Showing posts with label AnjanaMariya. Show all posts
Showing posts with label AnjanaMariya. Show all posts

#മനനം


രാവിലെ എഴുന്നേൽക്കുമ്പോൾ പതിവായി കിട്ടാറുള്ള ചായ കിട്ടാത്ത ആലസ്യത്തിൽ അവളെ വിളിച്ചു , മറുപടിയൊന്നും കിട്ടാതായപ്പോഴാണ് പിറുപിറുത്തു കൊണ്ട് പുറത്തേക്കിറങ്ങിയത്.... തീൻമുറിയിലെ മേശമേൽ ഇരിക്കുന്ന ചായയെടുത്തു കുടിക്കാൻ നോക്കിയപ്പോഴാണ് കൂടെ ഒരു കത്തും കണ്ടത്...
' പ്രിയപ്പെട്ട ഏട്ടന്,
ഏട്ടന്റെ സങ്കൽപത്തിനോ സ്റ്റാറ്റസിനോ ചേർന്നൊരാളല്ല ഞാൻ...ഒരു കുഞ്ഞിനെ പോലും തരാൻ കഴിയാത്തവളാ ഈ ഞാൻ...എനിക്കൊരിക്കലും അതിനു കഴിയാത്തതു കൊണ്ടു ഞാൻ പോകുന്നു... ഏട്ടന്റെ സങ്കൽപത്തിലും വിദ്യാഭ്യാസത്തിനും യോജിച്ച നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ എന്നാശംസിക്കുന്നു....
എന്ന് കഴുത '

കത്തു മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ...
'കഴുത ' ഞാനവൾക്ക് നൽകിയ പേര്.. ഒരിക്കൽ പോലും ഞാനവളെ കഴുതയെന്നല്ലാതെ വിളിച്ചിട്ടില്ല... അവൾ പോലും അവളുടെ പേര് എന്റെ സ്ഥിരമായ കഴുത വിളി കൊണ്ടു മറന്നു പോയിരിക്കാം..
അവളെന്നെ തോൽപ്പിച്ചു കളഞ്ഞു...
അവളെന്നും അങ്ങനെയാണ്... അവളുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടി എന്റെ ഇഷ്ടങ്ങൾ നിറവേറ്റാറാണ് പതിവ്... അതിനിടയിൽ ഞാൻ അവളുടെ ആഗ്രഹങ്ങൾ എന്താണെന്നു മനസിലാക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം... എന്റെ ഇഷ്ടത്തിനു മാത്രം ഞാൻ വില കല്പ്പിച്ചു.... അവളുടെ ഇഷ്ടങ്ങളെ അറിയാൻ ഞാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല....
ഒരു മനുഷ്യ സ്ത്രീക്ക് നൽകേണ്ട യാതൊരു വിധ പരിഗണനയും ഞാനവൾക്ക് നൽകിയിട്ടില്ല... എന്റെ സന്തോഷങ്ങൾക്ക് കടിഞ്ഞാണിടാൻ വന്ന ഒരു ശത്രുവായി അവളെപ്പഴോ എനിക്ക് മാറി....വിവാഹം കഴിഞ്ഞു അധികമാകുന്നതിനു മുൻപെ തന്നെ അമ്മയുടെ അകാല മരണം , അവളുടെ അപശകുനം കൊണ്ടാണെന്ന ധാരണ എനിക്കവളെ തികച്ചും ഒരു അന്യയാക്കി തീർത്തു...
4 വർഷമായിട്ടും ഒരു കുഞ്ഞു പോലും ജനിക്കാത്തതിന്റെ അമർഷമായിരുന്നു പിന്നീടുള്ള എന്റെ ഓരോ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഞാൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നത്....
വിവാഹത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു നിന്നൊരു ഫോട്ടോ പോലും എടുത്തിട്ടില്ല... കൂട്ടുകാർക്കോ വീട്ടുകാർക്കോ ഒപ്പം മത്സരിച്ചു ഫോട്ടോ എടുക്കുമ്പോൾ അവളെന്നും മാറി നിൽക്കാറാണ് പതിവ്... എന്റെ മനസറിഞ്ഞിട്ടെന്ന പോലെ...
പിഞ്ഞി കീറി പഴകിയ സാരിയുടുത്തു അവൾ നടക്കുമ്പോഴും ഇന്നു വരെ ഞാനവളെ വൃത്തിയായി നടക്കാത്തതിന് കുറ്റപ്പെടുത്തിയതല്ലാതെ ഒരു സാരി പോലും വാങ്ങി കൊടുത്തിട്ടില്ല...
പുതുതായി വാങ്ങിയ ഷർട്ട്‌ അലക്കുകല്ലിൽ അടിച്ചടിച്ചു ബട്ടൻസ് പൊട്ടിച്ചു എന്നു പറഞ്ഞു ശകാരിച്ചതല്ലാതെ , ഞാൻ പോക്കറ്റിൽ മറന്നു വെച്ച പൈസ അവൾ ഭദ്രമായി എടുത്തു വെച്ചതിനു ഒരു പുഞ്ചിരി കൊണ്ട് പോലും ഞാനവൾക്ക് നന്ദി പറഞ്ഞിട്ടില്ല....
വിവാഹത്തിന് ശേഷം അമ്പലത്തിലും വർഷത്തിലോരിക്കൽ അവളുടെ വീട്ടിലും പോകുന്നതല്ലാതെ മറ്റൊരു ലോകം അവൾ കണ്ടിട്ടില്ല... അതിനു ഞാൻ അവസരം കൊടുത്തിട്ടില്ല എന്നു പറയുന്നതാകും ശരി....
കൂട്ടുകാരെയോ വീട്ടുകാരെയോ വിളിക്കാൻ പോലും ഞാനൊരിക്കലും സ്വന്തമായി ഫോണില്ലാത്ത അവൾക്ക് എന്റെ മൊബൈൽ നൽകിയിട്ടില്ല...എന്തെ വിളിക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാൽ അവളെപ്പോഴും ഒഴിഞ്ഞു മാറും... ഞാൻ കൊടുക്കാത്തതു കൊണ്ടാണെന്ന് ആരോടും പരിഭവം പറഞ്ഞിട്ടില്ല....
അമ്മാവന്റെ മകളുടെ കല്യാണത്തിന് പോയി തിരിച്ചു വരുമ്പോൾ ദേഹത്തു ഛർദ്ദിച്ചതിന് അറപ്പോടെ മാറ്റി നിർത്തിയതല്ലാതെ ഒരു ഗുളിക പോലും മേടിച്ചു കൊടുക്കാനുള്ള മനസ് ഞാൻ കാണിച്ചിട്ടില്ല.....
മഴയുള്ള രാത്രിയിൽ കയ്യിൽ ഒരു ടവലുമായി ഉമ്മറത്തു കാത്തു നിൽക്കുന്ന അവളെ ഞാൻ പലപ്പോഴും തൊഴുത്തിൽ നിൽക്കുന്ന കിങ്ങിണി പശുവിന്റെ വയറു നിറഞ്ഞില്ല എന്ന കാരണം പറഞ്ഞു വൈക്കോലെടുക്കാനായി മഴയത്തു പറഞ്ഞു വിടുമ്പോഴും ' ഏട്ടാ എനിക്കു ഇരുട്ട് പേടിയാ .. എന്റെ കൂടെ വരുമോന്ന് ' ഒരിക്കൽ പോലും അവൾ ചോദിച്ചിട്ടില്ല...
മുൻപ് രണ്ടു പ്രാവശ്യം ചോദിച്ചു പരാജയപ്പെട്ടതു കൊണ്ടാകാം അവൾ ഒരിക്കൽ കൂടി ആ ചോദ്യത്തിന് മുതിരാതിരുന്നത്...
എന്റെ ഇഷ്ടവിഭവങ്ങൾ ഭക്ഷണമേശയിൽ ഒന്നൊന്നായി വിളമ്പി വെക്കുമ്പോഴും കറിയിൽ നിന്നും വരുന്ന സ്വാദിനേക്കാൾ സോപ്പോ മുടിയോ പാത്രത്തിൽ പറ്റിപിടിച്ചിരുപ്പുണ്ടോന്ന് നോക്കാനായിരുന്നു എന്നും എനിക്കു തിടുക്കം...
പല രാത്രികളിലും , ഉറക്കം വരാതെയാണോ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൊണ്ടാണോ കട്ടിലിൽ കിടന്നു ഞെളി പിരി കൊള്ളുന്ന അവളെ ചേർത്തു പിടിച്ചു ' എന്താ പറ്റിയതെന്ന് ' സ്നേഹത്തോടെ ചോദിക്കുന്നതിന് പകരം ഉറക്കം നഷ്ടപ്പെടുത്തിയതിലുള്ള സകല ദേഷ്യവും വളരെ ഉച്ചത്തിൽ ഡിജെ വെച്ചു തീർക്കുകയാണ് ചെയ്തിട്ടുള്ളത്...
വിവാഹ വാർഷികത്തിന് ഒരു ചടങ്ങന്ന പോലെ കൂട്ടുകാർക്ക് സൽക്കാരം നൽകിയപ്പോൾ ഞങ്ങളുടെ ആഘോഷത്തിലെ ഒരു കോമാളി മാത്രമായേ ഞാനവളെ കണ്ടിട്ടുള്ളു... അതിനെയെല്ലാം പുഞ്ചിരിയോടെ നേരിടുമ്പോഴും അവളുടെ കണ്ണുകളിലൂടെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ ഞാൻ വക വെച്ചതേയില്ല....
ഉള്ളാകെ വല്ലാത്തൊരു പൊള്ളൽ പോലെ....അവളെ അന്വേഷിക്കാൻ ആരോ ചെവിയിൽ മന്ത്രിക്കുന്നതു പോലെ തോന്നിയിട്ടാണ് അമ്മയുടെ അനുവാദത്തിനായി നിദ്രയിലാണ്ട അമ്മയുടെ അടുക്കലേക്ക് നീങ്ങിയത്...
അമ്മയുടെ അസ്ഥിതറയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഞാനവളെ അനുവദിച്ചിട്ടേയില്ല... പക്ഷെ ഇന്നവസാനമായി വീട് വിട്ടിറങ്ങുമ്പോൾ എന്റെ അമ്മയോട് അവളുടെ സങ്കടങ്ങളെല്ലാം പങ്കുവെച്ചിരിക്കണം... അവിടേക്ക് നീണ്ടു കിടക്കുന്ന കാൽപ്പാടുകളതു പറയാതെ പറയുന്നുണ്ട്... അവളുടെ കണ്ണീരു കൊണ്ടു ആ അസ്ഥി തറ വല്ലാതെ നനഞ്ഞിട്ടുണ്ട്...
അമ്മയുടെ മൗനാനുവാദം വാങ്ങി ബൈക്കെടുത്ത് അവളെ അന്വേഷിച്ചു പോകുമ്പോഴും ഇതുവരെയില്ലാതിരുന്ന സ്നേഹവും ബഹുമാനവുമായിരുന്നു അവളോട്‌.... പാവം.. എല്ലാംകൊണ്ടും സഹിക്കാൻ പറ്റാതെയപ്പോഴായിരിക്കും അവൾ വീട് വിട്ടിറങ്ങിയത്....
തൊട്ടടുത്തായുള്ള റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ കയ്യിലൊരു ബാഗുമായി, കലങ്ങിയ കണ്ണുമായി ഒരു മൂലയിലുണ്ടായിരുന്നു എന്റെ ഭാര്യ..... എന്നെ കണ്ടതും പൊട്ടാനിരുന്ന ബലൂൺ പോലെ അവളുടെ കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു....
ഞങ്ങളുടെ ഇടയിൽ തളം കെട്ടി നിന്ന മൗനത്തിലും കണ്ണുനീരിലുമുണ്ടായിരുന്നു ഒരു ജന്മം മുഴുവൻ പറയാൻ വെച്ചതും ഇനിയൊരു ജന്മം കൂടി പറയാനുള്ളതും...
ഞാനെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയഭാവത്തിൽ നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു..
"നിനക്കാകെ തനിച്ചു പോകാനറിയുന്നത് ഇവിടം വരെയാണെന്ന് എനിക്കറിയായിരുന്നു.... ട്രെയിനിന് കൈനീട്ടി നിൽക്കുന്ന ഏക വ്യക്തിയും നീയായിരിക്കും... കഴുത.. "
ഈ നിമിഷം ഞാൻ വിളിച്ച കഴുത വിളിയിൽ നിറഞ്ഞു തുളുമ്പിയത് ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്യം ആണെന്ന് അവളുടെ മുഖത്തെ സന്തോഷം വിളിച്ചു പറയുന്നുണ്ടായിരുന്നു...

#വ്യാജവാർത്ത


ഫോണിൽ തെളിഞ്ഞ ചിത്രവും കുറിപ്പും കണ്ടു തിങ്കൾ ഞെട്ടി... കയ്യിൽ നിന്നും ഫോൺ അവളറിയാതെ താഴേക്ക് വീണു.... തല കറങ്ങുന്നതു പോലെ തോന്നിയിട്ടാകാം മുൻപിലുണ്ടായിരുന്ന കസേരയിലേക്ക് അവൾ പതുക്കെ ചാഞ്ഞു... മനസാകെ നിശ്ചലമായ പോലെ... കൈകാലുകളിൽ പതിവില്ലാത്ത രീതിയിൽ വിയർപ്പും വല്ലാത്ത വിറയലും...
താനേറെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന തന്റെ പ്രിയ അധ്യാപകന്റെയും തന്റെയും ഫോട്ടോ
'കാമുകനൊപ്പം അന്യമതസ്ഥയായ യുവതി ഒളിച്ചോടി '
എന്ന വ്യാജ തലക്കെട്ടിൽ , പല പേജുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്നു... അതിനു താഴെ വരുന്ന ഓരോ കമെന്റുകളും വായിക്കാനറപ്പുളവാക്കുന്ന തരത്തിലാണ് ... നിജസ്ഥിതി അറിയാതെ കമന്റിലൂടെ പരസ്പരം തമ്മിൽ തല്ലുന്നു ചിലർ.... ആരും സത്യമെന്താണെന്ന് മനസിലാക്കാനുള്ള മനസ് പോലും കാണിക്കുന്നില്ല എന്നതാണ് സത്യം...
എവിടെയാണ് തനിക്കു തെറ്റിയത് ? ആരാണ് ഇതു പോലൊരു നീച കൃത്യം ചെയ്തത് ?
തിങ്കളിന്റെ ചിന്തകൾ പല വഴിയിലൂടെയും നീങ്ങികൊണ്ടിരുന്നു...
കോളേജിൽ നിന്നും ടൂർപോയതിന്റെ അവസാന ദിനം റിജു സാറിനൊപ്പം എടുത്ത ചിത്രം....അതെ താൻ ഫേസ്ബുകിൽ പങ്കുവെച്ച അതേ ചിത്രം..
പക്ഷെ , ആ ചിത്രത്തിൽ ഞാൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്.... ജിബിനയും ഉണ്ടായിരുന്നല്ലോ... സാറിന് , തൊട്ടടുത്തായി നിൽക്കുന്നത് ഞാനാണ്.. തൊട്ടപ്പുറത്തായി ജിബിനയും... ഇപ്പോൾ കണ്ട ചിത്രത്തിൽ ഞാനും റിജു സാറും മാത്രം...
ആരോ മനഃപൂർവം ചെയ്തതാണ്... ആരായാലും അദ്ദേഹത്തെയും എന്നെയും മനഃപൂർവം കരിവാരി തേക്കുകയായിരിക്കും അവരുടെ ഉദ്ദേശം... അതുമല്ലെങ്കിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആനന്ദം കണ്ടെത്തുന്ന ഏതോ സാമൂഹ്യദ്രോഹി...
തിങ്കളിന്റെ മനസിൽ പല സംശയങ്ങളും ഉടലെടുത്തു...
ഞാനിനി എങ്ങനെ കോളേജിൽ പോകും?
തന്റെ ഭാവി, കുടുംബം എല്ലാം ഒറ്റ നിമിഷം കൊണ്ട് , ഈ തെറ്റായ വാർത്ത കൊണ്ട് തകർന്നില്ലാതായില്ലേ ?... പൊന്നു പോലെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ഈ ചിത്രം കണ്ടിട്ടുണ്ടാകില്ലേ ?
കണ്ടിട്ടുണ്ടെങ്കിലും അവരൊരിക്കലും ഇത് വിശ്വസിക്കില്ല... പക്ഷെ നാട്ടുകാരുടെ അടക്കം പറിച്ചിലും പരിഹാസവും നേരിടാനുള്ള ശക്തി ചായക്കട നടത്തുന്ന അച്ഛന് ഉണ്ടാകില്ല...
'പുറത്തു പഠിക്കാൻ പോയപ്പോൾ കുട്ടികളെല്ലാം മാറി പോയല്ലോ'ന്ന് ആരെങ്കിലും തമാശക്ക് പറഞ്ഞാൽ പോലും അടുക്കളയിൽ പാത്രത്തോട് മല്ലിടുന്നതിനിടക്ക് ഞാനും ചേച്ചിയും കേൾക്കത്തക്ക വിധത്തിൽ കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും അമ്മ ഉപദേശിക്കും 'ഒരിക്കലും നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നതോ വീട്ടുകാർക്ക് പേരുദോഷമുണ്ടാക്കുന്നതോ ആയരീതിയിൽ ഒന്നും ചെയ്യരുതെന്ന് ' ... സ്നേഹം കൊണ്ടാ... തന്റെ മക്കളെകുറിച്ചു വെറുതെ പോലും ആരും കുറ്റപ്പെടുത്തുന്നത് സഹിക്കാനുള്ള ചങ്കുറപ്പില്ലാത്തതു കൊണ്ടാ... ആ അമ്മക്ക് ഇതൊക്കെ താങ്ങാൻ കഴിയുമോ ?
തന്റെ പ്രിയപ്പെട്ട ചേച്ചിയുടെയും കുടുംബത്തിന്റെയും കൈകളിലും ഈ വാർത്തകൾ എത്തിയിട്ടുണ്ടാകില്ലേ ?
എന്റെയുള്ളിലെ എല്ലാ രഹസ്യങ്ങളും ഞാൻ പങ്കുവെക്കുന്നത് ചേച്ചിയോടാണ്.. ആ ചേച്ചിക്കറിയാം ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലാന്ന്.... പക്ഷെ...
ചേച്ചിയെ കെട്ടിയ അന്നുമുതൽ , സ്വന്തമായി ഏട്ടനില്ലാത്ത എനിക്ക് ഒരു ഏട്ടന്റെ സ്നേഹവും കരുതലും നൽകിയ അനിലേട്ടനിതറിഞാൽ..... ഈശ്വരാ.... തന്റെ അനിയത്തിയുടെ ചിത്രം മോശമായ രീതിയിൽ , പ്രചരിക്കുന്ന കണ്ടാൽ ഏതൊരേട്ടനാണ് താങ്ങാൻ കഴിയുക?
കൂടെകൊണ്ട് നടന്നപ്പോൾ ആരാണെന്നു ചോദിച്ചവരോട് ' അനിയത്തികുട്ടിയാണെന്ന് ' ചേർത്തുപിടിച്ചു പറഞ്ഞ അനിലേട്ടനിനി , അവരുടെ പുച്ഛവും നേരിടേണ്ടി വരില്ലേ ?
തന്റെ അതേ അവസ്ഥയിലൂടെയായിരിക്കില്ലേ റിജു സാറും കടന്നു പൊയ്കൊണ്ടിരിക്കുന്നത്... മധുവിധു നാളുകളിൽ , ഇങ്ങനെയൊരു വാർത്ത അവരുടെ കുടുംബജീവിതം വരെ തകർക്കാൻ തക്ക
ശക്തിയുള്ളതല്ലേ?
ഞാനെന്റെ സന്തോഷം ലോകത്തോട് പങ്കുവെച്ചപ്പോൾ ആ ലോകം തന്നെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു... എല്ലാം എന്റെ തെറ്റാണ് ഫേസ്ബുകിൽ ചിത്രം പങ്കുവെക്കുന്നതിന് മുൻപ് , ഒരു വട്ടം ചിന്തിച്ചിരുന്നെങ്കിൽ ഇന്നീ അവസ്ഥ വരില്ലായിരുന്നു.... എന്റെ ഒരു അശ്രദ്ധ പല ജീവിതങ്ങളെയും നശിപ്പിക്കാൻ മാത്രം പ്രഹരശേഷിയുള്ളതാണ്... ലോകത്തോട് വിളിച്ചു പറഞ്ഞാലും ഈ ലോകം വിശ്വസിക്കുമോ ? ഈ അപമാനത്തിൽ നിന്നും രക്ഷപെടാൻ ആത്മഹത്യയില്ലാതെ മറ്റു വഴികളൊന്നുമില്ല... അതെ... ആത്മഹത്യ.... ഒരിക്കലും ചെയ്യരുതെന്ന് ആഗ്രഹിച്ച അതേ കാര്യം തന്നെ ...
സമയം പോകും തോറും തിങ്കളിന്റെ ചിന്തകൾ അവളെ അരുതാത്ത പലതും ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.... മുറിക്കു പുറത്തു വാതിലിൽ പല കൂട്ടുകാരുടെയും തട്ടും മുട്ടും കേൾക്കാമായിരുന്നു...അവരുടെ ചോദ്യങ്ങളെയും സംശയങ്ങളെയും നേരിടാനുള്ള ശക്തി അവൾക്കില്ലായിരുന്നു..... തിങ്കളിന്റെ മനസും ശരീരവും ഒരു പോലെ തളർന്നിരുന്നു.
നിലത്തുവീണു കിടക്കുന്ന മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദമാണ് വീണ്ടും മൊബൈൽ എടുക്കാൻ അവളെ പ്രേരിപ്പിച്ചത് ....വിറയാർന്ന കൈകളോടെ അവൾ ഫോണെടുത്തു ചെവിയോട് ചേർത്തു....റിജു സാറാണ്...
സാറിന്റെ ശബ്ദം മറുതലക്കൽ നിന്നു കേട്ടപ്പോഴേക്കും തിങ്കൾ സകല നിയന്ത്രണവും വിട്ടു കരച്ചിൽ തുടങ്ങിയിരുന്നു... അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ആ അധ്യാപകനും കുഴങ്ങി....
"തിങ്കൾ.. താനിങ്ങനെ കരയല്ലേ.... കുട്ടിക്കൊന്നും സംഭവിചിട്ടില്ലാ....ആരോ എന്തോ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നു കരുതി .... "
"കുട്ടീ ഇതൊരിക്കലും കുട്ടിയെയോ റിജു സാറിനെയോ ഉന്നം വെച്ചല്ല... ഞാനായിരുന്നു ലക്ഷ്യം... നമ്മുടെ കോളേജിലെ ഒരു വിദ്യാർത്ഥി എനിക്കു കരുതി വെച്ച ഗുരുദക്ഷിണ... തന്നെ ഇരയാക്കി എന്നു മാത്രം... ഒരു അദ്ധ്യാപികയെ വെറും ഉപഭോഗവസ്തുവായി കണ്ടു സംസാരിച്ച
വിദ്യാർത്ഥിക്ക് , സസ്പെൻഷൻ വാങ്ങിച്ചു നൽകിയിതിനുള്ള സമ്മാനം.... പതിയിരുന്നു , അവസരം കിട്ടിയപ്പോൾ അവനത് ശരിക്കും ഉപയോഗിച്ചു.... എന്നെ മാനസികമായി തകർത്ത് , എന്റെ ജീവിതം ഇല്ലാതാക്കുകയായിരുന്നു അവന്റെ ലക്ഷ്യം....പക്ഷെ അവന് തെറ്റിപോയി...ഒരു ഭർത്താവെന്ന നിലക്കും ഒരു അധ്യാപകനെന്ന നിലക്കും എനിക്കു അദ്ദേഹത്തെ പൂർണ വിശ്വാസമുണ്ട്... അതെ വിശ്വാസം തന്നെ എനിക്ക് തന്നോടുമുണ്ട്.... "
ആദ്യം കേട്ട പുരുഷശബ്ദത്തിനു പകരം ഇപ്പോൾ കേൾക്കുന്നത് ഒരു സ്ത്രീ ശബ്ദമാണ്....ആ ശബ്ദത്തിന്റെ ഉടമയെ അവൾ വേഗം തന്നെ തിരിച്ചറിഞ്ഞു.... രേണുക മിസ്സ്‌.... റിജു സാറിന്റെ ഭാര്യ... രേണുക മിസ്സിന്റെ ശബ്ദത്തിലൂടെയുള്ള സാന്നിധ്യം തന്നെ തിങ്കളിന് വലിയ ആശ്വാസമായിരുന്നു.....
"മിസ്സ്‌ ഞാൻ കാരണമല്ലേ ഇതൊക്കെ സംഭവിച്ചത്... എന്റെ ഒരു അശ്രദ്ധകൊണ്ട് ഇപ്പോൾ പല ജീവനും നഷ്ടപ്പെടില്ലായിരുന്നോ ? കോളേജിന് മുഴുവൻ അപമാനമായില്ലേ ? ഇത് സത്യമാണെന്ന് ഇനി ആരെങ്കിലും വിശ്വസിക്കുമോ ?"
തിങ്കൾ തന്റെ ഉള്ളിൽ നിറഞ്ഞു നിന്ന ആവലാതികൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടേയിരുന്നു...
"കുട്ടി പേടിക്കണ്ട...കുറ്റവാളിയെ നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾ തന്നെ കണ്ടുപിടിച്ചു... അവൻ ഫേസ്ബുക് ലൈവിൽ വന്നു കാര്യത്തിന്റെ നിജസ്ഥിതി അറിയിച്ചിട്ടുണ്ട്.... വ്യാജ വാർത്ത അതാതു പേജുകൾ നീക്കം ചെയ്തു , പകരം ശരിയായ വാർത്ത ഇപ്പോൾ ഷെയർ ചെയുന്നുണ്ട്....തിങ്കൾ താനൊന്നു കൊണ്ടും പേടിക്കണ്ട....അവന് അർഹമായ ശിക്ഷ തന്നെ പോലീസിൽ നിന്നും അവന് കിട്ടിക്കോളും.... തന്റെ കൂടെ നമ്മുടെ കോളേജ് മുഴുവനുണ്ട്...വീട്ടുകാരും നാട്ടുകാരുമുണ്ട് ..... താൻ നാളെ മുതൽ പതിവുപോലെ ക്ലാസ്സിൽ വരണം... പിന്നെയൊരു കാര്യം ഇനിയെങ്കിലും നമ്മുടെ സന്തോഷവും ദുഃഖവുമെല്ലാം ഫേസ്ബുകിലൂടെ പങ്കുവെക്കുമ്പോൾ ഒന്നോർക്കുക.... പല സ്വഭാവക്കാരായ, പല ചിന്താഗതികളുള്ള ആൾക്കാർ അടക്കി വാഴുന്ന ഒന്നാണ് ഫേസ്ബുക്.... നമ്മൾ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ സൂക്ഷിക്കണം... "
രേണുക മിസ്സ്‌ പകർന്നു നൽകിയ ഊർജം തിങ്കളിനു പുതിയ ഉണർവ് നൽകി... പക്ഷെ അപ്പോഴും പലരും ആ വാർത്ത പലർക്കായി ഷെയർ ചെയ്തു കൊണ്ടേയിരുന്നു....
NB: നമ്മുടെ ജീവിതത്തിലെ ഓരോ കാര്യവും സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുമ്പോൾ അതിലെ ചതികുഴികളെ കുറിച്ചും നമ്മൾ ബോധവാൻമാരായിരിക്കുക..

"ഡാ.. നിനക്ക് നാണമില്ലേ ?"

"ഡാ.. നിനക്ക് നാണമില്ലേ ?"
രാവിലെ തന്നെയുള്ള ചെറിയമ്മയുടെ വരവ് കണ്ടപ്പോഴെ ജിഷ്ണുവിന് എന്തോ പന്തികേട് തോന്നിയിരുന്നു..
"അതിനിപ്പോ നാണിക്കാൻ മാത്രം എന്താവിടുണ്ടായെ ?"
കയ്യിലെടുത്ത ക്യാബേജ് താഴെ വെച്ചു, തിരിഞ്ഞു തെല്ലു സംശയത്തോടെ ജിഷ്ണു ചോദിച്ചു.
"ഒന്നുമുണ്ടായില്ലേ ? നാട്ടാരൊക്കെ ഓരോന്ന് പറയുന്നുണ്ട് ... "
"ചെറിയമ്മ ... കാര്യമെന്താന്ന് പറയ്..."
വീണ്ടും അവൻ ചെറിയമ്മയെ തന്നെ ശ്രദ്ധിച്ചു... നല്ല ദേഷ്യത്തിലാണ്... വാതിൽ പടിയിൽ ചാരിയുള്ള നിൽപ്പ് കണ്ടാലേ അറിയാം....
"നീ കൊച്ചിനെ നോക്കാൻ ലീവെടുത്തുന്ന് നാട്ടാര് അടക്കം പറയണ നേരാണോ ?"
കുഞ്ഞിനെ നോക്കാനായി പിതൃത്വ അവധി (Paternity Leave) എടുത്തതാണ് ചെറിയമ്മയുടെ ദേഷ്യത്തിനു കാരണം..
"ഓ... അതാണപ്പോ കാര്യം...നേരാ ... എന്റെ കുഞ്ഞിനെ നോക്കണ്ടത് എന്റെ കൂടെ കടമയല്ലേ ?"
" കടമ ? കടമയെ കുറിച്ചൊന്നും നീ വല്യ വാചകമടിക്കേണ്ട.... സാധാരണ രീതീല് ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടുകാരാ നടത്തണെ... അതും ഇവിടെ തന്നെയായിരുന്നു...
അതൊക്കെ പോട്ടെ , ഈ നാട്ടില് വേറെ പെണ്ണുങ്ങളൊന്നും കൊച്ചിനേം നോക്കീട്ടില്ല... ജോലിക്കും പോയിട്ടില്ല..നീയും നിന്റെ ഭാര്യയും മാത്രമേ ഇവിടെ ജോലിക്കാരുള്ളോ ?
ഈ അടുക്കള പണീം കൊച്ചിനെ നോട്ടോക്കെ പെണ്ണുങ്ങള് ചെയ്യണ്ട ജോലിയല്ലേ ?"
അല്പം പരിഹാസവും ദേഷ്യവുമൊക്കെ നിറഞ്ഞിരുന്നു ചെറിയമ്മയുടെ വാക്കുകളിൽ...
"അടുക്കള പണിയും കൊച്ചിനെ നോട്ടവും പെണ്ണുങ്ങളുടെ മാത്രം ജോലിയാണെന്ന് ഭരണഘടനയിലൊന്നും എഴുതി വെച്ചിട്ടില്ല... ഒത്തിരി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്..
ജോലി, കുടുംബവുമൊക്കെയായി അലയുന്നവർ...രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ....വീട്ടുജോലിയും കുഞ്ഞിനെ നോട്ടവും ഓഫീസും ഒരുമിച്ചു കൊണ്ടു പോകാനായി ഉറക്കം വരെ നഷ്ടപ്പെടുത്തിയവർ.....
അതു കൊണ്ട് തന്നെ ഞാനെടുത്തിരിക്കുന്ന അവധി എനിക്കു എത്രത്തോളം വിലപ്പെട്ടതാണെന്ന് എനിക്കു വ്യക്തമായി അറിയാം....
ഞാനും കൂടി ലീവെടുത്താൽ അവളുടെ കഷ്ടപ്പാടും കുറയും, എന്റെ കുഞ്ഞിനോട് എനിക്കു കൂടുതൽ അടുക്കാനും പറ്റും...അത്രേ ഞാനുദ്ദേശിച്ചുള്ളൂ.. "
"നീ നാട്ടാര് പറയണ വല്ലോം അറിയുന്നു ണ്ടോ ? കല്യാണം കഴിഞ്ഞപ്പോ തൊട്ട് നീ അവളുടെ സാരി തുമ്പിലാന്നാ എല്ലാരും പറയണേ...ഈ അവധിയെടുപ്പ് കൂടി ആയപ്പോ പൂർത്തിയായി.. "
"ചെറിയമ്മ തന്നെ ഇതു പറയണം...ഞാനിതൊക്കെ ഇന്നോ ഇന്നലെയോ ചെയ്യാൻ തുടങ്ങിയതല്ല ... ചെറുപ്പത്തിലെ തന്നെ... ഞാൻ മുറ്റമടിച്ചിട്ടുണ്ട് , തുണി അലക്കിയിട്ടുണ്ട് , അടുക്കളെലെ സകല പണിയും ചെയ്തിട്ടുണ്ട്....
എന്റെ അമ്മ ഇതെല്ലാം എന്നെകൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിച്ചിട്ടുണ്ട് എന്നു പറയുന്നതാകും ശരി... അന്ന് ഞാനും അമ്മയോട് ഒത്തിരി വഴക്കുണ്ടാക്കിയിട്ടുണ്ട്..
അന്നൊന്നും ഈ പറയണ നാട്ടുകാർക്ക് ഒരു സൂക്കേടും ഇല്ലല്ലോ .... പെണ്ണ് കെട്ടി കഴിഞ്ഞു അടുക്കളയിൽ ഭാര്യയെ സഹായിച്ചപ്പോ ഞാൻ ഭാര്യയുടെ സാരീ തുമ്പിലായീല്ലേ.... "
പകുതിക്ക് വെച്ചു നിർത്തിയ ജോലിയിലേക്ക് ജിഷ്ണു വീണ്ടും ഏർപ്പെട്ടു...
"കല്യാണം കഴിഞ്ഞ ആണുങ്ങള് അടുക്കള പണിയെടുത്താ നാട്ടാര് ഇങ്ങനെയോക്കെ പറഞ്ഞെന്നിരിക്കും... "
"ചെറിയമ്മ ഒരു ടീച്ചറല്ലേ ... കുട്ടികൾക്ക് അറിവ് പറഞ്ഞുകൊടുക്കുന്നയാൾ... സ്കൂളിൽ പഠിപ്പിക്കുമ്പോൾ ആൺകുട്ടികൾക്ക് വേറെ പെൺകുട്ടികൾക്ക് വേറെ തിരിച്ചാണോ പഠിപ്പിക്കുന്നത് ? എല്ലാവർക്കും ഒരേ പുസ്തകത്തിലെ ഒരേ കാര്യമല്ലേ പഠിപ്പിക്കുന്നത് ? "
"എടാ മോനെ... അതൊക്കെ ശരിയാണ് , പക്ഷെ ചില നാട്ടുനടപ്പുകളുണ്ട്... കാലങ്ങളായി പിന്തുടരുന്നത്... അതിനു വിപരീതമായി ആരെന്തു ചെയ്താലും നാട്ടുകാര് പരിഹസിക്കും, അടക്കം പറയും ... "
"ചെറിയമ്മേ ... നാട്ടുകാര് പറയുന്ന പോലെല്ലാം നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ.
എന്നു കരുതി ഞാൻ നാട്ടുനടപ്പിനൊന്നും എതിരല്ല....
ഞാനും അവളും ഒരുപോലെ ജോലി ചെയ്തു ഷീണിച്ചാ വരുന്നതു...
പിന്നെ ജോലി കഴിഞ്ഞുവന്നിട്ട് വീട്ടു ജോലി കൂടി അവള് തന്നെ ചെയ്യണം....ആ സമയത്ത് ഒരു ചെറിയ കൈസഹായമെങ്കിലും എനിക്കു ചെയ്യാൻ പറ്റിയാൽ അതു നല്ല കാര്യമല്ലേ ? അതിലെനിക്കൊരു കുറച്ചിലും തോന്നുന്നില്ല...
അതിനി നാട്ടുകാര് എന്തു പറഞ്ഞാലും എനിക്കു കുഴപ്പമില്ല... വീട്ടിലെ സകല ജോലിക്കും പെണ്ണിന്റെ കൈ തന്നെ വേണ്ട... കുറച്ചൊക്കെ ഞാനും ചെയ്യട്ടെ...
എന്റെ മോനും വലുതാകുമ്പോൾ ഈ അടുക്കള പണിയൊക്കെ അവനെയും ഞാൻ പഠിപ്പിക്കും...നാളെ അവനും ഇങ്ങനെ ഒരു സാഹചര്യം വന്നാൽ മല്ലിപൊടിയേതാ മഞ്ഞൾപൊടിയേതാന്ന് മനസിലാകാതെ പകച്ചു നിൽക്കാൻ പാടില്ല.. "
"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...ഞാൻ പോകുവാ... എന്തേലും ആവശ്യമുണ്ടെൽ വിളിച്ചാ മതി... ഏട്ടത്തിയും ഇവിടില്ലല്ലോ.. "
"ആ എന്തേലും ഉണ്ടെങ്കിൽ വിളിച്ചോളാം ... ഇപ്പൊ ചെറിയമ്മ ഈ ചായയങ്ങു കുടിക്ക്... "
പോകാനോരുങ്ങിയ ചെറിയമ്മക്കു നേരെ ഒരു ഗ്ലാസ്‌ ചായ നീട്ടികൊണ്ട് ജിഷ്ണു വീണ്ടും ചെറിയമ്മയോടായി ചോദിച്ചു
"എങ്ങനെയുണ്ടെന്റെ ചായ ?"
"അസ്സലായിട്ടുണ്ട്...ഏലക്കയൊക്കെ ഇട്ടിട്ടുണ്ടല്ലേ ?ഗ്രീഷ്മ ഇവിടെയില്ലെങ്കിലും നിന്നെ കൊണ്ട് ഇതൊക്കെ പറ്റുമല്ലേ ? "
ഇത്രയും നേരം വാ തോരാതെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന, ചെറിയമ്മയുടെ ചോദ്യം കേട്ട് ജിഷ്ണു കണ്ണു തള്ളി നിന്നു പോയി..

#പൂർണത

"വധുവിന് സൗന്ദര്യം കുറവ് ; വരൻ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി "
പത്രത്തിലെ തലകെട്ടു കണ്ടാണ് രഞ്ജിനി നോക്കിയത്...
സൂറത്ത് :പ്രതിശ്രുത വധുവിന് സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണത്താൽ വരൻ കതിർ മണ്ഡപത്തിൽ നിന്നും ഇറങ്ങിപോയി.ഗുജറാത്തിലെ സൂറത്തിലാണ് ..... "
എന്തുകൊണ്ടോ രഞ്ജിനിക്ക് ബാക്കി വായിക്കാൻ തോന്നിയില്ല...
പത്രം നോക്കിയാൽ ഇത്തരത്തിലുള്ള വാർത്തകളെ കാണാനുള്ളൂ..
പീഡനം, രാഷ്ട്രീയം, കൊലപാതകം , കള്ളകടത്ത് എല്ലാ മുഖ്യധാര പത്രത്തിന്റെയും ആദ്യ പേജിലെ വാർത്തകൾ ഇതൊക്കെയായിരിക്കും.. പത്രത്തിന്റെ മാർക്കറ്റ് കൂടണമെങ്കിൽ ഇതുപോലുള്ള വാർത്തകൾ അനിവാര്യമാണ്...ജനങ്ങൾക്കും നെഗറ്റീവ് വാർത്തകളോടാണ് താല്പര്യം ...
അവൾ മനസിലോർത്തു...പക്ഷെ രഞ്ജിനിയുടെ ചിന്തകൾ വീണ്ടും കാട്കയറി, ചെന്നവസാനിച്ചത്
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ ദിവസമാണ് ...കൃത്യമായി പറഞ്ഞാൽ 2016 നവംബർ 18...സുജിത് ആദ്യമായി അവളുടെ ജീവിതത്തിലേക്ക് വന്ന ദിനം...
വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പെണ്ണുകാണാനായി വന്ന സുജിത്തിന്റെ മുൻപിൽ രഞ്ജിനി ചായയുമായി ചെന്നത്... കണ്ട മാത്രയിൽ
തന്നെ അവൾക്ക് സുജിത്തിനെ ഇഷ്ടപ്പെട്ടെങ്കിലും മുൻഅനുഭവങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി...
കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആകാം എന്നു പറഞ്ഞു അമ്മാവൻ മുറിയിലേക്ക് പറഞ്ഞു വിട്ടപ്പോഴും രണ്ടു തവണ നേരിട്ട കയ്പേറിയ പെണ്ണുകാണൽ ചടങ്ങായിരുന്നു അവളുടെ ഉള്ളം നിറയെ തളംകെട്ടി നിന്നത്...
രഞ്ജിനി തന്നെയായിരുന്നു സംസാരത്തിനു തുടക്കമിട്ടതു....
"കൃഷ്ണേട്ടൻ എന്നെ കുറിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞോ എന്നെനിക്കറിയില്ല.
പക്ഷെ എന്നെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി തീർച്ചയായും ഞാനിനി പറയാൻ പോകുന്ന കാര്യം അറിഞ്ഞിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്... "
"നിശ്ചയത്തിനു ശേഷം കല്യാണം മുടങ്ങിയതല്ലേ ? അതറിഞ്ഞു തന്നെയാണ് ഞാൻ പെണ്ണ് കാണാൻ വന്നതും... "
"എന്തുകൊണ്ടാണ് എന്റെ കല്യാണം മുടങ്ങിയതെന്ന് അറിയുമോ ? കൃഷ്ണേട്ടൻ പറഞ്ഞോ ?"
"ആ പറഞ്ഞിരുന്നു ... അയാൾ മോശമായി പെരുമാറിയതല്ലേ ? എനിക്കറിയാം... "
"അതല്ല കാരണം... ഞാനൊരു രോഗിയാണ്... അപസ്‌മാര രോഗി.. "
രഞ്ജിനിയുടെ വാക്കുകൾ കേട്ട് സ്തബധനായി സുജിത് അവളെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു...
"മുൻപ് മുടങ്ങിപോയ വിവാഹവും ഇതു പറയാത്തതു കൊണ്ടല്ല, പറഞ്ഞത് കൊണ്ടാണ്... വിവാഹ നിശ്ചയത്തിനു ശേഷമാണ് ഒരു അപസ്‌മാര രോഗിയായ പെൺകുട്ടി ഗർഭിണി ആകുമോ എന്ന സംശയം അവർക്കുണ്ടായതും അവർ പിന്മാറിയതും ... ആരെയും അറിഞ്ഞു കൊണ്ടു ചതിക്കാൻ അറിയില്ല....എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു.... ഇനി നിങ്ങൾക്കു തീരുമാനിക്കാം .. "
കുഞ്ഞിന്റെ കരച്ചിലാണ് ചിന്തയിൽ നിന്നും രഞ്ജിനിയെ ഉണർത്തിയതു...
5 മാസം പ്രായമായ കുഞ്ഞിന് പാലുകൊടുത്തു വീണ്ടും ഉറക്കി തൊട്ടിലിലേക്ക് കിടത്തുമ്പോഴും അന്ന് സുജിത് പറഞ്ഞ വാക്കുകളാണ് അവളുടെ കാതുകളിൽ മുഴങ്ങിയത്...
" നിന്റെ എല്ലാ കുറവുകളോടെയും ഞാൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ്... ഈ ലോകത്ത് ആരും പൂർണരല്ല... അപൂർണമായവ കൂടി ചേരുമ്പോഴാണ് പൂർണത കൈവരുന്നത്... "
രഞ്ജിനിയോട് അതു പറയുമ്പോൾ ഒരു കൈക്ക് സ്വാധീനമില്ലാത്ത സുജിത്തിന് ഉറപ്പായിരുന്നു അപൂർണമായ തന്റെ കൈകൾ കൊട്ടുമ്പോൾ ശബ്ദമാകാൻ അവളോളം പൂർണയായ മറ്റൊരാൾ ഉണ്ടാകില്ലെന്ന്..

#പിഴച്ചവൾ

എട്ടു വർഷത്തെ പ്രണയത്തിനും മൂന്നു വർഷത്തെ വിവാഹബന്ധത്തിനും ഇന്നിതാ , ഇവിടെ ഈ കോടതിമുറിയിൽ പര്യവസാനമായിരിക്കുന്നു..
ഈ നിമിഷം മുതൽ 'റിയ കിരൺ ' എന്ന ഞാൻ റിയ മാത്രം... 3 വർഷം മുൻപ് വരെ പേരിനൊപ്പം മറ്റൊരു വാൽകഷ്ണം കൂടി ഉണ്ടായിരുന്നു .. എന്റെ അപ്പന്റെ പേര്...... 'റിയ മാത്യു ' അവന്റെ സ്നേഹത്തിൽ വിശ്വസിച്ചു വീട് വിട്ടിറങ്ങിയപ്പോൾ അതും നഷ്ടപ്പെട്ടു... ഇന്നിപ്പോൾ എന്റെ പേരിനു മുന്നിലോ പിന്നിലോ അവശേഷിക്കുന്നതു ഞാനെന്ന സ്വതം മാത്രം.......മറ്റെല്ലാം എനിക്കു നഷ്ടമായിരിക്കുന്നു...
മധുരമുള്ള ഓർമ്മകളും സ്വപ്നങ്ങളും നെയ്ത പ്രണയകാലവും കയ്പേറിയ ദാമ്പത്യവും 'അവിഹിതം ' എന്ന വ്യാജ ആരോപണം കൊണ്ട് അവൻ വേർപ്പെടുത്തിയിരിക്കുന്നു... എല്ലാം കൊണ്ടും അവൻ വിജയിച്ചു...
നഷ്ടങ്ങൾ എനിക്കു മാത്രം... പ്രണയത്തിന്റെ ലഹരിയിൽ വീട് വിട്ടിറങ്ങിയ നിമിഷം എനിക്കെന്റെ അപ്പനെയും അമ്മയെയും ചേച്ചിയെയും നഷ്ടപ്പെട്ടു.. ഇന്നിതാ സ്വന്തമെന്നു കരുതിയ , താലി ചരട് കൊണ്ടെന്നെ സ്വന്തമാക്കിയ അവനെയും നഷ്ടപ്പെട്ടിരിക്കുന്നു... ഇനി എന്നിൽ അവശേഷിക്കുന്നതു എന്റെ ശ്വാസം മാത്രം..
പ്രണയദിനത്തിൽ അവനെന്നോട് പറഞ്ഞ വാക്കുകൾ ഞാനിന്നും ഓർക്കുന്നു..
"മരണം വരെ ഞാനെന്നും നിന്റെ കൂടെ ഉണ്ടായിരിക്കും "
ഒരു പക്ഷെ അവനതു ഓർമയുണ്ടാകില്ല... പക്ഷെ എന്റെ ചെവിയിൽ അവന്റെ ഓരോ വാക്കുകളും മുഴങ്ങികൊണ്ടേയിരിക്കുന്നു... ഇന്നലെ കഴിഞ്ഞതു പോലെ..
ഇന്നവൻ കോടതിമുറിയിൽ എന്നെ വിശേഷിപ്പിച്ചതു 'പിഴച്ചവൾ ' എന്നാണ് ...
"എപ്പോഴാണ് അവനു ഞാൻ പിഴച്ചവളായത് ? എനിക്കു HIV ആണെന്ന് അറിഞ്ഞതു മുതലോ ?"
കടുത്ത പനിയും നിർത്താതെയുള്ള ചുമയുമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവനെന്നെ മുറുകെ ചേർത്തു പിടിച്ചിരുന്നു... ഇന്നവനു എന്നെ കാണുന്നതു പോലും വെറുപ്പാണ്...
അന്ന് നടന്ന ടെസ്റ്റിൽ എനിക്കു HIV കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ എന്നെ പോലെ അവനും തളർന്നു പോയിരുന്നു...
രോഗമാണെന്ന് അറിഞ്ഞ ആദ്യദിനങ്ങളിൽ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും അവനെന്നെ വീർപ്പുമുട്ടിച്ചപ്പോൾ പിന്നീടതു കുറ്റപ്പെടുത്തലും സംശയങ്ങളുമായി പരിണമിച്ചു...
എങ്കിലും അവനെന്നെ കൈവിടില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിൽ.. അവന്റെ ഒരൊറ്റ ചോദ്യത്തിലൂടെ അതും നഷ്ടപ്പെട്ടു പോയി...
"ആരുടെ കൂടെ പോയിട്ടാടി നീ ഇതു കൊണ്ടുവന്നത് ?"
രോഗത്തേക്കാളുപരി എന്നെ തളർത്തിയത് വിശ്വസിച്ചു കൂടെ പോന്നവളെ അവനു വിശ്വാസമില്ലല്ലോ എന്ന വേദനയായിരുന്നു...
നേഴ്സ് ആയ എനിക്കു ഒരു കൈപ്പിഴ കൊണ്ട് രോഗിയിൽ നിന്നും രോഗം പകരാമെന്ന കാര്യം ഡോക്ടറായ അവൻ മനഃപൂർവം മറന്നു...
ഞാനൊരു ഭാരമാകുമെന്നു കണ്ടപ്പോൾ 'പിഴച്ചവളെന്ന് ' മുദ്ര കുത്തി വ്യാജകഥയുണ്ടാക്കി അവനിന്നിതാ ബന്ധവും വേർപ്പെടുത്തിയിരിക്കുന്നു... ഒരു പക്ഷെ അവനു രോഗം എങ്ങനെയെങ്കിലും പകർന്നാലോ എന്ന ഭയം കൊണ്ടുമായിരിക്കാം...
പക്ഷെ ഒരിക്കലും ഞാൻ അറിഞ്ഞുകൊണ്ട് അവനു ഒരു ദ്രോഹവും ചെയ്യില്ല... കാരണം അവനെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു...
ഇന്ന് അവനും ഞാനും സ്വതന്ത്രരരാണ്...
അവനൊരു പക്ഷെ പുതിയ ഇണയെ തേടും... പക്ഷെ എന്റെ ജീവിതത്തിൽ മരണം വരെ മറ്റൊരാൾ ഉണ്ടാകില്ല...
എന്റെ വീട്ടിലേക്കു ഒരു മടങ്ങിപോകലും ഉണ്ടാകില്ല... കാരണം ഞാൻ തെറ്റുകാരിയാണ്... എന്റെ വീട്ടുകാരെ ധിക്കരിച്ചവൾ.. വീണ്ടും അവരുടെ കണ്ണീരിനു പാത്രമാകാൻ എനിക്കു ത്രാണിയില്ല...
വൈദ്യശാസ്ത്രം അരച്ചുകലക്കി കുടിച്ച അവനിത്രയേറെ ഈ രോഗത്തെ കുറിച്ചു അജ്ഞനാണെങ്കിൽ ഒരു ശരാശരി മനുഷ്യൻ എത്രത്തോളം അജ്ഞനായിരിക്കും ?
അതെ , ഇനിയുള്ള എന്റെ ജീവിതം ഒരു പോരാട്ടമാണ്.. അവനെ തോൽപ്പിക്കാനല്ല, മറിച്ചു എന്നെ പോലുള്ള രോഗികൾക്കു
വേണ്ടിയുള്ള പോരാട്ടം...
എന്നെ പോലെ പിഴച്ചുപോയവർക്കു വേണ്ടിയുള്ള ഈ പിഴച്ചവളുടെ പോരാട്ടം...
NB:കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo