Slider

"ഡാ.. നിനക്ക് നാണമില്ലേ ?"

0
"ഡാ.. നിനക്ക് നാണമില്ലേ ?"
രാവിലെ തന്നെയുള്ള ചെറിയമ്മയുടെ വരവ് കണ്ടപ്പോഴെ ജിഷ്ണുവിന് എന്തോ പന്തികേട് തോന്നിയിരുന്നു..
"അതിനിപ്പോ നാണിക്കാൻ മാത്രം എന്താവിടുണ്ടായെ ?"
കയ്യിലെടുത്ത ക്യാബേജ് താഴെ വെച്ചു, തിരിഞ്ഞു തെല്ലു സംശയത്തോടെ ജിഷ്ണു ചോദിച്ചു.
"ഒന്നുമുണ്ടായില്ലേ ? നാട്ടാരൊക്കെ ഓരോന്ന് പറയുന്നുണ്ട് ... "
"ചെറിയമ്മ ... കാര്യമെന്താന്ന് പറയ്..."
വീണ്ടും അവൻ ചെറിയമ്മയെ തന്നെ ശ്രദ്ധിച്ചു... നല്ല ദേഷ്യത്തിലാണ്... വാതിൽ പടിയിൽ ചാരിയുള്ള നിൽപ്പ് കണ്ടാലേ അറിയാം....
"നീ കൊച്ചിനെ നോക്കാൻ ലീവെടുത്തുന്ന് നാട്ടാര് അടക്കം പറയണ നേരാണോ ?"
കുഞ്ഞിനെ നോക്കാനായി പിതൃത്വ അവധി (Paternity Leave) എടുത്തതാണ് ചെറിയമ്മയുടെ ദേഷ്യത്തിനു കാരണം..
"ഓ... അതാണപ്പോ കാര്യം...നേരാ ... എന്റെ കുഞ്ഞിനെ നോക്കണ്ടത് എന്റെ കൂടെ കടമയല്ലേ ?"
" കടമ ? കടമയെ കുറിച്ചൊന്നും നീ വല്യ വാചകമടിക്കേണ്ട.... സാധാരണ രീതീല് ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടുകാരാ നടത്തണെ... അതും ഇവിടെ തന്നെയായിരുന്നു...
അതൊക്കെ പോട്ടെ , ഈ നാട്ടില് വേറെ പെണ്ണുങ്ങളൊന്നും കൊച്ചിനേം നോക്കീട്ടില്ല... ജോലിക്കും പോയിട്ടില്ല..നീയും നിന്റെ ഭാര്യയും മാത്രമേ ഇവിടെ ജോലിക്കാരുള്ളോ ?
ഈ അടുക്കള പണീം കൊച്ചിനെ നോട്ടോക്കെ പെണ്ണുങ്ങള് ചെയ്യണ്ട ജോലിയല്ലേ ?"
അല്പം പരിഹാസവും ദേഷ്യവുമൊക്കെ നിറഞ്ഞിരുന്നു ചെറിയമ്മയുടെ വാക്കുകളിൽ...
"അടുക്കള പണിയും കൊച്ചിനെ നോട്ടവും പെണ്ണുങ്ങളുടെ മാത്രം ജോലിയാണെന്ന് ഭരണഘടനയിലൊന്നും എഴുതി വെച്ചിട്ടില്ല... ഒത്തിരി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്..
ജോലി, കുടുംബവുമൊക്കെയായി അലയുന്നവർ...രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ....വീട്ടുജോലിയും കുഞ്ഞിനെ നോട്ടവും ഓഫീസും ഒരുമിച്ചു കൊണ്ടു പോകാനായി ഉറക്കം വരെ നഷ്ടപ്പെടുത്തിയവർ.....
അതു കൊണ്ട് തന്നെ ഞാനെടുത്തിരിക്കുന്ന അവധി എനിക്കു എത്രത്തോളം വിലപ്പെട്ടതാണെന്ന് എനിക്കു വ്യക്തമായി അറിയാം....
ഞാനും കൂടി ലീവെടുത്താൽ അവളുടെ കഷ്ടപ്പാടും കുറയും, എന്റെ കുഞ്ഞിനോട് എനിക്കു കൂടുതൽ അടുക്കാനും പറ്റും...അത്രേ ഞാനുദ്ദേശിച്ചുള്ളൂ.. "
"നീ നാട്ടാര് പറയണ വല്ലോം അറിയുന്നു ണ്ടോ ? കല്യാണം കഴിഞ്ഞപ്പോ തൊട്ട് നീ അവളുടെ സാരി തുമ്പിലാന്നാ എല്ലാരും പറയണേ...ഈ അവധിയെടുപ്പ് കൂടി ആയപ്പോ പൂർത്തിയായി.. "
"ചെറിയമ്മ തന്നെ ഇതു പറയണം...ഞാനിതൊക്കെ ഇന്നോ ഇന്നലെയോ ചെയ്യാൻ തുടങ്ങിയതല്ല ... ചെറുപ്പത്തിലെ തന്നെ... ഞാൻ മുറ്റമടിച്ചിട്ടുണ്ട് , തുണി അലക്കിയിട്ടുണ്ട് , അടുക്കളെലെ സകല പണിയും ചെയ്തിട്ടുണ്ട്....
എന്റെ അമ്മ ഇതെല്ലാം എന്നെകൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിച്ചിട്ടുണ്ട് എന്നു പറയുന്നതാകും ശരി... അന്ന് ഞാനും അമ്മയോട് ഒത്തിരി വഴക്കുണ്ടാക്കിയിട്ടുണ്ട്..
അന്നൊന്നും ഈ പറയണ നാട്ടുകാർക്ക് ഒരു സൂക്കേടും ഇല്ലല്ലോ .... പെണ്ണ് കെട്ടി കഴിഞ്ഞു അടുക്കളയിൽ ഭാര്യയെ സഹായിച്ചപ്പോ ഞാൻ ഭാര്യയുടെ സാരീ തുമ്പിലായീല്ലേ.... "
പകുതിക്ക് വെച്ചു നിർത്തിയ ജോലിയിലേക്ക് ജിഷ്ണു വീണ്ടും ഏർപ്പെട്ടു...
"കല്യാണം കഴിഞ്ഞ ആണുങ്ങള് അടുക്കള പണിയെടുത്താ നാട്ടാര് ഇങ്ങനെയോക്കെ പറഞ്ഞെന്നിരിക്കും... "
"ചെറിയമ്മ ഒരു ടീച്ചറല്ലേ ... കുട്ടികൾക്ക് അറിവ് പറഞ്ഞുകൊടുക്കുന്നയാൾ... സ്കൂളിൽ പഠിപ്പിക്കുമ്പോൾ ആൺകുട്ടികൾക്ക് വേറെ പെൺകുട്ടികൾക്ക് വേറെ തിരിച്ചാണോ പഠിപ്പിക്കുന്നത് ? എല്ലാവർക്കും ഒരേ പുസ്തകത്തിലെ ഒരേ കാര്യമല്ലേ പഠിപ്പിക്കുന്നത് ? "
"എടാ മോനെ... അതൊക്കെ ശരിയാണ് , പക്ഷെ ചില നാട്ടുനടപ്പുകളുണ്ട്... കാലങ്ങളായി പിന്തുടരുന്നത്... അതിനു വിപരീതമായി ആരെന്തു ചെയ്താലും നാട്ടുകാര് പരിഹസിക്കും, അടക്കം പറയും ... "
"ചെറിയമ്മേ ... നാട്ടുകാര് പറയുന്ന പോലെല്ലാം നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ.
എന്നു കരുതി ഞാൻ നാട്ടുനടപ്പിനൊന്നും എതിരല്ല....
ഞാനും അവളും ഒരുപോലെ ജോലി ചെയ്തു ഷീണിച്ചാ വരുന്നതു...
പിന്നെ ജോലി കഴിഞ്ഞുവന്നിട്ട് വീട്ടു ജോലി കൂടി അവള് തന്നെ ചെയ്യണം....ആ സമയത്ത് ഒരു ചെറിയ കൈസഹായമെങ്കിലും എനിക്കു ചെയ്യാൻ പറ്റിയാൽ അതു നല്ല കാര്യമല്ലേ ? അതിലെനിക്കൊരു കുറച്ചിലും തോന്നുന്നില്ല...
അതിനി നാട്ടുകാര് എന്തു പറഞ്ഞാലും എനിക്കു കുഴപ്പമില്ല... വീട്ടിലെ സകല ജോലിക്കും പെണ്ണിന്റെ കൈ തന്നെ വേണ്ട... കുറച്ചൊക്കെ ഞാനും ചെയ്യട്ടെ...
എന്റെ മോനും വലുതാകുമ്പോൾ ഈ അടുക്കള പണിയൊക്കെ അവനെയും ഞാൻ പഠിപ്പിക്കും...നാളെ അവനും ഇങ്ങനെ ഒരു സാഹചര്യം വന്നാൽ മല്ലിപൊടിയേതാ മഞ്ഞൾപൊടിയേതാന്ന് മനസിലാകാതെ പകച്ചു നിൽക്കാൻ പാടില്ല.. "
"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...ഞാൻ പോകുവാ... എന്തേലും ആവശ്യമുണ്ടെൽ വിളിച്ചാ മതി... ഏട്ടത്തിയും ഇവിടില്ലല്ലോ.. "
"ആ എന്തേലും ഉണ്ടെങ്കിൽ വിളിച്ചോളാം ... ഇപ്പൊ ചെറിയമ്മ ഈ ചായയങ്ങു കുടിക്ക്... "
പോകാനോരുങ്ങിയ ചെറിയമ്മക്കു നേരെ ഒരു ഗ്ലാസ്‌ ചായ നീട്ടികൊണ്ട് ജിഷ്ണു വീണ്ടും ചെറിയമ്മയോടായി ചോദിച്ചു
"എങ്ങനെയുണ്ടെന്റെ ചായ ?"
"അസ്സലായിട്ടുണ്ട്...ഏലക്കയൊക്കെ ഇട്ടിട്ടുണ്ടല്ലേ ?ഗ്രീഷ്മ ഇവിടെയില്ലെങ്കിലും നിന്നെ കൊണ്ട് ഇതൊക്കെ പറ്റുമല്ലേ ? "
ഇത്രയും നേരം വാ തോരാതെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന, ചെറിയമ്മയുടെ ചോദ്യം കേട്ട് ജിഷ്ണു കണ്ണു തള്ളി നിന്നു പോയി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo