയിച്ചു... ക്രിസ്ടീനയുടെ മുടിയൊക്കെ ചീകി വൃത്തിയായി സ്ലൈഡും ഒക്കെ കുത്തികൊടുത്തു....
സാബുച്ചായനോട് പരിചയപ്പെട്ട് സംസാരിച്ച് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും ലിസാമ്മയുടെ ഈ പ്രവർത്തികൾ ഒക്കെ റോയി വീക്ഷിക്കുന്നുണ്ടായിരുന്നു.... ലിസാമ്മയുടെ പ്രവർത്തിയിൽ ഒരല്പം അസ്വാഭാവികത റോയിക്ക് തോന്നിയിരുന്നുതാനും...
ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാറായപ്പോൾ.... സാബുച്ചായൻ ടോണിയോട് പറഞ്ഞു.. " മോനേ, ക്രിസ്ടീന ഇന്നിവിടെ നിക്കട്ടെ.. നാളെ രാവിലെ ഞാനങ്ങ് കൊണ്ടു വിടാം " ഇന്നു രാത്രി അവൾ ഞങ്ങളുടെ കൂടെ കഴിയട്ടെ.."
മനസ്സില്ലാ മനസ്സോടെയാണങ്കിലും ടോണി അതു സമ്മതിച്ചു... പിന്നെ റോയിയെം കൊണ്ട് കാറിൽ അവർ തിരിച്ച് വീട്ടിലേക്ക് യാത്രയായി....
കാറിൽ പോയ്ക്കൊണ്ടിരിക്കുമ്പോൾ റോയി ആകെ ദേഷ്യത്തിലായിരുന്നു.... അയാൾ ടോണിയോടു ചോദിച്ചു.. " നീ എന്നാ പണിയാടാ കാണിച്ചത്... എന്തിനാ കൊച്ചിനെ അവിടെ നിർത്തിയത്.. ആ സ്ത്രീയുടെ കാട്ടായം കണ്ടപ്പോഴേ എനിക്ക് അത്ര പിടിച്ചില്ല... ഒരു മാതിരി പിള്ളാരെ കാണാത്ത പോലെ... അതും പോരാഞ്ഞ് കുഞ്ഞിനെ അവിടെ നിർത്തിയിട്ടും പോന്നു...
റോയിയുടെ ചോദ്യം തുടരുന്നതിനിടയിൽ ടോണി വണ്ടി പതിയെ ആളൊഴിഞ്ഞ സ്ഥലം നോക്കി റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തി.. എന്നിട്ട് റോയിയോട് പറഞ്ഞു.. ടാ.. ഇറങ്ങി വാ.. നമുക്ക് ആ പുഴവക്കിലോട്ട് നിക്കാം... നല്ല കാറ്റാണ് അവിടെ...
ശെടാ.. നിനക്കെന്താ ഭ്രാന്തായോ ടോണി..... നിന്റെ വീട്ടിലേക്ക് വന്ന എന്നെ വേറെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി... പിന്നെ ദേ.. ഈ പുഴവക്കിൽ കാറ്റു കൊള്ളുവാനും... എന്നതാടാ ... ടോണി ഇതൊക്കെ...
എടാ... റോയി നീ ഒന്ന്.. തഞ്ചപ്പെട്.. ഞാനൊന്ന് പറയട്ടെ.... നീ അല്പസമയം മുമ്പ് ചോദിച്ചില്ലെ... ആ സ്ത്രീ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ എന്ന്... ക്രിസ്ടീന മോളോട് അവർ കാണിച്ച സ്നേഹപ്രകടനം ആണല്ലോ നിന്നെക്കൊണ്ട് അങ്ങനെ പറയിച്ചത്... എന്നാ നീ കേട്ടോ... ആ സ്ത്രീ കുഞ്ഞുങ്ങളെ താലോലിച്ചിട്ടില്ലടാ , മുലപ്പാലു കൊടുത്തിട്ടില്ല, താരാട്ട് പാടിയുറക്കിയിട്ടില്ലടാ, എന്തിന് അമ്മേ എന്നൊന്ന് നീട്ടി വിളിക്കാൻ അവർക്ക് സ്വന്തമായി ഒരു കുഞ്ഞില്ലടാ ഉവ്വേ.... സാബുച്ചായൻ എത്ര പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ടന്ന് അറിയാമോ പപ്പാ എന്ന് തന്റെ സ്വന്തം കുഞ്ഞ് അയാളെ വിളിക്കുന്നത് ഒന്ന് കേട്ടിട്ട് കണ്ണടയ്ക്കാൻ പറ്റുമോന്ന്...
നിനക്കറിയാമോ റോയീ , സാബുച്ചായനും ലിസാമ്മയും എന്റെ ഒരകന്ന ബന്ധുവാണ്... ദൈവം അവർക്ക് എല്ലാ സൗഭാഗ്യങ്ങളും കൊടുത്തു.... ഒരു തലമുറയൊഴിച്ച്.... അവർ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല.. ചെയ്യാത്ത മരുന്ന് മന്ത്രങ്ങളില്ല.. എന്നാൽ നീണ്ട പതിനഞ്ച് വർഷത്തിനിപ്പുറവും ഒരു കുഞ്ഞിക്കാലു കാണുവാനുള്ള ഭാഗ്യം അവർക്കുണ്ടായിട്ടില്ല.... ലിസാമ്മ മച്ചിയാണന്ന് അടക്കം പറഞ്ഞ് പരിഹസിക്കുന്ന നാട്ടുകാരോട് അവർ വലിയ സൗഹൃദം കൂടാറില്ല... ആകെയുള്ളൊരാശ്വാസമാണ് ഞങ്ങൾ... ഞങ്ങടെ കുഞ്ഞുങ്ങളെ കാണുന്നത് അവർക്ക് സ്വർഗം കിട്ടിയതുപോലെയാണ്.. അതു കൊണ്ടാടാ ഉവ്വേ.. സാബുച്ചായൻ ചോദിച്ചപ്പോൾ ഞാൻ മറുത്തൊന്നും പറയാതെ ക്രിസ്ടീന മോളെ അവിടെ നിർത്തിയത്... അത് ചോദിച്ചപ്പോൾ അങ്ങേരുടെ കണ്ണിലെ ആ നിസംഗത നീ ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല... പുറമെയുള്ള ചിരി മാത്രമല്ലടാ ഉവ്വേ.. വല്ലപ്പോഴങ്കിലും പരിചയക്കാരുടെ ഉള്ളിലെ നോവ് കൂടി തിരിച്ചറിയണമെടാ.. എന്നാലല്ലിയോ ഈ ബന്ധത്തിലൊക്കെ ഒരു ... ഒരു.. ഫീൽ ഉണ്ടാവുന്നത്....
ടാ... റോയിയെ... നീ വിചാരിക്കുന്നുണ്ടായിരിക്കും ഞാനെന്തിനാ നിന്നെം വിളിച്ചോണ്ട് പോയി ഇതൊക്കെ കാണിച്ചതും പറഞ്ഞതും എന്നൊക്കെ..... നീ വീട്ടിൽ വന്നപ്പോൾ എന്നോട് ഒന്നു രണ്ട് തവണ ആവർത്തിച്ചു സൂചിപ്പിച്ചില്ലേ... ഒരാൺകുഞ്ഞ് ഇല്ലാത്തതിന്റെ പ്രശ്നങ്ങളെപ്പറ്റി... ടാ... നീയൊന്ന് ചിന്തിച്ചേ.... ഒരാൺ കുഞ്ഞ് ഇല്ലാത്തതാണോ.. അതോ കുഞ്ഞുങ്ങളേ ഇല്ലാത്തതാണോ.. ശരിക്കും വിഷമം ഉണ്ടാക്കുന്നത്... ആണും പെണ്ണുമായി മക്കളുള്ള നിനക്ക് ഇത് പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല.. പക്ഷെ കുഞ്ഞുങ്ങളില്ലാത്തവരുടെ , അച്ഛൻ , അമ്മ എന്ന് വിളി കേൾക്കാൻ വിധിയില്ലാത്തവരുടെ നൊമ്പരം നീ ഒന്ന് കാണാൻ തന്നെയാണ് ഞാൻ നിന്നെ സാബുച്ചായന്റെ വീട്ടിൽ കൊണ്ടുപോയത്.... അവരെ സംബന്ധിച്ചു കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതൊരു വിഷയമേ അല്ല റോയി... അവർ മാത്രമല്ല വേറെ എത്രായിരം ഭാര്യ ഭർത്താക്കന്മാർ സ്വന്തം കുഞ്ഞുങ്ങളുടെ മുഖം ഒരു നോക്കു കാണാനാവാതെ അടക്കിപ്പിടിച്ച നൊമ്പരങ്ങളുടെ ദിവസങ്ങളും ആഴ്ചകളും തള്ളി നീക്കുന്നുണ്ടെന്ന് നിനക്കറിയാമോ?
അവരുടെയൊക്കെ ചിത്രം ഉള്ളിൽ പതിയുമ്പോഴുണ്ടല്ലോ റോയി മൂന്നല്ല ഇനി ആറു പെൺകുഞ്ഞുങ്ങളാണേലും ഞാൻ ഭാഗ്യവാനാടാ... എടാ... നിനക്കറിയാമോ.... ഉള്ള് നീറുന്ന സങ്കടമുണ്ടങ്കിലും എന്റെ ക്രിസ്‌ടീന മോളുടെ ചിരി ഒന്നു കണ്ടാലുണ്ടല്ലോ റോയി.. അതു തരുന്ന ആശ്വാസം ... അതെത്ര വലുതാണെന്നു നിനക്കറിയാമോ.... അതു കൊണ്ട് റോയി മോനെ, ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവ് മക്കളുടെ ഇടയിൽ വേണ്ടാടാ.... ആണായാലും പെണ്ണായാലും അപ്പനമ്മമാരാവാൻ ഉള്ള ഭാഗ്യമുണ്ടല്ലോ അതിലാണ് കാര്യം..... പിന്നെ നീ വല്യ ദൈവ വിശ്വാസി ഒക്കെ അല്ലെ... എടാ.. ഈ ബൈബിളിൽ എന്നാ പറഞ്ഞേക്കുന്നേ.... " മക്കൾ ദൈവം നൽകുന്ന അവകാശവും , പ്രതിഫലവും ഒക്കെ ആണന്നല്ലേ.. അല്ലാതെ ആൺ കുഞ്ഞാണ് എന്നൊന്നും വേർതിരിച്ചിട്ടില്ലല്ലോ? ....എടാ...ഈ കണ്ണുള്ളപ്പോൾ അതിന്റെ വില അറിയത്തില്ല എന്നു നീ കേട്ടിട്ടില്ലെ.. കണ്ണിന്റെ യഥാർത്ഥ വിലയറിയണമെങ്കിൽ അതില്ലാതെ ഇരിക്കണം.. എന്നു പറഞ്ഞതുപോലെയാണ് മക്കൾ ആണോ പെണ്ണോ എന്നതിലല്ല , അതില്ലാതിരിക്കുമ്പോൾ ആണ് അതിന്റെ വില നാം അറിയുന്നത്... സാബുച്ചായൻ ക്രിസ്‌ടീന മോളെ അവിടെ നിർത്താൻ പറഞ്ഞതും ലീസാമ്മയുടെ അസാധാരണ സ്നേഹപ്രകടനത്തിന്റെയും കാരണം ഇപ്പോൾ നിനക്ക് മനസ്സിലായിക്കാണുമല്ലോ.. അല്ലെ?..
ങാ.. ഇനി വണ്ടിയിൽക്കേറ്... നേരെ വീട്ടിച്ചെന്ന് കുളിച്ച് ഫ്രഷായി ... ഇന്നു എന്റെ വീട്ടിൽ കൂടി നാളെ വെളുപ്പിനെ അങ്ങ് പോകാം... എന്താ ഓക്കെയല്ലേ...
ഓകെ..ടാ... എന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞ് ഇടനെഞ്ചിലൊരു വലിയ കത്തി കുത്തിയിറക്കിയ വേദനയോടെ റോയി കാറിനുള്ളിൽ കയറി... കാർ പതിയെ മുന്നോട്ട് പോകുമ്പോൾ പുറമെ കാണിച്ചില്ലെങ്കിലും റോയിയുടെ മനസ്സിന്റെ കാണാപ്പുറങ്ങളിലെവിടെയോ ഒരു തിരിച്ചറിവിന്റെ പ്രകാശം വീശിത്തുടങ്ങിയിരുന്നു... ടോണി പിന്നേം എന്തൊക്കെയോ സംസാരിച്ചുവെങ്കിലും അതിലൊന്നും ശ്രദ്ധിക്കാനാവാതെ റോയിയുടെ ഉള്ള് നീറിക്കൊണ്ടിരുന്നു...വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഉള്ളുരുകി അയാൾ സാബുച്ചായനും ലിസാമ്മയ്ക്കും ഒരു കുഞ്ഞുണ്ടാവാൻ നിശബ്ദനായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. റോയിയുടെ ആ മൗന പ്രാർത്ഥനാ വാചകങ്ങളിലൊന്നും ആൺ , പെൺ വേർതിരിവും ഇല്ലായിരുന്നു..
രാജീവ് കല്ലേലിൽ രാജു Rajeev kallelil Raju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot