Showing posts with label RameshCharitham. Show all posts
Showing posts with label RameshCharitham. Show all posts

രമേശചരിതം-3.....

രമേശചരിതം-3.....
.........................................
കുവൈത്തിലെത്തിയ ഷീബ രമേശനുമായി ദിവസവും വാട്‌സ് ആപ് മുഖേനയും ഇമോ മുഖേനയും സംസാരിക്കും..പ്രശ്നങ്ങൾ എല്ലാം തീർന്നതിൽ അയാൾ സന്തോഷിച്ചു... മൂന്ന് നാല് മാസങ്ങൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി..ഒരു ദിവസം കുവൈത്തിൽ നിന്ന് ഷീബയുടെ ഫോൺ
"അണ്ണാ...ഇവിടെ ഭയങ്കര പ്രശ്നമാ..അവര് പറഞ്ഞ ശമ്പളം തരുന്നില്ല..ഞാൻ നാട്ടിലേക്ക് പോകുകയാ"
"എടീ..കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും.. നീ ഇപ്പോൾ തിരിച്ചു പോയാൽ ആശുപത്രിക്കാർ നിനക്ക് ഒന്നും തരില്ല..ടിക്കറ്റ് പോലും നീ എടുക്കേണ്ടി വരും"
മൂന്ന് നാല് മാസം പിന്നെയും കടന്ന് പോയി..
.......
ഇനി ഷീബയെ കുറിച്ച് ചെറു വിവരണം..നേരത്തെ പറഞ്ഞിരുന്നു അവർ രണ്ട് പെൺകുട്ടികളാണെന്ന്..അച്ഛനും ഒരു പ്രവാസിയാണ് ബഹ്‌റിനിൽ..അനിയത്തിയെ കെട്ടിയവൻ അവളെയും കൊണ്ട് മസ്ക്കറ്റിലാണ്...അതുകൊണ്ട് തന്നെ ഇപ്പോൾ മോശമല്ലാത്ത ഒരു സാമ്പത്തിക ചുറ്റുപാടിലാണെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഒരു വീട് പണിയാൻ ഇനിയും സാധിച്ചിട്ടില്ല...
..........
ഇനി കഥയിലേക്ക്...
ഒരുദിവസം നാട്ടിൽ നിന്ന് രമേശന് ഒരു ഫോൺ..ഷീബയുടെ അമ്മയാണ്..മുട്ടിന് ചെറിയൊരു ഓപ്പറേഷൻ വേണം..അപ്പോൾ വീട്ടിൽ ആളില്ലെങ്കിൽ ശരിയാവില്ല..അതുകൊണ്ട് ഷീബയോട് നാട്ടിലേക്ക് മടങ്ങി ചെല്ലാൻ പറയണം എന്നായിരുന്നു ആവശ്യം
ഷീബ നേരത്തെ പോകാൻ തയ്യാറായിരുന്നു..പക്ഷെ ടിക്കറ്റ് ആശുപത്രിക്കാർ കൊടുക്കില്ല...ആ ടിക്കറ്റ് ഞാൻ അയച്ചുതരാമെന്ന് രമേശൻ പറഞ്ഞു..രമേശൻ്റെ കൈയിൽ പണം കുറവായിരുന്നു..
ഇനി ഈ കഥയിൽ എഴുത്തുകാരനായ എനിക്ക് ചെറിയൊരു വേഷം....
"എടാ..ബിജുവേ..കൈയിൽ കാശുണ്ടെങ്കിൽ ഇരുന്നൂറ് റിയാൽ വേണം..ശമ്പളം കിട്ടിയിട്ട് തരാം"
ഭാഗ്യത്തിന് നൂറ്റമ്പത് റിയാൽ എൻ്റെ കൈവശമുണ്ടായിരുന്നു..ബാക്കി പൈസ ആരുടെയോ കൈയിൽ നിന്ന് വാങ്ങി ഞാനും രമേശനും ട്രാവൽ ഏജൻസിയിൽ ചെന്ന് കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു..ഷീബയുടെ ഈമെയിലിലേക്ക് അവിടുന്ന് തന്നെ അയച്ചു കൊടുത്തു.
പക്ഷെ കുവൈറ്റിലുണ്ടായിരുന്ന ഷീബയല്ല നാട്ടിലെത്തിയപ്പോൾ.സ്വഭാവം ആകെ മാറി..ആ മാറ്റം രമേശനെ അമ്പരിപ്പിച്ചു...ഭർത്താവിന്റെ അച്ഛനുമമ്മയേയും ദൈവതുല്ല്യം കണ്ടിരുന്നവൾ അവർക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു..പത്ത് വർഷം സ്വന്തം മകളായി കണ്ടവൾ പെട്ടെന്നൊരുനാൾ തങ്ങൾക്കെതിരെ തിരിഞ്ഞപ്പോൾ നിസഹായകരായി നില്ക്കാനെ അവർക്ക് പറ്റിയുള്ളു...രമേശനെതിരെയും അവൾ കേസ് കൊടുത്തു..
ദിവസവും മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുകയും അടിക്കുകയും ചെയ്യാറുണ്ടെന്ന് വനിതാകമ്മീഷനിൽ പരാതി കൊടുത്തു...
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയാം.. ഇവൾക്കെന്താ വട്ടുണ്ടോ എന്നായിരിക്കും..അവൾ അച്ഛനുമമ്മയ്ക്കുമെതിരെ കേസ് കൊടുക്കാൻ ഒരു കാരണമുണ്ട്.. അതാണ് ഈ കഥയുടെ ടേണിംഗ് പോയിൻ്റ്..
രമേശൻ്റേ വീട്ടിലെ കിണറിൽ വെള്ളത്തിൻ്റെ ക്ഷാമം ഉണ്ടാക്കാറുണ്ട്..അതിനാൽ മഴക്കാലത്ത് മഴവെള്ളം പിടിച്ചു വെച്ച് പ്രാഥമികാവശ്യങ്ങൾക്കും മറ്റ് പാത്രങ്ങൾ കഴുക്കാനും ആ വെള്ളമാണ് ഉപയോഗിക്കാറ്..അത് ഷീബയ്ക്കും അറിവുള്ളതാണ്...അത് അനാവശ്യമായി പാഴാക്കി കളഞ്ഞതിനെ അമ്മായിയമ്മ അല്പം രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു...
കല്ല്യാണം കഴിച്ചു കഴിഞ്ഞാൽ പെൺകുട്ടികളുടെ ജീവിതത്തിൽ സ്വന്തം കുടുംബത്തേക്കാൾ പ്രാധാന്യം ഭർത്താവിൻ്റെ കുടുംബത്തിനോട് ആയിരിക്കണമെന്നാണ് എല്ലാവരും പറയുക...അമ്മമാർ മക്കളുടെ കാര്യത്തിൽ ഇടപ്പെടുന്നത് സൂക്ഷിച്ചായിരിക്കണം..ആ സൂക്ഷ്മ കുറവ് ഷീബയുടെ അമ്മയ്ക്കും സംഭവിച്ച് കാണണം...ഇതേ സൂക്ഷ്മ കുറവ് എൻ്റെയൊരു ബന്ധത്തിലുള്ള അമ്മയ്ക്ക് സംഭവിച്ചപ്പോൾ തകർന്നത് ആ പെൺകുട്ടിയുടെ ജീവിതം മാത്രമല്ല..ആ അമ്മയുടെ ജീവിതം കൂടിയായിരുന്നു..പക്ഷെ ഇന്നാ മകൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയുന്നു...പക്ഷെ ആ അമ്മ തിരിച്ചു വരാൻ പറ്റാത്ത ലോകത്തിലേക്ക് പോയി..
പറഞ്ഞ് വരുന്നത് ഷീബയുടെ അമ്മയുടെ സാന്നിധ്യമാണ്...അവൾ ഇടയ്ക്കിടെ അമ്മയെ കാണാൻ പോകും..വന്നാൽ അവൾ മറ്റൊരാളായി മാറും..
ഒരുദിവസം രാത്രിയിൽ ഉറക്കത്തിൽ അമ്മയെ വിളിച്ചു കരഞ്ഞ ഇളയ കുട്ടിയുടെ അടുത്തേക്ക് രമേശൻ്റെ അച്ഛനുമമ്മയും ഓടിയെത്തിയപ്പോൾ ആ മുറിയിൽ ഷീബയുണ്ടായിരുന്നില്ല..അവളെ അന്വേഷിച്ചപ്പോൾ പുറത്തിറങ്ങി അവൾ ആർക്കോ ഫോൺ ചെയ്യുന്നു..ഉള്ളിൽ വന്ന ക്ഷോഭമാണോ കുട്ടിയുടെ കരച്ചിലാണോ രമേശൻ്റെ അച്ഛനെ കൊണ്ട് അത് ചെയ്യിച്ചതെന്ന് അറിയില്ല..കൈയിലുണ്ടായിരുന്ന ടോർച്ചെടുത്ത് ഷീബയെ അടിച്ചു.. ആ അടിയാണ് നേരത്തെ പറഞ്ഞ കേസിന് ആസ്പദമായത്...അത് രമേശന് അല്പം മനഃപ്രയാസമുണ്ടാക്കി..
പിറ്റേന്ന് രമേശനെ വിളിച്ചു വാടകവീട്ടിലേക്ക് മാറണമെന്ന് ഷീബ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല..അതിൻ്റെ ദേഷ്യമെന്നോണം അവൾ ആ വീട് വിട്ടിറങ്ങി... അതിന് ശേഷമാണ് പോലീസിൽ കേസ് കൊടുത്തത്...
തന്നെ അനുസരിക്കാത്ത ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ രമേശനും തീരുമാനിച്ചു..ഇതിനിടയിൽ തൻ്റെ അകൗണ്ടിലുള്ള പണത്തിൽ നിന്ന് അൻപതിനായിരം രൂപ നഷ്ടപ്പെട്ടതായി രമേശൻ്റെ ഫോണിലേക്ക് മെസേജ് വന്നു...അവളോട് വിളിച്ചു ചോദിച്ചപ്പോൾ അവൾ എടുത്തില്ലെന്ന് പറഞ്ഞു. മരുമകനോട് അവളുടെ കൈയിലുള്ള Atm വാങ്ങി വരാൻ പറഞ്ഞു..മരുമകൻ Atm വാങ്ങി വന്നതിൻ്റെ പിറ്റേന്ന് രമേശനെതിരെയും ഷീബ കേസ് കൊടുത്തു...
അതിനിടയിൽ ആ ഓട്ടോക്കാരൻ ഖത്തറിലേക്ക് തിരിച്ചു പോയിട്ടില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി....
മക്കളുടെ ടീസി വാങ്ങി ഷീബയുടെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർത്തു..അത് രമേശനെയോ വീട്ടുക്കാരെയോ അറിയിച്ചിരുന്നില്ല..അതറിഞ്ഞു രമേശൻ്റെ അച്ഛൻ കുട്ടികളെ കാണാൻ മക്കൾ ഇപ്പോൾ പഠിക്കുന്ന സ്ക്കൂളിൽ ചെന്നപ്പോൾ ഹെഡ്മാസ്റ്റർ കുട്ടികളെ കാണാൻ ആരെയും അനുവദിക്കരുതെന്ന് ഷീബ പറഞ്ഞതായി അറിയിച്ചു. ഞാൻ കുട്ടികളെ കണ്ടിട്ടേ പോകൂ എന്ന് അയാൾ അറിയിച്ചപ്പോൾ ഹെഡ്മാസ്റ്റർ ഷീബയെ വിളിച്ചു ചോദിച്ചു.. എന്നാൽ കുട്ടികളോട് ഒന്നും സംസാരിക്കാൻ അനുവദിക്കരുതെന്നും ഒരു സാധനവും വാങ്ങാൻ സമ്മതിക്കരുതെന്നും അങ്ങനെയാണെങ്കിൽ മാത്രം കുട്ടികളെ കണ്ടോട്ടെ എന്നും പറഞ്ഞതിനാൽ അദ്ദേഹം കുട്ടികളെ കണ്ട് മടങ്ങിപ്പോയി... അന്നേരം അയാളുടെ കൈയിലുണ്ടായിരുന്ന മിഠായി പൊതി മക്കൾ കാണാതിരിക്കാൻ മറച്ചു പിടിച്ചിരുന്നു....
ഇതിനിടയിൽ രമേശന് കുവൈത്തിലുള്ള ഒരു സുഹൃത്തുമായി വാട്സ്ആപിൽ ചാറ്റ് ചെയ്യുമ്പോൾ ഒരു വിവരം കിട്ടി .... അയാൾക്ക് അവിടെയുള്ള ഏതോ റിക്രൂട്ട്‌മെന്റ് ഓഫീസിലാണ് ജോലി..
"എടാ രമേശാ...നിനക്ക് സൗദിയിലെ ജോലി പോയോ"
"ഇല്ല..എന്തെ?"
"നിനക്ക് ഒരു വീസ കിട്ടുമോന്ന് നോക്കിയിട്ട് നിൻ്റെ ഭാര്യ ഇവിടെ വന്നിരുന്നു..അതും ഡ്രൈവർ വീസ..അത് നിൻ്റെ ഭാര്യയായിരുന്നു എന്നെനിക്ക് പിന്നീടാണ് മനസ്സിലായത്"
"ഏയ് ഞാൻ അങ്ങനെ ഒരാവശ്യം അവളോട് പറഞ്ഞിട്ടില്ല..അതു മാത്രമല്ല എനിക്ക് നേരാംവണ്ണം ഡ്രൈവിങ് അറിയില്ലെന്ന് അവൾക്ക് അറിയുകയും ചെയ്യാം..പിന്നെന്തിനാ അവൾ വീസക്ക് അന്വേഷിച്ചത്?"
എന്തിനായിരിക്കും അവൾ രമേശന് വേണ്ടി കുവൈത്തിൽ ജോലി അന്വേഷിച്ചത്?..അതും ഇവിടെ മാന്യമായ ജോലിയും മോശമല്ലാത്ത ശമ്പളം ഉള്ളപ്പോൾ!!! ഈയൊരു സംശയം നിങ്ങളെപ്പോലെ എനിക്കുമുണ്ടായിരുന്നു..അതിൻ്റെ ഉത്തരം പിന്നീട് നിങ്ങൾക്ക് ഞാൻ പറയാതെ തന്നെ കിട്ടും...അപ്പോൾ നടുവേദനയുടെയും ബാധയുടെയും കാര്യങ്ങളും പിടി കിട്ടും..
ഇതിനിടയിൽ രമേശനും ഷീബയും തമ്മിലുള്ള പ്രശ്നങ്ങൾ ബഹ്‌റൈനിലുള്ള ഷീബയുടെ അച്ഛനും മസ്ക്കറ്റിലുള്ള അനിയത്തിയും അറിഞ്ഞിരുന്നു..പ്രശ്ന പരിഹാരത്തിനായി അച്ഛനും സഹോദരി ഭർത്താവും(ഷീബയുടെ അനിയത്തിയുടെ ഭർത്താവ്)എന്നും വിളിക്കും..നിങ്ങൾ നാട്ടിലേക്ക് വരു ഞാനും വരാം നമുക്ക് ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രമേശൻ പറഞ്ഞപ്പോൾ രണ്ടു പേർക്കും ലീവ് കിട്ടില്ലെന്നായി...
രമേശൻ്റെ കമ്പനിയിലേക്ക് പുതിയ ആൾക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്തു.. അതും രമേശൻ്റെ ബന്ധത്തിൽ പെട്ടവരും സുഹൃത്തുകളുമായ ആൾക്കാരെ...പക്ഷെ അവർക്കൊന്നും രമേശൻ്റെ പ്രശ്നങ്ങൾ അറിയില്ലായിരുന്നു.. അതിൽ ഒന്ന് രണ്ട് പേർക്ക് ജോലി ചെയ്യാൻ പറ്റാതെ തിരിച്ചു പോകേണ്ടി വന്നു..ബാക്കി രണ്ടു പേരുണ്ട്.അതിൽ ഒരാൾ അടുത്ത ബന്ധു കൂടിയാണ്...അവർക്കും ഈ കഥയിൽ ഒരു ചെറിയ റോളുണ്ട്...അത് എന്താണെന്നല്ലേ...പറഞ്ഞ് തരാം... അവസാനത്തിന് തൊട്ട് മുമ്പ്...
രമേശൻ ലീവിന് നാട്ടിലേക്ക് പോകുന്നു..പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് തീർക്കാം..ഷീബയും പിള്ളേരുമില്ലാതെ തനിക്ക് പറ്റില്ലെന്ന് അയാൾക്കറിയാം..അവളുടെ പിണക്കം മാറ്റണം..എന്താണ് അവളുടെ പിണക്കത്തിന് കാരണമെന്നറിയണം...ലീവിന് പോകുമ്പോൾ അവൾക്കൊരു സമ്മാനം രമേശൻ വാങ്ങിയിരുന്നു.. രണ്ട് പവൻ്റെ ഒരു മാല....
വളരെ സന്തോഷവാനായി നാട്ടിലെത്തിയ രമേശൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു..
"ബിജുവേ..ഇവിടെ പ്രശ്നം ഗുരുതരമാണ്..ഞാൻ ഡൈവോഴ്സിന് കൊടുക്കാനുള്ള തീരുമാനത്തിലാണ്"
രമേശൻ്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു..
"ഞാനിപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി വന്നതേയുള്ളു..വനിതാകമ്മീഷനിൽ നാളെ ഹാജരകണം..ഇന്നുവരെ ഞാനവളെ അടിച്ചിട്ടില്ല... എന്നിട്ടും ഞാനവളെ അടിച്ചെന്ന് അവൾ കമ്മീഷനിൽ മൊഴി കൊടുത്തു.എൻ്റെ മക്കളെ ഓർത്ത് മാത്രമാ ഞാൻ ക്ഷമിച്ചത്"
"എല്ലാം ശരിയാകും"എന്ന് പറയാൻ മാത്രമേ എനിക്ക് പറ്റിയുള്ളു.. പ്രശ്നം ഇത്രമാത്രം ഗുരുതരമാകാൻ എന്താണ് കാരണമെന്ന് എനിക്കുമറിയില്ലായിരുന്നു..
രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നെ രമേശൻ വീണ്ടും വിളിച്ചു..
"എൻ്റെ വാദം പോലും കേൾക്കാതെ കമ്മീഷൻ ഞാൻ കുറ്റക്കാരനാണെന്ന് പറഞ്ഞു..അയ്യായിരം രൂപ മാസം ചിലവിന് കൊടുക്കാൻ കമ്മീഷൻ്റെ വിധി..ഇപ്പോൾ എനിക്കത് കൊടുക്കാൻ സാധിക്കില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു.. സൗദിയിൽ തിരിച്ചെത്തിയാൽ കൊടുക്കാമെന്ന് പറഞ്ഞു..ഞാൻ ഡൈവോഴ്സിന് കേസ് ഫയൽ ചെയ്തു..അടുത്തയാഴ്ച ഹിയറിങ് വച്ചിട്ടുണ്ട്" അത് പറയുമ്പോൾ അയാൾ ശരിക്കും കരയുകയായിരുന്നു..എല്ലാം നഷ്ടപ്പെട്ടവൻ്റെ സംസാരമായിരുന്നു.
ഹിയറിങിനും കോടതിയിൽ കെട്ടിവെക്കാനും വക്കീലിന് കൊടുക്കാനുമായി രമേശൻ്റെ ബാങ്ക് ബാലൻസ് കാലിയായി കൊണ്ടിരുന്നു..
(തുടരും)
ബിജു പെരുംചെല്ലൂർ...
അടുത്തഭാഗത്തോട് കൂടി രമേശചരിതം അവസാനിക്കും.

രമേശചരിതം-2........

രമേശചരിതം-2........
................
ഷീബയുടെ നടുവേദന മൂലം ആ കുടുംബം ആകെ വിഷമിച്ചു...അലോപതിയും ആയുർവേദവും ഹോമിയോപതിയും മാറി മാറി പരീക്ഷിച്ചു... സ്കാനിങും മറ്റും നടത്തി നോക്കി.നടുവേദന പഴയ പോലെ തന്നെ... രമേശൻ ഓരോ തവണയും ഭാര്യയുടെ ചികിത്സക്കായ് പണം അയച്ചു കൊണ്ടേയിരുന്നു...
ഷീബയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകാനായി സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ രമേശൻ ഏർപ്പാടാക്കി.. എന്നാൽ ആ ഓട്ടോറിക്ഷ വിളിക്കാതെ പത്ത് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു ഓട്ടോ സ്ഥിരമായി ഷീബയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ തുടങ്ങി... അതിനെ കുറിച്ച് രമേശൻ ഷീബയോട് ചോദിച്ചു
"ആ ഓട്ടോ ചേട്ടൻ ഒരുദിവസം റിട്ടേൺ പോകുമ്പോൾ വന്നതാണ്..അതു മാത്രമല്ല എത്ര സമയം വേണമെങ്കിലും കാത്തിരിക്കും"
"എടീ..അത്രയും ദൂരത്ത് നിന്ന് വരുമ്പോൾ അവന് ആ വണ്ടി കൂലിയും കൊടുക്കണ്ടേ"
"അതോർത്ത് അണ്ണൻ വിഷമിക്കേണ്ട.. ആ ചേട്ടന് ഇവിടുന്ന് ആശൂപത്രിയിലേക്ക് പോകേണ്ട കൂലിയെ വേണ്ടൂ..മറ്റ് വണ്ടിക്കാരെക്കാളും ചെറിയ കൂലിയേ വാങ്ങത്തുള്ളു"
പാവം രമേശൻ അത് മുഴുവൻ വിശ്വസിച്ചു...പിന്നെയും പണം അയച്ചു കൊണ്ടേയിരുന്നു...ആദ്യമൊക്കെ ഷീബയുടെ അമ്മ കൂടെ പോകുമായിരുന്നു.. പിന്നീട് അവൾ ഒറ്റയ്ക്ക് പോകാൻ തുടങ്ങി...
ഒരുദിവസം അതിരാവിലെ ഭാര്യയുടെ ഫോൺ വന്നപ്പോൾ ഉറക്കത്തിലായിരുന്ന അയാൾ ചാടിയെഴുന്നേറ്റു..
"എന്താടീ..രാവിലെ തന്നെ" രമേശൻ്റെ ശബ്ദത്തിൽ ശരിക്കും ഭയം കലർന്നിരുന്നു
"അതേ അണ്ണാ..ഞാൻ വീട്ടിലേക്ക് പോകുന്നു..വീട്ടിനടുത്ത് ഒരു ആയൂർവേദ ഡോക്ടറുണ്ട്..അവിടെ കാണിക്കാമെന്നാ അമ്മ പറയുന്നത്"
ഇതിനിടയിൽ ചെറിയൊരു കാര്യം നിങ്ങളോട് സൂചിപ്പിക്കാനുണ്ട്..രമേശൻ്റെ വീടും ഷീബയുടെ വീടും(വാടക വീട്)തമ്മിൽ എട്ട് കിലോമീറ്റർ വ്യത്യാസമുണ്ട്.. ഈ വ്യത്യാസം നിങ്ങൾ മനസ്സിൽ കാണുക.. ഇനി കഥയിലേക്ക്...
രമേശൻ സമ്മതിച്ചു...അങ്ങനെയെങ്കിലും അവളുടെ നടുവേദന മാറിയാൽ മതിയെന്ന ചിന്ത മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു..വീടിനടുത്ത് തന്നെ സ്ക്കൂൾ ആയതിനാൽ ഒരു ഓട്ടോക്കാരനാണ് മക്കളെ രണ്ടുപേരെയും സ്ക്കൂളിൽ കൊണ്ടു പോയിരുന്നത്..ഇനിയിപ്പോൾ മക്കൾ ഭാര്യവീട്ടിലായത് കൊണ്ട് മൂത്ത സഹോദരിയുടെ മകനോട് എന്നും രാവിലെയും വൈകുന്നേരവും കുട്ടികളെ കൊണ്ടുവരാനും കൂട്ടി കൊണ്ടു പോകാനും ഏർപ്പാടാക്കി..
അതിനിടയിൽ രമേശൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം അരങ്ങേറി....
അതൊരു സെപ്റ്റംബർ മാസമായിരുന്നു..പതിവ്‌ പോലെ കമ്പനിയിലെ ജോലിക്കാർക്ക് ഡ്യൂട്ടി പറഞ്ഞ് കൊടുക്കുമ്പോൾ ഒരു ഫോൺ നാട്ടിൽ നിന്ന്..പരിചയമില്ലാത്ത നമ്പർ.
സംശയത്തോടെ, അതിലുപരി ആധിയോടെ മൊബൈൽ എടുത്തു...
"ഹലോ"
"രമേശാ...അനിയാ..ഇത് ഞാനാടാ ഏട്ടൻ"
എന്ത് പറയണമെന്നറിയാതെ രമേശൻ അല്പ സമയം നിന്നു..ഒന്നര വർഷത്തിന് ശേഷം തൻ്റെ ഏട്ടൻ തന്നെ വിളിച്ചിരിക്കുന്നു...സന്തോഷവും ഒപ്പം സങ്കടവും വന്ന് രമേശന് ഒന്നും പറയാൻ പറ്റിയില്ല
"എടാ..ഞാനിപ്പോൾ നമ്മുടെ വീട്ടീന്നാ സംസാരിക്കുന്നേ..നിനക്ക് സുഖല്ലേ"
"വീട്ടിന്നോ..ഏട്ടൻ ഒറ്റയ്ക്കേയുള്ളു?"
"അല്ലെടാ...അവളും കൊച്ചും ഉണ്ട്..നീ എന്നോട് ക്ഷമിക്കണം.. അന്നേരത്തെ പൊട്ടത്തരത്തിന് ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..നിനക്കറിയില്ലെടാ എന്നെ..ഞാൻ രണ്ടു ദിവസം കഴിഞ്ഞേ പോകത്തുള്ളു'
തൻ്റെ ഏട്ടനെ തനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.ഇതിൽ പരം സന്തോഷം വേറൊന്നുമില്ല..
രണ്ട് ദിവസം കഴിഞ്ഞ് ഒരു വെളുപ്പാൻ കാലത്ത് ഒരു ദുഃസ്വപ്നം കണ്ട് രമേശൻ ചാടി എഴുന്നേറ്റു.. മുഖമാകെ വിയർത്തു.. തൻ്റെ വീട്ടിലെ ആർക്കോ ഒരു അപകടം സംഭവിച്ചിരിക്കുന്നു.. നേരം വെളുത്ത ഉടൻ വീട്ടിലേക്ക് വിളിച്ചു.. ആർക്കും ഒന്നും പറ്റിയിട്ടില്ല..മരുമകനെ(മൂത്ത സഹോദരിയുടെ മകൻ)വിളിച്ചു
"എടാ മക്കളെ മാമൻ്റെ ബൈക്ക് എടുത്ത് നീയെവിടെയും പോകരുത് മാമനൊരു ദുഃസ്വപ്നം കണ്ടെടാ"
രമേശൻ കഴിഞ്ഞ ലീവിന് പോയപ്പോൾ വാങ്ങിയ ഒരു ബൈക്കുണ്ട്..അത് ഇടയ്ക്കിടെ അവനതെടുത്ത് പോകാറുണ്ട്
"അതിന് അത് ഇന്നലെ വല്ല്യമ്മാവൻ കൊണ്ടു പോയല്ലോ..ഇന്നലെ അമ്മായിയും മോനുമെല്ലാം അതിലാ പോയത്"
ആ ദിവസം ഒന്നും സംഭവിക്കാതെ കഴിഞ്ഞു പോയി.പിറ്റേന്ന് വൈകുന്നേരം കമ്പനിയിലേക്ക് ഒരു ഫോൺ വന്നു...രമേശൻ്റെ ചേട്ടൻ രാജീവൻ ബൈക്ക് ആക്സിഡൻ്റിൽ കൊല്ലപ്പെട്ടിരിക്കുന്നു...ആ ദുഃസ്വപ്നം സത്യമായി തീർന്നിരിക്കുന്നു.. ലീവ് കഴിഞ്ഞു വന്നിട്ട് ഒരു വർഷം പോലും തികയാത്തതിനാലും പുതിയ റിക്രൂട്ട്‌മെന്റിൻ്റെ ജോലി ട്രെയിനിംഗിൻ്റെ സമയമായതിനാലും രമേശന് കമ്പനി ലീവ് അനുവദിച്ചില്ല.തൻ്റെ ചേട്ടന്റെ ജീവനറ്റ ആ ശരീരം ഒന്ന് അവസാനമായി കാണാൻ പോലും അയാൾക്ക് കഴിഞ്ഞില്ല...രാത്രിയിൽ റൂമിലിരുന്ന് പൊട്ടി കരഞ്ഞു...പ്രവാസത്തിന്റെ വേദന ശരിക്കും അനുഭവിച്ചു...
രമേശൻ അനുഭവിച്ച ദുഃഖത്തേക്കാൾ കൂടുതൽ അയാളുടെ അച്ഛനുമമ്മയും അനുഭവിച്ചു..പക്ഷെ ആ ദുഃഖമെല്ലാം മായ്ച്ചു കളഞ്ഞത് രമേശൻ്റെ ഭാര്യ ഷീബയായിരുന്നു...ആ ഷീബയാണ് ഇപ്പോൾ നടുവേദന വന്ന് കഷ്ടപ്പെടുന്നത്..അപ്പോൾ പിന്നെ ആ അച്ഛനുമമ്മയും രമേശനും അവളുടെ കാര്യത്തിൽ ഉത്കണ്ഠാകുലരാകുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ?
ഷീബ വീട് മാറിയിട്ടും വീടിനടുത്തുള്ള ആയൂർവേദാശൂപത്രിയിലേക്ക് അവളെ കൊണ്ടു പോകാൻ ആ പഴയ ഓട്ടോക്കാരൻ സ്ഥിരമായി വരാൻ തുടങ്ങി..അത് ഒരുദിവസം മരുമകൻ കാണുകയും ചെയ്തു. മരുമകൻ അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവൻ ഖത്തറിൽ ജോലി ചെയ്യുന്നവനാണ് ലീവിന് വന്നിരിക്കയാണ്...ലീവ് തീരുന്നത് വരെ ഒരു രസത്തിനു വേണ്ടി ഓട്ടോ ഓട്ടുന്നതാണ്...അതാണ് അവൻ കൂലി കുറച്ച് ഓട്ടം പോകുന്നതെന്നും ഷീബയെ ഒരു സഹോദരി മാത്രമായിട്ടെ കാണുന്നുള്ളു എന്നും അറിയാൻ കഴിഞ്ഞു..
കുറച്ചു സമയത്തേക്കെങ്കിലും തൻ്റെ ഭാര്യയെ സംശയിച്ചതിൽ രമേശന് കുറ്റബോധം തോന്നി..അഞ്ചാറ് മാസം കഴിഞ്ഞ് രമേശന് ലീവ് കിട്ടി..അങ്ങനെ ആറ് മാസത്തെ ലീവിന് രമേശൻ നാട്ടിലെത്തി...
ഷീബയുടെ നടുവേദന രമേശൻ എത്തിയതോടെ മാറി..അവൾ നേഴ്‌സിങ് കഴിഞ്ഞതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ..ആയിടയ്ക്കാണ് കുവൈത്തിലേക്ക് നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്..
"അണ്ണാ...നമ്മൾക്ക് രണ്ട് പെൺകുട്ടികളാ..ദേ മൂത്തവൾക്ക് ഒൻപത് വയസ്സാകാൻ പോകുന്നു..അണ്ണൻ മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാൽ പോരാ..കുവൈത്തിലേക്ക് നേഴ്‌സ്മാരെ എടുക്കുന്നുണ്ട്.. ഞാനും പോയിക്കോട്ടെ...മക്കൾക്ക് ഞാനില്ലെങ്കിലും സാരമില്ല.. അച്ഛനും അമ്മയും ഉണ്ടല്ലോ.."
അവളുടെ നിർബന്ധം സഹിക്ക വയ്യാതെ രമേശൻ ഒടുവിൽ അവളെ കുവൈറ്റിലേക്ക് പോകാൻ അനുവദിച്ചു... അങ്ങനെ ഷീബ കുവൈറ്റിലേക്ക് പറന്നു...ലീവ് കഴിഞ്ഞ് രമേശൻ സൗദിയിലേക്ക് തിരിച്ചു വന്നു.. മക്കൾ രണ്ടുപേരും അച്ചാച്ഛൻ്റെയും അമ്മമ്മയുടെയും കൂടെ വീട്ടിൽ...
പ്രശ്നങ്ങൾ തീർന്നു എന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി...അത് കൊടുങ്കാറ്റിന് മുമ്പുള്ള ഒരു ശാന്തത മാത്രമായിരുന്നു....
(തുടരും)
ബിജു പെരുംചെല്ലൂർ
N.P: പ്രീയ വായനക്കാർ ക്ഷമിക്കുക.. രണ്ട് ഭാഗങ്ങൾ കൊണ്ട് തീർക്കാമെന്ന് കരുതിയതാണ്...അത് ഒരു ഭാഗവും കൂടി നീട്ടേണ്ടി വന്നു...

രമേശചരിതം......(ഒരു സത്യകഥ അഥവാ അനുഭവ കുറിപ്പ്) - 1

രമേശചരിതം......(ഒരു സത്യകഥ അഥവാ അനുഭവ കുറിപ്പ്)
.............
ആദ്യമേ പറഞ്ഞ് കൊള്ളട്ടെ ഇതൊരു കഥയല്ല.ജീവിതമാണ് ഒരു മനുഷ്യന്റെ പച്ചയായ ജീവിതം.ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാലും ഈ കഥ ഇപ്പോഴും തുടരുന്നതിനാലും ഈ കഥയ്ക്ക് ഒരവസാനം പ്രവചിക്കാൻ എനിക്ക് സാധ്യമല്ല.അതുകൊണ്ട് തന്നെ ഇതൊരു കഥയായി ആരും കാണരുത്.....
നമുക്കയാളെ രമേശൻ എന്ന് വിളിക്കാം...ശരിയായ പേരല്ല കേട്ടോ.രമേശനെ പരിചയപ്പെടുന്നതിന് മുമ്പ് രമേശൻ്റെ കുടുംബത്തെ പരിചയപ്പെടാം.രണ്ട് ആണും രണ്ട് പെണ്ണുമാണ് രമേശൻ്റെ അച്ഛനുമമ്മയ്ക്കും ഉള്ളത്.നമ്മുടെ കഥാനായകൻ മൂന്നാമനാണ്..അയാളുടെ മൂത്തത് ഒരു പെണ്ണും ഒരാണും ഇളയത് ഒരു പെണ്ണ്...
ഒരു ഇടത്തരം കുടുംബം.. പത്താംക്ലാസ് കഴിഞ്ഞതോടെ രമേശൻ തയ്യൽപണി പഠിക്കാൻ പോയി...അങ്ങനെ പതിനെട്ട് വയസ്സാകുമ്പോഴെക്കും നാട്ടിൽ അറിയപ്പെടുന്ന ഒരു തയ്യൽകാരനായി രമേശൻ മാറി.അതിനിടെ അയാളുടെ ഒരു സുഹൃത്തിൻ്റെ വാപ്പ മുഖാന്തരം സൗദിയിൽ ഒരു വീസ ശരിയായി.തൻ്റെ തിളച്ചുമറിയുന്ന യൗവനചൂടിൽ നിന്ന് പ്രവാസമെന്ന വലിയ ലോകത്തിലേക്ക് പത്തൊമ്പതാം വയസ്സിൽ രമേശന് ചുവട് മാറ്റേണ്ടി വന്നു.
അതിന് ശേഷം ആ കുടുംബത്തിനുണ്ടായ മാറ്റം വളരെ പെട്ടെന്നായിരുന്നു... മൂത്ത സഹോദരിയെ നല്ല രീതിയിൽ വിവാഹം കഴിച്ച് കൊടുക്കാൻ രമേശൻ്റെ അധ്വാനം കൊണ്ട് സാധിച്ചു..തൻ്റെ സഹോദരനും നല്ലൊരു വീസ സംഘടിപ്പിച്ച് അയാളെയും രമേശൻ സൗദിയിലേക്ക് കൊണ്ടുപോയി.. അനിയൻ്റെയും ചേട്ടൻ്റെയും നല്ല മനസ്സ് കൊണ്ട് തങ്ങളുടെ കുഞ്ഞനിയത്തിയെ മൂത്തവളെക്കാളും ഭംഗിയായി വിവാഹം കഴിപ്പിച്ചയക്കാൻ സാധിച്ചു.ചേട്ടൻ്റെയും അനിയൻ്റെയും ഒത്തൊരുമ കണ്ട് ആ അച്ഛനുമമ്മയും ഒരുപാട് സന്തോഷിച്ചു.
മൂത്തമകൻ വിവാഹം കഴിച്ചപ്പോൾ ഒരു മരുമകളെയല്ല ഒരു മകളെ തന്നെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് ആ അച്ഛനുമമ്മയും കരുതി..പക്ഷെ അതിന് ആയുസ്സ് കുറവായിരുന്നു.. അതോടെ ആ അച്ഛനുമമ്മയും മൂത്തവന് ഒരു അധികപറ്റായി..താമസിയാതെ ഭാര്യയേയും കൂട്ടി മൂത്തവൻ വാടക വീട്ടിലേക്ക് താമസം മാറി...
ഇത്രയും പറഞ്ഞത് രമേശൻ്റെ കുടുംബപശ്ചാത്തലം മനസ്സിലാക്കാൻ വേണ്ടിയാണ്.ഇനി രമേശൻ്റെ കഥയിലേക്ക് കാരണം അയാളാണല്ലോ ഈ കഥയിലെ നായകൻ....
രമേശൻ ജീവിതത്തിൽ തോറ്റ് പോയവനാണ്..പക്ഷെ ഇപ്പോൾ ജയിക്കാനുള്ള ശ്രമത്തിലാണ്. ആ തോൽവി എന്താണെന്ന് വഴിയെ മനസ്സിലാവും...
രമേശന് വിവാഹപ്രായമായി..പക്ഷെ തൻ്റെ സഹോദരൻ്റെ അവസ്ഥ ശരിക്കും അറിയാവുന്നതിനാൽ അയാൾക്ക് വിവാഹം കഴിക്കാൻ ഒരു പേടി.വയസ്സായി വരുന്ന തൻ്റെ അച്ഛനെയും അമ്മയേയും ഇനി വരുന്നവൾ എങ്ങനെ കാണും...എങ്ങനെ സംരക്ഷിക്കും?
അവളും ചേട്ടത്തിയമ്മയെ പോലെയായിരിക്കുമോ എന്ന ചിന്ത അയാളെ ശരിക്കും മദിച്ചു..അവസാനം രമേശൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു.. പെണ്ണ് കണ്ടു.ഒരു പാവം വീട്ടിലെ പെണ്ണ്..സ്വന്തമായി വീടില്ലാത്ത രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത കുട്ടി..നേഴ്‌സിങ് കഴിഞ്ഞ് നില്ക്കുന്നു. അവളെ നമുക്ക്‌ 'ഷീബ' എന്നു വിളിക്കാം.ഇതും ശരിയായ പേരല്ല...കാരണം ഇവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്...
രമേശൻ്റെ ആഗ്രഹം പോലെ തൻ്റെ അച്ഛനമ്മമാരെ നോക്കുന്ന ഒരു മിടുക്കി തന്നെയായിരുന്നു ഷീബ...തനിക്ക് ഇതിൽപ്പരം മറ്റൊരു ഭാഗ്യം വരാനില്ല...തന്നെയറിയുന്ന തൻ്റെ വിഷമമറിയുന്ന തൻ്റെ അച്ഛനനമ്മമാരെ പൊന്നു പോലെ നോക്കുന്ന ഒരു ഭാര്യയെ കിട്ടാൻ ഏതൊരു ഭർത്താവും ആഗ്രഹിക്കും പ്രത്യേകിച്ച് രമേശനെ പോലെയുള്ള ഒരു പ്രവാസി...
ആ സ്നേഹ കൂട്ടിലേക്ക്‌ രണ്ട് ഇളം കിളികൾ അതിഥികളായി എത്തി...രണ്ട് സുന്ദരി പെൺകിളികൾ...രമേശൻ ജോലി ചെയ്യുന്ന കമ്പനിയുടെ വളർച്ച പെട്ടെന്നായിരുന്നു.ആ വളർച്ച രമേശനെയും ബാധിച്ചു... മോശമല്ലാത്ത ശമ്പളം മോശമല്ലാത്ത സാമ്പത്തികം..എല്ലാം തൻ്റെ ഭാര്യയുടെയും മക്കളുടെയും ഐശ്വരം മൂലമെന്ന് അയാൾ വിശ്വസിച്ചു...
രമേശൻ്റെയും ഷീബയുടെയും വിവാഹം കഴിഞ്ഞ് ഒൻപത് വർഷം കഴിഞ്ഞിരിക്കുന്നു... ഈയിടയായി ഷീബയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ... ഇപ്പോഴും രമേശൻ സൗദിയിലാണ്....ഇടയ്ക്കിടെ ബാധ കൂടുക നടുവേദന മൂലം ജോലി ചെയ്യാൻ പറ്റാതിരിക്കുക...നാട്ടിലെ അറിയപ്പെടുന്ന മാന്ത്രികനെ കൊണ്ടുവന്ന് ബാധയെ ഒഴിപ്പിച്ചാലും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ അതേ ബാധ വീണ്ടും വരും...അതെന്ത് ബാധയാണെന്ന് എത്ര ആലോചിച്ചിട്ടും രമേശനും കുടുംബത്തിനും പിടികിട്ടിയില്ല... അവസാനം ചോറ്റാനിക്കരയിൽ കൊണ്ടുപോയി ആണിയടിപ്പിച്ചു ഒഴിപ്പിക്കാമെന്ന് പറഞ്ഞപ്പോൾ ആ ബാധ പേടിച്ചതാണോ അതോ ഷീബ പേടിച്ചതാണോ? അറിയില്ല....പിന്നീട് ആ ബാധ ഷീബയെ ഉപദ്രവിച്ചിട്ടില്ല...നടുവേദന നിർബാധം തുടരുകയും ചെയ്തു...
ഈ ബാധയ്ക്കും നടുവേദനയ്ക്കും കഥയിൽ വളരെയധികം പ്രാധാന്യമുണ്ട്.അത് പിന്നീട് വിശദമാക്കാം...
(തുടരും)
ബിജു പെരുംചെല്ലൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo