Showing posts with label LincyVarkey. Show all posts
Showing posts with label LincyVarkey. Show all posts

ഹാർട്ട്‌ പെപ്പർ റോസ്റ്റ് I Short Story I LincyVarkey

അതൊരു കടൽത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടൽത്തീരം. ഉരുട്ടിവച്ച ഒരു കൂറ്റൻകല്ലും, അതിൽ ചുറ്റിക്കെട്ടിയ വലിയൊരു കയറും അതിനരുകിൽ കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീയും അവിടെ കാണപ്പെട്ടു. അവർ എന്തൊക്കെയോ പറഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു.
ദുസ്വപ്നങ്ങൾ എനിക്കൊരു പുതുമയല്ല. കുറെ നാൾ മുൻപുവരെ ഓരോ ഉച്ചയുറക്കത്തിലും സ്ഥിരമായി എന്തോ ഒന്ന് എന്റെ കിടക്കയിൽ നുഴഞ്ഞു കയറാറുണ്ടായിരുന്നു.
അത് എന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞെരിക്കും. ശ്വാസത്തിനായി പിടയുമ്പോൾ അട്ടഹസിക്കും. പറിച്ചെറിയാൻ ശ്രമിക്കുമ്പോഴാവും ശരീരം നിശ്ചലമാണെന്ന് അറിയുക. പിന്നെ തലയിട്ടുലച്ചും കൈകാലുകൾ വലിച്ചുയർത്താൻ ശ്രമിച്ചുമൊക്കെ അതുമായുള്ള യുദ്ധമാണ്.
എപ്പോഴോ യുദ്ധം ജയിച്ച് അതിനെ കുടഞ്ഞെറിയുമ്പോഴേയ്ക്കും അലാറം നിർത്താതെ അടിക്കുന്നുണ്ടാവും. വിശ്രമസമയം കഴിഞ്ഞു എന്നോർമ്മിപ്പിച്ചുകൊണ്ട്...
പേടിസ്വപ്‌നങ്ങൾ കൊണ്ടുതന്നെ ഞാൻ ഉച്ചയുറക്കങ്ങളെ വെറുത്തുപോയിരുന്നു . പക്ഷെ, അതിരാവിലെ ഉണരുന്ന എനിക്ക് ആ ഒരുമണിക്കൂർ വിശ്രമം അത്യാവശ്യമായിരുന്നു താനും.
ഈ പഴയവീടിന്റെ തുറന്നിട്ട ജാലകങ്ങളിലൂടെ ഏതോ പൂവൻ കോഴിയുടെ കൂവൽ എത്തിത്തുടങ്ങുമ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. പള്ളിയിൽ നിന്നു ബാങ്കുവിളിക്കുമ്പോഴേയ്ക്കും ചോറ് തിളപ്പിച്ച് റൈസ്കുക്കറിൽ വച്ചിട്ടുണ്ടാകും. തലേന്ന് അരിഞ്ഞ് ഫ്രിഡ്ജിൽ വച്ച പച്ചക്കറികൾ പലരൂപത്തിൽ അടുപ്പിലിരുന്നു തിളയ്ക്കും.
പള്ളിയിൽ മണിയടിക്കാൻ കാത്തിരുന്നതുപോലെ അമ്പലത്തിൽ നിന്നു പ്രഭാതകീർത്തനം ഉയരും. അതോടെ പണികൾക്കെല്ലാം തൽക്കാലവിരാമമിട്ട് ഞാൻ വരാന്തയിലേക്കിറങ്ങും.
മഞ്ഞുതുള്ളിയണിഞ്ഞു നാണിച്ചുനിൽക്കുന്ന ചെടികൾ. ആദ്യമായി കണ്ണുതുറന്ന് ഭൂമിയെ കൗതുകത്തോടെ വീക്ഷിക്കുന്ന ഇളംപൂവുകൾ. സുബ്ബലക്ഷ്മിയുടെ ശബ്‌ദത്തോടു മത്സരിക്കുന്ന കിളികൾ.
അകലെയുള്ള ഒന്നുരണ്ടെണ്ണമൊഴിച്ച് എല്ലാ വീടുകളും അപ്പോഴും ഉറങ്ങുകയാവും. ചില വീടുകളുടെ അടുക്കളജനലുകൾ പെട്ടെന്ന് പുഞ്ചിരിക്കും.
അങ്ങനെ ആസ്വദിച്ചു നിൽക്കുമ്പോൾ ഭൂമി ഇരുണ്ട രാത്രിവസ്ത്രം മാറ്റി ഒരുതരം നീലനിറം എടുത്തണിയും. അതു കാണുമ്പോൾ എന്റെ അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ചിറകടിച്ചുയർന്ന് തൊണ്ടയിലെത്തും. പിന്നെ കണ്ണുകളിൽ തിരിതെളിച്ച്, ചുണ്ടിൽ ചിരിയുണർത്തി ഒരു ദീർഘശ്വാസമായി വെളിയിൽ വരും.
അരമണിക്കൂർ പ്രകൃതിയുമായി രമിച്ച്‌ മനസ്സുമുഴുവൻ സന്തോഷത്തിന്റെ ശലഭങ്ങളുമായി വീണ്ടും അടുക്കളയിലേയ്ക്ക്.. അപ്പോൾ അടുപ്പിലിരിയ്ക്കുന്ന പാത്രത്തിന്റെ ഉച്ചിയിൽ സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ടാകും.
പിന്നെ ആകെ ബഹളമാണ്. ഭർത്താവിനു കാപ്പി, മോൾക്ക് ചായ, മോന് ഹോർലിക്സ് എന്നിവ തയ്യാറാക്കി അവരെ വിളിച്ചുണർത്തുമ്പോൾ തുടങ്ങുന്ന കലപിലകൾ.
കാപ്പിക്കു ചൂട് പോരെന്നും ചായയ്ക്കു കടുപ്പം കുറഞ്ഞെന്നും പാലിൽ ഹോർലിക്സ് കലങ്ങിയില്ലെന്നുമുള്ള സ്ഥിരം പരാതികളോടെ അവർ ഉണക്കമുണരുന്നു. ഞാൻ അതൊന്നും വകവയ്ക്കാതെ മൂന്നുതരം പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.
ഭർത്താവും മക്കളും പോയിക്കഴിയുമ്പോഴേയ്ക്കും വീട് ആകെ അലങ്കോലമാകും. എല്ലാം അതേപടി ഇട്ട് മൊബൈലുമായി കുറേനേരം സല്ലപിക്കും.
പിന്നെ രണ്ടുമൂന്നു മണിക്കൂർ കൊണ്ട് വീടിനെ പഴയപടിയാക്കി, അലക്കും കുളിയും കഴിഞ്ഞ് ഊണുകഴിച്ച് മൊബൈലിൽ എന്തെങ്കിലും വായിച്ച് ഉച്ചയുറക്കത്തിലേയ്ക്കും .
പറയാൻ മറന്നു; ഞാനൊരു ഫേസ്ബുക് എഴുത്തുകാരിയാണ്. ആരെയും വേദനിപ്പിക്കാത്ത കഥകളാണ് എഴുതാറുള്ളത്. ഭർത്താവ് രുചിയില്ലെന്നു പറഞ്ഞു മുഖം ചുളിക്കുന്ന ദിവസങ്ങളിൽ ഞാനെഴുതുന്നത് ഭക്ഷണം പാകംചെയ്ത് വിളമ്പിത്തരുന്ന ഭർത്താവിനെക്കുറിച്ചായിരിക്കും. കുടിച്ചിട്ടു വന്ന് ബെഡിൽ ശർദ്ധിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് ദൈവമാണെന്നും...
അമ്മായിഅമ്മ, ഈ പിശാചിനെയേ നിനക്കു കിട്ടിയുള്ളോ എന്ന് എന്റെ കേൾക്കെ ചോദിച്ചയന്ന് എഴുതിയ അമ്മായിയമ്മയും അമ്മയാണ് എന്ന പോസ്റ്റിന് 2k ലൈക്ക് കിട്ടി.
ഞാൻ മനസ്സുകൊണ്ട് ഒരു ഫെമിനിസ്റ്റായിരുന്നു. മനോഹരമായ ഒരു നഷ്ടപ്രണയത്തെ ഒരു മയിൽപ്പീലി പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും പ്രണയത്തെക്കുറിച്ചെഴുതാൻ ഞാൻ പേടിച്ചു . തുറന്നെഴുതാൻ തൂലിക വിതുമ്പിയപ്പോഴൊക്കെ ഞാൻ സന്മാർഗ്ഗകഥകളെഴുതി.
എനിക്കു പേടിയായിരുന്നു; സമൂഹത്തെ, ബന്ധുക്കളെ, എന്റെ കുട്ടികളെപ്പോലും.
മൊബൈലിൽ തോണ്ടി ഉറങ്ങാതിരുന്ന ഒരു പകലാണ് അവർ വന്നത് . സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാൻ അത്ഭുതപ്പെട്ടുപോയി.
പുസ്തകങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു ഡ്രീം ക്യാച്ചർ സമ്മാനിച്ചുകൊണ്ട് അവർ എന്റെ കിടക്കയിലിരുന്നു. തൂവലുകൾ മെല്ലെയിളക്കിക്കൊണ്ട് അത് സൂര്യപ്രകാശമേറ്റു തിളങ്ങി.
അവർ തന്നെ അതെന്റെ കിടക്കയ്ക്കു മുകളിൽ കെട്ടിൽതൂക്കിയിട്ടു. അപ്പോൾ തൂവലുകൾക്കു പകരം അതിൽ നിന്നും പുസ്തകങ്ങൾ തൂങ്ങിക്കിടന്നതു കണ്ട് ഞാൻ അത്ഭുതം കൂറി.
"നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?"
മടിയിൽ കിടത്തി തലയിൽ മൃദുവായി തഴുകിക്കൊണ്ട് അവർ എന്നോട് ചോദിച്ചു. അഴിച്ചിട്ട മുടിയിൽനിന്നും കർപ്പൂരത്തിന്റെ ഗന്ധം പടർന്നു.
ഞാൻ ലജ്ജിച്ചു. നിത്യവും വച്ചുവിളമ്പിക്കൊടുക്കുന്ന, എല്ലാ ദിവസവുമെന്നതുപോലെ ശരീരം പങ്കിടുന്ന ഭർത്താവിനെയാണോ അതോ എന്നോ മനസ്സ് പകുത്തുകൊടുത്ത കാമുകനെയാണോ ഉദ്ദേശിച്ചത് എന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഞാൻ ഒന്നും സംസാരിച്ചതേയില്ല. എന്റെ മറുപടി അവർ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.
അവർ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരുപാടു നാളായി എന്നെ അറിയുന്ന ഒരാളെപ്പോലെയായിരുന്നു അവരുടെ സംസാരം.
പ്രണയം പ്രകൃതിയുടെ വരദാനമാണെന്നും പ്രണയത്തിന്റെ പൂർത്തീകരണമാണ് രതിയെന്നും അതിനെക്കുറിച്ചെഴുതാൻ നാണിക്കേണ്ടതില്ലെന്നും അവർ എനിക്കു പറഞ്ഞുതന്നു. എന്റെ മുഖം ചുവന്നു തുടുത്തു. നാണം കണ്ണുകൾ വലിച്ചടച്ചു .
അവർ മുടിയിഴകൾ തഴുകിക്കൊണ്ട് തുടർന്നു.
പുരുഷന്മാർ ശരീരം കൊണ്ട് ശരീരത്തെ പ്രാപിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ മനസ്സുകൊണ്ട് മനസ്സുകളെ പ്രാപിക്കുന്നു. അവൾക്ക് ശരീരത്തെക്കാൾ പ്രധാനം മനസ്സാണ്. മനസ്സ് നിറയാനാണ് അവൾ ശരീരം വിട്ടുകൊടുക്കുന്നത്.
എന്റെ ശരീരം മുഴുവൻ മനസ്സാണല്ലോ! ഞാൻ നെടുവീർപ്പിട്ടു. ആ നെടുവീർപ്പ് ഏറ്റെടുത്തുകൊണ്ട് അവർ വീണ്ടും തുടർന്നു.
പുരുഷൻ ശരീരം കൊണ്ട് പൊളിഗാമിയാണെങ്കിൽ സ്ത്രീ മനസ്സുകൊണ്ടാണ് അങ്ങനെയായിരിക്കുന്നത്. അവളുടെ ഹൃദയത്തിന് ആവശ്യാനുസരണം വലുതാവാനും ചെറുതാവാനും സാധിക്കും. പല അറകളിൽ പലരെ സൂക്ഷിക്കുവാനും. ഭർത്താവിന്റെ മടിയിൽ കിടന്നുകൊണ്ട് അവൾ കാമുകനൊപ്പം സഞ്ചരിക്കും. ശരീരം കൊണ്ട് പതിവ്രതയായിരിക്കെ മനസ്സുകൊണ്ട് വേശ്യയാകും.
എന്റെ ഹൃദയത്തിലിരുന്ന് രണ്ടുപേർ പുഞ്ചിരിച്ചു. അവർക്ക് പരസ്പരം അറിയുമായിരുന്നില്ല. എനിക്ക് രണ്ടുപേരെയും തള്ളിക്കളയാനാവുമായിരുന്നില്ല. ഒരാൾക്ക്‌ വേണ്ടി ഞാൻ മനസ്സുകൊണ്ട് വേശ്യയായി. മറ്റയാൾക്കു വേണ്ടി ശരീരം കൊണ്ടും.
എന്റെ മനസ്സ് വായിച്ചതുപോലെ അവർ പറഞ്ഞു.
കിടപ്പറയിൽ വേശ്യയാകാൻ സാധിക്കുന്ന സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം വർണ്ണനാതീതമാണ്. പക്ഷെ മനസ്സുകൊണ്ട് അങ്ങനെയായിയിരിക്കുന്നവൾ അവളുടെ തന്നെ നിതാന്ത തടവറയിലാണ്. അവൾക്ക് മോചനം അപ്രാപ്യമാണ്.
അതെ... അതെ... ഞാൻ വിതുമ്പി. അവർ വിരൽത്തുമ്പാൽ എന്റെ കണ്ണീർ തുടച്ചു. പിന്നെ മേശമേൽ ചാരി വച്ചിരുന്ന ഞങ്ങളുടെ വിവാഹഫോട്ടോയിലേയ്ക്ക് നോക്കി തുടർന്നു.
സ്ത്രീ വീടെന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ കുടിയിരുത്തപ്പെട്ട ദേവിയാണ് എന്നത് സത്യം തന്നെ . പക്ഷ അവൾ എല്ലാ ഭക്തരുടെ മനസ്സിൽ കുടികൊള്ളണം എന്നാണ് എന്റെ അഭിപ്രായം. തന്നെ തേടിയെത്തുന്ന പ്രേമഭിക്ഷുക്കളെ അവൾ നിരാശപ്പെടുത്തരുത്.
ഞാൻ കണ്ണീരിലൂടെ പുഞ്ചിരിച്ചു. ആ ചിത്രത്തിൽ ഞാൻ ശരിക്കും ദേവിയെപ്പോലെ തോന്നിക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോക്കെയോ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ആ ദേവാംശം ചോർത്തിക്കളഞ്ഞ് ഒരു വെറും മനുഷ്യക്കോലമായി മാറി.
പക്ഷെ ഹൃദയം കൊണ്ട് ഞാൻ അപ്പോഴും ഒരു ദേവിയായിരുന്നു. അനുഗ്രഹിക്കാൻ കാത്തുനിൽക്കുന്നവളായിരുന്നു. ചിലരുടെയെങ്കിലും പൂജാപാത്രവും പലരുടെയും പൂജ കൊതിക്കുന്നവളുമായിരുന്നു....
അവർ ഒരു താക്കീതെന്നവണ്ണം തുടർന്നു.
പക്ഷെ മൂകാംബിക സങ്കൽപ്പമാണ് പുരുഷന്മാർക്കിഷ്ടം എന്നു മറക്കാതിക്കുക. സ്നേഹിക്കുന്നവരുടെ ആ സങ്കല്പം തകർക്കാതിരിക്കുന്നതാണ് നമ്മുടെ നിലനിൽപ്പിനു നല്ലത്.
ഭക്തൻ ശരി ചെയ്താലും തെറ്റ് ചെയ്താലും ദേവി മൂകയായി നിൽക്കുന്നതുപോലെ നമ്മളും അവരെ ഒരിക്കലും വിമർശിക്കരുത്.
എത്ര പൂജിച്ചാലും ഉപദേശിക്കാനോ തിരുത്താനോ നിൽക്കരുത്. ഈഗോ നിറച്ച ബലൂണുകളാണ് അവർ. ഒരിക്കലും കാറ്റഴിച്ചു വിടരുത്. അവരെ പറക്കാൻ അനുവദിക്കുക. എപ്പോഴും നമ്മളേക്കാൾ ഉയരത്തിലാണെന്ന് ബോധ്യപ്പെടുത്തുക. അവർ അഹങ്കരിക്കട്ടെ !
എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി...വിദൂരത്തിൽ നിന്നെന്നവണ്ണം ആ ശബ്ദം വീണ്ടുമുയർന്നു.
ഇഷ്ടമുള്ള സ്വപ്നങ്ങൾ കാണാൻ ഭയപ്പെടുന്നതുകൊണ്ടാണ് ദുസ്വപ്നങ്ങൾ ആ സ്ഥാനം ഏറ്റെടുക്കുന്നത്. യാഥാർഥ്യത്തിൽ ലഭിക്കാത്തതിനെ സ്വപ്നത്തിൽ സ്വന്തമാക്കുന്നതിൽ എന്താണ് തെറ്റ്?
സ്വപ്‌നങ്ങൾ മറ്റൊരു ലോകത്തിലെ ജീവിതത്തിന്റെ ചില വെളിപ്പെടുത്തലുകളുമാവാം. ഈ മഹാപ്രപഞ്ചത്തിലെ ഏതൊക്കെ സൗരയൂഥങ്ങളിൽ, ഏതൊക്കെ ഗ്രഹങ്ങളിൽ നമ്മുടെ അന്തസത്ത നമ്മളായിത്തന്നെ നിലനിൽക്കുന്നുണ്ടാവാം!
അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഞാൻ എപ്പോഴോ ആഴമുള്ള ഉറക്കത്തിലേയ്ക്കു വീണുപോയിരുന്നു.
അന്ന് അലാറം അടിച്ചില്ല. കാളിങ് ബെൽ കേട്ട് ഞാൻ ഞെട്ടിയുണർന്നപ്പോഴും മുറിയിൽ നീർമാതളപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
പിന്നീട് എല്ലാ ഉച്ചയുറക്കങ്ങളിലും ഞാൻ വായിച്ചു നിർത്തിയ പുസ്തകത്തിലെ കഥാപാത്രങ്ങൾ എന്നെത്തേടി വന്നു .
അവരുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് ഞാൻ ആകാശപ്പടവുകൾ ഇറങ്ങി. യുഗ്മഗാനങ്ങൾ പാടി കടൽത്തീരത്തു കൂടി കൈകോർത്തു നടന്നു. സ്വിട്സർലാൻഡിലെ മഞ്ഞിൽ നൃത്തം ചെയ്തു. ഇംഗ്ലണ്ടിലെ ലാവണ്ടർ പാടങ്ങളിൽ കെട്ടിമറിഞ്ഞു. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ തുറന്ന കാറിൽ യാത്ര ചെയ്തു. സോളമന്റെ മുന്തിരിത്തോപ്പിൽ വച്ച് ഞാൻ അവരെ ചുംബിച്ചു.
എപ്പോഴോ മനപ്പൂർവ്വം മറന്ന പ്രണയം വീണ്ടും തളിർത്തു. ആരെയും പേടിക്കാതെ ഞാൻ പ്രണയകവിതകളെഴുതി. അയാൾ അതുവായിച്ചു പുളകം കൊണ്ടു. കവിതകൾ കൊണ്ടു മറുപടി രചിച്ചു.
ഞങ്ങളുടെ പ്രണയം ഹൃദയത്തിൽ മാത്രമായിരുന്നു. ശരീരത്തിന് അതിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. കത്തുകൾ എഴുതിയിരുന്നില്ല. വാട്സ്ആപ്പിലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്തില്ല. എന്നിട്ടും അയാൾ എന്നെയോർത്തപ്പോൾ ഞാൻ കോരിത്തരിച്ചു. ആ ഓർമ്മകൾ സ്വപ്നങ്ങളായി എന്നെ സന്ദർശിച്ചു.
പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് മനസാക്ഷി സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു . ഒരാളെ സ്നേഹിക്കുന്നതിൽ, ഓർക്കുന്നതിൽ തെറ്റെന്ത് എന്ന് ഹൃദയം മനസാക്ഷിയെ ചോദ്യം ചെയ്തു. അവർ തമ്മിലുള്ള യുദ്ധമായിരുന്നു എന്റെ ഒഴിവുസമയങ്ങളിലൊക്കെയും. പലപ്പോഴും മനസാക്ഷി ജയിച്ചു.
അങ്ങനെയിരിക്കെയാണ് ആ ബൈബിൾ പ്രസംഗം കേൾക്കാനിടയായത്. ഈ ചെറിയവനിൽ ഒരുവന് ഇടർച്ച വരുത്തുന്നതിനേക്കാൾ നല്ലത് കഴുത്തിൽ വലിയ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ് എന്ന വചനത്തെ പ്രാസംഗികൻ വ്യാഖ്യാനിക്കുകയായിരുന്നു. ശരീരം കൊണ്ടാണെങ്കിലും മനസ്സുകൊണ്ടാണെങ്കിലും അന്യപുരുഷനെ/ സ്ത്രീയെ ആഗ്രഹിക്കുന്നത് വ്യഭിചാരമാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
അന്നത്തെ ഉച്ചയുറക്കത്തിലാണ് കടൽത്തീരത്ത് വലിയ കല്ലുകെട്ടി കടലിൽ താഴ്ത്താൻ നിർത്തിയിരിക്കുന്ന ആ സ്ത്രീയെ ഞാൻ സ്വപ്നം കണ്ടത്.
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തികൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാർ നിർത്താതെ നൃത്തം ചെയ്തു . അവർ രണ്ടു ചിറകുകൾ കൊണ്ട് മുഖവും രണ്ടു ചിറകുകൾ കൊണ്ട് ശരീരവും മറച്ചിരുന്നു. രണ്ടു ചിറകുകൾ കൈകൾക്കു പകരമുള്ളവ ആയിരുന്നു.
അവർ നൃത്തം ചെയ്തുകൊണ്ട് ആ സ്ത്രീയുടെ അടുത്തെത്തി, കയറിന്റെ ഒരറ്റം കല്ലിന്മേൽ കെട്ടിയിട്ട് മറ്റേ അറ്റം അവളുടെ കഴുത്തിൽ ചുറ്റാനായി മുഖം പിടിച്ചുയർത്തി. ആ മുഖം കണ്ട് ഞാൻ അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.
ചുരിദാറിന്റെ തുമ്പുകൊണ്ട് വിയർപ്പുതുടച്ചു കളഞ്ഞ്, ജഗ്ഗിൽ നിന്നും വെള്ളം വായിലേയ്ക്കും ബാക്കി മുഖത്തുമൊഴിച്ച് ഞാൻ എഴുത്തുമേശയിലിരുന്ന വേദപുസ്തകം എടുത്തു തുറന്നു. എന്റെ കണ്ണു പതിച്ച ഭാഗത്ത് ഇപ്രകാരം എഴുതിയിരുന്നു.
'നിന്റെ കൈകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ മുറിച്ചു കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അംഗഹീനനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്‌. നിന്റെ കണ്ണുകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അന്ധനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്‌.'
ഞാൻ വേദപുസ്തകം അടച്ചുവച്ച്, അടുക്കളയിലേയ്ക്ക് നടന്നു. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി എനിക്കറിയാമായിരുന്നു. മീൻ വെട്ടുന്ന കത്തിയെടുത്ത്‌ അരകല്ലിലുരച്ച് മൂർച്ചകൂട്ടി, കൈവിരലിലുരച്ച് മൂർച്ച പരിശോധിച്ചു. വിരലിൽ നിന്നും രക്തം ചീറ്റിത്തെറിച്ചപ്പോൾ സന്തോഷിച്ചു.
പിന്നെ ഇടറുന്ന കരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ ആ കത്തികൊണ്ട് എന്റെ ഹൃദയം മുറിച്ചെടുത്തു. സ്നേഹമിറ്റുന്ന തുടുത്ത ഹൃദയം ഒരു പാത്രത്തിൽ കിടന്ന് താളം തെറ്റാതെ മിടിച്ചു.
കുട്ടികൾ എത്താറായിരിക്കുന്നു എന്നറിയിച്ച് ക്ലോക്ക് മൂന്നടിച്ചു. ഞാൻ ധൃതിയിൽ പാചകം തുടങ്ങി. അന്നത്തെ പ്രധാനവിഭവം എന്റെ ഹൃദയംകൊണ്ടുണ്ടാക്കിയതായിരുന്നു.
അവസാനിച്ചു
ലിൻസി വർക്കി

മുനയില്ലാത്ത സൂചികൾ | Lincy Varkey

 

എവിടെ നിന്നോ ഒരു ഡ്രിൽ ബിറ്റിന്റെ ശബ്ദം ഉയർന്നുയർന്നു വന്നു. ഞാൻ കാതുകൾ പൊത്തിപ്പിടിച്ചു കൊണ്ട് ചുറ്റും നോക്കി.
ആദ്യം കണ്ടത് ഒരു കൈയാണ്. നഖങ്ങൾ പറ്റെവെട്ടിയ, നീണ്ട വിരലുകളുള്ള ഒരു കൈ. അതിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു ഡ്രില്ലിങ് മെഷീൻ. അറ്റത്ത് വേഗതയോടെ കറങ്ങുന്ന അൽപം തുരുമ്പിച്ച ഡ്രിൽ ബിറ്റ്. വലിയ ശബ്ദത്തോടെ അത് എന്തിലോ തുളച്ചു കയറുന്നു.
കണ്ണുകൾ തിരുമ്മി സൂക്ഷിച്ചു നോക്കി. ചുക്കിച്ചുളിഞ്ഞ തൊലിയുള്ള, മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യശരീരത്തിലാണ് അത് തുളച്ചു കയറുന്നത്.
ഞാൻ ഞെട്ടിയെഴുന്നേറ്റു. ശരീരമാകെ വിയർത്തു കുളിച്ചിരുന്നു. ഇടതു കൈയ്ക്ക് അനക്കാൻ വയ്യാത്ത വേദന. വലതു കൈ കുത്തി മെല്ലെ എഴുന്നേറ്റിരുന്നു. കുടലു മറിഞ്ഞു വരുന്നത് പോലെ തോന്നി. ടോയ്‌ലെറ്റിലേയ്ക്ക് ഓടാനായി കട്ടിലിൽ നിന്ന് ചാടിയിറങ്ങി. കാലുകൾ വേദന മൂലം ചലിക്കുന്നില്ല .
മെല്ലെ കട്ടിലിലിരുന്ന് കാലുകൾ വലിച്ചെടുത്തു. മേശയിൽ പിടിച്ചെഴുന്നേറ്റു നിന്നു. അപ്പോഴേയ്ക്കും വീണ്ടും മനം മറിഞ്ഞു. മുറിയിൽ ഛർദിച്ചു പോകാതിരിക്കാനുള്ള തത്രപ്പാടിൽ മൂത്രം കാലുകളിലൂടെ ഒഴുകി. അതിന്റെ ചുവപ്പു കലർന്ന ഓറഞ്ചു നിറം കണ്ടപ്പോൾ വീണ്ടും വയറ്റിൽ നിന്നെടുത്തു കുടഞ്ഞു.
ടോയ്‌ലെറ്റിൽ എത്തുന്നതിനു മുൻപേ ഛർദ്ദിച്ചു. ഓറഞ്ചല്ലികൾ പോലെ മരുന്നു പുരണ്ട ചോറുമണികൾ എങ്ങും നിരന്നു.
ക്ലോസെറ്റിനുള്ളിലേയ്ക്ക് കുനിഞ്ഞിരുന്ന് അവസാന തുള്ളി വെള്ളം പോലും ഛർദ്ദിച്ചു കളയുമ്പോഴും ഉള്ളിൽ ആ ശബ്ദം മുഴങ്ങുകയായിരുന്നു. മാംസത്തിലൂടെ തുളഞ്ഞ് എല്ലിൽ തട്ടി നിൽക്കുന്ന ആ ഡ്രിൽ ശബ്ദം.
കണ്ണുകളടച്ച് ഓർമ്മകളിലൂടെ പിന്നോട്ടുപോയി. എന്നെയും കൊണ്ട് ഓടിയോടി അത് ഒരു ടി ബി ഹോസ്പിറ്റലിന്റെ ഉള്ളിലെത്തി നിന്നു.
അവിടെയെങ്ങും കാണപ്പെട്ടത് കൂനിയിരിക്കുന്ന മെല്ലിച്ച രൂപങ്ങളും അവരുടെ ബെഡിന്റെ അടിയിൽ തൂങ്ങിക്കിടക്കുന്ന ചുവപ്പു കലർന്ന ഓറഞ്ചു കളറുള്ള യൂറിൻ ബാഗുകളുമാണ് .
"ബാക്കിയൊക്കെ സഹിക്കാം. ഈ നിറം കാണുമ്പോൾ ഛർദ്ദിക്കാൻ വരും."
കൂട്ടുകാരിയോട് പരാതി പറഞ്ഞു കൊണ്ട് ആ ബാഗുകൾ കാലിയാക്കുന്ന എന്നെ ഞാനവിടെ കണ്ടു. എന്റെ മുഖം വക്രിച്ചിരുന്നു. വാക്കുകളിൽ അറപ്പ് നിറഞ്ഞിരുന്നു.
അവർ കഴിക്കുന്ന മരുന്നുകളാണ് ആ നിറത്തിനു കാരണം എന്ന് അറിയാമായിരുന്നു. എന്നിട്ടും ആ നിറത്തെ ഞങ്ങളെല്ലാം വെറുത്തു.
ആയമാരുടെ പണിയാണ് യൂറിൻ ബാഗ് കാലിയാക്കുക എന്നത്. അവർ അതിനൊക്കെ രോഗികളുടെ കൂടെയുള്ളവരിൽ നിന്ന് കാശും വാങ്ങാറുണ്ട്. പക്ഷേ സ്റ്റുഡന്റസിനെ കാണുന്നത്തോടെ അവർ സീനിയർ കളിക്കും.
മടിച്ചു മടിച്ച് അടുത്തു ചെലുമ്പോഴേ രോഗികൾ കൈകൾ കൂപ്പും. അന്ന് ആ കൂപ്പുകൈകളുടെ പുറകിലെ വേദനയും മാനഹാനിയുമൊന്നും മനസ്സിലാക്കാനുള്ള അറിവില്ലായിരുന്നു. ആ അവസ്ഥകളിലൂടെയോക്കെ കടന്നു പോകുന്നത് വരെ.
ഓർമ്മകൾ മുന്നോട്ടു കൊണ്ടു പോയി. പിന്നെ കണ്ടത് കയ്യിൽ മുനയില്ലാത്ത സൂചിയുമായി അന്തിച്ചു നിൽക്കുന്ന എന്നെയാണ്.
ഞാനന്ന് നഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഇൻജെക്ഷൻ കൊടുത്തു പഠിക്കുന്ന സമയം. അവിടെയുള്ള മിക്ക രോഗികൾക്കും മൂന്നു നേരം ഇൻജെക്ഷൻ ഉണ്ടായിരുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിച്ചു. പഠിച്ച ഹോസ്പിറ്റലിൽ വി ഐ പി കൾ മാത്രം വന്നിരുന്നത് കൊണ്ട് ഡമ്മിയിൽ മാത്രമേ അന്നുവരെ ഇൻജെക്ഷൻ ചെയ്തിട്ടുണ്ടായിരുന്നുള്ളു. ലാബിൽ ടീച്ചർ ഡമ്മിയിൽ കുത്തി പഠിപ്പിച്ചത് പോലെ മനുഷ്യരിൽ കുത്തി വെക്കുവാനും ആരെങ്കിലും പഠിപ്പിക്കും എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.
ആദ്യദിവസം രാവിലെ തന്നെ തലയിൽ പാള പോലുള്ള തൊപ്പി വച്ച, ശരീരത്തിന്റെ മുകൾ ഭാഗത്തിന്റെ നാലിരട്ടി വലിപ്പമുള്ള താഴ്ഭാഗമുള്ള ഒരു നേഴ്സ് രജിസ്റ്ററിൽ നിന്ന് തലയൊന്നുയർത്തി 'പാപ്പാ സ്റ്റാർട്ട് ഗിവിങ് ദി ഇൻജെക്ഷൻസ്' എന്നു പറഞ്ഞിട്ട് വീണ്ടും തലതാഴ്ത്തിയിരുന്നു. ചുറ്റും നടക്കുന്നതൊന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം കഴിക്കാനല്ലാതെ ആ മേശക്കരുകിൽ നിന്ന് എഴുന്നേറ്റതുമില്ല.
അന്തിച്ചു നിന്ന ഞങ്ങളുടെ മുന്നിലേയ്ക്ക് ഒരു അറ്റൻഡർ മരുന്നിന്റെ ട്രോളി ഉന്തിവച്ചു തന്നു. പിന്നെ ഫയലുകളിലേയ്ക്ക് കണ്ണുകൾ നീട്ടിക്കാണിച്ചു.
ഡമ്മിയിൽ കുത്തിവയ്ക്കുന്നതു പോലെ എളുപ്പമായിരുന്നില്ല ജീവനുള്ള രോഗികൾക്ക്. പ്രത്യേകിച്ചും ടി ബി രോഗികൾക്ക്. അവരൊക്കെയും എല്ലും തോലുമായിരുന്നു. പലരിലും മസിൽ എന്നൊന്ന് കണ്ടുപിടിക്കാൻ പോലും ഉണ്ടായിരുന്നില്ല.
ആരോ വെള്ളത്തിലിട്ടു തിളപ്പിച്ച് അണുവിമുക്തമാക്കി എന്നു വിശ്വസിച്ച വലിയ സൂചികൾ തൊലിയിൽ കുത്തിയിറക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. ഒറ്റക്കുത്തിനു കയറുമെന്നു കരുതിയ സൂചി പലയിടങ്ങളിലും മടിച്ചു നിന്നു. ഒരു അഭ്യാസിയെപ്പോലെ തിരിച്ചും മറിച്ചും കറക്കിയും അതിനെ കുത്തിയിറക്കി. പലതും എല്ലിൽ ചെന്നു മുട്ടി ശബ്ദമുണ്ടാക്കി.
അവരാരും കരഞ്ഞില്ല . മുഖം ചുളിച്ചില്ല. കരയാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ല. നികുതി കൊടുക്കുന്ന പണത്തിന്റെ അവകാശമാണ് കിട്ടിക്കൊണ്ടിരിക്കുന്ന ചികിത്സകൾ എന്നറിയാത്ത പാവങ്ങളായിരുന്നു അവർ. ഡോക്ടർമാരും നഴ്സുമാരും ഗവർമെന്റും അവരോടു കാണിക്കുന്ന ദയയാണ് ആ ചികിത്സകൾ എന്ന് അവർ വിശ്വസിച്ചുപോന്നു. അതുകൊണ്ടു തന്നെ അവരെയൊക്കെ ദൈവത്തെപ്പോലെ കണ്ടു. കാണുമ്പോഴൊക്കെ തൊഴുതു. മറുത്തൊന്നും പറയാതെ അവഗണനകളും വേദനകളും സഹിച്ചു.
അല്ലെങ്കിൽ അവർ കരഞ്ഞോ, മുഖം ചുളിച്ചൊ എന്ന് ഞങ്ങൾ അന്വേഷിച്ചില്ല. കാരണം ആ പാഠങ്ങൾ ഞങ്ങളുടെ സിലബസിൽ ഇല്ലായിരുന്നു.
പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിലും എത്രയോ അപ്പുറമാണ് ജീവിതം പഠിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം ഒരു ഡോക്ടർ എന്റെ ആർട്ടറിയിൽ നിന്ന് രക്തമെടുക്കാൻ ശ്രമിക്കുന്നതിനിടെ വളരെ ഫൈൻ ആയുള്ള നീഡിൽ എല്ലിൽ പലതവണ തട്ടി. അന്ന് ഞാനനുഭവിച്ച വേദന ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയും. ആ രോഗികൾ അനുഭവിച്ച വേദന വീണ്ടും കുത്തി നോവിക്കും.
ടി ബി വാർഡിലെ പോസ്റ്റിങ്ങ് കഴിഞ്ഞ് സ്റ്റെറിലൈസഷൻ ഡിപ്പാർട്മെന്റിലായിരുന്നു പോസ്റ്റിങ്ങ്. അവിടെ പ്രധാന ജോലി നീഡിലുകൾ ഒരു പ്രത്യേക തരം കല്ലിലുരച്ച് മൂർച്ച കൂട്ടുകയായിരുന്നു. ഉരച്ചുരച്ചു കൈകൾ വേദനിച്ചതല്ലാതെ വർഷങ്ങൾ പഴക്കമുള്ള, പല പല എല്ലുകളിൽ തട്ടി പരന്നു പോയ ആ സൂചികൾ എത്ര ഉരച്ചാലും കൂർപ്പിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. ചിലതൊക്കെ ഞാൻ ആരും കാണാതെ വലിച്ചെറിഞ്ഞു.
അവിടെ ഇരുന്ന് ആ രോഗികളെക്കുറിച്ച് ആലോചിച്ചു. മുനയില്ലാത്ത സൂചികൾ കുത്തിയിറങ്ങുമ്പോൾ, അത് എല്ലിൽ തട്ടി വേദനിക്കുമ്പോൾ അവർ കരഞ്ഞിരുന്നോ എന്ന് സന്ദേഹിച്ചു . വീണ്ടും അവിടെ പോസ്റ്റിങ്ങ് കിട്ടിയാൽ നല്ല സൂചികൾ മാത്രം കണ്ടുപിടിച്ച് കുത്തിവയ്ക്കും എന്ന് തീരുമാനിച്ചു.
പക്ഷെ അവിടെ വീണ്ടും പോസ്റ്റിങ്ങ് കിട്ടിയില്ല. കുറച്ചു ദിവസങ്ങൾ അതൊരു നൊമ്പരമായി നിലനിന്നെങ്കിലും സാവധാനം അതൊക്കെ മറന്നു. അല്ലെങ്കിലും ഒരു പതിനെട്ടുകാരിക്ക് മറ്റുള്ളവരുടെ ജീവിതത്തെ ഓർത്തിരിക്കാൻ എവിടെ സമയം ?
കാലങ്ങൾ ഓർമ്മകളെ തിരികെ കൊണ്ടുവരും. മറവിയുടെ മഷിത്തണ്ടു കൊണ്ട് എത്ര മായ്ക്കാൻ ശ്രമിച്ചാലും ചിലതൊക്കെ കൂടുതൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വരും.
ഇപ്പോൾ ഞാൻ അവരെയൊക്കെ ഓർക്കുന്നു. മുഖങ്ങൾക്കു തെളിച്ചമില്ലെങ്കിലും ഓരോ രൂപങ്ങളെയും കണ്മുന്നിൽ കാണുന്നു. മനസ്സുകൊണ്ട് അവരോടു മാപ്പു പറയുന്നു . ഒരുപക്ഷെ അവരുടെ ആരുടെയെങ്കിലുമൊക്കെ കണ്ണുനീരാകാം ഇപ്പോൾ ഞാൻ കാണുന്ന ദുസ്വപ്നങ്ങളുടെ രാത്രികൾ...
ലിൻസി വർക്കി

യക്ഷിയോർമ്മകൾ | Lincy Varkey


 "എന്നിട്ട് അപ്പനിങ്ങനെ തിരിഞ്ഞു നോക്കാതെ കാളവണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ ഒരു പൊട്ടിച്ചിരി. കാളകൾക്ക് വിളറി പിടിച്ചു. അത് അപ്പനേം വലിച്ചോണ്ട് ഓടിത്തുടങ്ങി. അപ്പനിതെത്ര കണ്ടതാ. പുള്ളി കാളകളെ മൂക്കുകയർ പിടിച്ചു നിർത്തി. പിന്നെ മെല്ലെ വീണ്ടും വണ്ടി തെളിച്ചു. അപ്പഴതാ വണ്ടീടെ ചക്രങ്ങൾ ഊരി തെറിച്ചു പോകുന്നു. അപ്പനെ വണ്ടീന്ന് ഇറക്കാനുള്ള അടവാണ്. വണ്ടി ഇരുമ്പായോണ്ട് അവറ്റകൾക്ക് അടുക്കാൻ പറ്റത്തില്ല."

"എഞ്ഞിട്ടോ ? " കണ്ണിൽ നിറയെ ഭീതിയോടെ അനിയത്തി ചോദിച്ചു.
"എന്നിട്ടൊരു കുന്തോമില്ല . നിന്നോടാരാ ഇതൊക്കെ കേൾക്കാൻ പറഞ്ഞത്? പോയി വല്ലതും കളിക്ക്."
വല്യമ്മച്ചി അഞ്ചുവയസ്സുകാരിയുടെ മൊട്ടത്തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്ത് ഓടിച്ചു വിട്ടു. എന്നിട്ട് ദേവസ്യചേട്ടനോട് പറഞ്ഞു.
"പെണ്ണ് ആ രസമങ്ങു കളഞ്ഞു. നീ ബാക്കി പറ ദേവസി"
രസമുള്ള പല സംസാരങ്ങളും ആ വരാന്തായിൽ ഉണ്ടാകാറുണ്ടായിരുന്നു. മുറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടാകും എന്ന് വല്യമ്മച്ചി ഒരിക്കലും ചിന്തിച്ചില്ല. ചിലതൊക്കെ പറയുമ്പോൾ ശബ്ദം വളരെ താഴ്ന്നു. അപ്പോൾ ഞാൻ വാതിൽപ്പുറകിലേയ്ക്ക് സ്ഥാനം മാറ്റി.
"വണ്ടിയേന്നെറങ്ങിയാൽ കൊല്ലും, അതപ്പനു നന്നായറിയാം. അതുകൊണ്ട് അപ്പൻ വണ്ടിയിൽ തന്നെയിരുന്നു നേരം വെളുപ്പിക്കാൻ തീരുമാനിച്ചു."
"അതേതായാലും നന്നായി . എന്നിട്ട് വെളുക്കുന്നതു വരെ അതിലിരുന്നോ ? "
"എവടെ ? വെളുക്കാറായപ്പോൾ അപ്പന് തൂറാൻ മുട്ടി. മൂന്നുമണിയ്ക്കു റബ്ബറു വെട്ടാൻ പോകുന്നെന്ന് മുൻപ് ഒരു കട്ടനുമടിച്ചു കക്കൂസിൽ പോയി ശീലമുള്ളതല്ലേ. വയറിനറിയാമോ യക്ഷി വന്നു നിൽക്കുന്ന കാര്യം. അതും വെളുപ്പിനെ മൂന്നുമണിയ്ക്ക് . അപ്പൊ അതുങ്ങടെ ശക്തി പത്തിരട്ടി ആകുമത്രേ. "
" അങ്ങേര് വണ്ടിയിലിരുന്ന് കാര്യം സാധിച്ചു കാണും അല്ലെ ?" വല്യമ്മച്ചിക്ക് ആകാംഷ സഹിക്കാൻ പറ്റിയില്ല.
"ഏയ്, അപ്പൻ ഭയങ്കര വൃത്തിക്കാരനാരുന്നു. പുള്ളി ബനിയൻ ഒരൽപം പൊക്കി അരയിലെ പിച്ചാത്തി കാണാവുന്നപോലെ വച്ചു. വെന്തിങ്ങം എടുത്തു പുറത്തിട്ടു . എന്നിട്ട് അപ്പുറത്തൊള്ള ഒരു തോട്ടിൻകരേല് ചെന്നിരുന്നു കാര്യം സാധിച്ചു. യക്ഷികള് പുറകിൽ നിന്ന് അലറുകയും ചിരിക്കുകയും ഒക്കെ ചെയ്തു. അപ്പൻ തിരിഞ്ഞു നോക്കിയില്ല. തിരിഞ്ഞു നോക്കിയാല് അവറ്റകള് കണ്ണുകെട്ടും. പിന്നെ ഇരുമ്പിനും വെന്തിങ്ങയ്ക്കുമൊന്നും രക്ഷിക്കാൻ പറ്റില്ല."
എനിക്കു തിരിഞ്ഞു നോക്കാൻ പേടിയായി. പുറകിൽ ഏതൊക്കെയോ യക്ഷികൾ വന്നു നിൽപ്പുണ്ടെന്നും തിരിഞ്ഞു നോക്കിയാൽ കൊല്ലപ്പെടുമെന്നും ഭയപ്പെട്ടു.
"രണ്ടാളും കൂടി യക്ഷിയെ പിടിക്കുവാണോ? കൂടോത്രക്കഥകളൊന്നും ഇല്ലേ ദേവസി ?"
പുതിയ ശബ്ദം കേട്ട് ഞാൻ എത്തിവലിഞ്ഞു നോക്കി. പിള്ളേച്ചൻ ചേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന പിള്ളേച്ചനാണ്. വായിൽ നിറയെ മുറുക്കാൻ.
അതൊക്കെ പറയാം പിള്ളേച്ചാ. ആദ്യം ഇതൊന്നു പറഞ്ഞു തീർക്കട്ടെ. ദേവസിച്ചേട്ടൻ പറയാൻ തിരക്കുകൂട്ടി .
"എന്നിട്ട് അപ്പൻ തിരിച്ചു വന്നു നോക്കുമ്പോൾ ആടു കെടന്നെടന്നെടത്തൊരു പൂടെമില്ലെന്നു പറഞ്ഞപോലെ കാളകളെ രണ്ടിനേം കാണാനില്ല. വണ്ടി ഒരനാഥപ്രേതം പോലെ വഴിയിൽ കെടപ്പൊണ്ട്. അന്ന് വെളുക്കുവോളം വണ്ടീലിരുന്നിട്ട് അപ്പൻ കാൽനടയായി തിരിച്ചു വീട്ടിലെത്തി. വന്നപ്പോൾ പൊള്ളിപ്പനിക്കുവാരുന്നു. തെക്കേലച്ചൻ വന്നു തലയ്ക്കു പിടിച്ചിട്ടാ പനി വിട്ടത്."
"അച്ചന്മാരുടെ കയ്യിൽ അങ്ങനെ പല പല സൂത്രപ്പണികളുമൊണ്ട്. കടമറ്റത്തു കത്തനാരെക്കുറിച്ച് കേട്ടിട്ടില്ലേ? പുള്ളി വല്യ മന്ത്രികനാരുന്നു. ചെകുത്താനൊക്കെ അങ്ങേരെ ഭയങ്കര പേടിയാരുന്നെന്നാ കേട്ടുകേൾവി."
വല്യമ്മച്ചി തന്റെ അറിവ് പങ്കു വച്ചു. പക്ഷെ ദേവസിച്ചേട്ടൻ സമ്മതിച്ചു കൊടുത്തില്ല.
"ഓ എന്നാ മന്ത്രികനാണേലും ചെകുത്താന്റെ അടുത്ത് കളി നടക്കത്തില്ല. ഓടിച്ചപ്പോൾ പേടിച്ചു പള്ളീൽ കേറിയോണ്ടല്ലേ രക്ഷപെട്ടത്. പിശാച് അടിച്ച പാട് ഇപ്പഴും ആ വാതിലേൽ ഒണ്ടെന്നാ പറച്ചില്."
"നല്ല മാന്ത്രികനാണേൽ ഒരു കളീം നടക്കില്ല." പിള്ളേച്ചൻ നീട്ടിതുപ്പി, ചിറി തുടച്ച് തുടർന്നു.
"എന്റെ വല്യച്ഛൻ വല്യ മന്ത്രവാദിയാരുന്നു. പുള്ളി പണ്ട് വടക്കാഞ്ചേരിയിൽ ഒരു കല്യാണത്തിന് പോയപ്പോൾ ഇതുപോലൊരു സാധനത്തിനെ കണ്ടു. ചുണ്ണാമ്പു ചോദിച്ചു നീട്ടിയ കയ്യെക്കേറി പിടിച്ചിട്ടു പോരുന്നോ എന്നൊരു ചോദ്യം. ആള് നാണിച്ചു തലകുനിച്ചു നിന്നത്രേ. ഇപ്പഴുമുണ്ട് തറവാട്ടിലെ പാലേല് ആ ആണി. അതെങ്ങാനും ഊരിയാൽ തീർന്നു."
എന്റെ ഹൃദയം പെരുമ്പറ കൊട്ടി. മുറ്റത്തെ ഈന്തിൽ നിന്ന് അന്നു രാവിലെയാണ് ഒരാണി അനിയൻ ഊരിയെടുത്തത് . അതിലും യക്ഷിയെ തറച്ചതായിരിക്കുമോ? ഇനി അതാണോ പുറകിൽ വന്നു നിൽക്കുന്നത്? എന്റെ പേടി കൂടി.
"ഞാനിന്നാള് രാത്രി കരമറ്റത്തെ പണീം കഴിഞ്ഞ് ശവക്കോട്ടേടെ അടുത്തൂടെ വന്നപ്പോൾ ആണ്ടെ നിൽക്കുന്നു പരിചയമൊള്ള ഒരാള്. എന്നോട് വന്ന് ബീഡി ചോദിച്ചു. ബീഡി കൊടുത്തിട്ട് കത്തിച്ചു കൊടുക്കാൻ തീപ്പെട്ടി ഒരച്ചപ്പോൾ മൂക്കിൽ പഞ്ഞിയൊക്കെ വച്ച് നമ്മടെ കൊചൗസെപ്പ് ചേട്ടനാണ് . ഞാൻ ജീവനും കൊണ്ട് പാഞ്ഞു."
ദേവസ്യ ചേട്ടനാണ്. പുള്ളി പറയുന്നതിൽ പകുതി നുണയായിരിക്കും എന്ന് എല്ലാവർക്കും എന്നറിയാം. എന്നിട്ടും എന്റെ കുഞ്ഞു മനസ്സ് പേടിച്ചു മുള്ളി.
ശവക്കോട്ട എന്നും എന്റെ പേടിസ്ഥലമായിരുന്നു. പേടികൂട്ടാനായി കൂട്ടുകാർ പല ഭീകര കഥകളും പറഞ്ഞുതന്നു.
സീനയുടെ മരിച്ചുപോയ വല്യപ്പച്ചൻ രാത്രി വാതിലിൽ മുട്ടിയതും സജിനിയുടെ അമ്മായിയെ അടുക്കളയിൽ കണ്ടതുമൊക്കെ പറഞ്ഞ് അവർ എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നു.
രാത്രികളിൽ അവിടെ നിന്ന് തീപ്പന്തങ്ങൾ പൊങ്ങിപ്പോകുന്നത് കാണാറുണ്ടെന്ന് പറഞ്ഞത് അതിന്റെ അടുത്തു താമസിക്കുന്ന സെൽമിയാണ്. അന്നു മുതൽ എല്ലാ രാത്രികളിലും ഞാൻ അവിടം സ്വപ്നം കണ്ടു. മരിച്ചു പോയ മനുഷ്യർ കൂട്ടിക്കെട്ടിയ താടിയും മൂക്കിൽ പഞ്ഞിയുമായി വന്ന് രാത്രിമുഴുവൻ എന്നെ ഇട്ടോടിച്ചു.
പള്ളിമണികൾ പോലും എന്നെ ഭയപ്പെടുത്തി. മൈക്ക് സെറ്റുകളിലൂടെ കാതങ്ങൾ കടന്നെത്തിയ ഒപ്പീസുപാട്ടുകൾ കേൾക്കാതിരിക്കാൻ കാതുകൾപൊത്തി.
ആ പേരു പോലും എന്നെ പേടിപ്പിച്ചു. പള്ളിയിൽ പോകുമ്പോൾ അങ്ങോട്ടേക്കു നോക്കാൻ പോലും ഞാൻ ഭയപ്പെട്ടു. എങ്ങാനും പെട്ടെന്നു മരിച്ചു പോയാൽ രാത്രി അവിടെ തനിച്ചു കിടക്കണമല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. വല്യമ്മച്ചി അവിടെ താമസമാക്കുന്നതു വരെ ...
ലിൻസി വർക്കി

പ്രണയം


 പ്രണയം ദിവ്യമല്ലെന്നും
ആത്മാക്കളുടെ സംഗമമല്ലെന്നും
ജന്മജന്മാന്തരങ്ങളുമായി ബന്ധമൊന്നുമില്ലെന്നും
പ്രകൃതിയുടെ വികൃതിയാണതെന്നും
എനിക്കറിയാമായിരുന്നു
ഞാനത് പഠിപ്പിക്കുമ്പോൾ നീ അടുത്ത ക്ലാസ്സിൽ
പാർവ്വതീ പരിണയം ഈണത്തിൽ ചൊല്ലുകയായിരുന്നു
തപസ്സു ചെയ്തു മെലിഞ്ഞ ഗൗരിയുടെ
ശോഷിക്കാത്ത പയോധരങ്ങളെപ്പറ്റിയും
പൊട്ടിപ്പോയ സ്തനകഞ്ചുകത്തെപ്പറ്റിയും
വാചാലനാവുകയായിരുന്നു
നിന്റെ ക്ലാസ്സിൽ, കുട്ടികൾ തിങ്ങി ഞെരുങ്ങിയിരുന്നപ്പോൾ
തൊട്ടപ്പുറത്തെ ഗീത ടീച്ചറിന്റെ ഹിന്ദി ക്ലാസ്സ്‌
മുക്കാലും ശൂന്യമായിരുന്നു
ഞങ്ങളുടെ നേർത്ത ശബ്ദങ്ങൾ
പെൺകുട്ടികളുടെ നാണം കലർന്ന ചിരികളിലും
ആൺപുലികളുടെ അശ്ലീലം നിറഞ്ഞ സംശയങ്ങളിലും
മുങ്ങിപ്പോയ്ക്കൊണ്ടിരുന്നു
നീ, പ്രണയം ദൈവികമാണെന്നും
ആത്മാക്കളുടെ സംഗമമാണെന്നും
ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും
ഉറക്കെ പറഞ്ഞത്
എന്നെ കേൾപ്പിക്കാനായിരുന്നു എന്നെനിക്കറിയാം
നിന്റെ കൺകോണുകൾ
ക്ലാസുകളെ വേർതിരിച്ച സ്ക്രീനിലെ,
പ്രണയികളാൽ വേർപ്പെടുത്തപ്പെട്ട വിടവുകളിലൂടെ
എന്നെ തേടി വരുന്നതും എനിക്കറിയാമായിരുന്നു
നിന്റെ നോട്ടങ്ങൾ എന്നിലുണ്ടാക്കിയ ഹോർമോണുളെപ്പറ്റി ഞാൻ പ്രബന്ധമെഴുതി
എന്റെ കണ്ണുകളെപ്പറ്റി
നീ കവിതകളും...
കാലങ്ങൾ പറന്നു
എന്റെ പ്രണയഹോർമോണുകൾ
മരിച്ചു മണ്ണടിയേണ്ട സമയം കഴിഞ്ഞു
എന്നിട്ടുമെന്തേ നിന്റെ കവിതകളിലെ പ്രണയം
ഇന്നും എന്നെ തരളിതയാക്കുന്നു???
ലിൻസി വർക്കി

ഇരുപുറങ്ങൾ

 

ഞാൻ ചിലപ്പോഴൊക്കെ മറ്റാരോ ആയി മാറാറുണ്ട്...
അപ്പോഴൊക്കെ ഒരു വിശുദ്ധ എന്നിൽ സന്നിവേശിക്കും
ചിന്തകളെയൊക്കെ വെടിപ്പാക്കും
ഹൃദയത്തെ വെളുപ്പാക്കും...
കൂടെനിന്ന മനസ്സിനെ തള്ളിപ്പറയും
ധാർമ്മികതയില്ലാത്തവൾ എന്നാരോപിക്കും
അനുസരണയില്ലാത്തവൾ എന്നാക്രോശിക്കും
നാണം കെട്ടവളെന്നു വിളിച്ചു തരം താഴ്ത്തും
കഠിനതയുടെ ഇരുമ്പുകൂടിനുള്ളിലടയ്ക്കും
കണ്ണുനീർ കൊണ്ടു മുദ്രവയ്ക്കും...
എങ്കിലും, മനസ്സ് വീണ്ടും ഇറങ്ങിനടക്കും..
ഓർമ്മയുടെ കാടുകളിലൂടെ ഏകയായി സഞ്ചരിക്കും..
സ്നേഹജലം നിറഞ്ഞ അരുവിക്കരയിൽ
വഴിതെറ്റാതെയെത്തിച്ചേരും...
ആടയാഭരണങ്ങൾ വലിച്ചെറിഞ്ഞ്
വനഭംഗിയാൽ നാണം മറയ്ക്കും..
തണുത്തു തെളിഞ്ഞ വെള്ളത്തിൽ
തുടിച്ചു കുളിക്കും
മതിയാവോളം കോരിക്കുടിക്കും
കൈകുമ്പിളിൽ ശേഖരിക്കും...
പിന്നെ, ഈറൻ പെയ്യുന്ന കണ്ണുകളോടെ ഇതാണവസാനമെന്നുറപ്പിച്ചു
തിരികെ നടക്കും...
പടിവാതിൽക്കൽ മടിച്ചു നിന്ന്
ഇനി പോവില്ല, യെന്നേങ്ങിക്കരയും
ഞാൻ കഴിഞ്ഞതെല്ലാം മറക്കും
അകത്തേയ്ക്കു വിളിക്കും
അലിവോടെ ചേർത്തു നിർത്തും
ഇനി അരുതെന്നപേക്ഷിക്കും ...
പക്ഷേ, രണ്ടു നാളുകൾ പോലും കാത്തു നിൽക്കാതെ
അവളെന്റെ വിശുദ്ധവസ്ത്രം അഴിച്ചു മാറ്റും
ഞങ്ങളൊരുമിച്ചു കുറുമ്പുകാട്ടും
കണ്ണടച്ചിരുട്ടാക്കി
സ്നേഹത്തിന്റെ പാൽ കട്ടുകുടിയ്ക്കും
ആരും കാണുന്നില്ലെന്നാശ്വസിപ്പിക്കും
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണും ...
ലിൻസി വർക്കി

ഒരു കരോൾ ഗാനം


 പുത്തൻ മരുമകൾക്ക് വീട്ടുപണികളൊന്നും തന്നെ ചെയ്യാനറിയില്ല എന്നത് എന്റെ അമ്മായിഅമ്മയുടെ ഒരു വലിയ വിഷമം ആയിരുന്നു. പെണ്ണുങ്ങൾ എന്നാൽ വീട്ടുപണികൾ ചെയ്യാനായി സൃഷ്ടിക്കപ്പെട്ടവരാണെന്നും അത് അറിയാത്തവർ/ ചെയ്യാത്തവർ സ്ത്രീവർഗ്ഗത്തിന് തന്നെ അപമാനമെന്നും കക്ഷി കരുതിപ്പോന്നു.

എന്റെ ഭാഗ്യദോഷത്തിന് ചേട്ടന്റെ ഭാര്യയും നാത്തൂനുമൊക്കെ വീട്ടുപണികളിൽ പി എഛ് ഡി എടുത്തവർ ആയിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവർ കപ്പ, മീൻ , ചോറ് ,നാലഞ്ചുകൂട്ടം കറികൾ എന്നിവ ഉണ്ടാക്കിയ ശേഷം, ഒരു മടുപ്പുമില്ലാതെ അമ്മേ ഇനിയെന്താ ചെയ്യണ്ടേ എന്നു ചോദിച്ച് ചിരിച്ചു നിൽക്കും.
ഞാൻ പ്രൊഫെഷണലി എന്തൊക്കെയാണെങ്കിലും വീട്ടുപണികൾ അറിയില്ല എന്നത് വലിയൊരു കുറവായി കണക്കാക്കപ്പെട്ടു. പതിനഞ്ചാം വയസ്സു മുതൽ ഹോസ്റ്റലിൽ നിന്നതു കൊണ്ട് വിയർപ്പിന്റെ അസുഖം അൽപ്പം ഉണ്ടെന്നതും എന്റെ ആ കുറവിന് മാറ്റുകൂട്ടി.
ബന്ധുവീടുകളിൽ ചെല്ലുമ്പോൾ അവിടുത്തെ അമ്മച്ചിമാര് വക ' പെണ്ണിന് പണികളൊക്കെ അറിയാവോടീ മറിയാമ്മേ' എന്നൊരു ചോദ്യമുണ്ട്. അതുകേൾക്കുമ്പോൾ എനിക്ക് മേലാസകലം ചൊറിഞ്ഞു വരും. അമ്മായിഅമ്മ ഗിയർ ന്യൂട്രലിലേയ്ക്കിട്ട് 'ഓ' എന്നൊരു മൂളൽ മൂളും . അതിൽ അവർക്കു വേണ്ട എല്ലാ ഉത്തരങ്ങളും അടങ്ങിയിട്ടുണ്ടാകും.
വീട്ടുപണികളൊന്നും അറിയില്ലെങ്കിലും ഒരു സംഭവമാണ് എന്നു കാണിക്കാനായി പല ടെക്‌നിക്കുകളും ഞാൻ ശ്രമിച്ചു. ഇന്റീരിയർ ഡിസൈനിങ് മുതൽ പലതും പരീക്ഷിച്ചു. വീട്ടിലെ പുരപ്പുറം വരെ തൂത്തു. പക്ഷെ അമ്മായിഅമ്മയ്ക്ക് നോ അനക്കം.
എങ്കിൽപ്പിന്നെ സോപ്പിട്ടു കയ്യിലെടുക്കാം എന്നു കരുതി ആദ്യം സാരി വാങ്ങിക്കൊടുത്തു, പിന്നെ നൈറ്റി വാങ്ങിക്കൊടുത്തു , എന്തിന് കയ്യിൽക്കിടന്ന വള വരെ ഊരിക്കൊടുത്തു. പക്ഷെ ഞാനപ്പോഴും രണ്ടാംതരക്കാരി തന്നെ..
ഞാൻ ആകെ അസ്വസ്ഥയായി. അമ്മയെ ഇമ്പ്രെസ്സ് ചെയ്യിച്ചെ പറ്റൂ . അമ്മ ചേച്ചിയെക്കുറിച്ചു പറയുന്നത് പോലെ എന്നെക്കുറിച്ചും പറയണം. അത് കേട്ട് ഹൃദയം നിറയ്ക്കണം.
അങ്ങനെയിരിക്കെയാണ് ക്രിസ്മസ് ആഘോഷിക്കാൻ പള്ളിയിൽ രണ്ടു ജർമ്മൻകാർ വന്നത് . ഒരു സായിപ്പും മദാമ്മയും.
ക്രിസ്മസ് രാത്രിയിൽ പാതിരാകുർബ്ബാനയ്ക്ക് പോകുന്നവഴിയിൽ അവരതാ മാലാഖമാരെപ്പോലെ വഴിയിൽ നിൽക്കുന്നു . എന്റൊപ്പം അമ്മയുമുണ്ട് .
ഇതുതന്നെ അവസരം ...എന്റെ മനസ്സ് മന്ത്രിച്ചു.
ഞാൻ ഇടിച്ചു കേറി അവർക്കു കൈയൊക്കെ കൊടുത്ത് ഇംഗ്ലീഷിൽ അതുമിതുമൊക്കെ സംസാരിച്ചു. അമ്മ എന്റെ ആഷ്പുഷ് ഇംഗ്ലീഷ് കേട്ട് വണ്ടർ അടിക്കുമെന്നും മരുമകളെക്കുറിച്ച്‌ അഭിമാനപുളകിതയാകുമെന്നും വീട്ടിൽ ചെന്ന് എന്നെ പുകഴ്ത്തിപ്പറയുമെന്നും സങ്കൽപ്പിച്ചു. അപ്പോഴതാ എന്റെ സ്വപ്നക്കൊട്ടാരം പൊളിച്ചുകൊണ്ട് അമ്മേടെ ബന്ധത്തിലുള്ള, മൊട്ടേന്നു വിരിയാത്ത രണ്ടു പിള്ളേര് വന്ന് അവരോടു സംസാരിക്കുന്നു. അതും ഇംഗ്ലീഷിലും ജർമ്മനിലും മാറിമാറി. അമ്മേടെ മുഖത്ത് അഭിമാന സൂര്യൻ. ഞാൻ പ്ലിങ്.
പള്ളിയിൽ ഞങ്ങൾ ഇരുന്നത് ഏറ്റവും പുറകിലായാണ്. അതിഥികളോടുള്ള ആദരസൂചകമായി അവർ പാടുന്ന ഒരു കരോൾഗാനം ഉണ്ടായിരിക്കുന്നതാണെന്ന് കുർബ്ബാനയ്ക്ക് മുൻപ് അച്ചൻ അനൗൺസ് ചെയ്തു.
സായിപ്പും മദാമ്മയും ഗായകസംഘത്തിന്റെ അകമ്പടിയോടെ നേർത്ത ശബ്ദത്തിൽ സൈലന്റ് നൈറ്റ് പാടിത്തുടങ്ങി. തേടിയവള്ളി കാലിൽ ചുറ്റിയ മാതിരി ഞാൻ സന്തോഷിച്ചു. അമ്മയെ എന്റെ പാട്ടുപാടാനുള്ള കഴിവ് , അതും ഇംഗ്ലീഷ് പാട്ട് , കേൾപ്പിച്ചിട്ടു തന്നെ കാര്യം. ഞാൻ തൊണ്ടയൊക്കെ ക്ലിയർ ചെയ്ത് അവരുടെ ഒപ്പം അത്യാവശ്യം ഉറക്കെ പാടിത്തുടങ്ങി.
എന്റെ സ്വരം കേട്ടിട്ടുള്ളവർ ആ പള്ളിയിലുണ്ടായിരുന്നവരുടെ അവസ്ഥ ഓർത്ത് ഇപ്പോൾ ഒന്നു ഞെട്ടും. പക്ഷെ സത്യമായിട്ടും എന്റെ സ്വരം അന്ന് ഇത്ര ഭീകരമായിരുന്നില്ല . കാലങ്ങളുടെ മരുന്നുപയോഗമാണ് സ്വരത്തെ ഇത്ര കർണ്ണകഠോരമാക്കിയത്.
എന്തായാലും ഞാൻ കണ്ണൊക്കെ അടച്ച് നല്ല ഹൈപിച്ചിൽ പാടിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് പാട്ടായതു കൊണ്ട് മുൻപിൽ കുറച്ചു പിള്ളേരല്ലാതെ അധികമാരും പാടുന്നില്ല . അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടാകുമെന്നും, മറ്റുള്ളവരുടെ മുൻപിൽ മരുമകളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഒക്കെ ഓർത്താണ് ഞാൻ പാടുന്നത്.
അപ്പോൾ അമ്മ എന്നെ ഒന്ന് തട്ടി. 'ആഹാ അഭിനന്ദനത്തിന്റെ തട്ട്' എന്റെ മനസ്സ് നിറഞ്ഞു. ഒരു പുഞ്ചിരിയോടെ കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നു.
സായിപ്പും മദാമ്മയും ആ പാട്ടിന്റെ ആദ്യ സ്റ്റാൻസ പാടിയിട്ട് വേറെ പാട്ടു തുടങ്ങി. അമ്മയെ ഇമ്പ്രെസ്സ് ചെയ്യിച്ചുകൊണ്ടിരുന്ന ഞാൻ ഇതൊന്നും അറിയാതെ നല്ല ഹൈപിച്ചിൽ പാട്ടു തുടർന്നു.
അമ്മ മാത്രമല്ല, പള്ളിയിലുണ്ടായിരുന്ന മിക്കവരും ഇമ്പ്രെസ്സ് ആയെന്ന് അമ്മയുടെ മുഖത്ത് കറുത്ത അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു. പാവം ഞാൻ. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ.
ലിൻസി വർക്കി

ചില സൗഹൃദ വിശേഷങ്ങൾ


ഇന്റേൺഷിപ് ചെയ്യുന്ന കാലത്ത് എനിക്കൊരു ആൺ സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ടതാണ്. അയാൾ എന്നെ അനിയത്തി എന്നു വിളിച്ചു. സ്വന്തമായി ഒരേട്ടൻ ഇല്ലാതിരുന്നതിനാലാവണം ആ വിളി എന്നെ ഒരുപാട് സ്വാധീനിച്ചു.

അയാൾ ഏതോ ഒരു കമ്പനിയുടെ മാനേജർ ആയിരുന്നു. ഞാൻ പഠിച്ച ഹോസ്പിറ്റലിന്റെ തൊട്ടടുത്തായിരുന്നു അയാളുടെ ഹെഡ്ഓഫീസ്. അവിടെ വരുമ്പോഴൊക്കെ അയാൾ എന്നെ വന്നുകാണും. കാന്റീനിൽ പോയി ഒരുമിച്ചു കോഫി കുടിക്കും. നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ വാർഡിലേയ്ക്ക് വിളിക്കും, കുറെ നേരം സംസാരിക്കും. അങ്ങനെ ആ സൗഹൃദം വളരെ മനോഹരമായി മുൻപോട്ടു പോയി.

'താമസിയാതെ ഒരേടത്തി വരും കേട്ടോ... ' ഒരിക്കൽ വിളിച്ചപ്പോൾ അയാളെന്നോട് പറഞ്ഞു. പിന്നീട് അവരെക്കുറിച്ചായിരുന്നു പലപ്പോഴും ഞങ്ങളുടെ സംസാരങ്ങൾ.

താമസിയാതെ ഞാൻ ഡൽഹിയിലക്ക് മാറി. മൊബൈൽ ഫോണൊന്നും വ്യാപകമാകാത്ത കാലമായിരുന്നതിനാൽ ഈമെയിലിലൂടെയായിരുന്നു പിന്നീടുള്ള കമ്മ്യൂണിക്കേഷൻ.

കുറച്ചു നാളുകൾക്കു ശേഷം ഈമെയിലുകൾക്കു റിപ്ലൈ വരാതായി. എന്തെങ്കിലും സംഭവിച്ചോ എന്നോർത്തു ഞാൻ വ്യാകുലപ്പെട്ടു.

പിന്നീട് ഞാൻ ഇംഗ്ലണ്ടിനു പോന്നു. വിവാഹം കഴിഞ്ഞു. മറുപടി ഒന്നുമില്ലെങ്കിലും എല്ലാ വിവരങ്ങൾക്കും മുടങ്ങാതെ ഇമെയിലുകൾ അയച്ചു കൊണ്ടിരുന്നു.

അപ്പോഴാണ് ഓർക്കുട്ട് വന്നത് . അതിൽ തിരഞ്ഞിട്ടും ആളെ കാണാതായപ്പോൾ ആൾ മരിച്ചു പോയി എന്നുതന്നെ വിശ്വസിച്ചു. നഷ്ടപ്പെട്ടുപോയ നല്ല സൗഹൃദത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവിനെ ഇടയ്ക്കിടെ ബോറടിപ്പിച്ചു.

പക്ഷെ ഓർക്കുട്ട് മാറി ഫേസ്ബുക് വന്നപ്പോൾ അതിൽ പുള്ളി ഉണ്ടായിരുന്നു. ഭാര്യയും മോളുമായി ചിരിച്ചു നിൽക്കുന്ന പ്രൊഫൈൽ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. അപ്പോൾ തന്നെ റിക്വസ്റ്റ് അയച്ചു . ആക്സെപ്റ്റ് ചെയ്യുകയും ചെയ്തു.

പലതവണ മെസ്സേജ് അയച്ചെങ്കിലും മറുപടി കിട്ടാത്തത് മെസ്സേജ് കാണാഞ്ഞിട്ടാവാം എന്ന് ഞാൻ വെറുതെ ആശ്വസിച്ചു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ആളുടെ ബർത്ഡേ ആണെന്ന് ഫേസ്ബുക് നോട്ടിഫിക്കേഷൻ തന്നത്. ഏട്ടാ എന്നു പബ്ലിക് ആയി വിളിക്കാൻ ചെറിയ ചമ്മലുണ്ടായിരുന്നതു കൊണ്ട് 'Happy Birthday Anil' എന്ന് അയാളുടെ ടൈം ലൈനിൽ പോസ്റ്റ് ചെയ്തു. അധികം താമസിയാതെ മറുപടിയും വന്നു .

' Thank you Chechi '

എത്ര പെട്ടെന്നാണ് അനിയത്തി ചേച്ചിയായത് !!!

അബദ്ധങ്ങൾ അവസാനിക്കുന്നില്ല...

വർഷങ്ങൾക്കു ശേഷം എഴുത്തിലേയ്ക്ക് വന്നപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് രാത്രി വളരെ വൈകി ഒന്നൊന്നര മണിക്കൂർ ഡ്രൈവ് ചെയ്ത് വീട്ടിൽ പോയിരുന്ന ഒരു സുഹൃത്ത് എന്നെ സ്ഥിരമായി വിളിക്കുമായിരുന്നു . ഇവിടെ രാത്രി വൈകാത്തത് കൊണ്ടും കുടുംബത്തോടൊപ്പം പരിചയപ്പെട്ട വ്യക്തിയായതു കൊണ്ടും ആ സമയം ഞങ്ങൾ ലോകത്തിലുള്ള സകലതിനെക്കുറിച്ചും സംസാരിച്ചു. മിക്കപ്പോഴും ഫോൺ സ്‌പീക്കറിൽ ഇട്ട് പണികൾ ചെയ്തു കൊണ്ടാവും സംസാരം. ചിലപ്പോഴൊക്കെ കുട്ടികളും കൂടും. എന്തായാലും അയാൾ നൈറ്റ് ഡ്യൂട്ടി നിർത്തിയതോടെ ആ സൗഹൃദവും തീർന്നു.

കുടുംബത്തോടൊപ്പം പരിചയപ്പെട്ടതുകൊണ്ട് ലിൻസിയോടെനിക്ക് ഒരിക്കലും പ്രണയം തോന്നില്ല. ലിൻസി എനിക്ക് ഇതുവരെ കിട്ടിയതിൽ വച്ച് വളരെ വളരെ നല്ല ഒരു സുഹൃത്താണ് എന്ന് ആവർത്തിച്ചു പറഞ്ഞയാൾ ഒരിക്കൽ എനിക്കയാളോട് പ്രണയമാണോ എന്ന് ചോദിച്ചു. പ്രണയമാണെന്ന് പറഞ്ഞു നടന്നു. കുറച്ചു നേരം സംസാരിക്കുക എന്നാൽ പ്രണയമെന്ന് അവർ തെറ്റിദ്ധരിക്കുന്നതോ, അതോ നൈസ് ആയി നമ്മളെ ചൂണ്ടയിടുന്നതോ ?

പുരുഷന്മാരെ, ഒരു സ്ത്രീ സംസാരിക്കാൻ മര്യാദ കാണിക്കുന്നത് അവൾ ആ സൗഹൃദത്തെ മാനിക്കുന്നത് കൊണ്ടാണ്. അല്ലാതെ നിങ്ങളോടുള്ള പ്രണയം കവിഞ്ഞൊഴുകുന്നത് കൊണ്ടല്ല.

'എഫ് ബി യിലുള്ള രണ്ടു പെണ്ണുങ്ങൾക്ക് എന്നോട് ഭയങ്കര പ്രണയമാണ്. ഒരുത്തി നൈറ്റ് ഡ്യൂട്ടിയിൽ രാത്രി മൂന്നുമണിക്കൊക്കെ വിളിക്കും' എന്ന് വളരെ ബഹുമാനിക്കുന്ന ഒരാൾ പറഞ്ഞെന്ന് അറിഞ്ഞു. മൂന്നുപേരും എന്റെ എഫ് ബി സൗഹൃദങ്ങളാണ് .

പ്രിയ്യപ്പെട്ട സുഹൃത്തേ, അവൾ ഒരുപക്ഷെ രാത്രി മൂന്നു മണിക്ക് ഉണർന്നു ഭക്ഷണം ഉണ്ടാക്കുന്നവളായിരിക്കാം. ബാക്കിയെല്ലാവരും കൂർക്കം വലിച്ചുറമ്പോൾ, അടുക്കളയിൽ തനിച്ചു നിന്നു മടുക്കുമ്പോൾ , ഓൺലൈനിൽ നിങ്ങളെ കാണുമ്പോൾ വിളിക്കുമായിരിക്കാം. അവളെ ഓൺലൈനിൽ കണ്ട് ആദ്യം വിളിച്ചത് നിങ്ങളായിരിക്കില്ലേ? എഴുത്തിൽ തിരുത്തുകളുമായി അവളുടെ സൗഹൃദത്തിലേയ്ക്ക് കടന്നു ചെന്നതും വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പുകഴ്ത്തിയതും നിങ്ങളായിരിക്കില്ലേ? നിങ്ങളോടുള്ള അവളുടെ വിശ്വാസത്തെ പ്രണയമെന്നു തെറ്റിദ്ധരിക്കുന്നത് നിങ്ങളുടെ വളർച്ചക്കുറവാണ്. ഇനി അഥവാ അവൾ നിങ്ങളെ പ്രണയിക്കുന്നുവെങ്കിൽ, പ്രണയ സല്ലാപത്തിനാണ് വിളിക്കുന്നതെങ്കിൽ, അതിൽ തുല്യ പങ്കാളിത്തമുള്ള നിങ്ങൾക്ക് അത് അവളുടെ കുറ്റമായി പറഞ്ഞു കൊണ്ടു നടക്കാൻ നാണമില്ലേ?

പ്രിയപ്പെട്ട പെണ്ണുങ്ങളെ, നമ്മൾ വലിയ സുഹൃത്തുക്കൾ എന്ന് കരുതി പണികൾ പോലും മാറ്റിവച്ച് സംസാരിക്കുന്ന പലരുടെയും മനസ്സിലിരുപ്പ് ഇതൊക്കെത്തന്നെയാണ്. തനിയെ ഹോസ്റ്റലിൽ താമസിച്ച അനിൽ വെറും ടൈം പാസ്സിനായിരുന്നു എന്നെ വിളിച്ചു സംസാരിച്ചിരുന്നത്. എന്റെ, വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം കണ്ട് എടുത്ത ഒരു മുൻ‌കൂർ ജാമ്യമായിരിക്കാം അനിയത്തി എന്ന ആ വിളി. കല്യാണം കഴിഞ്ഞതോടെ ഇമെയിൽ സഹിതം ഭൂതകാലം അയാൾ ഡിലീറ്റ് ചെയ്തു കളഞ്ഞു.

നൈറ്റ് ഡ്യൂട്ടിയിലും ഡ്രൈവിങ്ങിലും തനിച്ചായിരിക്കുമ്പോഴുമൊക്കെ വിളിക്കുന്നവർ നമ്മളുടെ സൗഹൃദം ആഗ്രഹിച്ചു വിളിക്കുന്നവരൊന്നുമല്ല. അവരുടെ ബോറടി മാറ്റാൻ സുന്ദരമായൊരുപാധി മാത്രമാണ് നമ്മൾ. നമ്മളുടെ വിശ്വാസം നേടാൻ സുഹൃത്തേ എന്നും അനിയത്തി എന്നുമൊക്കെ മധുരം പുരട്ടി വിളിക്കും. ഏറ്റവും നല്ല സുഹൃത്തായും ഏട്ടനായുമൊക്കെ അഭിനയിക്കും. ചിലപ്പോൾ പ്രണയം നടിക്കും. പ്രണയം ചാലിച്ച കവിതകളെഴുതും.

പക്ഷെ, അവർ കൂട്ടുകൂടുമ്പോൾ നമ്മളെക്കുറിച്ചു പറഞ്ഞു ചിരിക്കും. സ്നേഹം നിറച്ച് നമ്മളയച്ച മെസ്സേജുകൾ പരസ്പരം പങ്കുവയ്ക്കും. അവൾ പോക്കുകേസാണെന്നു ലേബൽ ചെയ്യും. കൂട്ടുകാരുടെ മുൻപിൽ ആളാവാൻ വേണ്ടി നമ്മളറിയാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കും.

എല്ലാത്തിലുമുപരി വീട്ടിലായിരിക്കുമ്പോൾ നിങ്ങളെ ബ്ലോക്ക് ചെയ്യും. ഭാര്യയുടെ മുൻപിൽ പരിശുദ്ധാത്മാവായി അഭിനയിക്കും. കാരണം നിങ്ങൾ ടൈം പാസും അവർ ജീവിതവുമാണ് . ജീവിതം വച്ചുള്ള കളിക്കൊന്നും അവരെക്കിട്ടില്ല.

എല്ലാവരും ഇങ്ങനെയാണെന്നല്ല. ചുരുക്കമായി നല്ല സൗഹൃദങ്ങൾ ഉണ്ടാകാം. പക്ഷേ മിക്കതും കള്ളനാണയങ്ങളാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.

ലിൻസി വർക്കി

നിശാചരൻ (കഥ)


Best of Nallezhuth 22
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന കമുകുമരങ്ങൾ, ശക്തമായി വീശിയടിക്കുന്ന കാറ്റിൽ ഓലക്കൈകൾ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാൾ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു.
കുറെ നേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട്- മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കർ പറമ്പ്, റഷീദിന്റെ മൂന്നേക്കർ പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കർ പറമ്പ് എന്ന കണ്ടുപിടിത്തം നടത്തിയ ആഹ്ലാദത്തോടെ അയാൾ നിവർന്നിരുന്നു. പാദം സ്ക്വയർ ഗുണം കർണ്ണം സ്ക്വയർ സമം ലംബം സ്ക്വയർ എന്ന് നൂറുതവണ ഇമ്പോസിഷൻ എഴുതിച്ച ദിവാകരൻ സാറിനെ വീണ്ടും നന്ദിയോടെ ഓർത്തു.
ഇടുക്കിയുടെ ഭൂപ്രകൃതിയും കോട്ടയത്തിന്റെ കാലാവസ്ഥയുമുള്ള തീക്കോയി എന്ന ഗ്രാമത്തിലെ രണ്ടു മുറിയും അടുക്കളയും സിറ്റ് ഔട്ടുമുള്ള, ഷീറ്റ് മേഞ്ഞ വീട്ടിൽ രണ്ടു ദിവസങ്ങളായി അയാൾ തനിച്ചായിരുന്നു.
നാലുവയസ്സുകാരി നേഹയെ പനികൂടി കോട്ടയത്ത് ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് ദിവസങ്ങളായി. അവൾക്ക് ഭാര്യ മിനിയെ കൂട്ടിരുത്തി, എട്ടു വയസ്സുകാരൻ നോയലിനെ പെരുവന്താനത്തുള്ള ഭാര്യവീട്ടിലാക്കി തിരിച്ചു വന്നപ്പോൾ മുതൽ അയാളുടെ മനസ്സിൽ കയറിക്കൂടിയതാണ് ഈ കണക്കുകൂട്ടൽ.
നിർത്താതെ പെയ്യുന്ന മഴയിലേക്കുറ്റു നോക്കിയിരിക്കെ, അന്നാട്ടിലെ കുപ്രസിദ്ധയായ ഗണിക രഞ്ജിനിയിലേക്കും മറ്റാരും കാണാതെ അവളുടെ വീട്ടിൽ എത്തിച്ചേരാനുള്ള വഴികളിലേക്കും മാത്രമായി അയാളുടെ ചിന്തകൾ ചുരുങ്ങി.
വീടിന്റെ താഴെ വഴിയരികിലുള്ള പെട്ടിക്കടയിൽ നാരായണിയമ്മ ഇനിയും ആരൊക്കെയോ വരുമെന്ന പ്രതീക്ഷയിൽ മഴയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നുണ്ടായിരുന്നു .
നീലപ്പടുത കെട്ടിമറച്ചുണ്ടാക്കിയ കുഞ്ഞു കടമുറിയിൽ ഒരു വശത്ത് ബീഡിയും സിഗരറ്റും തീപ്പെട്ടിയും, വെറ്റിലയും പുകയിലയും ചുണ്ണാമ്പുമൊക്കെ തണുത്തിരിക്കുന്നു. മറുവശത്ത് മാസങ്ങളായി ഉപഭോക്താക്കളെയും കാത്തിരിക്കുന്ന ബ്രഡിന്റെയും ബിസ്‌ക്കറ്റിന്റെയും പായ്ക്കറ്റുകളും പലഹാരക്കൂടുകളും മിഠായിഭരണികളും. അതിനോട് ചേർന്ന് ഒരു ഗ്യാസ് സ്റ്റൗവിൽ തിളയ്ക്കുന്ന വെള്ളവും ട്രെയിൽ കമിഴ്ത്തി വച്ച ഗ്ലാസുകളും.
ഇറങ്ങിച്ചെന്ന്‌ ഒരു കട്ടൻചായ കുടിച്ചാലോ എന്നാലോചിച്ചെങ്കിലും അത് നാരായണിയമ്മയുടെ കടയടപ്പ് വീണ്ടും നീട്ടുമെന്നതിനാൽ അയാൾ വേണ്ടെന്നുവച്ചു.
ചായയുണ്ടാക്കാമെന്നു കരുതി അടുക്കളയിൽ കയറി ഗ്യാസടുപ്പ് കത്തിക്കാൻ ശ്രമിച്ചു. പക്ഷേ അയാളോട് പിണങ്ങിയിട്ടെന്നപോലെ അത് ഒന്നാളിക്കെട്ടു. വിറകടുപ്പിന്റെ മുകളിലും പാതകത്തിന്റെ വശങ്ങളിലും ഉണങ്ങാനായി അടുക്കിവച്ചിരുന്ന വിറകുകൊള്ളികളെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ വീണ്ടും ഉമ്മറത്തേക്കു നടന്നു.
ഏഴുമണി കഴിഞ്ഞിട്ടും നാരായണിയമ്മ കടയടക്കാനുള്ള ലക്ഷണമൊന്നും കാണിക്കാതിരുന്നപ്പോൾ അയാൾ ഷർട്ടിട്ടിറങ്ങി. അപ്പോഴും മഴ ചെറുതായി തൂളുന്നുണ്ടായിരുന്നു.
"എങ്ങോട്ടാ ജോസൂട്ടി?" നാരായണിയമ്മ വിളിച്ചു ചോദിച്ചു.
"വെറുതെ, കവല വരെ" അയാൾ മുരണ്ടു. പിന്നെ അവരെ നോക്കാതെ മുന്നോട്ടു നടന്നു.
"ഒരു കുട കൊണ്ടുപോടാ... മഴ നനഞ്ഞ് നിനക്കൂടെ പനി പിടിപ്പിക്കണ്ട" അവർ ശാസനാരൂപേണ പറഞ്ഞു. അയാൾ അതു ഗൗനിക്കാതെ നടന്നകന്നു .
സോജന്റെ പറമ്പരികിലൂടെ ശബ്ദമുണ്ടാക്കാതെ നടന്നെങ്കിലും കൂട്ടിൽ കിടന്ന പട്ടി ചതിച്ചു.
"എങ്ങോട്ടാ ജോസൂട്ടി?" അകത്തു ടി വി യുടെ മുൻപിൽ നിന്നും സോജന്റെ സ്വരം പറന്നു വന്നു.
"വെറുതെ, ജോണിയുടെ വീടു വരെ"അയാൾ കള്ളം പറഞ്ഞു.
"മോൾടെ പനി കുറഞ്ഞല്ലോ അല്ലെ?" വീണ്ടും സോജന്റെ ശബ്ദം ഉറക്കെ ചോദിച്ചു.
ഒന്ന് മൂളി അയാൾ നടപ്പുതുടർന്നു.
ജോണിയുടെ ഭാര്യ ഉമ്മറത്തു നിന്ന് മുടി വിടർത്തുന്നുണ്ടായിരുന്നു. തൂവെള്ള പ്രകാശത്തിൽ തെളിഞ്ഞു കണ്ട അവളുടെ രൂപം അയാളുടെ കാലുകളെ പതിയെയാക്കി. അവൾ തേച്ച സോപ്പിന്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ അയാളുടെ മനസ്സ് മറ്റേതൊക്കെയോ മണങ്ങളിലൂടെ സഞ്ചരിച്ചു. കാലുകൾക്കു വേഗം കൂടി.
റഷീദിന്റെ പറമ്പിനരികിലൂടെ മാത്തുച്ചേട്ടന്റെ പറമ്പു ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. ഒപ്പം മൊബൈൽ ഫോണിന്റെ ഇത്തിരി വെളിച്ചത്തിൽ മുൻപിൽ ഇഴജന്തുക്കളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി. നനഞ്ഞ പുല്ലുകൾ നഗ്നമായ കാൽകഴന്നയിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം അയാളെ വിടാതെ പിന്തുടർന്നു.
"എങ്ങോട്ടാ ..." മുകളിൽ നിന്നും ശക്തമായ ടോർച്ചു വെളിച്ചത്തോടൊപ്പം ഒരു സ്ത്രീ സ്വരം ഉയർന്നു കേട്ടു. അയാൾ വിയർത്തു കുളിച്ചു. കയ്യിൽ നിറയെ ഇടനയിലയുമായി റഷീദിന്റെ ഉമ്മയും അയാളുടെ ആറുവയസ്സുള്ള മകനും താഴേക്കിറങ്ങിവന്നു.
"ചെക്കന് സന്ധ്യയായപ്പോ കുമ്പിളപ്പം തിന്നാൻ പൂതി. എല പറിക്കാൻ വന്നതാ". അവർ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു. ചെറുക്കൻ നാണത്താൽ തലകുനിച്ചു.
"കൊച്ചിനെങ്ങനെയുണ്ട്? കുറഞ്ഞോ?" അവർ തട്ടത്തിന്റെ അറ്റംകൊണ്ട് മുഖത്തുപറ്റിയ വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ടു ചോദിച്ചു.
"ഉം..." അയാൾ വെറുതെ മൂളി
"അല്ല, നീയെന്താ ഈ പറമ്പിക്കൂടെ , അതും ഇരുട്ടിയപ്പോ?" അവർ വിടാൻ ഭാവമില്ലായിരുന്നു.
"മാത്തുച്ചേട്ടന്റെ വീട് വരെ" അയാൾ വിക്കി. അയാളുടെ പരുങ്ങൽ അവരിൽ എന്തൊക്കെയോ സംശയം ജനിപ്പിച്ചു. അടിമുടിയൊന്നു നോക്കി ഒന്നിരുത്തി മൂളിക്കൊണ്ട് അവർ പറഞ്ഞു.
"ഉം...അപ്പറത്തോട്ടൊന്നും പോണ്ട കേട്ടോ...ബീവി കൂടെയില്ലാത്തപ്പോൾ പലതും തോന്നും."
അയാൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
ആ വാക്കുകളുടെ ഭാരം അധിക ദൂരം മുന്നോട്ടു പോകാൻ അയാളെ അനുവദിച്ചില്ല. രണ്ടു മൂന്നു ചേമ്പിലകൾ പറിച്ചെടുത്ത്, വെള്ളം കുടഞ്ഞുകളഞ്ഞ് , അവ ഒരു കയ്യാലമേൽ നിരത്തിവച്ച് അയാൾ അതിലിരുന്നു. ഉള്ളിൽ പെയ്തുകൊണ്ടിരുന്നു അഗ്നിമഴയുടെ ചൂടിൽ ആ തണുപ്പിലും അയാൾ വിയർത്തൊഴുകി.
ഒരു കുളയട്ട കാലിൽ ഇഴഞ്ഞു കയറി രക്തം കുടിച്ചു തുടങ്ങി. അതു വയർ നിറക്കുന്നതുവരെ അയാൾ അവിടെ അനങ്ങാതെ ഇരുന്നു. നൂലുപോലെയിരുന്ന ആ ജീവി ചുടുചോര കുടിച്ചു വലുതായി താഴെ വീണപ്പോൾ ഒരു ആത്മനിർവൃതിയോടെ അയാൾ മെല്ലെ എഴുന്നേറ്റു.
മാത്തുച്ചേട്ടന്റെ റബ്ബർതോട്ടത്തിലൂടെയുള്ള നടത്തം ആയാസകരമായിരുന്നു.
കുത്തനെയുള്ള പറമ്പിൽ നിരയായി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിൽ നിന്ന കൈതയിലകളുടെ മുള്ളുകൾ കുത്തി കാലുകൾ വരിഞ്ഞുകീറി. മരങ്ങളെ പൊതിഞ്ഞു കെട്ടിയ നീലനിറമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ വലിയ മഴത്തുള്ളികൾ വീണ് പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി .
മരങ്ങളുടെ ചോട്ടിൽ വളർന്നു നിന്ന കാട്ടുപയറിന്റെ വള്ളികൾ പലപ്പോഴും കാലിൽ കുരുങ്ങി. ഓരോ തവണയും നെഞ്ച് ആളിയെങ്കിലും ജീവനില്ലാത്തവയാണെന്ന തിരിച്ചറിവിന്റെ ആശ്വാസത്തിൽ അവയെ എടുത്തു മാറ്റി അയാൾ മുന്നോട്ടു നടന്നു.
ദൂരെയായി രഞ്ജിനിയുടെ വീടു കാണപ്പെട്ടു. ഇറയത്തു കത്തിച്ചു വച്ച നിലവിളക്ക് കെടുത്തിയിട്ടുണ്ടായിരുന്നില്ല. അതിന്റെ വെളിച്ചം ഒരു പ്രകാശഗോപുരം പോലെ അയാളെ ദിശതെറ്റാതെ മുന്നോട്ടു നയിച്ചു.
ചെറിയൊരു റോഡു കടന്ന് ഒരു മൺതിട്ട വഴി രഞ്ജിനിയുടെ പറമ്പിൽ കയറി പാത്തു പതുങ്ങി അയാൾ തൊഴുത്തിന്റെ പുറകിലേക്കു നടന്നു. സാഹചര്യങ്ങൾ ഒളിച്ചുനിന്നു നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് നിലവിളക്ക് എടുത്തുകൊണ്ടുപോയി. അല്പസമയത്തിനുള്ളിൽ ആ വീടുമുഴുവൻ ഇരുട്ടിലായി.
ആ കുട്ടി നോയലിന്റെ ക്ലാസ്സിലായിരിക്കും എന്നു ചിന്തിച്ചു കൊണ്ട് അവൾ ഉറങ്ങട്ടെ എന്നുകരുതി അയാൾ വീണ്ടും കാത്തു നിന്നു. ഹൃദയം മിടിക്കുന്നതിന്റെ ശബ്ദം ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കേട്ടു.
അരമണിക്കൂറോളം കാത്തു നിന്നിട്ട്, വിറയ്ക്കുന്ന കാലുകളോടെ അയാൾ അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നുതുടങ്ങി. മുന്നോട്ടു വയ്ക്കുന്ന കാലുകളുടെ ഭാരം അയാളുടെ നടത്തത്തെ വീണ്ടും പതിയെയാക്കി.
പെട്ടെന്ന് മുന്നിലുള്ള കോഴിക്കൂടിന്റെ പുറകിൽ നിന്നും ആരോ ഒരാൾ അയാൾക്കു മുന്നേ നടന്ന് അടുക്കളവാതിൽക്കലെത്തി. വാതിൽ ഞരങ്ങിക്കരഞ്ഞു. അയാൾ വീണ്ടും തൊഴുത്തിനു പിന്നിലൊളിച്ചു.
മടക്കിക്കുത്തിയ കൈലിമുണ്ടിന്റെ താഴെ തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളിൽ നിന്നും കൊതുകുകൾ മത്സരിച്ച് അത്താഴമുണ്ടു.
തൊഴുത്തിൽ അയവിറക്കിക്കൊണ്ടു നിന്ന പശുക്കൾ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളോടെ അപരിചിതനെ അത്ഭുതത്തോടെ നോക്കി. അതിലേതോ ഒരെണ്ണം മൂത്രമൊഴിച്ചു തെറിപ്പിച്ച് അയാളെ വിശുദ്ധീകരിക്കാൻ ശ്രമം നടത്തി.
ആ നിൽപ്പിൽ അയാൾ കൂടെപഠിച്ച രഞ്ജിനിയെയും ശിഥിലമാക്കപ്പെട്ട അവളുടെ ബാല്യവും ഓർത്തു.
അച്ഛൻപെങ്ങളുടെ ഭർത്താവിൽ നിന്നും ഒളിച്ച് അയല്പക്കത്തെ പറമ്പിലെ ഷീറ്റുപുരയിൽ ഒളിച്ചിരുന്നു നേരം വെളുപ്പിച്ചിരുന്ന ഒരു പാവം പെൺകുട്ടിയെ വേശ്യയാക്കിത്തീർത്ത സമൂഹത്തെക്കുറിച്ചോർത്തപ്പോൾ അയാൾക്കു താനുൾപ്പെടുന്ന പുരുഷഗണത്തോടു തന്നെ വെറുപ്പുതോന്നി.
കുറെ വവ്വാലുകൾ ഉറക്കെ ചിറകടിച്ച് അയാളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി . ഒരു മൂങ്ങ മാത്തുചേട്ടന്റെ പറമ്പിലെ ആഞ്ഞിലിയിലിരുന്ന് എന്തോ ഇഷ്ടപ്പെടാത്ത മട്ടിൽ ഉറക്കെ മൂളി. കറുത്ത ആകാശത്ത് മേഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. അട്ടഹാസങ്ങൾ ഭൂമിയെ നടുക്കി.
അടുക്കള വാതിൽ തുറക്കുന്ന കരകരശബ്ദം കേട്ട് അയാൾ സൂക്ഷിച്ചു നോക്കി. അപ്പോൾ തെളിഞ്ഞ മിന്നലിൽ, വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന രൂപം കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു.
ആ രൂപം അപ്രത്യക്ഷമായി കഴിഞ്ഞപ്പോൾ, അല്പദൂരം മുന്നോട്ടുനീങ്ങി, ചുറ്റുംനോക്കി മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അയാൾ അടുക്കള വശത്തേയ്ക്കു നടന്നു. വാതിൽ തുറന്നുതന്നെ കിടന്നിരുന്നു. മുറ്റത്ത് തൊട്ടപ്പുറത്തുള്ള കുളിമുറിയിൽ, വെള്ളം ഇറ്റുവീഴുന്നതിന്റെ ശബ്ദം മഴയോടൊപ്പം കേൾക്കുന്നുണ്ടായിരുന്നു.
മേൽ കഴുകി നനഞ്ഞ തോർത്തുമുണ്ടു മുലക്കച്ചകെട്ടി ഇറങ്ങി വന്ന രഞ്ജിനിയെ നോക്കി അയാൾ മെല്ലെ മുരടനക്കി. അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും വിഷമവും ഒന്നിച്ചു നിറഞ്ഞു.
"ജോസൂട്ടീ...നീ ..."
അവൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയെന്നപോലെ പാതിവഴിക്കു നിർത്തി.
"രഞ്ജിനീ....ഞാൻ..." അയാൾ അക്ഷരങ്ങൾ പരതി.
"വേണ്ട ജോസൂട്ടീ...പൊയ്ക്കോ". അവൾ അകത്തേയ്ക്കു കയറി വാതിൽ വലിച്ചടയ്ക്കാൻ തുടങ്ങി. അയാൾ ഒരാവേശത്തിൽ മുന്നോട്ടാഞ്ഞ് അവളെ പിടിച്ചു നിർത്തി. പിന്നെ ആ കൈകൾ കൂട്ടിപ്പിടിച്ച് സ്വന്തം നെഞ്ചോട് ചേർത്തു.
രഞ്ജിനി പെട്ടെന്ന് പണ്ടത്തെ പാവാടക്കാരിയായി. അവൾ തുളുബുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കി.
അവളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ, ദൂരെ എവിടെയോ ഉറപ്പിച്ച മനസ്സോടെ, ഇടറുന്ന സ്വരത്തിൽ അയാൾ പറഞ്ഞു തുടങ്ങി.
"എന്നെ സഹായിക്കണം രഞ്ജിനി....എന്റെ മോള് ആശുപത്രിയിലായിട്ടു ഒരു മാസമായി ...നാളെ രാവിലെ ബില്ലടച്ചില്ലെങ്കിൽ അവർ വെന്റിലേറ്റർ ഊരും. പിന്നെ അവളില്ല."
അയാൾ വിതുമ്പിക്കൊണ്ട് തുടർന്നു.
"എന്റെ കയ്യിലുള്ളതു മുഴുവനും തീർന്നു. മഴയിങ്ങനെ നിർത്താതെ പെയ്യുന്നതു കൊണ്ട് ആരുടെ കയ്യിലും കാശില്ല. ഉള്ളവരൊട്ടു തരികയുമില്ല. ഇന്നുരാവിലെ, കയ്യിൽ നയാപൈസയില്ലെന്നു പറഞ്ഞയാളാണ് ഇപ്പോൾ ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ചോദിക്കാൻ ഇനി വേറാരുമില്ല. നീ എന്നെ കൈവിടരുത്. എന്റെ കുഞ്ഞില്ലാതെ എനിക്കു ജീവിക്കാനാവില്ല. " അയാൾ കരഞ്ഞുകൊണ്ട് അവളുടെ കാൽക്കൽ ഇരുന്നു.
ഒന്നും മിണ്ടാതെ അകത്തേയ്ക്കു നടന്ന അവൾ അല്പസമയത്തിനുള്ളിൽ കയ്യിൽ ചെറിയൊരു തടിപ്പെട്ടിയുമായി മടങ്ങിവന്നു. അത് അയാളുടെ നേർക്കു നീട്ടിക്കൊണ്ട്, നിഗൂഢമായ ഭാവത്തോടെ പറഞ്ഞു.
"നിന്റെ അപ്പന്റേതടക്കം ഇതിലുണ്ട്...കൊണ്ടു പൊയ്ക്കോ"
(അവസാനിച്ചു)
ലിൻസി വർക്കി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo