നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ലക്ഷ്മീദേവി

"മെലിഞ്ഞുണങ്ങിയ അവളുടെ കരങ്ങളെടുത്ത് ചുണ്ടോട് ചേർത്തൊരു ചുംബനം നൽകി.പതിയെ ഞാനാ കൈകൾ ഞാൻ വിടർത്തി.ഒരായുസ്സിന്റെ ബാക്കിപത്രം ഞാൻ അവിടെ കണ്ടു.
എന്തിനും ഏതിനും കരിങ്കൽപ്പാറയുടെ ചങ്കുറപ്പ് നൽകിയവൾ.ചേട്ടാന്നു വിളിയവൾ പൂർണ്ണമാക്കില്ല.അവൾക്കറിയാം അതിനുള്ളിൽ ഞാൻ വിളി കേൾക്കുമെന്ന്....
അഗ്നിസാക്ഷിയാക്കി പുടവ ചാർത്തിയവൾ വീടിന്റെ നിലവിളക്കായി വലതുകാൽ വെച്ചകത്തു കയറി. പാദങ്ങളൊന്ന് ഇടറി താഴേക്കവൾ വീണപ്പോൾ ഏഴുതിരിയിട്ട നിലവിളക്കും കയ്യിൽ നിന്നും താഴേക്കു വഴുതിവീണു...
കണ്ടുനിന്നവർ മൂക്കത്ത് വിരൽ ചേർത്തപ്പോഴെ അകത്തു നിന്നും അമ്മയുടെ ശബ്ദമുയർന്നു..
" എല്ലാം ദുശ്ശകുനമാണല്ലോ ഈശ്വരാ...."
അവൾക്കാ വീട്ടിൽ ലഭിക്കാൻ പോകുന്ന സ്വീകരണം ഞാൻ മുൻകൂട്ടി കണ്ടു.ലക്ഷമിദേവിയായി വന്നവൾക്കിനി മൂധേവി എന്നായിരിക്കും വിളിപ്പേര്.
എന്റെ കാഴ്ചപ്പാടുകൾ തെറ്റിയില്ല.ആദ്യ ആഴ്ചയിൽ തന്നെ വീട്ടിൽ അമ്മായിയമ്മപ്പോര് തുടങ്ങി. സഹായത്തിനായി അച്ഛനും അമ്മയുടെ കൂടെ കൂടിയപ്പോൾ ശരിക്കും ധർമ്മ സങ്കടത്തിലായത് ഞാനാണ്...
പുത്തൻപെണ്ണ് തൊടുന്നതെല്ലാം കുറ്റമായി തീർന്നു."പുത്തനച്ചി പുരപ്പുറം തൂക്കുമെന്നുള്ള പഴമൊഴി അർത്ഥവത്തായ പോലെ പലപ്പോഴും അമ്മ അവളോട് വഴക്കു കൂടി..
വീട്ടിലെ സകല ജോലികളും അവളെക്കൊണ്ട് ചെയ്യിക്കും.അടുക്കളയിൽ അമ്മയൊരു സഹായവും ചെയ്യില്ലെങ്കിലും അവൾ വെച്ചു വെക്കുന്ന ആഹാരം കഴിച്ചിട്ട് കുറ്റവും കുറവും വരുത്തുന്നതിനു മാത്രം ഒരു മുടക്കവും വരുത്തിയില്ല.
ഞാനെന്തെങ്കിലും ഒരുവാക്കുതിർത്താൽ അമ്മയുടെ നെഞ്ചത്തടി ഉയരും.അച്ഛനോട് പരാതിയായി ഉറക്കെ പറയും ഞാനും ഭാര്യയും കൂടി കേൾക്കുവാനായി...
"അവനൊരുത്തിയെ കിട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ടാതായി മനുഷ്യാ.ഇത്രയും നാൾ കഷ്ടപ്പെട്ടു പഠിപ്പിച്ചു വളർത്തിയത് മാത്രം മിച്ചം.എല്ലാ വന്നു കയറി മൂധേവി ഓതിക്കൊടുത്ത തലയണമന്ത്രമാണ്...."
ഉള്ളിലൊരായിരം പ്രാവശ്യം ഞാൻ നീറിത്തുടങ്ങി.ഒരുവശത്ത് ജന്മം നൽകിയ മാതാപിതാക്കൾ. മറുവശത്ത് താലിചാർത്തിയവൾ.അവളുടെ നിലക്കാത്ത കണ്ണുനീർ തുള്ളികളും..
പലപ്പോഴും എനിക്കവളെയൊന്ന് ആശ്വസിപ്പിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.അവൾക്കൊന്ന് പൊട്ടിക്കരഞ്ഞാൽ കുറച്ചു സമാധാനം ലഭിക്കുമായിരിക്കും...
ഞാനൊരാണായിപ്പോയില്ലെ.ഒന്നു കരയുവാൻ കൂടി അനുവാദമില്ലല്ലോ.ഉമിത്തീയിൽ നീറി നീറിയങ്ങനെ കാലം കഴിക്കണം...
മരണസമയത്ത് കിടപ്പിലായപ്പോൾ മാത്രം മരുമകളല്ല ഇവൾ മകൾ തന്നെയായിരുന്നു എന്നവർ തിരിച്ചറിഞ്ഞു.വെറുപ്പ് ലവലേശമില്ലാതെ തന്നെയവൾ അവരുടെ മലമൂത്ര വസ്ത്രാദികൾ മാറ്റി സ്വന്തം അച്ഛനമ്മമാരെ പോലെ പരിചരിച്ചു...
മക്കൾക്കായിട്ടായിരുന്നു പിന്നെയവൾടെ ജീവിതം. കുട്ടികളെ വളർത്തി പഠിപ്പിച്ച് നല്ലൊരു നിലയിലാക്കി.അവരാശിച്ച വിവാഹം കൂടി നടത്തുവാൻ അച്ഛനമ്മമാരെ അവർക്കാവശ്യമായിരുന്നു...
പഴയകാലത്ത് നിന്ന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായപ്പോൾ ഞങ്ങളാ സത്യം തിരിച്ചറിഞ്ഞു.അണു കുടുംബത്ത് മക്കൾക്ക് മാതാപിതാക്കൾ വലിയൊരു ഭാരമാണെന്ന്...
സ്വത്ത് ഭാഗം വെക്കുവാൻ രണ്ടാണ്മക്കളും മൽസരിച്ചു.നിർബന്ധം ഏറി വന്നപ്പോൾ തുല്യമായി വീതം വെച്ച് ഇരുവർക്കും നൽകി.അച്ഛനും അമ്മയും മക്കൾക്കു ബാദ്ധ്യതയായി മാറി.മക്കളിരുവരുടെയും കൂടി മാറി മാറി താമസിച്ചപ്പോൾ....
ഒരുകാര്യത്തിൽ അവർ ഒത്തൊരുമയോടെ നിന്നു.ഞങ്ങളെ വ്യദ്ധസദനത്തിലക്കാക്കുന്നതിൽ...
"അച്ഛനും അമ്മക്കും ഇവിടെ സുഖമായിരിക്കും.ഞങ്ങൾ ഇടക്കിടെ വന്നു കണ്ടു കൊള്ളാം"
പിന്നീട് മക്കൾ ഈ വഴിക്കു വന്നില്ലെങ്കിലും അവർക്കായുള്ള പ്രാർത്ഥന മാത്രം അവൾ മുടക്കിയില്ല...
"എന്നെങ്കിലും നമ്മുടെ മക്കൾ വരാതിരിക്കില്ല ചേട്ടാ.."
എന്ന് ഇടക്കിടെ അവൾ വെറുതെയെങ്കിലും ആശ്വസിപ്പിച്ചു കൊണ്ടിരിക്കും..
അവൾക്കു മുമ്പേ മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അവളുടെ മടിയിൽ തലചായ്ച്ച് അഗാധനിദ്രയടയണം...
പക്ഷേ അവൾക്കായിരുന്നു ആ അനുഗ്രഹം ലഭിച്ചത്.അവസാന നാളിലും അവൾ ആഗ്രഹിച്ചു..
മക്കളൊന്ന് കാണുവാൻ മാത്രമെങ്കിലും വന്നിരുന്നെങ്കിലെന്ന്...
സാമ്പ്രാണിത്തിരിയുടെ ഗന്ധമാകെ അന്തരീക്ഷത്തിൽ ലയിച്ചു. കത്തിച്ചുവെച്ച നിലവിളക്ക് അവളുടെ തലക്കു മുകളിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു..
ഒരുവട്ടം കൂടി കുനിഞ്ഞു ഞാൻ ആ നിറുകയിൽ ചുംബിച്ചു.ഒരായുസ്സിന്റെ പുണ്യത്തെ ഒരിക്കൽ കൂടി മതിവരാതെ നോക്കി നിന്നു.എന്റെ വൃദ്ധനയനങ്ങളിൽ വീണ്ടും മിഴിനീർ നിറഞ്ഞു..
കരയരുതെന്ന് വിചാരിച്ചെങ്കിലും ഒരുനിമിഷത്തേക്ക് ഞാനെന്നെ മറന്ന് അവളെ കെട്ടിപ്പിടിച്ചു മതിവരുവോളം കരഞ്ഞു.
"എനിക്കറിയാം ഇനിയൊരിക്കലും അവളെ കാണാൻ കഴിയില്ലെന്നും ആ ശബ്ദമിനി കേൾക്കാൻ കഴിയില്ലെന്നും..."
അനാഥ പ്രേതത്തെപ്പോലെ രണ്ടാണ്മക്കളുടെ അമ്മയെ അടക്കം ചെയ്തു. എന്നിട്ടും മക്കളെത്തിയില്ല...
ഇന്ന് ഞാൻ വ്യദ്ധസദനത്തിലെ ജനലഴികളിൽ കൂടി വിദൂരതയിലേക്ക് നോക്കി നിൽക്കും...
"എന്റെ വിധിയുടെ ദിവസങ്ങളുടെ കണക്കറിയാതെ..."
(Copyright protect)
A story by സുധീ മുട്ടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot