Showing posts with label MeeraGeorge. Show all posts
Showing posts with label MeeraGeorge. Show all posts

സന്ദീപ് മസൂർകറിന്റെ മക്കൾ


സന്ദീപ് മസൂർകറിന്റെ മക്കൾ
സന്ദീപ് മസൂർകർ ഒരു കുറിയ മനുഷ്യനായിരുന്നു. അതിരാവിലെ ടിഫിൻ സഞ്ചിയുമായി ഉൽഹാസ്നഗറിലെ കൊച്ചുവീട്ടിൽ നിന്ന് ബാന്ദ്രയുടെ കോൺക്രീറ്റ് കാട്ടിലേക്ക് ട്രെയിൻ പിടിക്കുന്ന അനേകരിൽ ഒരാൾ. ബാന്ദ്രയിലെ കോർപ്പറേറ്റ് കെട്ടിടത്തിനുള്ളിൽ മറാത്തി മിണ്ടാതെ കുറച്ചു ഹിന്ദിയിൽ പിടിച്ചു നില്കും സന്ദീപ്.
ഏറ്റവും അറ്റത്തുള്ള കൊച്ചു ക്യാബിനിലെ മോഹനുമായി പങ്കിടുന്ന അര മേശയിൽ അടുക്കി വെക്കാനുള്ള ഫയലുകൾക്കിടയിൽ നിന്നു തല പൊക്കി നോക്കും, ഗ്ലെനിത് ലോബോ നീട്ടി വിളിക്കുമ്പോൾ. 
" സന്ദീപ് !! പാർസൽ ആയാ ഹൈ. തു ജാക്കെ ദേഖ് ലോ !"
സന്ദീപ് ഗ്ലാസ്സ്‌ഡോറുകൾക്കപ്പുറം മറയുമ്പോളും കേൾക്കുന്നുണ്ടാകും ഗ്ലെനിതിന്റെ ചിരി. അട്ടഹാസമെന്നു മോഹൻ പറയുന്ന, ഏഴാം നില മുഴുവൻ മുഴങ്ങുന്ന മിസ് ലോബോ സ്പെഷ്യൽ ചിരി.
മൂന്നു മണി നേരം ഏഴാം നിലയിലെ ക്യാബിനുകൾക്കുളളിൽ നിന്ന് ഇടവേളയെടുക്കുന്നവർ കൂടിച്ചേരും, സന്ദീപിന്റെ കൊച്ചു ക്യാബിനു മുന്നിലുള്ള തുറന്ന ഇടത്തു. ഗോസ്സിപ്പുകളുടെ ചായനേരങ്ങൾ. മൂക്കിൽ തുളച്ചു കയറുന്ന പലഹാരമണങ്ങൾ . സന്ദീപും മോഹനും ടേൺ കാത്തിരിക്കും, പലഹാരങ്ങളും പിന്നെ കുറെ പൊട്ടും പൊടിയും കിട്ടും അവസാനം പൊതിഞ്ഞെടുക്കാൻ. മോഹൻ കൂടെയില്ലായിരുന്നെങ്കിൽ ആ ഇംഗ്ലീഷ് ലോകത്തു താൻ ആരോട് സംസാരിച്ചേനെ എന്ന് സന്ദീപ് ആലോചിക്കാറുണ്ട്.
" സന്ദീപ്, കിതനെ ബച്ചേ ഹൈ രേ തും കോ ?"
ഗ്ലെനിതിന്റെ കളിയാക്കൽ ചോദ്യമാണ്.
" യെസ് മാഡം, സാത്.. "
"അരെ ബാപ് രേ ! സാത് ! മെഷീൻ ഹൈ ക്യാ തേരി ബീവി ?"
"അരെ യെ ബത, സാത് ബേട്ടിയാ ഹൈ ഓർ ബേട്ട ?"
ആരൊക്കെയോ ചോദിക്കുന്നു. എല്ലാവരുടെയും മുഖത്തു അത്ഭുതമാണ്. മോഹന്റെ ഇളിഭ്യമായ മുഖം കണ്ടപ്പോ സന്ദീപിന് മനസിലായി, മിസ് ലോബോ മോഹന്റെ മനസ്സീന്നു പിടിച്ചെടുത്തതാണ്.
ഇനിയൊന്നും കൂടുതൽ പറയേണ്ടതില്ലെന്നും ഏഴു പെൺമക്കളുടെയും പുത്രന് വേണ്ടി ഭാര്യ വീണ്ടും ഗർഭിണിയാണെന്ന കാര്യവും അവരെല്ലാം അറിഞ്ഞെന്നും സന്ദീപിന് മനസ്സിലായി. ചിരിയലകൾക്കിടയിൽ നിൽക്കുമ്പോൾ പെട്ടെന്ന് സന്ദീപിന് വീട്ടിലെത്തണമെന്നു തോന്നി.
"ബേട്ട ഹുവാ ഹേ മാഡം.. "
അഭിനന്ദനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ സന്ദീപിന് പൊക്കം കൂടിയ പോലെ. പിന്നെ കുറെ മൂന്നു മണി ഇടവേളകളിൽ സന്ദീപിന്റെ മക്കളും ഭാര്യയും കടന്നു വന്നു. സന്ദീപിന് മനസിലാകാത്ത ഹിന്ദി - ഇംഗ്ലീഷിൽ. പലഹാരപ്പൊട്ടുകൾക്കിടയിൽ നിന്ന് എട്ടു ഭാഗങ്ങൾ, തിന്നാൻ കൊള്ളാവുന്നതൊക്കെയും കെട്ടിപൊതിഞ്ഞെടുക്കും സന്ദീപ്. മിസ് ലോബോയുടെ ചിരിമുഴക്കങ്ങൾ കേട്ട് കൊണ്ട്.
മോഹൻ കിതച്ചു കൊണ്ട് പടികൾ കയറി വന്നു. ലിഫ്റ്റിന് വേണ്ടി കാത്തു നില്ക്കാൻ സമയമില്ലാത്തതു പോലെ.
" മാഡം, വോ... സന്ദീപ്... ചല ഗയാ.. "
"ക്യാ രേ പ്യാരേ മോഹൻ ! വോ ആതാ ഹി നഹി ഹൈ നാ ദോ ഹഫ്‌തേ സെ. "
"മാഡം വോ മർ ഗയാ.. മലേറിയ ഥാ. "
"ഓ ഗോഡ് !"
"Glenith, പ്ളീസ് സെൻറ് ഔർ കണ്ടോലിൻസെസ്. മോഹൻ വിൽ ബി ഗോയിങ് നാ. സെൻറ് എ റീത് വിത്ത് ഹിം. ആൻഡ് ഡോൺട് ഫോർഗെറ്റ് ടു റൈറ്റ് ഔർ കമ്പനി നെയിം ഓൺ ഇറ്റ്. "
"സർ ഷുഡ് വി ഡോണെറ്റ് സംതിങ്... ഫോർ ദി ഫാമിലി... "
"ആഹ്, കലക്ട് സം എമൗണ്ട്. ദേ നീഡ് ഇറ്റ് റൈറ്റ്. "
ഏഴു കുറിയ പെൺകുട്ടികളും ഒരു മെലിഞ്ഞ സ്ത്രീയുടെ ഒക്കത്തു അവരുടെ രാജകുമാരനും. റീത്തു തൊട്ടു നോക്കിക്കൊണ്ട് ഇളയ പെൺകുട്ടി. ഭാവഭേദമില്ലാതെ മുഖങ്ങൾ.
മൂന്നു മണി ഇടവേളകളിൽ ഇടക്കൊക്കെ പിന്നെയും സന്ദീപ് മസൂർകറിന്റെ എട്ടു മക്കൾ പരാമർശിക്കപ്പെട്ടു പോന്നു. പൊതിഞ്ഞെടുക്കപ്പെടാതെ പലഹാരനുറുങ്ങുകൾ മാത്രം അവശേഷിച്ചു. ഗോസ്സിപ് അവസാനങ്ങളിൽ മിസ് ലോബോയുടെ ശബ്ദം മുഴങ്ങും
" മോഹൻ, ക്ലീൻ കരോ !"

meera george

അവസാനത്തെ ഫോട്ടോ

Image may contain: 1 person

ഒരു ക്യാമറയിലും പതിയാത്ത ചിലരുണ്ട്. 
ക്യാമറ തുറക്കുമ്പോൾ മാറി പോകുന്നവർ. 
ചിലർ ഫോട്ടോകളിൽ സ്വയം കാണാൻ 
ഇഷ്ടപ്പെടാത്തവർ. 
ആ, വേണ്ടെന്നു പറഞ്ഞു മുഖം തിരിക്കുന്നവർ. 
ഇനിയുമുണ്ട് ചിലർ.
ക്യാമെറക്കണ്ണുകൾക്കു ഒപ്പിയെടുക്കാൻ
പറ്റാത്തവർ.
അടുക്കളയിലെ ആവിക്കുള്ളിൽ,
മസാലമണത്തിനുള്ളിൽ,
കറിക്കഷണങ്ങൾക്ക് മുന്നിൽ,
സിങ്കിലെ പാത്രക്കൂമ്പാരത്തിനു മുന്നിൽ,
തിരക്കായി പോയവർ.
വിയർപ്പു തുടച്ചു,
മുഖം ഒപ്പി,
മുന്നിലേക്ക് വരുമ്പോൾ...
മിക്കവാറും ക്യാമെറക്കാരൻ
കയറിപ്പോയി കാണും.
അല്ലെങ്കിൽ ഒരു പുതിയ അതിഥി..
അതുമല്ലെങ്കിൽ,
'ഇനിയും കഴിക്കാൻ എടുക്കാറായില്ലേ '
എന്ന് ചോദിക്കുന്ന കാരണവർ.
ചിലപ്പോൾ അവരെ കിട്ടും.
ഫോട്ടോയുടെ ഒരു കോണിൽ.
ചിരി ഇത് മതിയോ എന്നോർത്തു.
അല്ലെങ്കിൽ പകുതി മുഖം.
തിരക്ക് പിടിച്ചു ഓടുന്നതിനിടയിൽ
ഒരു നിമിഷം.
അത്രയുമൊക്കെ കാണൂ.
ശ്വാസം നിലച്ചു,
വെള്ള പുതപ്പിക്കുമ്പോൾ
അന്വേഷിക്കും.
ഫോട്ടോയുണ്ടോ.
തപ്പി പോകും..
പൂപ്പൽ പിടിച്ച ആൽബങ്ങളിൽ...
ബ്ലാക്ക് ആൻഡ് വൈറ്റിൽ
ഒരു ഫോട്ടോ കാണും.
വേറൊന്നും കാണാൻ കൊള്ളുന്നത്
ഇല്ലെന്നു കണ്ട്
ഇത് മതിയെന്ന് പറയും.
അങ്ങനെയങ്ങനെ..
അവസാനത്തെ ഫോട്ടോയിൽ
ഏതോ പ്രായത്തിൽ
ചിരിച്ചിരിക്കും, ചിലർ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo