Slider

അനായാസേന മരണം. കഥ.

0
അനായാസേന മരണം.
കഥ.
'കൃഷ്ണേട്ടന്‍ ഭാഗ്യവാന്‍.
മരിക്കുമ്പോ, ങ്ങനെ മരിക്കണം.
കെടക്കണം ന്ന് പറഞ്ഞു, കെടന്നു.
ഇത്തിരി വെള്ളം കൊണ്ടുവാന്ന് പറഞ്ഞു .
ദാ, ഇയ്യ് സരോജനി അടുക്കളെപ്പോയി വെള്ളായിട്ടുവന്നപ്പഴേയ്ക്കും കഴിഞ്ഞേക്കുണ്.
ഭാഗ്യായി. ഒരു വേദനേണ്ടായില്യ.ഒരു സഞ്ചാരോണ്ടായില്യ.
ദാന്ന് പറഞ്ഞപ്പഴയ്ക്കും കഴിഞ്ഞു.
ങ്ങനെ, മക്കളെ ബുദ്ധിമുട്ടിക്കാണ്ടെ കഴിയണം. പ്പ നോക്ക്, മോന്‍ കുഞ്ഞുട്ടന്‍ ഒരു മാസല്ലേ ആയുള്ളു ദുബായിലെയ്ക്ക് പോയിട്ട്? ദെണ്ണം പിടിച്ചുകെടന്നാ അവനിപ്പോ വരാന്‍ പറ്റുവോ ? ന്നാ വരാണ്ടിരിക്കാന്‍ പറ്റുവോ ?
മോള് വിശാലത്തിനാച്ചാ , നൂറു പ്രാരാബ്ധാ.കൊയ്ത്ത്, പയ്ക്കള്, കുട്യോളടെ പടിപ്പ്. നിന്ന് തിരിയാന്‍ നേരല്യ.
കുഞ്ഞുട്ടന്‍ ഫോണ്‍ ചെയ്തപ്പോ പറഞ്ഞതും അതന്യാ. കഴിയണ്ടതു കഴിഞ്ഞു. ഇനിപ്പോ ഓടിപ്പെടഞ്ഞുവന്നട്ട് എന്ത് കാട്ടാനാ ?.അല്ലെങ്കിലും അച്ഛന് ഈ മരണക്രിയേലൊന്നും വിശ്വാസല്യ. മക്കളെ ബുദ്ധിമുട്ടിക്കരുത് ന്ന് അച്ഛനു നിര്‍ബ്ബന്ധാ. അതോണ്ടല്ലെ അച്ഛന്‍ ഠപേ ന്നങ്ങട് പോയീത്! ഇങ്ങനെ ഒരച്ഛന്ണ്ടായീത് എന്റേം വിശാലത്ത്ന്റേം ഭാഗ്യാ. ഒട്ടും ബുദ്ധിമുട്ടിക്കാണ്ടെ എല്ലാം കഴിച്ചു പോയീല്യ ?'
മാവു വെട്ടിയവരും തട്ടിക്കൂട്ടിയവരും അതുതന്നെ പറഞ്ഞു. 'കുഞ്ഞുട്ടന്‍ ഭാഗ്യവാന്‍ .ഇങ്ങനെയൊരച്ഛന്‍ ജീവിച്ചൂന്നോ മരിച്ചൂന്നോന്ന് അവനറിയേണ്ടിവന്നില്ല. അവനെ വെഷമിപ്പിക്കാണ്ടിരിക്കാന്‍ ബുദ്ധിമുട്ടൊക്കെ ഉള്ളിലൊതുക്കീട്ടല്ലെ, കൃഷ്ണേട്ടന്‍ ഇത്രകാലം ജീവിച്ചത് ! മരിക്കുമ്പൊ , എന്തൊക്കെ സഞ്ചാരാണാവോ ണ്ടായീത് ! ഓ ആര്‍ക്കറിയാം മരണത്തിന്റെ വേദനകളെ പറ്റി.! ജീവിക്കണോരടെ നെഞ്ചിലെ പടപടപ്പിനെ പറ്റി അറിയില്യ. പിന്നെയാ മരിക്കണോരടെ കാര്യം !
കഴിയുമ്പോ പറയും ഭാഗ്യായീന്ന്.ആരടെ ഭാഗ്യാ ? അച്ഛന്റ്യോ ,മക്കള്‍ട്യോ !
ചിതാഭസ്മം വായ്ക്കെട്ടി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കുഞ്ഞുട്ടന്‍ വരുമ്പോ ന്താച്ചാ ചെയ്തോട്ടെ. പൊഴേലൊഴുക്കേ, മരച്ചോട്ടില് കുഴിച്ചിടേ , ന്താച്ചാ ചെയ്തോട്ടെ. '

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo