ഇരുനൂറ് മീറ്ററുകൾക്കപ്പുറമുള്ള ട്രാഫിക് സിഗ്നലിൽ പച്ചലൈറ്റ് കണ്ടത് മറികടക്കാനായി ഏറ്റവും ഇടതുവശത്തുള്ള പാതയിലൂടെ ആ ജി എം സി വാൻ വേഗതയിൽ വരുന്നത് പാതിവഴി നടന്നു കയറി മറുഭാഗത്തുള്ള പാതകൾ മുറിച്ചു കടക്കാൻ ഡിവൈഡറിൽ നിൽക്കുകയായിരുന്ന ഞാൻ കാണുന്നുണ്ട്. പെട്ടെന്ന് വലിയ ശബ്ദത്തിൽ ടയറുകൾ നിരത്തിലുരയുന്ന ശബ്ദം കേട്ടു. സഡൻ ബ്രെക്കിട്ടതാണ്. മുന്നിൽ നിന്ന് നയിക്കുന്ന നേതാവ് പെട്ടെന്ന് നിന്നപ്പോൾ പിറകിലുള്ള അച്ചടക്കമുള്ള അണികളും നിന്നത് പോലെ ആ വാഹനത്തിന് പിറകെ അനേകം വാഹനങ്ങൾ വരിവരിയായി നിന്നു. ചിലർ മുന്നിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഉച്ചത്തിൽ ഹോണടിച്ചു തിരക്കുകൂട്ടി. വാഹനമോടിച്ചിരുന്ന അറബ് വംശജനും ആജാനുബാഹുവുമായ യുവാവ് ചാടിയിറങ്ങി ഉദ്ദേശം അറുപത് വയസ്സ് പിന്നിട്ട പരീദ്ക്കയുടെ കുപ്പായത്തിന്റെ കോളറിൽ ഒരു കൈകൊണ്ട് പിടിച്ചു , മറുകൈകൊണ്ട് മുഖത്ത് ആഞ്ഞൊരടിയടിച്ചു. അയാളുടെ കയ്യിലുണ്ടായിരുന്ന കുബ്ബൂസിന്റെ കെട്ടുകൾ മുഴുവൻ നിരത്തിലേക്ക് വീണു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ നടന്നു. മറ്റൊരു കാറിൽ നിന്നും ഇറങ്ങിവന്ന സ്വദേശി അറബി, അടിച്ചയാളോട് എന്തൊക്കെയോ ഉപദേശിക്കുന്നുണ്ട്. മുഖം തടവിക്കൊണ്ട് വേദനയോടെ പരീദ്ക്ക ചിരിച്ചു. അപ്പോളും അടിച്ചയാൾ എന്തൊക്കൊയോ പരീദ്ക്കയെ ചീത്ത വിളിച്ചുകൊണ്ടിരുന്നു. ശേഷം പിറകിൽ നിന്നുള്ള ഹോൺ ശബ്ദം സഹിക്കവയ്യാതെ ആവാം വണ്ടിയിൽ കയറി ഓടിച്ചു പോയി.
കയ്യിൽ നിന്നും ഊർന്നുവീണ വലിയ കുബൂസ് പാക്കറ്റുകൾ ഓരോന്നായെടുത്ത് കൈത്തണ്ടയിൽ മടക്കിയിട്ട് ഒറ്റവരിപ്പാതയുടെ വീതിയുള്ള ഡിവൈഡറിലേക്ക് നിറകണ്ണുകളോടെ വലിഞ്ഞു കയറുമ്പോളാണ് പരീദ്ക്ക എന്നെ കാണുന്നത്. എന്റെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പരീദ്ക്കയെ രണ്ടു വർഷങ്ങളായി എനിക്കറിയാം. നഗരത്തിലുള്ള ബേക്കറിയിലെ ഡെലിവറി വാനിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന അദ്ദേഹം എല്ലാ മാസവും പത്താം തിയ്യതിക്ക് ശേഷം നാട്ടിലേക്ക് പണമയക്കാൻ എന്നെയാണ് ഏൽപ്പിക്കാറ്
"പെട്ടെന്ന് സിഗ്നൽ പച്ചയായതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. റോഡിനപ്പുറത്തുള്ള ആ ഗ്രോസറിയിൽ ഈ കുബൂസ് പാക്കറ്റുകൾ കൊടുത്ത ശേഷം, സിഗ്നലും കടന്നുപോയ ഡ്രൈവർ വേഗത്തിൽ മടങ്ങിയെത്തുമ്പോളേക്കും, തൊട്ടടുത്തുള്ള കഫറ്റീരിയയിലും കൊടുത്തു അതിന് മുന്നിൽ റെഡിയായി നിൽക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടത് പ്രകാരമാണ് പെട്ടെന്ന് ഒന്നും ആലോചിക്കാതെ റോഡ് മുറിച്ചു കടക്കാൻ തുനിഞ്ഞത്. രാവിലത്തെ തിരക്കല്ലേ, പല സ്ഥലത്തും സാധനങ്ങൾ ഉടനെ എത്തിക്കേണ്ടതുണ്ട്. കമ്പിവേലി പൊട്ടിച്ച് വഴിയാക്കിയ ഇതിലൂടെ തന്നെയാണ് സാധാരണ ഞാൻ റോഡ് മുറിച്ചു കടക്കാറ്, തെറ്റ് എന്റേതാണ്, നിയമപ്രകാരം ഇത് കാൽനടക്കാരുടെ ക്രോസിംഗ് അല്ലല്ലോ, വണ്ടി തട്ടി എനിക്കെന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കിൽ , നിയമപ്രകാരം ആ ചെറുപ്പക്കാരൻ ജയിലിൽ കിടക്കേണ്ടി വന്നേനെ. ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടുള്ള എനിക്കിന്ന് കിട്ടിയത് ഒന്നാന്തരം അടിയാണ്. ചെലപ്പോ എല്ലാം മതിയാക്കി ഈ നാട് വിടാൻ വിചാരിക്കുമ്പോളും, നാട്ടിൽ നിന്നുമുണ്ടാകാനിടയുള്ള തിരിച്ചടിയോർത്താണ് ഈ പ്രായത്തിലും ഇവിടെ തന്നെ ഇങ്ങനെ കടിച്ചു തൂങ്ങി കഴിഞ്ഞു കൂടണത്". ചെറിയ സമയത്തിനുള്ളിൽ ചോദിക്കാതെ തന്നെ അങ്ങനെ അനേകം കാര്യങ്ങൾ പരീദ്ക്ക എന്നോട് പറഞ്ഞു.
"ഈ കിട്ടിയ അടിയുടെ പകുതി നിങ്ങൾക്ക് നാട്ടിൽ വീട്ടിലുള്ളവർക്ക് വീതിച്ചു നൽകാൻ സാധിക്കുമോ പരീദ്ക്ക ? പകരം എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചാലും ഇരട്ടി സ്നേഹം നൽകാനല്ലേ നമുക്കെല്ലാം ഇവിടെ നിന്ന് സാധിക്കുകയുള്ളൂവെന്ന് ആത്മഗതം പറഞ്ഞു ഞാനും പരീദ്ക്കയും വാഹനങ്ങളുടെ തിരക്കൊഴിഞ്ഞ നിമിഷം മറുഭാഗത്തേക്ക് നടന്നു നീങ്ങി.
അപ്പോളും അടികിട്ടിയ, വെള്ളിരോമങ്ങൾ പൊതിഞ്ഞ ഒട്ടിയ കവിളിൽ, പരീദ്ക്ക കൈകൊണ്ട് തടവിക്കൊണ്ടിരുന്നു. നോവുന്ന മനസ്സിനെ കൈകൊണ്ട് തടവി ആശ്വസിപ്പിക്കുകയായിരുന്നു അയാൾ.
- മുഹമ്മദ് അലി മാങ്കടവ്
03/02/2021
🙏
ReplyDelete