നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യക്ഷിയോർമ്മകൾ | Lincy Varkey


 "എന്നിട്ട് അപ്പനിങ്ങനെ തിരിഞ്ഞു നോക്കാതെ കാളവണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ ഒരു പൊട്ടിച്ചിരി. കാളകൾക്ക് വിളറി പിടിച്ചു. അത് അപ്പനേം വലിച്ചോണ്ട് ഓടിത്തുടങ്ങി. അപ്പനിതെത്ര കണ്ടതാ. പുള്ളി കാളകളെ മൂക്കുകയർ പിടിച്ചു നിർത്തി. പിന്നെ മെല്ലെ വീണ്ടും വണ്ടി തെളിച്ചു. അപ്പഴതാ വണ്ടീടെ ചക്രങ്ങൾ ഊരി തെറിച്ചു പോകുന്നു. അപ്പനെ വണ്ടീന്ന് ഇറക്കാനുള്ള അടവാണ്. വണ്ടി ഇരുമ്പായോണ്ട് അവറ്റകൾക്ക് അടുക്കാൻ പറ്റത്തില്ല."

"എഞ്ഞിട്ടോ ? " കണ്ണിൽ നിറയെ ഭീതിയോടെ അനിയത്തി ചോദിച്ചു.
"എന്നിട്ടൊരു കുന്തോമില്ല . നിന്നോടാരാ ഇതൊക്കെ കേൾക്കാൻ പറഞ്ഞത്? പോയി വല്ലതും കളിക്ക്."
വല്യമ്മച്ചി അഞ്ചുവയസ്സുകാരിയുടെ മൊട്ടത്തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്ത് ഓടിച്ചു വിട്ടു. എന്നിട്ട് ദേവസ്യചേട്ടനോട് പറഞ്ഞു.
"പെണ്ണ് ആ രസമങ്ങു കളഞ്ഞു. നീ ബാക്കി പറ ദേവസി"
രസമുള്ള പല സംസാരങ്ങളും ആ വരാന്തായിൽ ഉണ്ടാകാറുണ്ടായിരുന്നു. മുറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടാകും എന്ന് വല്യമ്മച്ചി ഒരിക്കലും ചിന്തിച്ചില്ല. ചിലതൊക്കെ പറയുമ്പോൾ ശബ്ദം വളരെ താഴ്ന്നു. അപ്പോൾ ഞാൻ വാതിൽപ്പുറകിലേയ്ക്ക് സ്ഥാനം മാറ്റി.
"വണ്ടിയേന്നെറങ്ങിയാൽ കൊല്ലും, അതപ്പനു നന്നായറിയാം. അതുകൊണ്ട് അപ്പൻ വണ്ടിയിൽ തന്നെയിരുന്നു നേരം വെളുപ്പിക്കാൻ തീരുമാനിച്ചു."
"അതേതായാലും നന്നായി . എന്നിട്ട് വെളുക്കുന്നതു വരെ അതിലിരുന്നോ ? "
"എവടെ ? വെളുക്കാറായപ്പോൾ അപ്പന് തൂറാൻ മുട്ടി. മൂന്നുമണിയ്ക്കു റബ്ബറു വെട്ടാൻ പോകുന്നെന്ന് മുൻപ് ഒരു കട്ടനുമടിച്ചു കക്കൂസിൽ പോയി ശീലമുള്ളതല്ലേ. വയറിനറിയാമോ യക്ഷി വന്നു നിൽക്കുന്ന കാര്യം. അതും വെളുപ്പിനെ മൂന്നുമണിയ്ക്ക് . അപ്പൊ അതുങ്ങടെ ശക്തി പത്തിരട്ടി ആകുമത്രേ. "
" അങ്ങേര് വണ്ടിയിലിരുന്ന് കാര്യം സാധിച്ചു കാണും അല്ലെ ?" വല്യമ്മച്ചിക്ക് ആകാംഷ സഹിക്കാൻ പറ്റിയില്ല.
"ഏയ്, അപ്പൻ ഭയങ്കര വൃത്തിക്കാരനാരുന്നു. പുള്ളി ബനിയൻ ഒരൽപം പൊക്കി അരയിലെ പിച്ചാത്തി കാണാവുന്നപോലെ വച്ചു. വെന്തിങ്ങം എടുത്തു പുറത്തിട്ടു . എന്നിട്ട് അപ്പുറത്തൊള്ള ഒരു തോട്ടിൻകരേല് ചെന്നിരുന്നു കാര്യം സാധിച്ചു. യക്ഷികള് പുറകിൽ നിന്ന് അലറുകയും ചിരിക്കുകയും ഒക്കെ ചെയ്തു. അപ്പൻ തിരിഞ്ഞു നോക്കിയില്ല. തിരിഞ്ഞു നോക്കിയാല് അവറ്റകള് കണ്ണുകെട്ടും. പിന്നെ ഇരുമ്പിനും വെന്തിങ്ങയ്ക്കുമൊന്നും രക്ഷിക്കാൻ പറ്റില്ല."
എനിക്കു തിരിഞ്ഞു നോക്കാൻ പേടിയായി. പുറകിൽ ഏതൊക്കെയോ യക്ഷികൾ വന്നു നിൽപ്പുണ്ടെന്നും തിരിഞ്ഞു നോക്കിയാൽ കൊല്ലപ്പെടുമെന്നും ഭയപ്പെട്ടു.
"രണ്ടാളും കൂടി യക്ഷിയെ പിടിക്കുവാണോ? കൂടോത്രക്കഥകളൊന്നും ഇല്ലേ ദേവസി ?"
പുതിയ ശബ്ദം കേട്ട് ഞാൻ എത്തിവലിഞ്ഞു നോക്കി. പിള്ളേച്ചൻ ചേട്ടൻ എന്നു ഞങ്ങൾ വിളിക്കുന്ന പിള്ളേച്ചനാണ്. വായിൽ നിറയെ മുറുക്കാൻ.
അതൊക്കെ പറയാം പിള്ളേച്ചാ. ആദ്യം ഇതൊന്നു പറഞ്ഞു തീർക്കട്ടെ. ദേവസിച്ചേട്ടൻ പറയാൻ തിരക്കുകൂട്ടി .
"എന്നിട്ട് അപ്പൻ തിരിച്ചു വന്നു നോക്കുമ്പോൾ ആടു കെടന്നെടന്നെടത്തൊരു പൂടെമില്ലെന്നു പറഞ്ഞപോലെ കാളകളെ രണ്ടിനേം കാണാനില്ല. വണ്ടി ഒരനാഥപ്രേതം പോലെ വഴിയിൽ കെടപ്പൊണ്ട്. അന്ന് വെളുക്കുവോളം വണ്ടീലിരുന്നിട്ട് അപ്പൻ കാൽനടയായി തിരിച്ചു വീട്ടിലെത്തി. വന്നപ്പോൾ പൊള്ളിപ്പനിക്കുവാരുന്നു. തെക്കേലച്ചൻ വന്നു തലയ്ക്കു പിടിച്ചിട്ടാ പനി വിട്ടത്."
"അച്ചന്മാരുടെ കയ്യിൽ അങ്ങനെ പല പല സൂത്രപ്പണികളുമൊണ്ട്. കടമറ്റത്തു കത്തനാരെക്കുറിച്ച് കേട്ടിട്ടില്ലേ? പുള്ളി വല്യ മന്ത്രികനാരുന്നു. ചെകുത്താനൊക്കെ അങ്ങേരെ ഭയങ്കര പേടിയാരുന്നെന്നാ കേട്ടുകേൾവി."
വല്യമ്മച്ചി തന്റെ അറിവ് പങ്കു വച്ചു. പക്ഷെ ദേവസിച്ചേട്ടൻ സമ്മതിച്ചു കൊടുത്തില്ല.
"ഓ എന്നാ മന്ത്രികനാണേലും ചെകുത്താന്റെ അടുത്ത് കളി നടക്കത്തില്ല. ഓടിച്ചപ്പോൾ പേടിച്ചു പള്ളീൽ കേറിയോണ്ടല്ലേ രക്ഷപെട്ടത്. പിശാച് അടിച്ച പാട് ഇപ്പഴും ആ വാതിലേൽ ഒണ്ടെന്നാ പറച്ചില്."
"നല്ല മാന്ത്രികനാണേൽ ഒരു കളീം നടക്കില്ല." പിള്ളേച്ചൻ നീട്ടിതുപ്പി, ചിറി തുടച്ച് തുടർന്നു.
"എന്റെ വല്യച്ഛൻ വല്യ മന്ത്രവാദിയാരുന്നു. പുള്ളി പണ്ട് വടക്കാഞ്ചേരിയിൽ ഒരു കല്യാണത്തിന് പോയപ്പോൾ ഇതുപോലൊരു സാധനത്തിനെ കണ്ടു. ചുണ്ണാമ്പു ചോദിച്ചു നീട്ടിയ കയ്യെക്കേറി പിടിച്ചിട്ടു പോരുന്നോ എന്നൊരു ചോദ്യം. ആള് നാണിച്ചു തലകുനിച്ചു നിന്നത്രേ. ഇപ്പഴുമുണ്ട് തറവാട്ടിലെ പാലേല് ആ ആണി. അതെങ്ങാനും ഊരിയാൽ തീർന്നു."
എന്റെ ഹൃദയം പെരുമ്പറ കൊട്ടി. മുറ്റത്തെ ഈന്തിൽ നിന്ന് അന്നു രാവിലെയാണ് ഒരാണി അനിയൻ ഊരിയെടുത്തത് . അതിലും യക്ഷിയെ തറച്ചതായിരിക്കുമോ? ഇനി അതാണോ പുറകിൽ വന്നു നിൽക്കുന്നത്? എന്റെ പേടി കൂടി.
"ഞാനിന്നാള് രാത്രി കരമറ്റത്തെ പണീം കഴിഞ്ഞ് ശവക്കോട്ടേടെ അടുത്തൂടെ വന്നപ്പോൾ ആണ്ടെ നിൽക്കുന്നു പരിചയമൊള്ള ഒരാള്. എന്നോട് വന്ന് ബീഡി ചോദിച്ചു. ബീഡി കൊടുത്തിട്ട് കത്തിച്ചു കൊടുക്കാൻ തീപ്പെട്ടി ഒരച്ചപ്പോൾ മൂക്കിൽ പഞ്ഞിയൊക്കെ വച്ച് നമ്മടെ കൊചൗസെപ്പ് ചേട്ടനാണ് . ഞാൻ ജീവനും കൊണ്ട് പാഞ്ഞു."
ദേവസ്യ ചേട്ടനാണ്. പുള്ളി പറയുന്നതിൽ പകുതി നുണയായിരിക്കും എന്ന് എല്ലാവർക്കും എന്നറിയാം. എന്നിട്ടും എന്റെ കുഞ്ഞു മനസ്സ് പേടിച്ചു മുള്ളി.
ശവക്കോട്ട എന്നും എന്റെ പേടിസ്ഥലമായിരുന്നു. പേടികൂട്ടാനായി കൂട്ടുകാർ പല ഭീകര കഥകളും പറഞ്ഞുതന്നു.
സീനയുടെ മരിച്ചുപോയ വല്യപ്പച്ചൻ രാത്രി വാതിലിൽ മുട്ടിയതും സജിനിയുടെ അമ്മായിയെ അടുക്കളയിൽ കണ്ടതുമൊക്കെ പറഞ്ഞ് അവർ എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നു.
രാത്രികളിൽ അവിടെ നിന്ന് തീപ്പന്തങ്ങൾ പൊങ്ങിപ്പോകുന്നത് കാണാറുണ്ടെന്ന് പറഞ്ഞത് അതിന്റെ അടുത്തു താമസിക്കുന്ന സെൽമിയാണ്. അന്നു മുതൽ എല്ലാ രാത്രികളിലും ഞാൻ അവിടം സ്വപ്നം കണ്ടു. മരിച്ചു പോയ മനുഷ്യർ കൂട്ടിക്കെട്ടിയ താടിയും മൂക്കിൽ പഞ്ഞിയുമായി വന്ന് രാത്രിമുഴുവൻ എന്നെ ഇട്ടോടിച്ചു.
പള്ളിമണികൾ പോലും എന്നെ ഭയപ്പെടുത്തി. മൈക്ക് സെറ്റുകളിലൂടെ കാതങ്ങൾ കടന്നെത്തിയ ഒപ്പീസുപാട്ടുകൾ കേൾക്കാതിരിക്കാൻ കാതുകൾപൊത്തി.
ആ പേരു പോലും എന്നെ പേടിപ്പിച്ചു. പള്ളിയിൽ പോകുമ്പോൾ അങ്ങോട്ടേക്കു നോക്കാൻ പോലും ഞാൻ ഭയപ്പെട്ടു. എങ്ങാനും പെട്ടെന്നു മരിച്ചു പോയാൽ രാത്രി അവിടെ തനിച്ചു കിടക്കണമല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. വല്യമ്മച്ചി അവിടെ താമസമാക്കുന്നതു വരെ ...
ലിൻസി വർക്കി

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot