Showing posts with label Jainy Tiju. Show all posts
Showing posts with label Jainy Tiju. Show all posts

വൈകിപ്പോയ തിരിച്ചറിവുകൾ I Jainy Tiju

എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. മനസ് ആകെ ശൂന്യമായത് പോലെ.. ബദ്ധപ്പെട്ട് ഞാൻ കണ്ണു തുറന്നു.
ഞാൻ... ഞാനിതെവിടെയാ? ഇതെന്റെ വീടല്ല. പിന്നെ...
ഞാൻ ചുറ്റിലും നോക്കി. അപ്പുറത്ത് നിൽക്കുന്നത് ഒരു നേഴ്സ് ആണല്ലോ. അപ്പൊ ഞാൻ... അതെ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. എനിക്ക് എന്താ സംഭവിച്ചേ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ഞാൻ എന്റെ ദേഹത്തേക്ക് നോക്കി.. എന്റെ ദേഹത്ത് വസ്ത്രമില്ല. പകരം ഒരു കമ്പികൾ കൊണ്ടുള്ള കൂട് എന്റെ ശരീരത്തിന് മുകളിൽ വെച്ച് അതിനു മുകളിൽ കൂടി ഒരു ബെഡ് ഷീറ്റ് ഇട്ടിരിക്കുന്നു. ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.അതെ, എനിക്ക് പൊള്ളലേറ്റിരിക്കുന്നു. അല്ല, ഞാൻ എന്റെ ശരീരം കത്തിച്ചിരിക്കുന്നു.
എനിക്ക് ഓർമയുണ്ട്. ഇപ്പോഴെല്ലാം എനിക്കൊർമയുണ്ട്. ഞാൻ ചെയ്ത വിഡ്ഢിത്തം എന്നെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. എനിക്കുറക്കെ കരയണമെന്ന് തോന്നി. കഴിയുന്നില്ല. നാവ് കുഴഞ്ഞുപോകുന്നത് പോലെ. അച്ഛനുമമ്മയും എവിടെയാണാവോ. എനിക്കവരെ കാണണമെന്ന് തോന്നി. പക്ഷെ, അനങ്ങാനോ ശബ്ദിക്കാനോ കഴിയുന്നില്ല.
ഞാൻ ഞരങ്ങുന്നത് കേട്ടിട്ടാവണം ഒരു സിസ്റ്റർ അടുത്തേക്ക് വന്നു.
" ആഹാ, എണീറ്റോ. ഇയാളുടെ പേരെന്താണെന്ന് പറയാൻ കഴിയുമോ? "
" പേര്... ശ്രുതി. "
കുഴഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.
" എങ്ങനെയുണ്ട് ശ്രുതിക്ക്? "
" ഒന്നും അറിയാൻ കഴിയുന്നില്ല. ആകെ ഒരു മരവിപ്പ് പോലെ. " ഞാൻ മറുപടി പറഞ്ഞു.
" സാരമില്ല. അത് മാറിക്കോളും. സെഡേഷന്റെ എഫക്ട് ആണ്.. "
" ഞാൻ, എനിക്ക്.... എന്റെ അച്ഛനുമമ്മയും... "
ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ വിതുമ്പിപോയി.
അവരെല്ലാം പുറത്തുണ്ട്. ഇപ്പോ ഒന്നും ഓർക്കേണ്ട.. കണ്ണടച്ച് കിടന്നോളൂ.
"പെഷ്യന്റ് ഈസ്‌ കോൺഷ്യസ് ആൻഡ് ഓറിയന്റ്ഡ്."
ആ സിസ്റ്റർ മറ്റാരോടോ പറയുന്നത് കേട്ടു..
എനിക്കെന്താണ് സഭവിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചു.
മോഡൽ എക്സാമിന് പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിൽ ഹൃദയം തകർന്നാണ് വീട്ടിൽ എത്തിയത്. എഴുതിയ ഒരു പരീക്ഷകളിലും ഞാൻ തോൽവിയറിഞ്ഞിട്ടില്ല. എന്നും ക്ലാസ്സ് ഫസ്റ്റ് ഞാൻ തന്നെയായിരുന്നു, ഈ പ്ലസ് ടു വരെയും.ക്ലാസിലെ ആദ്യറാങ്കുകാരിക്ക് കിട്ടുന്ന പരിഗണനയിലും സ്നേഹത്തിലും ഞാൻ അഹങ്കരിച്ചിരുന്നു.. അപ്പോഴാണ് പ്ലസ് ടു വിന്റെ മോഡലിൽ എനിക്ക് മാർക്ക് കുറഞ്ഞെന്ന് മാത്രമല്ല, ക്ലാസ്സിലെ ഒരുപാട് കുട്ടികളെക്കാൾ പുറകിലുമായി. അതും പഠനനിലവാരത്തിൽ ഒരിക്കലും എനിക്കൊരു എതിരായി തോന്നിയിട്ടില്ലാത്ത കുട്ടികൾ. അധ്യാപകരുടെ ശാസന, ക്ലാസ്സിലെ കുട്ടികളുടെ പരിഹാസം.. എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. ഈ അവസ്ഥയിൽ മെയിൻ എക്സാമിൽ ഞാൻ ജയിക്കില്ല എന്ന് വരെ പലരും പറഞ്ഞു. എനിക്കാരെയും ഫേസ് ചെയ്യാൻ വയ്യെന്ന് തോന്നി.. ഈ കാര്യത്തിൽ ഒരിക്കൽ പോലും അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല. ഇന്നെന്തായാലും കേൾക്കും. പോരാത്തതിന് മിസ്, അമ്മയെ വിളിക്കുന്നുണ്ട് എന്നുകൂടി പറഞ്ഞപ്പോൾ ഞാൻ ഭയന്നു. എല്ലാവരുടെയും മുന്നിൽ പരിഹാസപാത്രമായി ജീവിക്കണ്ട എന്ന് തോന്നി. അച്ഛനുമമ്മയും ജോലി കഴിഞ്ഞു വരുന്നതിനു മുൻപ് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയപ്പോൾ, മുന്നിൽ കണ്ടത് ഒരു കന്നാസ് മണ്ണെണ്ണയായിരുന്നു. ദേഹത്ത് തീപടർന്നപ്പോൾ അലറിവിളിച്ചു കൊണ്ട് ഓടിയത് ഓർമയുണ്ട്. അതിനിടയിൽ എവിടെയോ ബോധം മറിഞ്ഞു കുഴഞ്ഞു വീണു. പിന്നീട് ഇപ്പോഴാണ് ഓർമ വരുന്നത് ഇപ്പോഴാണ്. ആരാണാവോ എന്നെ ഇവിടെ കൊണ്ടുവന്നത്? അമ്മയുമച്ഛനും എങ്ങനെ അറിഞ്ഞോ ആവോ. എന്റെ അനിയൻ അവൻ എവിടെയാണോ? എനിക്ക് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടണമെന്ന് തോന്നി.
തൊട്ടടുത്തുള്ള ബെഡിലെ ചേച്ചി വല്ലാതെ കരയുന്നുണ്ട്.. ഞങ്ങൾക്കിടയിൽ കർട്ടനിട്ടിട്ടുണ്ട്. അതിനുള്ളിൽ ആരൊക്കെയോ ഉണ്ട്.
" ഒന്ന് മിണ്ടാതിരി കൊച്ചേ. മരുന്ന് വെച്ച് കെട്ടാതിരിക്കാൻ പറ്റുവോ? മുറിവുണങ്ങണ്ടേ? "
ആരോ ഒച്ചയുയർത്തി പറയുന്നു.
" മാഡം, എനിക്ക് ദേഹം മുഴുവൻ പുകയുന്നു. എനിക്ക് സഹിക്കാൻ വയ്യ മാഡം.എനിക്കെന്റെ അമ്മയെ കാണണം. "
ആ ചേച്ചി കരയുന്നുണ്ടായിരുന്നു.
" കുറച്ചൊക്കെ പുകച്ചിലും വേദനയും കാണും. ഇതൊക്കെ സ്വയം വരുത്തിവെച്ചതല്ലേ. അമ്മയെ കാണണമത്രേ. നിനക്ക് അമ്മയെ ഓർമയുണ്ടായിരുന്നെങ്കിൽ ഈ പണി ചെയ്യില്ലായിരുന്നല്ലോ. "
കർട്ടനിന്റെ പുറത്തേക്ക് വന്നത് സിസ്റ്ററും ഡോക്ടറും ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ കണ്ണടച്ച് കിടന്നു. അവരുടെ ടേബിളിനടുത്തായിരുന്നു എന്റെ ബെഡ്. അവരുടെ സംസാരം എനിക്ക് കേൾക്കാമായിരുന്നു.
" എന്റെ ജയന്തി, എന്നാ സുന്ദരിയായിരുന്നെന്നറിയാമോ ആ കൊച്ച്. അവളുടെ അമ്മ എന്റെ വീട്ടിൽ ജോലിക്ക് വരുന്നതാ എന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ. ഭർത്താവ് ചെറുപ്പത്തിലെങ്ങാണ്ട് മരിച്ചതാ.. കഷ്ടപ്പെട്ടാ ഈ കൊച്ചിനെ വളർത്തിവലുതാക്കിയത്..അപ്പൊ അതിനിടക്ക് അവൾക്കൊരു പ്രേമവും പ്രേമനൈരാശ്യവും. ദൈവം സഹായിച്ചു ജീവന് ആപത്തൊന്നും ഇല്ല. പക്ഷെ, ഇനിയെത്രകാലം ഈ മുറിവുകളും വേദനയുമായി ജീവിക്കണം ആ കുട്ടി. പ്ലാസ്റ്റിക് സർജറി എന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു ലിമിറ്റ് ഇല്ലെ. അല്ല, അതിനും പണമുണ്ടാക്കാൻ ആ സ്ത്രീ ഇനിയും എത്ര കഷ്ടപ്പെട്ടാലാ.. "
" മാഡം, അതിപ്പോ ഇപ്പോഴത്തെ കുട്ടികൾ എല്ലാം ഇങ്ങനെ ഒക്കെ തന്നെ. ഒരു തരത്തിലുമുള്ള തോൽവികളോ അപമാനങ്ങളോ സഹിക്കാൻ കഴിയില്ല. അതിനു അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. തോൽവികളും അപമാനങ്ങളും വേദനകളും എല്ലാം അടങ്ങുന്നതാണ് ജീവിതം എന്ന് നമ്മൾ മക്കളെ പഠിപ്പിക്കുന്നില്ല. ഒരു കാര്യത്തിലും നോ എന്ന് നമ്മൾ അവരോട് പറയുന്നില്ല. " മറ്റാരോ ഉത്തരം പറയുന്നു.
" ശരിയാണ് ജയന്തി. ഇത് കണ്ടില്ലേ, ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ കണ്ടാൽ സഹിക്കില്ല.ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ പിന്നെ ഒപി കഴിഞ്ഞിട്ട് വരാം."
ഡോക്ടർ പുറത്തേക്ക് പോയെന്ന് വാതിൽ തുറന്നടഞ്ഞ ശബ്ദത്തിൽ നിന്നെനിക്ക് മനസ്സിലായി.
കുറച്ചു സമയത്തിന് ശേഷം, ഒരു ഗൗൺ ഇട്ട് അമ്മ കയറി വന്നു. എന്നെ കണ്ടതും നിയന്ത്രണം വിട്ട് അമ്മ പൊട്ടിക്കരഞ്ഞു. ഞാനും.
" ചേച്ചി, പറഞ്ഞിരുന്നതല്ലേ, ഇവിടെ കേറി വന്ന് ബഹളം വെക്കാൻ പറ്റില്ല. മര്യാദക്ക് നിന്നു കണ്ടിട്ട് പോകണം. അല്ലെങ്കിൽ ഞാൻ ഇനി കയറ്റിവിടില്ല കേട്ടോ. "
ഒരു സിസ്റ്റർ അമ്മയെ ശാസിച്ചു.
" മോളെ, നീ എന്തിനാ മോളെ ഇങ്ങനെ ചെയ്തേ.. നിനക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾ പിന്നെ എന്തിനാ മോളെ... "
അമ്മ പതം പറഞ്ഞു കൊണ്ടിരുന്നു.
" നിനക്ക് വേദനയുണ്ടോ " അമ്മ ചോദിച്ചു.
" ഇല്ലമ്മേ.. ആകെ ഒരു മരവിപ്പ് പോലെ. എനിക്കൊന്നും അറിയാൻ കഴിയുന്നില്ല ".
ഞാൻ പതുക്കെ പറഞ്ഞു.
" അച്ഛനെവിടെ അമ്മേ? "
"അച്ഛൻ പുറത്തുണ്ട്. ഇവിടെ ഒരാളെയെ കേറ്റുള്ളൂ.. പിന്നെ അച്ഛന് എന്റെ മോളെ ഇങ്ങനെ കാണാൻ വയ്യെന്ന്.."
അമ്മ തികട്ടിവന്ന കരച്ചിൽ കഷ്ടപ്പെട്ട് ഒതുക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
" സോറി അമ്മേ, സോറി. ഞാൻ ഒന്നും ഓർത്തില്ല. ആരോടൊക്കെയോ വാശി തോന്നി. ഇനി ജീവിക്കണ്ട എന്ന് തോന്നി. അതാ ഞാൻ. അച്ഛനോടൊന്നു പറയോ ഞാൻ സോറി ചോദിച്ചുന്ന്. "
ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞുപോയി. അമ്മ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.എനിക്കും സഹിക്കാൻ കഴിഞ്ഞില്ല. എന്റെ അച്ഛൻ എത്ര മാത്രം വിഷമിക്കുന്നുണ്ടാവും എന്നെനിക്കറിയാം. എന്റെ കണ്ണു നിറയുന്നത് പോലും സഹിക്കാനാവാത്ത ആളാണ്‌. ഈശ്വരാ, എനിക്ക് ഏത് നേരത്താണാവോ ഈ ബുദ്ധിമോശം തോന്നിയത്. ഇനിയൊരിക്കലും ഞാനെന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കില്ല, സത്യം.എനിക്കെന്തൊക്കെയോ ആസ്വസ്ഥതകൾ തോന്നിത്തുടങ്ങി. വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ചു ഞാനാദ്യം ഒന്നും പറഞ്ഞില്ല. പക്ഷെ, എന്തോ മനസ്സിലായത് പോലെ സിസ്റ്റർ വന്നു.. ഇൻജെക്ഷൻ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടറും വന്നു. എന്തോ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെന്നെ ഒന്നും പറഞ്ഞില്ല. അനുഭാവപൂർവം തന്നെയാണ് ഓരോന്ന് ചെയ്തതും. ചിലപ്പോൾ ഞാൻ അവർക്ക് ആരുമല്ലാത്തത് കൊണ്ടാവും.
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. കരയാതിരിക്കാൻ അച്ഛൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി. ഞാനും ചിരിക്കാൻ ശ്രമിച്ചു." അച്ഛാ, ഞാനിനി നല്ല കുട്ടിയായിക്കോളാം. ഇനിയൊരിക്കലും ഇങ്ങനെ ബുദ്ധിമോശം കാണിക്കില്ല. നിങ്ങളെ ആരെയും വിഷമിപ്പിക്കില്ല."
ഞാനെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അച്ഛൻ വിറക്കുന്ന കൈകൾ കൊണ്ട് എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. കയ്യുയർത്തി ആ കൈകളിൽ ഒന്ന് പിടിക്കണമെന്ന് കരുതിയെങ്കിലും പൊള്ളിയടർന്ന കൈകൾ കൊണ്ട് എനിക്കതിനു ആവുന്നില്ലായിരുന്നു.
"കണ്ണൻ എവിടെ അച്ഛാ? എനിക്കവനെ കാണണം."
" അവൻ അച്ഛമ്മയുടെ അടുത്തുണ്ട് മോളെ. മോളുടെ മുറിവെല്ലാം ഉണങ്ങിയിട്ട് അവനെ കൊണ്ടുവന്നു കാണിക്കാം കേട്ടോ. " അച്ഛൻ എന്നെ ആശ്വസിപ്പിച്ചു.
" അത് മതി അച്ഛാ. അല്ലെങ്കിൽ അവൻ പേടിക്കും. എന്നെ കണ്ടാൽ പേടിയാവുമോ അച്ഛാ. ഇനി ഞാൻ പഴയപോലെ, അച്ഛന്റെ സുന്ദരിക്കുട്ടിയാവില്ലേ അച്ഛാ... "
ചോദിക്കുന്നതിനിടയിൽ എനിക്ക് ശ്വാസം മുട്ടി.ഞാൻ പിടയുന്നത് കണ്ടിട്ടാവണം അച്ഛൻ ഉറക്കെ കരയുന്നുണ്ട്.. സിസ്റ്റർ ഓടിവരുന്നതും മുഖത്ത് മാസ്ക് പോലെ എന്തോ വെക്കുന്നതും ഞാനറിഞ്ഞു. അതിനിടയിൽ അവർ അച്ഛനെ പുറത്താക്കി. എന്നെ നോക്കി വയപൊത്തികരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന അച്ഛന്റെ രൂപം മങ്ങി മങ്ങി വന്നു, പിന്നെ പൂർണമായും മാഞ്ഞു. അവരെന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് പെട്ടെന്ന് ഭാരം കുറഞ്ഞപോലെ തോന്നി. ആകെ ഒരാശ്വാസം. എനിക്കിപ്പോൾ ശ്വാസം മുട്ടുന്നില്ല, വേദനയോ ചുട്ടു നീറ്റലോ ഇല്ല.. അതെ ഞാനിപ്പോൾ എന്റെ ശരീരത്തിൽ നിന്നും വേർപ്പെട്ട് വെറുമൊരു ആത്മാവായിരിക്കുന്നു.
എനിക്കിപ്പോൾ എല്ലാവരെയും കാണാം.അച്ഛനും അമ്മയും വിവരം അറിഞ്ഞിട്ടാവണം അലമുറയിട്ട് കരയുന്നുണ്ട്.. അവരോട് കരയരുതെന്നു പറയണമെന്നുണ്ട് പക്ഷെ, സംസാരിക്കാനാവില്ലല്ലോ.
എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. എന്നെപ്പോലുള്ള കുട്ടികളോട് പറയണമെന്നുണ്ടായിരുന്നു എന്നെപ്പോലെ ആരും ബുദ്ധിമോശം കാണിക്കരുതെന്ന്. അവസരം കിട്ടിയില്ല. ആത്മാക്കൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ.... എങ്കിൽ ഉറക്കെ വിളിച്ചു പറയാമായിരുന്നു, നിസാരകാരണങ്ങൾക്ക് നിങ്ങൾക്ക് കിട്ടിയ ഈ സുന്ദരജീവിതം നശിപ്പിച്ചു കളയരുതെന്ന്..വളർത്തിവലുതാക്കിയവരെ തീരാദുഃഖത്തിൽ ആക്കരുതെന്ന്.. ഈ ജീവിതം വിജയവും പരാജയവും നിറഞ്ഞതാണ്, എന്തും നേരിടാനുള്ള കരുത്തോടെ വളരണമെന്ന്..പക്ഷെ, കഴിഞ്ഞില്ല..ഇനിയെനിക്ക് പ്രാർത്ഥിക്കാനെ കഴിയൂ ഇനിയാർക്കും ഇങ്ങനെ ഒന്നും ചെയ്യാൻ തോന്നല്ലേ എന്ന്.
എന്റെ ശരീരം കെട്ടിപൊതിഞ്ഞു ആംബുലൻസിൽ കയറ്റുന്നുണ്ട്.. അച്ഛനും കുറച്ചു ബന്ധുക്കളും ഉണ്ട് കൂടെ. പോസ്റ്റ്മോർട്ടം ചെയ്തു കിട്ടണം എന്നുള്ളത് കൊണ്ട് ഇന്നലെ തന്നെ അമ്മയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. എന്റെ ശരീരം കയറ്റിയ ആംബുലൻസ് ഹോസ്പിറ്റലിന്റെ പടികടക്കുമ്പോഴേക്കും മറ്റോരു ആംബുലൻസ് സൈറൺ അടിച്ചു കേറിവരുന്നുണ്ടായിരുന്നു. അതിൽ എന്റെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ മനം നൊന്ത ഒരു പതിനെട്ടുകാരൻ ചോരവാർന്നൊലിക്കുന്ന കൈത്തണ്ടയുമായി ജീവനുവേണ്ടി പിടയുന്നുണ്ടായിരുന്നു.
ജെയ്നി റ്റിജു

പോക്സോ

ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. പിന്നെ, രമേഷേട്ടൻ ഉണ്ടല്ലോ എനോർത്തു. വാർഡ് ഇൻചാർജിനോട് മാത്രം വിവരം പറഞ്ഞ്, ഹാഫ് ഡേ ലീവും എഴുതി വെച്ച് ഞാനിറങ്ങി.
ഓട്ടോയിലിരിക്കുമ്പോഴും എന്തിനായിരിക്കും എന്ന ചോദ്യം എന്നെ അലട്ടുന്നുണ്ടായിരുന്നു. വിളിച്ചിട്ടാണെങ്കിൽ രമേഷേട്ടൻ ഫോൺ എടുക്കുന്നുമില്ല. റെവെന്യൂ ഡിപ്പാർട്മെന്റിലാണ് രമേഷേട്ടന് ജോലി . ഇനിയിപ്പോ വല്ല കൈക്കൂലിക്കേസും?
ശ്ശേ, ഞാനെന്തൊക്കെയാണ് ചിന്തിക്കുന്നത്. ആദർശം വിട്ടു പെരുമാറുന്നവനല്ല അദ്ദേഹം. അതുകൊണ്ട് തന്നെ ശത്രുക്കൾ ഒട്ടും കുറവല്ല താനും.ആരെങ്കിലുമായും ഇനി വഴക്കിട്ടോ എന്തോ. എന്തായാലും നേരിട്ടല്ലേ പറ്റൂ. ഞാൻ ധൈര്യം അവലംബിച്ചിരുന്നു.സ്റ്റേഷനിൽ ഒരു ബെഞ്ചിൽ എല്ലാം തകർന്നവനെപ്പോലെ, കണ്ണുകളടച്ചു രമേഷേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഓടി അങ്ങോട്ട് ചെല്ലാനൊരുങ്ങിയപ്പോഴേക്കും ഒരു വനിതാ കോൺസ്റ്റബിൾ എന്നേ തടഞ്ഞു. സാർ വിളിക്കുന്നുണ്ടെന്നു പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. ഞാൻ അദ്ദേഹത്തെ അന്ധാളിപ്പോടെ നോക്കിയിട്ട് അവരോടൊപ്പം പോയി.
" മിസിസ് സുനിതയല്ലേ? ഇരിക്കൂ. "
സൗമ്യമായിരുന്നു എസ് ഐ ടെ സ്വരം.
" സർ, എന്താ കാര്യം? എന്തിനാ എന്നേ വിളിപ്പിച്ചത്? എന്താ അദ്ദേഹത്തിന് പറ്റിയത്? "
ടെൻഷൻ കൊണ്ടാവണം ഒരുപാട് ചോദ്യങ്ങൾ ഒരേസമയം ഞാൻ ചോദിച്ചത്.
ഒരു നിമിഷം എന്നേ നോക്കിയതിന് ശേഷം അദ്ദേഹം ചോദിച്ചു.
" സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശ്രീലക്ഷ്മി നിങ്ങളുടെ മകൾ അല്ലെ? "
ഞാനൊന്നു ഞെട്ടി.
"അതെ സർ, എന്റെ മോൾക്കെന്താ പറ്റിയത്?" ഞാൻ വിറയലോടെ ചോദിച്ചു.
" നിങ്ങൾ, ആത്മസംയമനത്തോടെ കേൾക്കണം. നിങ്ങളുടെ മകൾ സ്കൂളിലെ കൗൺസിലിംഗ് സെക്ഷനിൽ ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ് ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും ലൈംഗിക ചുവയുള്ള ഭാഷയിൽ സംസാരിക്കാരുണ്ടെന്നും അമ്മയോട് ഇതെപ്പറ്റി പറഞ്ഞാൽ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. അതേതുടർന്നു അവർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും അവർ കംപ്ലയിന്റ് ഞങ്ങൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തു. ആ പരാതിയിന്മേൽ അന്വേഷണം നടത്താനാണ് ഞങ്ങൾ നിങ്ങളെ ഇവിടെ വിളിപ്പിച്ചിരിക്കുന്നത്."
അദ്ദേഹം ഒരുനിമിഷം നിർത്തി. തലയിൽ ഒരു ഇരുമ്പുകൂടം കൊണ്ടു പ്രഹരമേറ്റ പോലെ ഞാൻ തരിച്ചിരുന്നു. വീഴാതിയ്ക്കാൻ ഇരുന്ന കസേരയിൽ ഞാൻ മുറുകെ പിടിച്ചു.
അദ്ദേഹം തുടർന്നു.
" രമേഷിനെ ഞാൻ ചോദ്യം ചെയ്തു. ഇനി നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.. അതിന് ശേഷമേ വ്യക്തമായ നടപടിയിലേക്ക് പോകൂ. "
"സർ, അദ്ദേഹം അങ്ങനെ ഒന്നും ചെയ്യില്ല , അദ്ദേഹം അത്തരക്കാരനല്ല . സാറിന് അറിയാലോ നല്ലൊരു പൊസിഷനിൽ ഇരിക്കുന്ന ആളാണ്..."
ഞാൻ വാക്കുകൾക്ക് പരതി.
" പൊസിഷനൊന്നും പറയണ്ട. ഇത്തരം കേസുകളിൽ പെടുന്ന ഇതിലും വലിയ ഉദ്യോഗസ്ഥരെ ദിവസവും കാണുന്നവരാണ് ഞങ്ങൾ. അല്ലാതെ നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ? "
.
എസ് ഐ യുടെ ശബ്ദം പരുക്കനായി.
" സാർ, ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബമാണ് . രമേശേട്ടന് മോളെന്നു വെച്ചാൽ ജീവനാണ്. മോൾക്കെന്തോ അബദ്ധം പറ്റിയതാവും . അല്ലാതെ അവളിങ്ങനെയൊന്നും.. "
" രമേഷ് നിങ്ങളുടെ രണ്ടാം ഭർത്താവ് അല്ലെ? എന്ന് വെച്ചാൽ കുട്ടിയുടെ അച്ഛൻ അയാളല്ലല്ലോ എന്ന്? "
എന്നേ പൂർത്തിയാക്കാൻ അനുവദിക്കാതെ ആയിരുന്നു അടുത്ത ചോദ്യം.
ഞാനൊരു നിമിഷം പകച്ചു.
" അതെ സർ, പക്ഷെ അദ്ദേഹം... "
" നിങ്ങൾ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴും മറ്റും ഇയാളും കുട്ടിയും മാത്രമല്ലെ വീട്ടിൽ ഉണ്ടാവൂ. അപ്പോൾ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? "
അദ്ദേഹത്തിന്റെ ശബ്ദത്തിന് മൂർച്ചയേറുന്നുണ്ടായിരുന്നു.
എന്റെ തലയിൽ ഒരു കടന്നൽ കൂട്ടം ആർക്കുന്നത് പോലെ തോന്നുണ്ടായിരുന്നു. ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്.
" നോക്കൂ, നിങ്ങളുടെ ഭർത്താവിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ഇനി നിങ്ങളുടെ ഭാഗം കൂടി കേട്ടതിനു ശേഷം നിങ്ങളെ രണ്ടുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. അതാണ്‌ കേസിന്റെ രീതി.. അതുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് വ്യക്തമായി ഇപ്പോൾ പറയണം. "
കൂടെയുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ വാക്കുകളിൽ ഒരു സഹാനുഭൂതി.
" മാഡം, ഞാൻ പറഞ്ഞത് സത്യമാണ്. പന്ത്രണ്ടു വർഷമായി എന്നോടൊപ്പം ജീവിക്കുന്ന അദ്ദേഹത്തെ എനിക്ക് നന്നായറിയാം. അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല."
ഞാൻ വികാരാധീനയായി.
" അതിപ്പോ, ഇവിടെ സാഹചര്യം കൂടി കണക്കിലെടുക്കണ്ടേ ?ഒന്നാമത് അയാൾ ആ കുട്ടിയുടെ സ്വന്തം അച്ഛനല്ല. പിന്നെ ആണുങ്ങളുടെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പറയാൻ കഴിയില്ലല്ലോ. മകളെ മനസ്സിലാക്കാൻ സ്വന്തം അമ്മപോലുമില്ലാത്ത അവസ്ഥ ഭയങ്കരമാണെടോ. "
അവർ സമചിത്തതയോടെ പറഞ്ഞു നിർത്തി.
" ഞാനൊരു നേഴ്സാണ് മാഡം. അതിലുപരി ഒരമ്മയും. എന്റെ മകൾ അങ്ങനെ ഒരു ബുദ്ധിമുട്ട് അവിടെ അനുഭവിക്കുന്നുണ്ടെങ്കിൽ എനിക്ക് അത് മനസിലാക്കാൻ കഴിയും. എന്തൊക്കെ സംഭവിച്ചാലും കൂടെ നിൽക്കുകയും ചെയ്യും. പക്ഷെ, എനിക്കറിയാം, അദ്ദേഹത്തിനു അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ലെന്ന്‌. "
" നിങ്ങൾക്ക് എന്താണുറപ്പ്? വ്യക്തമായി കാരണം പറയൂ. അയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഞങ്ങൾക്കും അയാൾ തെറ്റു ചെയ്തതായി തോന്നിയില്ല. ഇവിടെ നിങ്ങളുടെ മൊഴിക്ക് വലിയൊരു സ്ഥാനമുണ്ട്. പക്ഷെ, സത്യത്തിനു നേരെ കണ്ണടക്കുകയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. അത് മനസ്സിലാക്കുന്നത് നല്ലതാ. "
കേട്ടിരുന്ന എസ് ഐ പറഞ്ഞു.
"സർ, ഒരു കുഞ്ഞുള്ള എന്നേ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം വീട്ടുകാർ അദ്ദേഹത്തിന് എതിരായതാണ്. അന്ന് ഒരു കയ്യിൽ എന്റെ കയ്യും മറുകയ്യിൽ രണ്ടു വയസ്സുള്ള മോളെയും എടുത്തു ജീവിതത്തിലേക്കിറങ്ങിയതാണ് ആ മനുഷ്യൻ. ആ കൈ ഈ നിമിഷം വരെ അദ്ദേഹം വിട്ടിട്ടില്ല. ഇതിലപ്പുറം ഞാനെങ്ങനെയാണ് സർ ഞാനെന്റെ ഭർത്താവിന് വേണ്ടി സാക്ഷി പറയുക? അദ്ദേഹം ഒരു തെറ്റെ ചെയ്തുള്ളു. ആവശ്യത്തിലധികം അവളെ ലാളിച്ചു. സ്വന്തം അച്ഛനില്ലാത്തതിന്റെ ദുഃഖം അവൾക്കൊരിക്കലും തോന്നരുതെന്നു ശഠിച്ചു."
" പിന്നെ എങ്ങനെ ഇങ്ങനെ ഒരു പരാതി ഉണ്ടായി? അതിനൊരു മറുപടി ഉണ്ടോ നിങ്ങൾക്ക്? വെറുതെ ഒരു കുട്ടിയും അച്ഛനെതിരെ പരാതി കൊടുക്കില്ലല്ലോ? "
എസ് ഐ യുടെ ശബ്ദം ഉയർന്നു.
" അത് സാർ... " ഞാനൊന്നു പരുങ്ങി.
" സാർ, ആരോടും പറയരുതെന്ന് കരുതിയതാണ് പക്ഷെ, ഇവിടെ എനിക്കിനി പറയാതെ വയ്യ. എന്റെ മോൾക്കൊരു പ്രണയം ഉണ്ടായിരുന്നു. ഒരിക്കലും ഒരു പതിനാലുകാരിക്ക് ചേരാത്ത പ്രണയം.ആ പയ്യന് ടൗണിലൊരു മൊബൈൽ ഷോപ്പുണ്ട്. അതറിഞ്ഞപ്പോൾ രമേഷേട്ടൻ അവളെ ശാസിച്ചിരുന്നു. ആ പയ്യനെ പോയെന്നു പേടിപ്പിക്കുകയും ചെയ്തു. ആ വൈരാഗ്യം തീർക്കാൻ അവനായിരിക്കണം അവളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. സാർ, ഞാനവളെക്കൊണ്ട് സത്യം പറയിച്ചോളാം. ദയവുചെയ്ത് ഇത് കേസാക്കരുത്. "
ഞാൻ കരഞ്ഞു പോയിരുന്നു. അവർ എന്നോട് പുറത്തേക്കിരിക്കാൻ പറഞ്ഞു. രമേശേട്ടന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ വീണുപോയിരുന്നു. തളർന്ന കൈകൊണ്ടു അദ്ദേഹം എന്നേ ചേർത്ത് പിടിച്ചു.
"ഏട്ടാ, എന്റെ.. അല്ല, നമ്മുടെ കുട്ടി. അവൾക്കിത് എന്താ പറ്റിയെ? അവൾക്കെങ്ങനെ ഇതിനൊക്കെ ...."
പറഞ്ഞപ്പോഴേക്കും ഞാൻ വിങ്ങിപൊട്ടിയിരുന്നു.
"രണ്ടുപേരെയും സർ വിളിക്കുന്നു ".
കോൺസ്റ്റബിൾ വന്നു പറഞ്ഞു. അദ്ദേഹം എന്നെയും പിടിച്ചു കൊണ്ടു അകത്തേക്ക് നടന്നു.
" ഹാ, നിങ്ങൾക്ക് രണ്ടുപേർക്കും ഇപ്പോൾ പോകാം. നാളെ പത്തുമണിക്ക് നിങ്ങളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കും. അപ്പോഴും കുട്ടി അതേ വാദത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും. പിന്നെ, കുട്ടിയെ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി മാറ്റിക്കാൻ ശ്രമിച്ചു എന്ന് കുട്ടി പരാതിപ്പെട്ടാൽ കേസിന്റെ ഗതി മാറും. അമ്മയോടൊപ്പം കുട്ടി സുരക്ഷിതയല്ല എന്ന് കോടതിക്ക് തോന്നിയാൽ കുട്ടിയെ അടുത്ത ബന്ധുവിനോ അങ്ങനെ ആരുമില്ലെങ്കിൽ ബാലമന്ദിരത്തിനോ കൈമാറാൻ കഴിയും എന്ന് കൂടി ഓർമിപ്പിക്കുന്നു. ഇപ്പോൾ പൊക്കൊളു."
എസ് ഐ പറഞ്ഞു.
വരുന്ന വഴിയിൽ അമ്പലത്തിനടുത്ത് രമേഷേട്ടൻ വണ്ടി ഒതുക്കി.
" നീ വീട്ടിലേക്ക് പൊക്കോ. എനിക്ക് കുറച്ചു സമയം ഒറ്റക്കിരിക്കണം. പിന്നെ എനിക്ക് വേണ്ടി നീ അവളെ തള്ളിക്കളയരുത്. അങ്ങനെ അവൾക്ക് തോന്നിയാൽ എന്തെങ്കിലും ബുദ്ധിമോശം കാണിക്കാനും മടിക്കില്ല. ഇപ്പോഴത്തെ കുട്ടികളുടെ കാര്യം നിനക്കറിയാലോ. മാത്രമല്ല, നീ അവളുടെ ഭാഗത്തല്ല എന്നെങ്ങാനും അവൾ നാളെ പോലീസിനോട് പറഞ്ഞാൽ അവര് പറയുന്നത് കേട്ടില്ലേ അവർ മോളെ കൊണ്ടുപോകുമെന്ന്.. നമുക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലാത്തത് കൊണ്ടു അവരെതെങ്കിലും ഷെൽട്ടർ ഹോമിൽ കൊണ്ടു ചെന്നാക്കിയാൽ, എനിക്ക് പേടി തോന്നുന്നു സുനീ.മാത്രമല്ല. ഇപ്പോൾ നിന്റെ സാന്നിധ്യം വേണ്ടത് എനിക്കല്ല മോൾക്കാ. അവൾ സ്കൂളിൽ നിന്ന് വരാറായി. നീ ചെല്ല്. ഞാൻ വന്നോളാം. "
സംശയത്തോടെ നോക്കിയ എന്നേ ഒന്നുകൂടി ആശ്വസിപ്പിച്ച് അദ്ദേഹം ഡ്രൈവിംഗ് സീറ്റിൽ ചാരിക്കിടന്നു.
ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടി തന്നെയാണ് ഞാൻ വീട്ടിലേക്ക് നടന്നത്. വീട്ടിലെത്തുമ്പോൾ മോൾ സ്കൂളിൽ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല.അവൾ വന്നതും ഞാൻ ചായ വെച്ചു, അവൾക്ക് കഴിക്കാൻ പലഹാരങ്ങൾ എടുത്തു വെച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ അഭിനയിക്കാൻ ഞാൻ പാടുപെട്ടു. അവളെന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അവൾ ഒരു പൊട്ടിത്തെറിയായിരിക്കണം പ്രതീക്ഷിച്ചത്. കണ്മുന്നിൽ ഒരു ജീവൻ പിടഞ്ഞു അവസാനിക്കുമ്പോൾ പോലും ആ സാഹചര്യം സമചിത്തതയോടെ നേരിടുന്ന എനിക്ക് ഇതും അതിജീവിക്കാൻ കഴിയുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
അടുക്കളയിൽ അത്താഴം ഒരുക്കുമ്പോഴാണ് അവൾ പുറകിൽ വന്നു നിന്നത്.
" അമ്മേ, ഇന്നെന്തെങ്കിലും ഉണ്ടായോ? "
പരുങ്ങി പരുങ്ങിയായിരുന്നു ചോദ്യം.
" എന്തുണ്ടാവാൻ?"
തീക്ഷണമായ എന്റെ നോട്ടത്തിന് മുന്നിൽ അവൾ ഒന്ന് ചൂളി.
" അല്ല, പൊലീസ് എങ്ങാനും ഇവിടെ വന്നിരുന്നൊന്ന്.... "
അവളുടെ ശബ്ദത്തിന് വല്ലാത്ത പതർച്ച. കരണം തികച്ചൊന്നു കൊടുക്കാൻ എന്റെ കൈ തരിച്ചു, പക്ഷെ, എന്റെ ഗതികേടോർത്തു ഞാൻ സ്വയം നിയന്ത്രിച്ചു.
"ഇല്ലല്ലോ, പോലീസ് ഇങ്ങോട്ട് വരാൻ ഇവിടെ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തോ?"
എന്റെ നോട്ടം അവളുടെ കണ്ണുകളിൽ തുളച്ചു കയറി.
" ഏയ്‌, ഒന്നുമില്ല. "
എന്നും പറഞ്ഞവൾ തിരിച്ചു നടന്നു. രമേഷേട്ടൻ വരുന്ന നേരത്തോടടുത്തപ്പോൾ അവൾ ടെൻഷൻ ആവുന്നത് ഞാൻ കണ്ടു. പഠിക്കാനിരുന്നിട്ടും ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നു, എണീറ്റു നടക്കുന്നു. തെറ്റ് ചെയ്ത ഒരു കുട്ടിയുടെ വെപ്രാളം എനിക്കവളിൽ കാണാമായിരുന്നു.ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അടുത്തിരുന്നു.
" മോളെ, നിന്നോട് ഞാനൊരു കഥ പറയട്ടെ. അച്ഛനുമമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരു പെൺകുട്ടി ആരുടെയൊക്കെയോ കരുണയിൽ വളർന്നു, പഠിച്ചു നഴ്സായി. അവളെ സ്നേഹിച്ച ഒരു അനാഥചെറുക്കനെ വിവാഹവും കഴിച്ചു.അവർക്കൊരു കുഞ്ഞുമുണ്ടായി. കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു. ആ പെൺകുട്ടി വീണ്ടും ഒറ്റക്കായി. ഇനി കുഞ്ഞിന് വേണ്ടി ജീവിക്കാമെന്നു കരുതിയപ്പോഴാണ് ജോലി സംബന്ധമായി വേറൊരു നാട്ടിൽ നിന്ന് വന്നു അടുത്ത വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ഒരു വ്യക്തി അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയുന്നത്. അവൾ ഒരു കുഞ്ഞിന്റെ അമ്മയായതുകൊണ്ടും ആരോരുമില്ലാത്തവളായത് കൊണ്ടും അയാളുടെ വീട്ടുകാർ ആ ബന്ധത്തെ അംഗീകരിച്ചില്ല. പക്ഷെ, അദ്ദേഹം പിന്തിരിഞ്ഞില്ല. ആ അമ്മയെയും മകളെയും നെഞ്ചോട് ചേർത്തു പിടിച്ചു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ... "
"അമ്മേ, ഇതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത്? എനിക്കറിയാവുന്ന കഥകളല്ലേ?"
അവൾക്കെന്റെ മുഖത്തു നോക്കാൻ കഴിയുന്നില്ല എന്നെനിക്ക് മനസ്സിലായി. എന്നിട്ടും അവളൊന്നും തുറന്നു പറയുന്നില്ലല്ലോ. ഇത്രയ്ക്കു കള്ളത്തരം എന്റെ മകളുടെ മനസ്സിലുണ്ടോ?
" ഇനി മോൾക്ക് അറിയാത്ത കുറച്ചു കഥ കൂടി അമ്മ പറഞ്ഞു തരട്ടെ? അമ്മയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു അദ്ദേഹം പറഞ്ഞപ്പോൾ അമ്മ അദ്ദേഹത്തോട് വിചിത്രമായൊരു ആവശ്യം പറഞ്ഞു. ഇനിയൊരു കുഞ്ഞിനെ അമ്മ പ്രസവിക്കില്ലെന്ന്. അതീ അമ്മയുടെ സ്വാർത്ഥതയായിരുന്നു. അയാളുടെ രക്തത്തിൽ ഒരു കുഞ്ഞുണ്ടായാൽ നിന്നെ അയാൾ അന്യയായി കണ്ടാലോ എന്നൊരു പേടി. ആ പാവം അതും സമ്മതിച്ചു. അന്നുതൊട്ട് ഈ നിമിഷം വരെ അദ്ദേഹം നമുക്ക് വേണ്ടിയാ ജീവിച്ചത്. സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവന്നിട്ടും ആരോടും ഒരു പരാതിയും പറയാതെ....
പക്ഷെ മോളെ, സ്വന്തമല്ലാത്ത അച്ഛനെ സ്വന്തം പോലെ സ്നേഹിക്കാൻ ഈ മക്കൾക്കും കഴിയാറില്ലെന്ന് അന്ന് എന്നോടാരും പറഞ്ഞുതന്നില്ല... കഴിയുമായിരുന്നില്ലെങ്കിൽ ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ വാക്കും കേട്ടു ഈ നെറികേട് നീയാ മനുഷ്യനോട് ചെയ്യില്ലായിരുന്നല്ലോ...നിങ്ങളുടെ ബന്ധത്തിനെ എതിർത്ത അച്ഛനെ ഒഴിവാക്കാൻ, അമ്മയെക്കൊണ്ട് അദ്ദേഹത്തെ വെറുപ്പിച്ചു നിന്റെ ഇഷ്ടത്തിന് നിർത്താൻ ഇത്രയും വളഞ്ഞ വഴി പറഞ്ഞു തന്ന അവന്റെ മുഖത്തടിച്ചു ഇറങ്ങി പോന്നേനെ നീ. പക്ഷെ മോളെ നീ.... "
പൊട്ടിക്കരയാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
അവൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
" ഇപ്പോൾ ഞാൻ നിന്നോടൊപ്പം നിൽക്കുന്നതും അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ്. ഈ സമയത്ത് നിന്നെ ഒറ്റപ്പെടുത്തിയാൽ നീ വല്ല കടുംകൈയ്യും ചെയ്യുമോ എന്ന് പേടിച്ചിട്ട്. പിന്നെ മോളെ, നിനക്ക് അദ്ദേഹത്തെ ഒഴിവാക്കാനാണെങ്കിൽ,നിന്റെ അമ്മയുടെ സ്നേഹം ഒറ്റക്ക് അനുഭവിക്കാനാണെങ്കിൽ, അദ്ദേഹം എങ്ങനെ വേണമെങ്കിലും ഒഴിഞ്ഞു പോകാൻ തയ്യാറാണെന്നു നിന്നോട് പറയാൻ പറഞ്ഞു. ഒരു പേടിയേയുള്ളു അദ്ദേഹത്തിന്. അച്ഛൻ കൂടിയില്ലാതിരുന്നാൽ നിന്നെ ചുറ്റിപറക്കുന്ന ആ കഴുകന്മാരിൽ നിന്ന് നിന്നെ രക്ഷിക്കാൻ ആരാണുണ്ടാവുക എന്ന്."
ഞാൻ പറഞ്ഞു തീർത്തപ്പോഴേക്കും കരഞ്ഞു കൊണ്ടു അവളെന്റെ കാലിലേക്ക് വീണിരുന്നു..
" അമ്മേ, എനിക്ക് തെറ്റുപറ്റി അമ്മേ. അരുൺചേട്ടൻ അങ്ങനെ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ.. അച്ഛൻ ഒരിക്കലും നമ്മുടെ ബന്ധം സമ്മതിക്കില്ലെന്നും സ്വന്തം അച്ഛനായിരുന്നെങ്കിൽ എന്റെ മനസ്സ് കണ്ടേനെ എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും അങ്ങനെ തന്നെ വിചാരിച്ചു പോയമ്മേ. പിന്നെ അരുൺചേട്ടൻ പറയുന്ന പോലെ ചെയ്തില്ലെങ്കിൽ എന്നേ ഒരിക്കലും സ്നേഹിക്കില്ലെന്നും എന്റെ ഫോട്ടോ നെറ്റിലിട്ട് നാണംകെടുത്തുമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ...ഞാൻ എവിടെയും വരാം. ഇപ്പോ തന്നെ പോകാം പോലീസുകാരോട് പറയാം ഞാൻ നുണപറഞ്ഞതാണെന്ന്. എന്റെ അച്ഛൻ പാവമാണെന്ന്."
ഞാനവളെ ചേർത്തണച്ചു.
" എനിക്കറിയാം മോളെ നിനക്കത്ര മോശമാകാനൊന്നും കഴിയില്ലെന്ന്. എന്റെ മോൾക്കൊരു തെറ്റുപറ്റിയാൽ ഞങ്ങളല്ലാതെ ആരാ ക്ഷമിക്കുക?നാളെ പൊലീസ് മോളുടെ മൊഴിയെടുക്കാൻ വരും അപ്പോ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞാൽ മതി. പിന്നെ മോളെ,നിനക്ക് ഞങ്ങളോട് പറയാരുന്നല്ലോ. ഇത്രയും ചെറിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാത്തവരാണ് ഞങ്ങൾ എന്ന് കരുതിയോ നീ. ഈ പ്രായത്തിൽ ആരോടും ആകർഷണം തോന്നാം അത് സ്വാഭാവികം. പക്ഷെ, അത് ജീവിതത്തെയോ പഠിപ്പിനെയോ ബാധിക്കുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്. എത്ര ദുരന്തങ്ങൾ കണ്മുന്നിൽ കണ്ടാലും നിന്റെ തലമുറ മനസ്സിലാക്കുന്നില്ലല്ലോ. "
അവളെ അശ്വസിപ്പിച്ചിട്ട് ഞാൻ വേഗം ഫോണെടുത്ത് പുറത്തേക്ക് നടന്നു. രമേശേട്ടനെ വിളിക്കണം. നടന്നതെല്ലാം പറയണം. അശ്വസിപ്പിക്കണം.. ലൈൻ ബിസിയാണ്.വെറുതെ ഫേസ്ബുക്കൊന്നു സ്ക്രോൾ ചെയ്തതാണ്. രമേശേട്ടന്റെ ഫോട്ടോ സഹിതം പോസ്റ്റുകൾ.
" പോക്സോ കേസ്, ഗവണ്മെന്റ് ഉദ്യോഗസ്ഥനായ രണ്ടാനച്ഛൻ കസ്റ്റഡിയിൽ. " ആരൊക്കെയോ ഷെയർ ചെയ്തിരിക്കുന്നു. പോസ്റ്റിനടിയിൽ കമെന്റുകളിൽ കൊലവിളികൾ കൂടി കൂടി വരുന്നു. ഈശ്വര, ഇതെങ്ങനെ... ചതിച്ചത് അവൻ തന്നെ ആവണം. ഈ വിവരം ചോർന്നത് സ്കൂളിൽ നിന്നാവുമോ അതോ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെയോ. എന്തായാലും കേട്ടപാടെ തെറിവിളിക്കുന്നവർ പലരും സത്യം തിരക്കാറില്ലല്ലോ. ഇവരാരും തന്നെ സത്യം അതായിരുന്നില്ല എന്ന് നാളെ അറിഞ്ഞാലും തിരുത്താരുമില്ലല്ലോ.
ഈശ്വര, എന്റെ രമേഷേട്ടൻ ഇത് കണ്ടിട്ടുണ്ടാവുമോ? വഴിയിൽ ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കുമോ? അദ്ദേഹം ഇങ്ങെത്തിയിരുന്നെങ്കിൽ പറയാമായിരുന്നു ഈ ലോകം മുഴുവൻ അദ്ദേഹത്തെ എതിർത്താലും ഞാൻ കൂടെയുണ്ടാവുമെന്ന്, ഇനിമുതൽ മോളും...
ഇരുളിന് കനം കൂടിവരുന്നതനുസരിച്ചു എന്റെ ആപത്ശങ്ക കൂടിക്കൂടി വരുന്നുണ്ട്.
ഞാൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ ഒരു മനുഷ്യൻ, അപമാനമേൽക്കുന്നതിലും ഭേദം മരണമാണെന്ന്‌ ചിന്തിച്ച ഒരു പാവം മനുഷ്യൻ , തൊട്ടടുത്ത റയിൽവെ പാളത്തിൽ പൊലീസ് ഇൻക്വസ്റ്റിനായി കാത്തു കിടപ്പുണ്ടെന്നറിയാതെ;ഞാൻ വിളിച്ചു കൊണ്ടേയിരുന്നു...
ജെയ്നി റ്റിജു

രണ്ടാനച്ഛൻ (കഥ)

ചിത കത്തിത്തീർന്നിരിക്കുന്നു. ഞാനിപ്പോഴും ഒരു മരവിപ്പിലാണ്. കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്? പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു. മരണം ഒരു ബസ്സപകടത്തിന്റെ രൂപത്തിൽ ഞങ്ങളെ വേർപെടുത്തിയിരിക്കുന്നു. ഇവിടെ കത്തിയമർന്നത് ഞങ്ങളുടെ സ്വപനങ്ങളും പ്രതീക്ഷകളും ആണല്ലോ.

" ദേ മനുഷ്യാ, നിങ്ങൾ മരിച്ചിട്ടേ ഞാൻ പോകൂ. ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ലെന്നു എനിക്കറിയാലോ. അല്ലെങ്കിലും ഈ മൂന്ന് പിള്ളേരെ നിങ്ങൾ ഒറ്റയ്ക്ക് എങ്ങനെ വളർത്തും. വലിയ വീരശൂരപരാക്രമികളാണെങ്കിലും ഇതിനൊക്കെ ആണുങ്ങൾക്ക് കൂട്ടുവേണം. "

അവളുടെ പൊട്ടിച്ചിരിയോടൊപ്പം വാക്കുകളും എനിക്ക് ചുറ്റും മുഴങ്ങുന്നത് പോലെ.
എന്നിട്ട്, നീയിപ്പോ എന്താ ചെയ്തേ? നീയില്ലാതെ ഞാനെങ്ങനാ ദേവൂ..... ദേവൂ.....

എനിക്കൊന്ന് അലറണമെന്ന് തോന്നി. ഒരു ഭ്രാന്തനെപ്പോലെ.

തോളിൽ ആരുടെയോ കൈ പതിഞ്ഞതുപോലെ തോന്നിയപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു. മഹേഷാണ്. പെങ്ങളുടെ ഭർത്താവ്.
" അളിയാ, ഒന്ന് എണീറ്റുവാ. എത്ര നേരമായി ഇവിടെ. പോയവർ പോയി. കുട്ടികൾക്ക് കൂടെ ധൈര്യം കൊടുക്കേണ്ടത് അളിയനല്ലേ? വന്നൊന്ന് കുളിക്കു. എന്നിട്ട് വല്ലതും കഴിക്ക്. ഇന്നലെ തൊട്ട് ജലപാനം നടത്തിയിട്ടില്ലല്ലോ. അളിയൻ വരാതെ ഒന്നും കഴിക്കില്ലെന്ന് വാശിയിലാണ് അനുമോൾ. കണ്ണനും അമ്മുവിനും പിന്നെ കൊടുത്തു. അവർ കൊച്ചു കുട്ടികളല്ലേ അവർക്കെന്തറിയാം..

അവൻ പറയുന്നത് കേട്ടപ്പോൾ യാന്ത്രികമായി അവനോടൊപ്പം നടന്നു. ശരിയാണ്. താനിതുവരെ കുട്ടികളെക്കുറിച്ചോർത്തില്ലല്ലോ. അവർക്കിനി ഞാൻ മാത്രമല്ലെ ഉള്ളു.

അകത്തു അനുമോൾ കരഞ്ഞു തളർന്നിരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേർത്തു പിടിച്ചപ്പോൾ അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു. കരയട്ടെ. അങ്ങനെ എങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ. പിന്നെ വിളിച്ചു കൊണ്ടു പോയി ഭക്ഷണം കൊടുത്തു. ഞാനും കഴിച്ചെന്നു വരുത്തി. മക്കളെ മൂന്നിനേയും ചേർത്തു പിടിച്ചു കിടന്നു; ഉറങ്ങാൻ കഴിയുമോ എന്നറിയില്ല എന്നാലും..

പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ അനുമോൾ അടുത്തുണ്ടായിരുന്നില്ല. അടുക്കളയിൽ മറ്റുള്ളവരോടൊപ്പം കണ്ടു. എന്തൊക്കെയോ അവർ ചോദിക്കുന്നു. അവളെല്ലാം എടുത്തു കൊടുക്കുന്നു. ഇടയ്ക്കു പോയി കുട്ടികളെ എഴുന്നേൽപ്പിച്ചു കുളിക്കാൻ പറഞ്ഞു വിടുന്നത് കണ്ടു. അവൾക്ക് പെട്ടെന്നൊരു ഉത്തരവാദിത്തം വന്ന പോലെ.
വല്യമ്മാവൻ വിളിക്കുന്നു എന്ന് മഹേഷ്‌ വന്നുപറഞ്ഞപ്പോൾ ഞാനെണീറ്റ് ഉമ്മറത്തേക്ക് നടന്നു. അവിടെ അമ്മയും അമ്മാവന്മാരും സുരഭിയും മഹേഷും എല്ലാവരും കൂടിയിരിക്കുന്നു. സംസാരിച്ചിരുന്നത് എന്തോ എന്നെ കണ്ടപ്പോൾ മുറിഞ്ഞു.

" മോനെ, നിന്നോട് എങ്ങനെ പറയണം എന്നറിയില്ല, പക്ഷെ, പറയാതിരിക്കാൻ കഴിയില്ലല്ലോ. "
തുടങ്ങിയത് ചെറിയമ്മാമയാണ്.

" അനുമോൾടെ കാര്യത്തിലൊരു തീരുമാനം എടുക്കണ്ടേ? "

" എന്ത് തീരുമാനം? "
ഞാൻ ചോദ്യഭാവത്തിൽ ചെറിയമ്മാമയെ നോക്കി.

" അല്ല, ദേവൂന്റെ അടക്കത്തിന് ഉദയൻ വന്നിരുന്നു. നീ ആകെ വിഷമത്തിലായതുകൊണ്ട് പിന്നെ വന്നുകണ്ടോളാമെന്നു പറഞ്ഞിട്ടാ പോയത്. "

ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. ഉദയൻ ' ദേവൂന്റെ ആദ്യഭർത്താവ്. എന്റെ അനുമോളുടെ അച്ഛൻ... അവൾക്ക് ഒരുവയസ്സുള്ളപ്പോൾ പിരിഞ്ഞതാണ് അവർ. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഉദയനും വേറെ വിവാഹം കഴിച്ചു. പിന്നീടിതേവരെ ഒരു കോൺടാക്ട് ഉണ്ടായിട്ടില്ല. അതായിരുന്നു ഡിവോഴ്‌സിന്റെ സമയത്തു ദേവികയുടെ ആവശ്യവും.

ഉദയൻ ഒരു ശുദ്ധനായിരുന്നു. സമാധാനപരമായ ഒരു ജീവിതം തന്നെയായിരുന്നു അവരുടേത്, അനുമോൾ ജനിക്കുന്നത് വരെ. അവളുടെ ജനനത്തോടെ എല്ലാം തകിടം മറിഞ്ഞു. അനുമോളുടെ ജാതകം കുടുംബത്തിന് ദോഷമാണെന്നുള്ള ഏതോ ജ്യോൽസ്യപ്രവചനം.
ഉദയാണുണ്ടായ ചെറിയ അപകടവും ബിസിനസിലുണ്ടായ ക്ഷീണവും കുഞ്ഞിന്റെ ജാതകത്തോട് കൂട്ടിവായിക്കപ്പെട്ടു. ഉദയന്റെ അമ്മയുടെ അതിരുകവിഞ്ഞ അന്ധവിശ്വാസവും അതിനു തീവ്രത കൂട്ടി. കുഞ്ഞിന് നേർക്കുള്ള ശാപവാക്കുകളും അവഗണനയും കൂടിക്കൂടി അവസാനം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാവുമെന്ന സ്ഥിതി വന്നപ്പോൾ ദേവു കുഞ്ഞുമായി ആ പടിയിറങ്ങി. ഇനിയൊരിക്കലും തേടിവരരുതെന്ന കണ്ടിഷനിൽ പിരിയുമ്പോൾ അത് അവർക്കും ആശ്വാസം ആയിരുന്നു. കുഞ്ഞിന്റെ ദൃഷ്ടി പോലും ആ തറവാട്ടിൽ പതിയരുതല്ലോ.

ദേവികക്ക് കാര്യമായി ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ സഹപ്രവർത്തകയായിരുന്ന ദേവികയെ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് സ്വീകരിച്ചത്. ആ കുഞ്ഞിനെ സ്വന്തം മകളായി അംഗീകരിച്ചു കൊണ്ട്, വീട്ടുകാരെപ്പോലും അതിനു മനസ്സൊരുക്കിക്കൊണ്ട്. അന്നുതൊട്ടിന്നുവരെ അവളെ ആരും അറിയിച്ചിട്ടില്ല, ഞാനൊരു വളർത്തച്ഛനാണെന്ന്. മറ്റൊരു കുട്ടിയായി എന്റെ വീട്ടിൽ ആരും കണ്ടിട്ടുമില്ല.

എനിക്ക് ദേവികയിലുണ്ടായ രണ്ടു മക്കൾക്കും അറിയില്ല, അവരുടെ ചേച്ചിക്ക് മറ്റൊരച്ഛനുണ്ടെന്ന്...

" അശോകാ, ഉദയൻ വരാമെന്നു പറഞ്ഞത് വെറുതെ നിന്നെ കാണാനല്ല. അനുമോളെ കൊണ്ടുപോകാനാ.. ?

വല്യമ്മാവൻ എന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്.
" അനുമോളെ.. കൊണ്ടുപോകുകയോ? എന്തിന്?"

എന്റെ ശബ്ദം അറിയാതെ ഉയർന്നു.

" അശോകാ, നീ ഒന്നും മനസ്സിലാവാത്തത് പോലെ സംസാരിക്കരുത്. ദേവിക ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് നിനക്ക് അവളുടെ കുഞ്ഞിൽ അവകാശമുള്ളൂ. ഇപ്പോൾ ദേവിക ഇല്ല. നീയാരാ അനുമോളുടെ? അവളുടെ അച്ഛൻ ജീവനോടെ ഇരിക്കുമ്പോൾ, അയാൾക്ക് അവളെ വേണമെന്ന് തോന്നിയാൽ വിട്ടുകൊടുക്കേണ്ടിവരും. "

ചെറിയമ്മാവനും ചെറുതായി ദേഷ്യം വന്നു.
" അയാൾക്ക് അവളെ കൊണ്ടുപോകാൻ നിന്റെ സമ്മതം വേണ്ടിവരില്ല. ഒരു കോടതിയും നിന്റെ കൂടെ അവളെ അയക്കാൻ പറയില്ല. "

ഞാൻ തകർന്നു നിലത്തേക്കിരുന്നു. അതു കണ്ടിട്ടാവണം 'അമ്മ അടുത്ത് വന്നിരുന്നത്.

" മോനെ, കാര്യം അവളുടെ നമ്മുടെ കുട്ടി തന്നെയാ. രണ്ടായി കണ്ടിട്ടില്ല ഈ വീട്ടിൽ ആരും ഇതുവരെ. എന്നുവെച്ചു സത്യം സത്യല്ലാണ്ടാവോ? നീ കുട്ടിയോട് നല്ല രീതിയിലല്ല പെരുമാറുന്നെന്ന്‌ ഒരു കംപ്ലയിന്റ് പോയാൽ പിന്നെ.... കാലം വളരെ മോശമല്ലേ മോനെ?. "

എനിക്ക് മറുപടിയുണ്ടായില്ല.

" അനുമോൾക്ക് കുഴപ്പമുണ്ടാവില്ല. എത്രയായാലും കൊണ്ടുപോകുന്നത് അച്ഛനല്ലേ. പിന്നെ കണ്ണനും അമ്മുവും. അവരെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം. അല്ലെങ്കിലും അവർ കുട്ടികളല്ലേ. വേഗം അഡ്ജസ്റ്റ് ആവും. പിന്നെ, ഇടയ്ക്കു അവരെ കൊണ്ടുപോയി കാണിക്കുകയും ചെയ്യാമല്ലോ. "

പറഞ്ഞത് മഹേഷാണ്. ബാക്കിയുള്ളവരുടെ മുഖത്തൊക്കെ അത് ശരിവെക്കുന്ന ഭാവം. അപ്പോൾ അവർ ഏതാണ്ട് തീരുമാനം ഒക്കെ ആയിട്ടുണ്ട്.

ഞാനൊന്നും മിണ്ടാതെ എഴുന്നേറ്റു പോന്നു. ചങ്കുപൊടിയുന്നുണ്ടെനിക്ക്. ഞാൻ 12 വർഷം എന്റെ മകളായി വളർത്തിയ കുഞ്ഞ്. അവളെ പെട്ടെന്നങ്ങു വിട്ടുകൊടുക്കണമെന്നൊക്കെ പറഞ്ഞാൽ... നടക്കില്ല. ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ.. എന്നിട്ടിപ്പോ അയാൾക്ക് മകൾ എന്നോടൊപ്പം സേഫാണോ എന്ന് സംശയം പോലും. വിട്ടുകൊടുക്കില്ല ഞാൻ.. ഒരു കാരണവശാലും വിട്ടുകൊടുക്കില്ല.... ഞാൻ പുലമ്പിക്കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉദയൻ എന്നെ ഫോണിൽ വിളിച്ചു. അനുമോളെ കൊണ്ടോവാൻ എന്നാണ് വരേണ്ടത് എന്നറിയാൻ. എനിക്ക് സഹിക്കാൻ കഴിയാത്ത ദേഷ്യമാണുണ്ടായത്. വായിൽ വന്നതെല്ലാം പറഞ്ഞു.

ഉദയൻ കൂടുതലൊന്നും പറഞ്ഞില്ല.
" ഈ ഞായറാഴ്ച ഞാൻ വരും. അന്ന് നിങ്ങൾ മോളെ എന്നോടൊപ്പം അയച്ചില്ലെങ്കിൽ പിന്നെ ഞാൻ വരുന്നത് പോലീസുമായിട്ടായിരിക്കും. "

അപ്പോൾ തന്നെ മഹേഷിനെയും ചെറിയമ്മാമയെയും വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ അവനെ പേടിക്കേണ്ട കാര്യമെന്താ എനിക്ക്. അവൻ വരട്ടെ പൊലീസോ പട്ടാളമോ എന്തായാലും എനിക്ക് വിഷയമല്ല. പക്ഷെ, ഞാൻ പ്രതീക്ഷിച്ച സപ്പോർട്ടൊന്നും അവരുടെ സംസാരത്തിൽ ഉണ്ടായില്ല.. വെറുതെ ഒരു കേസിനും വഴക്കിനും പോകുന്നതെന്തിനാ, അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. പിന്നെ വളർന്നു വരുന്നൊരു പെൺകുട്ടിയാണ്. എന്തിനാ ഒരു അധിക ബാധ്യത ഏറ്റെടുക്കുന്നത് എന്നൊക്കെയായിരുന്നു അവരുടെ മറുപടി.

ഇതിനോടകം മോൾക്ക് എന്തൊക്കെയോ മനസ്സിലായ പോലെ. അവളോട്‌ ആരൊക്കെയോ സൂചിപ്പിച്ചു കാണണം. എപ്പോഴും എന്തൊക്കെയോ ആലോചിച്ചിരുന്നു, അമ്മയെ ദഹിപ്പിച്ച സ്ഥലത്തിരുന്നു കരയുന്നു.. എന്റെ അമ്മയും പെങ്ങളും അമ്മായിമാരുമെല്ലാം അവളെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നൊരു സംശയം. എന്റെ മക്കൾക്ക് കിട്ടുന്ന പരിഗണന അവൾക്കിവിടെ കിട്ടുന്നില്ലെന്ന് തോന്നി.
ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞു ഞാനെന്തിനാ അവളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്? അവളെന്റെ സ്വന്തം പേരക്കുട്ടിയൊന്നും അല്ലല്ലോന്നു. മനുഷ്യർ എത്ര പെട്ടെന്നാണ് മാറുന്നത്. അനുമോളെന്റെ വീട്ടിൽ കിടന്നു വല്ലാതെ ശ്വാസം മുട്ടുന്നപോലെ.

ശനിയാഴ്ച വൈകിട്ട് ഞാനാകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു.നാളെ ഉദയൻ വരും. മോളോട് ഞാനിതുവരെ അതേപ്പറ്റി സംസാരിച്ചിട്ടില്ല. എന്റെ ദേവു. ആത്മാവ് എന്നൊന്ന് സത്യമാണെങ്കിൽ അത് വേദനിക്കുന്നുണ്ടാവും തീർച്ച. ഞാൻ നെഞ്ചുതിരുമ്മി.

പെട്ടെന്നാരോ വാതിൽ തുറന്നു അകത്തേക്ക് വന്നു. അനുമോളാണ്.

" അച്ഛാ.. "
ഞാനൊന്ന് നടുങ്ങിയതായി തോന്നി. ഒരുപക്ഷെ ഇത് അവൾ അവസാനമായി വിളിക്കുന്നതാവാം അച്ഛനെന്നു. നാളെ മുതൽ ആ വാക്കിന് മറ്റൊരു അവകാശിയുണ്ട്, യഥാർത്ഥ അവകാശി.

" നാളെ എന്നെ കൊണ്ടോവാൻ വരുന്നുണ്ടല്ലേ? "

" ആരു? "
അറിയാതെയോ ആകാംക്ഷ കൊണ്ടോ എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

" അയാൾ, എന്റെ അമ്മയുടെ ആദ്യഭർത്താവ്..
" മോളേ, അത് നിന്റെ അച്ഛനാണ്. "
ഞാൻ അവളുടെ തോളിൽ കൈ അമർത്തി.

" ആണോ, എനിക്കറിയില്ലത്. എനിക്ക് ആകെ അറിയാവുന്ന അച്ഛൻ ഇതാണ്. ഇതാണ് എന്നെ വളർത്തിയ, എന്നെ സ്നേഹിച്ച എന്റെ അച്ഛൻ. "
അവളെന്റെ നെഞ്ചിൽ മുഖമമർത്തി.

എനിക്ക് ഒരേസമയം അഭിമാനവും അഹങ്കാരവും തോന്നി. പതിനാലു വയസ്സുകാരിയായ എന്റെ മകൾഇന്നലെ വരെ എന്നോട് കൊഞ്ചി, ചോറുണ്ണുമ്പോൾ ഒരു ഉരുളയ്ക്ക് വാശിപിടിച്ചിരുന്നവൾ; ഇപ്പോൾ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്.

" അച്ഛാ, കഥകളൊക്കെ എനിക്കറിയാം. അന്ന് ഞാനയാൾക്ക് നശിച്ച ജന്മമായിരുന്നു.

എന്റെ നിഴൽവെട്ടം പോലും അയാൾക്കും കുടുംബത്തിനും ദോഷമായിരുന്നു. ഇപ്പോഴെങ്ങനെയാ അച്ഛാ ഞാൻ നല്ലതായത്? എന്റെ ജാതകദോഷം മാറിയോ? അതോ ഇപ്പോൾ അയാൾക്ക് അതിലൊന്നും വിശ്വാസമില്ലാതായോ? "

അവൾ കിതക്കുന്നുണ്ടായിരുന്നു. അവൾക്ക് ഇതെല്ലാം അറിയാമായിരുന്നെന്നോ . എന്റെ ദേവു അവളോട്‌ എല്ലാം പറഞ്ഞു കൊടുത്തിരുന്നോ? ഇങ്ങനെ ഒരു ദിവസം അവളുടെ ജീവിതത്തിൽ ഉണ്ടാകുമെന്നു ദേവു കണക്കുകൂട്ടിയിരുന്നോ? അറിയില്ല.

" അച്ഛാ, അച്ഛമ്മ എന്നോട് പറഞ്ഞു, അർഹതയില്ലാത്തത് സ്വീകരിക്കുന്നതെന്തും മറ്റുള്ളവന്റെ ഔദാര്യമാണെന്ന്. ഭിക്ഷയാണെന്ന്.

അച്ഛമ്മ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. പക്ഷെ അച്ഛാ, എന്റെ യഥാർത്ഥ അച്ഛനെന്നു പറയുന്ന ആളും മറ്റൊരു കല്യാണം കഴിച്ചതാണ്. അവർക്ക് വേറെ കുട്ടികളുമുണ്ട്. അവിടെ ഞാൻ സ്വീകരിക്കേണ്ടതും ഇതേ ഭിക്ഷ തന്നെയാവില്ലേ അച്ഛാ. അതിലും എത്രയോ ഭേദമാണ് എനിക്കിവിടെ. എന്റെ അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഒപ്പം. "

കരഞ്ഞു പോയിരുന്നു അപ്പോഴേക്കും അവൾ. എന്തോ പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ടവൾ തുടർന്നു.

" അച്ഛാ, എനിക്കറിയാം, എന്നെ പോലൊരു പെൺകുട്ടി എല്ലാവർക്കും ഒരു ബാധ്യത തന്നെയാണെന്ന്. എന്നെ ഇനി പഠിപ്പിക്കേണ്ട. കല്യാണവും കഴിച്ചു വിടണ്ട. ഞാനിവിടെ അച്ഛന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കിക്കഴിഞ്ഞോളാം. ഒരു വേലക്കാരിയായിട്ടാണെങ്കിൽ അങ്ങനെ. എന്നാലും എന്നെ പറഞ്ഞു വിടരുത്. ഏത് കോടതിയിലും ഞാൻ പറഞ്ഞോളാം ഇതെന്റെ രണ്ടാനച്ഛനല്ല, ഇതാണ് എന്റെ ' അച്ഛനെന്ന്'. എന്നെ ഞാനാക്കിയ എന്റെ അച്ഛൻ. ഇനി എന്നെ ഇവിടെ നിർത്താൻ ഇഷ്ടമില്ലെങ്കിൽ വല്ല അനാഥാലയത്തിലും കൊണ്ടുവിട്ടോളു. എന്നാലും ആ വീട്ടിലേക്ക് എന്നെ വിടല്ലേ അച്ഛാ... "

പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാൽക്കലേക്കിരുന്നപ്പോൾ വാരിയെടുത്തു ഞാൻ നെഞ്ചോടു ചേർത്തു ഞാൻ ഉമ്മറത്തേക്ക് നടന്നു. അവിടെ കൂടിയിരുന്നവരുടെ മുന്നിലേക്ക് അവളെ നീക്കി നിർത്തി.

" എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്. ഇതെന്റെ മകളാണ്. ഇവിടെ നിന്നു പോകണമെന്ന് ഇവളായിട്ട് പറയാത്തിടത്തോളം ഇവളെ ഞാനെങ്ങോട്ടും പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ പോരാടും. ഇവളെ കൊണ്ടോവാനായിട്ട് നാളെ ഇങ്ങോട്ട് വരണമെന്നില്ല എന്ന് അയാളോട് വിളിച്ചു പറഞ്ഞേക്ക്. "

ഇത്രയും പറഞ്ഞു തിരിച്ചു നടക്കുമ്പോൾ ഞാൻ കാണുകയായിരുന്നു എന്റെ മകളുടെ കണ്ണിലെ തിളക്കം. അതോരു വിശ്വാസത്തിന്റെതാണ്. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് അച്ഛനായയാളോടുള്ള വിശ്വാസത്തിന്റെ. ഇതിൽ അധികം എന്ത് പ്രതിഫലമാണ് എനിക്ക് വേണ്ടത്?

*ജെയ്‌നി റ്റിജു*

മീരച്ചേച്ചി

Image may contain: Jainy Tiju, smiling, outdoor
പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി. ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി. സാമാന്യം നല്ല സുന്ദരിയാണെങ്കിലും ഇരുപത്തൊൻപത് വയസ്സായിട്ടും ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ അപസ്മാരം വരുന്നു എന്നതായിരുന്നു കല്യാണം നടക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം. വന്ന ആലോചനകളെല്ലാം ഈ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ പിന്നെ ചേച്ചി തന്നെ തീരുമാനിച്ചത്രെ ഇനി വിവാഹം വേണ്ടെന്ന്.
സനീഷേട്ടനായുള്ള അടുപ്പം അറിഞ്ഞപ്പോൾ തന്നെ കൂട്ടുകാരൊക്കെ പറഞ്ഞതും ചേച്ചി നിങ്ങൾക്കൊരു ബാധ്യതയാവും എന്ന് തന്നെയാണ്. അവിവാഹിതയായ ഒരു പെണ്ണ് വീട്ടിലുള്ളത് സന്തോഷകരമായ ഒരു ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന്. ഞാനിത് പലപ്പോഴും ഏട്ടനോട് സൂചിപ്പിച്ചതുമാണ്. എന്തുകൊണ്ടോ ഏട്ടനും ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ല. ഒരു സ്ഥിരജോലിയില്ലാത്ത സനീഷേട്ടൻ അടക്കം ചേച്ചിയുടെ ചെലവിലാണ് ജീവിക്കുന്നത് എന്നൊരു ധാർഷ്ട്യം ചേച്ചിക്കുണ്ട് എന്ന് പലപ്പോഴും ഏട്ടൻ പറഞ്ഞിട്ടുമുണ്ട്.
അതെല്ലാം കൊണ്ട് തന്നെയാവണം മനസ്സുകൊണ്ട് ചേച്ചിയെ അംഗീകരിക്കാൻ എനിക്ക് കഴിയാതെ പോയത്.
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു സനീഷേട്ടനുമായുള്ള അടുപ്പം എന്റെ വീട്ടിൽ അറിയുന്നതും പ്രശ്നമായതും. ഞാൻ കോളേജിൽ പോകുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു സനീഷേട്ടൻ. ജാതിയിലും സാമ്പത്തികത്തിലും ഞങ്ങളെക്കാൾ താഴ്ന്ന സനീഷേട്ടനെ അംഗീകരിക്കാൻ എന്റെ കുടുംബത്തിനായില്ല. ഒടുവിൽ എല്ലാവരെയും വേദനിപ്പിച്ചു ഇറങ്ങിപ്പോരേണ്ടി വന്നു. പോലീസ് സ്റ്റേഷനിൽ വെച്ചു അച്ഛനും അമ്മയും ചങ്കുപൊട്ടി കരഞ്ഞിട്ടും എന്റെ മനസ്സിളകിയില്ല. ഇനി ഞങ്ങൾക്കിങ്ങനൊരു മകളില്ല എന്ന് ശപിച്ചിട്ടാണ് അവർ ഇറങ്ങിപ്പോയത്. ഈ വേദനയിലും ഞാൻ സനീഷേട്ടന്റെ ആയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ.
രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏട്ടന്റെ വീട്ടിലേക്ക് കയറിയപ്പോൾ അമ്മയും അച്ഛനും വിളക്കെടുത്തു സ്വീകരിച്ചു എന്നെ. പക്ഷേ, ചേച്ചി. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് പുച്ഛത്തോടെയാണ് ചോദിച്ചത്, " എന്ത് കണ്ടിട്ടാണെടി സ്ഥിരമായി ഒരു വേലയും കൂലിയുമില്ലാത്ത ഇവന്റെ കൂടെ ഇറങ്ങിപ്പോന്നത്? " എന്ന്.
" ഞാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഞാൻ പോറ്റിക്കോളാം, നീ അതോർത്തു വിഷമിക്കണ്ട. " എന്ന് മറുപടി പറഞ്ഞ് ഏട്ടൻ എന്റെ മാനം രക്ഷിക്കുകയായിരുന്നു.അവിടെ ഞാനുറപ്പിച്ചു ഞാനെന്ന പെണ്ണിന്റെ ശത്രു അവർ തന്നെയാണെന്ന്.
പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു. മുഴുവൻ സമയം കറങ്ങിനടക്കലും കളിചിരികളുമായി. സ്നേഹമുള്ള അമ്മയും ആരെയും നോവിക്കാത്ത അച്ഛനും. ചേച്ചി മാത്രം അധികം അടുപ്പത്തിന് നിന്നില്ല. ഞങ്ങൾ അങ്ങോട്ടും.
പിന്നെ ഏട്ടന് ജോലിക്ക് പോകാനൊന്നും വലിയ താല്പര്യം കണ്ടില്ല. ഒരിക്കൽ, ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നതിനെചൊല്ലി ചേച്ചിയുമായി തർക്കം ഉണ്ടായി.
" നിനക്കൊരു കുടുംബം ഇല്ലാത്തതിന്റെ നിരാശയല്ലേടി നീയീ കാണിക്കുന്നത്? നിനക്ക് സൂക്കേട് വന്ന് കല്യാണം കഴിക്കാൻ പറ്റാത്തതിന് ഞങ്ങളുടെ മെക്കിട്ട് കേറാൻ വരുന്നതെന്തിനാ? " എന്ന് ഏട്ടൻ ചേച്ചിയോട് ചോദിച്ചു. ഏട്ടന്റെ വാക്കുകളേക്കാൾ ചേച്ചിയെ വേദനിപ്പിച്ചത് അമ്മയുടെ മൗനമാണെന്നു തോന്നി. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ ചേച്ചി അവരുടെ ഹോസ്റ്റലിലേക്ക് താമസം മാറി. അതിൽ ഞങ്ങൾക്കാർക്കും വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല. . മകനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അമ്മ മകളെ തടയാൻ ശ്രമിച്ചില്ല. പക്ഷേ, അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എല്ലാവരും നിർബന്ധിച്ചു ഒരു ബസിൽ പണിക്ക് കേറ്റിയെങ്കിലും മുതലാളിയുമായി വഴക്കുണ്ടാക്കി അവിടെ നിന്നും പോന്നു. ആ ഒരൊറ്റ പ്രശ്നം മൂലം മറ്റു ബസ് ഉടമകളും ജോലി കൊടുക്കാതെയായി. പണത്തിനു ബുദ്ധിമുട്ട് വന്നപ്പോൾ മുതൽ ഞാൻ അതുവരെ കാണാത്ത മറ്റൊരേട്ടനെ കണ്ടു തുടങ്ങുകയായിരുന്നു ഞാൻ. കൂട്ടുകെട്ട് അത്ര ശരിയല്ല എന്ന് കേൾക്കുന്നുണ്ടായിരുന്നു. സ്ഥിരം കുടി തുടങ്ങി. ഇതിനുള്ള പണം എവിടെ നിന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം കിടപ്പറയിൽ മർദ്ദനമായിരുന്നു. അച്ഛനും അമ്മയും പോലും വിവരം അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പോകെപ്പോകെ റൂമിനകത്തെ ബഹളം പുറത്തും അറിഞ്ഞു തുടങ്ങി. തടയാൻ വരുന്ന അമ്മയെയും അച്ഛനെയും അസഭ്യം പറഞ്ഞു. ഈ ഇരുപത്തിഅഞ്ചു വയസ്സിനുള്ളിൽ വിവാഹം കഴിക്കേണ്ടി വന്നത് ഒരു ബാധ്യത ആയെന്നും അതിനു കാരണക്കാരി ഞാൻ ആണെന്നും പറഞ്ഞായിരുന്നു മിക്കപ്പോഴും അടി. ഇവിടെ അടി കണ്ടു തടയാൻ വരുന്ന അയൽക്കാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയാൻ തുടങ്ങിയതോടെ അവരും ഇടപെടാൻ വരാതെയായി.ആരോടും പരാതി പറയാതെ ഞാനെല്ലാം സഹിച്ചു. എല്ലാം ഞാൻ തന്നെ വരുത്തിവെച്ചതാണല്ലോ. എന്റെ പൊന്നുപോലെ വളർത്തിയ എന്റെ കുടുംബത്തെ വേദനിപ്പിച്ചതിനു ഈശ്വരൻ തരുന്ന ശിക്ഷയായി എല്ലാം സഹിക്കുകയായിരുന്നു ഞാൻ. ഡാഡിയോടും മമ്മിയോടും ചേട്ടനോടും ഒന്ന് മാപ്പു പറയണം എന്ന് പലപ്പോഴും വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവരെ കാണാൻ പോകാനുള്ള ധൈര്യം വന്നില്ല. എന്റെ സ്ഥിതി കഷ്ടമാണെന്നു വീട്ടിൽ അറിയിച്ച സുഹൃത്തിനോട് അവളവിടെക്കിടന്നു മരിച്ചാലും ഞങ്ങളെ അറിയിക്കരുത് എന്നവർ പറഞ്ഞു എന്ന് കേട്ടപ്പോൾ പ്രത്യേകിച്ചും. അവരെ കുറ്റം പറയാനാവില്ലല്ലോ. അത്രക്കുണ്ടല്ലോ ഞാനവർക്ക് ഉണ്ടാക്കികൊടുത്ത അപമാനവും വേദനയും. അതിനിടയിൽ അച്ഛനും അമ്മയും വിദേശത്തുള്ള ഏട്ടന്റെ അടുത്തേക്ക് പോയെന്ന് അറിഞ്ഞു. അതോടെ എന്തൊക്കെ സംഭവിച്ചാലും ഓടിച്ചെല്ലാൻ എനിക്ക് മറ്റൊരു ആശ്രയം ഇല്ലെന്നായി. വല്ലപ്പോഴും വീട്ടിൽ വരുന്ന ചേച്ചി ഒന്നിലും ഇടപെടാതെ ചെലവിനുള്ള പണം അമ്മയെ ഏല്പിച്ചു തിരിച്ചു പോയി..അല്ലെങ്കിലും ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടരുതെന്ന് ഞങ്ങൾ തന്നെയാണല്ലോ ചേച്ചിയോട് പറഞ്ഞതും.
അതിനിടക്ക് ഞാൻ ഗർഭിണിയായി. പിന്നെ കുഞ്ഞിനെ നശിപ്പിക്കണമെന്നു പറഞ്ഞായി വഴക്ക്. പൈസയില്ലാത്തപ്പോൾ അതിനെക്കൂടെ വളർത്തുന്നതെങ്ങനെ എന്നായി ചോദ്യം. പക്ഷേ എനിക്കതിനു വയ്യായിരുന്നു. കണ്ട സ്വപ്നങ്ങളെല്ലാം പൊലിഞ്ഞുപോയ എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു കുഞ്ഞെങ്കിലും വേണമായിരുന്നു. പിന്നീട് ഗർഭിണിയാണെന്ന് പോലും നോക്കാതെ ഉപദ്രവം തുടങ്ങി. വല്ലപ്പോഴും വരുന്ന ചേച്ചി, എന്നോടധികം സംസാരിക്കാറില്ലെങ്കിലും ചിലവിനു കൊടുക്കുന്ന പണത്തോടൊപ്പം എന്റെ മരുന്നുകൾക്കുള്ള തുകകൂടി അമ്മയെ ഏല്പിക്കാറുണ്ടെന്നു എനിക്കറിയാരുന്നു.
ഒരു ജോലി ഉണ്ടായാൽ ഏട്ടന്റെ സ്വഭാവം മാറും, ഇപ്പോൾ പൈസയുടെ ബുദ്ധിമുട്ട് കൊണ്ടുള്ള നിരാശയാണ് എന്നായി അച്ഛനും അമ്മയും. എന്റെ ദേഹത്തുണ്ടായിരുന്ന ചില്ലറ സ്വർണം എല്ലാം വിറ്റ് ഒരു ഓട്ടോ വാങ്ങിക്കൊടുത്തു. പൈസ ആവശ്യത്തിന് കയ്യിൽ വന്നു തുടങ്ങി. പക്ഷെ, ഏട്ടന്റെ സ്വഭാവം കൂടുതൽ മോശമാവുകയാണുണ്ടായത്. മദ്യം മാത്രമല്ല കഞ്ചാവും ഉണ്ടെന്നു അച്ഛൻ പറയുന്നത് കേട്ടു. എത്ര ഓട്ടം കിട്ടിയാലും ഒരു രൂപ പോലും വീട്ടിലെത്താതായി. എന്നോടുള്ള ഉപദ്രവവും കൂടിക്കൂടി വന്നു.
ഏത് നിമിഷവും അവസാനിച്ചേക്കുമെന്നു പേടിയുള്ള ഒരു ജീവനും വയറ്റിലിട്ടു കഴിച്ചു കൂട്ടിയ ദിവസങ്ങൾ. പലരെയും കൊണ്ട് ഉപദേശിപ്പിച്ചു നോക്കിയിട്ടും ഫലമില്ലെന്നു കണ്ടപ്പോൾ അച്ഛനാണ് പറഞ്ഞത് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാമെന്ന്. അപ്പോഴും എനിക്ക് പേടിയായിരുന്നു, ഇത് കൂടുതൽ പ്രശ്നമാകുമോ എന്ന്. പക്ഷേ, അച്ഛൻ നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെ അമ്മയും സമ്മതിച്ചു. "ദേഹോപദ്രവം ഒന്നും ചെയ്യണ്ട, ഒന്നു പേടിപ്പിച്ചാൽ മതി. ഒരു നിവർത്തിയുമില്ലാഞ്ഞിട്ടാ സാറെ " എന്നു പറഞ്ഞ് അച്ഛൻ കൈകൂപ്പിയപ്പോൾ തോളത്തു തട്ടി ആശ്വസിപ്പിച്ചാണ് സാർ അച്ഛനെ പറഞ്ഞുവിട്ടത്. പക്ഷേ അതിത്ര വലിയ പ്രശ്നമാകുമെന്നു അച്ഛൻ പോലും കരുതിയില്ല.
പോലീസ് സ്റ്റേഷനിൽ വിളിച്ചു ശാസിച്ചത് കൂട്ടുകാർക്കിടയിൽ വലിയ നാണക്കേടായത്രേ. ഇനി പോലീസ് സ്റ്റേഷനിൽ കേറുന്നുണ്ടെങ്കിൽ അത് നിന്നെ കൊന്നിട്ടാവുമെന്ന് പറഞ്ഞായിരുന്നു കയറിവന്നത്. വലിച്ചിഴച്ചു റൂമിൽ ഇട്ടു കതകടച്ചു മർദ്ദനം തുടങ്ങി. എന്റെ കരച്ചിൽ കേട്ടു അച്ഛനും അമ്മയും അമ്മയും വാതിലിൽ വന്നു കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു. കഴുത്തിൽ പിടിച്ചു അമർത്തിയപ്പോൾ ജീവൻ പോകുമെന്ന് തോന്നിയ നിമിഷത്തിലാണ് അയാളെ തള്ളിയിട്ടു വാതിൽ തുറന്നു ഞാൻ പുറത്തേക്കോടിയത്. പുറകെ ഓടിയെത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ ഇടയിൽ കയറിയ അച്ഛനെ ശക്തമായി പിടിച്ചു തള്ളിയതും തലയിടിച്ചു അച്ഛൻ താഴെ വീണു. അച്ഛന്റെ വീഴ്ചയും അമ്മയുടെ കരച്ചിലും കേട്ടു പുറത്തേക്ക് ഓടിയ ഞാൻ തിരിഞ്ഞു നിന്നു. അപ്പോഴേക്കും അയാൾ എന്നെ വീണ്ടും കടന്നു പിടിച്ചിരുന്നു. അടികൊണ്ടു വീണുപോയ എന്നെ മുടിയിൽ പിടിച്ചു മുറ്റത്തൂടെ വലിച്ചു. ബോധം നഷ്ടപ്പെട്ടെങ്കിൽ എന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു. ഏഴു മാസം ഞാൻ ചുമന്ന എന്റെ കുഞ്ഞിനോട് മനസ്സുകൊണ്ട് കൊണ്ട് ഞാൻ ക്ഷമ ചോദിച്ചു. നിലത്തിട്ട എന്നെ ചവിട്ടാനാഞ്ഞ കാലിൽ അമ്മ ഓടിവന്ന് പിടിച്ചു.
" കൊല്ലല്ലേടാ അതിനെ "എന്നു കരഞ്ഞതും അമ്മയെ അയാൾ ചവിട്ടിത്തെറിപ്പിച്ചു. അമ്മയുടെ കരച്ചിലിനു മേലെ അയാളുടെ കരച്ചിൽ കേട്ടാണ് കണ്ണിറുക്കിഅടച്ചു കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു നോക്കിയത്. തലയിൽ കൈവെച്ചു ഉറക്കെ അലറിവിളിക്കുന്ന അയാൾക്ക് പുറകിൽ ഒരു ഇരുമ്പ് പൈപ്പുമായി കത്തുന്ന കണ്ണുകളുമായി ചേച്ചി. അടുത്ത അടിക്ക് അയാൾ താഴെ വീണു.
" പെറ്റ തള്ളയെ ചവിട്ടിയ കാലുകൊണ്ട് നീയിനി നടക്കേണ്ട " എന്നു അലറിക്കൊണ്ട് ഭ്രാന്തെടുത്തപോലെ ചേച്ചി അയാളുടെ രണ്ടു കാലിലും മാറിമാറി അടിക്കുന്നുണ്ടായിരുന്നു. "മോളേ, " എന്നു വിളിച്ചുള്ള അച്ഛന്റെയും അമ്മയുടെയും കരച്ചിലായിരുന്നു ഞാൻ എന്റെ ഓർമയിൽ അവസാനമായി കേട്ടത്.
പിന്നെ ഓർമവരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. എനിക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതം മൂലം കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എമർജൻസിയായി ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞെന്ന്. വളർച്ച പൂർത്തിയാവാത്തത് കൊണ്ട് കുഞ്ഞിനെ കുറച്ചു നാൾ ഐസിയുവിൽ കിടത്തേണ്ടി വരുമെന്നും. അതേസമയം അടുത്ത തിയേറ്ററിൽ ഏട്ടന്റെ കാലിന്റെ സർജറിയും നടക്കുന്നുണ്ടായിരുന്നു. രണ്ടു കാലിന്റെ എല്ലും പലയിടത്തും നന്നായി തകർന്നിരുന്നത് കൊണ്ട് മേജർ സർജറി തന്നെ വേണ്ടി വന്നു. എഴുന്നേറ്റു നടക്കാൻ ഏകദേശം ഒരു വർഷത്തോളം വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു.
ഏട്ടനെ നോക്കിയതും പരിചരിച്ചതും അമ്മയായിരുന്നു. എന്നോടൊപ്പം ചേച്ചിയും. ആദ്യമെല്ലാം ഏട്ടൻ ഭയങ്കര ബഹളമായിരുന്നത്രെ. ഇവിടെ നിന്നെഴുന്നേറ്റാൽ "ആദ്യം എന്നെ ഇങ്ങനെയാക്കിയ അവളെ ഞാൻ കൊല്ലും " എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ഒന്നു മൂത്രമൊഴിക്കാൻ പോലും പരസഹായം വേണ്ടി വന്ന നിസ്സഹായതാവസ്ഥയിൽ, അതും താൻ ചവിട്ടിത്തെറിപ്പിച്ച അമ്മയുടെ പരിചരണത്തിൽ, അദ്ദേഹം തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടാവണം. അല്ലെങ്കിൽ വാശിയും വൈരാഗ്യവും കുറഞ്ഞു വരില്ലല്ലോ. എന്നെയും മോളെയും കാണണം എന്നു പറഞ്ഞു കരഞ്ഞത്രേ. എന്തായാലും ഏട്ടൻ ഡിസ്ചാർജ് ആയിട്ട് പിന്നെയും രണ്ടാഴ്ച കൂടെ കഴിഞ്ഞാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് ഞങ്ങൾ വീട്ടിലെത്തിയത്.
വീട്ടിൽ ചെന്നു കയറിയ ഉടനെ ഞാൻ ഏട്ടൻ കിടക്കുന്ന റൂമിലേക്ക് ഓടി. അടുത്തിരുന്നു കയ്യിൽ ഇറുകെ പിടിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു ഞാൻ.
" കണ്ടോടാ നീ. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അന്നുതൊട്ടീ നിമിഷം വരെ നിന്നെയോർത്തു കണ്ണീരൊഴുക്കുകയായിരുന്നു ഈ പെണ്ണ്. " വാതിൽക്കൽ കയ്യിൽ കുഞ്ഞുമായി ചേച്ചി.
" നിന്റെ മോളെ കണ്ടോ? ഈ പൊന്നിനെ ഓർത്താ അവളിതെല്ലാം സഹിച്ചത്. ഇനിയും നീ പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോകാനാണ് ഉദ്ദേശമെങ്കിൽ ഇനി ഞാനെടുക്കുക നിന്റെ കാലായിരിക്കില്ല".ചേച്ചിയുടെ സ്വരത്തിൽ പതിവിലധികം മൂർച്ച. ഏട്ടൻ ശബ്ദിച്ചില്ല. അവിടെ ഞാൻ മനസ്സിലാക്കുകയായിരുന്നു ഒരു പെണ്ണിന്റെ വേദനയറിയാൻ ഏറ്റവും നന്നായി കഴിയുന്നത് മറ്റൊരു പെണ്ണിന് തന്നെയാണെന്ന്.
ഞാൻ ഒന്നും മിണ്ടാതെ ചെന്നു കുഞ്ഞിനെ വാങ്ങി ഏട്ടന്റെ അടുത്തുചെന്നു. ആർത്തിയോടെ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു പൊട്ടിപ്പിളർന്നു കരയുകയായിരുന്നു ഏട്ടൻ.
ഇപ്പോൾ ഏട്ടന് ജീവിതം എന്തെന്നറിയാം. സ്നേഹത്തിന്റെ വിലയറിയാം. ചേച്ചിയോട് നന്ദിയും സ്നേഹവുമേ ഉള്ളു എന്നെപ്പോഴും പറയും. കാരണം എനിക്കെന്റെ കുടുംബം തിരിച്ചു തന്നത് ചേച്ചിയാണല്ലോ. ഈ കുടുംബത്തിന് വേണ്ടി അധികജോലികൾ വരെ ചെയ്യുന്നുണ്ടെന്നും അറിയാം. ഇവിടെ നിന്നെണീറ്റാൽ പിന്നെ ചേച്ചിയെ ഒരിക്കലും കഷ്ടപ്പെടുത്തില്ലെന്നും.
അന്നത്തെ സംഭവം കഴിഞ്ഞു ഏതാണ്ട് ഒരു വർഷമാകാറായിരിക്കുന്നു. അച്ഛനും മോളും ഒന്നിച്ചു പിച്ചവെക്കാൻ തുടങ്ങിയിട്ടുണ്ട്. മോളുടെ കൊച്ചു വേദനയിൽ കണ്ണുനിറഞ്ഞും വീഴാതെ താങ്ങിയും അച്ഛൻ കൂടെയുണ്ട്. ഇപ്പോൾ ഏട്ടനിൽ ഭീതിയോടെ ഞാനെന്റെ അച്ഛനെ കാണാറുണ്ട്. അനിവാര്യമായ ഒരു ശാപത്തിന്റെ ഫലം അനുഭവിക്കാനിടയാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.........
ജെയ്‌നി റ്റിജു

രണ്ടാനച്ഛൻ

Image may contain: Jainy Tiju, smiling, closeup and indoor
ചിത കത്തിത്തീർന്നിരിക്കുന്നു. ഞാനിപ്പോഴും ഒരു മരവിപ്പിലാണ്. കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്? പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു. മരണം ഒരു ബസ്സപകടത്തിന്റെ രൂപത്തിൽ ഞങ്ങളെ വേർപെടുത്തിയിരിക്കുന്നു. ഇവിടെ കത്തിയമർന്നത് ഞങ്ങളുടെ സ്വപനങ്ങളും പ്രതീക്ഷകളും ആണല്ലോ.
" ദേ മനുഷ്യാ, നിങ്ങൾ മരിച്ചിട്ടേ ഞാൻ പോകൂ. ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ലെന്നു എനിക്കറിയാലോ. അല്ലെങ്കിലും ഈ മൂന്ന് പിള്ളേരെ നിങ്ങൾ ഒറ്റയ്ക്ക് എങ്ങനെ വളർത്തും. വലിയ വീരശൂരപരാക്രമികളാണെങ്കിലും ഇതിനൊക്കെ ആണുങ്ങൾക്ക് കൂട്ടുവേണം. "
അവളുടെ പൊട്ടിച്ചിരിയോടൊപ്പം വാക്കുകളും എനിക്ക് ചുറ്റും മുഴങ്ങുന്നത് പോലെ.
എന്നിട്ട്, നീയിപ്പോ എന്താ ചെയ്തേ? നീയില്ലാതെ ഞാനെങ്ങനാ ദേവൂ..... ദേവൂ.....
എനിക്കൊന്ന് അലറണമെന്ന് തോന്നി. ഒരു ഭ്രാന്തനെപ്പോലെ.
തോളിൽ ആരുടെയോ കൈ പതിഞ്ഞതുപോലെ തോന്നിയപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു. മഹേഷാണ്. പെങ്ങളുടെ ഭർത്താവ്.
" അളിയാ, ഒന്ന് എണീറ്റുവാ. എത്ര നേരമായി ഇവിടെ. പോയവർ പോയി. കുട്ടികൾക്ക് കൂടെ ധൈര്യം കൊടുക്കേണ്ടത് അളിയനല്ലേ? വന്നൊന്ന് കുളിക്കു. എന്നിട്ട് വല്ലതും കഴിക്ക്. ഇന്നലെ തൊട്ട് ജലപാനം നടത്തിയിട്ടില്ലല്ലോ. അളിയൻ വരാതെ ഒന്നും കഴിക്കില്ലെന്ന് വാശിയിലാണ് അനുമോൾ. കണ്ണനും അമ്മുവിനും പിന്നെ കൊടുത്തു. അവർ കൊച്ചു കുട്ടികളല്ലേ അവർക്കെന്തറിയാം..
അവൻ പറയുന്നത് കേട്ടപ്പോൾ യാന്ത്രികമായി അവനോടൊപ്പം നടന്നു. ശരിയാണ്. താനിതുവരെ കുട്ടികളെക്കുറിച്ചോർത്തില്ലല്ലോ. അവർക്കിനി ഞാൻ മാത്രമല്ലെ ഉള്ളു.
അകത്തു അനുമോൾ കരഞ്ഞു തളർന്നിരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേർത്തു പിടിച്ചപ്പോൾ അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു. കരയട്ടെ. അങ്ങനെ എങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ. പിന്നെ വിളിച്ചു കൊണ്ടു പോയി ഭക്ഷണം കൊടുത്തു. ഞാനും കഴിച്ചെന്നു വരുത്തി. മക്കളെ മൂന്നിനേയും ചേർത്തു പിടിച്ചു കിടന്നു; ഉറങ്ങാൻ കഴിയുമോ എന്നറിയില്ല എന്നാലും..
പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ അനുമോൾ അടുത്തുണ്ടായിരുന്നില്ല. അടുക്കളയിൽ മറ്റുള്ളവരോടൊപ്പം കണ്ടു. എന്തൊക്കെയോ അവർ ചോദിക്കുന്നു. അവളെല്ലാം എടുത്തു കൊടുക്കുന്നു. ഇടയ്ക്കു പോയി കുട്ടികളെ എഴുന്നേൽപ്പിച്ചു കുളിക്കാൻ പറഞ്ഞു വിടുന്നത് കണ്ടു. അവൾക്ക് പെട്ടെന്നൊരു ഉത്തരവാദിത്തം വന്ന പോലെ.
വല്യമ്മാവൻ വിളിക്കുന്നു എന്ന് മഹേഷ്‌ വന്നുപറഞ്ഞപ്പോൾ ഞാനെണീറ്റ് ഉമ്മറത്തേക്ക് നടന്നു. അവിടെ അമ്മയും അമ്മാവന്മാരും സുരഭിയും മഹേഷും എല്ലാവരും കൂടിയിരിക്കുന്നു. സംസാരിച്ചിരുന്നത് എന്തോ എന്നെ കണ്ടപ്പോൾ മുറിഞ്ഞു.
" മോനെ, നിന്നോട് എങ്ങനെ പറയണം എന്നറിയില്ല, പക്ഷെ, പറയാതിരിക്കാൻ കഴിയില്ലല്ലോ. "
തുടങ്ങിയത് ചെറിയമ്മാമയാണ്.
" അനുമോൾടെ കാര്യത്തിലൊരു തീരുമാനം എടുക്കണ്ടേ? "
" എന്ത് തീരുമാനം? "
ഞാൻ ചോദ്യഭാവത്തിൽ ചെറിയമ്മാമയെ നോക്കി.
" അല്ല, ദേവൂന്റെ അടക്കത്തിന് ഉദയൻ വന്നിരുന്നു. നീ ആകെ വിഷമത്തിലായതുകൊണ്ട് പിന്നെ വന്നുകണ്ടോളാമെന്നു പറഞ്ഞിട്ടാ പോയത്. "
ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. ഉദയൻ ' ദേവൂന്റെ ആദ്യഭർത്താവ്. എന്റെ അനുമോളുടെ അച്ഛൻ... അവൾക്ക് ഒരുവയസ്സുള്ളപ്പോൾ പിരിഞ്ഞതാണ് അവർ. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഉദയനും വേറെ വിവാഹം കഴിച്ചു. പിന്നീടിതേവരെ ഒരു കോൺടാക്ട് ഉണ്ടായിട്ടില്ല. അതായിരുന്നു ഡിവോഴ്‌സിന്റെ സമയത്തു ദേവികയുടെ ആവശ്യവും.
ഉദയൻ ഒരു ശുദ്ധനായിരുന്നു. സമാധാനപരമായ ഒരു ജീവിതം തന്നെയായിരുന്നു അവരുടേത്, അനുമോൾ ജനിക്കുന്നത് വരെ. അവളുടെ ജനനത്തോടെ എല്ലാം തകിടം മറിഞ്ഞു. അനുമോളുടെ ജാതകം കുടുംബത്തിന് ദോഷമാണെന്നുള്ള ഏതോ ജ്യോൽസ്യപ്രവചനം.
ഉദയാണുണ്ടായ ചെറിയ അപകടവും ബിസിനസിലുണ്ടായ ക്ഷീണവും കുഞ്ഞിന്റെ ജാതകത്തോട് കൂട്ടിവായിക്കപ്പെട്ടു. ഉദയന്റെ അമ്മയുടെ അതിരുകവിഞ്ഞ അന്ധവിശ്വാസവും അതിനു തീവ്രത കൂട്ടി. കുഞ്ഞിന് നേർക്കുള്ള ശാപവാക്കുകളും അവഗണനയും കൂടിക്കൂടി അവസാനം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാവുമെന്ന സ്ഥിതി വന്നപ്പോൾ ദേവു കുഞ്ഞുമായി ആ പടിയിറങ്ങി. ഇനിയൊരിക്കലും തേടിവരരുതെന്ന കണ്ടിഷനിൽ പിരിയുമ്പോൾ അത് അവർക്കും ആശ്വാസം ആയിരുന്നു. കുഞ്ഞിന്റെ ദൃഷ്ടി പോലും ആ തറവാട്ടിൽ പതിയരുതല്ലോ.
ദേവികക്ക് കാര്യമായി ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ സഹപ്രവർത്തകയായിരുന്ന ദേവികയെ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് സ്വീകരിച്ചത്. ആ കുഞ്ഞിനെ സ്വന്തം മകളായി അംഗീകരിച്ചു കൊണ്ട്, വീട്ടുകാരെപ്പോലും അതിനു മനസ്സൊരുക്കിക്കൊണ്ട്. അന്നുതൊട്ടിന്നുവരെ അവളെ ആരും അറിയിച്ചിട്ടില്ല, ഞാനൊരു വളർത്തച്ഛനാണെന്ന്. മറ്റൊരു കുട്ടിയായി എന്റെ വീട്ടിൽ ആരും കണ്ടിട്ടുമില്ല.
എനിക്ക് ദേവികയിലുണ്ടായ രണ്ടു മക്കൾക്കും അറിയില്ല, അവരുടെ ചേച്ചിക്ക് മറ്റൊരച്ഛനുണ്ടെന്ന്...
" അശോകാ, ഉദയൻ വരാമെന്നു പറഞ്ഞത് വെറുതെ നിന്നെ കാണാനല്ല. അനുമോളെ കൊണ്ടുപോകാനാ.. ?
വല്യമ്മാവൻ എന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്.
" അനുമോളെ.. കൊണ്ടുപോകുകയോ? എന്തിന്?"
എന്റെ ശബ്ദം അറിയാതെ ഉയർന്നു.
" അശോകാ, നീ ഒന്നും മനസ്സിലാവാത്തത് പോലെ സംസാരിക്കരുത്. ദേവിക ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് നിനക്ക് അവളുടെ കുഞ്ഞിൽ അവകാശമുള്ളൂ. ഇപ്പോൾ ദേവിക ഇല്ല. നീയാരാ അനുമോളുടെ? അവളുടെ അച്ഛൻ ജീവനോടെ ഇരിക്കുമ്പോൾ, അയാൾക്ക് അവളെ വേണമെന്ന് തോന്നിയാൽ വിട്ടുകൊടുക്കേണ്ടിവരും. "
ചെറിയമ്മാവനും ചെറുതായി ദേഷ്യം വന്നു.
" അയാൾക്ക് അവളെ കൊണ്ടുപോകാൻ നിന്റെ സമ്മതം വേണ്ടിവരില്ല. ഒരു കോടതിയും നിന്റെ കൂടെ അവളെ അയക്കാൻ പറയില്ല. "
ഞാൻ തകർന്നു നിലത്തേക്കിരുന്നു. അതു കണ്ടിട്ടാവണം 'അമ്മ അടുത്ത് വന്നിരുന്നത്.
" മോനെ, കാര്യം അവളുടെ നമ്മുടെ കുട്ടി തന്നെയാ. രണ്ടായി കണ്ടിട്ടില്ല ഈ വീട്ടിൽ ആരും ഇതുവരെ. എന്നുവെച്ചു സത്യം സത്യല്ലാണ്ടാവോ? നീ കുട്ടിയോട് നല്ല രീതിയിലല്ല പെരുമാറുന്നെന്ന്‌ ഒരു കംപ്ലയിന്റ് പോയാൽ പിന്നെ.... കാലം വളരെ മോശമല്ലേ മോനെ?. "
എനിക്ക് മറുപടിയുണ്ടായില്ല.
" അനുമോൾക്ക് കുഴപ്പമുണ്ടാവില്ല. എത്രയായാലും കൊണ്ടുപോകുന്നത് അച്ഛനല്ലേ. പിന്നെ കണ്ണനും അമ്മുവും. അവരെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം. അല്ലെങ്കിലും അവർ കുട്ടികളല്ലേ. വേഗം അഡ്ജസ്റ്റ് ആവും. പിന്നെ, ഇടയ്ക്കു അവരെ കൊണ്ടുപോയി കാണിക്കുകയും ചെയ്യാമല്ലോ. "
പറഞ്ഞത് മഹേഷാണ്. ബാക്കിയുള്ളവരുടെ മുഖത്തൊക്കെ അത് ശരിവെക്കുന്ന ഭാവം. അപ്പോൾ അവർ ഏതാണ്ട് തീരുമാനം ഒക്കെ ആയിട്ടുണ്ട്.
ഞാനൊന്നും മിണ്ടാതെ എഴുന്നേറ്റു പോന്നു. ചങ്കുപൊടിയുന്നുണ്ടെനിക്ക്. ഞാൻ 12 വർഷം എന്റെ മകളായി വളർത്തിയ കുഞ്ഞ്. അവളെ പെട്ടെന്നങ്ങു വിട്ടുകൊടുക്കണമെന്നൊക്കെ പറഞ്ഞാൽ... നടക്കില്ല. ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ.. എന്നിട്ടിപ്പോ അയാൾക്ക് മകൾ എന്നോടൊപ്പം സേഫാണോ എന്ന് സംശയം പോലും. വിട്ടുകൊടുക്കില്ല ഞാൻ.. ഒരു കാരണവശാലും വിട്ടുകൊടുക്കില്ല.... ഞാൻ പുലമ്പിക്കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉദയൻ എന്നെ ഫോണിൽ വിളിച്ചു. അനുമോളെ കൊണ്ടോവാൻ എന്നാണ് വരേണ്ടത് എന്നറിയാൻ. എനിക്ക് സഹിക്കാൻ കഴിയാത്ത ദേഷ്യമാണുണ്ടായത്. വായിൽ വന്നതെല്ലാം പറഞ്ഞു.
ഉദയൻ കൂടുതലൊന്നും പറഞ്ഞില്ല.
" ഈ ഞായറാഴ്ച ഞാൻ വരും. അന്ന് നിങ്ങൾ മോളെ എന്നോടൊപ്പം അയച്ചില്ലെങ്കിൽ പിന്നെ ഞാൻ വരുന്നത് പോലീസുമായിട്ടായിരിക്കും. "
അപ്പോൾ തന്നെ മഹേഷിനെയും ചെറിയമ്മാമയെയും വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ അവനെ പേടിക്കേണ്ട കാര്യമെന്താ എനിക്ക്. അവൻ വരട്ടെ പൊലീസോ പട്ടാളമോ എന്തായാലും എനിക്ക് വിഷയമല്ല. പക്ഷെ, ഞാൻ പ്രതീക്ഷിച്ച സപ്പോർട്ടൊന്നും അവരുടെ സംസാരത്തിൽ ഉണ്ടായില്ല.. വെറുതെ ഒരു കേസിനും വഴക്കിനും പോകുന്നതെന്തിനാ, അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. പിന്നെ വളർന്നു വരുന്നൊരു പെൺകുട്ടിയാണ്. എന്തിനാ ഒരു അധിക ബാധ്യത ഏറ്റെടുക്കുന്നത് എന്നൊക്കെയായിരുന്നു അവരുടെ മറുപടി.
ഇതിനോടകം മോൾക്ക് എന്തൊക്കെയോ മനസ്സിലായ പോലെ. അവളോട്‌ ആരൊക്കെയോ സൂചിപ്പിച്ചു കാണണം. എപ്പോഴും എന്തൊക്കെയോ ആലോചിച്ചിരുന്നു, അമ്മയെ ദഹിപ്പിച്ച സ്ഥലത്തിരുന്നു കരയുന്നു.. എന്റെ അമ്മയും പെങ്ങളും അമ്മായിമാരുമെല്ലാം അവളെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നൊരു സംശയം. എന്റെ മക്കൾക്ക് കിട്ടുന്ന പരിഗണന അവൾക്കിവിടെ കിട്ടുന്നില്ലെന്ന് തോന്നി.
ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞു ഞാനെന്തിനാ അവളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്? അവളെന്റെ സ്വന്തം പേരക്കുട്ടിയൊന്നും അല്ലല്ലോന്നു. മനുഷ്യർ എത്ര പെട്ടെന്നാണ് മാറുന്നത്. അനുമോളെന്റെ വീട്ടിൽ കിടന്നു വല്ലാതെ ശ്വാസം മുട്ടുന്നപോലെ.
ശനിയാഴ്ച വൈകിട്ട് ഞാനാകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു.നാളെ ഉദയൻ വരും. മോളോട് ഞാനിതുവരെ അതേപ്പറ്റി സംസാരിച്ചിട്ടില്ല. എന്റെ ദേവു. ആത്മാവ് എന്നൊന്ന് സത്യമാണെങ്കിൽ അത് വേദനിക്കുന്നുണ്ടാവും തീർച്ച. ഞാൻ നെഞ്ചുതിരുമ്മി.
പെട്ടെന്നാരോ വാതിൽ തുറന്നു അകത്തേക്ക് വന്നു. അനുമോളാണ്.
" അച്ഛാ.. "
ഞാനൊന്ന് നടുങ്ങിയതായി തോന്നി. ഒരുപക്ഷെ ഇത് അവൾ അവസാനമായി വിളിക്കുന്നതാവാം അച്ഛനെന്നു. നാളെ മുതൽ ആ വാക്കിന് മറ്റൊരു അവകാശിയുണ്ട്, യഥാർത്ഥ അവകാശി.
" നാളെ എന്നെ കൊണ്ടോവാൻ വരുന്നുണ്ടല്ലേ? "
" ആരു? "
അറിയാതെയോ ആകാംക്ഷ കൊണ്ടോ എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
" അയാൾ, എന്റെ അമ്മയുടെ ആദ്യഭർത്താവ്..
" മോളേ, അത് നിന്റെ അച്ഛനാണ്. "
ഞാൻ അവളുടെ തോളിൽ കൈ അമർത്തി.
" ആണോ, എനിക്കറിയില്ലത്. എനിക്ക് ആകെ അറിയാവുന്ന അച്ഛൻ ഇതാണ്. ഇതാണ് എന്നെ വളർത്തിയ, എന്നെ സ്നേഹിച്ച എന്റെ അച്ഛൻ. "
അവളെന്റെ നെഞ്ചിൽ മുഖമമർത്തി.
എനിക്ക് ഒരേസമയം അഭിമാനവും അഹങ്കാരവും തോന്നി. പതിനാലു വയസ്സുകാരിയായ എന്റെ മകൾഇന്നലെ വരെ എന്നോട് കൊഞ്ചി, ചോറുണ്ണുമ്പോൾ ഒരു ഉരുളയ്ക്ക് വാശിപിടിച്ചിരുന്നവൾ; ഇപ്പോൾ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്.
" അച്ഛാ, കഥകളൊക്കെ എനിക്കറിയാം. അന്ന് ഞാനയാൾക്ക് നശിച്ച ജന്മമായിരുന്നു.
എന്റെ നിഴൽവെട്ടം പോലും അയാൾക്കും കുടുംബത്തിനും ദോഷമായിരുന്നു. ഇപ്പോഴെങ്ങനെയാ അച്ഛാ ഞാൻ നല്ലതായത്? എന്റെ ജാതകദോഷം മാറിയോ? അതോ ഇപ്പോൾ അയാൾക്ക് അതിലൊന്നും വിശ്വാസമില്ലാതായോ? "
അവൾ കിതക്കുന്നുണ്ടായിരുന്നു. അവൾക്ക് ഇതെല്ലാം അറിയാമായിരുന്നെന്നോ . എന്റെ ദേവു അവളോട്‌ എല്ലാം പറഞ്ഞു കൊടുത്തിരുന്നോ? ഇങ്ങനെ ഒരു ദിവസം അവളുടെ ജീവിതത്തിൽ ഉണ്ടാകുമെന്നു ദേവു കണക്കുകൂട്ടിയിരുന്നോ? അറിയില്ല.
" അച്ഛാ, അച്ഛമ്മ എന്നോട് പറഞ്ഞു, അർഹതയില്ലാത്തത് സ്വീകരിക്കുന്നതെന്തും മറ്റുള്ളവന്റെ ഔദാര്യമാണെന്ന്. ഭിക്ഷയാണെന്ന്.
അച്ഛമ്മ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. പക്ഷെ അച്ഛാ, എന്റെ യഥാർത്ഥ അച്ഛനെന്നു പറയുന്ന ആളും മറ്റൊരു കല്യാണം കഴിച്ചതാണ്. അവർക്ക് വേറെ കുട്ടികളുമുണ്ട്. അവിടെ ഞാൻ സ്വീകരിക്കേണ്ടതും ഇതേ ഭിക്ഷ തന്നെയാവില്ലേ അച്ഛാ. അതിലും എത്രയോ ഭേദമാണ് എനിക്കിവിടെ. എന്റെ അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഒപ്പം. "
കരഞ്ഞു പോയിരുന്നു അപ്പോഴേക്കും അവൾ. എന്തോ പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ടവൾ തുടർന്നു.
" അച്ഛാ, എനിക്കറിയാം, എന്നെ പോലൊരു പെൺകുട്ടി എല്ലാവർക്കും ഒരു ബാധ്യത തന്നെയാണെന്ന്. എന്നെ ഇനി പഠിപ്പിക്കേണ്ട. കല്യാണവും കഴിച്ചു വിടണ്ട. ഞാനിവിടെ അച്ഛന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കിക്കഴിഞ്ഞോളാം. ഒരു വേലക്കാരിയായിട്ടാണെങ്കിൽ അങ്ങനെ. എന്നാലും എന്നെ പറഞ്ഞു വിടരുത്. ഏത് കോടതിയിലും ഞാൻ പറഞ്ഞോളാം ഇതെന്റെ രണ്ടാനച്ഛനല്ല, ഇതാണ് എന്റെ ' അച്ഛനെന്ന്'. എന്നെ ഞാനാക്കിയ എന്റെ അച്ഛൻ. ഇനി എന്നെ ഇവിടെ നിർത്താൻ ഇഷ്ടമില്ലെങ്കിൽ വല്ല അനാഥാലയത്തിലും കൊണ്ടുവിട്ടോളു. എന്നാലും ആ വീട്ടിലേക്ക് എന്നെ വിടല്ലേ അച്ഛാ... "
പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാൽക്കലേക്കിരുന്നപ്പോൾ വാരിയെടുത്തു ഞാൻ നെഞ്ചോടു ചേർത്തു ഞാൻ ഉമ്മറത്തേക്ക് നടന്നു. അവിടെ കൂടിയിരുന്നവരുടെ മുന്നിലേക്ക് അവളെ നീക്കി നിർത്തി.
" എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്. ഇതെന്റെ മകളാണ്. ഇവിടെ നിന്നു പോകണമെന്ന് ഇവളായിട്ട് പറയാത്തിടത്തോളം ഇവളെ ഞാനെങ്ങോട്ടും പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ പോരാടും. ഇവളെ കൊണ്ടോവാനായിട്ട് നാളെ ഇങ്ങോട്ട് വരണമെന്നില്ല എന്ന് അയാളോട് വിളിച്ചു പറഞ്ഞേക്ക്. "
ഇത്രയും പറഞ്ഞു തിരിച്ചു നടക്കുമ്പോൾ ഞാൻ കാണുകയായിരുന്നു എന്റെ മകളുടെ കണ്ണിലെ തിളക്കം. അതോരു വിശ്വാസത്തിന്റെതാണ്. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് അച്ഛനായയാളോടുള്ള വിശ്വാസത്തിന്റെ. ഇതിൽ അധികം എന്ത് പ്രതിഫലമാണ് എനിക്ക് വേണ്ടത്?
=========
ജെയ്‌നി റ്റിജു @ Nallezhuth

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo